Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുള്ള കലാപ്രപഞ്ചം

ഒ. സഫറുല്ല

സിനിമ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക വിനോദങ്ങളോടും വിനിമയ മാധ്യമങ്ങളോടും മുസ്‌ലിംകളുടെ സമീപനം എന്തായിരിക്കണമെന്നതിനെ കുറിച്ചുള്ള ജനാധിപത്യപരമായ സംവാദങ്ങള്‍ക്കുള്ള പ്രതലം പോലും അസാധ്യമായി തീരുന്ന ദുരന്തപൂര്‍ണമായ അവസ്ഥ  മുസ്‌ലിം ചിന്താധാരയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലാം വിലക്കിയിട്ട് എന്തിനാണ് മുസ്‌ലിം പണ്ഡിതന്മാര്‍ ജീവിതത്തെ ഈ വിധം ബോറടിപ്പിക്കുന്നതെന്ന് സിയാവുദ്ദീന്‍ സര്‍ദാര്‍ ലോക മുസ്‌ലിം ചേതനയോട് ചോദിക്കുന്നുണ്ട്. വഴികേടിലായി പോകാതിരിക്കാനുള്ള ഉത്തരവാദിത്തത്തെ കുറിച്ചുള്ള നിയാമക വിവരങ്ങള്‍ മാത്രമാണ് സമകാലിക മുസ്‌ലിം ബോധത്തിലുള്ളതെന്ന് താരിഖ് റമദാനും നിരീക്ഷിക്കുന്നു. ധാര്‍മികതയുടെ പേരില്‍ വായ് മൂടി കെട്ടുകയും അടിച്ചമര്‍ത്തുകയും ആത്യന്തികമായി നിരോധിച്ചു കളയുകയും ചെയ്യേണ്ടതാണു കലയെന്ന പരികല്‍പനയെ ഒരു ഇസ്‌ലാമികാധ്യാപനത്തിനും ന്യായീകരിക്കാനാവില്ലെന്നും താരീഖ് റമദാന്‍ തീര്‍ത്തു പറയുന്നു. എല്ലാ കാര്യത്തിലുമുള്ള പ്രാഥമികതത്ത്വം ഹറാമാെണന്നുള്ള ഒരു തോന്നലാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിപുരാതനം മുതല്‍ ആധുനികം വരെയുള്ള എല്ലാ സംസ്‌കാരങ്ങളിലും നാഗരികതകളിലും തങ്ങളുടെ മരണങ്ങളുടെയും പ്രണയങ്ങളുടെയും യാതനകളുടെയും ജീവിതങ്ങളുടെയും അര്‍ഥം പറയുകയും മനസ്സിലാക്കുകയും ചെയ്യാന്‍ ശ്രമിക്കാനും ബലവത്തായി നിലനില്‍ക്കാനുമൊക്കെയുള്ള മാനവകുലത്തിന്റെ അഭിലാഷങ്ങളെ കല എപ്പോഴും ദ്യോതിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കലാപ്രപഞ്ചം തന്നെ ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുടെ പ്രപഞ്ചമാണ്.
വിശ്വാസമാകട്ടെ ഉത്തരവും. എല്ലാ കലാവിഷ്‌കാരങ്ങളെയും സൗന്ദര്യ ശാസ്ത്ര മാതൃകകളെയും തങ്ങളിലേക്ക് സംയോജിപ്പിക്കാന്‍ സഹായിക്കുന്ന താല്‍പര്യവും ക്രിയാത്മകതയും വളര്‍ത്തുമ്പോള്‍ തന്നെ മതത്തിന്റെ ധാര്‍മിക മൂല്യങ്ങളോടും ഉന്നത തത്ത്വങ്ങളോടും നീതി പുലര്‍ത്തുന്നവയാവണം അടിസ്ഥാനപരമായി കലകള്‍. ദൈവ സന്ദേശത്തിനകത്ത് വൈവിധ്യമാര്‍ന്ന ജീവിതരീതികളും മാതൃകകളും സാധ്യമാണന്ന് തെളിയിക്കാന്‍ ഉതകുന്നവയാവണം അവ. അതോടൊപ്പം ഹറാം പ്രഖ്യാപന തിടുക്കത്തില്‍ സംസ്‌കാരത്തിന്റെയും കലകളുടെയും ലോകത്ത് മൗലികവും ക്രിയാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി കൂടാ. സംഗീതവും സിനിമയുമൊക്കെ യുവതലമുറയുടെ ആഗോള ഭാഷയായി മാറിയതിനാല്‍  നിഷേധാത്മക സമീപനം വിപരീത ഫലമേ സൃഷ്ടിക്കൂ. എല്ലാം നിരോധിക്കുന്ന, അങ്ങനെ ജീവിതത്തെ അസഹനീയവും വിരസവുമാക്കുന്ന വരണ്ട ജീവിതങ്ങള്‍ക്കും തങ്ങളെ അന്യരാക്കി തീര്‍ക്കുന്ന ജീവിതത്തിന്റെ ആഘോഷത്തിനുമിടയില്‍പെട്ട് മുസ്‌ലിംകള്‍ അന്ധാളിച്ചു നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. ഒരാളും നിയന്ത്രിക്കാത്ത, നിര്‍മാതാക്കള്‍ വാരിക്കൂട്ടുന്ന സാമ്പത്തിക ലാഭം മാത്രം നിയന്ത്രണ ശക്തിയായ സിനിമയുടെ പുതിയ സാമ്രാജ്യം ഉല്‍പാദിപ്പിക്കുന്ന ആഗോള സംസ്‌കാരത്തെ പ്രതിരോധിക്കാനും സിനിമാ രംഗത്തുള്ള ഇടപെടല്‍ അനിവാര്യമായി വരുന്നു. ആഗോള മുതലാളിത്ത സംസ്‌കാരത്തെ ചെറുക്കണമെങ്കിലും ജീവിതത്തിന്റെ ആഘോഷവല്‍ക്കരണത്തെയും ആത്മാവില്ലാത്ത ഉപഭോഗ സംസ്‌കാരത്തെയും പ്രതിരോധിക്കണമെങ്കിലും ആഗോളതലത്തില്‍ ബദല്‍ സിനിമകള്‍ രൂപപ്പെട്ടേ മതിയാവൂ. ഒരളവുവരെ തുര്‍ക്കി, ഇറാന്‍ സിനിമകള്‍ പരിമിതികള്‍ക്കകത്തു നിന്നു കൊണ്ട് നിര്‍വഹിക്കുന്നതും ഇതേ ദൗത്യമാണ്. അതിഭാവുകത്വത്തില്‍ ലയിച്ചിരിക്കാതെ ലളിതമായ കഥപറച്ചില്‍ രീതിയിലൂടെ ലോക സിനിമയുടെ നെറുകയില്‍ മുത്തമിടാന്‍ അവക്കു കഴിയുന്നുവെന്നത് ചില്ലറ കാര്യമല്ല.
കേരള പൊതുബോധം സവര്‍ണവല്‍ക്കരിക്കപ്പെട്ടതാണ്. മൃദു ഹിന്ദുത്വ കേരളം എന്ന പരികല്‍പനയെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇവിടത്തെ ബഹുഭൂരിഭാഗം സിനിമകളും. നവോത്ഥന - പുരോഗമന - മതനിരപേക്ഷ-ജനാധിപത്യ - രാഷ്ട്രീയ പ്രബുദ്ധ കേരളം എന്ന വിളിപ്പേര് മിഥ്യ മാത്രമാണ്. ഇടതുപക്ഷ സവര്‍ണ ബോധത്തിന്റെ മറ്റൊരു നിര്‍മിതിയാണ് ഈ വിശേഷണവും. വിരലില്‍ എണ്ണാവുന്ന സിനിമകളൊഴിച്ചാല്‍ മുസ്‌ലിം-പിന്നാക്ക ജാതി പ്രതിനിധാനം പ്രതിനായക, പുരോഗമനവിരുദ്ധ, പ്രേക്ഷകരില്‍ വെറുപ്പും അറപ്പുമുളവാക്കുന്ന തരത്തിലുള്ളവയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. തുളസിത്തറയും പൂണൂലും കിണ്ടിയും തറവാടും മുറുക്കാനും കുറിയും നിലവിളക്കും നിരന്തരം പ്രത്യക്ഷപ്പെടുന്നതും, പെണ്ണു ബ്രോക്കറും പെണ്ണുപിടിയനും പലിശക്കാരനും ഒറ്റുകാരനും തീവ്രവാദിയും വിസ തട്ടിപ്പുകാരനുമൊക്കെ ഒരേ സമുദായത്തില്‍ നിന്നാവുന്നതും യാദൃഛികമല്ല; നിശ്ചയിച്ചുറച്ച അജണ്ടയുടെ ഭാഗമാണ്. കാലിബന്‍ എന്ന ഷേക്‌സ്പിയര്‍ കഥാപാത്ര സൃഷ്ടിയുടെ മാതൃകയില്‍ രൂപപ്പെടുത്തിയവ. കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്‌ലിംകളും പിന്നാക്ക ജാതി വിഭാഗങ്ങളുമാണെന്ന പൊതുബോധമാണിവിടെ ജനപ്രിയ സിനിമയുടെ ലേബലില്‍ പടച്ചു വിടുന്നത്. ഹോളിവുഡിന്റെ തനി പകര്‍പ്പ്.
ജി.പി.രാമചന്ദ്രന്റെ നിരീക്ഷണം ശ്രദ്ധിക്കുക: ''ബോക്‌സ് ഓഫീസ് വിജയം നേടിയ ഏറെ ആഘോഷിക്കപ്പെട്ട ട്രാഫിക് എന്ന രാജേഷ് പിള്ള ചിത്രം എടുക്കുക. ബോധത്തിലും അബോധത്തിലുമുള്ള മുസ്‌ലിം വിരുദ്ധതയാണ് ട്രാഫിക്കില്‍ പ്രകടമായി നില്‍ക്കുന്ന ഏറ്റവും ആശങ്കാകുലമായ ഘടകം. കൊച്ചി നഗരത്തിലെ തിരക്കുള്ള നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് മരണാസന്നനാകുന്ന യുവാവിന്റെ ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത ഹൃദയം രണ്ടര മണിക്കൂര്‍ കൊണ്ട് പാലക്കാട് ഹോസ്പിറ്റലിലെ കൗമാരക്കാരിക്ക് പോലീസ് വാഹനത്തില്‍ എത്തിക്കുകയാണ് കഥാതന്തു. ഹൃദയം കൊണ്ടുപോവുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനി കടന്നു വരുന്നു. മുസ്‌ലിംകള്‍ തിങ്ങി താമസിക്കുന്ന ഇതിലൂടെ യാത്ര ചെയ്യുന്നത് അപകടം സൃഷ്ടിക്കുമെന്ന ഭീതി പ്രകടിപ്പിക്കുന്നുണ്ട് സിനിമക്കാരന്‍. കമലിന്റെ മാസ്റ്റര്‍ പീസ് സിനിമ ഗദ്ദാമ അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതുമായത് കേരളത്തിന്റെ പൊതുബോധ നിര്‍മിതിയുടെ ഭാഗമാവാതെ വയ്യ. സാരി വിപരീതം പര്‍ദ, പട്ടാമ്പി വിപരീതം കൊണ്ടോട്ടി, കേരളത്തിലെ മതേതര പരിസരം വിപരീതം സൗദി അറേബ്യയിലെ മതാത്മക പരിസരം, ജനാധിപത്യ ഭരണം വിപരീതം രാജ ഭരണം എന്നിങ്ങനെയുള്ള ബൈനറികളാണ് ഗദ്ദാമ അവലംബമാക്കുന്നത്'' (ജി.പി രാമചന്ദ്രന്‍, പച്ച ബ്ലൗസ്). ആര്യാടന്‍ ഷൗക്കത്തിന്റെ സിനിമകളിലൊക്കെ ഈ മുസ്‌ലിം വിരുദ്ധത ദൃശ്യപ്പെടുന്നത് കാണാം. നേരത്തേ പറഞ്ഞ ഹോളിവുഡിലെ അറബ് വിരുദ്ധതയെ കേരളത്തിലേക്ക് പറിച്ചു നടുകയാണ് ഇവിടെയെന്ന് ജി.പി നിരീക്ഷിക്കുന്നുണ്ട്.
പാലേരി മാണിക്യം ഉല്‍പാദിപ്പിച്ചു വിടുന്ന പൊതുബോധം ശ്രദ്ധിക്കുക. മുസ്‌ലിംകള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരുമാണന്ന മിഥ്യയാണ് ഇവിടെ കടുപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്. ബോംബ് ഇവിടെ ഇഷ്ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ (ആറാം തമ്പുരാന്‍), കാസര്‍കോട് മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചു നോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ്? ഒരൊറ്റ ബ്രാഹ്മണന്റേതു പോലുമില്ല (മഹാത്മ). ഭൂരിപക്ഷ സമുദായത്തില്‍പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അത് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള (ആര്യന്‍).
ഇങ്ങനെ എത്രയോ ചിത്രങ്ങള്‍ എടുത്തു കാണിക്കാനാവും. ബാബരി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് എന്‍.എസ് മാധവന്‍ ഒരു കഥ എഴുതി. എന്നാല്‍ ഒരു സിനിമ മലയാളത്തില്‍ സാധ്യമാവുമോ?
ഇത്തരമൊരു സവിശേഷ പശ്ചാത്തലത്തിലാണ് സകരിയ്യ - പരാരി സിനിമകള്‍ ശ്രദ്ധേയമാവുന്നതും ചര്‍ച്ചയില്‍ ഇടം പിടിക്കുന്നതും.
സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമകള്‍ മലയാളത്തില്‍ സെല്ലുലോയിഡ് മുതല്‍ പലതുമുണ്ട്. പാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും അന്തഃസംഘര്‍ഷങ്ങളും സാധ്യതകളും അന്വേഷിക്കുന്ന സിനിമകളും നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ മതാത്മക ജീവിതത്തില്‍, തെളിയിച്ചു പറഞ്ഞാല്‍ ഇസ്‌ലാമിക സംഘടനകളുടെ നിലപാടുകളെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളയും സാധ്യതകളെയും മുന്‍നിര്‍ത്തിയുള്ള അന്വേഷണം ഇതാദ്യമാണന്നു പറയാം. സിനിമ എന്ന മാധ്യമത്തോടു തന്നെയുള്ള മതപരമായ വിലക്കുകള്‍ നീങ്ങി കിട്ടാത്തതായിരുന്നു കാരണം. ഇപ്പോഴും തൊണ്ണൂറു ശതമാനം സംഘടനകളും സിനിമയെ ഹറാം പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടില്ല.
സ്ത്രീകളുടെ അഭിനയം പോയിട്ട് അഭിനയം തന്നെ അംഗീകരിക്കുന്ന മത പണ്ഡിതര്‍ മലയാളത്തില്‍  വിരളം. സിനിമാ ജീവിതം മതിയാക്കി ഇസ്‌ലാമിലേക്ക് കടന്നു വന്നവര്‍ പിന്നീട് അഭ്രപാളികളില്‍ അധികമൊന്നും മുഖം കാണിക്കാറില്ല. അതിനവര്‍ തന്നെ നല്‍കുന്ന ന്യായീകരണങ്ങളില്‍ പ്രധാനം സിനിമാ ജീവിത കാലത്തെ അരാജക ജീവിതത്തില്‍ നിന്നുള്ള എല്ലാ അര്‍ഥത്തിലുമുള്ള വിടുതലാണ് തങ്ങള്‍ മതാശ്ശേഷത്തിലൂടെ ആഗ്രഹിക്കുന്നത് എന്നാണ്. അത്രത്തോളം സംഘര്‍ഷഭരിതവും കെട്ടതുമായിട്ടാണ് അവര്‍ തന്നെ അവരുടെ ഭൂതകാലത്തെ സാക്ഷ്യപ്പെടുത്തുന്നത്. ഗ്രന്ഥത്തിലെ അക്ഷരങ്ങളെ പൂജിക്കുന്ന പണ്ഡിതരില്‍ നിന്ന് മറുത്തൊന്നു ചിന്തിക്കാനേ വയ്യ. ഇതിന്റെ മറുവശമാണ് ഒരര്‍ഥത്തില്‍ ഹലാല്‍ ലൗ സ്റ്റോറി അന്വേഷിക്കുന്നത്. ഹറാമിന്റെ പട്ടിക നീളുകയും ഹലാലിന്റെ പട്ടിക ന്യൂനീകരിക്കപ്പെടുകയും  ജീവിതം പ്രസാദാത്മകമായി തിരുന്നതിന് പകരം ബോറായി മാറുകയും ചെയ്യുന്നതിനെ സിയാവുദ്ദീന്‍ സര്‍ദാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇത് ഇസ്‌ലാമിന്റെ സൗന്ദര്യ ശാസ്ത്രത്തെ ന്യൂനീകരിക്കലാണന്നും പുരോഹിത മതമായി ഇസ്‌ലാം മാറുകയാണന്നും അദ്ദേഹം പരിതപിക്കുന്നു.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ളവരുടെ നാടകങ്ങളും സിനിമകളും നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ദൈനംദിന ജീവിതത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതപര്‍വങ്ങളെ,  തുടച്ചു നീക്കലുകളെ, വരേണ്യതയുടെ ചൂഷണങ്ങളെ അഭ്രപാളികളിലും സ്റ്റേജുകളിലും പച്ചയായി നേരില്‍ കാണുമ്പോള്‍ ചൂഷണരഹിതമായൊരു ലോകത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹം നിറയുക സ്വാഭാവികം. ഈ വെന്തു നീറുന്ന പതിത മനസ്സിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചത്. നാനാവിധത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായ കുടിയാന്മാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും അവശതകളെ, നോവുകളെ, തപിക്കുന്ന അനുഭവങ്ങളെ അരങ്ങിലെത്തിച്ച് സമരസജ്ജരാക്കുകയായിരുന്നു അവര്‍.
എന്നാല്‍ നാടകത്തിനും സംഗീതത്തിനും വിലക്കേര്‍പ്പെടുത്തി ഇത്തരമൊരു സാധ്യതയെ തന്നെ നിഷേധിക്കുകയായിരുന്നു മത സംഘടനകള്‍. 80-കളില്‍ രൂപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.ഐ.ഒ ഈ വിലക്ക് പൊട്ടിച്ച് തെരുവു നാടകങ്ങളുമായി പുറത്തുവന്നു. അതിനു മുമ്പെ ഇസ്‌ലാമിക കലാലയങ്ങളുടെ സ്റ്റേജുകളില്‍ നാടകങ്ങള്‍ അവതരിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനു പൊതു സ്വീകാര്യത കൈവരുന്നത് നേരത്തേ പറഞ്ഞ തെരുവുനാടകങ്ങളിലൂടെയും സമ്മേളനങ്ങളില്‍ അവതരിക്കപ്പെടുന്ന സ്റ്റേജ് നാടകങ്ങളിലൂടെയുമായിരുന്നു. പക്ഷേ ഇത്തരം പരിപാടികള്‍ അരങ്ങത്തേക്ക് എത്തിക്കാന്‍ നിരവധി ഹറാം-ഹലാല്‍ അരിപ്പകള്‍ കടന്നു പോവേണ്ടതുണ്ടായിരുന്നു. അപ്പോഴും സിനിമ കയ്യാല പുറത്തു തന്നെ കിടന്നു. ഇതിനെ മറികടക്കാന്‍ സലാം കൊടിയത്തൂര്‍ കണ്ടെത്തിയ ഉപാധിയായിരുന്നു ഹോം സിനിമകള്‍. നിലവിലുള്ള എല്ലാ ഫത്‌വകളെയും വിലക്കുകളെയും ധീരമായും എന്നാല്‍ വിവേകത്തോടെയും സമചിത്തതയോടെയും വെല്ലുവിളിക്കുകയായിരുന്നു സലാം. സലാമിന്റെ കഥാപാത്രങ്ങളും പരിസരവും കഥയും നാട്ടിന്‍ പുറത്തെ മുസ്‌ലിംകള്‍ക്ക് ഏറെ സുപരിചിതമായിരുന്നു. തങ്ങള്‍ ഇന്നു പോലും കണ്ടവരാണല്ലോ ഇവരൊക്കെ, തങ്ങള്‍ ഇന്നു പോലും കേട്ടതാണല്ലോ ഈ കഥ എന്നു പ്രേക്ഷകര്‍ക്കു തോന്നും വിധം കാര്യങ്ങള്‍ സംവിധാനിച്ചു. സിദ്ദീഖ് കൊടിയത്തൂരിന്റെ ഹാസ്യകഥാപാത്രങ്ങള്‍ കുടുംബ സദസ്സുകളെ ഹരം കൊള്ളിച്ചു. അതു വരെ തങ്ങള്‍ സിനിമകളില്‍ കണ്ട ജീവിതങ്ങളുടെ വിപരീത തലം അനുഭവിക്കാനായി. കുടുംബ സമേതം കാണാവുന്ന ഒരു വിനോദം മാപ്പിളമാര്‍ക്ക് കിട്ടിയെന്നതായിരുന്നു ഇതിന്റെ ഗുണാത്മകവശം. സലാമിന് മുസ്‌ലിം പൊതുധാരയില്‍ നിന്ന് വിശിഷ്യാ  യുവജനങ്ങളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ജമാഅത്തെ ഇസ്‌ലാമി നേരിട്ടു തന്നെ മുന്‍കൈയെടുത്ത് ഒരു ഹോം സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ പെണ്‍ അഭിനയം ചര്‍ച്ചാവിഷയമായി. വധു എന്നു പേരിട്ട ഈ സിനിമ സംവിധാനം ചെയ്യുമ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളെ പറ്റി സലാം ബാപ്പു തന്നെ ഈയിടെ ഓര്‍ത്തെടുക്കുകയുണ്ടായി. പക്ഷേ ഇവിടെ എടുത്തുപറയേണ്ട കാര്യം കേരളീയ മതാത്മക പരിസരത്തില്‍ ഇത്തരം ഒരു സിനിമയെടുക്കാന്‍ പരിമിതികളോടെയാണങ്കിലും ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന ആര്‍ജവം കാണിച്ചുവെന്നതാണ്. അതിനു മുമ്പോ ശേഷമോ ഒരു മത സംഘടന അതിനു മുതിര്‍ന്നില്ലായെന്നുമോര്‍ക്കണം. 
സുഡാനി ഫ്രം നൈജീരിയ എന്ന കന്നി സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം നടത്തിയ സകരിയ്യ സ്വാഭാവികമായും രണ്ടാം സിനിമയിലൂടെ വലിയ സമ്മര്‍ദത്തിന് വിധേയനായിട്ടുണ്ടാവണം. എന്നാല്‍ വളരെ അനായാസം സംവിധായകന്‍ ഇതിനെ മറികടക്കുന്നുണ്ട് ഹലാല്‍ ലൗ സ്റ്റോറിയില്‍. അന്യ മതസ്ഥര്‍ക്ക് ജീവിക്കാന്‍ കൊള്ളാത്തയിടമായി, മാപ്പിളമാരുടെ ക്രൂരതയുടെ പ്രതലമായി ബോധപൂര്‍വം മാധ്യമങ്ങളും സവര്‍ണതയും ചേര്‍ന്ന് അവതരിപ്പിച്ച ഒരു പ്രദേശത്തെ മനുഷ്യരിലെ അളന്നെടുക്കാന്‍ കഴിയാത്ത സ്‌നേഹത്തെ കാല്‍പന്തുകളിയിലൂടെ പുറത്തെത്തിക്കുകയായിരുന്നു സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സകരിയ്യ. ഒപ്പം സങ്കുചിത ദേശീയതയെയും സിവില്‍ വാറിനെയും ദാരിദ്ര്യത്തെയും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെയുമൊക്കെ വിചാരണ ചെയ്തു; ലളിതവും എന്നാല്‍ സൂക്ഷ്മവുമായ രസതന്ത്രത്തിലൂടെ. ലോകത്തെ കീഴടക്കാന്‍ ഇത്തിരി പ്രതലത്തില്‍ ചെയ്ത സിനിമക്ക് കഴിയുമെന്ന് സകരിയ്യ സുഡാനിയിലൂടെ തെളിയിക്കുകയും ചെയ്തു.
മതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ, ആസ്വാദകരുടെ അന്തഃസംഘര്‍ഷത്തെ പ്രശ്‌നവല്‍ക്കരിക്കുകയും അവിടെ ഇത്തരത്തിലുള്ള കലാമൂല്യ വിചാരങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും വിളിച്ചു പറയുകയും ചെയ്യുകയാണ് ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമ. സിനിമാ സംവിധായകരുടെ സ്വകാര്യ ജീവിതത്തിലേക്ക് കാഴ്ച പിടിക്കുന്ന സംവിധായകന്‍ മറ്റൊരു കലാലോകം സാധ്യമാണെന്നു തെളിയിക്കുന്നു. കുടുംബ ജീവിതത്തിലെ അന്തഃസംഘര്‍ഷങ്ങളെയും പുരുഷാധിപത്യ മൂല്യങ്ങളെയും വിചാരണ ചെയ്യുന്ന സിനിമയിലെ നായിക കുറേക്കൂടി തന്റേടിയായി മാറുന്നുണ്ട്. 
സകരിയ്യയുടെ സ്ത്രീകള്‍ കരുത്തുള്ളവരാണ്. തങ്ങളുടെ ആധികളും സംഘര്‍ഷങ്ങളും നോവുകളും അഭിലാഷങ്ങളും നെഞ്ചിന്‍ കൂടിനുള്ളില്‍ ഒതുക്കി വെച്ച് പുറമെ എല്ലാം ഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളല്ല സകരിയ്യയുടേത്. പെണ്ണുകാണാന്‍ വരുന്നവനോട് വിദ്യാഭ്യാസം ഇല്ലെന്നു കണ്ടതിനാല്‍ എനിക്ക് വേണ്ടായെന്ന് മുഖത്തു നോക്കി പറയുന്നുണ്ട് സുഡാനിയിലെ ഒരു സ്ത്രീ കഥാപാത്രം. ലൗ സ്റ്റോറിയിലെ നായിക സുഹ്‌റയുടെ ഓരോ വാക്കും ആണ്‍കോയ്മയുടെ നേര്‍ക്ക് നടത്തുന്ന തറക്കുന്ന അമ്പുകളാണ്. അവളുടെ മൗനത്തില്‍ പോലും അടങ്ങിയിരിക്കുന്നത് വിപ്ലവത്തിന്റെ അഗ്നിപര്‍വതമാണ്. അധീശത്വത്തെ വകഞ്ഞുമാറ്റലാണ്. മകള്‍ക്കൊരു മാതൃകയാകാനോ തനിക്കൊരു സുഹൃത്താകാനോ കഴിയാത്തവനാണെങ്കില്‍ ആ ഭര്‍ത്താവ് ഈ വീടിന്റെ പടി കടക്കരുത് എന്നു പറയുന്ന സിറാജിന്റെ ഭാര്യ അഭ്യസ്തവിദ്യയായ മാപ്പിള പെണ്ണിന്റെ കരുത്തുറ്റ മാതൃകയാണ്.
സകരിയ്യയുടെ ഉമ്മ കഥാപാത്രങ്ങളെ അത്രയൊന്നും വേഗത്തില്‍ മറക്കാനാവില്ല. സുഡാനിയിലെ ഉമ്മമാരും ലൗ സ്റ്റോറിയിലെ ഉമ്മയും തനി നാടന്‍ താത്തയും സ്‌നേഹവിളക്കുമാടങ്ങളാണ്. മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ട് കൂവിപ്പിക്കാന്‍ സകരിയ്യക്കല്ലാതെ ആര്‍ക്കാണ് ധൈര്യമുണ്ടാവുക? നാസര്‍ കറുത്തേനിയുടെയും ശറഫുദ്ദീന്റെയും കഥാപാത്രങ്ങള്‍ സിനിമയെ അടക്കി ഭരിക്കുന്നുവെന്ന് തന്നെ പറയണം.
ചിത്രത്തിലെ ഹാസ്യമാണ് ഒരര്‍ഥത്തില്‍ ചിത്രത്തെ ചലനാത്മകവും ഹൃദ്യവുമാക്കുന്നത്. ശ്രീനിവാസന്‍ സിനിമകളിലെ കറുത്ത ഹാസ്യത്തെ പോലും ചില സമയങ്ങളില്‍ സകരിയ്യന്‍ ഹാസ്യങ്ങള്‍ മറികടക്കുന്നുണ്ട്. ചില സംഭാഷണങ്ങളിലെ പ്രത്യയശാസ്ത്ര മാനങ്ങള്‍ വിശദ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പാറ്റന്റ് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ വാദത്തിലെ പൊള്ളത്തരത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് സമരങ്ങളുടെ കര്‍തൃസ്ഥാനത്ത് ഇസ്‌ലാമിക യുവജനപ്രസ്ഥാനങ്ങള പ്രതിഷ്ഠിക്കുമ്പോള്‍ ചരിത്രത്തെ കൃത്യപ്പെടുത്തുകയാണ് സിനിമ ചെയ്യുന്നത്. മലയാള സിനിമാ വാര്‍പ്പുമാതൃകകളെ അപനിര്‍മിക്കുകയാണ് സകരിയ്യ ഈ സിനിമയിലൂടെ. തിരക്കഥയുടെ ചില ദുര്‍ബലതകള്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോവുന്നത് സംവിധാന മികവാണെന്നു പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഡോ. ടി.ടി ശ്രീകുമാറിന്റെ നിരൂപണം വളരെ കൃത്യമാണ്: ''ഇപ്പോള്‍ കാണാനിടയായ മിക്കവാറും നിരൂപണങ്ങളില്‍ സുഡാനി ഫ്രം നൈജീരിയയോട് കിടപിടിക്കുന്നതോ അതിനെ മറികടക്കുന്നതോ ആയ ചിത്രമായാണ് ഹലാല്‍ ലൗ സ്റ്റോറി വിലയിരുത്തപ്പെട്ടു കണ്ടത്. രണ്ടു ചിത്രങ്ങളും അപരത്വത്തെ അവഗണിക്കുന്ന ഒരു സമൂഹത്തെ, മത-സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് രാഷ്ട്രീയ സാക്ഷരരാക്കുന്ന ഒരു സമീപനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ ഉള്ളടക്കത്തിലും പ്രമേയപരമായ മൗലികതയിലും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ്.
ഈ സിനിമ ഒരു ചരിത്രകാലഘട്ടത്തില്‍ ഇസ്‌ലാമിക ദൈവശാസ്ത്രവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, വിശേഷിച്ച് ദൃശ്യകലകളുമായുള്ള ബന്ധത്തെക്കുറിച്ച് കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുള്ളില്‍ നടന്ന ചില ചര്‍ച്ചകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ്. പലരും കരുതുന്നതുപോലെ ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നതോ സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ബാധകമായതോ ആവണമെന്നില്ല. പക്ഷേ, തൊണ്ണൂറുകളുടെ അവസാനം മുതല്‍ ആരംഭിച്ച ആ ചര്‍ച്ച ഏതാണ്ട് ഒരു ദശകക്കാലത്തിലധികം സജീവമായി നിലനിന്നിരുന്നു എന്ന് അതേക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ച എനിക്ക് ബോധ്യമുണ്ട്.
മതവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധംപോലെതന്നെ ലാവണ്യവാദത്തിന്റെ മേഖലയില്‍ എക്കാലത്തും സജീവമായിരുന്നു. എന്നാല്‍, ബഹുസ്വരസമൂഹത്തില്‍ ഭൂരിപക്ഷമതത്തിന്റെ ശബ്ദങ്ങള്‍, അഭിപ്രായങ്ങള്‍, അതിനുള്ളിലെ വിമത സ്വരങ്ങള്‍ തുടങ്ങിയവക്കും മതേതര വ്യവഹാരങ്ങള്‍ക്കും പൊതുമണ്ഡലത്തില്‍ ലഭിക്കുന്ന ദൃശ്യതയും അംഗീകാരവും ന്യൂനപക്ഷസമൂഹങ്ങളുടെ ദാര്‍ശനിക, ദൈവശാസ്ത്ര, ലാവണ്യ സംവാദങ്ങള്‍ക്ക് ലഭിക്കാറില്ല. അവരുടെ ആകാംക്ഷകള്‍, ആകുലതകള്‍, അന്വേഷണ വ്യഗ്രതകള്‍, തീര്‍പ്പുകള്‍, സമവായങ്ങള്‍, സന്ദേഹങ്ങള്‍, ഉള്‍പ്പിരിവുകള്‍ ഇവയെല്ലാം പൊതുസമൂഹം അറിയാതെ പോവുകയോ അവഗണിക്കുകയോ ആണ് പതിവ്'' (ഹലാല്‍ സ്‌നേഹകഥ ഇസ്‌ലാമോഫോബിയ കാലത്തെ ലാവണ്യ സന്ദേഹങ്ങള്‍: ഡോ. ടി.ടി ശ്രീകുമാര്‍, മാധ്യമം.കോം).
ഹലാല്‍ ലൗ സ്റ്റോറിയുമായി ബന്ധപ്പെട്ട  നിരൂപണ ചര്‍ച്ചകളില്‍ ജമാഅത്തെ ഇസ്‌ലാമി കടന്നു വരുന്നത് സ്വാഭാവികമാണ്. അതോടൊപ്പം തന്നെ ജമാഅത്തെ ഇസ്‌ലാമിയെന്ന കേരളത്തിലെ സര്‍ഗാത്മക ന്യൂനപക്ഷ സംഘടന ഇത്രയധികം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയീഭവിക്കുന്നുവെന്നത് തന്നെ സംഘടന കാലികവും പുരോഗമന സ്വഭാവമുള്ളതുമാണന്ന് തെളിയിക്കുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചിലരുടെയെങ്കിലും വാദങ്ങള്‍ ശ്രദ്ധിച്ചാല്‍, ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന രൂപീകരിക്കപ്പെട്ടതു തന്നെ സിനിമയെടുക്കാനായിരുന്നുവെന്ന് തോന്നും. രൂ
പീകരിക്കപ്പെട്ട അന്നു മുതല്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതിരുന്നത് പൊറുക്കാനാവാത്ത മഹാപാതകമായി അവര്‍ വിലയിരുത്തുന്നു.
ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ മാത്രമേ ഇത്തരമൊരു ജനാധിപത്യ സംവാദം പോലും സാധ്യമാവൂ എന്നതാണ് വാസ്തവം. സമസ്ത വിഭാഗങ്ങളിലോ സലഫികളിലോ മറ്റേതെങ്കിലും മുസ്‌ലിം മുഖ്യധാരാ സംഘടനകളിലോ നാടകവും സിനിമയും സംഗീതവും സാധ്യമാണോയെന്ന അന്വേഷണം പോലും അസാധ്യമാണ്; അസംഭവ്യമാണ്. അഥവാ ഹറാം എന്ന പട്ടികയിലാണ് ഇവക്ക് സ്ഥാനം.
ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാ സമിതിയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തപ്പോള്‍ കേരളത്തിലെ ഒരു  മുസ്‌ലിം വാരിക എഴുതിയ കവര്‍ സ്റ്റോറി 'ഹിറാ സെന്ററില്‍ പിടക്കോഴി കൂവുന്നു' എന്നായിരുന്നു. പൗരത്വ നിഷേധവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്ത്രീകളെ തെരുവിലിറക്കി എന്ന ആക്ഷേപം ഇപ്പോഴും ജമാഅത്തിന് നേരെയുണ്ട്. കേരളത്തിലെ പ്രബല സുന്നി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള പ്രസിദ്ധ കലാലയത്തിലെ വിദ്യാര്‍ഥികള്‍ നാടകത്തോട് സാമ്യതയുള്ള ഒരു പരിപാടി മത്സര ഇനമായി ഉള്‍പ്പെടുത്തിയപ്പോള്‍ അതുമൂലമുണ്ടായ പുകിലുകള്‍ അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് നന്നായി അറിയാം.
ഇത്തരത്തിലുള്ള യാഥാസ്ഥിതിക പരിസരത്തു നിന്നു കൊണ്ടാണ് 80-കളില്‍ ജമാഅത്തെ ഇസ്‌ലാമി നാടകത്തെ പറ്റി, സംഗീതത്തെ പറ്റി ചര്‍ച്ചകള്‍ക്ക് ഇടം കൊടുക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ചേന്ദമംഗല്ലൂരില്‍ മദ്‌റസാ വാര്‍ഷികത്തോടനുബന്ധിച്ച് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചണിനിരത്തി ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിപ്പിക്കുകയുായി, അശ്രുകണങ്ങള്‍ എന്ന പേരിലുള്ള നാടകത്തില്‍. 80-കളുടെ തുടക്കത്തിലായിരുന്നു ഈ ആര്‍ജവം എന്നുമോര്‍ക്കണം.
മുസ്‌ലിം സംഘടനകള്‍ക്കകത്ത് സിനിമ, സംഗീതം പോലുള്ളവയുടെ സാധ്യത അന്വേഷിക്കുന്നത്  മതനിന്ദയായി കാണുന്ന പരിസരത്തു നിന്നു കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയിലെ ചിലര്‍ സര്‍ഗാത്മക ആവിഷ്‌കാരങ്ങളെ പറ്റി ചിന്തിക്കുന്നത്. സംഘടനക്കകത്തു നിന്ന് തന്നെ വിയോജിപ്പുകളുണ്ടായി. പക്ഷേ, വിയോജിപ്പുകളെയും യോജിപ്പുകളെയും ജനാധിപത്യ സംവാദത്തിലേക്ക് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ടുതന്നെ വഴി നടത്തി എന്നത് ചില്ലറ കാര്യമല്ല. ഇത്തരം ആവിഷ്‌കാരങ്ങളുമായി വരുന്നവരെ മതഭ്രഷ്ടരാക്കുകയല്ല, അവര്‍ക്ക് അതിനുള്ള ഇടം കൊടുക്കുകയാണ് സംഘടന ചെയ്തത്. റഹ്മാന്‍ മുന്നൂരിന്റെയും അഹ്മദ് കൊടിയത്തൂരിന്റെയും കലാപ്രതിബദ്ധതയും ത്യാഗവും വിസ്മരിച്ചു കൂടാ.
സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വരെ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് ചരിത്രം. ജമാഅത്തെ ഇസ്‌ലാമിക്ക് പോലും കേരളത്തിന്റെ പുറത്ത് ഇത് ഇപ്പോഴും അചിന്തനീയമാണ്.
ഹലാല്‍ ലൗ സ്റ്റോറി ജമാഅത്തെ ഇസ്‌ലാമിയെ തേച്ചൊട്ടിക്കുന്നതാണോ? അല്ലെന്നാണ് എന്റെ പക്ഷം. ഒരു ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ കേരളീയ മുസ്‌ലിം പരിസരത്തില്‍ ഇത്രയെങ്കിലും ചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമിക്കേ കഴിയൂവെന്ന് തീര്‍ത്തു പറയുകയാണ് ഈ സിനിമ എന്നാണ് എന്റെ പക്ഷം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്