Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

യഥാര്‍ഥ വിഷയം സൈന്യത്തിന്റെ അഴിമതിയല്ലേ?

ഇഹ്‌സാന്‍

രസേനാ മേധാവി ജനറല്‍ വി.കെ സിംഗ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പോയവാരം നടന്ന ചര്‍ച്ച ഒരര്‍ഥത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ നിലവാര തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതായി. ഇന്ത്യന്‍ സൈന്യത്തിന്റെ കൈയിലുള്ള ആയുധങ്ങളില്‍ മിക്കവയും കാലഹരണപ്പെട്ടതും സാങ്കേതികവിദ്യയില്‍ ശത്രുവിന്റേതിനോളം കിടപിടിക്കാത്തതുമാണെന്നാണ് സിംഗ് എഴുതിയ സുദീര്‍ഘമായ കത്ത്. വസ്തുതാപരമായി ചില ചെറിയ അബദ്ധങ്ങള്‍ ഈ എഴുത്തിലുണ്ടെങ്കില്‍ പോലും ഒരു സൈന്യാധിപന്‍ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് എഴുതിയ കത്ത് എന്ന നിലക്ക് അതില്‍ അസാധാരണമായി ഒന്നും തന്നെയില്ല. പക്ഷേ സിംഗിനെ പുറത്താക്കണമെന്ന മട്ടിലാണ് പാര്‍ലമെന്റംഗങ്ങളില്‍ മിക്കവരും സംസാരിച്ചത്. കത്തിലെ ഉള്ളടക്കത്തേക്കാളുപരി കത്ത് ചോരാനിടയായതില്‍ കരസേനാധിപന് പങ്കുണ്ടാവാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മുറവിളി. മറുഭാഗത്ത്, സുരക്ഷാ വിഷയത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശതകോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയ രാജ്യം നേടിയത് ഇത്തരമൊരു ദയനീയതയെങ്കില്‍ അതായിരുന്നില്ലേ കത്ത് ചോര്‍ന്നതിനേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള വിഷയം?
വളരെ ശ്രദ്ധിച്ച് വിലയിരുത്തേണ്ട ഒരുപാട് കാര്യങ്ങള്‍ ഈ വിവാദത്തില്‍ അടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെ കോടതി കയറ്റിയ ഇന്ത്യയിലെ ആദ്യത്തെ സൈന്യാധിപനാണ് വി.കെ സിംഗ്. ഇത്തരമൊരു നിയമനടപടിയിലേക്ക് നയിച്ച വിവാദം ഇരുചെവിയറിയാതെ പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒന്നായിരുന്നുവെങ്കിലും ഉദാരമായ അത്തരമൊരു സമീപനമല്ല പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. വി.കെ സിംഗിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനരീതിയില്‍ കേന്ദ്രസര്‍ക്കാറിനെ അലോസരപ്പെടുത്തുന്ന മറ്റെന്തോ ചില ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് മൊത്തം അധ്യായത്തിന്റെ ശേഷപത്രം. സിംഗിനെ എത്രയും പെട്ടെന്ന് റിട്ടയര്‍ ചെയ്യിച്ച് വീട്ടിലയക്കണമെന്ന കാര്യത്തില്‍ ഇന്ന് യു.പി.എ സര്‍ക്കാറും പ്രതിപക്ഷവുമെല്ലാം ഒറ്റക്കെട്ടാണ്. സിംഗ് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് ആയുധക്കിമ്പളവുമായും ആയുധ ദല്ലാളുമാരുമായും ബന്ധപ്പെട്ട ചില ദുര്‍മുഖങ്ങളുണ്ടെന്നത് മറച്ചുവെക്കാനാവില്ല. 1998ല്‍ അന്നത്തെ നാവിക സേനാ മേധാവി അഡ്മിറല്‍ വിഷ്ണു ഭഗവതിനെ വാജ്‌പേയി ഗവണ്‍മെന്റ് സ്ഥാനത്തു നിന്ന് നീക്കിയപ്പോഴും സൈന്യത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകള്‍ ഉയര്‍ന്നുവന്നിരുന്നു. നാര്‍ക്കോണ്ടം ദ്വീപുമായി ബന്ധപ്പെട്ട് തുടര്‍ദിവസങ്ങളില്‍ ഉണ്ടായ വിവാദം ശ്രദ്ധിക്കുക. അന്ന് പക്ഷേ രാഷ്ട്രീയമായി ഇതായിരുന്നില്ല ചിത്രം. കോണ്‍ഗ്രസും ഇടതുപക്ഷവുമൊക്കെ ഭഗവതിന്റെ പുറത്താക്കലിനെ ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. സൈനിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ രണ്ട് സേനാ മേധാവികളും സര്‍ക്കാറുമായി അലോസരത്തിലായിരുന്നു എന്നത് ഇരുവര്‍ക്കുമിടയിലെ അതിശയകരമായ യാദൃഛികതയാണെന്ന് സമാശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ സൈന്യത്തിലുള്ള ഇടനിലക്കാരന്‍ തനിക്ക് 14 കോടി കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൈനിക ശേഷിയെ കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സിംഗിന്റേതായി പുറത്തുവന്നത്. സൂക്ഷ്മ വായനയില്‍ രണ്ടിന്റെ മര്‍മവും ഒന്നാണ്. സൈനിക ഇടപാടുകളില്‍ അഴിമതി നടക്കുന്നു എന്ന്. അടുത്ത 12 വര്‍ഷകാലയളവില്‍ 200 ബില്യന്‍ ഡോളറിന്റെ ആയുധക്കരാറുകളാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ പോകുന്നത്. 2012-'13 ബജറ്റില്‍ 1,93,407 കോടിയാണ് ഇന്ത്യ സൈനിക ആവശ്യങ്ങള്‍ക്കു വേണ്ടി വകയിരുത്തിയത്. ഇതിന്റെ 40 ശതമാനവും ആയുധ മാര്‍ക്കറ്റിലേക്കാണ് ഒഴുകിപ്പോവുകയെന്നത് വ്യക്തം. അതായത് നിലവിലുള്ള അന്താരാഷ്ട്ര ആയുധമാര്‍ക്കറ്റിന്റെ നടപ്പനുസരിച്ച് അതിന്റെ 40 ശതമാനം കോഴയായി നാടു ഭരിക്കുന്ന രാഷ്ട്രീയ സംഘടനകളുടെയും അതിന് ഇടനിലക്കാരായി നിന്നവരുടെയും രഹസ്യ അക്കൗണ്ടുകളില്‍ മടങ്ങിയെത്തും. ഈ വര്‍ഷം തുടക്കത്തില്‍ മാത്രം 11 ബില്യന്‍ ഡോളര്‍ ഫ്രാന്‍സിന്റെ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കു വേണ്ടി മുടക്കാന്‍ ഇന്ത്യ തയാറായി. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരിലൊന്നായ ഇസ്രയേലിന് ദക്ഷിണേന്ത്യന്‍ നഗരമായ ബാംഗ്‌ളൂരിലടക്കം ഇന്ന് കോണ്‍സുലേറ്റ് തുറന്നു കൊടുത്തു. മൊത്തം പ്രതിശീര്‍ഷ വരുമാനത്തിന്റെ വെറും 3 ശതമാനം മാത്രമേ ഇന്ത്യ ആയുധം വാങ്ങുന്നുള്ളൂ എന്ന വിചിത്രമായ ഒരു കണക്ക് ഈയിടെ എ.കെ ആന്റണി ദല്‍ഹിയില്‍ നടന്ന ഒരു യോഗത്തില്‍ ഉദ്ധരിച്ചിരുന്നു. മറുഭാഗത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ രാജ്യം ചെലവിടുന്നതിന്റെ ഇരട്ടിയിലേറെയാണ് നാം ആയുധം വാങ്ങുന്നത് എന്നതാണ് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യം. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് 182 രാഷ്ട്ര പട്ടികയില്‍ 134-ാമത്തെ സ്ഥാനമാണ് മാനവ വിഭവശേഷി വികസനത്തില്‍ ഇന്ത്യക്കുള്ളത് എന്നും കൂടി ഒപ്പം വായിക്കുക.
ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഷിയെ കുറിച്ച് സിംഗ് ഒന്നുകില്‍ നുണപറഞ്ഞു, അല്ലെങ്കില്‍ ഈ കരാറുകളിലൂടെ കോടികള്‍ ഇന്ത്യ പാഴാക്കി. ഇതില്‍ രണ്ടില്‍ ഏതോ ഒരുപക്ഷമേ ശരിയായിരിക്കാന്‍ ഇടയുള്ളൂ. സൈനികമായി അന്താരാഷ്ട്ര തലത്തില്‍ കരാറുകളില്‍ ഒപ്പുവെക്കുന്നതിലൂടെയാണ് നാടു ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നത് എന്നത് ആന്റണിയെന്നല്ല ഏത് പുണ്യവാളന്‍ വന്ന് സത്യപ്പെടുത്തിയാലും ഇന്ത്യയില്‍ നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം പുറമെ നടിക്കുന്ന മാന്യന്റെ വേഷമല്ല സിംഗിന്റേതെന്ന് സംശയിക്കാവുന്ന നിരവധി സമീപകാല സംഭവങ്ങളുമുണ്ട്. അമേരിക്കയുമായും ഇസ്രേയലുമായും ചേര്‍ന്ന് ഇന്ത്യക്കകത്ത് സംയുക്ത സൈനിക താവളം നിര്‍മിക്കുന്ന വിഷയത്തെ സിംഗ് അനുകൂലിച്ചെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിലൂടെ അന്താരാഷ്ട്ര ആയുധലോബിക്ക് ഇന്ത്യയെ തുറന്നിടാനുള്ള എ.കെ ആന്റണിയുടെ താല്‍പര്യത്തിന് താന്‍ എതിരല്ലെന്ന സന്ദേശം കൂടിയാണ് സിംഗ് പുറത്തുവിട്ടത്. എന്നിട്ടും അദ്ദേഹം അനഭിമതനായി തന്നെ തുടര്‍ന്നു. ഒടുവില്‍ പകരംവീട്ടലായി ഈ ചളിവാരിയെറിയലും.
എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം