Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

സാമൂഹികനീതിയും സമകാലിക മിഥ്യകളും

മൗലാനാ മൗദൂദി

തിന്മകളിലേക്കുള്ള തുറന്നതും മറയില്ലാത്തതുമായ ഏതൊരു ക്ഷണത്തിലും വീണു പോകാതിരിക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. ഇത് സൃഷ്ടിപ്പില്‍ തന്നെ അല്ലാഹു മനുഷ്യന് നല്‍കിയ സമുന്നതമായ ഒരു ഗുണവിശേഷമാണ്. അതിനാല്‍ മനുഷ്യനെ വഴിതെറ്റിക്കുന്ന പിശാച് 'ഇതാ ഇവിടെ കുറെ തിന്മകള്‍, അധര്‍മങ്ങള്‍- നീയിതൊക്കെ ചെയ്യ്' എന്ന് മനുഷ്യനെ നേരിട്ട് ക്ഷണിക്കുകയല്ല ചെയ്യുക. തിന്മകളെയെല്ലാം നന്മകളാക്കി ചിത്രീകരിച്ചാണ് പിശാച് മനുഷ്യനെ വലവീശുക. സ്വര്‍ഗത്തില്‍ വെച്ച് പിശാച് ആദമിനോട് ഇങ്ങനെയല്ലല്ലോ പറഞ്ഞത്: ''ഇതാ ദൈവത്തിനെതിരെ കലാപം നടത്താന്‍ അവസരം, നീയിത് ചെയ്താല്‍ നീ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടും.'' പകരം, പിശാച് ആദമിനെ ചതിയില്‍ പെടുത്താനായി ഇങ്ങനെ വ്യാമോഹിക്കുകയായിരുന്നല്ലോ: ''താങ്കള്‍ക്ക് നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം ഞാന്‍ കാണിച്ചുതരട്ടേ?'' (ത്വാഹാ 120).
ഇന്നും സുന്ദര വര്‍ത്തമാനങ്ങള്‍ കേട്ട് ചതിയില്‍ പെടുക എന്ന മനുഷ്യസ്വഭാവം മാറ്റമില്ലാതെ തുടരുകയാണ്. മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞ് പിശാച് അവതരിപ്പിക്കുന്ന സകല തിന്മകള്‍ക്കും അബദ്ധങ്ങള്‍ക്കും മനുഷ്യര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചുവരുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു മുദ്രാവാക്യം കേട്ടാല്‍ മതി, മനുഷ്യന്‍ അതില്‍ മയങ്ങി വീഴുകയായി. വലിയൊരു തിന്മയിലേക്കാണ് താന്‍ ചെന്നു ചാടുന്നത് എന്നവന് തിരിച്ചറിയാനാവുന്നില്ല.
ഇന്ന് നാം കേള്‍ക്കുന്ന അത്തരമൊരു മുദ്രാവാക്യമാണ് 'സാമൂഹിക നീതി.' ഇതിന് മുമ്പ് പിശാച് കുറെ കാലം 'വ്യക്തി സ്വാതന്ത്ര്യം', 'സര്‍വ സ്വാതന്ത്ര്യം' എന്നൊക്കെ പറഞ്ഞ് മനുഷ്യനെ പറ്റിച്ച് വരികയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ മുതലാളിത്തം പടര്‍ന്നു പന്തലിച്ചത് ഇത്തരം മുദ്രാവാക്യങ്ങളുടെ ബലത്തിലാണ്. മനുഷ്യ പുരോഗതിയുടെ അവസാന വാക്കായി വരെ മുതലാളിത്തം ചിത്രീകരിക്കപ്പെടുകയുണ്ടായി. 'വ്യക്തി സ്വാതന്ത്ര്യം', 'സര്‍വതന്ത്ര സ്വാതന്ത്ര്യം' എന്നൊക്കെ ഏറ്റു ചൊല്ലാത്തവന്‍ പിന്തിരിപ്പനായി മുദ്രകുത്തപ്പെട്ടു. പലതരം മര്‍ദന പീഡനങ്ങളാലും ചൂഷണങ്ങളാലും ലോകത്തെ നിറക്കുകയായിരുന്നു മുതലാളിത്തമെന്ന ഈ ദുഷിച്ച വ്യവസ്ഥിതിയെന്ന് വളരെ വൈകാതെ ജനത്തിന് ബോധ്യപ്പെടുകയും ചെയ്തു. ഇനി ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനത്തെ പറ്റിക്കുക എളുപ്പമല്ല എന്ന് പിശാചിന് ബോധ്യമായി.
അപ്പോഴാണ് സാമൂഹിക നീതി, കമ്യൂണിസം പോലുള്ള പ്രലോഭിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി, കൗശലങ്ങളുമായി അവന്‍ വീണ്ടും പ്രത്യക്ഷനാകുന്നത്. അങ്ങനെ പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാനുള്ള തിരിക്കിലായി. എന്നാല്‍ ലോകം ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത ഭീകര സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ക്കാണ് അത് ജന്മം നല്‍കിയത്. എന്നിട്ടും പല നാടുകളും ഇപ്പോഴും അതിനെ വിമോചന മാര്‍ഗമായി കാണുന്നു എന്നതാണ് അത്ഭുതകരം. ആ മിഥ്യയെ ശരിക്കും തുറന്ന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നര്‍ഥം.
ബുദ്ധിജീവികളുടെ
ധൈഷണികാടിമത്തം
മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം സകല മേഖലകളിലും അവര്‍ക്ക് വഴികാട്ടാനായി ഖുര്‍ആനും പ്രവാചകചര്യയും തന്നെ ധാരാളം മതി. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്ന മുന്നറിയിപ്പും ആ പ്രമാണങ്ങള്‍ അടിക്കടി നല്‍കുന്നുണ്ട്. പക്ഷേ, മുസ്‌ലിംകളിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍ സ്വന്തം മതത്തിന്റെ ഈ കരുത്തിനെ സംബന്ധിച്ച് അറിവില്ലാത്തവരും കൊളോണിയലിസ്റ്റുകളോടുള്ള സാംസ്‌കാരികാടിമത്തം ഒരെതിര്‍പ്പുമില്ലാതെ ഏറ്റുവാങ്ങുന്നവരുമാണ്. അതിനാല്‍ ലോകശക്തികള്‍ ഉയര്‍ത്തുന്ന മേല്‍പ്പടി മുദ്രാവാക്യങ്ങള്‍ ഇവരിലൂടെ ഉടനടി, നിരന്തരം പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് മുസ്‌ലിം നാടുകളിലെ ഈ വിഭാഗം ആ വിപ്ലവത്തിന്റെ ആശയങ്ങള്‍ക്ക് അധരസേവ ചെയ്യാന്‍ എല്ലാവരേക്കാളും മുന്‍പന്തിയിലുണ്ടായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് അംഗീകാരം കിട്ടില്ലെന്നും പിന്തിരിപ്പന്മാരായി മുദ്രകുത്തപ്പെടുമെന്നും അവര്‍ ഭയപ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലം കഴിഞ്ഞ് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയുമൊക്കെ കാലം ഉദയം ചെയ്തപ്പോള്‍ മുസ്‌ലിം ബുദ്ധിജീവി വര്‍ഗം ഈ പുതിയ ആശയങ്ങളുടെ വക്താക്കളും പ്രചാരകരുമായി. എന്നു മാത്രമല്ല, ഓരോ കാലത്തെയും പുതിയ പുതിയ ആശയങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ചുവട് മാറുന്നത് പോലെ ആ ആശയങ്ങള്‍ക്കനുസൃതമായി ഇസ്‌ലാമും മാറിക്കൊണ്ടിരിക്കണം എന്നാണിവര്‍ വാദിക്കുന്നത്. അല്ലാത്തപക്ഷം ഇസ്‌ലാം 'പിന്തിരിപ്പന്‍ മത'മായി മുദ്രകുത്തപ്പെടുമത്രെ. 'പുരോഗമിക്കുന്ന' ലോകത്ത് ഇസ്‌ലാമിനും അതിന്റെ വക്താക്കള്‍ക്കും പ്രസക്തി നഷ്ടപ്പെടുമെന്നും അവര്‍ വാദിച്ചു. മേല്‍ പറഞ്ഞ സകല പാശ്ചാത്യ ദര്‍ശനങ്ങളും ഇസ്‌ലാമുമായി ഒത്തുപോകുന്നവയാണെന്ന വാദഗതി രൂപപ്പെട്ടത് അങ്ങനെയാണ്. കമ്യൂണിസ്റ്റുകാര്‍ പറയുന്ന സോഷ്യലിസം തന്നെയാണ് ഇസ്‌ലാമിലെ സാമൂഹിക നീതി എന്ന് ഈ ബുദ്ധിജീവിക്കൂട്ടത്തിന് അഭിപ്രായമുണ്ടായിരുന്നല്ലോ. ബൗദ്ധിക വിധേയത്വത്തിന്റെ പാതാളം എന്നേ ഈ അവസ്ഥയെ വിശേഷിപ്പിക്കാനാവൂ.
എന്താണ് സാമൂഹിക നീതി?
യഥാര്‍ഥ സാമൂഹിക നീതിയുടെ സ്വഭാവമെന്ത് എന്നാണ് ഞാന്‍ ഈ ചെറിയ പ്രബന്ധത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹിക നീതി കൊണ്ടുവരാനുള്ള ഏകമാര്‍ഗം കമ്യൂണിസമാണ് എന്ന വിശ്വാസം മൂടുറച്ചുപോയവരെ അവര്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ ഇന്നയിന്നതൊക്കെയാണ് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. അതേസമയം അറിവില്ലായ്മയുടെ അന്ധകാരത്തില്‍ കഴിയുന്ന ഏതൊരു വിഭാഗവും സത്യത്തിന്റെ പ്രകാശത്തിലേക്ക് കണ്‍തുറക്കുമെന്ന് പ്രതീക്ഷിക്കാന്‍ നമുക്ക് ഒട്ടേറെ ന്യായങ്ങളുണ്ട്. പക്ഷേ, അത്തരമാളുകള്‍ അധികാരത്തിലേറുകയാണെങ്കില്‍ 'എന്നെക്കാള്‍ കൂടുതല്‍ വിവരം ഒരുത്തനുമില്ല' എന്ന ധാര്‍ഷ്ട്യ മനോഭാവം കൈക്കൊള്ളുകയും തിരുത്താനുള്ള എല്ലാ സാധ്യതകളെയും അടച്ചുകളയുകയും ചെയ്യുന്നു. സാധാരണക്കാരുടെ നില അതല്ല. സത്യം ബോധ്യപ്പെടുന്ന പക്ഷം തിരുത്താന്‍ അവര്‍ സന്നദ്ധത കാണിക്കാറുണ്ട്. അവരെ നയിക്കുന്നവരാകട്ടെ മിഥ്യാ പ്രതീക്ഷകളില്‍ അവരെ കുരുക്കിയിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആ സാധാരണക്കാരെ ഉദ്ദേശിച്ചാണ് എന്റെയീ സംസാരം.
'ഇസ്‌ലാമിലും സാമൂഹിക നീതിയുണ്ട്' എന്ന് ചിലര്‍ പറയാറുണ്ട്. തീര്‍ത്തും തെറ്റായ ഒരു പ്രസ്താവമാണിത്. 'ഇസ്‌ലാമിലേ സാമൂഹിക നീതി ഉള്ളൂ' എന്നതാണ് ശരിയായ പ്രയോഗം. കാരണം മനുഷ്യരെ നേര്‍വഴിക്ക് നയിക്കാന്‍ പ്രപഞ്ച സ്രഷ്ടാവ് തന്നെ അവതരിപ്പിച്ച് തന്ന ജീവിത വ്യവസ്ഥയാണത്. യഥാര്‍ഥ നീതി ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും നീതിയേത്, അനീതിയേത് എന്ന് നിര്‍ണയിക്കാനും നമ്മുടെ സ്രഷ്ടാവായ അല്ലാഹുവിനേ സാധ്യമാവൂ. സാമൂഹിക നീതിയും സാമൂഹിക സ്വേഛാധിപത്യവും വേര്‍തിരിച്ച് കാണിച്ചുതരാന്‍ ദൈവിക നിയമങ്ങള്‍ക്കല്ലാതെ കഴിയില്ല. മനുഷ്യന്‍ തന്റെ തന്നെ യജമാനനല്ല. നീതിയുടെ മാനദണ്ഡം സ്വയം ആവിഷ്‌കരിക്കാന്‍ അവന് അവകാശവുമില്ല. ദൈവത്തിന് വിധേയപ്പെട്ട് കഴിയുന്നവനും കഴിയേണ്ടവനുമാണ് അവന്‍. അപ്പോള്‍ അവന്റെ യജമാനനും സ്രഷ്ടാവുമാണ് നീതിയുടെ മാനദണ്ഡം പറഞ്ഞുതരേണ്ടത്.
ഒരു വ്യക്തിക്ക്, അല്ലെങ്കില്‍ വ്യക്തികളുടെ ഒരു കൂട്ടത്തിന് എത്രമാത്രം കഴിവുകളും ബൗദ്ധിക യോഗ്യതകളും ഉണ്ടായാലും മനുഷ്യന്റെ അറിവ് പലതരം തെറ്റായ വിധിതീര്‍പ്പുകളില്‍ പരിമിതപ്പെട്ട് പോകും. ആ വ്യക്തിയോ സംഘമോ അറിഞ്ഞത് പലപ്പോഴും യഥാര്‍ഥ വിവരമായിരിക്കില്ല. എണ്ണമറ്റ മുന്‍വിധികളും മുന്‍ധാരണകളും വിധിതീര്‍പ്പുകളെ സ്വാധീനിക്കുകയും ചെയ്യും. അതിനാല്‍ മനുഷ്യന്‍ സ്വയം യഥാര്‍ഥ നീതിയില്‍ അധിഷ്ഠിതമായ ഒരു സംവിധാനം വികസിപ്പിച്ചുകൊണ്ടുവരിക എന്നത് അസാധ്യമാണ്. മനുഷ്യന്‍ രൂപകല്‍പന ചെയ്ത ഒരു സംവിധാനം കടലാസില്‍ പൂര്‍ണമെന്നും നീതിയുക്തമെന്നും തോന്നിയേക്കാം. പക്ഷേ, പ്രയോഗതലത്തിലേക്ക് വരുമ്പോള്‍, അതിന്റെ അടിത്തറ അനീതിയില്‍ അധിഷ്ഠിതമാണെന്ന് വൈകാതെ തന്നെ ബോധ്യമാവും. മനുഷ്യനിര്‍മിതമായ ഏതൊരു സംവിധാനവും കുറച്ച് കാലം കഴിയുമ്പോള്‍ കുറ്റങ്ങള്‍ നിറഞ്ഞതായി കാണപ്പെടുന്നത് അതുകൊണ്ടാണ്. ഇതില്‍ മനം മടുത്ത് മനുഷ്യന്‍ മറ്റൊരു വ്യവസ്ഥക്ക് വേണ്ടി പരക്കം പായും. അതും ഇതുപോലെ അബദ്ധങ്ങളും മണ്ടത്തരങ്ങളും നിറഞ്ഞതായിരിക്കും. സര്‍വശക്തനും സര്‍വം കാണുന്നവനും നീതിമാനുമായ പ്രപഞ്ചനാഥന്‍ ആവിഷ്‌കരിക്കുന്ന നിയമസംവിധാനത്തിലേ യഥാര്‍ഥ നീതി പുലരുകയുള്ളൂ എന്ന് സാരം.
നീതി തന്നെയാണ്
ഇസ്‌ലാമിന്റെ ലക്ഷ്യം
ഇസ്‌ലാമിലുമുണ്ട് നീതി എന്നാണ് ഒരാള്‍ പറയുന്നതെങ്കില്‍ അത് ഇസ്‌ലാമിന്റെ നീതിസങ്കല്‍പത്തെ കൊച്ചാക്കി കാണലാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ പരിശോധിച്ചാല്‍ നീതി സ്ഥാപിക്കലാണ് ഇസ്‌ലാമിന്റെ ലക്ഷ്യം തന്നെയെന്ന് വ്യക്തമാവും.
''മനുഷ്യര്‍ നീതിപൂര്‍വം വര്‍ത്തിക്കാനാണ് നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളോടെ അയച്ചതും അവര്‍ക്ക് വേദവും (നീതിന്യായ)തുലാസും നല്‍കിയതും. നാം അവര്‍ക്ക് ഇരുമ്പും ഇറക്കിക്കൊടുത്തു. അതില്‍ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്'' (അല്‍ഹദീദ് 25).
ഇക്കാര്യം യഥാവിധി മനസ്സിലാക്കുന്ന ഒരു വിശ്വാസിക്ക് അല്ലാഹുവിനെയും അവന്റെ ദൂതനെയും മറികടന്ന് മറ്റെവിടെയും നീതിതേടി പോകേണ്ട കാര്യമില്ല. മറ്റെവിടെ പോയാലും നീതി ലഭിക്കില്ല എന്നും അവന്‍ മനസ്സിലാക്കും. ഇസ്‌ലാം അതിന്റെ പരിപൂര്‍ണ രൂപത്തില്‍ സ്ഥാപിതമാവാന്‍ ഒരാള്‍ പണിയെടുക്കുക എന്നാല്‍ നീതി സ്ഥാപിതമാവാന്‍ പണിയെടുക്കുക എന്നാണ് അര്‍ഥം. നീതി എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് വേറിട്ട് നിലകൊള്ളുന്ന ഒന്നല്ല. ഇസ്‌ലാം തന്നെയാണ് നീതി. ഇസ്‌ലാം സ്ഥാപിക്കുകയെന്നാല്‍ നീതി സ്ഥാപിക്കുക എന്നും.
എന്താണ് സാമൂഹിക നീതി എന്നും അതിന്റെ സംസ്ഥാപനത്തിന്റെ ശരിയായ രീതി ഏതെന്നും നമുക്ക് പരിശോധിക്കാം.
വ്യക്തിത്വ വികാസം: ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് വ്യക്തികള്‍ ചേര്‍ന്നതാണ് ഓരോ മനുഷ്യ സമൂഹവും. ഇതിലെ ഓരോ വ്യക്തിക്കും അവന്റേതായ/ അവളുടേതായ ആത്മാവുണ്ട്, യുക്തിബോധവും ബുദ്ധിശക്തിയുമുണ്ട്, വികാര വിചാരങ്ങളുണ്ട്. ഓരോരുത്തനും സ്വതന്ത്ര വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തെ പരമാവധി ഉയര്‍ത്താനും അവസരം ലഭിക്കണം. ഓരോ വ്യക്തിക്കും സ്വന്തമായ അഭിരുചികളും ആഗ്രഹങ്ങളും, അത്യാവശ്യമായി ലഭിക്കേണ്ട കാര്യങ്ങളുമുണ്ട്. ഭീമാകാരമായ യന്ത്രത്തെ ചലിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്ന കേവലം നട്ടും ബോള്‍ട്ടുമായി വ്യക്തികളെ കാണാന്‍ പറ്റുകയില്ല. ജീവനുള്ള മനുഷ്യരുടെ കൂട്ടമാണ് ഓരോ സമൂഹവും. വ്യക്തികള്‍ സമൂഹത്തിന് വേണ്ടിയല്ല, സമൂഹം വ്യക്തികള്‍ക്ക് വേണ്ടിയാവണം ജീവിക്കുന്നത്. വ്യക്തികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് ഭൗതികവും ആത്മീയവുമായ സ്വന്തം ആവശ്യങ്ങള്‍ പരസ്പര സഹകരണത്തിലൂടെ നിര്‍വഹിക്കാനാണ്.
വ്യക്തിപരമായ ഉത്തരവാദിത്വം: ഇവരില്‍ ഓരോരുത്തനും വ്യക്തിപരമായി ദൈവത്തിന് മുന്നില്‍ ഉത്തരം പറയാന്‍ ബാധ്യതപ്പെട്ടവനാണ്. ഈ ലോകം ഒരു പരീക്ഷണാലയമാണ്. ഓരോ വ്യക്തിക്കും നിശ്ചിത കാലയളവ് ജീവിക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. ഈ കാലയളവില്‍ തനിക്ക് നല്‍കപ്പെട്ട ശക്തിയും കഴിവുകളും യോഗ്യതകളുമെല്ലാം എന്തിന് വേണ്ടി ഉപയോഗിച്ചു എന്ന് ദൈവത്തോട് കണക്ക് പറയേണ്ടിവരും. കണക്ക് പറയേണ്ടത് സമൂഹം ഒന്നായിട്ടല്ല, ഓരോ വ്യക്തിയുമാണ്. കുടുംബങ്ങള്‍, ഗോത്രങ്ങള്‍, ദേശസമൂഹങ്ങള്‍- ഇങ്ങനെ മനുഷ്യര്‍ ദൈവകോടതിയില്‍ ഒന്നിച്ച് വന്നു നില്‍ക്കുകയല്ല ചെയ്യുക. ഓരോ മനുഷ്യനെയും അവന്റെ സകല ബന്ധങ്ങളില്‍നിന്നും മുക്തനാക്കി ദൈവം ചോദിക്കും, വ്യക്തിയെന്ന നിലക്ക് ഭൂലോകജീവിതത്തില്‍ നീ എന്തൊക്കെ ചെയ്തുവെന്ന്.
വ്യക്തിസ്വാതന്ത്ര്യം: മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍-വ്യക്തിത്വവികാസവും ദൈവത്തിന്റെ മുന്നില്‍ ഓരോ ആളും ഒറ്റക്കൊറ്റക്ക് കണക്ക് ബോധിപ്പിക്കലും- ഒരു വസ്തുതക്ക് അടിവരയിടുന്നുണ്ട്: ഇഹലോക ജീവിതത്തില്‍ മനുഷ്യന്‍ സ്വതന്ത്രനായിരിക്കണം. ഒരു വ്യക്തിക്ക് അവനില്‍ അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പറ്റിയ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ അവന്റെ മാനവിക ഗുണങ്ങള്‍ തണുത്തുറഞ്ഞ് പോകും.കഴിവുകളും യോഗ്യതകളുമത്രയും കൂമ്പടഞ്ഞ് പോകും. അവന്‍ സാമൂഹിക സാഹചര്യങ്ങളുടെ നിസ്സഹായനായ ഒരു തടവുകാരന്‍ മാത്രമായി ഒതുങ്ങും. നിശ്ചലതയിലേക്കും ജീര്‍ണതയിലേക്കും അവന്‍ കൂപ്പുകുത്തും. നാളെ ദൈവകോടതിയില്‍ ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്കായിരിക്കും? സ്വേഛാധിപത്യത്തിന്റെ തടവറയില്‍ നിസ്സഹായരായിപ്പോയ ഈ മനുഷ്യരായിരിക്കില്ലെന്ന് തീര്‍ച്ച. വ്യക്തിസ്വാതന്ത്ര്യത്തെയും അവന്റെ കഴിവുകളെയും അടിച്ചമര്‍ത്താനുള്ള സ്വേഛാധിപത്യ സംവിധാനങ്ങളൊരുക്കിയവര്‍ തന്നെയായിരിക്കും അവിടെ കുറ്റക്കാര്‍. ദൈവഭയമുള്ള ഒരാളും ചുമലില്‍ ഇത്രയും ഭാരിച്ച ഭാരവുമായി ദൈവത്തെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കില്ലെന്ന് ഉറപ്പ്. വ്യക്തിക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കി അവന്റെ കഴിവുകള്‍ പൂര്‍ണമായി വികസിപ്പിക്കുന്നതിനായിരിക്കും ഏതൊരു ദൈവഭക്തനും ശ്രമിക്കുക. ഒരാളുടെയും വ്യക്തിത്വം നശിപ്പിച്ചതിന്റെ ഉത്തരവാദിത്വമേല്‍ക്കാന്‍ അയാള്‍ തയാറാവുകയില്ല തന്നെ.
വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇത്രയും കാര്യങ്ങള്‍ ഓര്‍മയില്‍ വെക്കുക .
(തുടരും)
*1962-ല്‍ മക്കയില്‍ ചേര്‍ന്ന മുഅതമര്‍ ആലമില്‍ ഇസ്‌ലാമി സമ്മേളനത്തില്‍ എഴുതി വായിച്ച പ്രബന്ധം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം