Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

ഹലാല്‍ എന്ന സൗന്ദര്യം

ടി. മുഹമ്മദ് വേളം

ഹലാല്‍ ലൗ സ്റ്റോറി എന്ന പുതിയ മലയാളം സിനിമ നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ആ സിനിമയെ പല കോണുകളിലൂടെ നോക്കിക്കാണുന്ന വിശകലനങ്ങളാണ് ഈ ലക്കത്തിലെ പ്രധാന ഉള്ളടക്കം. ഈ വിശകലനങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയോ വാരികയുടെയോ ഔദ്യോഗിക അഭിപ്രായങ്ങളല്ല എന്ന് ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കുറേക്കൂടി ആഴത്തില്‍ വിശകലനം ചെയ്യുകയാണ്. എതിരഭിപ്രായങ്ങളും ഭിന്ന വീക്ഷണങ്ങളും പ്രകടിപ്പിക്കാന്‍ ഇനിയും അവസരങ്ങളുണ്ട്. 

........................................................................................


സുന്ദരനായവനേ
സുബ്ഹാനല്ലാഹ് അല്‍ഹംദു ലില്ലാഹ് 
ഉള്ളിന്‍ ഹിലാലായ  കണ്ണിന്‍ ജമാലായ
കാതില്‍ കലാമായ പാരിന്‍ കലാമായ
കാറ്റത്തിന്‍ പൂവിന്റെ മധുരിക്കും മണമായ
സുന്ദരനായവനേ സുബ്ഹാനല്ലാഹ് അല്‍ ഹംദു ലില്ലാഹ്

ഈ എഴുത്ത് ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമയെക്കുറിച്ച കൃത്യമായ നിരൂപണമല്ല. ചില നിരൂപണങ്ങളും കടന്നുവരാം എന്നുമാത്രം. ഇത് സിനിമയെ സന്ദര്‍ഭമാക്കി ഹലാലിന്റെ സൗന്ദര്യത്തെയും ഹലാലിന്റെ രാഷ്ട്രീയത്തെയും കുറിച്ച എഴുത്താണ് . 
ഹലാല്‍-ഹറാം എന്നത് വരണ്ട വിധിവിലക്കല്ല. അല്ലെങ്കില്‍ വിധിവിലക്കുകള്‍ വരണ്ടതാണെന്നത് തെറ്റായ ബോധമാണ്. യഥാര്‍ഥത്തില്‍ വിലക്കുകളാണ് ജീവിതത്തെ സൗന്ദര്യവത്താക്കുന്നത്. ഒരു വിലക്കുമില്ലാത്ത ജീവിതം മൃഗജീവിതമാണ്. നിങ്ങളുടെ ജീവിതത്തില്‍ സാംസ്‌കാരിക കാരണത്താല്‍ നിങ്ങള്‍ സ്വീകരിക്കുന്ന വിലക്കുകള്‍, അഥവാ ഹറാമുകള്‍ ഒന്നും ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം ഒരു മൃഗജീവിതമാണ്. മൃഗത്തെ മനുഷ്യനില്‍നിന്ന്  വേര്‍തിരിക്കുന്ന സുപ്രധാന ഘടകം ഹലാല്‍-ഹറാം അഥവാ വിധിവിലക്കുകള്‍ എന്നതാണ്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നു: ''നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയതു മുതല്‍ക്കോ കൈ പ്രവര്‍ത്തനസന്നദ്ധമായതു മുതല്‍ക്കോ സംസാരശേഷി നേടിയതു മുതല്‍ക്കോ ബുദ്ധി ഉദിച്ചതിനു ശേഷമോ ശാസ്ത്രം നമ്മെ  പഠിപ്പിക്കുംപോലെ മനുഷ്യാസ്തിത്വം ഉണ്ടായി  എന്ന് അംഗീകരിക്കാനാവില്ല. എന്നാല്‍ ആദ്യത്തെ ഉപവാസരീതികളും വിലക്കുകളും ഉണ്ടായതു മുതല്‍ക്കാണ് മനുഷ്യാവിര്‍ഭാവം.''
മൃഗങ്ങള്‍ക്ക് വിലക്കുകളില്ല. കാര്യക്ഷമതയാണ്  മതം. മൃഗങ്ങളുടെ ലോകത്ത് ജൈവികമായ വിലക്കുകളല്ലാതെ സാംസ്‌കാരികമായ വിലക്കുകളില്ല. ഹലാലും ഹറാമുമില്ല. ശാരീരികാനന്ദത്തിനപ്പുറമുള്ള അനുഭൂതികളും അവക്കില്ല. മതവും സൗന്ദര്യവുമില്ലാത്ത കേവല യുക്തിയുടെ ലോകം.
ഹറാമിന് ഖുര്‍ആന്‍ ഉപയോഗിച്ച മറ്റൊരു വാക്ക് പരിധികള്‍ (ഹുദൂദ് ) എന്നാണ്. പരിധികളാണ് എന്തിലും സൗന്ദര്യത്തെ സാധ്യമാക്കുന്നത്. വെള്ളപ്പുറത്തില്‍ അതിരിട്ട് എഴുതുമ്പോഴാണല്ലോ അത് സുന്ദരമായ എഴുത്താവിഷ്‌കാരമാവുന്നത്. അപ്പോള്‍ ഹലാല്‍ എന്നത് സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ്. അല്ലാഹു നല്ലതിനെ അനുവദനീയമാക്കുകയും (ഹലാലാക്കുകയും) മ്ലേച്ചമായതിനെ നിഷിദ്ധമാക്കുകയും (ഹറാമാക്കുകയും) ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു (അഅ്‌റാഫ് 157). ദൈവം സൗന്ദര്യമുടയവനാണ്, അവന്റെ കല്‍പ്പനാ നിരോധങ്ങള്‍ സൗന്ദര്യമുറ്റവയാണ്. മനുഷ്യജീവിതം സുന്ദരമാവാന്‍ വേണ്ടിയാണ് അല്ലാഹു ഹറാമിനെ നിശ്ചയിച്ചത്. ഹറാം കഴിച്ച് ബാക്കിയുള്ളതാണ് സൗന്ദര്യം. ജീവിതത്തില്‍നിന്ന് ഹറാമിനെ മാറ്റിനിര്‍ത്തുമ്പോള്‍ അത് സൗന്ദര്യവത്തായി തുടങ്ങുന്നു. ഹലാല്‍ സൗന്ദര്യത്തിന്റെ പ്രഥമ പടിയാണ്. ഇഹ്‌സാന്‍ അതല്ലെങ്കില്‍ അഹ്‌സന്‍ എന്നത് അതിന്റ ഉയര്‍ന്ന പടിയും. ദൈവം  ഏറ്റവും സുന്ദരമായ (അഹ്‌സന്‍) ഘടനയിലാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നു. പ്രണയമുള്‍പ്പെടെ ഏതു മനുഷ്യകാമനയും അതിന്റെ ആവിഷ്‌കാരവും സുന്ദരമാവണമെങ്കില്‍ അത് ഹലാലാവണം. ദൈവം സുന്ദരനാണ്, അവന്റെ കല്‍പ്പനകള്‍ സൗന്ദര്യത്തിനു വേണ്ടിയുള്ളവയാണ്. പരമമായ സൗന്ദര്യത്തില്‍നിന്ന് നിര്‍ഗളിക്കുന്ന സൗന്ദര്യമാണ് ഇസ്‌ലാം. 

ഹലാലിന്റെ രാഷ്ട്രീയം
 ഹലാല്‍ ഒരു രാഷ്ട്രീയ വിഷയം കൂടിയാണ്. ഹലാല്‍ ഒരു ആദര്‍ശ സ്വത്വത്തിന്റെ വളരെ ശക്തമായ അടയാളമാണ്.  ഹലാലും ഹറാമും വേരാഴ്ത്തി നില്‍ക്കുന്നത് ശരീഅത്തിന്റെ മണ്ണിലാണ്. ഇസ്‌ലാമിനെ നിത്യം രാഷ്ട്രീയമാക്കി നിലനിര്‍ത്തുന്നത് ശരീഅത്താണ്. രാഷ്ട്രീയമായ ഊര്‍ജസംഭരണിയാണ് ശരീഅത്ത്. ശരീഅത്ത് സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയമാണ്. മറ്റു മതങ്ങള്‍ അരാഷ്ട്രീയമായിത്തീര്‍ന്നത് അവയുടെ ശരീഅത്തിനെ കൈയൊഴിഞ്ഞതിലൂടെയാണ്. പൗലോസ് പുനഃസംഘടിപ്പിച്ച ക്രിസ്തുമതം ഇതിന്റെ നല്ല ഉദാഹരണമാണ്. ഇസ്‌ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശരീഅത്തിനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഈ ഒരൊറ്റ കാര്യം ഇസ്‌ലാമിനെ നിരന്തരം രാഷ്ട്രീയ വിഷയിയാക്കി മാറ്റുന്നു. ശരീഅത്തില്ലാത്ത സൂഫിസമാണ് ഇസ്‌ലാമിനെക്കുറിച്ച ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറ്റവും വലിയ സ്വപ്‌നം. 
ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമ  ഒരു ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തെ മുന്നോട്ടുവെക്കുന്നുണ്ട്. മതനിഷ്ഠയനുസരിച്ച് കലാരംഗത്ത് ഉള്‍പ്പെടെ ജീവിക്കാനാഗ്രഹിക്കുന്ന ഒരുപറ്റം കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന ഒരു ചോദ്യത്തിലൂടെയാണ് ഈ ഇന്‍ക്ലൂസീവ് പൊളിറ്റിക്‌സിനെ സിനിമ മുന്നോട്ടുവെക്കുന്നത്. ഞങ്ങള്‍ക്കും അഭിനയിക്കാന്‍ കഴിയുന്ന ഒരു സിനിമ ഉണ്ടാവേണ്ടേ. ഇതിനെ സിനിമയുടെ രാഷ്ട്രീയ പ്രഖ്യാപനമായി  അംഗീകരിച്ച് സിനിമക്കെതിരെ  ശക്തമായ വിമര്‍ശനങ്ങള്‍ മതരഹിത മതേതര പക്ഷത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മതനിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് അഭിനയിക്കാന്‍ കഴിയാത്തതിന്റെ കാരണം  സിനിമയല്ല, മതമാണ് എന്നതാണവരുടെ വാദം. ആ മതെത്ത വിമര്‍ശിക്കുന്നതിനു പകരം ഈ സിനിമ സമകാലിക സിനിമാ വ്യവസായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണവരുടെ ആരോപണം. മറ്റുള്ളവരെപ്പോലെ സാമൂഹിക ജീവിതത്തില്‍ പൊതുവിലും കലാരംഗത്ത് പ്രത്യേകിച്ചും  മതശാഠ്യങ്ങള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമായാല്‍ നിങ്ങള്‍ക്കും സിനിമയില്‍ അഭിനയിക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യാവുന്നതാണെന്ന്  അവര്‍ വിശദീകരിക്കുന്നു. മതനിഷ്ഠയുള്ളവര്‍ മതമുപേക്ഷിച്ചാലേ സിനിമ സാധ്യമാവൂ എന്നത്  പുറന്തള്ളല്‍ രാഷ്ട്രീയത്തിന്റെ സമീപനമാണ്. ഈ വാദം ബഹുസ്വരതയെയും ഏകസ്വരതയെയുമാണ് മുന്നോട്ടുവെക്കുന്നത്, എല്ലാവരും അവരവരുടെ ആശയങ്ങള്‍ കൈയൊഴിഞ്ഞ് ഒരു ഏക സംസ്‌കാരത്തില്‍ ലയിക്കുക. ഈ ഏകം തന്നെയാണ് ബഹുസ്വരം എന്നതാണാ വാദം. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു സാംസ്‌കാരിക രാഷ്ട്രീയത്തെ സിനിമ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ  എന്തുകൊണ്ട് ഒരു സിനിമ സാധ്യമാക്കിക്കൂടാ എന്ന ആലോചനയെ സിനിമവല്‍ക്കരിക്കുകയാണ് ഹലാല്‍ ലൗ സ്റ്റോറി ചെയ്യുന്നത്. എന്തുകൊണ്ട് നമ്മുടെ ബഹുസ്വരതയും ജനാധിപത്യവും ഇസ്‌ലാം കൂടി ഉള്‍പ്പെട്ടതായിക്കൂടാ എന്ന ആലോചനയാണത്. നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ ബഹുസ്വരമാക്കാനുള്ള സര്‍ഗാത്മക ശ്രമം.
മതമൂല്യങ്ങള്‍ മുറുകെ പിടിക്കണമെങ്കില്‍ പിന്നെ  നിങ്ങള്‍ എന്തിന് സിനിമ പിടിക്കണം, സിനിമയും മതവും അല്ലെങ്കില്‍ ഇസ്‌ലാമും ഒരിക്കലും ചേരില്ല എന്ന വാദഗതിയാണത്.
സോളിഡാരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കേരളത്തിലെ  ഇടതു സഹയാത്രികനായ മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകനുമായി  വലിയ സൗഹൃദത്തില്‍ ദീര്‍ഘനേരം സോളിഡാരിറ്റിയെക്കുറിച്ചും അതിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. എല്ലാ സംഭാഷണത്തിനു ശേഷവും വളരെ സ്‌നേഹമസൃണമായി അദ്ദേഹം പറയാറുണ്ടായിരുന്നത്, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മഹത്തരമാണ്, പക്ഷേ നിങ്ങള്‍ മതത്തിന്റെ അടിത്തറ ഉപേക്ഷിക്കണം, അതല്ലങ്കില്‍ സാമൂഹിക ഇടപെടലുകള്‍ നിര്‍ത്തി മത പ്രവര്‍ത്തനം മാത്രം  നടത്തണം എന്നായിരുന്നു. 
മുസ്‌ലിമിന് മുസ്‌ലിമായിക്കൊണ്ടുതെന്ന സിനിമ എടുക്കാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും കഴിയും. അത് നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ ശേഷിയുള്ള ഒന്നുമാണ് എന്നാണ് സോളിസാരിറ്റിയും ഹലാല്‍ ലൗ സ്റ്റോറിയും പറയുന്നത്. 
കവി എം.ആര്‍ രേണുകുമാറിന്റെ 'എന്റെ മുടി എന്റെ മാത്രം മുടി' എന്ന കവിതയിലെ ഈ വരികള്‍  ഇവിടെ ചേര്‍ത്തുവെക്കുന്നു: 
എന്റെ നടത്തം
നിങ്ങളുടേത് പോലെ അല്ലാത്തതിനാല്‍
എനിക്ക് നടക്കാതിരിക്കാനാവില്ലല്ലോ
നിങ്ങളെന്നെ മുടന്തനെന്നു വിളിച്ചാലും . 
എന്റെ മുടിയെനിക്ക് അലങ്കരിക്കാതിരിക്കാനാവില്ലല്ലോ
നിങ്ങളതിനു തീയിടുമെന്നു കരുതി 
ഈ ലോകം
എന്റേതു കൂടിയാണല്ലോ.
നിങ്ങള്‍ തീവ്രവാദി എന്നു വിളിക്കും എന്ന് ഭയന്ന് സാമൂഹിക ഉള്ളടക്കമുള്ള മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സിനിമ എടുക്കാതിരിക്കാനും സാമൂഹിക പ്രവര്‍ത്തനം നടത്താതിരിക്കാനും കഴിയില്ലല്ലോ. കാരണം ഈ ലോകം നമ്മുടേത് കൂടിയാണല്ലോ.
അതേസമയം മുഖ്യധാരയും ഇസ്‌ലാമിക രാഷ്ട്രീയവും തമ്മിലുള്ള സംവാദത്തില്‍ ഇതൊരു ന്യൂട്രല്‍ സിനിമയാണ്. കെട്ടിപ്പിടിക്കുകയും കെട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യുന്ന സിനിമയാണ്. ഫലത്തില്‍ കെട്ടിപ്പിടിക്കുന്ന സിനിമയാണ്. ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള കണിശമായ നിരൂപണങ്ങള്‍ ഈ സിനിമയെക്കുറിച്ച് വേറെ നടത്തേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്