Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

ഖുര്‍ആനില്‍ തെളിയുന്ന മുഹമ്മദുര്‍റസൂലുല്ലയുടെ നിയോഗ ലക്ഷ്യം

അബുല്‍ അഅ്‌ലാ മൗദൂദി

(വിശ്വ നായകന്‍ - 3)

ഖുര്‍ആന്‍, അത് കൊണ്ടു വന്ന വ്യക്തിയുടെ ശരിയായ  നില വ്യക്തമാക്കിയതിനു ശേഷം ഏതൊരു പ്രവര്‍ത്തനത്തിനു വേണ്ടിയാണോ ദൈവം അദ്ദേഹത്തെ നിയോഗിച്ചത് ആ പ്രവര്‍ത്തനത്തെ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. പൊതുവായ രണ്ടു തലങ്ങളാണ്  ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. ഒന്ന് വൈജ്ഞാനിക തലവും മറ്റൊന്ന്  പ്രായോഗിക തലവും.

വൈജ്ഞാനികം
പ്രവാചകന്റെ വൈജ്ഞാനിക പ്രവര്‍ത്തനം കേന്ദ്രീകരിച്ച  മേഖല ഇവയാണ്:
1. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കല്‍, മനസ്സംസ്‌കരണം, ഗ്രന്ഥത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും അധ്യാപനം.
''തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൈവദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനം ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. വേദപുസ്തകവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. അവരോ അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ഖുര്‍ആന്‍ 3: 164).
ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നതിന്റെ  ഉദ്ദേശ്യം, അല്ലാഹുവിന്റെ വിളംബരങ്ങളും നിര്‍ദേശങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങളെ  കേള്‍പ്പിക്കുക എന്നതാണ്. സംസ്‌കരിക്കുന്നതിന്റെ ഉദ്ദേശ്യം, ആളുകളുടെ സ്വാഭാവശീലങ്ങളെയും അവരുടെ ജീവിതത്തെയും ദുര്‍ഗുണങ്ങളില്‍നിന്നും തെറ്റായ ആചാര സമ്പ്രദായങ്ങളില്‍നിന്നും ശുദ്ധീകരിക്കുകയാണ്. ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നതിന്റെ താല്‍പര്യമാകട്ടെ,  ആളുകള്‍ക്ക്  വേദഗ്രന്ഥത്തിന്റെ ശരിയായ ലക്ഷ്യവും  താല്‍പര്യവും മനസ്സിലാക്കിക്കൊടുക്കലും വേദഗ്രന്ഥത്തിന്റെ ശരിയായ ചൈതന്യത്തിലേക്ക് എത്തുംവിധം അവരില്‍ ഉള്‍ക്കാഴ്ച വളര്‍ത്തിയെടുക്കലും തങ്ങളുടെ ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളെയും അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അനുസൃതമായി വാര്‍ത്തെടുക്കാന്‍ ആവശ്യമായ യുക്തിബോധം അവരില്‍ ഉണ്ടാക്കിയെടുക്കലുമാണ്.

2. ജീവിത വ്യവസ്ഥയുടെ പൂര്‍ത്തീകരണം
''ഇന്ന് നിങ്ങളുടെ ജീവിത വ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിത വ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'' (ഖുര്‍ആന്‍ 5:3).
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഖുര്‍ആന്‍ അയച്ചയാള്‍  അത് കൊണ്ടുവന്ന ആളെക്കൊണ്ട് അത് മറ്റുള്ളവര്‍ക്ക് പാരായണം ചെയ്തുകൊടുക്കുക, അവരെ സംസ്‌കരിക്കുക,  അവരെ ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുക  തുടങ്ങിയ സേവനങ്ങള്‍ ചെയ്യിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് അവന്‍ തന്റെ ഉത്കൃഷ്ടനായ ദാസനിലൂടെ  ഏതൊരു  പ്രവര്‍ത്തനമാണ് മനുഷ്യരാശിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്   അതിനെ പൂര്‍ത്തീകരിക്കുകയും, ഏതെല്ലാം നന്മകളാണ് വ്യക്തികളിലും  സമൂഹത്തിലും ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നത്, അതിന്റെ മഹത്തായ മാതൃക അവിടുന്ന് കാണിച്ചു കൊടുക്കുകയും വരാന്‍ പോകുന്ന എല്ലാ കാലത്തേക്കും ഗ്രന്ഥത്തിന്റെ താല്‍പര്യത്തിന് അനുസൃതമായി മനുഷ്യജീവിതം രൂപപ്പെടുത്തപ്പെടുകയും കെട്ടിപ്പടുക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ ഗ്രന്ഥത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും അധ്യാപനങ്ങള്‍ അദ്ദേഹത്തിലൂടെ തന്നെ നടപ്പിലാക്കുകയും ചെയ്തു.
3. യഥാര്‍ഥ മതത്തിനും മുന്‍കാല പ്രവാചക സമൂഹങ്ങള്‍ക്കും ഇടയില്‍ കാലക്രമത്തില്‍ രൂപമെടുത്ത മുഴുവന്‍ അഭിപ്രായ ഭിന്നതകളുടെയും യാഥാര്‍ഥ്യം വ്യക്തമാക്കുകയും, എല്ലാ പര്‍ദകളും വലിച്ചുമാറ്റി, എല്ലാ കലര്‍പ്പുകളെയും തപ്പിയെടുത്ത്, എല്ലാ ചിന്താകാലുഷ്യങ്ങളെയും വൃത്തിയാക്കി എപ്പോഴും അല്ലാഹുവിന്റെ തൃപ്തിയിലേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു വഴി പൂര്‍ണ ശോഭയോടെ മനുഷ്യരാശിക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുക.
''അല്ലാഹുവാണ് സത്യം, നിനക്കു മുമ്പ് പല സമൂഹങ്ങളിലേക്കും  നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആ ജനത്തിന്റെ ദുര്‍വൃത്തികള്‍ പിശാച് അവര്‍ക്ക് ചേതോഹരമാക്കി തോന്നിക്കുകയായിരുന്നു. അതിനാല്‍ അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ക്ക് നോവേറിയ ശിക്ഷകളുണ്ട്.
നിനക്ക് നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിച്ച ജനത്തിന് നേര്‍വഴി കാട്ടാനും ഒപ്പം അനുഗ്രഹമായും'' (16: 63,64).
''വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ  ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടുവളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു'' (5: 15,16).
4. ധിക്കാരികളെ താക്കീതു ചെയ്യുകയും അല്ലാഹുവിനെ  അനുസരിക്കുന്നവര്‍ക്ക്  ദൈവകാരുണ്യത്തെ കുറിച്ച് സുവാര്‍ത്ത അറിയിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുക.
''നബിയേ, നിശ്ചയമായും നാം താങ്കളെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് താങ്കളെ അയച്ചത്'' (33: 45.46).

പ്രവാചകന്റെ  പ്രായോഗിക പ്രവര്‍ത്തനം

പ്രായോഗിക ജീവിത  വ്യവഹാരവുമായി ബന്ധപ്പെട്ട്  പ്രവാചകനില്‍ അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ ഇവയാണ്:
1. നന്മ കല്‍പ്പിക്കുക, തിന്മ തടയുക, അനുവദനീയതയുടെയും നിഷിദ്ധത്തിന്റെയും അതിരുകള്‍ നിര്‍ണയിക്കുക, മനുഷ്യരുടെ മേല്‍ ദൈവേതര ശക്തികള്‍  അടിച്ചേല്‍പ്പിച്ചിരുന്ന വിലക്കുകളില്‍നിന്ന്  മനുഷ്യനെ മോചിപ്പിച്ച് അവരുടെ ഭാരം ലഘൂകരിക്കുക.
''അവരോട് അദ്ദേഹം നന്മ കല്‍പ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്തവരാരോ അവരാണ് വിജയം വരിച്ചവര്‍'' (7: 157).
2. ദൈവദാസന്മാര്‍ക്കിടയില്‍ നീതിയിലും ന്യായത്തിലും അധിഷ്ഠിതമായി വിധിതീര്‍പ്പ് നടത്തുക.
''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതിനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പ്പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത്'' (4:105).
3. അല്ലാഹുവിന്റെ ദീനിനെ, മനുഷ്യജീവിതത്തിന്റെ മുഴുവന്‍ വ്യവസ്ഥകളും അതിനെ പിന്‍പറ്റും വിധത്തില്‍ സ്ഥാപിക്കുക.
''സന്മാര്‍ഗവും സത്യവ്യവസ്ഥയുമായി തന്റെ ദൂതനെ നിയോഗിച്ചത് അവനാണ്. മറ്റെല്ലാ വ്യവസ്ഥകളേക്കോളും അതിനെ വിജയിപ്പിക്കാനാണത്'' (48:28).
ഇപ്രകാരം ദൈവദൂതന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം, നീതിന്യായം, സംസ്‌കാരം, നാഗരികത തുടങ്ങിയ മുഴുവന്‍ ജീവിത വ്യവഹാരങ്ങളെയും ചൂഴ്ന്നുനിന്നിരുന്നതായി ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാം.

മുഹമ്മദീയ പ്രവാചകത്വത്തിന്റെ സാര്‍വലൗകികതയും ശാശ്വതികത്വവും
മുഹമ്മദ് നബിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക സമുദായത്തിലേക്കോ രാജ്യത്തിലേക്കോ കാലഘട്ടത്തിലേക്കോ പരിമിതമല്ല; മറിച്ച്, സര്‍വകാലത്തേക്കുമുള്ള മുഴുവന്‍ മനുഷ്യരാശിക്കും  പൊതുവാണ്. ''മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ ഏറെ പേരും അതറിയുന്നില്ല'' (34: 28).
''പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ അല്ലാഹുവില്‍ വിശ്വസിക്കുക; അവന്റെ ദൂതനിലും, അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം'' (7: 158).
''ഈ ഖുര്‍ആന്‍ എനിക്ക് ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും  ഇതു വഴി മുന്നറിയിപ്പ് നല്‍കാനാണ്''(6: 19).
''ഇത് ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല. നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്'' (81: 27,28).

പ്രവാചകത്വ പരിസമാപ്തി

മുഹമ്മദീയ പ്രവാചകത്വത്തിന്റെ മറ്റൊരു സവിശേഷത കൂടി ഖുര്‍ആന്‍ പറഞ്ഞു തരുന്നത്, അദ്ദേഹത്തോടെ പ്രവാചക പരമ്പര അവസാനിച്ചുവെന്നും അദ്ദേഹത്തിനു ശേഷം  ലോകത്തിന് ഇനി ഒരു പ്രവാചകന്റെ ആവശ്യകത അവശേഷിക്കുന്നില്ല എന്നുമാണ്.
''മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരില്‍ ആരുടെയും പിതാവല്ല; മറിച്ച് അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും'' (33: 40).
ഇത് യഥാര്‍ഥത്തില്‍ മുഹമ്മദീയ പ്രവാചകത്വത്തിന്റെ  സാര്‍വലൗകികതയുടെയും ശാശ്വതികത്വത്തിന്റെയും സമ്പൂര്‍ണതയുടെയും സ്വാഭാവിക ഫലമാണ്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെന്നും ഒരു പ്രത്യേക ജനതയിലേക്കോ കാലത്തേക്കോ മാത്രമുള്ളതല്ല, മറിച്ച് എക്കാലത്തേക്കും ഉള്ളതാണെന്നും, ലോകത്ത് പ്രവാചക നിയോഗം അനിവാര്യമാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കെ, അദ്ദേഹത്തിലൂടെ പ്രവാചകത്വ പരമ്പര അവസാനിക്കുക  എന്നത് സ്വാഭാവിക യുക്തി മാത്രമാണ്. ഇക്കാര്യം  മനോഹരമായ ഒരുപമയിലൂടെ  പ്രവാചകന്‍ വ്യക്തമാക്കിയിട്ടുമുണ്ട്: ''എന്റെ ഉപമ പ്രവാചകന്മാരില്‍ ഇത്തരത്തിലാണ്: അതായത് ഏതോ ഒരു ശില്‍പി മനോഹരമായ ഒരു കെട്ടിടം പണിതു.   എന്നാല്‍  അതിന്റെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയായെങ്കിലും ഒരു ഇഷ്ടിക വെക്കാനുള്ള സ്ഥലം  മാത്രം ഒഴിച്ചിട്ടിരിക്കുകയാണ്. ആ കെട്ടിടത്തിന് അരികിലൂടെ  പോകുന്ന ആരുടെയും ശ്രദ്ധ  ആ ഒഴി ച്ചിട്ട സ്ഥലത്ത് പതിയാതെ പോയില്ല.  അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു; ആ ഇഷ്ടിക കൂടി വെച്ചിരുന്നെങ്കില്‍ കെട്ടിടത്തിന് പൂര്‍ണത കൈവരുമായിരുന്നല്ലോ! പ്രവാചകത്വത്തിന്റെ കാര്യത്തില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിവെച്ചിരുന്ന ആ ഇഷ്ടിക ഞാനാണ്. എനിക്കു ശേഷം ഒരു നബി ഇനി വരാനില്ല.'' ഈ ഉപമയിലൂടെ പ്രവാചകത്വ പരിസമാപ്തിയുടെ കാരണം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ദീന്‍ പൂര്‍ണമായിട്ടുണ്ടെങ്കില്‍; ദൈവിക വചനങ്ങള്‍ വ്യക്തതയോടെ വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍; കല്‍പ്പനകള്‍, നിരോധങ്ങള്‍, ആരാധനകള്‍, നാഗരികത, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തികം, ഭരണം തുടങ്ങി മനുഷ്യജീവിതത്തിന്റെ സകല വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍  മുഴുവന്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍; എല്ലാ വിധത്തിലുള്ള മാറ്റത്തിരുത്തലുകളില്‍നിന്നും കലര്‍പ്പുകളില്‍നിന്നും  സുരക്ഷിതമായും എല്ലാ കാലത്തേക്കും അതില്‍നിന്ന് മാര്‍ഗനിര്‍ദേശം ലഭ്യമാവുകയും ചെയ്യുന്ന രീതിയില്‍ ലോകത്തിന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങളും  പ്രവാചക മാതൃകയും അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രവാചകത്വത്തിന്റെ യാതൊരു അനിവാര്യതയും പിന്നീട് അവശേഷിക്കുകയില്ല. കേവലം ഉദ്‌ബോധനവും പരിഷ്‌കരണവും മാത്രമേ പിന്നെ ആവശ്യമുള്ളൂ. അതിന് സത്യം ഉയര്‍ത്തിപ്പിടിക്കുന്ന പണ്ഡിതന്മാരുടെയും സത്യസന്ധരായ വിശ്വാസികളുടെയും സംഘം തന്നെ ധാരാളമാണ്.

പ്രവാചകന്റെ ഉത്കൃഷ്ട ഗുണങ്ങള്‍

ഇനി ഉത്തരം ലഭിക്കാന്‍ അവശേഷിക്കുന്ന ചോദ്യം, ഈ ഗ്രന്ഥം അതായത് ഖുര്‍ആന്‍ കൊണ്ടു വന്നയാള്‍ വ്യക്തിപരമായി ഏതു തരം  സ്വഭാവത്തിന് ഉടമയായ മനുഷ്യനായിരുന്നു വെന്നതാണ്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് വിശുദ്ധ ഖുര്‍ആന്‍, അന്ന് പ്രചാരത്തിലുണ്ടായിരുന്ന  ഗ്രന്ഥങ്ങളെ പോലെ അത് കൊണ്ടുവന്നവരുടെ സ്വയം പരിചയപ്പെടുത്തലിനെ ആശ്രയിക്കുകയോ അവിടുത്തെ പരിചയപ്പെടുത്തുക എന്നത് സ്വതന്ത്ര വിഷയമാക്കുകയോ ചെയ്തിട്ടില്ല. അതേസമയം ആനുഷംഗികമായി പല സ്ഥലത്തും വ്യംഗ്യമായും അല്ലാതെയും  പ്രവാചകന്റെ സ്വഭാഗഗുണങ്ങള്‍ ഖുര്‍ആന്‍ പറയാതെ പോയിട്ടുമില്ല. അതിനാല്‍ ഒരു സമ്പൂര്‍ണ  മനുഷ്യന്റെ എല്ലാ നല്ല ഗുണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് ഖുര്‍ആനില്‍നിന്നു തന്നെ അനായാസം മനസ്സിലാക്കാവുന്നതാണ്.
1. അത് കൊണ്ടുവന്നയാള്‍ സ്വഭാവത്തിന്റെ കാര്യത്തില്‍  ഉന്നത സ്ഥാനത്താണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:
''മുഹമ്മദ് താങ്കള്‍ തീര്‍ച്ചയായും മഹത്തായ സ്വഭാവത്തിനുടമയാണ്''(68:4).
അത് കൊണ്ടുവന്ന വ്യക്തി നിശ്ചയദാര്‍ഢ്യത്തിനുടമയും ഇഛാശക്തിയോടെ അല്ലാഹുവില്‍  മാത്രം ഭരമേല്‍പ്പിക്കുന്നവനും,  സ്വന്തം ജനത ഒന്നടങ്കം അദ്ദേഹത്തെ ഇല്ലാതാക്കാനായി തുനിഞ്ഞിറങ്ങുകയും  ഒരേയൊരു കൂട്ടുകാരന്റെ കൂടെ ഗുഹയില്‍ അഭയം തേടാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ പോലും ആത്മവിശ്വാസം ലവലേശം ചോരാതെ ഉറച്ചുനിന്ന മനുഷ്യനും ആയിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
''സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാകുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ദുഃഖിക്കാതിരിക്കുക, അല്ലാഹു നമ്മോടൊപ്പമുണ്ട്'' (9:40).
അത് കൊണ്ടുവന്നയാള്‍ തന്റെ ഏറ്റവും മോശപ്പെട്ട ശത്രുവിനു പോലും പൊറുത്തുകൊടുക്കാന്‍ പ്രാര്‍ഥിക്കുമാറ് അങ്ങേയറ്റം ഹൃദയവിശാലതയും ഉദാരതയുമുള്ള  മനുഷ്യനായിരുന്നുവെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്: ''താങ്കള്‍ അവര്‍ക്കു വേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക, താങ്കള്‍ അവര്‍ക്കു വേണ്ടി എഴുപത് പ്രാവശ്യം പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല'' (9: 80).
അത് കൊണ്ടുവന്നയാള്‍  അങ്ങേയറ്റം മൃദുലസ്വഭാവിയായിരുന്നുവെന്നും അദ്ദേഹം ആരോടും പരുഷമായി പെരുമാറിയിരുന്നില്ല എന്നും അതുകൊണ്ടാണ് ലോകം അദ്ദേഹത്തിന്റെ സ്വന്തക്കാരായി മാറിയതെന്നും ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യനായത്. താങ്കള്‍ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍നിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു'' (3: 159).
അത് കൊണ്ടുവന്നയാള്‍  ദൈവദാസന്മാരെ നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരാനുള്ള ശുദ്ധമായ അഭിലാഷം ഹൃദയത്തില്‍ സൂക്ഷിക്കുന്നവനും അവര്‍ ദുര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നതു കണ്ട്  തന്റെ ഹൃദയം നുറുങ്ങിപ്പോകുമാറ് അദ്ദേഹം ദുഃഖിതനും ആയിരുന്നുവെന്ന്  ഖുര്‍ആന്‍ പറയുന്നുണ്ട്:
''ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് താങ്കള്‍ ജീവനൊടുക്കിയേക്കാം'' (18: 6).
അത് കൊണ്ടുവന്നയാള്‍ സമുദായത്തോട് അങ്ങേയറ്റം സ്നേഹം വെച്ചുപുലര്‍ത്തുന്നവനും അവരുടെ നന്മയില്‍ അതീവതല്‍പ്പരനും അവരുടെ നഷ്ടത്തില്‍ മനസ്സ് വേദനിക്കുന്നവനും വിശ്വാസികളോട് അങ്ങേയറ്റം കരുണാമയനും വിട്ടുവീഴ്ച ചെയ്യുന്നവനുമായിരുന്നുവെന്നും ഖുര്‍ആന്‍ പറയുന്നു:
''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പ്പരനുമാണ് അദ്ദേഹം; സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും'' (9: 128).
അത് കൊണ്ടുവന്നയാള്‍ സ്വന്തം ജനതയോട് മാത്രമല്ല, മുഴുലോകത്തിനും അനുഗ്രഹമാണെന്നും ഖുര്‍ആന്‍ പറയുന്നു:
''ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല''(21: 107).
അത് കൊണ്ടുവന്നയാള്‍ മണിക്കൂറുകളോളം അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും ദൈവത്തെ ഓര്‍ത്ത് എഴുന്നേറ്റു നില്‍ക്കുകയും ചെയ്തിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു:
''താങ്കളുടെ നാഥനറിയാം; താങ്കളും താങ്കളുടെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ട് ഭാഗവും ചിലപ്പോള്‍ പാതി ഭാഗവും മറ്റ് ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന്'' (73:20).
അത് കൊണ്ടുവന്നയാള്‍ ഏറ്റവും നല്ല  മനുഷ്യനായിരുന്നുവെന്നും, സത്യത്തെ കളങ്കപ്പെടുത്തുന്ന  ദുഷിച്ച ചിന്തകളൊന്നും  അദ്ദേഹത്തെ തീരെ സ്വാധീനിച്ചിരുന്നില്ലെന്നും, ദേഹേഛക്ക്  വശംവദനായി  സത്യത്തിനെതിരെ യാതൊരു വാക്കും അദ്ദേഹത്തിന്റെ  നാവില്‍നിന്ന് വീണിട്ടില്ലെന്നും ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തോന്നിയ പോലെ സംസാരിക്കുന്നുമില്ല'' (53: 2,3).
അത് കൊണ്ടുവന്നയാളുടെ വ്യക്തിത്വം മുഴുവന്‍ ലോകത്തിനും അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതവും ധാര്‍മികതയുടെ കാര്യത്തില്‍ പൂര്‍ണതക്കുള്ള ശരിയായ മാനദണ്ഡമാണെന്നും ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് നല്ല മാതൃകയുണ്ട്''(33: 21).
ഖുര്‍ആന്റെ വാഹകന്റെ മറ്റു ചില സവിശേഷതകളിലേക്കു കൂടി ഖുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്. എന്നാല്‍  അത്തരം വിശദാംശങ്ങളിലേക്ക് ഇവിടെ  പോകുന്നില്ല. ഇതര മതഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി  ഖുര്‍ആന്‍ അത് കൊണ്ടുവന്നയാളെ എത്രമാത്രം വൃത്തിയിലും വെടിപ്പിലും, അഴുക്കില്‍നിന്ന്  ശുദ്ധമായ രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും സ്വയം വ്യക്തമാകുന്ന  കാര്യമാണ്. ദിവ്യത്വത്തിന്റെ യാതൊരു ലാഞ്ഛനയും അതിലില്ല. പ്രശംസിക്കുന്നതിലും  പുകഴ്ത്തുന്നതിലും അതിഭാവുകത്വമില്ല. അസാധാരണമായ യാതൊരു ശക്തിയും അദ്ദേഹത്തില്‍ ആരോപിക്കുന്നില്ല. ദൈവത്തിന്റെ വ്യവഹാര മണ്ഡലത്തില്‍ അദ്ദേഹത്തെ പങ്കുകാരനാക്കുന്നില്ല. ഒരു സത്യപ്രബോധകന്റെയും മാര്‍ഗദര്‍ശിയുടെയും പദവിയില്‍ കളങ്കം  ചാര്‍ത്തുന്ന യാതൊരുവിധ  ദൗര്‍ബല്യവും അദ്ദേഹത്തില്‍ ആരോപിക്കുന്നില്ല. ഇസ്‌ലാമിക സാഹിത്യത്തിലെ മറ്റെല്ലാ ഗ്രന്ഥങ്ങളും ലോകത്തുനിന്ന് അപ്രത്യക്ഷമായാലും ഖുര്‍ആന്‍ ബാക്കിയുണ്ടെങ്കില്‍ പ്രവാചകന്റെ വ്യക്തിത്വത്തെ കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണക്കോ  പിഴച്ച വിശ്വാസത്തിനോ യാതൊരു സാധ്യതയും ഉണ്ടാവുകയില്ല.
നന്നായി മനസ്സിലാക്കേണ്ട കാര്യം, ഈ ഗ്രന്ഥം കൊണ്ടുവന്നയാള്‍ സമ്പൂര്‍ണനായ ഒരു മനുഷ്യനായിരുന്നു എന്നതാണ്. ഏറ്റവും ഉന്നതമായ  സ്വഭാവത്തിനുടമയായിരുന്നു അദ്ദേഹം. പൂര്‍വപ്രവാചകന്മാരെ അദ്ദേഹം സത്യപ്പെടുത്തി. ഒരു പുതിയ മതത്തിന്റെയും സ്ഥാപകനായിരുന്നില്ല അദ്ദേഹം. മനുഷ്യാതീതമായ ഒരു നിലയും അദ്ദേഹം വാദിച്ചില്ല. അദ്ദേഹത്തിന്റെ പ്രബോധനം സകല ലോകത്തിനുമുള്ളതായിരുന്നു. നിശ്ചിതമായ ചില സേവനങ്ങള്‍ക്കായി അവിടുന്ന് നിയോഗിക്കപ്പെട്ടു. അത് പൂര്‍ണമായും അദ്ദേഹം നിര്‍വഹിച്ചപ്പോള്‍ പ്രവാചകത്വ പരമ്പര അദ്ദേഹത്തില്‍ അവസാനിക്കുകയും ചെയ്തു.


(അവസാനിച്ചു)
വിവ: കെ.ടി ഹുസൈന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌