Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

നബിയുടെ ജീവിതപാത പിന്തുടരുക

എം.ഐ അബ്ദുല്‍ അസീസ് - അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു- ദൈവദൂതനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ഈ സാക്ഷ്യപത്രം നല്‍കിയത് അദ്ദേഹത്തെ പുറമെ നിന്നോ വിദൂരത്തു നിന്നോ വീക്ഷിച്ച ആരെങ്കിലുമല്ല, സഹധര്‍മിണി ആഇശ(റ)യാണ്. സമൂഹത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും ജീവിതത്തിലെ പ്രയോഗവും തമ്മിലെ അന്തരം ആ ദാമ്പത്യത്തില്‍ ഒരിക്കല്‍ പോലും അലോസരമുണ്ടാക്കിയിട്ടില്ല. അതാണ് പ്രവാചകന്‍. മുഹമ്മദ് നബി ഒരു മനുഷ്യനായിരുന്നു, തികവൊത്ത മനുഷ്യന്‍.
സ്വന്തം ജീവിതവിശുദ്ധിയുടെ ബലത്തില്‍ ഒരാദര്‍ശം പ്രബോധനം ചെയ്യുന്നു, തദനുസൃതമായ ജീവിതരീതി പടുത്തുയര്‍ത്തുന്നു, അത് തന്റെ സമൂഹത്തെ ആശ്ചര്യകരമാംവിധം പരിവര്‍ത്തിപ്പിക്കുന്നു, ലോകചരിത്രത്തിന്റെ ദിശ നിര്‍ണയിക്കുന്നു- ഇത്തരമൊരു വ്യക്തിത്വം മനുഷ്യചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. അജ്ഞതയും അന്ധകാരവും മാത്രം കൈമുതലാക്കി  മതജീവിതം മുതല്‍ രാഷ്ട്രീയ-നാഗരിക സംവിധാനം വരെ കെട്ടിപ്പടുത്ത ഒരു ജനതയെ അദ്ദേഹം കീഴ്‌മേല്‍ മറിച്ച് അവരെ വിജ്ഞാനത്തിന്റെ ഉത്തുംഗതയിലും സാംസ്‌കാരിക ഔന്നത്യത്തിലും സ്ഥാപിക്കുന്നു. ഒരു രാത്രികൊണ്ട് മക്കയില്‍നിന്നും അതിദൂരം സഞ്ചരിച്ച് ബൈത്തുല്‍ മഖ്ദിസിലെത്തി. തുടര്‍ന്ന് ആകാശ, സ്വര്‍ഗ-നരകങ്ങളും അതിഭൗതികലോകാവസ്ഥകളും കണ്ട് തിരിച്ചെത്തുന്ന ഒരു സംഭവമുണ്ട് പ്രവാചക ജീവിതത്തില്‍. മുഹമ്മദ് (സ) ഇത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് യാഥാര്‍ഥ്യമായിരിക്കുമെന്നായിരുന്നു സഹചാരി അബൂബക്‌റിന്റെ പ്രതികരണം. തീര്‍ത്തും മനുഷ്യസാധ്യമല്ലാത്ത, ഭൗതികയുക്തിയുടെ ഏതളവ് വെച്ചും നിരാകരിക്കാവുന്ന ഒരനുഭവത്തെ അംഗീകരിക്കാന്‍ അബൂബക്‌റിന് സാധിച്ചത് പ്രവാചകന്‍ അനുഭവിപ്പിച്ച സത്യസന്ധതയുടെയും വിശ്വസ്തതയുടെയും മൂലധനമായിരുന്നു. മറ്റുള്ളവര്‍ക്കും അവിശ്വസിക്കാന്‍ ഒരു കാരണമേയുണ്ടായിരുന്നുള്ളൂ; തങ്ങള്‍ തുടര്‍ന്നുവരുന്ന ജീവിതരീതിയോടും ഭൗതിക സുഖാസ്വാദനങ്ങളോടും വേര്‍പിരിഞ്ഞു നില്‍ക്കുന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു എന്നത്.
നിങ്ങള്‍ ഏത് മതവിശ്വാസിയാവട്ടെ, മതരഹിതനാവട്ടെ, - സാധാരണക്കാരന്‍, കുടുംബനാഥന്‍, കുടുംബനാഥ, മാതാവ്, പിതാവ്, മകന്‍, മകള്‍, ഭരണാധികാരി, നേതാവ്, ഭരണീയന്‍, അനുയായി, പോരാളി, വിദ്യാര്‍ഥി, അധ്യാപകന്‍, കച്ചവടക്കാരന്‍, വാങ്ങുന്നവന്‍, വിധികര്‍ത്താവ് ഇങ്ങനെ ഏത് തലത്തില്‍ നില്‍ക്കുന്നവരാവട്ടെ, പ്രവാചകന്‍ മുഹമ്മദ് നബിയെ ഒന്ന് വായിച്ചുനോക്കൂ, ഒന്നടുത്തറിയാന്‍ ശ്രമിക്കൂ- ആ വ്യക്തിത്വത്തില്‍ നിങ്ങള്‍ മതിമറക്കും. അനുരാഗിയെപ്പോലെ നിങ്ങള്‍ പ്രവാചകനെ വാരിപ്പുണരും. ഇത് പ്രപഞ്ചത്തിനാകെയുള്ള കാരുണ്യവര്‍ഷമാണല്ലോ എന്ന് നിങ്ങള്‍ ആത്മഗതം ചെയ്യും. അത്രമേല്‍ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതാനുഭവങ്ങളാണ് നബി നമുക്ക് പകര്‍ന്നുനല്‍കുന്നത്. ആ ജീവിതനദിയില്‍ നിന്ന് നുകരാനാവുന്നവരൊക്കെയും വിജയത്തിന്റെ സോപാനങ്ങളേറും.
നിങ്ങള്‍ക്ക് പ്രവാചകനെ നിരാകരിക്കാനാവില്ല, നിങ്ങള്‍ക്ക് നിങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍. ഇതുവരെ നിങ്ങള്‍ തുടരുന്ന തെറ്റോ ശരിയോ ആയ വിശ്വാസങ്ങളെ, ജീവിത രീതിയെ, ധനസമ്പാദന മാര്‍ഗങ്ങളെ, ഭരണക്രമങ്ങളെ, വിശകലന രീതിശാസ്ത്രത്തെ അതേപടി അതിന്മേല്‍ അള്ളിപ്പിടിച്ചിരിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമില്ലെങ്കില്‍, ജീവിതത്തെ പുരോഗമനപരമായി സമീപിക്കുമെങ്കില്‍, ഒരു നല്ല നാളെ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ മുഹമ്മദ് നബിയെ നിങ്ങള്‍ മുന്നില്‍ നടത്തും. നിങ്ങള്‍ പിറകെ  അനുഗമിക്കുന്നവരാകും. മറ്റുള്ള മനുഷ്യ മഹത്തുക്കളെ നിരാകരിക്കുകയല്ല, അവരുടെ നന്മകളെ ചേര്‍ത്തു പിടിക്കുകയാണ് പ്രവാചകന്‍ ചെയ്യുന്നത്.
അടിമയായിരുന്നു ബിലാല്‍. കറുപ്പിന്റെ എല്ലാ വ്യഥകളും ആ ശരീരം അനുഭവിച്ചിട്ടുണ്ട്. പീഡനപര്‍വങ്ങളുടെ ഗിരിമാര്‍ഗങ്ങള്‍ താണ്ടിയിട്ടുണ്ട്. മൃഗതുല്യമായിരുന്നു ജീവിതപരിസരം. പക്ഷേ, പ്രവാചകന്റെ ചാരത്തെത്തുന്നതോടെ ബിലാല്‍ പുഞ്ചിരി തൂകുന്നുണ്ട്. പ്രവാചകന്റെ നേതൃത്വത്തില്‍ മക്ക സ്വാതന്ത്ര്യപ്പുലരിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ആ പ്രഖ്യാപനം നടത്താന്‍ ബിലാല്‍ കഅ്ബക്കു മുകളില്‍ കയറുന്നുണ്ട്. പ്രവാചകന്റെ ചുമലുകള്‍ അദ്ദേഹത്തിനു താങ്ങായി നിന്നു; ഉഗ്രപ്രതാപികളായ അനേകം പേര്‍ നോക്കിനില്‍ക്കെ. അനാവശ്യമായ ഉയരങ്ങളില്‍ കയറി നില്‍ക്കുന്നവരെ താഴെയിറക്കിയും ചവിട്ടിമെതിക്കപ്പെട്ടവരെ കൈനീട്ടി പൊക്കിയെടുത്തും മനുഷ്യസമൂഹത്തെ 'ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ' സമന്മാരാക്കി. നബിയുടെ വിയോഗാനന്തരം ബിലാല്‍ പിന്നീട് ഒരിക്കലല്ലാതെ ബാങ്ക് വിളിച്ചിട്ടില്ല. മുഹമ്മദ് നബിയെ ഓര്‍ക്കുംതോറും അദ്ദേഹത്തിന്റെ മനസ്സില്‍ സങ്കടക്കടല്‍ അലയടിക്കും. അത് ഗദ്ഗദങ്ങളായി പുറത്തെത്തുമെന്നതായിരുന്നു കാരണം. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പ്രവാചകനെ സ്‌നേഹിക്കാനാവുക! എങ്കില്‍ നബി ബിലാലിന് നല്‍കിയിരിക്കുന്ന സ്‌നേഹപരിഗണനകള്‍ എത്രയായിരിക്കും.
യുദ്ധത്തില്‍ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നു. ശത്രുവിന്റെ കുഞ്ഞെന്ന് സൈന്യത്തിന്റെ ന്യായം. 'അതെന്റെ കുഞ്ഞ്' എന്ന് പറഞ്ഞ് കണ്ണീരൊഴുക്കുന്നു പ്രവാചകന്‍; സൈന്യത്തിനുനേരെ ക്ഷോഭിക്കുന്നു. ഇങ്ങനെയൊരു ഭരണാധികാരിയോ എന്ന് ഇക്കാലത്തിരുന്ന് നമുക്ക് വിസ്മയിക്കാം. പക്ഷേ പ്രവാചകന്‍ ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വാധിനാഥന്റെ ഇംഗിതങ്ങള്‍ക്കൊത്തേ ജീവിക്കാവൂ എന്നുമാത്രമാണ് നബി പ്രബോധനം ചെയ്തത്. അതാണ് സ്വന്തം ജീവിതത്തിലൂടെ സാക്ഷാല്‍ക്കരിച്ചത്. ആ ആദര്‍ശത്തിന്റെ ബലത്തില്‍ വളര്‍ന്ന ജീവിതമൂല്യങ്ങളാണ് അദ്ദേഹം പ്രകാശിപ്പിച്ചത്. ആ പാത പിന്തുടരാനാണ് അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്യുന്നത്.
പ്രവാചകനെ നാട്ടില്‍ പൊറുപ്പിക്കാന്‍ മക്കയിലുള്ളവര്‍ക്കായില്ല. മദീനയിലെത്തിയ നബി(സ)യും അനുചരന്മാരും രൂപം നല്‍കിയ ഇസ്‌ലാമിക രാഷ്ട്രീയ-സാമൂഹിക സംവിധാനത്തെ അവര്‍ നിരന്തരം ശല്യം ചെയ്തുകൊണ്ടേയിരുന്നു. ഇരുവിഭാഗവും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമായി മുഖാമുഖം നില്‍ക്കെ, പല കാരണങ്ങളാല്‍ മക്കയില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയുമുണ്ടാകുന്നു. ആ ദുരിതക്കയത്തില്‍ നിന്ന് മക്കയെ രക്ഷിച്ചത് മദീനയില്‍ നിന്നെത്തിയ പ്രവാചകന്റെ സഹായ ഹസ്തമായിരുന്നു. മദീനയിലെ വീടുകളില്‍ നിന്ന് ശേഖരിച്ച ധാന്യങ്ങള്‍ അംറുബ്‌നു ഉബയ്യ് വശം മക്കയിലേക്ക്! യമാമയില്‍ നിന്നെത്തിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങള്‍ തടയപ്പെട്ട് മക്ക പൊറുതിമുട്ടിയപ്പോഴും വഴികള്‍ തുറന്ന് ധാന്യത്തിന്റെ മക്കയിലേക്കുള്ള ഒഴുക്ക് സുഗമമാക്കിയതും പ്രവാചകന്‍- ആ കാരുണ്യത്തിന്റെ കാരക്കമധുരം ചരിത്രത്തെ വിസ്മയിപ്പിച്ച മറ്റൊരു രംഗം. 
നബിയുടെ ജീവിതത്തിന് ഒരു സവിശേഷതയുണ്ട്. ഇത്രയും സൂക്ഷ്മമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ചരിത്രമില്ല. അതൊരു ആത്മകഥയല്ല, ഒരാത്മകഥാകാരന്റെ ഭാവനാസമ്പന്നമായ ആഖ്യാനവുമല്ല. അനേകം കോണുകളില്‍നിന്ന് അനേകം പേര്‍ അദ്ദേഹത്തെ നോക്കിക്കാണുകയാണ്. വസ്തുനിഷ്ഠ വിവരങ്ങളാണ്. പക്ഷേ അതില്‍ കവിതയുണ്ട്, കഥയുണ്ട്, പ്രഭാഷണങ്ങളുണ്ട്, സാരോപദേശങ്ങളുണ്ട്, കണ്ണീരും പുഞ്ചിരിയുമുണ്ട്. സ്വന്തം നാട്ടുകാരുടെ വഴികേടില്‍ വ്യഥിതനാകുന്ന നബി, ആരാരുമറിയാതെ അപരനെ സഹായിക്കുന്ന നബി, ഘോരയുദ്ധം നയിക്കുന്ന നബി, പരിക്കേറ്റ് വീഴുന്ന നബി, പ്രിയതമയോടൊത്ത് ഉല്ലസിക്കുന്ന നബി, രാവേറെ വൈകിയും നമസ്‌കരിച്ച് കാലില്‍ നീര് വന്നിട്ടും മതിയാവാത്ത നബി, വിശ്വാസകാപട്യത്തെ കുറിച്ച് താക്കീത് നല്‍കുന്ന നബി, അംഗശുദ്ധിയുടെ സൂക്ഷ്മാംശങ്ങള്‍ പഠിപ്പിക്കുന്ന നബി, വരാനിരിക്കുന്ന വിചാരണ നാളിനെക്കുറിച്ച് ആധിയുള്ള നബി ഇതെല്ലാം നബിയുടെ ജീവിതകഥയുടെ ഭാഗമാണ്.
ഇത്രയും അന്യായമായി വിമര്‍ശിക്കപ്പെട്ട മറ്റൊരു വ്യക്തിത്വം ലോകത്തില്ല. ഇത്രയും വായിക്കപ്പെടുകയും സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തിത്വവും ലോകത്തില്ല. പ്രവാചകനു നേരെയുള്ള വിമര്‍ശനങ്ങളെ പരിശോധിച്ചുനോക്കൂ. എത്ര സൂക്ഷ്മതലങ്ങളില്‍നിന്നാണ് അവര്‍ വിമര്‍ശനത്തിനുള്ള വിഷയങ്ങള്‍ കണ്ടെടുക്കുന്നത്. അത്രയും സൂക്ഷ്മതലങ്ങള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നതുതന്നെ ആ ജീവിതത്തെ മറ്റെല്ലാവരില്‍നിന്നും സവിശേഷമാക്കുന്നുണ്ട്.
ദൈവദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്നത് ഖുര്‍ആനിന്റെ വിളംബരമാണ്. വിശുദ്ധ ഖുര്‍ആനിന്റെ ആശയസാക്ഷാത്കാരം സ്വന്തം ജീവിതത്തില്‍ നിര്‍വഹിച്ച നബിയെ കുറിച്ചാണ് ഖുര്‍ആനിന്റെ തന്നെ സാക്ഷ്യം. ജീവിതവിശുദ്ധിക്ക്, സര്‍ഗാത്മകമായ ജീവിതം സാധ്യമാകുന്നതിന്, ലോക സമാധാനത്തിന്, ഭൂമിയിലെ മനുഷ്യസമൂഹത്തിന്റെയും ഇതര സൃഷ്ടിജാലങ്ങളുടെയും അതിജീവനത്തിന്, പരലോക വിജയത്തിന് ഒരു വഴിയേയുള്ളൂ- പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതപാത പിന്തുടരുക. സ്വല്ലല്ലാഹു അലൈഹി വസല്ലം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി