Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ശാന്തപുരം മഹല്ലിലെ സ്ത്രീ ശാക്തീകരണം

കെ. ഫാത്വിമ സുഹ്‌റ, ശാന്തപുരം

ശാന്തപുരം മഹല്ലിന്റെ ഗതകാല ചരിത്ര സ്മരണകളുണര്‍ത്തി ഹൈദരലി ശാന്തപുരം പ്രബോധനം വാരികയിലെഴുതിയ ലേഖന പരമ്പര മഹല്ലിനെക്കുറിച്ച ഒട്ടേറെ വിവരങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കി. ചില അനുബന്ധ വിവരങ്ങള്‍ കൂടി  അതില്‍ വരേണ്ടിയിരുന്നു എന്നു തോന്നി.
മുള്ള്യാകുര്‍ശി മഹല്ലിന് ശാന്തപുരം മഹല്ലെന്ന് നാമകരണം ചെയ്ത് അതിനെ ഒരു മാതൃകാ മഹല്ലാക്കി മാറ്റുന്നതില്‍ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ച ഒട്ടേറെ മഹാന്മാരോട് ശാന്തപുരം നിവാസികള്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഹാജി സാഹിബും ഇസ്സുദ്ദീന്‍ മൗലവിയും തെളിയിച്ച ദീപശിഖയാണ് ഈ പ്രദേശത്തെ പ്രഭാപൂരിതമാക്കിയത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബീജാവാപം നടത്താന്‍ വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ തെരഞ്ഞെടുത്തത് അവരുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമാണ്.
അക്കാലത്ത് മഹല്ല് ഖാദിയായിരുന്ന കളക്കണ്ടത്തില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇസ്സുദ്ദീന്‍ മൗലവിയുടെ ആഗമനത്തോടെ ഖാദി സ്ഥാനത്തുനിന്നും ഒഴിവായി. ഇസ്സുദ്ദീന്‍ മൗലവി ലക്ഷ്യം വെക്കുന്നതുപോലുള്ള ഒരു മഹല്ലിന് നേതൃത്വം നല്‍കാന്‍ താന്‍ അശക്തനാണെന്ന ബോധ്യത്താലാകാം അദ്ദേഹം ഖാദിസ്ഥാനം ഒഴിവായി തനിക്കേറ്റവും താല്‍പര്യമുള്ള കൃഷി രംഗത്തേക്ക് തിരിഞ്ഞത്. ഇസ്സുദ്ദീന്‍ മൗലവിയുടെ ആശയാദര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നില്ല എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ മൂത്ത പേരമകന്‍ കെ.കെ മമ്മുണ്ണി മൗലവി ഉള്‍പ്പെടെയുള്ള മിക്ക പേരമക്കളെയും അവരുടെ പിതാക്കളുടെ അസാന്നിധ്യത്തില്‍ താല്‍പര്യപൂര്‍വം ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ത്തു പഠിപ്പിച്ചത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഈ മഹല്ലിന് ഖാദിമാരെ നിശ്ചയിച്ചിരുന്നത് ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയായതിനാല്‍ തുടക്കം മുതല്‍ ഇന്നുവരെയും പ്രഗത്ഭരായ ഖാദിമാരെത്തന്നെ മഹല്ലിന് ലഭിക്കുകയുണ്ടായി. എ.കെ അബ്ദുല്‍ഖാദിര്‍ മൗലവി മുതല്‍ നിലവിലെ ഖാദിയും ജമാഅത്തെ ഇസ്‌ലാമി കേരള അമീറുമായ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് വരെ ഇസ്സുദ്ദീന്‍ മൗലവി മുന്നോട്ടു വെച്ച ആശയാദര്‍ശങ്ങള്‍ക്കനുസൃതമായി മഹല്ലിനെ മുന്നോട്ടു നയിക്കുകയുണ്ടായി. ഇവരില്‍ പല പ്രമുഖ ഖാദിമാരുടെയും വിലപ്പെട്ട സേവനങ്ങള്‍ ഹൈദറലി ശാന്തപുരത്തിന്റെ ലേഖന പരമ്പരയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരാമര്‍ശിക്കപ്പെടാത്ത ചില കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു.
മഹല്ലിന്റെ കൃഷി സ്ഥലങ്ങള്‍ കൃഷിക്കായി പലരുടെയും കൈവശമുണ്ടായിരുന്ന അക്കാലത്ത്, ഭൂപരിഷ്‌കരണ നിയമം നടപ്പില്‍ വന്നപ്പോള്‍ അവ നഷ്ടപ്പെടുമോ എന്ന ആശങ്ക അന്നത്തെ ഖാദി കെ.ടി അബ്ദുപ്പു മൗലവിക്കുണ്ടായി. തുടര്‍ന്ന് അദ്ദേഹം ആ വെള്ളിയാഴ്ച ദിവസം മിമ്പറില്‍ കയറി മഹല്ല് ഭൂമി കൈവശമുള്ളവരെല്ലാം അവ തിരിച്ചേല്‍പിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ എല്ലാവരും ഭൂമി മഹല്ലിന് തിരിച്ചേല്‍പിക്കുകയുണ്ടായി. അത്രയേറെ സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനഹൃദയങ്ങളിലുണ്ടായിരുന്നത്. മഹല്ലില്‍ ശ്രദ്ധേയമായ ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ ഖാദിയായിരുന്നു കെ.ടി അബ്ദുര്‍റഹീം സാഹിബ്. അബ്ദുസ്സലാം മൗലവി തുടങ്ങിവെച്ച പലിശ രഹിത വായ്പാ പദ്ധതി പോലുള്ള പദ്ധതികള്‍ വിപുലീകരിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. നിരവധി ഖുതുബകളിലൂടെ പലിശക്കെതിരെ അദ്ദേഹം നടത്തിയ ഉല്‍ബോധനങ്ങള്‍ ഇന്നും മനസ്സുകളില്‍ തങ്ങിനില്‍ക്കുന്നു. മഹല്ലില്‍ സകാത്തിനെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിലും സകാത്ത് സംവിധാനം കാര്യക്ഷമമാക്കുന്നതിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു. മഹല്ലുകളില്‍ സകാത്ത് സംവിധാനം കാര്യക്ഷമമാക്കുകയാണെങ്കില്‍ അവിടത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയൊരളവോളം അത് സഹായകമാകുമെന്ന് ചരിത്ര സംഭവങ്ങളുദ്ധരിച്ച് അദ്ദേഹം സമര്‍ഥിച്ചു. ദരിദ്രര്‍ക്ക് നല്‍കിയിരുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, ജീവിതായോധന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് അത് സഹായകമായി. പില്‍ക്കാലത്ത് ഭവനരഹിതര്‍ക്ക് വീടുകള്‍ വെച്ചു കൊടുക്കുവാന്‍ മാത്രം സകാത്ത് ഫണ്ട് വിപുലീകരിക്കപ്പെട്ടു.
കെ.ടി അബ്ദുര്‍റഹീം സാഹിബിനു മുമ്പ് മഹല്ലിന്റെ സാരഥ്യം ഏറ്റെടുത്ത ഖാദിയായിരുന്നു സി.ടി സാദിഖ് മൗലവി. എ.കെ അബ്ദുല്‍ഖാദിര്‍ മൗലവിക്ക് പ്രസ്ഥാന നേതൃത്വവും കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനവും മഹല്ല് ഖാദിയുടെ ഉത്തരവാദിത്തവും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ടെന്ന് മഹല്ല് കമ്മിറ്റി മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സഹായിയായിട്ടാണ് മഹല്ലിന്റെ അസിസ്റ്റന്റ് ഖാദിയായി സാദിഖ് മൗലവി നിയമിക്കപ്പെട്ടത്.
1981-ല്‍ മഹല്ല് അസിസ്റ്റന്റ് ഖാദി സ്ഥാനം ഏറ്റെടുത്ത സാദിഖ് മൗലവി ജാതിമത ഭേദമന്യേ മഹല്ലിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സൗഹൃദം സ്ഥാപിച്ചു. മഹല്ല് സംസ്‌കരണത്തില്‍ ഈ സന്ദര്‍ശനങ്ങള്‍ വലിയ പങ്കു വഹിച്ചു. മഹല്ലിലെ കേസുകള്‍ കോടതികളിലെത്താതെ പരിഹരിക്കാനുള്ള ശറഈ പഞ്ചായത്ത്, മഹല്ല് നിവാസികളുടെ സംസ്‌കരണം ലക്ഷ്യം വെച്ച് സാംസ്‌കാരിക സമിതി, നമസ്‌കാരത്തിന് ആളുകളെ പ്രേരിപ്പിക്കാന്‍ നമസ്‌കാര കമ്മിറ്റി തുടങ്ങി വിവിധ സമിതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുകയും നെല്ലിന്റെ സകാത്ത് സംഭരണം ഊര്‍ജിതമാക്കുകയും ചെയ്തു. ശാന്തപുരം മഹല്ലിനെ ഓലപ്പുരയില്ലാത്ത മഹല്ലാക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നം ഒടുവില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടു.
1990-ല്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് കേരള ഹല്‍ഖാ അമീര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ സാദിഖ് മൗലവിയെ അദ്ദേഹം തെക്കന്‍ മേഖലാ നാസിമായി നിയോഗിച്ചു. അതിനെ തുടര്‍ന്നാണ് കെ.സി ജലീല്‍ മൗലവി (പുളിക്കല്‍) അസിസ്റ്റന്റ് ഖാദിയായി നിയമിതനാകുന്നത്. പാതിവഴിയില്‍ നിലച്ചുപോയ ശാന്തപുരം-മങ്കട റോഡ്, പി.ഡബ്ല്യു.ഡിയില്‍ സമ്മര്‍ദം ചെലുത്തിയും ചെറിയ സമരമുറകള്‍ സ്വീകരിച്ചും പണിപൂര്‍ത്തിയാക്കിയത് ജലീല്‍ മൗലവിയുടെ ശ്രമഫലമായിട്ടായിരുന്നു. രൂക്ഷമായ ജലക്ഷാമം നേരിട്ടിരുന്ന നായര്‍തൊടി കോളനിയില്‍ വിപുലമായ ഒരു കുടിവെള്ള പദ്ധതി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട പ്രവര്‍ത്തനമാണ്. കേവലം മൂന്ന് നാല് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനാകാന്‍ കെ.സി ജലീല്‍ മൗലവിക്ക് സാധിച്ചു.
അദ്ദേഹത്തെപ്പോലെ വ്യത്യസ്ത കാലയളവില്‍ മഹല്ലിനെ നയിച്ച മറ്റു പല അസിസ്റ്റന്റ് ഖാദിമാരുമുണ്ടായിരുന്നു. ഇവരില്‍ എടുത്തു പറയേണ്ട പണ്ഡിതവര്യനാണ് കെ.കെ സഈദ് അലി മൗലവി. ശാന്തപുരം കോളേജ് അധ്യാപകനായിരുന്നു അദ്ദേഹം. മഹല്ലിന്റെ അസിസ്റ്റന്റ് ഖാദി സ്ഥാനവും കൂടി വഹിച്ചു. ശാന്തപുരം കോളേജ് അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്ന പണ്ഡിതവര്യനായ പി.കെ അബ്ദുല്ല മൗലവി മഹല്ലിന്റെ ഖാദിയും അസിസ്റ്റന്റ് ഖാദിയുമെല്ലാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തപുരം കോളേജിലെ നിരവധി പ്രഗത്ഭരായ അധ്യാപകര്‍ മഹല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും നേതൃത്വം നല്‍കിയിട്ടുണ്ട്. പി. അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, എന്‍.എം ശരീഫ് മൗലവി, കെ. മൊയ്തു മൗലവി, എം. മുഹമ്മദ് മൗലവി, കുഞ്ഞിമുഹമ്മദ് മൗലവി (കരുവാരക്കുണ്ട്), കെ.ടി അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടവരാണ്.
മഹല്ലിന്റെ സംസ്‌കരണത്തിലും ശാക്തീകരണത്തിലും പ്രധാന പങ്കുവഹിച്ച അവഗണിക്കാനാവാത്ത വിഭാഗമാണ് മഹല്ലിലെ പകുതിയിലേറെ വരുന്ന വനിതകള്‍. സ്ത്രീകളെ സംഘടിപ്പിക്കുകയും ഇസ്‌ലാമികമായി ശാക്തീകരിക്കുകയും ചെയ്‌തെങ്കിലേ മഹല്ലിനെ സംസ്‌കരിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ നേതൃത്വം വിദ്യാഭ്യാസപരമായി അവരെ മുന്നോട്ടു നയിച്ചു. ശാന്തപുരം കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ കുറവാണെന്നു പറയാം. പതിനൊന്ന് വര്‍ഷത്തെ സ്‌കീമില്‍ കേവലം ആറുപേരാണ് നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നുമായി ഫൈനല്‍ പൂര്‍ത്തിയാക്കിയത്.
എ.ഐ.സി അഫ്ദലുല്‍ ഉലമ കോഴ്‌സില്‍ ഏതാനും പെണ്‍കുട്ടികളും പഠനം പൂര്‍ത്തിയാക്കിയവരായിട്ടുണ്ട്. ഇവരില്‍ അധികപേരും വിദ്യാഭ്യാസ സാംസ്‌കാരിക പ്രാസ്ഥാനിക മേഖലകളില്‍ അവരുടെ പരിധികളില്‍ നിന്നുകൊണ്ട് വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സ്ത്രീകളെ സമുദ്ധരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒരു ഘടകമാണ് ജുമുഅ ഖുത്വ്ബകളിലെ സ്ത്രീ പങ്കാളിത്തം. 1970-കളില്‍ തന്നെ ശാന്തപുരം മഹല്ലില്‍ സ്ത്രീകള്‍ക്ക് ജുമുഅ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 1972-ല്‍ അന്തരിച്ച അന്നത്തെ ഖാദിയായിരുന്ന കെ.ടി അബ്ദുപ്പു മൗലവി ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പര്യമെടുക്കുകയും പള്ളി പുതുക്കിപ്പണിയുമ്പോള്‍ മുകള്‍ ഭാഗത്ത് സ്ത്രീകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം മുതലേ സ്ത്രീകളെ അതിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം സഹകരിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ശാന്തപുരത്തിന്റെ എല്ലാ ഭാഗങ്ങളിലും വനിതാ ഹല്‍ഖകള്‍ നിലവില്‍വന്നു. പ്രസ്ഥാന നേതാക്കള്‍ തന്നെ വനിതകള്‍ വേണ്ടി പ്രാസ്ഥാനിക അവബോധം പകര്‍ന്നു നല്‍കുന്ന പരിപാടികള്‍ നടത്തി.
സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖയാണ് എം.ടി കുഞ്ഞീരുമ്മ ടീച്ചര്‍. അവര്‍ മികച്ച അധ്യാപികക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. ടീച്ചറുടെ വീട്ടില്‍ അവരുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലന കേന്ദ്രം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്നും ഓര്‍ക്കുന്നു.
ശാന്തപുരം മഹല്ലില്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഒട്ടും വേരോട്ടം ലഭിക്കാതെ പോകുന്നത് സ്ത്രീകളുടെ ഉല്‍ബുദ്ധതയുടെ ഫലമാണ്. മഹല്ല് കമ്മിറ്റിയിലും വാര്‍ഡ് സമിതികളിലും സ്ത്രീകള്‍ 2008 മുതല്‍ അംഗങ്ങളാണ്. നിലവില്‍ മഹല്ല് കമ്മിറ്റിയില്‍ 8 വനിതാ അംഗങ്ങളുണ്ട്. മഹല്ലില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ കൂടുതലായും നടത്തുന്നത് വനിതകളാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹായി വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ (മുമ്പത്തെ പലിശരഹിത പദ്ധതിക്ക് പകരം) 20 വീതം അംഗങ്ങളുള്ള 58 അയല്‍കൂട്ടങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വരുന്നു.

 

മൗദൂദിയുടെ സീറ: പരാമര്‍ശം ശരിയല്ല

2020 നവംബര്‍ 13-ലെ ലക്കത്തില്‍ മൗദൂദിയുടെ 'വിശ്വ നായകന്‍' എന്ന ലേഖനം പരിചയപ്പെടുത്തുന്ന ഭാഗത്ത് തന്റെ സീറ രണ്ടാം ഭാഗത്തിന് ആമുഖമായി അദ്ദേഹം പ്രത്യേകം തയാറാക്കിയതാണ് അതെന്ന പരാമര്‍ശം ശരിയല്ല. യഥാര്‍ഥത്തില്‍ 'ഖുര്‍ആന്‍ അപ്‌നെ ലാനെ വാലേ കു കിസ് റങ്ക് മെ പേശ് കര്‍താ ഹെ' എന്ന ശീര്‍ഷകത്തില്‍ നബിദിനത്തോടനുബന്ധിച്ച് 1927-ല്‍ അല്‍ ജംഇയ്യത്ത് (ദല്‍ഹി) പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ലേഖനം. അദ്ദേഹത്തിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ 1944-ല്‍ അത് പുനഃപ്രസിദ്ധീകരിക്കുകയും ലേഖനസമാഹാരമായ തഫ്ഹീമാത്തില്‍ (രണ്ടാം ഭാഗം) എടുത്ത് ചേര്‍ക്കുകയും ചെയ്തു. സീറ ആമുഖത്തിന്റെ അവസാനം അടിക്കുറിപ്പില്‍ അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സീറാ ആമുഖമായി ചേര്‍ക്കുമ്പോള്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടെന്ന് മാത്രം. മൗദൂദിയുടെ പരന്ന വായനയുടെയും ആഴമുള്ള നിരീക്ഷണങ്ങളുടെയും മകുടോദാഹരണമായ, മലയാളത്തില്‍ വെളിച്ചം കാണാത്ത അനേകം ലേഖനങ്ങളിലൊന്ന് മാത്രമാണിത്.

വി.എ കബീര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌