Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ഖുര്‍ആനില്‍ തെളിയുന്ന മുഹമ്മദുര്‍റസൂലുല്ല

അബുല്‍ അഅ്‌ലാ മൗദൂദി

വിശ്വ നായകന്‍ - 2

ഹദീസ് ഗ്രന്ഥങ്ങളും പ്രവാചക ചരിത്ര ഗ്രന്ഥങ്ങളും മുഴുവന്‍ നശിച്ചുപോയാലും വിശുദ്ധ ഖുര്‍ആന്‍ ഉള്ള കാലത്തോളം മുഹമ്മദ് നബിയുടെ ജീവ ചരിത്രം സുരക്ഷിതമാണെന്ന് പറഞ്ഞല്ലോ. വരൂ, ഖുര്‍ആനില്‍ തെളിയുന്ന  അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആരായിരുന്നുവെന്ന് നമുക്ക് നോക്കാം.

പ്രവാചകന്റെ ആളത്വം
പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകത്വത്തിന്റെ കാര്യത്തില്‍  ഏറ്റവും ആദ്യമായി ഊന്നിയത്  പ്രവാചകന്റെ ആളത്വമാണ്. മനുഷ്യന്‍ ഒരിക്കലും ദൈവത്തിന്റെ ദൂതനോ പ്രതിനിധിയോ ആകുന്ന പ്രശ്‌നമില്ലെന്നത് ഖുര്‍ആന്‍ അവതരണത്തിന്റെ മുമ്പ് എത്രയോ നൂറ്റാണ്ടുകളായുള്ള  വിശ്വാസം തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു. ആ വിശ്വാസ പ്രകാരം ലോകത്തിന്റെ സംസ്‌കരണം എപ്പോള്‍ ആവശ്യമാണോ  അപ്പോഴെല്ലാം ദൈവം തന്നെ മനുഷ്യ രൂപത്തില്‍ അവതരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും മാലാഖയെയോ ദേവന്മാരെയോ അയക്കുകയോ ചെയ്യുമെന്നായിരുന്നു അവരുടെ വിശ്വാസം. ലോകത്തിന്റെ  പരിഷ്‌കരണത്തിനായി  ഉയിരെടുത്ത മഹാന്മാരെല്ലാം അവരുടെ കണ്ണില്‍ അതിമാനുഷരായിരുന്നു. ഈ വിശ്വാസം മനുഷ്യമനസ്സില്‍ എത്രമാത്രം രൂഢമൂലമായിരുന്നുവെന്ന് വെച്ചാല്‍, നല്ലവനായ ഏതെങ്കിലും ഒരു ദൈവദാസന്‍ വന്ന്  അല്ലാഹുവിന്റെ സന്ദേശം കേള്‍പ്പിച്ചാല്‍ അവര്‍ അത്ഭുതത്തോടെ ചോദിക്കും: ഇതെന്ത് നബിയാണ്! നമ്മളെ പോലെ തിന്നുകയും കുടിക്കുകയും നടക്കുകയും ചെയ്യുന്നു? നമ്മളെ പോലെ രോഗം ബാധിക്കുകയും സന്തോഷ സന്താപങ്ങള്‍ പിടികൂടുകയും പ്രയാസത്തിലൂടെയും ആശ്വാസത്തിലൂടെയും കടന്നുപോവുകയും ചെയ്യുന്ന  ആള്‍ പ്രവാചകനാവുകയോ? ദൈവം നമ്മളുടെ സന്മാര്‍ഗം യഥാര്‍ഥത്തില്‍  ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നമ്മളെ പോലെ ദുര്‍ബലനായ ഒരു മനുഷ്യനെ  എന്തിന് അയക്കണം? അവന്  തന്നെ എന്തു കൊണ്ട് ഇറങ്ങി വന്നുകൂടാ? ഈ ചോദ്യം എല്ലാ പ്രവാചകന്മാരും നേരിട്ടിട്ടുണ്ട്. അത് ന്യായമാക്കിയാണ്  ജനം അവരെ നിഷേധിച്ചതും. നൂഹ് തന്റെ ജനതയിലേക്ക് സന്ദേശവുമായി വന്നപ്പോള്‍ സംഭവിച്ചത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: 'അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യ നിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇയാള്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളേക്കാള്‍ വലിപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍.  സത്യത്തില്‍ ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന്  ഞങ്ങള്‍ കേട്ടിട്ടേയില്ല' (23: 240).
ഹസ്രത്ത് ഈസാ തന്റെ ജനതയിലേക്ക് മാര്‍ഗദര്‍ശനത്തിനായി നിയോഗിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യമായി കേട്ട വിമര്‍ശനം ഇതായിരുന്നു: 'ഇവന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നത് തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നത് കുടിക്കുന്നു. നിങ്ങളെ പോലുള്ള ഒരു മനുഷ്യനെത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ സംശയമില്ല, നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍ തന്നെ' (ഖുര്‍ആന്‍ 23: 33,34).
ഹസ്‌റത്ത് മൂസായും ഹാറൂനും സത്യത്തിന്റെ സന്ദേശവുമായി ഫറോവയുടെ അടുക്കലെത്തിയപ്പോള്‍  നമ്മളെ  പോലെയുള്ള ഒരു മനുഷ്യനില്‍ നാം വിശ്വസിക്കുകയോ (ഖുര്‍ആന്‍ 23/47) എന്ന് പറഞ്ഞാണ് ഫറോവ അത് തള്ളിക്കളഞ്ഞത്.
മക്കയിലെ  നിരക്ഷരനായ ഒരു മനുഷ്യന്‍ നാല്‍പത് വര്‍ഷത്തെ  നിശ്ശബ്ദമായ ജീവിതത്തിനു ശേഷം താന്‍ ദൈവദൂതനായി നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞപ്പോഴും ഇതേ ചോദ്യം ഉന്നയിക്കപ്പെട്ടു. തങ്ങളെ പോലെ കൈയും കാലും കണ്ണും  മൂക്കുമുള്ള ഒരു മനുഷ്യന്‍ ദൈവദൂതനാകുന്നത് അവര്‍ക്ക്  ഭാവന ചെയ്യാനേ  കഴിഞ്ഞില്ല. അതിനാല്‍ അവര്‍ ആശ്ചര്യത്തോടെ ഇപ്രകാരം ചോദിച്ചു കൊണ്ടിരുന്നു: ''ഇതെന്ത് ദൈവദൂതനാണ്!  ഇയാള്‍ അന്നം തിന്നുന്നു, അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കി കൊടുക്കാത്തത് എന്തു കൊണ്ട്? അല്ലെങ്കില്‍ എന്തു കൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടു കൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍  കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കി കൊടുത്തു കൂടേ?'' (25: 7,8).
ഈ തെറ്റിദ്ധാരണ പ്രവാചകത്വത്തെ അംഗീകരിക്കാനുള്ള ഏറ്റവും വലിയ തടസ്സമായതിനാല്‍ ഖുര്‍ആന്‍ ശക്തിയായി അതിനെ തള്ളിക്കളയുകയും മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന്  മനുഷ്യന്‍ മാത്രമേ അനുയോജ്യമാകൂ എന്ന വസ്തത തെളിവ് സഹിതം വ്യക്തമാക്കുകയും ചെയ്തു. എന്തുകൊണ്ടെന്നാല്‍, പ്രവാചകത്വത്തിന്റെ ലക്ഷ്യം കേവലം വിദ്യാഭ്യാസം നല്‍കല്‍ മാത്രമല്ല,  മറിച്ച് പ്രായോഗികമായി മാര്‍ഗം കാണിച്ചു കൊടുക്കലും അനുകരിക്കാനും അനുധാവനം ചെയ്യാനും ഒരു മാതൃക സമര്‍പ്പിക്കലും കൂടിയാണ്. ഈ ലക്ഷ്യത്തിനായി മാനുഷിക സവിശേഷതകളോ ന്യൂനതകളോ ഇല്ലാത്ത ഒരു മാലാഖയെയോ മറ്റ് വല്ല അതിമാനുഷ അസ്തിത്വത്തെയോ നിയോഗിച്ചാല്‍, തങ്ങളെ പോലെ മനസ്സോ മാനസികമായ ആഗ്രഹങ്ങളോ തെറ്റിലേക്ക് പ്രചോദിപ്പിക്കാന്‍  പ്രകൃതിപരമായി തന്നെ കഴിവുകളോ ഇല്ലാത്തവര്‍ ചെയ്യുന്നതു പോലെ ഞങ്ങള്‍ക്ക് എങ്ങനെ ചെയ്യാനാവുമെന്ന് മനുഷ്യന്  തിരിച്ചു ചോദിക്കാന്‍ സാധിക്കും: 'പറയുക, ഭൂമിയിലുള്ളത് ശാന്തരായി നടന്നു നീങ്ങുന്ന മലക്കുകളായിരുന്നുവെങ്കില്‍ നിശ്ചയമായും അവരിലേക്ക് നാം ആകാശത്തില്‍ നിന്ന് ഒരു മലക്കിനെ തന്നെ ദൂതനായി ഇറക്കുമായിരുന്നു' (ഖുര്‍ആന്‍ 17: 95).  
അനന്തരം  അദ്ദേഹത്തിനു മുമ്പ് ആരെല്ലാം പ്രവാചകന്മാരായി ഏതെല്ലാം  സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരുന്നുവോ  അവരെല്ലാം മുഹമ്മദ് നബിയെ പോലെ തന്നെയുള്ള മനുഷ്യരായിരുന്നുവെന്നും എല്ലാ മനുഷ്യരെയും പോലെ അവരും തിന്നുകയും കുടിക്കുകയും നടക്കുകയും ചെയ്തിരുന്നുവെന്നും അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കപ്പെടുകയും ചെയ്തു. ''നിനക്കു മുമ്പും മനുഷ്യരെ തന്നെയാണ് നാം ദൂതരായി നിയോഗിച്ചത്. നാം അവര്‍ക്ക് ബോധനം നല്‍കുകയായിരുന്നു. നിങ്ങള്‍ക്കിത് അറിയില്ലെങ്കില്‍  വേദക്കാരോട് ചോദിച്ചുനോക്കുക. ദൈവദൂതന്മാര്‍ക്ക് നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിര താമസികളായിരുന്നില്ല'' (ഖുര്‍ആന്‍ 21:7,8).
''ആഹാരം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കു മുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല'' (ഖുര്‍ആന്‍ 25:20).
''നിനക്കു മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്'' (ഖുര്‍ആന്‍ 13:38).
അതിനു ശേഷം തന്റെ ആളത്വം പരസ്യമായി പ്രഖ്യാപിക്കാന്‍ പ്രവാചകനോട് അനുശാസിക്കുകയും ചെയ്തു. മുഹമ്മദ് നബിക്കു ശേഷം സ്വന്തം അനുയായികള്‍ മറ്റുള്ള  പ്രവാചകാനുയായികള്‍ ചെയ്തതു  പോലെ അദ്ദേഹത്തിന്റെ പേരില്‍ ദൈവികത ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് അത് ചെയ്തത്.  പല സ്ഥലത്തായി  ഖുര്‍ആന്‍ നടത്തിയ ആ പ്രഖ്യാപനം  ഇങ്ങനെ വായിക്കാം: ''പറയുക, ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ  ഇലാഹ്  ഏക ഇലാഹ് ആണെന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു'' (ഖര്‍ആന്‍ 18:110).
ഈ തുറന്ന  വെളിപ്പെടുത്തലിലൂടെ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട്  ഉയര്‍ന്നു വരാനിടയുള്ള തെറ്റായ മുഴുവന്‍ വിശ്വാസങ്ങളുടെയും  വാതിലുകള്‍ മാത്രമല്ല അടക്കപ്പെട്ടത്, മറിച്ച് മുഴുവന്‍ പൂര്‍വ പ്രവാചകന്മാരെയും കുറിച്ച തെറ്റിദ്ധാരണകളും മായ്ക്കപ്പെട്ടു.

പ്രവാചകന്റെ കഴിവ്
പ്രവാചകനുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ വ്യക്തമാക്കിയ മറ്റൊരു  കാര്യം പ്രവാചകന്റെ ശക്തിയെയും  കഴിവിനെയും കുറിച്ചാണ്. ജനത്തിന്റെ അജ്ഞതയും വിവരക്കേടും, പ്രവാചകന്മാരുടെ ദൈവസാമീപ്യത്തെയും ദിവ്യത്വത്തെയും ഒന്നാക്കി മാറ്റിയതിനാല്‍ സ്വാഭാവികമായും അത്തരം ദൈവസാമീപ്യം ഉള്ളവര്‍ക്ക്  അസാധാരണമായ ശക്തിയുണ്ടെന്നും, ദൈവത്തിന്റെ മാത്രം വ്യവഹാര മണ്ഡലത്തില്‍ അവര്‍ക്ക് സവിശേഷാധികാരങ്ങളുണ്ടെന്നും, രക്ഷയും ശിക്ഷയും വിധിക്കുന്നതില്‍ അവര്‍ക്ക് പങ്കുണ്ടെന്നും, അദ്യശ്യമായ സകല കാര്യങ്ങളും അവര്‍ക്ക് വെളിപ്പെടുമെന്നും, മനുഷ്യരുടെ ഭാഗധേയങ്ങള്‍ അവരുടെ ഇഛയും താല്‍പര്യവും അനുസരിച്ച് മാറിമറിയുമെന്നും, ഉപകാരവും ഉപദ്രവവും ചെയ്യാനുള്ള  കഴിവ് അവര്‍ക്ക് ലഭ്യമാണെന്നും, സകല പ്രപഞ്ച ശക്തികളും അവര്‍ക്ക്  വിധേയമാണെന്നും, അവരുടെ ഒറ്റ നോട്ടം കൊണ്ട് തന്നെ ആളുകളുടെ ഹ്യദയത്തിലെ  ഇരുട്ട് മാറുമെന്നും മറ്റുമുള്ള ഒട്ടേറെ ഭാവനകള്‍ അവരുമായി ബന്ധപ്പെട്ട് ഉരുവം കൊണ്ടു. അത്തരം ഭാവനകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ആളുകള്‍ ദൈവദൂതനോട് കൂടെക്കൂടെ അത്ഭുതങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.
''അവര്‍ പറഞ്ഞു, നീ ഞങ്ങള്‍ക്കായി ഭൂമിയില്‍ നിന്ന് ഒരു ഉറവ ഒഴുക്കിത്തരും വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവുകയും അവക്കിടയിലൂടെ നീ അരുവികള്‍ ഒഴുക്കുകയും ചെയ്യുക. അല്ലെങ്കില്‍ നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളാക്കി വീഴ്ത്തുക. അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് കൊണ്ടു വരിക. അതുമല്ലെങ്കില്‍ നീ നിനക്കായി സ്വര്‍ണ നിര്‍മിതമായ കൊട്ടാരമുണ്ടാക്കുക. നീ ആകാശത്തേക്ക് കയറിപ്പോകുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിത്തരുന്നതു വരെ നീ മാനത്തേക്ക് കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയില്ല'' (ഖുര്‍ആന്‍ 17: 90-93).
ദൈവസാമീപ്യവുമായും പുണ്യാളത്തവുമായും ബന്ധപ്പെട്ട് ഏതെല്ലാം തെറ്റായ ഭാവനകളും  സങ്കല്‍പങ്ങളുമാണോ  നിലനിന്നിരുന്നത്, അതിനെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് പ്രവാചകന് ദൈവത്തിന്റെ ശക്തിയിലോ പ്രവര്‍ത്തനങ്ങളിലോ അണുമണിത്തുക്കം പങ്കില്ലെന്നും, അല്ലാഹുവിന്റെ  ഇഛ പ്രകാരമല്ലാതെ മറ്റുള്ളവരെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കുന്നത് പോയിട്ട് ഉപദ്രവത്തില്‍ നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താനുള്ള കഴിവ് പോലും  പ്രവാചകനില്ലെന്നും വ്യക്തമായി പ്രസ്താവിച്ചു: ''അല്ലാഹു നിനക്ക് വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്ക് വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ, അറിയുക, എല്ലാ കാര്യങ്ങള്‍ക്കും അവന്‍ കഴിവുറ്റവനാണ്'' (ഖുര്‍ആന്‍ 6:17).
''പറയുക, എനിക്ക് തന്നെ ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല, അല്ലാഹു ഇഛിച്ചാലല്ലാതെ'' (ഖുര്‍ആന്‍ 10:49).
''പറയുക, എന്റെ കൈവശം അല്ലാഹുവിന്റെ ഖജനാവുകള്‍ ഉണ്ടെന്ന് ഞാന്‍ നിങ്ങളോട് അവകാശപ്പെടുന്നില്ല. അഭൗതിക കാര്യങ്ങള്‍ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് അല്ലാഹുവില്‍ നിന്ന് ബോധനമായി ലഭിക്കുന്നവയല്ലാതൊന്നും ഞാന്‍ പിന്‍പറ്റുന്നില്ല'' (ഖുര്‍ആന്‍ 6: 50). ''എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ നിശ്ചയമായും എനിക്ക് തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. വിശ്വസിക്കുന്ന ജനത്തിന് സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും'' (ഖുര്‍ആന്‍ 7:188).
വിചാരണ, നന്മതിന്മകള്‍ രേഖപ്പെപ്പെടുത്തപ്പെട്ട ഗ്രന്ഥം, രക്ഷാശിക്ഷകള്‍ തുടങ്ങിയവയില്‍ പ്രവാചകന് യാതൊരു പ്രവേശനവുമില്ലെന്നും, അദ്ദേഹത്തിന്റെ പണി കേവലം സന്ദേശം എത്തിക്കുകയും നേരായ മാര്‍ഗം കാണിച്ചു കൊടുക്കുകയും മാത്രമാണെന്നും, വിചാരണയും ആളുകള്‍ക്ക് രക്ഷാശിക്ഷകള്‍ വിധിക്കുന്നതും അല്ലാഹുവിന്റെ പണിയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''പറയുക, ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെ പിടിക്കുന്നവനാണ്; നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന ആ കാര്യം എന്റെ കൈവശമില്ല. വിധിതീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിന് മാത്രമാണ്. അവന്‍ സത്യാവസ്ഥ വിവരിച്ചു തരും. തീരുമാനമെടുക്കുന്നവരില്‍ അത്യത്തമന്‍ അവനത്രെ.
പറയുക, നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്നേ കാര്യം തീരുമാനിക്കപ്പെടുമായിരുന്നു. അക്രമികളെ കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു'' (ഖുര്‍ആന്‍ 6: 57,58).
''നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതലയേ നിനക്കുള്ളൂ. കണക്ക് നോക്കുന്ന പണി നമ്മുടേതാണ്'' (13:40).
''സംശയമില്ല, മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനുതന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനു തന്നെയാണ്. നീ അവരുടെ കൈകര്‍ത്താവൊന്നുമല്ല'' (39: 41).
ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുക, സത്യം സ്വീകരിക്കാന്‍ തയാറല്ലാത്തവരില്‍ വിശ്വാസം സൃഷ്ടിക്കുക തുടങ്ങിയവയൊന്നും ദൈവദൂതന്റെ  പരിധിയില്‍ പെട്ട കാര്യമല്ല. ദൈവദൂതന്‍ മാര്‍ഗദര്‍ശകന്‍ ആകുന്നത്  ഗുണദോഷിക്കാനും ഉദ്‌ബോധിപ്പിക്കാനുമുള്ള തന്റെ ബാധ്യത അദ്ദേഹം പൂര്‍ത്തീകരിച്ചെന്നും വഴി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം വീഴ്ച വരുത്തിയില്ലെന്നുമുള്ള അര്‍ഥത്തില്‍ മാത്രമാണ്.
''മരിച്ചവരെയും  കാത് പൊട്ടന്മാരെയും കേള്‍പ്പിക്കാന്‍ നിനക്കാവില്ല, അവര്‍ പിന്തിരിഞ്ഞു പോയാല്‍. കണ്ണ് പൊട്ടന്മാരെ അവരകപ്പെട്ട ദുര്‍മാര്‍ഗത്തില്‍ നിന്ന്  നേര്‍വഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരാകുകയും ചെയ്യുന്നവരെ മാത്രമേ നിനക്ക് കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ'' (27: 80,81).
''കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല. നീയൊരു മുന്നറിയിപ്പുകാരന്‍ മാത്രം. നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്'' (5/22-24).
പ്രവാചകന് ലഭിച്ച കഴിവിന്റെയും പ്രതാപത്തിന്റെയും  ഉന്നത പദവിയുടെയുമെല്ലാം അടിസ്ഥാനം അവിടുന്ന് അല്ലാഹുവിനെ അനുസരിച്ചതിന്റെയും അവന്റെ വിധി പ്രകാരം ചലിച്ചതിന്റെയും, എന്താണോ അല്ലാഹു അവിടുത്തേക്ക് അവതരിപ്പിച്ചു കൊടുത്തത് അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക്  എത്തിച്ചു കൊടുത്തതിന്റെയും  അടിസ്ഥാനത്തിലാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. അവിടുന്ന് അല്ലാഹുവിന്റെ അനുസരണത്തില്‍ നിന്ന് മുഖം തിരിക്കുകയോ അവന്റെ വചനത്തോട് തനിക്ക് തോന്നിയത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്താല്‍ പിന്നെ പ്രവാചകന്റെ യാതൊരു സവിശേഷതയും അവശേഷിക്കുകയില്ലെന്ന് മാത്രമല്ല, ദൈവത്തിന്റെ പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുകയുമില്ല എന്നും വ്യക്തമാക്കി.
''ഈ സത്യമായ അറിവ് ലഭിച്ചതിനു ശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടു പോകും''(2:145).
''നിനക്ക് യഥാര്‍ഥ ജ്ഞാനം ലഭിച്ച ശേഷം നീ അവരുടെ ഇഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല'' (ഖുര്‍ആന്‍ 2:120).
''പറയുക, എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായി ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (10: 15).
ഞാന്‍ ഇതെല്ലാം  പറയുന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവില്‍ ശരണം, നബി തിരുമേനിയില്‍ നിന്ന് എന്തെങ്കിലും  ധിക്കാരത്തിന്റെയോ മാറ്റത്തിരുത്തലുകളുടെയോ  കൂട്ടിച്ചേര്‍ക്കലുകളുടെയോ നേരിയ ലാഞ്ഛനയെങ്കിലും  ഉണ്ടാകുമെന്ന് സ്ഥാപിക്കുകയല്ല; മറിച്ച് പ്രവാചന് ലഭ്യമാകുന്ന ദൈവസാമീപ്യത്തിന്റെ കാരണം പ്രവാചകന്റെ സത്തക്ക് ദൈവവുമായി ബന്ധമുണ്ടായതല്ല എന്നും, മറിച്ച് അദ്ദേഹത്തിന്റെ ദൈവസാമീപ്യത്തിന്റെ കാരണം അദ്ദേഹം അല്ലാഹുവിനെ അങ്ങേയറ്റം  അനുസരിക്കുന്നവനും ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും ദൈവദാസനും ആയതു കൊണ്ടാണെന്നും  വ്യക്തമാക്കുക മാത്രമാണ്.

മുഹമ്മദ് നബി പ്രവാചകത്വ പരമ്പരയിലെ ഒരു കണ്ണി
ഖുര്‍ആനില്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കപ്പെട്ട മൂന്നാമത്തെ കാര്യം, മുഹമ്മദുര്‍റസൂലുല്ല പുതിയൊരു പ്രവാചകനല്ല എന്നും, പ്രവാചകന്‍ സമൂഹത്തിലെ ഒരംഗവും  മനുഷ്യാരംഭം മുതല്‍ തന്റെ നിയോഗം വരെ നിലനിന്നു പോന്ന പ്രവാചകത്വ ശൃംഖലയിലെ ഒരു കണ്ണിയുമാണെന്ന വസ്തുതയാണ്. കാരണം ഖുര്‍ആന്‍ പ്രവാചകത്വത്തെ ഏതെങ്കിലും ഒരു വ്യക്തിയിലോ രാജ്യത്തിലോ സമൂഹത്തിലോ മാത്രം പ്രത്യേകമാക്കിയിട്ടില്ല. മറിച്ച്, എല്ലാ ജനതയിലും എല്ലാ  രാജ്യത്തും കാലഘട്ടത്തിലും മനുഷ്യരെ നേരായ പാതയിലേക്ക് പ്രബോധനം ചെയ്യാനും വഴികേടിന്റെ മോശമായ പരിണതിയെ കുറിച്ച് താക്കീത്  ചെയ്യാനുമായി വിശുദ്ധരായ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
''മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല'' (35:24).
''അല്ലാഹുവിനെ ഇബാദത്ത് ചെയ്യണം, ത്വാഗൂത്തുകളെ കൈവെടിയണം എന്ന സന്ദേശവുമായി എല്ലാ ജനതയിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്'' (16: 360).
''ഈ പ്രവാചകന്‍ മുമ്പുള്ള മുന്നറിയിപ്പുകാരുടെ കൂട്ടത്തിലെ ഒരു മുന്നറിയിപ്പുകാരനാണ്'' (53: 56). ''തീര്‍ച്ചയായും താങ്കള്‍ ദൈവദൂതന്മാരിലൊരാളാണ്'' (36:3).
''പറയുക, ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്നെനിക്കറിയില്ല. എനിക്ക് ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍'' (46:9). ''മുഹമ്മദ് റസൂലല്ലാതെ മറ്റാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്'' (3:142).
അതു മാത്രമല്ല ഖുര്‍ആന്‍ വ്യക്തമാക്കിയത്.  തുടക്കം മുതല്‍ എല്ലാ സത്യപ്രബോധകരും ഏതൊരു പ്രബോധനമാണോ നിര്‍വഹിച്ചത്, അതേ  പ്രബോധനം തന്നെയായിരുന്നു അറേബ്യയിലെ ദൈവദൂതന്റേതെന്നും എല്ലാ ദൈവദൂതന്മാരും   ഏതൊരു പ്രകൃതി മതത്തിലേക്കാണോ ഉദ്‌ബോധനം നടത്തിയത്, അതേ പ്രകൃതി മതത്തിലേക്കു തന്നെയാണ്  തിരുമേനിയും ഉദ്‌ബോധനം ചെയ്തു കൊണ്ടിരുന്നത് എന്നും   ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ''നിങ്ങള്‍ പ്രഖ്യാപിക്കുക, ഞങ്ങള്‍ അല്ലാഹുവിലും അവനില്‍ നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരു വിവേചനവും കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടു കഴിയുന്നവരത്രെ'' (2:136).
ഖുര്‍ആന്റെ മേല്‍പ്രസ്താവനകളിലൂടെ സംശയരഹിതമായി വ്യക്തമാകുന്ന വസ്തുത, അബ്ദുല്ലയുടെ മകനായ മുഹമ്മദുര്‍റസൂലുല്ല  മുന്‍കാല പ്രവാചകന്മാരില്‍ ആരെയെങ്കിലും നിഷേധിക്കുകയോ  അവരില്‍ ആരെങ്കിലും കൊണ്ടുവന്നതിനെ തള്ളിക്കളയുകയോ ചെയ്യുന്ന ഒരു പുതിയ മതവുമായിട്ടല്ല നിയോഗിക്കപ്പെട്ടതെന്നും, മറിച്ച് തന്റെ പ്രബോധന ദൗത്യത്തിന്റെ ഒന്നാം ദിവസം മുതല്‍ എല്ലാ സമൂഹങ്ങളിലും  അവതരിപ്പിച്ചു വന്നിരുന്ന സത്യമതത്തെ പില്‍ക്കാലത്ത് ആളുകള്‍  അതില്‍ നടത്തിയ കൂട്ടിച്ചേര്‍ക്കലുകളില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുകയാണ് ചെയ്തിരുന്നത് എന്നുമാണ്. 

(തുടരും)
വിവ: കെ.ടി ഹുസൈന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌