Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

ഹാഥറസ്: ജാതി അവശിഷ്ടമല്ല, സാമൂഹികഘടനയുടെ വര്‍ത്തമാനം

എ.എസ് അജിത്കുമാര്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നൂറ്റം കൊള്ളുന്നവരെ സംബന്ധിച്ച്, ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും മരണപ്പെടുകയും ചെയ്ത സംഭവം പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നതും മാധ്യമ ശ്രദ്ധ നേടുന്നതും വല്ലാതെ അലോസരം സൃഷ്ടിക്കുന്നുണ്ടെന്നത് ഉറപ്പാണ്. കാരണം അത്  സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനപരമായ പ്രശ്‌നത്തെയും പിളര്‍പ്പിനെയും മൂടി വെക്കാന്‍ കഴിയാത്ത രീതിയില്‍ തുറന്നിടുന്നുവെന്നതാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ജാതി ഒരു നിര്‍ണായക ഘടകമാണെന്ന് മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയുടെ ഘടനക്കുള്ളില്‍ അത് തുടര്‍ന്ന്  പോരുന്നുവെന്നുള്ളതാണ് അതിനെ കൂടുതല്‍ ഭീകരമാക്കുന്നത്. 'വടക്കേന്ത്യയിലെ കുഗ്രാമത്തിലെ ജാതി' പ്രശ്‌നമായി ഇത്തരം സംഭവങ്ങളെ ചിത്രീകരിച്ചു സ്വയം രക്ഷപ്പെടുത്താനാണ് പുരോഗമനക്കാര്‍ ശ്രമിക്കുക. ഹാഥറസ് സംഭവത്തില്‍ പ്രാദേശിക ജാതിഘടനയും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ -നിയമ വ്യവസ്ഥയും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി വെളിവാക്കപ്പെട്ടിരിക്കുന്നു. ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ഏതെങ്കിലും പ്രദേശങ്ങള്‍ ആധുനികമാകാതെ പരമ്പരാഗത ജാതിഘടനയില്‍ നില്‍ക്കുന്നു എന്നല്ല; മറിച്ച്, ആധുനിക ജനാധിപത്യ സംവിധാനങ്ങള്‍തന്നെ ജാതി ഘടനയുടെ ഭാഗമായി നില്‍ക്കുന്നു എന്നാണ്. ദലിത് സ്ത്രീകള്‍ക്കെതിരെ ദൈനംദിനം നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ നീതി കിട്ടാതെ പോകുന്നതിനു കാരണം ഇത് കൂടിയാണ്. ഹാഥറസ് സംഭവത്തെ നമ്മളോരോരുത്തരും ഭാഗഭാക്കായ വ്യവസ്ഥയുടെയും ഘടനയുടെയും പ്രശ്‌നമായി തിരിച്ചറിയേണ്ടതുണ്ട്. ജാതി എന്നത് മറ്റൊരിടത്തെ പ്രശ്‌നമായോ മറ്റൊരു കാലത്തെ പ്രശ്‌നമായോ സ്ഥാപിച്ച് രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഈ സംഭവത്തെ അടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.
വളരെ കാലങ്ങളായി, ദലിത് പ്രസ്ഥാനങ്ങളും ദലിത് സ്ത്രീ പ്രവര്‍ത്തകരും ഇത്തരം സംഭവങ്ങളുടെ കാതല്‍ ജാതിയാണെന്ന് അടിവരയിട്ടു പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതിപരവും ലിംഗപരവുമായ മാനങ്ങള്‍ കൂടിക്കുഴയുന്ന ഇത്തരം സംഭവങ്ങളുടെ സങ്കീര്‍ണതകള്‍ ഈ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒട്ടേറെ പഠനങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. പൊതുസമൂഹത്തിന്റെ രക്ഷാധികാര മനോഭാവത്തോടെയുള്ള സഹതാപമാര്‍ന്ന ഇരവല്‍ക്കരണത്തില്‍നിന്ന് പുറത്തു കടന്നു കൊണ്ട്, അത്തരം ആഖ്യാനങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ദലിത് സ്ത്രീകളുടെ തലത്തില്‍ നിന്നുള്ള ആഖ്യാനങ്ങള്‍ കൊണ്ട് വരാനാണ് ഈ റിപ്പോര്‍ട്ടുകള്‍ ശ്രമിച്ചിട്ടുള്ളത്. അവയില്‍ ഊന്നി പറയാന്‍ ശ്രമിച്ചിട്ടുള്ള ഒന്ന്, ഇന്ത്യയില്‍ ബലാത്സംഗം എന്നത് ദലിത് സ്ത്രീകളെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനുമുള്ള ഒരു ഉപകരണമായി ഉപയോഗപ്പെടുത്തപ്പെടുന്നു എന്നുള്ളതാണ്. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുകളെ ഒതുക്കാനും അവരെ പാഠം പഠിപ്പിക്കാനും ഭൂവുടമകളും പോലീസും ലൈംഗിക അതിക്രമങ്ങളെ ഉപയോഗിക്കുന്നുണ്ട്. 2018-ല്‍ ആള്‍ ഇന്ത്യാ മഹിളാ അധികാര്‍ മഞ്ചും എന്‍.സി.ഡി.എച്ച്.ആറും ചേര്‍ന്നു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയില്‍ പതിനഞ്ചു വയസ്സോടെ 33 ശതമാനം ദലിത് പെണ്‍കുട്ടികളും ശാരീരികമായ അതിക്രമം നേരിടുന്നുവെന്നാണ്. ഇത് മറ്റു വിഭാഗക്കാരില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് തന്നെ ചൂണ്ടി കാണിക്കുന്നുണ്ട്, ജാതി വ്യവസ്ഥയുടെ ഭാഗമായി എത്രത്തോളം ദലിത് സ്ത്രീകള്‍ ശാരീരികമായ അതിക്രമങ്ങള്‍ നേരിടുന്നുവെന്ന്. 
കുറ്റകരമായ നിയമവ്യവസ്ഥയില്‍നിന്ന് ദലിത്-കീഴാള സ്ത്രീകള്‍ക്ക് നീതിയും ലഭിക്കുന്നില്ല. പോലീസ് സ്റ്റേഷനില്‍  പട്ടിക ജാതി അതിക്രമ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെടുപ്പിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ഇരകളെ അധിക്ഷേപിച്ച്, അവരുടെ മേല്‍തന്നെ കുറ്റം ആരോപിക്കുന്ന രീതിയിലാണ് ആ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹാഥറസ്. ദലിത് പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനു ഇരയായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടാന്‍ കാലതാമസമുണ്ടായി. അവസാനം വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. താക്കൂര്‍ വിഭാഗത്തില്‍ പെട്ട നാല് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ബലാത്സംഗം നടന്നിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ആദ്യം മുതല്‍ തന്നെ. പിന്നീടു നടന്നത്, ബലാത്സംഗത്തിനെതിരെ ഉയര്‍ന്നുവന്ന ശബ്ദങ്ങള്‍ യോഗി സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും. ഹഥ്‌റാസിലേക്കുള്ള യാത്രാ മധ്യേ മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്തത് സര്‍ക്കാര്‍ സംവിധാനം എത്രത്തോളം താക്കുര്‍മാരായ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതിന് തെളിവാണ്.  കൂടാതെ ഇരയുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഗ്രാമം വിട്ടു പോകേണ്ട അവസ്ഥയും സംജാതമായിരിക്കുന്നു. ലൈംഗിക അതിക്രമങ്ങളെയും ജാതി അതിക്രമങ്ങളെയും ചോദ്യം ചെയ്താലും അതിനെതിരെ പരാതി കൊടുത്താലും പിന്നീടുണ്ടാവുന്ന ഭീഷണിയും അക്രമങ്ങളും, താക്കൂര്‍മാരും ഭരണ വ്യവസ്ഥയും നിയമ വ്യവസ്ഥയും  തമ്മിലുള്ള ഇടപാടുകളുടെ ഭീകരത വ്യക്തമാക്കുന്നു.
 യു.പിയിലെ  താക്കുര്‍മാര്‍ക്ക്  ഭരണ വ്യവസ്ഥയിലുള്ള സ്വാധീനം വളരെ പ്രകടമാണ്. അതുകൊണ്ട് തന്നെയാണ് ഭീം ആര്‍മി നേതാവ്  ചന്ദ്രശേഖര്‍ ആസാദിനെ  താക്കൂര്‍മാര്‍  ഭീഷണിപ്പെടുത്തുന്ന വീഡിയോകള്‍ ഒരു പ്രശ്‌നവുമില്ലാതെ ചുറ്റിക്കറങ്ങിയത്. ലൈംഗിക /ജാതി കുറ്റകൃത്യങ്ങള്‍ ചെയ്താലും തങ്ങള്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുമെന്ന് അവര്‍ക്ക്  ഉത്തമ ബോധ്യമുണ്ട്. യു.പി സംസ്ഥാനത്തെ രാഷ്ട്രീയ അധികാരത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് താക്കൂര്‍ സമുദായം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഉത്തര്‍പ്രദേശിലെ  14 മുഖ്യമന്ത്രിമാരുടെ സമുദായം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണ്. അഞ്ചു ബ്രാഹ്മണര്‍, മൂന്ന് താക്കൂര്‍മാര്‍, രണ്ടു ബനിയര്‍, ഒരു കായസ്ഥ, ഒരു ബംഗാളി ബ്രഹ്മോ, ഒരു ജാട്ട്, ഒരു യാദവ് എന്നിങ്ങനെയാണത്. ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗിയും താക്കൂര്‍ ആണെന്നതാണ് അവരുടെ ബലം. താക്കൂര്‍മാരും ബ്രാഹ്മണരും ചേര്‍ന്ന് പതിഞ്ചു ശതമാനമാണ് ജനസംഖ്യയെങ്കിലും തെരെഞ്ഞടുപ്പുകളില്‍ ഇരുപത്തിയഞ്ച് ശതമാനം സീറ്റുകളും അവര്‍ കൈയടക്കുമത്രെ. ഭൂവുടമകളായത് കൊണ്ട് തന്നെ പണക്കൊഴുപ്പും സ്വാധീനവും ഏറെയുള്ള താക്കുര്‍മാര്‍ക്കെതിരെ ഒരു പാര്‍ട്ടിക്കും സംസാരിക്കാന്‍ കഴിയില്ല. ഇ.പി ഡബ്ലിയു മാഗസിനില്‍ വന്ന ഒരു ലേഖന പ്രകാരം, മറ്റു സമുദായങ്ങളിലെ തലമുറകള്‍ മറ്റു തൊഴിലുകളിലേക്ക് ധാരാളം മാറിയിട്ടുണ്ടെങ്കിലും ആ മാറ്റം ഭൂവുടമകളായ താക്കൂര്‍മാരില്‍ വളരെ കുറവാണ് എന്നാണ്. കൃഷി മേഖലയില്‍നിന്ന് അവര്‍ മാറാന്‍ ശ്രമിച്ചിട്ടില്ല. ഭൂമിക്കും രാഷ്ട്രീയ വ്യവസ്ഥക്കുമുള്ള അവരുടെ അധികാരം അടിവരയിടുന്ന ഒന്നാണത്.
ഈ ജാതി അധികാരം പ്രാദേശിക മേഖലകളില്‍ വളരെ പ്രകടമാണ്. ഹാഥറസ് സംഭവം നടന്ന ബൂല്‍ഗാര്‍ഹി ഗ്രാമത്തില്‍ സവര്‍ണര്‍ക്കും വാല്‍മീകി സമുദായത്തിനുമിടയില്‍ ജാതി അധികാര വ്യത്യാസം വളരെ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് പതിനഞ്ചു ബ്രാഹ്മണ കുടുംബങ്ങളും നൂറിലേറെ താക്കൂര്‍ കുടുംബങ്ങളും നാല് വാല്‍മീകി കുടുംബങ്ങളുമാണ് അവിടെയുള്ളത്. ഭീകരമായ ജാതി അതിക്രമങ്ങളാണ് കുടുംബങ്ങള്‍ നേരിടുന്നത്. സവര്‍ണരുടെ ദേഹത്ത് അറിയാതെ തൊട്ടാല്‍ പോലും ഭീകരമായ മര്‍ദനമാണ് നേരിടേണ്ടി വരിക. അത് കൊണ്ട് തന്നെ അവരുമായി അകലം പാലിച്ചാണ് ദലിതര്‍ ജീവിക്കുന്നത്. കടകളില്‍ സാധനം വാങ്ങാന്‍ പോകുമ്പോഴുള്ള വിവേചനം ടി.വി റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ഹാഥറസില്‍ ദലിത് സ്ത്രീകള്‍ നിരന്തരമായി ലൈംഗികമായ അവഹേളനം നേരിട്ടിരുന്നു. ഹാഥറസ് കേസിലെ മുഖ്യ പ്രതിയായ സന്ദീപ് താക്കൂര്‍ തന്നെ ഇരയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. അവരുടെ കുടുംബത്തെ ദ്രോഹിച്ചിരുന്നു. സന്ദീപിന്റെ മുത്തഛന്‍ ഇരയുടെ മുത്തഛനെ മര്‍ദിച്ചതിന്റെ പേരില്‍ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ച്ചയായ ജാതി വൈരം കൂടിയാണ് ഈ കൃത്യത്തിലേക്ക് എത്തിയത്.
ഹാഥറസ് സംഭവത്തെ ഒരു പ്രദേശത്തെ പ്രശ്‌നമായി മാത്രം ചുരുക്കിയാല്‍ വ്യവസ്ഥാപിതമായ, ഘടനാപരമായ ജാതിയുടെ ഹിംസയെ തിരിച്ചറിയാന്‍ കഴിയാതെ പോകുമെന്ന് മനസ്സിലാക്കണം.  ഇന്ത്യയിലെ പലയിടങ്ങളില്‍ നടന്നിട്ടുള്ള ഇത്തരം സംഭവങ്ങളില്‍ ഘടനാപരമായ ജാതിയുടെ പങ്കു കാണാം. 1992-ല്‍ രാജസ്ഥാനില്‍ ബന്‍വാരി ദേവി, മഹാരാഷ്ട്രയിലെ ഖിര്‍ലാഞ്ചി സംഭവം തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള മാറ്റം ഗ്രാമങ്ങളിലെ ജാതി അധികാര ഘടനയെ തകര്‍ക്കുമെന്നും അതുവഴി കീഴാള ജനവിഭാഗങ്ങള്‍ക്ക്  സ്വന്തം ജീവിതത്തെ നിര്‍ണയിക്കാന്‍ കഴിയുമെന്നും നിയമ വ്യവസ്ഥയുടെ മുന്നില്‍ തുല്യത ലഭിക്കുമെന്നും കരുതപ്പെട്ടുവെങ്കിലും ജനാധിപത്യ ഘടനയെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ ജാതി അധികാരം നിലനിര്‍ത്തുന്നവര്‍ക്ക് കഴിയുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഈ സമയത്ത് വളരെ നിര്‍ണായകമായ ഒന്നാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച. ഇത് കാരണം ജാതി വ്യവസ്ഥയുടെ പിളര്‍പ്പുകളെ മൂടി വെച്ച് ഹിന്ദു ഐക്യം മുന്നോട്ടു വെക്കാനും അധികാരം കൈയാളാനും യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ക്ക് കഴിയുന്നു. ഗുജറാത്തിലും മുസഫര്‍നഗറിലും മുസ്‌ലിംകള്‍ക്കെതിരെ ബലാത്സംഗത്തെ ഉപയോഗിച്ചതും സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഒരു മുഖമാണ്. സംഘ് പരിവാര്‍ താത്ത്വികാചാര്യന്‍ സവര്‍ക്കര്‍ ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ആയുധമായി കണ്ടിരുന്നു. പോലീസ്, സൈനിക നടപടികള്‍ ഉള്‍പ്പെടെയുള്ള ഭരണകൂട നീക്കങ്ങളിലും ബലാത്സംഗം അടിച്ചമര്‍ത്തലിനുള്ള ആയുധമാകുന്നത് നാം കണ്ടതാണ്. സെന്‍സേഷനലായ പത്ര റിപ്പോര്‍ട്ടുകള്‍ക്കപ്പുറം സ്ത്രീകള്‍ക്കെതിരായ ലൈംഗിക ഹിംസകള്‍ക്കെതിരായ പ്രതിരോധം നാം എങ്ങനെയാണ് വളര്‍ത്തിയെടുക്കേണ്ടത്?

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി