Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

സയ്യിദ് മൗദൂദിയുടെ ബൗദ്ധിക യാത്രകള്‍

ജാമില്‍ ശരീഫ്

ഖുര്‍ശിദ് അഹ്മദ് എഴുതുന്നു: 'ആധുനിക കാലഘട്ടത്തിലെ സത്യവും അസത്യവും തമ്മിലെ പോരാട്ടത്തെ ചരിത്രം എന്നെങ്കിലും രേഖപ്പെടുത്തുകയാണെങ്കില്‍, അതില്‍ അക്കാലത്തെ ഐതിഹാസിക വ്യക്തിത്വങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇടമുണ്ടായിരിക്കും. അതില്‍ തന്നെ മൗലാനാ മൗദൂദിയുടെ പരിശ്രമങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടാകും.'
മൗലാനാ മൗദൂദിയുടെ ബൗദ്ധിക യാത്രയെയും നേട്ടങ്ങളെയും പഠന വിധേയമാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
വര്‍ത്തമാനകാലത്ത് നാം മൗദൂദിയെ വായിക്കുമ്പോള്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക പരിത:സ്ഥിതികളെയും അദ്ദേഹത്തിന്റെ വ്യക്തിപരമായ അവസ്ഥകളെയും മുഖവിലക്കെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 1940-കള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലയളവാണ്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ വളരെ വിദൂരമായ ഒരു ഗ്രാമത്തിലാണ് അക്കാലത്ത് അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്. വിവരശേഖരണത്തിനോ പഠനത്തിനോ ആശ്രയിക്കാന്‍ മതിയായ സംവിധാനങ്ങളില്ലാതിരുന്ന ഒരു ഗ്രാമത്തിലായിരുന്നിട്ടും ഇസ്ലാമിന് ബൃഹത്തായ ബൗദ്ധിക സംഭാവന നല്‍കാന്‍ തന്റെ എഴുത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. ഇതില്‍ ഏറിയ പങ്കും പ്രസിദ്ധീകരിച്ചിരുന്നത് തര്‍ജുമാനുല്‍ ഖുര്‍ആനിലാണ്. വളരെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും ഇത്രത്തോളം നിര്‍മാണാത്മകമായി എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ അസാമാന്യപ്രതിഭ തന്നെയാണ്. എങ്കിലും താഴെപ്പറയുന്ന ചില ഘടകങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്:
1. അക്കാലത്തെ മറ്റ് മുസ്ലിം പണ്ഡിതന്മാരുമായിട്ടുള്ള, പ്രത്യേകിച്ച് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദുമായുള്ള ബന്ധം. 
2. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ ഇന്ത്യയില്‍ അനാവൃതമാക്കപ്പെട്ട രാഷ്ട്രീയ നാടകങ്ങള്‍, മതമല്ല മനുഷ്യരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയാണ് പ്രധാനം എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന സോഷ്യലിസ്റ്റ് പ്ലാറ്റ്‌ഫോമുകള്‍. 
3. മൗലാന സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയെപ്പോലുള്ള ധിഷണാശാലികളായ, ആശയങ്ങളും അറിവുകളും പരസ്പരം കൈമാറാന്‍ കഴിയുന്ന ചെറുപ്പക്കാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ്. 
4. തന്റെ ഇണ മഹ്മൂദാ ബീഗത്തിന്റെ സഹായവും സ്വാധീനവും.
1903 മുതല്‍ 1979 വരെയാണ് മൗലാനാ മൗദൂദിയുടെ ജീവിത കാലം. നമ്മില്‍ മിക്കവരുടെയും മനസ്സിലുള്ള മൗലാനാ മൗദൂദിയുടെ ചിത്രം വെള്ള കുര്‍ത്ത ധരിച്ച, തലയും താടിയും നരച്ച, തന്റെ പഠനത്തില്‍ മുഴുകിയിരിക്കുന്ന വന്ദ്യവയോധികന്റേതാണ്. എന്നാല്‍ അതിനും വളരെ മുമ്പ് യുവാവായിരിക്കെ, കൗമാരപ്രായക്കാരനായിരിക്കെ തന്നെ ഇസ്ലാമിന്റെ ഉത്ഥാനത്തിനായി പരിശ്രമങ്ങള്‍ ആരംഭിച്ച മൗദൂദിയെയും നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ബാല്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പിതാവ് ഒരു അഭിഭാഷകനായിരുന്നു. തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിലെ മകനാണ് മൗലാനാ മൗദൂദി. അബുല്‍ ഖൈര്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. രണ്ടു സഹോദരങ്ങളും പിതാവിന്റെ ശിക്ഷണത്തില്‍ വീട്ടില്‍തന്നെയാണ് പഠനം ആരംഭിച്ചത്. പിതാവ് തങ്ങള്‍ക്ക് ഹാലിയുടെ മുസദ്ദസ് വായിച്ചു കേള്‍പ്പിച്ചിരുന്നതും ബാള്‍ക്കന്‍ മേഖലയില്‍ ഉസ്മാനിയാ സാമ്രാജ്യത്തെ നേരിട്ടിരുന്ന ബള്‍ഗേറിയന്‍ തീവ്രവാദികളെക്കുറിച്ചും അവര്‍ യൂറോപ്പിലെ മുസ്ലിം മേഖലയില്‍ നടത്തിയ മുസ്ലിം വംശഹത്യയെക്കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിച്ചിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ പത്രം വായിച്ചുനല്‍കിയിരുന്നതിനെപ്പറ്റിയും മൗലാനാ മൗദൂദി എഴുതുന്നുണ്ട്. മൗലാനാ മൗദൂദിക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് തന്റെ അര്‍ധസഹോദരനോടൊപ്പമാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന് തന്റെ ജീവിതപ്പാത സ്വന്തമായി കണ്ടെത്തേണ്ടതുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ അദ്ദേഹം ജോലി ചെയ്യാനാരംഭിച്ചു. ജോലിയാവശ്യാര്‍ഥം ഹൈദരാബാദ്, ഭോപ്പാല്‍, ദല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്. തന്റെ കൗമാരപ്രായത്തില്‍ അദ്ദേഹം 'മുസ്ലിം' എന്ന പത്രത്തിന്റെ എഡിറ്ററായി നിയമിക്കപ്പെട്ടു. അക്കാലത്തെ സുപ്രധാന വ്യക്തിത്വങ്ങളായിരുന്ന മുഫ്തി കിഫായത്തുല്ലയും മൗലാനാ അഹ്മദ് സഈദ് ദഹ്‌ലവിയുമായിരുന്നു ഈ പത്രത്തിന് പിറകില്‍. ഈ രണ്ടു പേരും മൗലാനാ മൗദൂദിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മൗലാനാ അഹ്മദ് സഈദ് ദഹ്‌ലവി വളരെയധികം യാത്ര ചെയ്തിട്ടുള്ള, സാര്‍വദേശീയ വ്യക്തിത്വത്തിനുടമയായിരുന്നു. ഇത് മൗലാനാ മൗദൂദിയില്‍ അന്തര്‍ദേശീയ വീക്ഷണം വളര്‍ത്താന്‍ സഹായിച്ചിരുന്നിരിക്കണം. മുഫ്തി കിഫായത്തുല്ലയും വളരെ വിശാലമായ കാഴ്ചപ്പാടിനുടമയായിരുന്നു. ഇസ്ലാമിലെ വ്യത്യസ്ത ചിന്താധാരകളെ മുസ്ലിംകളുടെ പൊതുനന്മക്കായി ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. മൗലാനാ മൗദൂദിയിലും ഇത് സ്വാധീനം ചെലുത്തിയതിന്റെ തെളിവാണ് ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതൃത്വത്തില്‍ ഇത്തരത്തില്‍ വ്യത്യസ്ത ചിന്താധാരകളില്‍ ഉള്ളവര്‍ ഉണ്ടായിരുന്നു എന്നത്. ശീഈ ധാരയില്‍ നിന്നുള്ളവര്‍ക്കടക്കം അവിടെ ഇടമുണ്ടായിരുന്നു. മുഫ്തി കിഫായത്തുല്ല അക്കാലത്ത് ഖാദിയാനി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജാഗരൂകനായിരുന്നു. ഇത് പില്‍ക്കാലത്ത് പാകിസ്താനില്‍ മൗലാനാ മൗദൂദി വളരെയധികം ഗൗരവത്തോടെ  ഇടപെട്ട ഒരു വിഷയമായിരുന്നല്ലോ.
ഇത്തരത്തില്‍ അദ്ദേഹം തന്റെ ഉപദേഷ്ടാക്കളില്‍ നിന്ന് സ്വീകരിച്ച മറ്റൊന്ന് ഒരിക്കലും ഇസ്ലാമിനെ ജീവിതമാര്‍ഗമായി മാറ്റില്ല എന്നതായിരുന്നു. മൗലാനാ അഹ്മദ് സഈദാണ് ഈ ജീവിതപാഠം അദ്ദേഹത്തിലേക്ക് പകര്‍ന്നത്. മൗലാനാ മൗദൂദി എല്ലായ്പ്പോഴും തന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയും മറ്റും വഴി സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നു.
മലബാര്‍ വിപ്ലവത്തെക്കുറിച്ച് അക്കാലത്ത് 'മുസ്ലിം' പത്രത്തില്‍ ധാരാളം ലേഖനങ്ങള്‍ വരുമായിരുന്നു. പ്രാദേശികമായി മുസ്ലിംകള്‍ നേരിട്ടിരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് പോലും മൗലാനാ മൗദൂദി ഉത്കണ്ഠാകുലനായിരുന്നു എന്നതുകൊണ്ടാണിത്. ഒന്നാം ലോകയുദ്ധത്തിന് ശേഷമുള്ള കാലഘട്ടമായിരുന്നു അത്. ഉസ്മാനിയാ തുര്‍ക്കിയിലെ ബ്രിട്ടീഷ് സൈനിക സാന്നിധ്യം അദ്ദേഹത്തെ വളരെയേറെ അസ്വസ്ഥപ്പെടുത്തി. ഗ്രീക്കുകാരും ഇസ്മിറില്‍ (തുര്‍ക്കിയിലെ അനാറ്റോളിയയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഈജിയന്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരം) നിന്ന് മധ്യ തുര്‍ക്കിയിലേക്ക് മുന്നേറുകയായിരുന്നു. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം വളരെ നിര്‍ണായകമായ ഘട്ടമായിരുന്നു ഉസ്മാനിയ തുര്‍ക്കിയുടെ ഈ പതനം. മൗലാനാ മൗദൂദിയെപ്പോലെ കൃത്യമായ രാഷ്ട്രീയ വീക്ഷണമുള്ള യുവാക്കള്‍ക്ക് ഈ അവസ്ഥയുടെ ഗൗരവത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. അധിനിവേശാനന്തരം ഇസ്മിറില്‍ അരങ്ങേറിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് മൗലാനാ മൗദൂദി എഴുതുന്നുണ്ട്. മുസ്ലിം പ്രശ്നങ്ങളില്‍ ഒരിക്കലും അദ്ദേഹത്തിന് സങ്കുചിത കാഴ്ചപ്പാടുണ്ടായിരുന്നതായി കാണാനാകില്ല (ഉദാഹരണത്തിന് പാരീസ് പീസ് കോണ്‍ഫറന്‍സിലെ ആഗ ഖാന്റെ വാക്കുകളും ബോംബെ ക്രോണിക്കിളിന്റെ അന്നത്തെ എഡിറ്ററായിരുന്ന മുഹമ്മദ് പിക്താളിന്റെ ഖിലാഫത്ത് മൂവ്മെന്റിനനുകൂലമായി എഴുതിയ വാക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഖിലാഫത്ത് പ്രസ്ഥാനം  അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ ആദ്യ ഘട്ടമായിരുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 'മുസ്ലിം' പത്രം അധികകാലം നിലനിന്നില്ല. അതിനു ശേഷം മുഫ്തി കിഫായത്തുല്ലയും സയ്യിദ് അഹ്മദും തുടങ്ങിയ 'അല്‍ജാമിഅ' എന്ന പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. അദ്ദേഹം അപ്പോള്‍ തന്റെ യൗവനത്തിന്റെ തുടക്കത്തിലായിരുന്നു. ദാറുല്‍ ഉലൂം ഫത്തേഹ്പൂരില്‍ ചേര്‍ന്ന് ജോലിയോടൊപ്പം തന്റെ പഠനവും അദ്ദേഹം പുനരാരംഭിച്ചിരുന്നു. പഠനകാലത്ത് അദ്ദേഹം അധ്യാപകരുടെ പ്രശംസാപാത്രമായിരുന്നു. 'അല്‍ജാമിഅ'യില്‍ എഴുതിയിരുന്ന ആശയങ്ങളുടെ വിപുലീകരണമായിരുന്നു അദ്ദേഹത്തിന്റെ പില്‍ക്കാല എഴുത്തുകള്‍ എന്ന് കാണാന്‍ കഴിയും.
മൗലാനാ മൗദൂദിയുടെ ആദ്യകാല രചനകളെക്കുറിച്ച് പറയുമ്പോള്‍ 'അല്‍ ജിഹാദ് ഫില്‍ ഇസ്ലാം' പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഈ കൃതി വായിക്കുമ്പോള്‍ അതെഴുതിയ കാലഘട്ടവും എഴുതുന്നതിലേക്ക് നയിച്ച കാരണവും ഓര്‍മിക്കേണ്ടതാണ്. ഇന്ത്യയില്‍ ഹിന്ദു തീവ്ര സായുധ വിഭാഗങ്ങള്‍ ഉയര്‍ച്ച നേടാന്‍ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ഉര്‍ദുവില്‍ എഴുതുന്ന എല്ലാവരുടെയും പേനകള്‍ തകര്‍ത്തുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഡോ. മോഞ്ചിയുടെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു. ഇതില്‍ പ്രകോപിതരായ ചില മുസ്ലിംകള്‍ ഒരു ഹിന്ദു സന്യാസിയെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിലേക്കാണ് അത് നയിച്ചത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ മുസ്‌ലിം സമുദായത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടു. ഇസ്ലാം വാളിനാല്‍ പ്രചരിപ്പിക്കപ്പെട്ട മതമാണെന്നും അതില്‍ നിയമവാഴ്ചയില്ലെന്നുമൊക്കെ പ്രചരിപ്പിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് മൗലാനാ മൗദൂദി ഇസ്ലാമിലെ നിയമ വാഴ്ചയെക്കുറിച്ചും യുദ്ധനിയമങ്ങളെ പറ്റിയും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അത് എങ്ങനെ ഇടം നല്‍കുന്നുവെന്നതിനെപ്പറ്റിയും നിരന്തരം ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. ഇതാണ് പിന്നീട് അല്‍ ജിഹാദ് ഫില്‍ ഇസ്ലാമിന്റെ രചനയിലേക്കും നയിക്കുന്നത്.
ഇസ്ലാമും മുസ്ലിം സംഘടനകളും സങ്കുചിതവും സംവാദങ്ങള്‍ക്കിടമില്ലാത്തതുമാണെന്ന് പൊതുവെ അഭിപ്രായമുണ്ടല്ലോ. എന്നാല്‍ മൗലാനാ മൗദൂദി എഴുതുന്നു: 'ഇസ്‌ലാമില്‍ ഓരോ വ്യക്തിക്കും ഏത് കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മത ദര്‍ശനങ്ങളുടെ വികാസത്തിനും വളര്‍ച്ചക്കും അത് അനിവാര്യമാണ്. എന്നാല്‍ അഭിപ്രായങ്ങളും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും മുന്‍വിധി, പിടിവാശി, സങ്കുചിതത്വം തുടങ്ങിയവക്ക് ഇടം നല്‍കുന്നില്ല.' അദ്ദേഹം ഇതെഴുതുമ്പോള്‍ മുസ്ലിംകള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഹിജാസ് പിടിച്ചടക്കാന്‍ തന്റെ സൈന്യവുമായി മുന്നേറുന്ന നജ്ദി നേതാവ് അബ്ദുല്‍ അസീസ് ഇബ്നു സുഊദിനെയാണോ,  ഹിജാസിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച ശരീഫ് ഹുസൈനെയാണോ പിന്തുണക്കേണ്ടത് എന്നതിലായിരുന്നു പ്രധാന തര്‍ക്കം. ഉസ്മാനി ഖിലാഫത്തിനെതിരെ ബ്രിട്ടീഷ് സൈന്യത്തെ പിന്തുണച്ചതിനാല്‍ ശരീഫ് ഹുസൈനോട് ചില മുസ്ലിംകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ വിഷയത്തില്‍ മൗലാനാ മൗദൂദി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: 'ഹിജാസിനുമേല്‍ അവകാശം ഉന്നയിക്കുന്ന നജ്ദി നേതാവ് അബ്ദുല്‍ അസീസിനെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ തമ്മിലെ വിഭാഗീയത മുസ്ലിം സമൂഹത്തില്‍ മുന്‍വിധിയുള്ളവര്‍ ഉണ്ടെന്നതിന്റെ കയ്പേറിയ ഉദാഹരണമാണ്. മുസ്ലിംകള്‍ ഏകാത്മക സമൂഹമല്ല, മറിച്ച് പലതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ കുറവുകള്‍ തിരുത്തലാണ് പ്രധാനപ്പെട്ടത് എന്നു വിശ്വസിക്കുന്നു. ലോകം ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് തൗഹീദിനെ ഉയര്‍ത്തിപ്പിടിക്കുന്നവരെ വളര്‍ത്താന്‍ സജ്ജമായിരിക്കുമ്പോഴും നമ്മുടെ പ്രശ്നം ബിദ്ഇകളാണോ അതോ വഹാബികളാണോ അതിജീവിക്കുക എന്നതാണ്. ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്‍ ഒരു മുസ്ലിം കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ അവര്‍ ഹനഫികളാണോ, അഹ്‌ലെ ഹദീസിന്റെ ആളുകളാണോ എന്നൊന്നും നോക്കുന്നേയില്ല. ഒരു സിഖ് വംശജന്‍ ഒരു മുസ്ലിമിന് നേരെ  തന്റെ കൃപാണുമായി പാഞ്ഞടുക്കുമ്പോള്‍ അയാള്‍ ബായ്സേരി തൗഹീദിലാണോ, അമൃത് സര്‍ തൗഹീദിലാണോ വിശ്വസിക്കുന്നത് എന്നത് കണക്കിലെടുക്കുന്നില്ല. ഒരു ഹിന്ദു ഒരു മുസ്ലിമിന്റെ കെട്ടിടം തകര്‍ക്കുമ്പോള്‍ അതിന്റെ ഉടമ നജ്ദി ഖുദയിലാണോ, അതല്ല ഹനഫി ഖുദയിലാണോ വിശ്വസിക്കുന്നത് എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം അവര്‍ മുസ്ലിംകളെ എല്ലാവരെയും ഒന്നായാണ് മനസ്സിലാക്കുന്നത്. എല്ലാവരോടും ഒരേ പരിഗണനയാണ് ഉണ്ടാവുകയും ചെയ്യുക. അതുകൊണ്ട് 'ഖൗമി'ന്റെ അഥവാ മുസ്ലിം സമൂഹത്തിന്റെ പൊതുനന്മക്കായി ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ മാറ്റിവെച്ചുകൊണ്ട് ഒരുമിക്കേണ്ടത് സുപ്രധാനമാണ്.'
പിന്നീട് മൗലാനാ മൗദൂദിക്ക് 'അല്‍ജാമിഅ'യുടെ പത്രാധിപസ്ഥാനത്തുനിന്ന് വിരമിക്കേണ്ടി വന്നു. കാരണം അദ്ദേഹം ദിനംപ്രതി ഗാന്ധിയുടെ വിമര്‍ശകനായി മാറുകയായിരുന്നു. ജംഇയ്യത്തുല്‍ ഉലമയാകട്ടെ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങളോട് കൂടുതല്‍ അടുക്കാനും തുടങ്ങിയിരുന്നു. അങ്ങനെ അദ്ദേഹം ജംഇയ്യത്ത് വിട്ട് ദല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്നു. അന്ന് ഹൈദരാബാദ് ബ്രിട്ടീഷ് ഇന്ത്യയിലെ വളരെ ശക്തമായ, അര്‍ധ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവുമുണ്ടായിരുന്ന പ്രവിശ്യയായിരുന്നു. സ്വന്തമായി സൈന്യവും റെയില്‍വെയുമുള്ള സമ്പന്നമായ പ്രവിശ്യ. ഭരണാധികാരിയായ നിസാമിന്റെ കീഴില്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ആദ്യരൂപമായി ഹൈദരാബാദിനെ പരിഗണിക്കാം. നിസാം മുസ്ലിം പണ്ഡിതന്മാരെ അവിടേക്ക് സര്‍വാത്മനാ സ്വാഗതം ചെയ്തു, അവര്‍ക്ക് എല്ലാ വിധ സംരക്ഷണവും സഹായങ്ങളും നല്‍കി. ധാരാളം പണ്ഡിതന്മാര്‍ അങ്ങനെ ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നു. അവര്‍ ജര്‍മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ നിന്ന് പുസ്തകങ്ങള്‍ ഉര്‍ദുവിലേക്ക് തര്‍ജമ ചെയ്യുന്നതിനുവേണ്ടി ദാറു തഅ്‌ലീഫ് എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനമാണ് പിന്നീട് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ ഉര്‍ദു അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിക്ക് അടിത്തറ പാകിയത്. മൗലാനാ മൗദൂദിയും അറബിയില്‍ നിന്ന് പുസ്തകങ്ങള്‍ മൊഴിമാറ്റിക്കൊണ്ട് അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് തന്റെ ജീവിതത്തിലെ അതിനിര്‍ണായകമായ തീരുമാനം അദ്ദേഹം എടുക്കുന്നത്. നിസാമിന്റെ ഭരണകൂടത്തിലെ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനായി തുടരണോ, അതല്ലെങ്കില്‍ സ്വതന്ത്ര ഗവേഷകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായി മാറണോ എന്നതായിരുന്നു അത്. അവിവാഹിതനും യുവാവുമായിരുന്ന മൗലാനാ മൗദൂദി എല്ലാ അപകടസാധ്യതകളെക്കുറിച്ചുമുള്ള തികഞ്ഞ ബോധ്യത്തോടെ തന്നെ സ്വതന്ത്ര ഗവേഷകനും സാമൂഹിക പരിഷ്‌കര്‍ത്താവുമാകാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം സ്വന്തമായി പുസ്തകങ്ങള്‍ എഴുതുകയും പിന്നീട്, മൗലാനാ മുസ്ലിഹ് സെര്‍സെഹ്‌റാമി ആരംഭിച്ച തര്‍ജുമാനുല്‍ ഖുര്‍ആന്റെ എഡിറ്ററായി നിയമിതനാവുകയും ചെയ്തു.
മൗലാനാ സെര്‍സെഹ്‌റാമി ഇന്നത്തെ തലമുറക്ക് അത്ര പരിചിതനല്ല, പക്ഷേ അക്കാലത്തെ അറിയപ്പെടുന്ന പണ്ഡിതനും തഫ്സീര്‍ രചയിതാവുമാണ് അദ്ദേഹം. ഹുകൂമത്തെ ഇലാഹിയുടെ അടിസ്ഥാനം ശരീഅത്ത് ആണെന്ന ആശയത്തിലൂന്നി അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. പിന്നീട് മൗലാനാ മൗദൂദിയും ഹുകൂമത്തെ ഇലാഹി എന്ന ആശയം ഏറ്റെടുത്തു. അദ്ദേഹം തന്റെ എഴുത്തിലൂടെ ആ ആശയത്തിന് വളരെ വ്യവസ്ഥാപിതവും  മൂര്‍ത്തവും പ്രായോഗികവുമായ വ്യാഖ്യാനങ്ങള്‍ നല്‍കി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം മൗലാനാ സെര്‍സെഹ്‌റാമിയില്‍ നിന്ന് തര്‍ജുമാനുല്‍ ഖുര്‍ആന്റെ പകര്‍പ്പവകാശം വാങ്ങിക്കുകയും അതിന്റെ ഏക പത്രാധിപരായി മുന്നോട്ട് പോവുകയും ചെയ്തു. അങ്ങനെ അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആനില്‍ അനവധി ലേഖനങ്ങളെഴുതി. ഇവയില്‍ പലതും പിന്നീട് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ഭാഗമായും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു.
പൊതുമേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച മൗലാനാ  മൗദൂദിയുടെ വീക്ഷണവും കൂടി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും താനെഴുതിയ കേവലം ഒരു പുസ്തകത്തിന്റെ പേരില്‍ അദ്ദേഹം ഇന്നും വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. തര്‍ജുമാനുല്‍ ഖുര്‍ആന്റെ എഡിറ്ററായിരിക്കെ തുര്‍ക്കിയിലെ വനിതാ നോവലിസ്റ്റായിരുന്ന ഹലീദെ എദീബ് അവിദാറിനെക്കുറിച്ച് വളരെയധികം പ്രശംസിച്ച് അദ്ദേഹം എഴുതുന്നു: 'ഒരു മുജാഹിദിന്റെ വിശ്വാസദാര്‍ഢ്യമുള്ള വ്യക്തിയാണവര്‍. അവരുടെ ചിന്തയില്‍ ഭക്തിയില്ലായ്മയുടെ സൂചനയെങ്കിലും കണ്ടെത്താന്‍ സാധിക്കില്ല. ഒരു യഥാര്‍ഥ മുസ്ലിമിന് ഉണ്ടായിരിക്കേണ്ട ഇസ്ലാമിനോടുള്ള സ്നേഹമാണ് അവരില്‍ കാണാനാവുക.' ഭോപ്പാലിലെ ബീഗം (സുല്‍ത്താന്‍ ഷാ ജഹാന്‍ ബീഗം, ഭോപ്പാലിലെ ഭരണാധികാരി) ഇസ്ലാമിക വ്യക്തിനിയമ പ്രകാരം പുറപ്പെടുവിച്ച വിധികളും അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൂക്ഷ്മതയും പ്രായോഗിക ദര്‍ശനവും പ്രതിഫലിച്ച മറ്റൊരു സന്ദര്‍ഭമാണ്, സ്വാതന്ത്ര്യാനന്തരം പാകിസ്താനില്‍ 1960-കളില്‍ ഏകാധിപതിയായ അയ്യൂബ് ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവും മുഹമ്മദലി ജിന്നയുടെ സഹോദരിയുമായ ഫാത്വിമ അലി ജിന്നയെ അദ്ദേഹം പിന്തുണച്ചത്. ഈ സമയത്ത് 'പര്‍ദ'യെ സംബന്ധിച്ച അദ്ദേഹത്തിന്റെ സമീപനം മുമ്പത്തെപോലെ ഇടുങ്ങിയതായിരുന്നില്ല. 1930-കളിലായിരുന്നു പര്‍ദ എന്ന പുസ്തകം എഴുതപ്പെടുന്നത് എന്നതും പരിഗണിക്കപ്പെടണം.
പ്രവാചകനൊപ്പം യുദ്ധം ചെയ്ത സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്: 'അവര്‍ പരിക്കേറ്റവരെ ചികിത്സിക്കുകയും യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്ക് ദാഹജലം എത്തിച്ചുനല്‍കുകയും യോദ്ധാക്കള്‍ക്ക് വേണ്ടി ഭക്ഷണം തയാറാക്കുകയും അവരുടെ വസ്തുവകകള്‍ക്ക് സംരക്ഷണം തീര്‍ക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യങ്ങളില്‍ പര്‍ദയുമായി ബന്ധപ്പെട്ട് ശരീഅത്ത് അനുവദിക്കുന്ന ഇളവുകള്‍ ഉപയോഗപ്പെടുത്താനാകും'.
1937-ന് ശേഷമാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ ഇണ മഹ്മൂദ ബീഗം ദല്‍ഹിയിലെ മിഷനറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം അത്തരം സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതോടെ അവര്‍ ആ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം അവരോട് പറഞ്ഞു: 'നിന്നെ ഒരിക്കലും പര്‍ദ (മുഖാവരണം) ഉപയോഗിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല. സ്വന്തം വായനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ സ്ത്രീകള്‍ മുഖാവരണം ധരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ മാത്രമേ നീ അത് ആചരിക്കേണ്ടതുള്ളൂ'. ഇതില്‍ നിന്ന് തന്നെ പര്‍ദയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സമീപനം തികച്ചും വ്യക്തിപരമായിരുന്നു എന്നത് വ്യക്തമാണ്. സ്വന്തം ഇണ പോലും അത് ഉപയോഗിക്കണമെന്ന് അദ്ദേഹം ശഠിച്ചില്ല. 
1930-കളില്‍ മുഴുവനും അദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആനിലാണ് പ്രവര്‍ത്തിച്ചതും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതും. 1930-കളുടെ മധ്യം മുതല്‍ക്ക് ജംഇയ്യത്തുല്‍ ഉലമയെ പല തവണ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. പ്രധാനമായും ജംഇയ്യത്തുല്‍ ഉലമയുടെ കോണ്‍ഗ്രസ് അനുകൂല നിലപാട് ആയിരുന്നു ഈ എതിര്‍പ്പിന് കാരണം. മറ്റു ചില നിലപാടുകളെയും അദ്ദേഹം എതിര്‍ത്തു. ഉദാഹരണത്തിന് ഗ്രാമങ്ങളില്‍ ജുമുഅ നമസ്‌കാരം നടത്താന്‍ പാടില്ലെന്നും, ജുമുഅ മസ്ജിദുകളില്‍ മാത്രമേ അത് നിര്‍വഹിക്കാവൂ എന്നുമുള്ള ജംഇയ്യത്തിന്റെ ഫത്‌വയെ അദ്ദേഹം എതിര്‍ത്തു. തന്റെ ഗ്രാമത്തില്‍ ജുമുഅ നമസ്‌കാരങ്ങള്‍ സംഘടിപ്പിക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. അക്കാലത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന മൗലാനാ അബുല്‍ ഹസന്‍ നദ്‌വിക്കെതിരെ ജംഇയ്യത്ത് ഇറക്കിയ ഫത്‌വയെയും അദ്ദേഹം എതിര്‍ത്തു. മൗലാനാ മൗദൂദി മുഖ്യധാരയിലുള്ള ഉലമാക്കളുടെ ചിന്താരീതിയില്‍ നിന്ന് വഴിമാറി സ്വതന്ത്രമായി ചിന്തിച്ചുപോന്നു. എന്നാല്‍ ചില വിഷയങ്ങളില്‍ അദ്ദേഹം മുഖ്യധാരയോടൊപ്പമായിരുന്നു താനും.
ഇതേ കാലഘട്ടത്തിലാണ് ഇസ്ലാമിക ചിന്തയെ ഉടച്ചുവാര്‍ത്ത അന്നത്തെ ചിന്തകനും കവിയുമായിരുന്ന മുഹമ്മദ് ഇഖ്ബാല്‍,  മുസ്ലിംകള്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള പരിഹാരങ്ങള്‍ വേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംകളുടെ ബൗദ്ധിക ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ദാറുല്‍ ഇസ്ലാം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അതിനായി ഒരു ദീനീസ്നേഹി കിഴക്കന്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭൂമി നല്‍കി. അവിടേക്ക് ഇഖ്ബാല്‍ മൗലാനാ മൗദൂദിയെയും മുഹമ്മദ് അസദിനെയും അതുപോലുള്ള മറ്റു പണ്ഡിതരെയും ക്ഷണിച്ചു. അവര്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ദാറുല്‍ ഉലൂം സ്ഥാപിച്ച് ഏകദേശം ഒരു മാസം കഴിഞ്ഞതോടെ ഇഖ്ബാല്‍ മരണമടഞ്ഞു. അതോടെ ഇഖ്ബാലിന്റെ സ്വപ്നത്തെ മുന്നോട്ട് നയിക്കാന്‍ മൗലാനാ മൗദൂദി നിയുക്തനായി. ഇവിടെ നാം ഓര്‍ക്കേണ്ട മറ്റൊരു കാര്യം, ഈ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാന്‍ മൗദൂദി ചെയ്ത ത്യാഗങ്ങളാണ്. ഹൈദരാബാദ് പോലുള്ള എല്ലാവിധ സുഖസൗകര്യങ്ങളും സംവിധാനങ്ങളുമുള്ള നഗരം വിട്ടാണ് പഠാന്‍കോട്ട് പോലുള്ള വിദൂരഗ്രാമത്തിലേക്ക് അദ്ദേഹം കടന്നുചെല്ലുന്നത്. മൗലാനാ മൗദൂദിയുടെ ഇണ മഹ്മൂദ ബീഗവും അദ്ദേഹത്തിന്റെ ത്യാഗശീലത്തെക്കുറിച്ച് പറയുന്നുണ്ട്. പഠാന്‍കോട്ടിലേക്ക് മാറുമ്പോള്‍ അവര്‍ കുടുംബജീവിതമാരംഭിച്ച് അധികകാലമായിരുന്നില്ല. പാമ്പുകളും തേളുകളും മറ്റ് ക്ഷുദ്രജീവികളും ഉള്ള, ആവശ്യത്തിന് കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഗ്രാമമായിരുന്നു അത്. അകലെയുള്ള കിണറില്‍ നിന്നാണ് കുടിവെള്ളം എടുക്കേണ്ടിയിരുന്നത്. രാത്രികളില്‍ മുഴുവന്‍ കുറുക്കന്മാര്‍ വീട്ടിനുചുറ്റും റോന്തു ചുറ്റുകയും നേരം വെളുക്കുവോളം ഓരിയിടുകയും ചെയ്യുമായിരുന്നു. അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും അധികം അകലെയല്ലാതെ ഒരു ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നു, അതിനോട് ചേര്‍ന്ന് അവരുടെ ശ്മശാനവും. വലിയ കെട്ടിടങ്ങള്‍ വളരെക്കുറച്ച് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഈ ഗ്രാമത്തിലാണ് മൗലാനാ മൗദൂദി ചേക്കേറുകയും ഇസ്ലാമിക  ദൈവശാസ്ത്രം, സംസ്‌കാരം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍  ഗവേഷണം നടത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്യുന്നത്. അങ്ങനെ ഇസ്‌ലാമിന്റെ നവോത്ഥാനം സാധ്യമാക്കുന്നതിന് വേണ്ടി യുവ പണ്ഡിതരെയും ചിന്തകരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു.
മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ചെറുപ്പക്കാരെ ഈ ഉദ്യമത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൗലാനാ മൗദൂദിയോടൊപ്പം ചേരുമ്പോള്‍ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിക്ക് കേവലം പത്തൊമ്പതോ ഇരുപതോ വയസ്സ് മാത്രമാണ് പ്രായം. പക്ഷേ ഇസ്ലാമിക വിഷയങ്ങളില്‍ വലിയ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. വരും വര്‍ഷങ്ങളില്‍ അദ്ദേഹവും തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതാന്‍ ആരംഭിച്ചു. അവര്‍ ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. മുസ്ലിം ചിന്തകര്‍ പാശ്ചാത്യ എഴുത്തുകാരെ വായിക്കുകയില്ല എന്ന് പൊതുവെ ആരോപണമുണ്ടല്ലോ. എന്നാല്‍ മൗലാനാ മൗദൂദിയും സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയും ഹെഗലിനെയും സ്റ്റാലിനിസ്റ്റ് റഷ്യയിലെ സംഭവഗതികളെയും സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ പുതിയ തലങ്ങളുമൊക്കെയാണ് സര്‍വകലാശാലകളില്‍ നിന്നും ഗവേഷകരില്‍ നിന്നുമൊക്കെ അകലെ സ്ഥിതി ചെയ്തിരുന്ന ആ കുഗ്രാമത്തിലിരുന്നുകൊണ്ട് പഠനവിധേയമാക്കിയത്.
1940-കളുടെ തുടക്കത്തിലാണ് പൊതുരംഗത്ത് ഇടപെടുന്നതിന് പുതിയൊരു ചുവടുവെപ്പിനെക്കുറിച്ച് മൗലാനാ മൗദൂദി ആലോചിക്കുന്നത്. ഭാവിയില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യയില്‍ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിക്കുന്നതോടൊപ്പം തന്നെ, മുസ്ലിംകള്‍ക്കായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ (പാകിസ്താന്‍ എന്ന ആശയം ആ കാലത്ത് രൂപപ്പെട്ടിരുന്നു) മുസ്തഫ കമാല്‍ അത്താതുര്‍ക്ക് തുര്‍ക്കിയില്‍ ചെയ്തത് ഇവിടെ സംഭവിക്കരുത് എന്ന് ഉറപ്പാക്കേണ്ടതുമുണ്ടായിരുന്നു. തുടക്കത്തില്‍ ഗ്രീക്കുകാരെ തടഞ്ഞുനിര്‍ത്തുമ്പോള്‍ തുര്‍ക്കിയില്‍ നായകപരിവേഷമുണ്ടായിരുന്ന അത്താതുര്‍ക്ക് പിന്നീട് ഭരണം നേടിയതോടെ ഇസ്ലാമിനെ അവിടെ 'നിയമവിരുദ്ധ'മാക്കി മാറ്റിയത് എങ്ങനെ എന്ന് മൗലാനാ മൗദൂദി വളരെ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇസ്ലാമിക വേഷവിധാനവും പള്ളികളില്‍ ബാങ്ക് കൊടുക്കുന്നതും അത്താതുര്‍ക്കിന്റെ തുര്‍ക്കിയില്‍ നിയമവിരുദ്ധമായിരുന്നു. വ്യക്തമായ ഉള്‍ക്കാഴ്ചയില്ലാതെ മുസ്ലിംകള്‍ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചാല്‍ സംഭവിക്കാവുന്നതിനെക്കുറിച്ച് അദ്ദേഹം മുന്‍കൂട്ടിക്കണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമി രൂപീകരിക്കുന്നത്.
ഈ ഘട്ടത്തില്‍ മഹ്മൂദ ബീഗം നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. തര്‍ജുമാനുല്‍ ഖുര്‍ആനില്‍ പലയിടത്തും ഒരു ഡയറിയിലെന്ന പോലെ അദ്ദേഹം തന്നെ അതേക്കുറിച്ച് തുറന്നെഴുതുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: 'പ്രിയ ഭാര്യ, നീ ആണ് വിപ്ലവകാരി. എന്റെ ജീവിതത്തിലേക്കുള്ള നിന്റെ വരവിന് ശേഷമാണ് ഞാന്‍ ഇത്രയേറെ വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകുന്നത്. പത്ത് വര്‍ഷത്തോളം ഞാന്‍ തെക്കേ ഇന്ത്യയുടെ ഏതോ ഒരു കോണിലായിരുന്നു. നിന്റെ വരവോടെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. നീയാണ് യഥാര്‍ഥ വിപ്ലവകാരി'. വളരെ പരിഷ്‌കൃതമായ ഹൈദരാബാദില്‍ നിന്ന് പഠാന്‍കോട്ടിലെ കുഗ്രാമത്തിലേക്കുള്ള മാറ്റത്തിന് അവര്‍ നല്‍കിയ പിന്തുണയെക്കുറിച്ചാണ് ഈ വരികളില്‍ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം താന്‍ പൂര്‍ത്തീകരിക്കേണ്ടതായ മഹത്തായ ഒരു ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യമാണ് ഇത് സാധ്യമാക്കിയത്. മഹ്മൂദ ബീഗത്തെക്കുറിച്ചുള്ള മറ്റൊരു പ്രസ്താവ്യമായ സംഗതി, സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന പഠാന്‍കോട്ടിലെ കുടുംബങ്ങള്‍ക്ക് അവര്‍ ചെയ്തിരുന്ന സാമ്പത്തിക സഹായങ്ങളാണ്. ഈ കുടുംബങ്ങളിലെ സ്ത്രീകള്‍ തമ്മില്‍ മികച്ച ഐക്യം ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ അറിയാതെയാണ് മഹ്മൂദ ബീഗം ഈ സഹായം ചെയ്തിരുന്നത്. അങ്ങനെ അവരുടെ പ്രയാസങ്ങളില്‍ താങ്ങാവുന്നതിനോടൊപ്പം ആ കുടുംബങ്ങളുടെ അഭിമാനവും അവര്‍ കാത്തുസൂക്ഷിച്ചു. ഇസ്ലാം മുന്നോട്ടുവെക്കുന്ന സാഹോദര്യത്തിന്റെ മികച്ച മാതൃകയാണിത്. 
1941-ല്‍ മൗലാനാ മൗദൂദിയുടെ മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമി സ്ഥാപിക്കുന്നത്. രൂപീകരിച്ച ആദ്യ ആഴ്ചയില്‍തന്നെ അതിന് ദീര്‍ഘകാല പദ്ധതികളൊന്നും തന്നെ ഇല്ല എന്നദ്ദേഹം വ്യക്തമാക്കി. ബദി നാസറിനെപ്പോലുള്ളവരുടെ, മുസ്ലിം ലീഗില്‍  നുഴഞ്ഞുകയറി അതിനെ നിയന്ത്രിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത് എന്നെല്ലാമുള്ള ആരോപണങ്ങളെ അദ്ദേഹം ചെറുത്തു. മൗലാനാ മൗദൂദിക്ക് അത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. മറിച്ച് അദ്ദേഹം ഇസ്ലാമിക നവോത്ഥാനം എന്ന തന്റെ യഥാര്‍ഥ ലക്ഷ്യവുമായി മുന്നോട്ട് നീങ്ങി. ഒപ്പം അദ്ദേഹം മുസ്ലിം ലീഗിനോട് സംവാദത്തിലേര്‍പ്പെട്ടുകൊണ്ടേയിരുന്നു. ലീഗ് മുന്നോട്ട് വെക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിലെ സാമൂഹിക- സാമ്പത്തിക വ്യവസ്ഥ എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഈ ആലോചന വളരെ പ്രസക്തമായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ച് ധാരണയുള്ള, ചിന്താശേഷിയുള്ളവരെ ഒരുമിച്ചു ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ജനങ്ങളിലുണ്ടാകേണ്ട ധാര്‍മികതക്ക് അദ്ദേഹം പ്രഥമ പരിഗണന നല്‍കി. ആദ്യകാല ജമാഅത്തെ ഇസ്ലാമിയും ഇത് ഊന്നിപ്പറഞ്ഞു. അതിനാലാണ് അദ്ദേഹം പറഞ്ഞത്: 'എനിക്ക് ഈ പ്രസ്ഥാനത്തെ പുരുഷാരത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ യാതൊരു ധൃതിയുമില്ല. ഞാന്‍ പരിശ്രമിക്കുന്നത് ഈ രാജ്യത്തെ ചിന്താശേഷിയുള്ളവരെ ഒരുമിച്ചുകൂട്ടുന്നതിന് വേണ്ടിയാണ്'. അദ്ദേഹത്തിന്റെ ഈ സമീപനത്തെ, വരേണ്യരായ ബുദ്ധിജീവികള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം, സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിനെ ഒരു പ്രായോഗിക നയമായാണ് മനസ്സിലാക്കേണ്ടത്. അതിനെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്.
1945-ന്റെ മധ്യത്തിലെത്തിയിട്ടും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നതില്‍  ആര്‍ക്കും യാതൊരു രൂപവുമുണ്ടായിരുന്നില്ല. ഹൈദരാബാദിനെപ്പോലെ സ്വയംഭരണമുള്ള, ബ്രിട്ടന്റെ അധികാരം അംഗീകരിക്കുന്ന അനേകം പ്രവിശ്യകളാകുമെന്നും അതല്ല, കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ശക്തമായ കേന്ദ്രമുള്ള, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാകുമെന്നും അതുമല്ലെങ്കില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെപ്പോലെ ദുര്‍ബലമായ കേന്ദ്ര സംവിധാനവും കൂടുതല്‍ അധികാരമുള്ള സംസ്ഥാനങ്ങളുമുള്ള ഫെഡറേഷനാകുമെന്നുമൊക്കെയുള്ള വാദങ്ങള്‍ അക്കാലത്ത് സജീവമായിരുന്നു. മൗലാനാ മൗദൂദിക്കും ഈ വിഷയത്തില്‍ തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹം അക്കാലത്തെ രാഷ്ട്രീയ ഗതിവിഗതികളുടെ ഭാഗമായി ഉണ്ടായ മാറ്റങ്ങളോട് പൊരുത്തപ്പെട്ട് മുന്നേറാനുള്ള ശ്രമങ്ങളിലായിരുന്നു. ആ സാഹചര്യങ്ങളുടെ ഫലമായി രാഷ്ട്രീയമായ തീരുമാനങ്ങള്‍ അടിക്കടി മാറ്റാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ധിതമായി. സ്വാതന്ത്ര്യാനന്തരം തികഞ്ഞ അനീതിയിലധിഷ്ഠിതമായ വിഭജനം അടിച്ചേല്‍പിക്കപ്പെട്ടതോടെ ജമാഅത്തെ ഇസ്ലാമിയും രണ്ട് രാജ്യങ്ങളിലായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു. മൗലാനാ മൗദൂദി പാകിസ്താനിലേക്ക് പോകാന്‍ തീരുമാനിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റേതായ വഴിയില്‍ മുന്നേറി. മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയെപ്പോലുള്ള ധാരാളം മികച്ച പണ്ഡിതരെ വളര്‍ത്തിയെടുക്കാനും രാജ്യത്തിന് സംഭാവന ചെയ്യാനും അതിന് കഴിഞ്ഞു. എന്നാല്‍ ഇത്രത്തോളം കഴിവുറ്റ പണ്ഡിതരെ രൂപപ്പെടുത്താന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചില്ല. അത് മുഴുവനായും മൗലാനാ മൗദൂദിയുടെ ബൗദ്ധിക നേതൃത്വത്തെയാണ് മുന്നോട്ടുപോക്കിന് ആശ്രയിച്ചത്. അതോടൊപ്പം അദ്ദേഹം തഫ്ഹീമുല്‍ ഖുര്‍ആനും 'ഖിലാഫത്തും രാജവാഴ്ചയും' പോലുള്ള മറ്റനേകം പുസ്തകങ്ങളും രചിക്കുകയും ചെയ്തു. ഖാദിയാനിസത്തെ എതിര്‍ത്തതിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്നു എന്നാരോപിച്ച് പാകിസ്താന്‍ ഭരണകൂടം അദ്ദേഹത്തെ ജയിലിലടക്കുകയുമുണ്ടായി. കൊളോണിയലിസത്തെ എതിര്‍ത്തതിന്റെ പേരില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു തവണ പോലും അദ്ദേഹത്തെ ജയിലിലടച്ചിരുന്നില്ല.
ക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹം പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് വിരമിച്ച് ഗവേഷണവും ഗ്രന്ഥരചനയുമായി മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ഈ കാലത്തെ ജീവിതം വളരെ സജീവമായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും അദ്ദേഹം തന്റെ വീടിന് പുറത്ത് ചുറ്റുമുള്ളവരോടൊപ്പം ഒത്തുകൂടുമായിരുന്നു. അവര്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. വളരെ ഫലപ്രദവും വൈജ്ഞാനികവുമായിരുന്നു ആ വേളകള്‍. അതിനാലാണ് അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തിന്റെ സ്വപ്നം ഏറ്റെടുക്കാന്‍ ആളുകള്‍ക്ക് സാധിച്ചത്. 

(അബുല്‍ അഅലാ മൗദൂദിയുടെ 117-ാം ജന്മവാര്‍ഷികദിനത്തില്‍  ജി.ഐ.ഒ കേരള സംഘടിപ്പിച്ച 'സയ്യിദ് അബുല്‍ അഅലാ മൗദൂദി' ചര്‍ച്ചാ സംഗമത്തില്‍ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍, റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ കമ്മിറ്റി അംഗവും ‑'Facets of Faith: Malik Bennabi and Abul A‑'ala Moududi - The Early Life and Selected Works of Two Great Thinkers of 20th Century‑'  എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ജാമില്‍ ശരീഫ് നടത്തിയ 'Maulana Maududi- His Intellectual Journey and Epoch Making Achievements'  എന്ന തലക്കെട്ടിലുള്ള വിഷയാവതരണത്തിന്റെ മലയാള വിവര്‍ത്തനം).

തയാറാക്കിയത്:തമന്ന സുല്‍ത്താന

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌