Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

സ്വവര്‍ഗാനുരാഗികള്‍ മാര്‍പാപ്പയുടെ കാഴ്ചപ്പാട്

എ.ആര്‍

സ്വവര്‍ഗാനുരാഗികള്‍ ഒരു നാടിന്റെ മുഴുവന്‍ ശാപമായപ്പോള്‍, അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും പ്രകൃതിയുക്തമായ ആണ്‍-പെണ്‍ ബന്ധത്തെ പ്രോത്സാഹിപ്പിക്കാനുമായി ദൈവം നിയോഗിച്ച ലോത്ത് പ്രവാചകനെക്കുറിച്ച് ലോകത്തെ ആദ്യമായറിയിച്ചത് തൗറായുടെ പുനരാവിഷ്‌കാരം എന്ന് വിശ്വസിക്കപ്പെടുന്ന ബൈബിള്‍ പഴയ നിയമമാണ്. പ്രവാചകനായ എബ്രഹാമിന്റെ സഹോദര പുത്രനായ ലോത്ത് ഫലസ്ത്വീനിന്റെ ഭാഗായിരുന്ന സോദോം പ്രദേശത്തെ സദാചാര വ്യവസ്ഥയെയും പ്രകൃതിപരമായ കുടുംബജീവിതത്തെയും പാടെ അവമതിച്ച ജനതയെ സാന്മാര്‍ഗിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ വേണ്ടി രാപ്പകല്‍ കഠിനാധ്വാനം ചെയ്തിട്ടും അസാന്മാര്‍ഗികത ജീവിതശൈലിയാക്കി മാറ്റിയ ജനം പ്രവാചകനെ തള്ളിപ്പറയുകയും നാട് വിട്ടുപോവാന്‍ അദ്ദേഹത്തോട് കല്‍പിക്കുകയും ചെയ്തു എന്നാണ് ബൈബിളും വിശുദ്ധ ഖുര്‍ആനും പറയുന്നത്. അന്നേരം ദൈവദൂതന്മാര്‍ അവതരിച്ച സോദോം ഗ്രാമത്തെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു എന്നാണ് വേദഭാഷ്യം. പ്രകൃതിവിരുദ്ധമായ ഹീന കൃത്യത്തിന് ലോകമാതൃകയായിത്തീര്‍ന്ന ആ ഗ്രാമത്തിന്റെ പേരിലാണ് സ്വവര്‍ഗ ലൈംഗിക വൃത്തിക്ക് ടീറീാ്യ എന്ന പ്രയോഗം പോലും ഭാഷയില്‍ വന്നത്. ഇസ്രയേല്‍ അതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്ത ചാവുകടല്‍ (Dead Sea) ആയിരുന്നു പുരാതന സോദോം എന്ന് കരുതപ്പെടുന്നു.
ഈ ചരിത്ര സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ബൈബിളിന്റെ ആധികാരിക വക്താവും പ്രയോക്താവുമായി ക്രൈസ്തവ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും ഒടുവില്‍ സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയെന്ന വിവാദം ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ്. 'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണ്. കുടുംബമായി ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. സ്വവര്‍ഗ പങ്കാളികള്‍ക്ക് നിയമപരിരക്ഷ വേണമെന്നാണ് തന്റെ നിലപാട്' - ഒക്‌ടോബര്‍ 21-ന് പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ ഇത് പറഞ്ഞതത്രെ. കേള്‍ക്കേണ്ട താമസം, പുരോഗമന ചിന്തയുടെ കുത്തകാവകാശികളെന്ന് സ്വയം കരുതുന്നവരെല്ലാം കൈയടി തുടങ്ങിയിരിക്കുന്നു. ന്യൂനപക്ഷാവകാശങ്ങളുടെ പട്ടികയിലാണ് അവരിക്കാര്യം ഉള്‍പ്പെടുത്തുന്നത് എന്നതാണ് ഏറെ കൗതുകകരം. പരപീഡനത്തില്‍ നിര്‍വൃതിയടയുന്ന സാഡിസ്റ്റുകള്‍, മൃഗരതി ശീലമായിപ്പോയ ലൈംഗിക വൈകൃതര്‍ എന്നിത്യാദി പല ന്യൂപക്ഷങ്ങളുമുണ്ട് ലോകത്ത്. അവരുടെയൊക്കെ ദൗര്‍ബല്യങ്ങളെ പ്രകൃതിപരവും സ്വാഭാവികവുമെന്നംഗീകരിച്ചുകൊടുത്ത് ന്യൂനപക്ഷാവകാശങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പോയാല്‍ എന്തായിരിക്കും സമൂഹത്തിന്റെ അവസ്ഥ! മനുഷ്യവംശത്തിന്റെ സ്വാഭാവിക വളര്‍ച്ചയെത്തന്നെ ഗുരുതരമായി പരിക്കേല്‍പിക്കുന്നതാണ് സ്വവര്‍ഗാനുരാഗം എന്ന കാര്യത്തില്‍ സംശയമില്ല. ലോകാരംഭം മുതല്‍ എല്ലാത്തരം ജീവികളുടെയും വംശവര്‍ധനക്ക് ദൈവം, അഥവാ പ്രകൃതി നിശ്ചയിച്ച മാര്‍ഗമാണ് സ്ത്രീ-പുരുഷ ബന്ധം. സമസ്ത ജീവികളും ബഹുഭൂരിഭാഗം മനുഷ്യരും ഇന്നേവരെ ഈ പ്രകൃതിയുക്തമായ വ്യവസ്ഥക്ക് വിധേയമായാണ് ജീവിച്ചു വന്നിട്ടുള്ളതും. എന്നാല്‍ മനുഷ്യവര്‍ഗത്തില്‍ മാത്രം ചില സോഡോമൈറ്റുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടാവാം, ഇന്നും അത്തരക്കാരുണ്ട്. ആ ഹതഭാഗ്യരെ സംസ്‌കാരത്തിന് നിരക്കാത്ത ഈ ദുശ്ശീലത്തില്‍നിന്ന് പിന്തിരിപ്പിച്ച് അവരെ പ്രകൃതിയുക്തമായ ജീവിതം നയിക്കാന്‍ മനശ്ശാസ്ത്രപരവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാറുകളും മനുഷ്യസ്‌നേഹികളും ധാര്‍മിക പ്രബോധകരും ചെയ്യേണ്ടത്. മാര്‍പാപ്പയെപ്പോലുള്ള വിശ്വമത നേതാക്കളില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന യഥാര്‍ഥ ദൗത്യം അതുതന്നെ.
സാന്ദര്‍ഭികമായി, ചര്‍ച്ച് അകപ്പെട്ടിരിക്കുന്ന ഒരു വൈരുധ്യാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കേണ്ടിവരുന്നു. ഒരുവശത്ത് പ്രകൃതി നിയമമായ സ്ത്രീ- പുരുഷ വിവാഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ആശീര്‍വദിക്കുകയും പള്ളികളില്‍തന്നെ അതിനുള്ള സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്ന സഭാ പിതാക്കള്‍ സ്വയം ബ്രഹ്മചര്യ അനുഷ്ഠിച്ച് ജീവിതാവസാനം വരെ കുടുംബജീവിതം നിഷേധിക്കപ്പെട്ടവരായി കഴിയേണ്ടിവരുന്ന ദുരോഗ്യമാണ്. മനുഷ്യസഹജമായ വികാരങ്ങള്‍ ശമിപ്പിക്കാന്‍ വിഹിത മാര്‍ഗങ്ങള്‍ വിലക്കപ്പെട്ടതിനാല്‍ പുരോഹിതന്മാരില്‍ സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള അവിഹിത ബന്ധങ്ങളെക്കുറിച്ച പരാതികള്‍ സഭകളെ പിടിച്ചുലച്ചിട്ടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, പുരോഹിതര്‍ക്ക് വൈവാഹിക ജീവിതത്തിന് അനുമതി വേണമെന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടും ബഹുമാന്യ പിതാവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, അക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ സുനഹദോസുകള്‍ക്കും സാധിച്ചിട്ടില്ല. പുരോഹിതന്മാര്‍ക്ക് വിവാഹം വിലക്കാത്ത ക്രൈസ്തവ സഭകളുണ്ട് എന്നു കൂടി ഓര്‍ക്കണം.
സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്ന ആവശ്യത്തെ ഇന്ത്യാ ഗവണ്‍മെന്റും സുപ്രീം കോടതിയും നിരാകരിച്ചത് ആശ്വാസകരമാണ്. നമ്മുടെ നിയമവും സംസ്‌കാരവും സ്വവര്‍ഗ വിവാഹം അനുവദിക്കുന്നില്ലെന്നാണ് തദ്വിഷയകമായ ഹരജി പരിഗണിക്കവെ കഴിഞ്ഞ സെപ്റ്റംബര്‍ 14-ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. സ്വവര്‍ഗ വിവാഹം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങിയ സിവില്‍ അവകാശങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജന്ററുകള്‍ക്കും നല്‍കാനാവില്ലെന്ന് 2018-ല്‍ സുപ്രീം കോടതിയും വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധനാ ഹരജിയും കോടതി തള്ളിയിരുന്നു. മാറിയ പരിതസ്ഥിതിയും മാര്‍പാപ്പയുടെ അഭിപ്രായവും അതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനയുമൊക്കെ ചൂണ്ടിക്കാട്ടി ഇനിയും ഈ പ്രശ്‌നം സര്‍ക്കാറിന്റെയും കോടതിയുടെയും മുന്നിലെത്താനാണ് സാധ്യത. ആണ്‍ -പെണ്‍ ബന്ധത്തിലൂടെ ജനിച്ച ആരാന്റെ കുട്ടികളെ പ്രകൃതിപരമായ ആ പ്രക്രിയതന്നെ നിരാകരിക്കുന്നവര്‍ക്ക് ദത്തെടുക്കാന്‍ നിയമപരായ അവകാശം നല്‍കുന്നതിന് ഒരു നീതീകരണവുമില്ലെന്ന് പറയാതെ വയ്യ. സ്വയം മാതൃത്വവും പിതൃത്വവും വേണ്ടെന്നു വെച്ച് അത്തരക്കാര്‍ക്ക് വേണമെങ്കില്‍ ഇതില്‍നിന്ന് രക്ഷപ്പെടാമെന്നിരിക്കെ അവരുടേത് അനുഭാവപൂര്‍വം പരിഗണിക്കപ്പെടേണ്ട ആവശ്യമല്ല. അവര്‍ ദത്തെടുക്കുന്ന കുട്ടികളും സ്വവര്‍ഗാനുരാഗികളായി വളര്‍ത്തപ്പെടാനുള്ള സാധ്യത നിലനില്‍ക്കെ പ്രകൃതിയോടുള്ള ഈ വെല്ലുവിളിക്ക് അനുഭാവവും പിന്തുണയും നല്‍കാതിരിക്കുകയാണ് വിവേകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്