Prabodhanm Weekly

Pages

Search

2020 നവംബര്‍ 27

3178

1442 റബീഉല്‍ ആഖിര്‍ 12

അറബ് -ഫലസ്ത്വീന്‍ അജണ്ടകളില്‍ ട്രംപിന്റെ ആവര്‍ത്തനമാകുമോ ബൈഡന്‍?

സ്വബ്‌രി സുമൈറ

ഈ വിഷയത്തില്‍ ധാരാളം എഴുതാനുണ്ട്. പല കോണുകളിലൂടെ വിഷയത്തെ നോക്കിക്കാണേണ്ടി വരും. അതിന് മുതിരുന്നില്ല. വളരെ പെട്ടെന്ന് ചില സൂചനകളിലൂടെ കടന്നുപോവുക മാത്രമാണ് നമ്മള്‍. ആദ്യമേ പറയട്ടെ, അമേരിക്കക്കകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ക്ക് എന്തു കൊണ്ടും ഭേദം ബൈഡന്‍ തന്നെയായിരിക്കും. സമീപകാല അമേരിക്കന്‍ ചരിത്രത്തിലെ പല കാലങ്ങളില്‍ ജീവിച്ച മുതിര്‍ന്ന  നേതാവാണ് ബൈഡന്‍. പരമ്പരാഗത ഡെമോക്രാറ്റ് മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മിതഭാഷി, നയതന്ത്രജ്ഞന്‍. സോഫ്റ്റ് പവറില്‍ വിശ്വാസമര്‍പ്പിക്കുന്നയാള്‍. സഖ്യങ്ങളും ആഗോള സഹകരണവും യാഥാര്‍ഥ്യമാക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം. പൊതുവെ അദ്ദേഹം യുദ്ധത്തിന്റെ ആളല്ല.
അദ്ദേഹത്തിന്റെ വിദേശനയം ഒബാമ ഭരണകൂടത്തിന്റെ വിദേശനയത്തോട് വളരെ സാമ്യമുണ്ടായിരിക്കും. ആ വിദേശനയത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നല്ലോ അദ്ദേഹം. കാലത്തിനൊത്ത, ഭാവിയെക്കൂടി കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ തീര്‍ച്ചയായും അതില്‍ ഉണ്ടാവുകയും ചെയ്യും. പശ്ചിമേഷ്യയില്‍ ബൈഡന്‍ കുറച്ചുകൂടി ജനാധിപത്യചേരിയോട് ചേര്‍ന്നുനില്‍ക്കാനാണ് സാധ്യത. ഡെമോക്രാറ്റ് പാര്‍ട്ടിക്കകത്ത് ഫെമിനിസ്റ്റുകളും പുരോഗമനവാദികളും ഇടത് സഹയാത്രികരും ന്യൂനപക്ഷങ്ങളും അഭയാര്‍ഥികളും യുവാക്കളുമൊക്കെ മുമ്പത്തേക്കാളേറെ സ്വാധീനം ചെലുത്തുമെന്നതിനാല്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ മാറാതെ തരമുണ്ടാവില്ല. വൈസ് പ്രസിഡന്റായി വരുന്ന കമല ഹാരിസ് ബൈഡനേക്കാള്‍ വളരെ പ്രായക്കുറവുള്ള പുരോഗമനക്കാരിയും സങ്കര വര്‍ണത്തില്‍ പെടുന്നയാളുമാണ്. ഇതെല്ലാം ചില സുപ്രധാന സൂചനകള്‍ നല്‍കുന്നുണ്ട്.
പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ തന്നെ പരിഹാരം കാണണം എന്ന നിലപാടിലായിരിക്കും ബൈഡന്‍. തന്റെ കൈയില്‍ മാന്ത്രിക പരിഹാരങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞേക്കാം. മേഖലയില്‍ വന്‍തോതിലുള്ള സൈനിക ഇടപെടലുകള്‍ക്കൊന്നും അദ്ദേഹം മുതിരാന്‍ സാധ്യതയില്ല. സൈനിക ഇടപെടല്‍ വേണ്ടിവന്നാല്‍ തന്നെ  ബിനാമികളെ (Proxy) ഇറക്കുകയായിരിക്കും ചെയ്യുക. മേഖലയിലെ ശാക്തിക സന്തുലനത്തിലായിരിക്കും വിശ്വാസമര്‍പ്പിക്കുക. മൃദുശക്തി പ്രയോഗങ്ങളും പരിമിത ശേഷിയുള്ള പ്രഹരങ്ങളും പ്രതീക്ഷിക്കാം.
ഒബാമയുടെ കാലത്തു തന്നെ അമേരിക്ക പശ്ചിമേഷ്യയില്‍നിന്ന് സൈനികമായി പിന്മാറിത്തുടങ്ങിയിരുന്നുവല്ലോ. അതേസമയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഇസ്രയേലുമായി സ്ട്രാറ്റജിക് സഖ്യം തുടരുന്നതിലുള്ള ജാഗ്രത തുടരുകയും ചെയ്യും. ചൈനക്ക് മൂക്കുകയറിടുക എന്നതിനു തന്നെയായിരിക്കാം ഒബാമയെപ്പോലെ ബൈഡനും പ്രഥമ പരിഗണന നല്‍കുക.
ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഇരുരാഷ്ട്ര ഫോര്‍മുല പരിഹാരം തന്നെ ബൈഡന്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സാധ്യത. ട്രംപിന്റേതൊഴികെയുള്ള മറ്റു മുന്‍ ഭരണകൂടങ്ങളുടെ നയങ്ങളും അദ്ദേഹം തുടര്‍ന്നേക്കാം. ട്രംപിന്റെ തീവ്ര നയങ്ങളില്‍നിന്നുള്ള പിന്മടക്കവും പ്രതീക്ഷിക്കാം. എന്നാല്‍ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയ നപടി അദ്ദേഹം പുനഃപരിശോധിക്കാനിടയില്ല. എംബസി പശ്ചിമ ജറൂസലമിലായിരിക്കും എന്നാകും ഒരുപക്ഷേ അദ്ദേഹം പറയുക. കിഴക്കന്‍ ജറൂസലമിന്റെ കാര്യം സന്ധി സംഭാഷണങ്ങളിലൂടെ പരിഹരിക്കണം എന്നും പറഞ്ഞേക്കാം. അറബ് - ഇസ്രയേല്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനു വേണ്ടി നടക്കുന്ന ശ്രമങ്ങളെ അദ്ദേഹം പിന്തുണച്ചേക്കും. 'അറബ് ഭീഷണി' ഇല്ലാതാകുന്ന മുറക്ക് പൊതു സ്വീകാര്യമായ ഒരു പരിഹാരത്തിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിക്കാന്‍ ഇതൊരു ന്യായമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയേക്കാനും മതി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറ്റു വലതുപക്ഷ തീവ്രവാദികളും പറയുന്നതൊക്കെ ട്രംപിനെപ്പോലെ ബൈഡന്‍ അംഗീകരിക്കണമെന്നില്ല. ഒബാമ- ക്ലിന്റന്‍ കാലത്തെ അമേരിക്ക- ഇസ്രയേല്‍ പിരിമുറുക്കം വീണ്ടും സംഭവിച്ചേക്കാം. ഇസ്രയേലിലെ ഇടതുപക്ഷ നിലപാടുകളോടായിരിക്കാം ബൈഡന് ചായ്‌വ്. പടിഞ്ഞാറേ കര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുന്നതിനെ അദ്ദേഹം അനുകൂലിക്കണമെന്നില്ല. പ്രമാദമായ 'നൂറ്റാണ്ടിന്റെ കരാറി'നും ഇതേ ഗതിയായിരിക്കും. ഒപ്പം ഇസ്രയേലിന്റെ ശക്തരായ വക്താക്കളായി ഇരുവരും നിലകൊള്ളുകയും ചെയ്‌തേക്കാം. ഇസ്രയേലിന്റെ അമിത മോഹങ്ങള്‍ക്ക് തടയിടാന്‍ ഈ ബന്ധത്തെ അവര്‍ ഉപയോഗിച്ചെന്നിരിക്കും. പശ്ചിമേഷ്യയെക്കുറിച്ചുള്ള അമേരിക്കയുടെ സര്‍വാംഗീകൃത പൊതുനയങ്ങളില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇറാനോടുള്ള ശത്രുത അതിലൊന്നാണ്. അതേസമയം ഇറാനുമായുള്ള ആണവക്കരാര്‍ പുനഃസ്ഥാപിച്ചേക്കാം. ട്രംപ് കരാര്‍ റദ്ദാക്കിയതിനെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ശക്തമായി വിമര്‍ശിച്ചിരുന്നുവല്ലോ.
ഫലസ്ത്വീന്‍ അതോറിറ്റിയും ആശ്വാസത്തിന്റെ നെടുവീര്‍പ്പയക്കുന്നുണ്ട്. അമേരിക്ക കടുത്ത ഇസ്രയേല്‍ പക്ഷപാത നയങ്ങള്‍ തുടരില്ലെന്നവര്‍ പ്രതീക്ഷിക്കുന്നു. ഹമാസുമായി ഒത്തുപോകാനും സമാധാനപരമായി ജനകീയ ചെറുത്തുനില്‍പ്പുകള്‍ തുടരാനും ഒപ്പം വാഷിംഗ്ടന്റെ ആശീര്‍വാദം ലഭിക്കാനും അതോറിറ്റി ശ്രമിച്ചേക്കും. ഹമാസ് രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമ്പോള്‍ പകരമായി അവര്‍ അമേരിക്കയില്‍നിന്ന് പ്രതീക്ഷിക്കുന്നത്, തങ്ങളെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഇസ്രയേല്‍ പക്ഷപാതിത്വം പുതിയ നേതൃത്വം കൈവെടിയുമെന്നും തങ്ങളെ കേള്‍ക്കാന്‍ അവര്‍ തയാറാകുമെന്നുമാണ്. ദ്വിരാഷ്ട്ര പരിഹാരം തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഹമാസ് രാഷ്ട്രീയ നയരേഖ പുറത്തിറക്കിയതോടെ അനുരഞ്ജനത്തിനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ബൈഡന്‍ വിജയിച്ചതുകൊണ്ടു മാത്രം ഫലസ്ത്വീനികള്‍ക്ക് പ്രയോജനം ലഭിച്ചു കൊള്ളണമെന്നില്ല. ഫലസ്ത്വീനികളും മറ്റു അറബികളുമൊക്കെ ചേര്‍ന്നു നിന്ന് മേഖലയിലെ ശാക്തിക സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ മുന്നോട്ട് വരണം. ഇസ്രയേലിനെതിരെ അത് ബൈഡന്‍ ചെയ്യുമെന്ന് വിചാരിക്കാന്‍ ന്യായമില്ല. കാരണം അമേരിക്കക്ക്് അതിന്റേതായ കണക്കുകൂട്ടലുകളും താല്‍പ്പര്യങ്ങളുമുണ്ട്. അതെപ്പോഴും ഇസ്രയേല്‍ കണക്കുകൂട്ടുന്നതു പോലെ ആകണമെന്നുമില്ല.
പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, നീതി, സമാധാനം, ജനാധിപത്യത്തിലേക്കുള്ള മാറ്റം എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഒരു രാഷ്ട്രീയം ഒബാമയെപ്പോലെ ബൈഡനും പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബൈഡന്‍ തന്റെ പാര്‍ട്ടിയിലെ പുരോഗമന പക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വിധേയമായി പശ്ചിമേഷ്യന്‍ ഭരണകൂടങ്ങളുടെ അതിരുകവിയലുകളെ വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായേക്കും. പക്ഷേ അതൊന്നും മേഖലയില്‍ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിന് സഹായകമാവുകയോ പുതിയൊരു അറബ് വസന്തത്തിന് നിദാനമാവുകയോ ചെയ്യണമെന്നില്ല.
ട്രംപിനെ അനുകൂലിച്ച മേഖലയിലെ ഭരണകൂടങ്ങള്‍ ബൈഡന്റെ വിജയത്തില്‍ ഒട്ടും തൃപ്തരല്ലെങ്കിലും, അദ്ദേഹത്തെ അനുനയിപ്പിക്കാനും കൂടെ നിര്‍ത്താനും അവര്‍ ശ്രമിക്കും. ട്രംപ് ചെയ്തതുപോലെ രാഷ്ട്രീയ ഇസ്‌ലാമിനെതിരെയോ, ഇഖ്‌വാനെതിരെയോ നേരിട്ടോ പരോക്ഷമോ ആയ യുദ്ധത്തിന് ബൈഡന്‍ തയാറായിക്കൊള്ളണമെന്നില്ല. ഇസ്‌ലാമോഫോബിയ, വര്‍ണവെറി, പോപ്പുലിസം പോലുള്ളവയില്‍നിന്ന് അദ്ദേഹം അകലം പാലിക്കുകയും പേരിനെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യത്തിനു വേണ്ടി വാദിക്കുകയുമാണ് ചെയ്യുക. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മൃഗീയമായി കടന്നാക്രമിക്കുന്ന ചില ഭരണകൂടങ്ങള്‍ക്കെങ്കിലും അതില്‍നിന്ന് പിന്മാറേണ്ടി വന്നേക്കാം. ഡെമോക്രാറ്റുകളിലെ പുരോഗമനവാദികളില്‍നിന്ന് ഇതിനെതിരെ കടുത്ത വിമര്‍ശനമുയരും. ബൈഡന്‍ ഭരണകൂടത്തിന് അത് അവഗണിക്കാനാവില്ല. യമന്‍, ലിബിയ, സിറിയ തുടങ്ങി ആഭ്യന്തര യുദ്ധങ്ങള്‍ തുടരുന്ന നാടുകളില്‍ ബൈഡന്‍ ഭരണകൂടം ഒരു സമാധാന ഫോര്‍മുല ഉരുത്തിരിച്ചെടുക്കുമെന്നു പ്രതീക്ഷിക്കാം.
ട്രംപ് പോയി ബൈഡന്‍ വന്നതുകൊണ്ട് അറബ് ലോകത്തിനോ ഫലസ്ത്വീനിനോ ഒന്നും നേടാനില്ലെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ വ്യക്തിപരമായി രണ്ടു പേരും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. ട്രംപ് അറബ് - മുസ്‌ലിം സമൂഹങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെല്ലാം വന്‍ ഭീഷണി തന്നെയായിരുന്നു. മത, വംശീയ വിദ്വേഷം കുത്തിയിളക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തയാള്‍. ബൈഡന്‍ വരുന്നതോടെ അമേരിക്കയും പശ്ചിമേഷ്യയുമൊക്കെ താല്‍പ്പര്യങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും മുമ്പില്‍ വെച്ചുള്ള അവയുടെ പരമ്പരാഗത രാഷ്ട്രീയത്തിലേക്ക് ചുവടു മാറും. ആ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കാണാതിരിക്കാനാവില്ല. അതിന്റെ ഓരോ വശവും വെവ്വേറെ തന്നെ പഠനവിധേയമാക്കേണ്ടതുണ്ട്. 

(ജോര്‍ദാനിയന്‍ അക്കാദമിക്കും അല്‍ജസീറ നെറ്റിലെ കോളമിസ്റ്റുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (47-51)
ടി.കെ ഉബൈദ്‌