Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

ജിന്ന, ആസാദ്, ഉവൈസി

എ.ആര്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തദടിസ്ഥാനത്തില്‍ ആരംഭിച്ച വിശകലനങ്ങള്‍ ഇപ്പോഴും തുടരുന്നു. പ്രധാനമായും ചര്‍ച്ചാ വിഷയങ്ങളാവുന്നത് 70 മണ്ഡലങ്ങളില്‍ മത്സരിച്ച് 19 സീറ്റുകള്‍ മാത്രം നേടി മഹാ ഘട്ബന്ധനെത്തന്നെ കഷ്ടത്തിലാക്കിയ കോണ്‍ഗ്രസ്സിന്റെ മോശം പ്രദര്‍ശനമാണ്. ഒപ്പം മുസ്‌ലിം മേഖലയായി എണ്ണപ്പെടുന്ന സീമാഞ്ചലില്‍ അഞ്ച് സീറ്റുകളില്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) സുപ്രീമോ അസദുദ്ദീന്‍ ഉവൈസിയുടെ ഭാവി പരിപാടികളെക്കുറിച്ചും വിമര്‍ശനങ്ങള്‍ തുടരുന്നു. തദ്വിഷയകമായി യു.എസിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷ്‌നല്‍ റിലേഷന്‍സ് എമിറേറ്റ്‌സ് പ്രഫസറായ മുഹമ്മദ് അയ്യൂബ്  'ദ ഹിന്ദു'വില്‍ (2020 നവംബര്‍ 23) 'എ ഫാള്‍സ് മിശിഹാ' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനമാണ് ഇതെഴുതുമ്പോള്‍ മുന്നില്‍. ബിഹാറില്‍ നേടിയ വിജയത്തിന്റെ പിന്‍ബലത്തില്‍, മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര ദീനാജ്പൂര്‍ ജില്ലകളില്‍ കടന്നുകയറാനും പശ്ചിമ ബംഗാളില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചെടുക്കാനും അപ്രകാരം തന്റെ പാര്‍ട്ടിയെ ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാനുമാണ് ഉവൈസി  ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖകന്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക-സാമൂഹിക ദുഃസ്ഥിതി കൂടുതല്‍ പരിതാപകരമാകാനാണ് വഴിവെക്കുക എന്ന് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സെക്യുലര്‍ പാര്‍ട്ടികള്‍ മുസ്‌ലിംകളുടെ ദുഃസ്ഥിതി പരിഹരിക്കുന്നതിന് പകരം അവരെ കേവലം വോട്ട് ബാങ്കായിട്ടാണ് ഉപയോഗിച്ചുവന്നതെന്ന ഉവൈസിയുടെ വിമര്‍ശനത്തില്‍ ശരിയുണ്ടെന്ന് മുഹമ്മദ് അയ്യൂബ് സമ്മതിക്കുന്നു. എന്നാല്‍ അവരെ മതേതര പാര്‍ട്ടികളില്‍നിന്ന് അകറ്റി സാമുദായികമായി സംഘടിപ്പിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ എന്ന് വാദിക്കുകയാണ് അദ്ദേഹം. ഇത്തരമൊരു സ്ഥിതിവിശേഷം കടുത്ത വര്‍ഗീയ ധ്രുവീകരണത്തിലേക്ക് രാജ്യത്തെ നയിക്കുകയും തദ്വാരാ ബി.ജെ.പിയെ ശക്തിപ്പെടുത്തുകയുമാവും ഫലമെന്നാണ് ലേഖകന്റെ നിരീക്ഷണം. ഹിന്ദുക്കളെ കൂടുതല്‍ കൂടുതല്‍ ബി.ജെ.പിയിലേക്ക് നയിക്കുക വഴി മെജോറിറ്റേറിയനിസത്തെ ശക്തിപ്പെടുത്തുകയും സെക്യുലര്‍ പാര്‍ട്ടികളെ പൂര്‍വാധികം ദുര്‍ബലമാക്കുകയുമാണ് തന്മൂലം സംഭവിക്കുക. എ.ഐ.എം.ഐ.എമ്മിന് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കുറച്ചേറെ സീറ്റുകള്‍ നേടിക്കൊടുക്കാന്‍ ഒരുവേള ഉവൈസി പ്ലാനിന് സാധിച്ചാലും അന്തിമമായി മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിലാണ് കലാശിക്കുക. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിന്ന് വേണ്ടത് ഒരു അബുല്‍ കലാം ആസാദിനെയാണ്, മുഹമ്മദലി ജിന്നയെ പോലുള്ള ഒരു ഫാള്‍സ് മിശിഹാ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് ലേഖകന്‍ അവസാനിപ്പിക്കുന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും വേണ്ടത്ര വസ്തുതകള്‍ നിരത്താന്‍ അവസരം നല്‍കുന്നതാണ് ഉവൈസിയുടെ ന്യായങ്ങളും എതിര്‍ ന്യായങ്ങളുമെന്ന് വ്യക്തം. സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവും അധികാരപരവുമായ പതിതാവസ്ഥ വിശദമായി വരഞ്ഞുകാട്ടുന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ട് മുന്നിലിരിക്കെ മറ്റൊരു തെളിവും ആവശ്യമില്ല. ഈ ദുഃസ്ഥിതിയില്‍ മുഖ്യമായ പങ്ക് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് അനുസ്യൂതം ഭരണത്തിലിരുന്ന നാലര പതിറ്റാണ്ട് കാലത്താണെന്നതും അനിഷേധ്യ സത്യം മാത്രം. ഇടക്കാലത്ത് അധികാരത്തിലിരുന്ന വി.പി സിംഗ് ചില തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഇടത്തുനിന്ന് ഇടതുപക്ഷവും വലത്തുനിന്ന് ബി.ജെ.പിയും താങ്ങിനിര്‍ത്തിയ ജനതാദള്‍ ഭരണ പരീക്ഷണം അല്‍പായുസ്സായതോടെ സമുദായത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് മന്‍മോഹന്‍ സിംഗ് നായകനായി പത്തു വര്‍ഷക്കാലത്തെ മതേതര ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തിയെങ്കിലും സച്ചാര്‍ സിമിതി റിപ്പോര്‍ട്ടാണ് അക്കാലത്തെ എടുത്തു പറയാവുന്ന നേട്ടം. തങ്ങള്‍ എവിടെ  നില്‍ക്കുന്നുവെന്നു കണ്ടെത്താന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനും രാജ്യത്തിനും അവസരം നല്‍കിയതില്‍ കവിഞ്ഞ് സ്ഥിതി മൗലികമായി മെച്ചപ്പെടുത്താന്‍ തുടര്‍ നടപടികളുണ്ടായില്ല. എസ്.പി, ബി.എസ്.ബി, ജനതാദള്‍, ആര്‍.ജെ.ഡി തുടങ്ങി മതേതര പ്രാദേശിക പാര്‍ട്ടികള്‍ക്കും സംസ്ഥാനങ്ങളില്‍ അധികാരത്തിലേറാന്‍ മുസ്‌ലിംകള്‍ അവസരമൊരുക്കിയതല്ലാതെ അനുദിനം ശക്തിപ്പെട്ടുവന്ന മെജോറിറ്റേറിയനിസത്തിന്റെ മുന്നില്‍ അവരൊക്കെ ക്രമേണ മുട്ടുമടക്കുകയോ നിര്‍വീര്യമാവുകയോ ചെയ്ത കാഴ്ചയാണ് പിന്നീട് ദൃശ്യമായത്. രാജ്യത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള ഏറ്റവും വലിയ സംസ്ഥാനമായ യു.പി ഇന്ന് ഭരിക്കുന്നത് തീവ്ര ഹിന്ദുത്വത്തിന്റെ സര്‍വവിധ ഭീകരതയും അനാവരണം ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ കാവിക്കൂട്ടമാണെന്നും അതിന്റെ മുന്നില്‍ കോണ്‍ഗ്രസ്സടക്കമുള്ള മതേതര പാര്‍ട്ടികളെല്ലാം തീര്‍ത്തും നിസ്സഹായരാണെന്നുമുള്ള സത്യം അനിഷേധ്യമാണെന്നിരിക്കെ ഉവൈസിയുടെ നിലപാടിലെ ഭാഗികമായ ശരിയെങ്കിലും അംഗീകരിക്കേണ്ടിവരും. അദ്ദേഹത്തിന്റെ പാര്‍ട്ടി മുതല്‍ ജമാഅത്തെ ഇസ്‌ലാമി വരെയുള്ള മുസ്‌ലിം കൂട്ടായ്മകള്‍ സര്‍വാത്മനാ പിന്തുണച്ചാണ് ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായത്. ഇപ്പോള്‍ റാവുവിന്റെ പാര്‍ട്ടിയായ ടി.ആര്‍.എസ് ആരുടെ കൂടെ നില്‍ക്കുന്നു? ബിഹാറില്‍ സോഷ്യലിസ്റ്റും സെക്യുലരിസ്റ്റുമായ നിതീഷ്‌കുമാര്‍ ഏതു പാളയത്തിലാണിപ്പോള്‍? ബംഗാളില്‍ മമതാ ബാനര്‍ജിയോടൊപ്പം നിന്ന മുസ്‌ലിം ന്യൂനപക്ഷം, പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ബി.ജെ.പി അധികാരത്തിലേറാനുള്ള സാധ്യത കടുത്ത ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിക്കുന്നത് പ്രഥമമായി തൃണമൂലിനെതിരെയാണ്. അതോടെ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നും തങ്ങളുടെ പ്രതീക്ഷ സഫലമാവുമെന്നും വിജയം സുനിശ്ചിതമാവുമെന്നും ഉറപ്പിക്കുകയാണ് ബി.ജെ.പി. ഉവൈസിയെ പൂര്‍ണമായി നിരാകരിക്കാമെന്നുവെച്ചാലും ബംഗാള്‍ മുസ്‌ലിംകള്‍ക്ക് മുന്നില്‍ ഒരു ഓപ്ഷനുണ്ടോ? മൂന്നര പതിറ്റാണ്ടു കാലം അവര്‍ പിന്തുണച്ച ഇടതുപക്ഷം ഇന്ന് ചിത്രത്തിലെവിടെയെങ്കിലുമുണ്ടോ? ന്യൂനപക്ഷരക്ഷ മതേതരത്വ പാര്‍ട്ടികളില്‍ എന്ന് നിരന്തരം അലറി വിളിക്കുന്നവര്‍ ഉവൈസിക്കെന്ത് മറുപടി നല്‍കും?
അതേയവസരത്തില്‍ തന്റെ പൈതൃകസ്വത്തായി മജ്‌ലിസിനെ കൊണ്ടുനടക്കുന്ന ബാരിസ്റ്റര്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഉര്‍ദുവിലും ഇംഗ്ലീഷിലുമുള്ള പ്രസംഗചാതുരിയും സംഘാടക മികവുമെല്ലാം സമ്മതിച്ചുകൊടുത്താലും ബി.ജെ.പിയെയും മതേതര പാര്‍ട്ടികളെയും ഒരേസമയം ശത്രുക്കളായി കാണുന്ന അദ്ദേഹത്തിന്റെ നിലപാട് ന്യൂനപക്ഷ സമുദായത്തിന് എത്രത്തോളം ഗുണകരമാവും? അന്തിമമായി ബി.ജെ.പിയെയാണത് സഹായിക്കുക എന്ന വിമര്‍ശനത്തിന് യുക്തിസഹമായ മറുപടി എന്താണ്? അദ്ദേഹത്തേക്കാള്‍ എത്രയോ ഇരട്ടി സമര്‍ഥനും തന്ത്രജ്ഞനുമായിരുന്ന മുഹമ്മദലി ജിന്നയെ കൊണ്ട് സാമുദായിക ധ്രുവീകരണത്തിലൂടെ പാകിസ്താന്‍ നേടിയെടുത്ത ശേഷം ഏറെ വൈകാതെ അത് വേണ്ടായിരുന്നു എന്ന് പറയിപ്പിച്ച സാഹചര്യം ഒരു പാഠവും നല്‍കുന്നില്ലേ? സെക്യുലര്‍ പാര്‍ട്ടികളെ മൊത്തമായി എഴുതിത്തള്ളുന്നതിനു പകരം അവരില്‍ ഒട്ടൊക്കെ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും പ്രതിബദ്ധതയും മനുഷ്യസ്‌നേഹവുമുള്ളവരുമായി ചേര്‍ന്നും ദലിത് -പിന്നാക്ക സമൂഹങ്ങളെ കൂടെ നിര്‍ത്തിയും ഫാഷിസത്തെ പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നതെന്ന് ഉവൈസിയെപ്പോലുള്ളവര്‍ എത്ര വൈകി തിരിച്ചറിയുന്നുവോ അത്രത്തോളം സ്ഥിതി സങ്കീര്‍ണവും പ്രതിസന്ധി ഗുരുതരവുമാകുമെന്ന് വ്യക്തം.
ജിന്നയല്ല, ആസാദാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃക എന്ന് പറഞ്ഞവസാനിപ്പിക്കുന്നു മുഹമ്മദ് അയ്യൂബ്. ഉപഭൂഖണ്ഡത്തില്‍ വര്‍ഗീയ ധ്രുവീകരണത്തെയും തജ്ജന്യമായ ദ്വിരാഷ്ട്രവാദത്തെയും സര്‍വ ശക്തിയും ഉപയോഗിച്ച് ചെറുക്കാന്‍ ശ്രമിച്ചതാണ് മൗലാനാ അബുല്‍ കലാം ആസാദിന്റെ മാതൃക. സ്വാതന്ത്ര്യം എങ്ങനെ വേണമെന്നും എപ്പോള്‍ വേണമെന്നും അന്തിമമായി തീരുമാനിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം നിയോഗിച്ച കാബിനറ്റ് മിഷന്റെ മുമ്പാകെ രാജ്യം പിളര്‍ക്കാതെ പരമാവധി സ്വയംഭരണം അനുവദിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനത്തിലൂടെ ഹിന്ദു-മുസ്‌ലിം പ്രശ്‌നം പരിഹരിക്കാമെന്ന ബദല്‍ നിര്‍ദേശം കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്ന് സമര്‍പ്പിക്കാന്‍ തീവ്രയത്‌നം നടത്തിയ ദേശീയ നേതാവായിരുന്നു ആസാദ്. മനമില്ലാ മനസ്സോടെയാണെങ്കിലും ജിന്നയും അതിനു വഴങ്ങി. എന്നാല്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് ധാരണയെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ മറുപടി എല്ലാം അട്ടിമറിയാനിടയാക്കി എന്നാണ് തന്റെ ആത്മകഥയില്‍ ആസാദ് രേഖപ്പെടുത്തിരിക്കുന്നത്. കരാറിലെ വ്യവസ്ഥകളെ വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസ്സിന് സ്വാതന്ത്ര്യമുണ്ട് എന്ന നെഹ്‌റുവിന്റെ പരാമര്‍ശം, കരാറില്‍നിന്ന് പിന്മാറാനുള്ള കോണ്‍ഗ്രസ്സിന്റെ കുതന്ത്രം അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞൊഴിയാന്‍ ജിന്നക്കത് അവസരമൊരുക്കി എന്നാണ് ആസാദിന്റെ വിലയിരുത്തല്‍. എന്തായാലും പാകിസ്താന്‍ രൂപവത്കരണത്തോടൊപ്പം ഇന്ത്യ നേടിയ സ്വാതന്ത്ര്യം താന്‍ ഭയപ്പെട്ട പോലെ മുസ്‌ലിം ന്യൂനപക്ഷത്തെ നിസ്സഹായരും ആലംബഹീനരുമാക്കി എന്നതായിരുന്നു പ്രഥമ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരിക്കെത്തന്നെ മൗലാനാ ആസാദിന്റെ നൈരാശ്യം. വിശിഷ്യാ സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള കരുത്തനായ ഹിന്ദുത്വ അനുകൂലിയുടെ കൈകളില്‍ ആഭ്യന്തര വകുപ്പ് ഒതുങ്ങിയതില്‍ പിന്നെ ഭരണഘടന അനുശാസിക്കുന്ന നീതിയൊന്നും മതന്യൂനപക്ഷത്തിന് ലഭിക്കുകയുണ്ടായില്ല എന്നതാണനുഭവം. പോലീസിലും പട്ടാളത്തിലും മുസ്‌ലിംകളെ റിക്രൂട്ട് ചെയ്യരുതെന്ന ഉത്തരവ് ഇന്നും ന്യൂനപക്ഷങ്ങള്‍ക്ക് നീതിനിഷേധിക്കപ്പെടാന്‍ നിമിത്തമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം ഹിന്ദു, മുസ്‌ലിം ദേശീയതകള്‍ തമ്മിലെ വടംവലി രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടിന്റെയും അപകടം സവിസ്തരം പ്രതിപാദിച്ച് ഗ്രന്ഥമെഴുതിയ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, സ്വയംഭരണ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണെന്ന് നിര്‍ദേശിച്ചുവെങ്കിലും വിഭജനം നടക്കുക തന്നെ ചെയ്യുമെന്നുറപ്പായപ്പോള്‍ ചരിത്രപ്രധാനമെന്ന് പറയാവുന്ന ഉപദേശമാണ് ഇന്ത്യയിലെ ന്യൂനപക്ഷമാവാന്‍ പോവുന്ന മുസ്‌ലിംകള്‍ക്ക് നല്‍കിയത്. സാമുദായികമായി സംഘടിക്കുക എന്ന അബദ്ധം ഇനി ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇന്ത്യന്‍ ഭാഷകള്‍ പഠിച്ചും അമുസ്‌ലിം സഹോദരന്മാരുമായി സംവദിച്ചും ദൈവിക സന്മാര്‍ഗമായ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും തെറ്റിദ്ധാരണകള്‍ തിരുത്താനുമുള്ള കര്‍മപരിപാടിയാണ് ആവിഷ്‌കരിക്കേണ്ടതെന്നും 1947-ലെ മദ്രാസ് പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിക്കുകയായിരുന്നു മൗദൂദി. പില്‍ക്കാലത്ത് തന്നെ വന്നു കണ്ട ഇന്ത്യന്‍ മുസ്‌ലിം പ്രതിനിധി സംഘത്തോട്, സജീവ രാഷ്ട്രീയത്തിലിടപെട്ട് ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും വിലയിരുത്തി സമാധാനപരമായി പ്രതിസന്ധിയെ എങ്ങനെ അഭിമുഖീകരിക്കാമെന്നും മറികടക്കാമെന്നും സമുദായത്തെ ബോധ്യപ്പെടുത്തുകയും നേരായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന നേതൃത്വമാണ് മുസ്‌ലിം ന്യൂനപക്ഷത്തിനുണ്ടാകേണ്ടത്. 

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌