Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

പ്രഫ. അത്വാഉല്ലാഹ് സ്വിദ്ദീഖി അക്കാദമിക രംഗത്തെ സൗമ്യമുഖം

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബ്രിട്ടനിലെ മാര്‍ക്ഫീല്‍ഡ് ഇസ്‌ലാമിക് ഹയര്‍ എജുക്കേഷന്റെ ഡയറക്ടറുമായിരുന്ന പ്രഫ. അത്വാഉല്ലാഹ് സ്വിദ്ദീഖി(1954-2020)യുടെ വിയോഗം ഇസ്‌ലാമിക ലോകത്തിന് പൊതുവെയും ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന് വിശേഷിച്ചും വലിയ നഷ്ടമാണ്. കുറച്ചുകാലമായി അസുഖബാധിതനായിരുന്നുവെങ്കിലും, അക്കാദമിക-വൈജ്ഞാനിക രംഗങ്ങളില്‍ ഈയടുത്ത കാലം വരെയും വ്യാപൃതനായിരുന്നു അദ്ദേഹം. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ പി.ജി ശരീഅ വിഭാഗത്തില്‍ വിസിറ്റിംഗ് പ്രഫസറായി എത്തിയ ഒരു ഹ്രസ്വകാലമാണ് അദ്ദേഹത്തെ അടുത്തറിയാന്‍ അവസരം ലഭിച്ചത്. 2019 ഡിസംബറില്‍ ആദ്യ ആഴ്ചകളിലാണ് സ്വിദ്ദീഖി കേരളത്തിലെത്തുന്നത്. അല്‍ ജാമിഅയിലെ ക്ലാസ്സുകളും മറ്റു പരിപാടികളുമൊക്കെയായി ഏറക്കുറെ മുഴുസമയവും അദ്ദേഹത്തോടൊപ്പം ചെലവഴിക്കുക വഴി, സൗമ്യനും മിതഭാഷിയുമായ ഒരു പണ്ഡിതനോടൊപ്പമുള്ള സഹവാസത്തിനുള്ള അവസരമാണ് വീണുകിട്ടിയത്. കുറഞ്ഞകാലം കൊണ്ട് കുറേയധികം ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ഗുരുനാഥന്‍ എന്നാണ് സ്വിദ്ദീഖിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവുക. 
1954-ല്‍ പശ്ചിമ ബംഗാളിലെ കലിംബോഗിലാണ് അത്വാഉല്ലാ സ്വിദ്ദീഖിയുടെ ജനനം. ബ്രിട്ടീഷ് കോളനികാലംതൊട്ടേ, ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പേരുകേട്ട കലിംബോഗിലും ഡാര്‍ജിലിംഗിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതാകട്ടെ ദീനീ-പ്രാസ്ഥാനിക ചുറ്റുപാടിലുമായിരുന്നു. ഉന്നത വിദ്യഭ്യാസം നേടുന്നതിനായി 1982 ലാണ് സ്വിദ്ദീഖി ബ്രിട്ടനിലേക്ക് ചേക്കേറുന്നത്. ഇസ്‌ലാമിക പണ്ഡിതന്മാരായിരുന്ന (പാക് ജമാഅത്ത് നേതാക്കള്‍) ഖുര്‍റം മുറാദും ഖുര്‍ശിദ് അഹ്മദും ബ്രിട്ടനില്‍ സ്ഥാപിച്ച ഇസ്‌ലാമിക് ഫൗണ്ടേഷനില്‍, അവരുടെ ക്ഷണപ്രകാരമാണ് റിസര്‍ച്ച് ഫെല്ലോയായി സ്വിദ്ദീഖി എത്തുന്നത്. പ്രഗത്ഭരായ രണ്ടു പണ്ഡിതന്മാരുടെ ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ ശിക്ഷണത്തിലാണ് സ്വിദ്ദീഖി പഠനഗവേഷണങ്ങളുമായി മുന്നോട്ടു പോയത്. 1994-ല്‍ ബ്രിട്ടനിലെ ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍നിന്ന് Muslim-Christian Relations-ല്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി. ഇന്റര്‍ഫെയ്ത്ത് ക്രിസ്ത്യന്‍ റിലേഷന്‍സ് വിഷയങ്ങളിലെ ഗവേഷണ മികവിനും പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കും 2008-ല്‍ ഗ്ലൗസസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റും നേടി. 
മറ്റു പല സര്‍വകലാശാലകളിലും കോളേജുകളിലും വിസിറ്റിംഗ് പ്രഫസറായി സേവനമനുഷ്ഠിക്കുമ്പോഴും ലെസ്റ്റര്‍ഷെയറിലെ മാര്‍ക്ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയായിരുന്നു സ്വിദ്ദീഖിയുടെ തട്ടകം. 2000-ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന് ഊടും പാവും നല്‍കിയതില്‍ സ്വിദ്ദീഖിയുടെ പങ്ക് ചെറുതല്ല. ബ്രിട്ടനില്‍ ഇസ്‌ലാമിക വിജഞാനീയങ്ങളുടെ ആഴത്തിലുള്ള പഠനത്തിനു വേണ്ടിയുള്ള സ്വകാര്യ വിദ്യഭ്യാസ സ്ഥാപനമായിട്ടായിരുന്നു മാര്‍ക്ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്റെ തുടക്കം. പിന്നീട് ബ്രിട്ടനിലെ ചലംാമി ഡിശ്‌ലൃശെ്യേ, ഡിശ്‌ലൃശെ്യേ ീള ഏഹീൗരലേെലൃവെശൃല തുടങ്ങിയ സ്ഥാപനങ്ങളുടെ മാസ്റ്റര്‍, പി.എച്ച്.ഡി കോഴ്‌സുകളും മാര്‍ക്ഫീല്‍ഡില്‍ ആരംഭിച്ചു. ഇരുപത് വര്‍ഷം നീണ്ട സ്ഥാപനത്തിന്റെ ചരിത്രത്തില്‍ പ്രധാന ചുമതലകള്‍ പലതും സ്വിദ്ദീഖി വഹിച്ചു. 2001 മുതല്‍ 2008 വരെ സ്ഥാപനത്തിന്റെ ഡയറക്ടറായും പിന്നീട് ദീര്‍ഘകാലം കോഴ്‌സ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. Muslim Chaplaincy, Institute's Chaplain  തുടങ്ങിയ കോഴ്‌സുകള്‍ക്ക്, കോഴ്‌സ് ലീഡറായും ഗവേഷക വിഭാഗം തലവനായും സിദ്ദീഖി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്തിന്റെ സാമൂഹിക-മത പശ്ചാത്തലം പരിഗണിച്ചുകൊണ്ടുള്ള നൂതന കോഴ്‌സുകളാണ് സ്വിദ്ദീഖി മാര്‍ക്ഫീല്‍ഡില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. അതിന്റെ ഭാഗമായാണ് Muslim Chaplaincy  കോഴ്‌സ് തയാറാക്കുന്നതും 2003 മുതല്‍ മാര്‍ക്ഫീല്‍ഡില്‍ അധ്യയനത്തില്‍ ഉള്‍പ്പെടുത്തുന്നതും. ആശുപത്രികളിലും യൂനിവേഴ്‌സിറ്റികളിലും തടവറകളിലും എങ്ങനെ ഒരു മുസ്‌ലിം ചാപ്ലയന്‍സിക്ക് ജോലി ചെയ്യാം എന്നു പഠിപ്പിക്കുന്നതായിരുന്നു ഈ കോഴ്‌സ്.      
ക്രിസ്ത്യന്‍ മുസ്‌ലിം റിലേഷന്‍സ്, പ്ലൂരലിസം വിതിന്‍ ഇസ്‌ലാം തുടങ്ങിയ വിഷയങ്ങളിലാണ് സ്വിദ്ദീഖിയുടെ പഠന ഗവേഷണങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. ബ്രിട്ടനിലെ മുസ്‌ലിം നേതൃത്വത്തിന് പരിശീലനം നല്‍കുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. എണ്ണം പറഞ്ഞ അകാദമിക ലേഖനങ്ങള്‍ക്കും ഗവേഷണ പ്രബന്ധങ്ങള്‍ക്കും പുറമെ 2007-ല്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം നടത്തിയ പഠന റിപ്പോര്‍ട്ട് Islam at Universities in England: Meeting the Needs and Investing in the Future സ്വിദ്ദീഖിയുടെ എടുത്തുപറയേണ്ട വൈജ്ഞാനിക സംഭാവനയാണ്. ഈ റിപ്പോര്‍ട്ട് ബ്രിട്ടനിലെ പൊതുസമൂഹത്തിലും സ്വിദ്ദീഖിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു.  Christian Muslim Forum of England and the Leicester Council of Faiths  സ്ഥാപിക്കുകവഴി ഇംഗ്ലണ്ടില്‍ ഊഷ്മളമായ ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധത്തിന് പുതിയ മാനം നല്‍കുകയായിരുന്നു സ്വിദ്ദീഖി. മതാന്തര സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമിതികളിലും പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിലും അംഗമായിരുന്നതിനു പുറമെ, Encounters: Journal of Inter Cultural Perspectives  എന്ന ഒരു അക്കാദമിക ജേണലും സ്വിദ്ദീഖി തന്നെ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ചിരുന്നു.  
ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിന്റെ രചനാത്മകമായ പ്രതിനിധാനം എങ്ങനെ സാധ്യമാക്കണം എന്നതിനെ കുറിച്ചായിരുന്നു സ്വിദ്ദീഖിയുടെ ചിന്ത. ബ്രിട്ടന്റെ മത സാമൂഹിക പശ്ചാത്തലത്തില്‍ ഇതര സമൂഹങ്ങളുമായി ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള പല പരിപാടികളിലും സ്വിദ്ദീഖിയുടെ കൈയൊപ്പുണ്ടായിരുന്നു. ഇസ്‌ലാം അവയര്‍നസ് വീക് (ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളും മറ്റു സംവിധാനങ്ങളും വര്‍ഷത്തില്‍ ഒരു ആഴ്ച തെരഞ്ഞെടുക്കുന്ന രീതി), വിസിറ്റ് മൈ മോസ്‌ക് (ഇസ്‌ലാമിലെ പള്ളിയെയും ആരാധനാകര്‍മങ്ങളെയും മനസ്സിലാക്കാന്‍ മുസ്‌ലിമേതര വിശ്വാസികളെ പള്ളികളിലേക്ക് സ്വാഗതം ചെയ്യല്‍ പരിപാടി) പോലുള്ള പരിപാടികളിലൂടെ ഇതര മതവിശ്വാസികള്‍ക്കും മതമില്ലാത്തവര്‍ക്കും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 'വിസിറ്റ് മൈ മോസ്‌കി'ന് തുടക്കം കുറിച്ച മാര്‍ക് ഫീല്‍ഡിലെ പള്ളിയില്‍ ഇതര മതസ്ഥരുമായുള്ള ഹൃദ്യമായ അനുഭവങ്ങള്‍ സ്വിദ്ദീഖി പങ്കുവെച്ചിരുന്നു. പടിഞ്ഞാറന്‍ ജനത കൂടുതലായി ഇസ്‌ലാമാശ്ലേഷിക്കുന്നതിന്റെ സന്തോഷ വാര്‍ത്തകള്‍ക്കപ്പുറം, നവമുസ്‌ലിംകളോടുള്ള പാരമ്പര്യ മുസ്‌ലിംകളുടെ തെറ്റായ സമീപനം മൂലം, ഇസ്‌ലാമില്‍നിന്നുള്ള അവരുടെ കൊഴിഞ്ഞുപോക്ക് സ്വിദ്ദീഖിയെ വല്ലാതെ അലട്ടിയിരുന്നു. അനേകം പേരുടെ ഇസ്‌ലാമാശ്ലേഷത്തിനും നിരാകരണത്തിനും സാക്ഷ്യം വഹിച്ച അദ്ദേഹം, ഇസ്‌ലാം വിട്ടുപോകുന്ന നവമുസ്‌ലിംകളുടെ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. മതാന്തര സംവാദങ്ങള്‍ക്കും ക്രിസ്ത്യന്‍ -മുസ്‌ലിം ബന്ധങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമെ, നിലവിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ മുസ്‌ലിം പിന്നാക്കവസ്ഥയെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. രാഷ്ട്രീയ രംഗത്ത്, വിശിഷ്യാ ഇന്ത്യ പോലൊരു രാജ്യത്ത്, നിയമ-ഭരണനിര്‍വഹണരംഗങ്ങളെ ഗുണകരമായി സ്വാധീനിക്കാന്‍ കഴിയുംവിധമുള്ള കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഡോക്ടറും എഞ്ചിനീയറും ആകുന്നതിനു പകരം, പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുന്നതില്‍ കൂടുതല്‍ പങ്കാളികളാകാന്‍ കഴിയുംവിധമുള്ള ഉന്നതപഠന രംഗത്തേക്ക് കടന്നുവരണമെന്നായിരുന്നു സ്വിദ്ദീഖിയുടെ അഭിപ്രായം. 
സ്വിദ്ദീഖി ശാന്തപുരത്തുണ്ടായിരിക്കെ, അധിക സമയവും അദ്ദേഹത്തൊടൊപ്പം ചെലവഴിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം ഒരുപദേശം നല്‍കി; Invest your time with your kids. മക്കളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നമ്മുടെ സമയം നമ്മുടെ മക്കള്‍ക്കു വേണ്ടി നിക്ഷേപിക്കുക എന്നു സാരം. ചെലവഴിക്കുക എന്നതിനു പകരം നിക്ഷേപിക്കുക എന്ന പദത്തിന്റെ കൃത്യമായ തെരഞ്ഞെടുപ്പില്‍ തന്നെ വലിയ ജീവിതപാഠം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മാര്‍ക്ഫീല്‍ഡ് ലൈബ്രറിയില്‍ രാത്രി വൈകിയും ഗവേഷണത്തില്‍ മുഴുകിയിരുന്ന സ്വിദ്ദീഖി, സ്വാനുഭവത്തില്‍നിന്ന് നല്‍കിയ ഉപദേശമായിരുന്നു അത്. അടുത്തുതന്നെയുണ്ടായിരുന്നിട്ടും മക്കളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവരെ കണ്ടനുഭവിക്കാന്‍ കഴിയാതെപോയ ഒരു പിതാവിന്റെ വേദന ആ ഉപദേശത്തില്‍ നിഴലിച്ചിരുന്നു. പഠന ഗവേഷണങ്ങളെ എവ്വിധവും പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത സൗമ്യനായ ആ ഗുരുനാഥന്റെ ഉപദേശം, കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം അവരുടെ നല്ലനാളേക്കു വേണ്ടിയുള്ള നിക്ഷേപമാണ് എന്ന ബോധ്യത്തില്‍നിന്നായിരുന്നു. ഉയര്‍ന്ന അക്കാദമിക പ്രൊഫൈല്‍ ഉള്ളപ്പോഴും, ലാളിത്യമായിരുന്നു സ്വിദ്ദീഖിയുടെ മുഖമുദ്ര. പതിഞ്ഞ സ്വരത്തിലും യുക്തിഭദ്രമായും വ്യവസ്ഥാപിതമായും അദ്ദേഹം തന്റെ വാദഗതികള്‍ അവതരിപ്പിച്ചിരുന്നു. അക്കാദമിക പ്രഭാഷണങ്ങള്‍ മാത്രമല്ല, സ്വകാര്യ സംഭാഷണങ്ങളും മിതവും സൗമ്യവുമായിരുന്നു. ഏവരെയും ഹൃദ്യമായ പുഞ്ചിരികൊണ്ട് സ്വീകരിച്ച വിനയാന്വിതന്‍. Muslim Christian Relations  രംഗത്ത്, ഒരു ശൂന്യത ബാക്കിവെച്ചാണ് സ്വിദ്ദീഖി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി മടങ്ങിയത്. റബ്ബ് അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളെ സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ ഉന്നതമായ പദവി നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌