Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

മൗലികാവകാശങ്ങളെ ഹനിക്കുന്ന കരിനിയമം

നിയമവിരുദ്ധ മതംമാറ്റം തടയാന്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നു.  ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയും മധ്യപ്രദേശും ഹരിയാനയും അത്തരമൊരു നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഭരണം കൈയാളുന്ന മറ്റു സംസ്ഥാനങ്ങളും ഇതേ പാത പിന്തുടരുമെന്നു തന്നെ പ്രതീക്ഷിക്കണം. നിര്‍ബന്ധിച്ച് മതം മാറ്റുന്നത് തടയാനാണ് ഈ നിയമമെന്ന് അതില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും സംഘ് പരിവാറിന്റെ തന്നെ ഭാവനാസൃഷ്ടിയായ 'ലൗ ജിഹാദി'നെതിരെ ഓര്‍ഡിനന്‍സിന് മുമ്പും ശേഷവും അതിന്റെ വക്താക്കള്‍ നടത്തിയ ആക്രോശങ്ങള്‍ അവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കിത്തരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടതുപോലെ, ഭൂരിപക്ഷ - ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും സംശയവും ഇളക്കിവിട്ട്, 'നമ്മെ' 'അവര്‍'ക്കെതിരെ അണിനിരത്തി തെരഞ്ഞെടുപ്പില്‍ വിജയം അടിച്ചുമാറ്റാനുള്ള കുത്സിത നീക്കമല്ലാതെ മറ്റൊന്നുമല്ല ഇത്.
ഈ നിയമത്തിന്റെ വലയില്‍ വീഴാന്‍ പോകുന്നവരാരൊക്കെ എന്ന് വ്യക്തം. ഒരു മുസ്‌ലിം ആണ്‍കുട്ടി മുസ്‌ലിമല്ലാത്ത ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും അവര്‍ വിവാഹിതരാവുകയും അവള്‍ മതം മാറുകയും ചെയ്താല്‍ ആ ബന്ധത്തെ ഈ നിയമം സംശയത്തോടെ മാത്രമേ കാണൂ. ബലം പ്രയോഗിച്ചോ അന്യായമായി സ്വാധീനിച്ചോ പ്രലോഭിപ്പിച്ചോ മതം മാറ്റിയാലാണ് നിയമം ബാധകമാവുക എന്ന് ഏട്ടിലുണ്ടാവുമെങ്കിലും പ്രയോഗത്തില്‍ അങ്ങനെയാവണമെന്നില്ല. ദുരുപയോഗ സാധ്യതയുള്ള ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇല്ലാതിരുന്നിട്ടും സ്വമേധയാ മതം മാറുകയും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാവുകയും ചെയ്ത ഹാദിയക്ക് നമ്മുടെ സംസ്ഥാനത്തുണ്ടായ പീഡനങ്ങളും ദുരനുഭവങ്ങളും നമ്മുടെ മുന്നിലുണ്ടല്ലോ. ഒടുവില്‍ സുപ്രീം കോടതി ഇടപെടേണ്ടി വന്നു ഹാദിയക്ക് തന്റെ മൗലികാവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍. ഓര്‍ഡിനന്‍സ് പ്രകാരം, ബലാല്‍ക്കാരമോ സമ്മര്‍ദമോ ഇല്ലാതെ താന്‍ സ്വമേധയാ മതം മാറിയതാണെന്ന് ആ വ്യക്തി തുറന്നു പറഞ്ഞാല്‍ മാത്രം മതിയാവുകയില്ല. മതം മാറുന്നതിന് രണ്ട് മാസം മുമ്പേ ജില്ലാ മജിസ്‌ട്രേറ്റിനെയോ ജില്ലാ അഡീഷനല്‍ മജിസ്‌ട്രേറ്റിനെയോ രേഖാമൂലം അറിയിക്കണം. ഇങ്ങനെയൊക്കെയായാലും ബന്ധുക്കളിലാരെങ്കിലും കേസ് കൊടുത്താല്‍ കക്ഷി പുലിവാല് പിടിച്ചതു തന്നെ. വിവാഹ സ്വാതന്ത്ര്യം എന്ന വ്യക്തിയുടെ മൗലികാവകാശത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഓര്‍ഡിനന്‍സാണിതെന്ന് നിയമജ്ഞര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നതും അതുകൊണ്ടാണ്. മതംമാറ്റം ഉള്‍ച്ചേര്‍ന്ന വിവാഹങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായം നല്‍കിയവരെയും പ്രതിചേര്‍ക്കാനും ശിക്ഷിക്കാനും വകുപ്പുണ്ട് എന്നതാണ് നിയമത്തിന്റെ മറ്റൊരു ഇരുണ്ട വശം.
കേന്ദ്രത്തില്‍ സംഘ് പരിവാര്‍ അധികാരത്തില്‍ വന്നശേഷം കൊണ്ടുവന്ന നിയമങ്ങളില്‍ മിക്കതും മുസ്‌ലിംകളെ നേരിട്ടോ പരോക്ഷമായോ ഉന്നംവെക്കുന്നതാണെന്നു കാണാം. മുത്ത്വലാഖിന്റെയും ഗോ സംരക്ഷണത്തിന്റെയും പേരില്‍ കൊണ്ടുവന്ന നിയമങ്ങള്‍, 370-ാം വകുപ്പ് റദ്ദാക്കിയത്, പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലുകളും നിയമങ്ങളും, മുസ്‌ലിം സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ചട്ടഭേദഗതികള്‍ തുടങ്ങി ഒരു പരമ്പര തന്നെ ചൂണ്ടിക്കാട്ടാനാവും. ഇവയെല്ലാം കൊണ്ടുവന്നിരിക്കുന്നത് പൊതു നിയമം എന്ന നിലക്കാണെങ്കിലും അവയുടെ ഇരകള്‍ ഏറക്കുറെ എല്ലായ്‌പ്പോഴും മുസ്‌ലിംകള്‍ തന്നെയായിരിക്കും. 'ലൗ ജിഹാദ് ഓര്‍ഡിനന്‍സ്' ആ പരമ്പരയിലെ അവസാനത്തെ കരിനിയമവുമല്ല. മതംമാറ്റ കല്യാണം മാത്രമല്ല അതിന്റെ ലക്ഷ്യം എന്നും മനസ്സിലാക്കേണ്ടതുണ്ട്. 'കൂട്ട മതംമാറ്റ'ത്തെയും അത് ടാര്‍ഗറ്റ് ചെയ്യുന്നു. തൊള്ളായിരത്തി മുപ്പതുകളില്‍ ക്രിസ്തുമതത്തിലേക്കും തൊള്ളായിരത്തി അമ്പതുകളില്‍ ബുദ്ധമതത്തിലേക്കു(അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതുകള്‍) മൊക്കെ കൂട്ട മതംമാറ്റങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അതിന് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മറ്റുമായ ന്യായമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ. പക്ഷേ, യു.പി ഗവണ്‍മെന്റ് കൊണ്ടുവന്ന ഈ പുതിയ ഓര്‍ഡിനന്‍സില്‍, കൂട്ട മതംമാറ്റത്തിന് പിടിയിലാകുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവു ശിക്ഷയും ഏറ്റവും ചുരുങ്ങിയത് അരലക്ഷം രൂപ പിഴയും ലഭിക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും മൗലികാവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന ഈ കരിനിയമത്തിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടു വരുന്നതോടൊപ്പം അതിനെ കോടതികളില്‍ നിയമപരമായി ചോദ്യം ചെയ്യുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍