Prabodhanm Weekly

Pages

Search

2020 നവംബര്‍ 13

3176

1442 റബീഉല്‍ അവ്വല്‍ 27

അധിക്ഷേപവും അക്രമവും വേണ്ട, സംവാദം നടക്കട്ടെ

തന്റെ പ്രസ്താവനകള്‍ മുസ്‌ലിം ലോകത്തുണ്ടാക്കിയ ജനകീയ രോഷം തണുപ്പിക്കാന്‍ ഒടുവില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ രംഗത്തിറങ്ങി. ഇസ്‌ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഫ്രാന്‍സില്‍ താനതിന്റെ ദിശ നേരെയാക്കുമെന്നുമൊക്കെ വീമ്പടിച്ച മാക്രോണ്‍ ഇസ്‌ലാം ഭീതി പരത്തുന്ന തന്റെ ജല്‍പ്പനങ്ങള്‍ ആഴ്ചകളോളം തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം പ്രവാചകനെ വൃത്തികെട്ട രീതിയില്‍ അധിക്ഷേപിക്കുന്ന കാരിക്കേച്ചറുകള്‍ ഷാര്‍ലി എബ്‌ദോ പത്രം പുനഃപ്രസിദ്ധീകരിച്ചതിനെ ന്യായീകരിച്ചുകൊണ്ടുമിരുന്നു. ഇതിനെതുടര്‍ന്ന് മുസ്‌ലിം ലോകത്തുടനീളം വന്‍പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടുമിരുന്നു. ര് ബില്യനോളം വരുന്ന ഒരു വലിയ ജനസമൂഹത്തെയും അതിന്റെ നായകനെയും താന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാതെ തെരുവ് ഭാഷയില്‍ ചീത്ത വിളിച്ചുകൊണ്ടിരുന്ന മാക്രോണിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടുവെന്ന് ഒരു ഘട്ടത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. അത് തുര്‍ക്കിയും ഫ്രാന്‍സും തമ്മില്‍ കടുത്ത വാഗ്വാദത്തിന് വഴിവെച്ചു. അറബ് ലോകത്തെ ഏകാധിപത്യ ഭരണകൂടങ്ങള്‍ മാക്രോണിന്റെ പക്ഷം ചേര്‍ന്നു നോക്കിയെങ്കിലും ജനം ഒപ്പമില്ലെന്ന് കണ്ട് പതിയെ പിന്‍വലിഞ്ഞു. ഈ നില തുടരുന്നത് പശ്ചിമേഷ്യയുമായും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളുമായും പലതരം ബന്ധങ്ങളുള്ള ഫ്രാന്‍സിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഒട്ടും അനുഗുണമല്ലെന്ന് ആരോ സദ്ബുദ്ധി ഉപദേശിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, മാക്രോണ്‍ തന്റെ നിലപാട് ഒന്ന് മയപ്പെടുത്തിയത്. പറഞ്ഞ കാര്യങ്ങള്‍ തെറ്റായിപ്പോയെന്നും മാപ്പപേക്ഷിക്കുന്നുവെന്നും മാക്രോണ്‍ പറഞ്ഞിട്ടില്ല. തന്റെ പരാമര്‍ശങ്ങള്‍ മുസ്‌ലിംകള്‍ക്ക് മനഃപ്രയാസമുണ്ടാക്കിയതായി താന്‍ മനസ്സിലാക്കുന്നുവെന്നാണ് പറഞ്ഞത്. പക്ഷെ മാപ്പ് ചോദിക്കുന്നതിന് തുല്യമായിരുന്നു മാക്രോണിന്റെ സംസാരം. കൊളോണിയല്‍ അഹന്തകള്‍ തീര്‍ത്ത ഹുങ്കിന്റെ ഗോപുരങ്ങളില്‍നിന്ന് മാക്രോണിനെ താഴത്തിറക്കാന്‍ ലോകത്തെമ്പാടുമുള്ള മുസ്‌ലിം ജനസാമാന്യത്തിന് കഴിഞ്ഞു. ഈ ഇസ്‌ലാം-പ്രവാചകനിന്ദക്കെതിരെ തുര്‍ക്കിയും പാകിസ്താനുമല്ലാതെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ലെന്നും ഓര്‍ക്കുക.
ഫ്രാന്‍സിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയ ഘട്ടത്തില്‍ പല കേന്ദ്രങ്ങളും അതത് ഭരണകൂടങ്ങളുടെ പിന്‍ബലത്തോടെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്, ഇതൊരു 'ഇഖ്‌വാനി-തുര്‍ക്കി' ഗൂഢാലോചനയാണ് എന്നായിരുന്നു. ഈ പ്രചാരണം ഒട്ടുമേ ഏശിയില്ല. മുസ്‌ലിം ജനസാമാന്യം അതിനെ പുഛിച്ച് തള്ളുകയും ചെയ്തു. പശ്ചിമേഷ്യയിലെ ഭരണകൂടങ്ങള്‍ എത്രമാത്രം പാശ്ചാത്യ വിധേയത്വത്തിന് അടിപ്പെട്ടുപോയിരിക്കുന്നു എന്ന് കൂടി തുറന്നു കാണിക്കുന്നുണ്ട് ഈ സംഭവം. ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും ഒരു പാശ്ചാത്യ ഭരണാധികാരി അധിക്ഷേപിച്ചപ്പോള്‍ ഔദ്യോഗികമായി ഒരു മാമൂല്‍ പ്രതിഷേധക്കുറിപ്പിറക്കാന്‍ പോലും തയാറാകാതെ, ആ നീച പ്രവൃത്തിയെ ന്യായീകരിക്കാനാണ് ചില ഭരണകൂടങ്ങള്‍ മുതിര്‍ന്നത്. ഈ ജനകീയ പ്രതിഷേധം ഒരു സൂചനയായി എടുക്കാമെങ്കില്‍ സയണിസത്തോടുള്ള ഒത്തുതീര്‍പ്പിനെതിരെയും അത് ഉയര്‍ന്നു വന്നേക്കുമെന്നാണ് മനസ്സിലാവുന്നത്.
മുസ്‌ലിം ലോകവുമായി വിവാദ വിഷയത്തില്‍ സംവദിക്കാന്‍ മാക്രോണ്‍ അല്‍ജസീറ ചാനലിനെ തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. അല്‍ജസീറയുടെ നിലപാടുകള്‍ക്കൊപ്പമാണ് മുസ്‌ലിം മനസ്സെന്ന് മാക്രോണ്‍ മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം ഫ്രഞ്ച് പ്രസിഡന്റിനെ ക്ലേശിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ അല്‍ജസീറ പ്രതിനിധിയും ജാഗ്രത കാണിച്ചു. വെടിനിര്‍ത്തലിന്റെ സ്വരം മാക്രോണിന്റെ സംസാരത്തിലുണ്ടായിരുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മര്‍വാന്‍ ബിശാറ ചൂണ്ടിക്കാട്ടിയപോലെ, തെറ്റ് സമ്മതിക്കുന്ന തരത്തില്‍ മാക്രോണ്‍ സംസാരിച്ച സ്ഥിതിക്ക് പ്രശ്‌നം ഇനിയും സങ്കീര്‍ണമാക്കാതിരിക്കലാണ് ബുദ്ധി. ഫ്രഞ്ച് മുസ്‌ലിംകള്‍ക്ക് അത് വലിയ തലവേദനയായിത്തീരും. വിവാദ കാര്‍ട്ടൂണുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമായി ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ കഴുത്തറുത്ത് കൊന്നതും നീസ് നഗരത്തില്‍ നടന്ന അക്രമത്തില്‍ മൂന്ന് പേര്‍ മരിക്കാനിടയായതും ഒട്ടും ശുഭകരമായ സൂചനകളല്ല നല്‍കുന്നത്. മുസ്‌ലിം കൂട്ടായ്മകളെല്ലാം ഈ കൊലപാതകങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ അധിക്ഷേപത്തിന്റെയും അതിക്രമത്തിന്റെയും തലത്തില്‍നിന്ന് സംവാദത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഇരുപക്ഷത്തിനും കഴിയണം.

Comments