Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

മാറുമോ അമേരിക്ക?

പി.കെ നിയാസ്

അമേരിക്കയെയും ലോകത്തെയും വെറുപ്പിച്ച ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുകയാണ്. ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്റായി 2021 ജനുവരി 20-ന് സ്ഥാനമേല്‍ക്കും. വംശീയത, കുടിയേറ്റം, വിദേശനയം, ദേശീയ സുരക്ഷ, കാലാവസ്ഥ, നികുതി, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ഭരണകൂടം കൈക്കൊണ്ട നിലപാടുകള്‍ വോട്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ഏഴു കോടിയിലേറെ വോട്ടുകള്‍ നേടി സര്‍വകാല റെക്കോര്‍ഡോടെയാണ് ബൈഡന്‍ വിജയം കൊയ്തത്. കഴിഞ്ഞ നാലു വര്‍ഷത്തെ ട്രംപ് ഭരണത്തിന്റെ ബാക്കിപത്രമാണ് പ്രധാന വിഷയങ്ങളായതെങ്കിലും കൊറോണ വൈറസ് നേരിടുന്നതില്‍ ട്രംപില്‍നിന്നുണ്ടായ നിരുത്തരവാദപരമായ ചെയ്തികള്‍ അദ്ദേഹത്തിന്റെ പരാജയത്തില്‍ സുപ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും അവിതര്‍ക്കിതമാണ്.
ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന പ്രഖ്യാപനം കേള്‍ക്കാന്‍ സുഖമുള്ള വാക്കായിരുന്നെങ്കിലും കടുത്ത മനുഷ്യത്വവിരുദ്ധത ഉള്‍ക്കൊള്ളുന്ന ആശയമായിരുന്നു അത്. വ്യാപാര, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ അമേരിക്കയെയും അവിടത്തെ ജനങ്ങളെയും മുന്‍പന്തിയിലെത്തിക്കുകയെന്ന സദുദ്ദേശ്യപരമായ പ്രഖ്യാപനമായി അതിനെ കാണാന്‍ കഴിയില്ല. കുടിയേറ്റക്കാരോടും മുസ്ലിംകളോടും കറുത്ത വര്‍ഗക്കാരോടുമൊക്കെയുള്ള വെറുപ്പിന്റെയും വിവേചന ചിന്തകളുടെയും പ്രഘോഷണം കൂടിയായിരുന്നു അത്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തിയാണ് ട്രംപ് തന്റെ ഇന്നിംഗ്സ് ആരംഭിച്ചതുതന്നെ. ഇത്രയും മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ അവിടത്തെ പരമോന്നത കോടതിക്ക് സാധിക്കുമായിരുന്നില്ല.
'അമേരിക്ക ഫസ്റ്റ്' എന്ന ആശയം അന്താരാഷ്ട്ര സമൂഹത്തോടുള്ള ഏറ്റുമുട്ടലായാണ് പല രാജ്യങ്ങളും വിലയിരുത്തിയത്. വിവിധ അന്താരാഷ്ട്ര ധാരണകളില്‍നിന്ന് അമേരിക്ക നടത്തിയ പിന്മാറ്റം നീതീകരിക്കാനാവാത്തതായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഇറാനുമായി ലോക രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ആണവ കരാറില്‍ (Joint Comprehensive Plan of Action) നിന്നുള്ള പിന്മാറ്റമാണ്. മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഒബാമയുടെ രണ്ടാമൂഴത്തില്‍ 2016 ജനുവരി 16-ന് ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നത്. എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പ്രസ്തുത കരാറില്‍നിന്ന് ട്രംപ് പിന്‍വാങ്ങിയത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയായിരുന്നു.
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്മാറിയതായിരുന്നു ട്രംപിന്റെ മറ്റൊരു കടുത്ത തീരുമാനം. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങളുടെ പരിണിത ഫലമാണ് പാരീസ് ഉടമ്പടി. 2050 -ഓടെ ആഗോള താപനവര്‍ധനാ തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത. ഇതിനായി 2020 മുതല്‍ 10,000 കോടി രൂപ സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയില്‍ ഉള്ളത്. 2025 -ഓടെ ഈ തുക വര്‍ധിപ്പിക്കും. കരാര്‍ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതല്ലെന്നും ഇന്ത്യയുടെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും കുറ്റപ്പെടുത്തിയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടമ്പടിയില്‍നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. 188 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചപ്പോഴായിരുന്നു യു.എസിന്റെ പിന്മാറ്റം.
ഏറ്റവുമൊടുവില്‍ ലോകാരോഗ്യ സംഘടനയുമായി തര്‍ക്കിച്ച് പ്രസ്തുത അന്താരാഷ്ട്ര സംവിധാനത്തില്‍നിന്ന് അമേരിക്കയെ പിന്‍വലിപ്പിക്കാനും ട്രംപ് തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ നോട്ടീസില്‍ 2021 ജൂലൈ 6 മുതല്‍ ഡബ്ലിയു. എച്ച്. ഒയില്‍ അമേരിക്ക ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മേല്‍പറഞ്ഞ മൂന്നു വിഷയങ്ങളിലും ട്രംപിന്റെ തീരുമാനം തിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
'അമേരിക്ക ഫസ്റ്റ്' മാത്രമല്ല, 'മൈ വേ' എന്നതായിരിക്കും തന്റെ നയമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. തന്റേതായ രീതിയിലായിരിക്കും മുന്നോട്ട് പോവുന്നതെന്നാണ് അദ്ദേഹം ഇതിലൂടെ സൂചന നല്‍കിയത്. അത് അങ്ങനെ തുടര്‍ന്നത് രണ്ടാമൂഴത്തിനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് വിഘാതമായി. രണ്ട് വിദേശകാര്യ സെക്രട്ടറിമാരും നാല് പ്രതിരോധ സെക്രട്ടറിമാരും ട്രംപിന്റെ നാലു വര്‍ഷത്തിനിടയില്‍ ഉണ്ടായി എന്നതു തന്നെ കഴിവുകെട്ട ഒരു പ്രസിഡന്റിന്റെ ലക്ഷണമായാണ് ലോകം വിലയിരുത്തിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ നാലാമത്തെ പ്രതിരോധ സെക്രട്ടറിയെയും പുറത്താക്കിയ ട്രംപ് ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ പരിഹാസ്യനായി.
ആണവായുധങ്ങളും മിസൈലുകളും ചൂണ്ടിക്കാട്ടി ഇറാനെതിരെ മാത്രമല്ല ട്രംപ് പടയൊരുക്കം തുടങ്ങിയത്. ചൈനയുമായും തുടക്കം മുതല്‍ ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചത്. ഏക ചൈന എന്ന നയത്തില്‍നിന്ന് പിന്നോട്ട് പോകുമെന്ന് ആദ്യം അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതില്‍നിന്ന് പിന്‍വലിഞ്ഞു, സ്വതന്ത്ര രാജ്യമായി മാറാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ കിട്ടുമെന്ന തായ്വാന്റെ മോഹത്തെ ട്രംപ് തല്ലിക്കെടുത്തി. ചൈനയുമായുള്ള വ്യാപാര മേഖലയിലെ സംഘര്‍ഷം ട്രംപ് കത്തിച്ചുവെന്നത് വസ്തുതയാണ്. ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈന നടത്തിവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ പോലും ആത്മാര്‍ഥത ഇല്ലാത്തതും ബീജിംഗുമായുള്ള വ്യാപാര സംഘര്‍ഷത്തിന്റെ മറപിടിച്ചുള്ളതുമായിരുന്നു.

ജനവിരുദ്ധതയുടെ നാലാണ്ട് 
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കാറുള്ള നയനിലപാടുകള്‍ ഇരട്ടത്താപ്പിന്റേതാണെന്നതില്‍ രണ്ടഭിപ്രായമില്ല. തങ്ങളോടൊപ്പമുള്ള രാജ്യങ്ങളില്‍ നടക്കുന്ന ഏതു മനുഷ്യാവകാശ ലംഘനങ്ങളെയും വെളളപൂശുകയും എതിര്‍ ചേരിയിലെ രാജ്യങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ പര്‍വതീകരിച്ച് ഉപരോധങ്ങള്‍ പോലെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന നിലപാടാണ് യു.എസിന്റേത്. ഇസ്രയേല്‍ ഭരണകൂടം ഫലസ്ത്വീനികളോടും ചില അറബ് രാജ്യങ്ങള്‍ സ്വന്തം പൗരന്മാരോടും ചെയ്തുകൂട്ടുന്ന മനുഷ്യത്വവിരുദ്ധ ചെയ്തികളോടുള്ള അമേരിക്കയുടെ സമീപനം ആദ്യഗണത്തില്‍ പെടുമ്പോള്‍ ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോടുള്ള നിലപാടുകള്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്നു. ഫലസ്ത്വീനികളെ ചോരയില്‍ മുക്കിക്കൊല്ലുന്ന സയണിസ്റ്റ് ഭീകരതയെ അമേരിക്ക അപലപിക്കാറില്ല. മറിച്ച് ചെറുത്തുനില്‍പ് നടത്തുന്നവരെ ഭീകരവാദികളായി മുദ്രകുത്തുകയാണ് പതിവ്. ഈജിപ്തിലെ ഹുസ്നി മുബാറക് മുതല്‍ അല്‍ സീസി വരെയുള്ള മര്‍ദക ഭരണാധികാരികള്‍ക്ക് ഡെമോക്രാറ്റുകള്‍ ആയാലും റിപ്പബ്ലിക്കന്മാര്‍ ആയാലും പട്ടും വളയും നല്‍കിയിട്ടേയുള്ളൂ. ഖശോഗ്ജി വധം ഉള്‍പ്പെടെ അഭിപ്രായ സ്വാതന്ത്ര്യം ചോരയില്‍ മുക്കപ്പെട്ടപ്പോള്‍ ട്രംപിന് നിലപാടില്ലാതിരുന്നത് ഒരുദാഹരണം.
ജനാധിപത്യവും ഫാഷിസവും തമ്മിലെ അതിര്‍വരമ്പ് നേര്‍ത്തുവന്നത് ട്രംപ് കാലഘട്ടത്തില്‍ ദൃശ്യമായി. വെള്ളക്കാരന്‍ യജമാനനാണെന്നും അവന്റെ കീഴിലായിരിക്കണം കറുത്തവനെന്നും ആധുനിക കാലഘട്ടത്തില്‍ പോലും ഒരു ഭരണാധികാരി, അതും അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി പറയുന്നേടത്തോളമെത്തി ട്രംപ് പ്രസരിപ്പിച്ച വൈറ്റ് സുപ്രീമസി. ജോര്‍ജ് ഫ്‌ളോയിഡ് സംഭവം അത് ഒരിക്കല്‍കൂടി ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. ട്രംപ്, നെതന്യാഹു, മോദി ത്രയം ലോകസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയാകുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ഒരുവേള ഈ ത്രയത്തിനൊപ്പം ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സോനാരോയും ഇടംപിടിക്കുകയുണ്ടായി. കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരില്‍ ട്രംപിനോളം കുപ്രസിദ്ധനാണ് ബോള്‍സോനാരോയെങ്കില്‍, അയല്‍രാജ്യങ്ങളിലെ മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് മാത്രം പൗരത്വം നല്‍കുമെന്ന അങ്ങേയറ്റത്തെ മനുഷ്യത്വവിരുദ്ധ നിയമം പാസ്സാക്കി മോദി ഇവരെ കടത്തിവെട്ടുകയായിരുന്നു. 'ഹൗഡി മോദി'യും 'നമസ്തേ ട്രംപും' പരസ്പര പുകഴ്ത്തലിന്റെ വേദിയായപ്പോള്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് ബോള്‍സോനാരോ ആയിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിക്രമങ്ങളെ വെള്ളപൂശാനും കശ്മീര്‍, സി.എ.എ വിഷയങ്ങളില്‍ മോദി ഗവണ്‍മെന്റിനെ പിന്തുണക്കാനും ട്രംപ് കാണിച്ച ഉത്സാഹം ജനാധിപത്യ സമൂഹങ്ങളില്‍ ഫാഷിസം പിടിമുറുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ ബൈഡനു കീഴില്‍ മോദിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 2005-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ പേരില്‍ മോദിക്ക് വിസ നിഷേധിച്ചത് ബുഷ് പ്രസിഡന്റായ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റാണെന്നത് പലര്‍ക്കും അതിശയമാണ്. എന്നാല്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്തുത തീരുമാനത്തോട് ബുഷിനും കൂട്ടര്‍ക്കും യോജിപ്പില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന വാര്‍ത്ത. അതുപോലുള്ള കര്‍ശന നിലപാടുകള്‍ മോദിയുടെ പൗരത്വ നിയമത്തിനെതിരെ ബൈഡന്‍ നയിക്കുന്ന ഡെമോക്രാറ്റ് ഭരണകൂടം കൈക്കൊള്ളുമോ? അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും ട്രംപില്‍നിന്ന് ബൈഡനിലേക്കുള്ള ശരിയായ അകലം.

ഫലസ്ത്വീനും ഇറാനും 
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രയേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 63 ശതമാനം പേരും ട്രംപ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇസ്രയേല്‍ അധിനിവേശത്തെയും സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ട്രംപിനോളം പിന്തുണച്ച പ്രസിഡന്റുമാര്‍ അമേരിക്കയില്‍ ഉണ്ടായിട്ടില്ല.
'നൂറ്റാണ്ടിന്റെ കരാര്‍' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി അവസാനം ട്രംപ് പ്രഖ്യാപിച്ച പുതിയ മിഡിലീസ്റ്റ് പദ്ധതി ഫലസ്ത്വീനികള്‍ക്ക് നിലവിലുള്ള ഭൂമി പോലും നഷ്ടപ്പെടുത്തുന്നതും സയണിസ്റ്റ് താല്‍പര്യങ്ങള്‍ മാത്രം ഉന്നംവെച്ചുള്ളതുമായ വഞ്ചനയുടെ ഡീലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ആരും ധൈര്യപ്പെടാത്ത നടപടികളാണ് ഫലസ്ത്വീന്റെ കാര്യത്തില്‍ ട്രംപ് ഇത:പര്യന്തം കൈക്കൊണ്ടത്.
2017 ഡിസംബര്‍ 6-ന് ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുശേഷം 2018 മേയ് 14-ന് യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി. നാല്‍പത്തിമൂന്നു വര്‍ഷമായി തുടരുന്ന കിഴക്കന്‍ ജറൂസലമിലെ ഇസ്രയേല്‍ അധിനിവേശം മുസ്ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. അധിനിവേശ ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം നിലനില്‍ക്കുന്നുണ്ട്. മുസ്ലിം ലോകത്തിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കുകയാണ് ചെയ്തത്. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല.
ജറൂസലമിലേക്ക് എംബസി മാറ്റി ഒരു വര്‍ഷം തികയും മുമ്പ് ഫലസ്ത്വീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലിയു.എക്കുള്ള സഹായധനം അമേരിക്ക നിര്‍ത്തലാക്കി. ഇതേവര്‍ഷം തന്നെ വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം എന്നിവയെ അധിനിവേശ പ്രദേശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയ ട്രംപ്, സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ അധിനിവേശ ഭൂമിയല്ലെന്നും അവ ഇസ്രയേലിന്റെ അവിഭാജ്യ ഭാഗമാണെന്നും 2019 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് സയണിസ്റ്റ് കൈയൂക്കിനും നിയമലംഘനങ്ങള്‍ക്കും ലഭിച്ച മറ്റൊരു അംഗീകാരം കൂടിയായിരുന്നു.

ബൈഡന്റെ സയണിസ്റ്റ് ബാന്ധവം
ഇസ്രയേലുമായുള്ള ബാന്ധവത്തിന്റെ കാര്യത്തില്‍ ട്രംപില്‍നിന്ന് വലുതായൊന്നും വ്യത്യസ്തനല്ല ജോ ബൈഡന്‍. 1973-ല്‍ ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇസ്രയേല്‍ സന്ദര്‍ശിച്ച് അധിനിവേശ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചയാളാണ് ബൈഡന്‍. അന്നു മുതല്‍ ഇന്നുവരെ ജൂത രാഷ്ട്രത്തിനുവേണ്ടി ശബ്ദിക്കുന്നതില്‍ അദ്ദേഹം പിറകോട്ട് പോയിട്ടില്ല. 2012-ലെ വൈസ് പ്രസിഡന്റ് സംവാദത്തില്‍, ഒബാമ ഭരണകൂടം ഇസ്രയേലിനെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പോള്‍ റയാന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ബൈഡന്‍ പറഞ്ഞത്, കഴിഞ്ഞ 39 വര്‍ഷമായി താനും നെതന്യാഹുവും ചങ്ങാതിമാരാണെന്നായിരുന്നു. ബൈഡനെ അഭിനന്ദിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍, ഇസ്രയേലിന്റെ മികച്ച സുഹൃത്തെന്നാണ് നെതന്യാഹു നിയുക്ത പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. 2015-ല്‍ ബറാക് ഒബാമയുടെ വൈസ് പ്രസിഡന്റായി ചുമതല വഹിക്കവെ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു: ജൂത ജനതയുടെ ജന്മനാടിനെ സംരക്ഷിക്കുകയെന്ന പാവനമായ ദൗത്യമാണ് അമേരിക്ക ഏറ്റെടുത്തിരിക്കുന്നത്.
ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിക്കുന്നതിനു രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയയാളാണ് ബൈഡന്‍. 1999-നകം യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാന്‍ വ്യവസ്ഥ ചെയ്യുന്ന 95-ലെ ബില്ലിനെ സെനറ്റില്‍ പിന്തുണച്ചവരില്‍ മുഖ്യനായിരുന്നു നിയുക്ത പ്രസിഡന്റ്.
ബൈഡനു പുറമെ, പില്‍ക്കാലത്ത് ഒബാമയുടെ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍ കെരിയും എംബസി മാറ്റത്തെ പിന്തുണച്ച ഡെമോക്രാറ്റിക് പ്രമുഖരില്‍ ഒരാളാണ്. റോബര്‍ട്ട് ബൈര്‍ഡ് (ഇന്ന് ജീവിച്ചിരിപ്പില്ല) മാത്രമാണ് സെനറ്റില്‍ എതിര്‍ത്ത് വോട്ടുചെയ്ത ഒരേയൊരു ഡെമോക്രാറ്റ്. ജനപ്രതിനിധി സഭയില്‍ 201 ഡെമോക്രാറ്റുകളില്‍ 30 പേര്‍ മാത്രമാണ് ജറൂസലമിലേക്ക് യു.എസ് എംബസി  മാറ്റുന്നതിനെ എതിര്‍ത്തത്.
ട്രംപിന്റെ ഇസ്രയേല്‍ അനുകൂല നടപടികളില്‍ പുന:പരിശോധന ആവശ്യമില്ലെന്ന നിലപാടാണ് ബൈഡന്റെയും കമല ഹാരിസിന്റെയും തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുക. എന്നു മാത്രമല്ല, ഇസ്രയേലിനുള്ള സൈനിക - സാമ്പത്തിക സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ ഫലസ്ത്വീനികളുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മാനിക്കണമെന്ന വ്യവസ്ഥയൊന്നും ബൈഡന്‍ മുന്നോട്ടുവെക്കുന്നില്ല. ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കന്‍ എംബസി തെല്‍ അവീവിലേക്ക് പുന:സ്ഥാപിക്കില്ലെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വക്താവ് വ്യക്തമാക്കിയിരുന്നു. ബൈഡനു പുറമെ സെനറ്റര്‍മാരായ കോറി ബുക്കര്‍, ആമി ക്ലോബുക്കാര്‍, കേഴ്സ്റ്റന്‍ ഗില്ലി ബ്രാന്റ് എന്നിവരും ഇതേ നിലപാടുകാരാണ്.
പുരോഗമനവാദിയായ രാഷ്ട്രീയക്കാരിയായി പ്രമോട്ട് ചെയ്യപ്പെടുന്ന കമല ഹാരിസിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജൂത ലോബിയുമായുള്ള ആഗസ്റ്റ് 26-ലെ ഒരു ടെലിഫോണ്‍ സംഭാഷണം ഹാരെറ്റ്സ് ദിനപത്രം പുറത്തുവിട്ടിരുന്നു. ഇസ്രയേലിനുള്ള സുരക്ഷാ സഹായം അവര്‍ എടുക്കുന്ന ഏതെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളുമായി ബന്ധിപ്പിക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതലായൊന്നും തനിക്ക് പറയാനില്ലെന്നുമായിരുന്നു സംഭാഷണത്തിലെ വരികള്‍.
ഇതൊക്കെയാണെങ്കിലും രണ്ട് കാര്യങ്ങളില്‍ ട്രംപില്‍നിന്ന് വ്യത്യസ്തനാണ് ബൈഡന്‍. അധിനിവേശ ഫലസ്ത്വീന്‍ ഭൂപ്രദേശങ്ങളിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന നിലപാടായിരുന്നു ട്രംപ് കൈക്കൊണ്ടിരുന്നത്. എന്നാല്‍, ഈ നിലപാട് സമാധാനത്തെ തുരങ്കം വെക്കുന്നതാണെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഫലസ്ത്വീന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന യു.എന്‍ ഏജന്‍സി (UNRWA)ക്കുള്ള സഹായം നിര്‍ത്തലാക്കിയ ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്ത ബൈഡന്‍ മാനുഷിക സഹായം പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ട്രംപിന്റെ ഫലസ്ത്വീന്‍ നയങ്ങള്‍ അതേപടി ബൈഡന്‍ തുടരില്ലെന്ന് ഉറപ്പാണ്. ഫലസ്ത്വീന്‍, വിശാല മിഡിലീസ്റ്റ് എന്നീ വിഷയങ്ങളില്‍ മുന്‍ പ്രസിഡന്റിന്റെ വിവാദമായ പല നയങ്ങളും തിരുത്തുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറബ് അമേരിക്കന്‍ ന്യൂസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്.
ഇസ്രയേലുമായി ബൈഡന്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ള ഒരു മേഖല ഇറാനുമായുള്ള ആണവ കരാര്‍ പുന: സ്ഥാപിക്കാനുള്ള നീക്കമായിരിക്കും. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചില അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇറാനെതിരായ ട്രംപിന്റെ കര്‍ശന നിലപാടുകളായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ആണവ കരാറില്‍നിന്നുള്ള പിന്മാറ്റവും തെഹ്റാനെതിരെ വീണ്ടും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളുമായിരുന്നു. എന്നാല്‍, ആണവകരാറിലേക്ക് ഇറാനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന ബൈഡന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ ഉപരോധങ്ങളില്‍നിന്ന് ഇറാന്‍ മുക്തമാകും. ഇത് ഇസ്രയേലിന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് കടുത്ത ക്ഷീണമേല്‍പിക്കും എന്നുറപ്പാണ്. ട്രംപിന്റെ നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായി, നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ പാത ഇറാന് വാഗ്ദാനം ചെയ്യുമെന്നാണ് സി.എന്‍.എന്നിനു വേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സയണിസ്റ്റ് വിമര്‍ശകര്‍ ബൈഡന്‍ ഗവണ്‍മെന്റില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന ആശങ്കയും സയണിസ്റ്റ് നേതൃത്വത്തിനുണ്ട്. വെര്‍മണ്ടില്‍നിന്നുള്ള സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മുന്‍നിരക്കാരനുമായിരുന്ന ബെര്‍ണി സാന്റേഴ്‌സ് നെതന്യാഹുവിനെ വംശീയവാദിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. സാന്റേഴ്‌സ് കാബിനറ്റ് പദവിയില്‍ എത്തുമെന്ന് ഉറപ്പാണ്. അതുപോലെ, ഇസ്രയേലിനും ട്രംപിനും ഒരുപോലെ അനഭിമതരായ, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വനിതാ മുസ്ലിം മുഖങ്ങളും ഇസ്രയേലിന്റെ അധിനിവേശ, വംശീയ നിലപാടുകള്‍ക്കെതിരായ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളികളുമായ റശീദ തലൈബും ഇല്‍ഹാന്‍ ഉമറും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന റാഡിക്കല്‍ വിഭാഗം ഇസ്രയേല്‍ വിരുദ്ധരാണെന്നും അവര്‍ ശക്തിയാര്‍ജിച്ചുവെന്നുമാണ് ഇസ്രയേലിലെ ബിര്‍-ഇലാന്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ ഈറ്റന്‍ ഗില്‍ബോ അഭിപ്രായപ്പെടുന്നത്.
ഈയ്യിടെയായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇസ്രയേലിന്റെ നയനിലപാടുകള്‍ക്ക് എതിരെ രംഗത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പ്രതിവര്‍ഷം സൈനിക സഹായമായി 330 കോടി ഡോളറും മിസൈല്‍ പ്രതിരോധ ഫണ്ടെന്ന പേരില്‍ 50 കോടി ഡോളറുമാണ് അമേരിക്ക ഇസ്രയേലിന് നല്‍കിവരുന്നത്. 2016-ല്‍ ഒബാമ ഗവണ്‍മെന്റും ഇസ്രയേല്‍ ഭരണകൂടവും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പുതുക്കിയ തുകയാണിത്. ഇല്‍ഹാന്‍ ഉമര്‍, മാര്‍ക്ക് പോക്കാന്‍, അലക്സാണ്ട്രിയ ഓകാസിയോ കോര്‍ടസ് തുടങ്ങിയ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനവാദികള്‍ ഈ വിഷയത്തില്‍ പുന:പരിശോധന ആവശ്യപ്പെടുന്നുണ്ട്. ഫലസ്ത്വീനികളോടുള്ള ഇസ്രയേലിന്റെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 2019 ആഗസ്റ്റില്‍ ഇല്‍ഹാന്‍ ഉമറിനെയും റശീദയെയും ഇസ്രയേല്‍, വെസ്റ്റ് ബാങ്ക് സന്ദര്‍ശനങ്ങളില്‍നിന്ന് നെതന്യാഹു തടഞ്ഞതോടെ മുതിര്‍ന്ന ഡെമോക്രാറ്റുകള്‍ നിലപാട് കടുപ്പിക്കുകയുണ്ടായി.
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഇസ്രയേല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഫലസ്ത്വീന്‍ അതോറിറ്റി വാഷിംഗ്ടണുമായുള്ള ബന്ധം വിഛേദിച്ചത്. പുതിയ സാഹചര്യത്തില്‍ അമേരിക്കയുമായി യോജിച്ച് സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നതായി ബൈഡന് അയച്ച അഭിനന്ദന സന്ദേശത്തില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. നിലച്ചുപോയ മിഡിലീസ്റ്റ് സമാധാന ചര്‍ച്ചകള്‍ ബൈഡന്റെ ഉടനെയുള്ള അജണ്ടകളില്‍ ഉള്‍പ്പെടില്ലെങ്കിലും ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്നത്തില്‍ മാധ്യസ്ഥം വഹിക്കുകയെന്ന അമേരിക്കയുടെ പ്രഖ്യാപിത നിലപാട് ഏറെ താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
എന്നാല്‍, എല്ലാം ഒരു സുപ്രഭാതത്തില്‍ മാറുമെന്നും ട്രംപില്‍നിന്ന് പൂര്‍ണമായും വ്യത്യസ്തമായ നിലപാടുകള്‍ ബൈഡന്‍ കൈക്കൊള്ളുമെന്നും വിചാരിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ച അമിതാത്മവിശ്വാസമായിരിക്കും. പല സുപ്രധാന വിഷയങ്ങളിലും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റം കാണാറില്ല. എന്നാല്‍, നാലു വര്‍ഷം കൊണ്ട് ട്രംപ് അമേരിക്കയെ കൊണ്ടെത്തിച്ച ഭീകരമായ പതനത്തില്‍നിന്ന് രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബൈഡന്റെ ഏതു നീക്കവും സ്വാഗതം ചെയ്യപ്പെടും. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി ഒരു പ്രസിഡന്റിന് രണ്ടാംവട്ടം വിജയിക്കാന്‍ കഴിഞ്ഞില്ലെന്നത് ട്രംപ് രാജ്യത്തിനും ലോകത്തിനും ഏല്‍പിച്ച ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌