Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

ബുഖാറയില്‍ കോയക്കുട്ടി തങ്ങള്‍

ഡോ. ടി.വി മുഹമ്മദലി

നാലരപ്പതിറ്റാണ്ട് കാലം ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു ചാവക്കാട് കടപ്പുറം ബുഖാറയില്‍ കോയക്കുട്ടി തങ്ങള്‍. മുസ്‌ലിം ലീഗിന്റെയും അറബി അധ്യാപക അസോസിയേഷന്റെയും പ്രാദേശിക ഭാരവാഹിയും ജനകീയനുമായിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറില്‍നിന്നു തന്നെ നേരിട്ട് പഠിച്ചാണ് പ്രസ്ഥാന പ്രവര്‍ത്തകനായത്.
അടിയന്തരാവസ്ഥക്കു തൊട്ടു മുമ്പ് ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന ടി.കെ അബ്ദുല്ല സാഹിബിന്റെ രണ്ടു ദിവസത്തെ പരിപാടി ചാവക്കാട് ഫര്‍ക്കാ തലത്തില്‍ നടന്നിരുന്നു. പ്രവര്‍ത്തകയോഗം, ക്ഷണിക്കപ്പെട്ട പ്രമുഖരുമായുള്ള കൂടിക്കാഴ്ച, അംഗത്വ അപേക്ഷകരുമായുള്ള മുലാഖാത്ത്, പൊതുയോഗം തുടങ്ങിയവയായിരുന്നു പരിപാടികള്‍. ചാവക്കാട് ടി.ബിയിലായിരുന്നു അമീറിന്റെ ക്യാമ്പ്. ക്ഷണിക്കപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയില്‍ കോയക്കുട്ടി തങ്ങളുടെ ഊഴം വന്നതോടെ സമയം വല്ലാതെ നീണ്ടു. ഷെഡ്യൂളുകള്‍ താളം തെറ്റി. അഖീദ, ഫിഖ്ഹ്, തസ്വവ്വുഫ്, രാഷ്ട്രീയം എന്നീ കാര്യങ്ങളില്‍ മൗലികമായി തന്നെ സംശയനിവാരണം വേണ്ടതുണ്ടായിരുന്നു തങ്ങള്‍ക്ക്. ചോദ്യവും മറുപടിയും ആയിട്ടല്ല, ആഴത്തിലുള്ള ചര്‍ച്ചയും വിശദീകരണവുമെന്ന രീതിയിലായിരുന്നു ടി.കെയുടെ സംഭാഷണം. സമയം അതിക്രമിച്ചതില്‍, ഷെഡ്യൂളുകള്‍ ശ്രദ്ധിക്കുന്നതിനും അമീറിന്റെ ഖിദ്മത്തിനുമായി ചുമതലയേല്‍പിക്കപ്പെട്ട ഈ ലേഖകന്നും മറ്റു പ്രവര്‍ത്തകര്‍ക്കും അസ്വസ്ഥതയുണ്ടായെങ്കിലും പ്രസന്നവദനനായാണ് കോയക്കുട്ടി തങ്ങള്‍ പിരിഞ്ഞുപോയത്. പരിപാടിയിലെ ഷെഡ്യൂളുകള്‍ ചിലത് ഒഴിവാക്കി. അംഗത്വാപേക്ഷകരുമായുള്ള മുലാഖാത്തില്‍ ഞാനും തൃശൂരിലെ എന്‍.എ മുഹമ്മദ് സാഹിബുമായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്റെ മുലാഖാത്ത് മാറ്റിവെച്ചു. ടി.കെയുടെ ആ സംഭാഷണം ലക്ഷ്യം കണ്ടു. കോയക്കുട്ടി തങ്ങള്‍ ജമാഅത്ത് പ്രവര്‍ത്തകനായി മാറി. വിവിധ പള്ളിദര്‍സുകള്‍, അഴീക്കോട് ഇര്‍ശാദിയാ അറബിക്കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം അറബി അധ്യാപന വൃത്തിക്ക് പുറമെ ഖത്തറില്‍ പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ജമാഅത്ത് ഏരിയാ സമിതിയിലും സ്റ്റഡി സര്‍ക്ക്‌ളുകളിലുമൊക്കെ സജീവമായിരുന്നു. അന്‍സാര്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍, ബുഖാറ പള്ളി-മദ്‌റസാ കമ്മിറ്റി പ്രസിഡന്റ്, ചാവക്കാട് വിമന്‍സ് ഇസ്‌ലാമിയാ കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം, പി.ടി.എ പ്രസിഡന്റ്, കടപ്പുറം പഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ചാവക്കാട് താലൂക്കിലെ പാടൂര്‍, കടപ്പുറം പ്രദേശങ്ങളിലെ മുസ്‌ലിം ബാഹുല്യം, ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉസ്‌ബെക്കിസ്താനിലെ ബുഖാറയില്‍നിന്ന് എത്തിയ സഞ്ചാരികള്‍ വഴി ഇസ്‌ലാമിലേക്കുണ്ടായ പരിവര്‍ത്തനം മൂലമാണ്. ബഹുഭാഷാ പണ്ഡിതനായ സയ്യിദ് ഹാമിദുല്‍ ബുഖാരി തങ്ങള്‍ കടപ്പുറത്ത് വിദ്യാലയവും പള്ളിയും സ്ഥാപിച്ച് പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയായിരുന്നു. അതേ പിന്തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കോയക്കുട്ടി തങ്ങളും നിര്‍വഹിച്ചുപോന്നത്. അദ്ദേഹത്തിന്റെ വീട് ക്ലാസുകളുടെയും യോഗങ്ങളുടെയും കേന്ദ്രമാണ്. ഖത്തര്‍ പ്രവാസികളായ അദ്ദേഹത്തിന്റെ മക്കള്‍ റഫീഖ് തങ്ങള്‍, ശിബ്‌ലി നുഅ്മാനി തങ്ങള്‍ എന്നിവര്‍ സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്. മൂന്നാമത്തെ മകന്‍ ബാഖിര്‍ തങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറിയാണ്. പെണ്‍മക്കള്‍ സുഹ്‌റാ ബീവി, സ്വാബിറാ ബീവി, ഹസീനാ ബീവി, റസിയാ ബീവി, സൗദാ ബീവി, സാജിദാ ബീവി എന്നിവര്‍ ജമാഅത്ത് വനിതാ പ്രവര്‍ത്തകരാണ്.

 

വി.കെ അലിയാര്‍

ആലുവ തായിക്കാട്ടുകര പ്രാദേശിക ജമാഅത്ത് അംഗവും എന്റെ പിതാവുമായ വലിയപറമ്പില്‍ ഖാദര്‍ അലിയാര്‍ സെപ്റ്റംബര്‍ 22-നാണ് ഇഹലോകവാസം വെടിഞ്ഞത്.
ആലുവയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരു പിടിപ്പിക്കുന്നതില്‍ മര്‍ഹൂം ടി.കെ മുഹമ്മദ് സാഹിബിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം 60-കള്‍ മുതല്‍ തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചുവന്നു. അക്കാലത്ത് കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന സമൂഹ സ്‌ക്വാഡുകളിലും മറ്റു പ്രാസ്ഥാനിക പരിപാടികളിലും ആവേശപൂര്‍വം പങ്കെടുത്തിരുന്നു. തായിക്കാട്ടുകര ഇസ്ലാമിക് എജുക്കേഷണല്‍ ട്രസ്റ്റ് അംഗമായിരുന്നു.
വ്യക്തിപരമായി ജീവിതത്തെ ഇത്രമേല്‍ സ്വാധീനിക്കുകയും  സന്ദിഗ്ധ ഘട്ടങ്ങളില്‍ ഇങ്ങനെ കൈപിടിക്കുകയും സ്തംഭിച്ചുനിന്നപ്പോഴൊക്കെ കൃത്യമായ വഴികാണിക്കുകയും ചെയ്തൊരാള്‍ വേറെയില്ല. എന്തായിരിക്കണം എന്റെ ജിവിതവഴിയെന്ന് കാലേക്കൂട്ടി തീരുമാനിക്കുകയും അതിലേക്കെത്തിക്കാന്‍,  മുന്നില്‍ വന്ന  തടസ്സങ്ങളൊക്കെയും  ഇഛാശക്തിയോടെ  തട്ടിമാറ്റുകയും ചെയ്തു. മത-ധാര്‍മിക പാഠങ്ങളും ഭൗതിക വിജ്ഞാനങ്ങളും  ഒരുമിച്ച് ലഭ്യമാകുന്ന ശാന്തപുരം അല്‍ ജാമിഅ (മുമ്പ് ശാന്തപുരം ഇസ്ലാമിയ കോളേജ്)യില്‍ പത്താം ക്ലാസിനു ശേഷം എന്നെ പഠിപ്പിക്കാന്‍ തീരുമാനമെടുത്തത് ഞാന്‍ പിറന്നുവീണ ദിവസമാണെന്ന് പറയുമ്പോള്‍ ആ ദീര്‍ഘവീക്ഷണവും ആസൂത്രണ മികവും എത്ര ആഴമുള്ളതാണെന്ന് ഊഹിക്കാം. പിന്നീടങ്ങോട്ട് അത് സാക്ഷാത്കരിക്കുന്നതിനുള്ള നിരന്തര പ്രാര്‍ഥനകള്‍, പ്രയത്‌നങ്ങള്‍!  അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍,  വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്ത്  ഒരിക്കലൊന്ന്  തിരിഞ്ഞുനടക്കാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ബന്ധപൂര്‍വം അതിനു തടയിട്ടു. അവസാനം അവിടെ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ മറ്റെങ്ങോട്ടെങ്കിലും തിരിയാന്‍ സമ്മതിച്ചുള്ളൂ. വെറുമൊരു എല്‍.പി സ്‌കൂള്‍ അധ്യാപകനായി അവശേഷിക്കേണ്ടതല്ല ജീവിതമെന്നും, അതിലുമെത്രയോ ചെയ്യാന്‍ ഈ ജീവിതം കൊണ്ടാകുമെന്നും പഠിപ്പിക്കുകയായിരുന്നു അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പിതാവ് അതിലൂടെ.
പത്തൊമ്പതാമത്തെ വയസ്സില്‍ പിതാമഹന്‍ മരിക്കുമ്പോള്‍ നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം മുഴുവന്‍ ബാപ്പ  സ്വന്തം ചുമലില്‍  ഏറ്റെടുക്കുകയും ജീവിതാന്ത്യം വരെ അവര്‍ക്കെല്ലാം താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്തു. വിവാഹത്തിന് ശേഷം ഉമ്മയുടെ കുടുംബത്തിലെ കാര്യദര്‍ശിയും അദ്ദേഹം  തന്നെയായിരുന്നു. വല്യുപ്പയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ കൈത്തൊഴില്‍ മാത്രമായിരുന്നു പ്രധാന വരുമാനമാര്‍ഗം.  
ശാന്തപുരത്തു നിന്ന് പഠിച്ചിറങ്ങി ആദ്യമായൊരു ജോലിക്ക് ഒമാനിലേക്ക് പോകുമ്പോള്‍ നല്‍കിയ രണ്ടു നിര്‍ദേശങ്ങള്‍ സാമ്പത്തിക ആസൂത്രണത്തിലെ സുപ്രധാന പാഠങ്ങളായിരുന്നു. ഒന്ന്, എത്ര നിര്‍ബന്ധിത സാഹചര്യത്തിലും പലിശയുമായി അടുക്കരുത്. രണ്ട്, സമ്പത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ നിര്‍ബന്ധ ദാനമായും (സകാത്ത്) മറ്റു സഹായങ്ങളായും കൊടുത്തുവീട്ടണം. പലിശയെക്കുറിച്ച് പറയാന്‍ കാരണമുണ്ട്. ഓലമേഞ്ഞ വീട് മഴ പെയ്തു കുതിര്‍ന്ന ഒരു സന്ദര്‍ഭത്തില്‍ ഓടു മേയാന്‍ ബാങ്ക് ലോണെടുക്കാന്‍ ബാപ്പ നിര്‍ബന്ധിതനായി.  ആ കടം തിരിച്ചടക്കാന്‍ കഴിയാതെ വര്‍ഷങ്ങള്‍ നീണ്ടപ്പോള്‍ പലിശ കുമിഞ്ഞുകൂടി. അവസാനം  രാവിന്റെ അന്ത്യയാമങ്ങളില്‍ കണ്ണീരണിഞ്ഞ് പടച്ചവനോട് പ്രാര്‍ഥിച്ചു; 'കടം വീട്ടാനുള്ള ഒരു വഴി നീ കാണിച്ചുതന്നാല്‍ ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലെന്ന്..!' ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു, പരിഹാരമുണ്ടായി. നിനച്ചിരിക്കാതെ ആലുവക്കടുത്ത അത്താണിയിലെ കാംകോ കമ്പനിയില്‍  കാര്‍ഷികവൃത്തിക്ക് ഉതകുന്ന ഏതാനും ചില പാത്രങ്ങള്‍ ഇരുമ്പു ഷീറ്റ് കൊണ്ടുണ്ടാക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുകയും അതില്‍നിന്ന് കിട്ടിയ തുക കൊണ്ട് കടം വീട്ടുകയും ചെയ്തു! 
സ്വന്തം കുടുംബത്തെ മാത്രമല്ല, വിശാലമായ  കൂട്ടുകുടുംബത്തിലെ അംഗങ്ങളെ കൂടി പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ചെറുപ്പത്തില്‍തന്നെ പ്രാസ്ഥാനിക പരിപാടികള്‍ക്ക് ഒപ്പം കൂട്ടുകയും അറിവുള്ളവരോടൊപ്പം സഹവസിക്കുന്നതിന് അവസരം നല്‍കുകയും ചെയ്തുകൊണ്ടാണ് അത് സാധിച്ചത്. അവരില്‍ പലരെയും പ്രാസ്ഥാനിക സ്ഥാപനങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിനും മുന്‍കൈയെടുത്തു.
ഭാര്യ: സുഹറ. മറ്റുമക്കള്‍: ഷംസുദ്ദീന്‍, റസീന, ഫൈസല്‍, ഷാഹിന. മരുമക്കള്‍: സബ്‌ന, സീനത്ത്, അസീം, സിംന, മുബാറക്.

ഡോ. താജ് ആലുവ

 

കെ. ഉസ്മാന്‍ ഹാജി സിദ്ധാപുരം

കുടഗ് ജില്ലയിലെ മലയാളി മുസ്‌ലിം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് സിദ്ധാപുരത്തെ കെ. ഉസ്മാന്‍ ഹാജിയുടെ (78) വിയോഗം. ജില്ലയിലെ കുടിയേറ്റ മലയാളികളില്‍ പ്രമുഖനായിരുന്ന ഹാജി സമുദായത്തെ നെഞ്ചേറ്റി നടന്ന നേതാവായിരുന്നു. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍നിന്ന് 60 വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയ ഹാജി സാഹിബ് ഉപജീവനത്തിനു വേണ്ടി മദ്‌റസാ അധ്യാപനമാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഓറഞ്ച് പറിക്കാരനും മരം വെട്ടുകാരനുമായി. അതില്‍നിന്നാണ് ഉസ്മാന്‍ ഹാജി  എന്ന ടിമ്പര്‍ വ്യവസായത്തിലെ പ്രമുഖന്‍ ജന്മമെടുക്കുന്നത്. 36 വര്‍ഷങ്ങള്‍ക്കു മുമ്പ് സിദ്ധാപുരം മഹല്ലിനെ ശക്തമായി നയിച്ച പ്രസിഡന്റ്. ഉസ്മാന്‍ ഹാജിയെന്നാല്‍ സിദ്ധാപുരവും സിദ്ധാപുരമെന്നാല്‍ ഉസ്മാന്‍ ഹാജിയുമായി മാറി. കണ്ണൂര്‍ റോഡിലെ ബനാത്ത് യത്തീംഖാന, സുണ്ടികുപ്പയിലെ ശരീഅത്ത് കോളേജ്, സിദ്ധാപുരം യത്തീംഖാന, ഇഖ്‌റഅ് പബ്ലിക് സ്‌കൂള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചു. സ്വന്തം പരിശ്രമം കൊണ്ട് മാത്രം ഉയരത്തിലെത്തിയ തലയെടുപ്പുള്ള ഒരു സമുദായസ്‌നേഹിയെയാണ് ഹാജിയുടെ മരണം മൂലം കുടഗിന് നഷ്ടമായത്. ഇസ്‌ലാമിക പ്രസ്ഥാനവുമായി കടുത്ത വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ സമുദായ ഉന്നമനത്തിനു വേണ്ടി ജമാഅത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ് സഹകരിച്ചു. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കുടഗില്‍ ഉണ്ടായ അഭൂതപൂര്‍വമായ പ്രകൃതിദുരന്തത്തിന്റെ സമയത്ത് ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയ നേതാവായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സിദ്ധാപുരം പ്രാദേശിക ഹല്‍ഖാ അമീര്‍ പി.പി ഉമര്‍ ഹാജിയുടെ മകളുടെ ഭര്‍ത്താവ് കെ. അബ്ദുല്‍ മജീദാണ് പരേതന്റെ മൂത്ത മകന്‍. 

അബ്ദുര്‍റഹ്മാന്‍ വീരാജ്‌പേട്ട

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി