Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

മുഹമ്മദ് നബി അത്രമേല്‍ ഉദാരനായിരുന്നു!

ഡോ. ടി.കെ യൂസുഫ്

ലോക ജനതക്ക് കാരുണ്യമായി അവതരിച്ച മുഹമ്മദ് നബിയില്‍ ഏവര്‍ക്കും എല്ലാ കാര്യങ്ങളിലും  മാതൃകയുണ്ട്. സാമ്പത്തിക വിനിമയ രംഗത്ത് തികച്ചും ഉദാരമായ ഒരു നിലപാടാണ് പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ ഉദാരവാന്‍ എന്ന വിശേഷണമാണ് ഹദീസ് ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടുള്ളത്. 'അല്ലാഹുവിന്റെ ദൂതരോട് എന്ത് ചോദിച്ചാലും ഒരിക്കലും അദ്ദേഹം ഇല്ല എന്ന് പറഞ്ഞിരുന്നില്ല' (ബുഖാരി, മുസ്‌ലിം). ആര് എന്ത് ചോദിച്ചാലും ഒരു മടിയും കൂടാതെ അത് നല്‍കിയ ധാരാളം സംഭവങ്ങള്‍ നബിയുടെ ജീവിതത്തില്‍ നമുക്ക് കാണാനാവും.
ദാരിദ്ര്യത്തെ ഭയക്കാത്ത നബിയുടെ ദാനശീലമാണ് ഹദീസുകളില്‍ പ്രതിഫലിക്കുന്നത്. അനസി(റ)ല്‍നിന്ന് നിവേദനം:  'അല്ലാഹുവിന്റെ ദൂതരോട് ഇസ്‌ലാമില്‍ എന്ത് ചോദിച്ചാലും അദ്ദേഹം നല്‍കാതിരുന്നിട്ടില്ല. ഒരാള്‍ വന്നിട്ട് രണ്ട് പര്‍വതങ്ങള്‍ക്കിടയിലുള്ള ഒരു ആട്ടിന്‍പറ്റത്തെ ചോദിച്ചു. അദ്ദേഹം അതുമായി തന്റെ ജനതയിലേക്ക് പോയി, എന്നിട്ട് പറഞ്ഞു: കൂട്ടരേ, നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുക. കാരണം മുഹമ്മദ് ദാരിദ്ര്യം ഭയപ്പെടാതെ ദാനം ചെയ്യുന്നുണ്ട്' (മുസ്‌ലിം). നബി തിരുമേനിയുടെ ദാനശീലം മനസ്സിലാക്കിയ ഒരു അപരിഷ്‌കൃത അറബിയാണ് താഴ്‌വരയില്‍ മേയുന്ന ഒരു ആട്ടിന്‍പറ്റത്തെ ഒറ്റ ചോദ്യത്തിലൂടെ സ്വന്തമാക്കിയത്. നബിയുടെ  ഔദാര്യമനസ്സ് പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍ നിമിത്തമായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ ഭൗതികനേട്ടങ്ങള്‍ കണ്ട് ഇസ്‌ലാമിലേക്ക് വരുന്നവരാണെങ്കിലും പിന്നീട് അവര്‍ക്ക് ഇസ്‌ലാം ദുന്‍യാവിനേക്കാളും പ്രിയങ്കരമായിത്തീരുമെന്നാണ് അനസ് വിശദീകരിക്കുന്നത്. 
എത്ര വലിയതും വിലപിടിപ്പുള്ളതുമായ വസ്തുക്കള്‍ പോലും ഒട്ടും വൈമനസ്യം കൂടാതെ കൊടുത്തിരുന്ന പ്രവാചകന്‍ തനിക്ക് ഇഷ്ടപ്പെട്ടതു പോലും ചോദിച്ചവര്‍ക്ക് നല്‍കിയിരുന്നു. സഹ്‌ലി(റ)ല്‍നിന്ന് നിവേദനം: ഒരു സ്ത്രീ നബി(സ)യുടെ അടുക്കല്‍ നെയ്‌തെടുക്കപ്പെട്ട ബുര്‍ദ/വലിയ തുണിയുമായി  വന്നു. എന്നിട്ട് ആ സ്ത്രീ പറഞ്ഞു: 'ഞാന്‍ ഇത് എന്റെ കൈ കൊണ്ട് നെയ്തുണ്ടാക്കിയതാണ്, താങ്കളെ ഇത് ധരിപ്പിക്കാനാണ് ഞാന്‍ ഇതുമായി വന്നത്.' നബി(സ)ക്ക് അത് ആവശ്യമുള്ളതുകൊണ്ട് അദ്ദേഹം അത് സ്വീകരിച്ചു. അത് ധരിച്ചുകൊണ്ട് ഞങ്ങളിലേക്ക് വന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: 'അതെനിക്ക് നല്‍കിയാലും, അത് നല്ല ഭംഗിയുണ്ട്.' അപ്പോള്‍ കൂടിയിരുന്നവര്‍ പറഞ്ഞു: 'നീ ചെയ്തത് ശരിയായില്ല. പ്രവാചകന് അത് ആവശ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അത് ധരിച്ചത്. പിന്നെ നീ എങ്ങനെയാണ് അത് ചോദിക്കുക? നിനക്ക് അറിയില്ലേ, ചോദിച്ചാല്‍ നബി തരാതിരിക്കില്ലെന്ന്!' അദ്ദേഹം പറഞ്ഞു: 'ഞാന്‍ എനിക്ക് ധരിക്കാനല്ല അത് ചോദിച്ചത്. അത് എന്റെ കഫന്‍ പുടവയാക്കുന്നതിനാണ് ഞാന്‍ ചോദിച്ചത്.' സഹ്ല്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ കഫന്‍ ആയിത്തീര്‍ന്നു' (ബുഖാരി). മുസ്‌ലിംകള്‍ മാത്രമല്ല, ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കു വേണ്ടി ചോദിച്ചാല്‍ പോലും നബി (സ)  അത് നല്‍കിയിരിക്കും. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ പ്രവാചകസന്നിധിയില്‍ വന്നിട്ട് പറഞ്ഞു: 'താങ്കളുടെ വസ്ത്രം തന്നാലും, ഞാന്‍ അതില്‍ അദ്ദേഹത്തെ കഫന്‍ ചെയ്യട്ടെ.' അപ്പോള്‍ നബി (സ) അത് അദ്ദേഹത്തിന് നല്‍കി (ബുഖാരി, മുസ്‌ലിം).
ചോദിച്ചു വരുന്നവര്‍ക്ക് മാത്രമല്ല ചോദിക്കാതെ തന്നെ ദാനധര്‍മങ്ങളും സമ്മാനങ്ങളും നല്‍കിയിരുന്നു. സമ്മാനങ്ങള്‍ നല്‍കുന്നത് മനസ്സിലെ വിദ്വേഷം ദൂരീകരിക്കുന്നതിനും സ്‌നേഹവികാരം ഉണ്ടാക്കുന്നതിനും കാരണമായിത്തീരും. 'നിങ്ങള്‍ പരസ്പരം പാരിതോഷികങ്ങള്‍ നല്‍കുക, അത് നിങ്ങള്‍ക്കിടയില്‍ സ്‌നേഹമുണ്ടാക്കും' (അഹ്മദ്, അബൂദാവൂദ്). വസ്തുക്കള്‍ വാങ്ങുമ്പോള്‍ വിലപേശിയിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ വിലയേക്കാള്‍ അധികം നല്‍കുകയും അപ്രകാരം ചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ കാരണമായിത്തീരും എന്നു പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) പറഞ്ഞു: 'വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും കടം വീട്ടുമ്പോഴും വിട്ടുവീഴ്ച ചെയ്യുന്നവന് അല്ലാഹു കാരുണ്യം ചെയ്യട്ടെ' (ബുഖാരി).
കണ്ടറിഞ്ഞ് ആളുകളെ സഹായിക്കാനുള്ള മനഃസ്ഥിതിയാണ് സാമ്പത്തികരംഗത്തെ മറ്റൊരു പ്രവാചക മാതൃക. ഒരു യാത്രയില്‍ ജാബിറു ബ്‌നു അബ്ദുല്ലയുടെ വേഗത കുറഞ്ഞ  ഒട്ടകത്തെ പ്രവാചകന്‍ നാല് ദീനാറിന് വാങ്ങി. മദീനയില്‍ തിരിച്ചെത്തിയ ശേഷം ജാബിറിന് വിവാഹാനന്തരം സാമ്പത്തിക പ്രയാസമുണ്ടെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ ബിലാലിനെ വിളിച്ച് പ്രസ്തുത ഒട്ടകവും നാലു ദീനാറും  അതിലുപരി ഒരു കാല്‍ ദീനാര്‍ അധികവും ജാബിറിന് കൊടുക്കാന്‍ ഉത്തരവിട്ടു. ജാബിര്‍ (റ) പറഞ്ഞു: 'നബി (സ) അധികമായി നല്‍കിയ ദീനാര്‍ എന്റെ തുകല്‍കിഴിയെ വേര്‍പിരിഞ്ഞിട്ടില്ല' (ബുഖാരി). 
യുദ്ധാനന്തരം ലഭിക്കുന്ന സ്വത്തുക്കള്‍ ഒട്ടും എടുത്തുവെക്കാതെ ഉടനെ വിതരണം ചെയ്യുമായിരുന്നു. ഹുനൈന്‍ യുദ്ധത്തില്‍നിന്ന് ലഭിച്ച ഒട്ടകങ്ങള്‍ വിതരണം ചെയ്തതിനു ശേഷം ചില ഗ്രാമീണര്‍ വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: 'നിങ്ങള്‍ എന്നെ കുറിച്ച് പിശുക്കനെന്ന് വിചാരിക്കുന്നുണ്ടോ? അല്ലാഹു തന്നെയാണ് സത്യം, തിഹാമയിലെ മരങ്ങളുടെ അത്രയും ഒട്ടകങ്ങള്‍ എന്റെ അടുക്കലുണ്ടെങ്കിലും ഞാനത് നിങ്ങള്‍ക്ക് വിതരണം ചെയ്യും. പിന്നീട് നിങ്ങള്‍ക്ക് എന്നെ ലുബ്ധനും ഭീരുവും കളവു പറയുന്നവനുമായി കാണാന്‍ കഴിയില്ല' ( അഹ്മദ്).
ദാനശീലം നബിയുടെ ജന്മസിദ്ധ സ്വഭാവമായിരുന്നു. പ്രവാചകത്വത്തിനു മുമ്പ് തന്നെ ഈ സല്‍ഗുണം അദ്ദേഹത്തിലുണ്ടായിരുന്നു. ഹിറാ ഗുഹയില്‍നിന്ന് ദിവ്യബോധനാനന്തരം ഭയപ്പെട്ട് വന്നപ്പോള്‍ ഖദീജ ബീവി പറഞ്ഞത് താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കുകയില്ല; താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു, ഭാരം ചുമക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചുകൊടുക്കുന്നു അതിഥികളെ സല്‍ക്കരിക്കുന്നു, കാലവിപത്തുകള്‍ക്കെതിരില്‍ സഹായിക്കുന്നു  എന്നാണല്ലോ (ബുഖാരി).
കഴിവിന്റെ പരമാവധി ദാനധര്‍മങ്ങള്‍ ചെയ്യുകയും അപ്രകാരം ചെയ്യാന്‍ ജനങ്ങളോട് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ പിശുക്കിനെ ഭയപ്പെടുകയും അതില്‍നിന്ന് അല്ലാഹുവില്‍ ശരണം തേടുകയും ചെയ്തിരുന്നു. നബി (സ) പറഞ്ഞു: 'അല്ലാഹുവേ, ഞാന്‍ നിന്നോട് പിശുക്കില്‍നിന്നും രക്ഷ ചോദിക്കുന്നു' (ബുഖാരി).
നബി (സ) നാളേക്കു വേണ്ടി ഒന്നും ശേഖരിച്ചുവെച്ചിരുന്നില്ല (തിര്‍മിദി). അതുകൊണ്ടുതന്നെ പ്രവാചകന്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു. ആഇശ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ അങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു; മുപ്പത് സാഅ് ബാര്‍ലിക്കു വേണ്ടി' (ബുഖാരി). അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ മാതൃകയുണ്ടെന്നത് ഖുര്‍ആന്റെ  പ്രഖ്യാപനമാണ്. സാമ്പത്തിക രംഗത്തെ ഈ പ്രവാചക മാതൃക കൂടി നാം അനുധാവനം ചെയ്യേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്