Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

കര്‍ഷക വിരുദ്ധ ബില്ല് ഒരു പിന്നാമ്പുറ വായന

സലാം കരുവമ്പൊയില്‍

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് കേന്ദ്ര മന്ത്രിസഭയുടെ ഇരു മണ്ഡലങ്ങളിലും  രായ്ക്കുരാമാനം പാസ്സാക്കിയെടുത്ത കര്‍ഷകവിരുദ്ധ ബില്ലുകള്‍ സൃഷ്ടിച്ച അലയൊലികള്‍ ഇതെഴുതുമ്പോഴും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍, കേരള കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി, ആം ആദ്മി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ കഞ്ഞിയില്‍ പൂഴി വാരിയെറിയുന്ന മൂന്ന്  ബില്ലുകള്‍ ചുട്ടെടുത്തത്. ഈ കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് കേരളത്തില്‍നിന്നുള്ള എളമരം കരീം അടക്കം എട്ടു രാജ്യസഭാ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. തിരക്കിട്ടു നിയമമാക്കാതെ സെലക്ട് കമ്മിറ്റിയുടെ വിശദ പഠനത്തിന്ന് വിടണമെന്ന ന്യായമായ ആവശ്യത്തിനോ ഇവ്വിഷയകമായി പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശത്തിനോ തരിമ്പും വിലകല്‍പിക്കുകയുണ്ടായില്ല. ശബ്ദ വോട്ടെടുപ്പിന് പകരം വോട്ടെടുപ്പു തന്നെ നടത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
എന്‍.ഡി.എയിലെ ഏറ്റവും പഴയ സഖ്യ കക്ഷി ശിരോമണി അകാലിദള്‍ (എസ്.എ.ഡി) കേന്ദ്ര മന്ത്രിസഭയിലെ ഏക പ്രതിനിധി ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ തല്‍സ്ഥാനത്തുനിന്നു രാജിവെക്കുകയുണ്ടായി. പിന്നെ ആ പാര്‍ട്ടി എന്‍.ഡി.എ മുന്നണിയും വിട്ടു. ഇത്രയും പ്രകോപനത്തിനും  പ്രതിഷേധത്തിനും  വഴിവെക്കാന്‍ മാത്രം എന്ത് അപകടകാരിതയാകും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുക?

വരിഞ്ഞു മുറുക്കുന്നു

ലക്ഷോപലക്ഷം ശരാശരി ഇന്ത്യന്‍  കര്‍ഷകരുടെ നട്ടെല്ലൊടിച്ചുകളയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ഭീകരമായ മുഖം. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമേഴ്സ് ബില്‍, ദ ഫാര്‍മേഴ്സ് എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ എഗ്രിമെന്റ്, ദി എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്റ്‌മെന്റ് ബില്‍ എന്നീ മൂന്നു ആക്ടുകളാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവില (Minimum  Support  Price), പൊതു സംഭരണം (Public  Procurement), പൊതു വിതരണ സംവിധാനം (Public Distribution System) എന്നീ ബലവത്തായ മൂന്ന് തൂണുകളിലാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ നിലകൊള്ളുന്നത്. ഈ  മൂന്ന് സ്തംഭങ്ങളും നിലംപൊത്തുകയും  ഇന്ത്യന്‍ കാര്‍ഷിക മേഖല ഒരുപിടി കുത്തകകള്‍ക്കും സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കും മുന്നില്‍  അടിയറ പറയുകയും അതുവഴി കര്‍ഷകന്റെ മുമ്പില്‍ മരണക്കെണി വിരിക്കപ്പെടുകയും ചെയ്യുക എന്ന ദുരന്തമാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. 
ഇപ്പോള്‍ തന്നെ രോഗാതുരമായ കാര്‍ഷികരംഗം പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ക്ഷയോന്മുഖമാകും. കൃഷിത്തൊഴിലിനെ വിദഗ്ധ തൊഴിലിനുള്ള വേതനത്തില്‍പെടുത്തുക, ഭൂമിയുടെ യഥാര്‍ഥ വിലയും വ്യവസ്ഥാപിത സ്ഥാപനങ്ങളില്‍നിന്നല്ലാതെ പറ്റുന്ന കടവുമടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് കൃഷിയാവശ്യത്തിനുള്ള നിക്ഷേപത്തിന്റെ പലിശ കണക്കാക്കുക, വിലക്കയറ്റവും മറ്റും പരിഗണിച്ച് വിളവെടുപ്പിനു ശേഷമുള്ള ചെലവ് തീരുമാനിക്കുക എന്നിവയൊക്കെയാണ് താങ്ങുവില നിശ്ചയിക്കുന്നതിനായി മാര്‍ച്ച് 2015-ന് പ്രസിദ്ധം ചെയ്ത രമേഷ് ചന്ദ് കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. ഈ നിര്‍ദേശം പ്രാബല്യത്തില്‍ കൊണ്ടുവരികയാണെങ്കില്‍ താങ്ങുവിലയില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. പക്ഷേ, അധികാരം കൈയാളുന്നവരുടെ കെടുകാര്യസ്ഥതയും വിവേകശൂന്യതയും ഇവ്വിഷയത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നു. വര്‍ധിച്ചുവരുന്ന  കര്‍ഷക ആത്മഹത്യയുടെയും  മറ്റു പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍  2004-2006 കാലയളവില്‍ പൂര്‍ത്തീകരിച്ച പ്രഫ.എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശകളും ഭരിക്കുന്നവരുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഭൂപരിഷ്‌കരണം, ജലസേചനം, ക്രെഡിറ്റ് ആന്റ് ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷ, തൊഴില്‍, ഉല്‍പ്പാദനക്ഷമത, കര്‍ഷക ക്ഷേമം പോലെ കമീഷന്‍ ഊന്നിയ കാര്യങ്ങളും ചെവിക്കൊള്ളാതെ പോയി. താങ്ങുവില ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള ആത്മാര്‍ഥമായ ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് നേര്.
കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കുടുംബങ്ങളുടെ വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് എന്ന് ഏറെ കൊട്ടിഘോഷിച്ച് 2016-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫസല്‍ ബീമാ പദ്ധതി(Fasal Bima Yojana)യുടെ അവസ്ഥയോ? യോഗ്യരായ 20 ശതമാനം കര്‍ഷകരെ മാത്രമേ ഈ ഇന്‍ഷൂറന്‍സിനു കീഴില്‍ കൊണ്ടുവന്നുള്ളൂ. മഹാ ഭൂരിപക്ഷത്തിനും ഇത്തരമൊരു സംരംഭം തന്നെ അജ്ഞാതം! കര്‍ഷക കടങ്ങള്‍ കുറക്കാനായി എക്‌സ്‌പേര്‍ട്ട് കമ്മിറ്റികള്‍  സമര്‍പ്പിച്ച അടിയന്തര നടപടികളും വൃഥാവിലാവുന്നു. അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് റേറ്റിന്റെ 18 ശതമാനം കൃഷിയാവശ്യാര്‍ഥം മാറ്റിവെക്കണമെന്നും 8 ശതമാനം ചെറുകിട- പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്നുമുള്ള ആര്‍.ബി.ഐ മാര്‍ഗ നിര്‍ദേശം വന്‍കിട കാര്‍ഷിക വ്യവസായങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് അനുഭവം.

ഒരു സംസ്‌കാരം കെട്ടടങ്ങുമ്പോള്‍

അംഗീകൃത ഏജസിയായ  എ.പി.എം.സി (Agricultural Produce Market Committee) സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില നല്‍കി കര്‍ഷകരില്‍നിന്ന്  ഉല്‍പന്നം നേരിട്ട് ശേഖരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ പുതിയ നിയമങ്ങള്‍  എ.പി.എം.സിയുടെ അധികാരത്തെ തകര്‍ക്കുന്നു. താങ്ങുവില സമ്പ്രദായത്തിന് കൂച്ചുവിലങ്ങിടുന്നു. പ്രാദേശിക നിലവാരമനുസരിച്ച് കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കുക എന്ന സാമ്പ്രദായിക രീതിയുടെ കടക്കല്‍ കത്തിവെക്കുക മാത്രമല്ല, ഇവ്വിധമുള്ള വിപണി നിശ്ശേഷം തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ സ്വാധീനം. വില്‍ക്കുന്നവനല്ല വാങ്ങുന്നവനാണ് വില നിശ്ചയിക്കുന്നത് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും. കര്‍ഷകര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കുമിടയില്‍ ഒരു വിലപേശല്‍ ശക്തി ഉടലെടുക്കുന്നു. വന്‍കിട കമ്പനികള്‍ തന്നിഷ്ട പ്രകാരം വിപണികള്‍ സൃഷ്ടിക്കും. കഴുത്തറപ്പന്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സാധാരണ കര്‍ഷകര്‍ ഗോദയില്‍നിന്ന് പിന്‍വാങ്ങേണ്ടിവരും. തങ്ങളുടെ വിയര്‍പ്പിനുള്ള വില നിഷേധിക്കപ്പെടുന്ന സാഹചര്യം  ഉരുത്തിരിയുന്നതോടെ മണ്ണിനോട് പടവെട്ടിയിരുന്ന വര്‍ഗത്തിന്റെ ക്രയശേഷിയും അഭിനിവേശവും നിര്‍വീര്യമാവുകയും ഒടുവില്‍ ഒരു ജനപദത്തിന്റെ അസ്തിത്വംതന്നെ അസ്ഥിരതയിലാവുകയും ചെയ്യും. 
പുതിയ ബില്ലുകള്‍ അവതരിപ്പിക്കുന്ന കരാര്‍ പരമ്പരാഗത കാര്‍ഷിക മേഖലയെ വിഴുങ്ങുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇവിടെ വിത്തും വളവും തീരുമാനിക്കുന്നത് കുത്തക കമ്പനിയാണ്. സാങ്കേതിക വിദ്യയുടെയും മറ്റു അത്യാധുനിക മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെയും പിന്‍ബലത്തോടെ വിപണി കൈയടക്കാന്‍ ഒരുമ്പെടുന്ന വമ്പന്‍ സ്രാവുകളോട് പൊരുതാന്‍  ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് എങ്ങനെ സാധിക്കും? ഒരേയിനം വിളകള്‍, രാസവള ഉപയോഗം, വൈദഗ്ധ്യം എന്നിവയില്‍ കരാര്‍ സ്ഥാപനത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കേണ്ട അവസ്ഥകൂടി സംജാതമാവുമ്പോള്‍ പിന്നെ ദുര്‍ബല വിഭാഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കുത്തുപാള എടുക്കേണ്ടിവരുന്നു. കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ക്ക് 'ബലിഷ്ഠമായ' കണ്ണികളോടായിരിക്കും സ്വാഭാവികമായും പ്രിയം. ചെറുകിട കര്‍ഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക് ഇത്തരം ഭീമന്മാര്‍ക്ക്  കൊക്കിലാക്കാന്‍ അനായാസം സാധിക്കുന്നു. അവസാനം സംഭവിക്കുന്നതോ?  ഗ്രാമച്ചന്തകളും ഗ്രാമ്യ ഈടുവെപ്പുകളും തിരോഭവിക്കുകയും ഒരു സംസ്‌കാരത്തിന്റെ കൊടിയടയാളങ്ങള്‍ എന്നന്നേക്കുമായും അഴിച്ചുമാറ്റപ്പെടുകയും ചെയ്യുന്നു. 
കാര്‍ഷിക മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരാവകാശങ്ങള്‍കൂടി എടുത്തുമാറ്റപ്പെടുന്നതിലൂടെ അസംഘടിത തൊഴിലാളികള്‍ കൂടുതല്‍ നിരായുധരാവും. അതിനൊക്കെ പുറമെ, ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കൊഴുക്കും.
ജനിതക മാറ്റം വരുത്തിയ (Genitically   മോഡിഫൈഡ്- G M ) വിത്തുകള്‍ പരീക്ഷിക്കാനുള്ള വേദിയായി ഭൂമി മാറുന്നു എന്നതാണ് ഇതിന്റെ മറ്റൊരു ദൂഷ്യ വശം. Bacillus Thuringiensis  എന്ന ബാക്ടീരിയയുടെ ജീന്‍ സന്നിവേശിപ്പിച്ചു വികസിപ്പിച്ചെടുത്ത ബി.ടി വിളകള്‍ ഇതിനു ഉദാഹരണമാണ്. ഇതിന്റെ ഗുണപരതയെക്കുറിച്ച സൂക്ഷ്മമോ  ഖണ്ഡിതമോ ആയ വിധിതീര്‍പ്പിലേക്ക് ആരും ഇനിയും എത്തിയിട്ടില്ല. വിവിധ രാജ്യങ്ങളില്‍ ഇത്തരം വിത്തുകളുടെ ഫലക്ഷമതയെയും സാംഗത്യത്തെയും കുറിച്ച വ്യത്യസ്ത വീക്ഷാഗതികളാണുള്ളത്. പല രാഷ്ട്രങ്ങളും ഇത് നിരോധിച്ചു. മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കോര്‍പ്പറേറ്റ് പ്രേമം

പാര്‍ലമെന്ററി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയും   ജനഹിതം  ചവിട്ടിയരച്ചും  പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ എന്തായിരിക്കും സംഘ് പരിവാര്‍ ശക്തികള്‍ക്കുള്ള പ്രേരകം? ഏതു ബില്ലും നിയമമാകുന്നതിനു മുമ്പ് പാര്‍ലമെന്റില്‍ ചര്‍ച്ചകളും വിശകലനങ്ങളും നടക്കണം എന്നത് അറിയാത്തവരല്ലല്ലോ ഭരിക്കുന്നവര്‍.
രണ്ടു ഉത്തരങ്ങളാണ് നമ്മുടെ മുമ്പില്‍. ഒന്ന്, നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് ഭ്രമം. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റടുത്തതിന് ശേഷം രാജ്യത്തെയും രാജ്യ താല്‍പര്യങ്ങളെയും ഒരുപിടി കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തതിന്റെ ജുഗുപ്‌സാവഹമായ ചിത്രമാണ് ഉടനീളം. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കു ഉപകാരസ്മരണയായിരുന്നു ഈ അവിശുദ്ധ ബാന്ധവത്തിന്നു പിന്നില്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ശതകോടികളാണ് എന്‍.ഡി.എക്ക് വേണ്ടി ഒഴുക്കിയത്. എണ്ണ വിലയില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലന്ന ഉറപ്പേ അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസിന് മോദിയില്‍നിന്ന് വേണ്ടിയിരുന്നുള്ളൂ. ഇസ്രയേലുമായുള്ള 65,000 കോടിയുടെ മിസൈല്‍ വികസന പദ്ധതി കോണ്‍ട്രാക്ട് ജേതാവും അംബാനി തന്നെ. പ്രധാനമന്ത്രിയുടെ ജൂതരാഷ്ട്ര സന്ദര്‍ശനംതന്നെ അംബാനിക്കു വേണ്ടിയായിരുന്നു. 2015-ല്‍ പ്രതിരോധബന്ധം ശക്തിപ്പെടുത്താനായി ഇരു രാജ്യങ്ങളും ഒപ്പിട്ട 39,000 കോടിയുടെ വിമാന ഇടപാടും മോദി അംബാനിക്ക് നല്‍കി. 
അദാനിയെയും മോദി മറന്നില്ല. ങമസല കിറശമ പ്രോജക്ടിന്റെ ബാനറില്‍ ഇന്ത്യ സ്വീഡന് 100 ഒറ്റ എന്‍ജിന്‍ യുദ്ധ വിമാനങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നതിനുള്ള 60,000 കോടിയുടെ കരാര്‍ കിട്ടിയത് അദാനി ഗ്രൂപ്പിന്. 2016-ല്‍ ഇറാനുമായുണ്ടാക്കിയ 500 ദശലക്ഷം ഡോളറിന്റെ ഇടപാടും അദാനി പോക്കറ്റിലാക്കി. 2014-ല്‍ മോദി അധികാരത്തിലെത്തി അഞ്ചു മാസംകൊണ്ട് അദാനി ഗ്രൂപ്പ് നേടിയ വളര്‍ച്ച മൂന്നിരട്ടി. 2014 മെയ് 2-ന് 1.9  ബില്യന്‍ ആയിരുന്നത് സെപ്റ്റംബര്‍ 13 ആയപ്പോഴേക്കും 6 ബില്യന്‍ ആയി. 800  ദശലക്ഷം ആളുകള്‍ ദിവസേന രണ്ടു ഡോളര്‍ പോലും വരുമാനമില്ലാതെ ജീവിക്കുന്ന ഭാരതത്തില്‍ അദാനി വാരിക്കൂട്ടിയത് 25 ദശലക്ഷം ഡോളര്‍!
ബി.ജെ.പി സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങളുടെ സ്വാഭാവിക പരിണതികളായിരുന്നു ഇതെല്ലം എന്നതാണ് സത്യം. റെയില്‍വേ, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, വിമാനത്താവളം,  കുടിവെള്ളം, പെട്രോളിയം, കല്‍ക്കരി, ഇന്‍ഷൂറന്‍സ്, പ്രതിരോധം തുടങ്ങി സര്‍വ തുറകളും കോര്‍പ്പറേറ്റ്  ശക്തികള്‍ക്ക് വീതം വെച്ചുകൊടുത്തോടുകൂടി ഇന്ത്യയുടെ പൊതുമേഖലയാണ് കൂപ്പുകുത്താന്‍ തുടങ്ങിയത്. മുകളില്‍ പറഞ്ഞതില്‍ 74 ശതമാനം വിദേശ പ്രത്യക്ഷ മൂലധന നിക്ഷേപത്തിന് തുറന്നുകൊടുത്തു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് പൊതുവിലും കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും നേരിട്ട ആഘാതത്തിന് പ്രതിവിധിയായി കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ താളം തെറ്റുകയായിരുന്നു. ആഭ്യന്തര കോര്‍പ്പറേറ്റ് മേലാളന്മാരെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദി സര്‍ക്കാരിന്റെ അജണ്ടകളെല്ലാം. ഇപ്പോഴത്തെ കര്‍ഷകവിരുദ്ധ ബില്ലുകള്‍ ഇത്ര ധിറുതിയില്‍ പാസ്സാക്കിയെടുത്തതിന്റെ പിന്നിലും വഴിവിട്ട കോര്‍പ്പറേറ്റ് ദാസ്യമായിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി