Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

കോവിഡില്‍ ഉടയുന്ന രാഷ്ട്രീയ ചിന്തകള്‍

പി.ഐ നൗഷാദ്

അതിവേഗതയില്‍ പായുകയായിരുന്ന മനുഷ്യന്‍ വളരെ പെട്ടെന്ന് നിശ്ചലനും നിസ്സാരനുമാകുന്ന അപൂര്‍വമായ ജീവിത പരിസരത്തിലേക്കാണ് കോവിഡ് കാലം നമ്മെ ആനയിച്ചത്. സമകാലിക ലോകം ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത, ചരിത്രത്തില്‍ അപൂര്‍വാനുഭവങ്ങളായി വായിക്കുക മാത്രം ചെയ്തിട്ടുള്ള ഒന്നിലേക്ക് പൊടുന്നനെ ലോകമൊന്നടങ്കം വീണുപോയി. ഇരുപത്തിനാലു മണിക്കൂറും ശബ്ദമുഖരിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു മഹായന്ത്രം പതുക്കെപ്പതുക്കെ നിശ്ചലമാകുമ്പോഴുള്ള സംഭ്രാന്തി പടര്‍ന്നു പിടിച്ചു. കാറ്റുപോലെ മരണം ജനതകളെ ആവേശിക്കുന്നതില്‍ ഭീതിദമായി എല്ലാവരും അകലാനും ഒറ്റയാകാനും വിധിക്കപ്പെട്ടു. നവ ലിബറലിസത്തിന്റെ ആഗോളീകരണം ലോകത്തെ ആഗോളഗ്രാമമാക്കി പരിവര്‍ത്തിപ്പിച്ചത് വ്യാധിയുടെ പകര്‍ച്ചവേഗത കൂട്ടുന്നതിന് കാരണമാകുന്നുവെന്ന് പലരും പരിതപിക്കാന്‍ തുടങ്ങി. കരക്കും കടലിനും ആകാശത്തിനുമെല്ലാം അതിരുകള്‍ രൂപപ്പെട്ടു. അങ്ങനെ ആകാശം വിമാനങ്ങളില്ലാതെ കിളികള്‍ക്ക് മാത്രമായി. തിരക്കുപിടിച്ച പാതകളിലൂടെ മൃഗങ്ങള്‍ നിര്‍ഭയരായി നടക്കുന്നത് സാധാരണ കാഴ്ചയായി. രാവും പകലും വേര്‍തിരിച്ചറിയാനാകാത്ത നഗരങ്ങള്‍ പ്രേതഭവനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് നിശ്ചലമായി കിടന്നു. കോവിഡിന്റെ മൂര്‍ധന്യതയില്‍ മഹാനഗരികളിലെ ശൂന്യമായ പാതകളിലൂടെയുള്ള സഞ്ചാരം അങ്ങേയറ്റം ഭീതിജനകമായിരുന്നുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞു.
കോവിഡ് മഹാമാരി ആരോഗ്യ, സാമ്പത്തിക മേഖലയില്‍ മാത്രമല്ല ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ സമസ്ത ഇടങ്ങളിലും ആഘാതമുണ്ടാക്കിയെന്നത് ആവര്‍ത്തിക്കേണ്ടതില്ലാത്തവണ്ണം സുവ്യക്തമാണ്. ഭൗതികാസക്തിയില്‍ ശരം കണക്കെ പാഞ്ഞ മനുഷ്യജീവിതത്തെ അര്‍ഥശൂന്യമാക്കുകയായിരുന്നു കൊറോണ എന്ന കുഞ്ഞുവൈറസ്. നിലനില്‍ക്കുന്ന അധീശ മൂല്യങ്ങളെയും ഭരണകൂട വ്യാഖ്യാനങ്ങളെയും അത് കുമിളപോല്‍ പൊട്ടിച്ചുകളഞ്ഞു. മരണം മാത്രമാണ് യാഥാര്‍ഥ്യമെന്നും മറ്റെല്ലാം താല്‍ക്കാലികമെന്നും അംഗീകരിക്കാന്‍ മനുഷ്യരെ നിര്‍ബന്ധിതമാക്കി. താന്‍ പിന്നിട്ട വഴികളെക്കുറിച്ചും സ്വപ്‌നം കണ്ട ഭാവിയെക്കുറിച്ചും പുനരാലോചിക്കാന്‍ ചരിത്രത്തിലെ എല്ലാ പകര്‍ച്ചവ്യാധികളെയും പോലെ കോവിഡ് മഹാമാരിയും നമ്മോട് ആവശ്യപ്പെട്ടു. സ്വാഭാവികമായും, അപ്പംകൊണ്ട് മാത്രമല്ല, ആശയംകൊണ്ടും കൂടി ജീവിക്കുന്ന മനുഷ്യര്‍ കോവിഡ് കാലത്തെക്കുറിച്ചും കോവിഡാനന്തര ലോകത്തക്കുറിച്ചും ഉറക്കെ ചിന്തിക്കാനും പറയാനും ആരംഭിച്ചിരിക്കുന്നു.
ആഴക്കുറവുണ്ടെന്ന ആക്ഷേപം ശക്തമാണെങ്കിലും സ്ലാവോയ് സിസെക് ആണ് ആശയപരമായ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മനുഷ്യരാശി ഒരു ആഗോളപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നമ്മുടെ തലമുറ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇനി നാം ജീവിക്കേണ്ടിവരിക ഏതു വിധത്തിലുള്ള ലോകത്തായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് സിദ്ധാന്തിക്കുന്ന അദ്ദേഹത്തിന്റെ ബൃഹദ് ലേഖനത്തിന് കോവിഡില്‍ സ്തംഭിച്ചുപോയ വിചാരലോകത്ത് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ദേശ, ഭാഷാ ഭേദമില്ലാതെ വ്യത്യസ്ത ചിന്തകര്‍ കാലികമായ ആകുലതകള്‍ക്കപ്പുറം കോവിഡ് കാലം സങ്കീര്‍ണമാക്കിയ സാമൂഹികാവസ്ഥ സൃഷ്ടിക്കുന്ന ആഴമേറിയ പരിവര്‍ത്തനങ്ങളെ വൈവിധ്യപൂര്‍ണമായ വിശകലനങ്ങള്‍ കൊണ്ട് സംവാദാത്മകവും സജീവവുമാക്കിത്തീര്‍ത്തിരിക്കുകയാണ്. ലോകതലത്തിലും ഇങ്ങ് കൊച്ചുകേരളത്തില്‍ വരെയും കോവിഡ് മനുഷ്യരാശിക്കേല്‍പിച്ച പരിക്കുകളും ഭാവിയെ അത് എങ്ങനെ പരിവര്‍ത്തിപ്പിക്കുമെന്ന ആലോചനകളുമടങ്ങുന്ന പുസ്തകങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. 
കോവിഡ് കാലത്തെയും കോവിഡാനന്തര ലോകത്തെയും കുറിച്ച് ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള വായനക്ക് മികച്ച തുടക്കം കുറിക്കുന്നതാണ് ടി.കെ.എം ഇഖ്ബാല്‍ എഡിറ്റ് ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'കോവിഡും കോവിഡാനന്തര ലോകവും -ഇസ്‌ലാമിക വായന' എന്ന പുസ്തകം. പതിനെട്ട് ലേഖനങ്ങളും ബി.കെ സുഹൈലിന്റെ കോവിഡിന്റെ നാള്‍വഴികളും ലേഖനങ്ങളിലേക്കുള്ള പ്രവേശികയായി എഡിറ്റര്‍ കുറിച്ച ആമുഖവും ചേര്‍ന്ന വായനാക്ഷമതയുള്ള ഈ പുസ്തകം പുതിയ ഉള്‍ക്കാഴ്ചകള്‍ സമര്‍പ്പിക്കുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതമായ അനുഭവങ്ങളുടെ തീക്ഷ്ണതയിലേക്ക് വായനക്കാരെ നയിക്കുന്നതിനേക്കാള്‍ ലോകത്തെ കീഴ്‌മേല്‍ മറിച്ച മഹാമാരിയെ ഇസ്‌ലാമിന്റെ കണ്ണിലൂടെ ദാര്‍ശനികമായും ആത്മീയമായും നോക്കിക്കാണാനാണ് ശ്രമിക്കുന്നത്.
ഇന്ന് ലോകത്തെ നയിക്കുന്ന യൂറോപ്യന്‍ ആധുനികതയുടെ പിറവിക്ക് പ്രചോദനമായതില്‍ ക്രി. 1346-ല്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗിന് നിര്‍ണായക പങ്കുണ്ടെന്ന യുവാന്‍ ഹരാരിയുടെ നിരീക്ഷണത്തെ സാധൂകരിച്ചുകൊണ്ടാണ് ഈ പുസ്തകം ലിബറല്‍ മൂല്യവ്യവസ്ഥയെ വിചാരണ ചെയ്യുന്നത്. ക്രൈസ്തവ മതമൂല്യങ്ങളിലും വിശ്വാസക്രമങ്ങളിലും വ്യാപകമായ അവിശ്വാസം ജനിപ്പിക്കുന്നതില്‍ യൂറോപ്പിലെ മൂന്നിലൊന്ന് മനുഷ്യരെ ഇല്ലാതാക്കിയ പ്ലേഗ് വലിയ നിമിത്തമായിരുന്നു. യൂറോപ്പിനെ തകര്‍ത്ത മഹാമാരിക്കെതിരായ പോരാട്ടം പൗരോഹിത്യത്തിനും ഫ്യൂഡല്‍ വ്യവസ്ഥക്കുമെതിരായി വികാസം പ്രാപിച്ചു. മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ തൃഷ്ണക്കേ യൂറോപ്പിനെ വിമോചിപ്പിക്കാനാകൂ എന്ന ചിന്ത യൂറോപ്യന്‍ ജ്ഞാനോദയ ആശയങ്ങള്‍ക്ക് ആവേശം പകര്‍ന്നു. അതുകൊണ്ടുതന്നെ, ദേശീയത ഒഴിച്ച്, ആധുനികത ഉല്‍പാദിപ്പിച്ച എല്ലാ സിദ്ധാന്തങ്ങളും (ലിബറലിസം, സോഷ്യലിസം, കമ്യൂണിസം, ഫെമിനിസം...) മരണാനന്തര ജീവിതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് യുവാന്‍ ഹരാരി അഭിപ്രായപ്പെടുന്നത്.
'കറുത്ത മരണം' (Black Death)  എന്ന് വിളിക്കപ്പെട്ട പ്ലേഗ് യൂറോപ്പിന്റെ അധികാര ഘടനയെയും സൈനിക-രാഷ്ട്രീയ ബലതന്ത്രത്തെയും അടിമുടി മാറ്റിപ്പണിയുകയും ഫ്യൂഡലിസത്തിന്റെ കിരാത വാഴ്ചയില്‍നിന്ന് പുതിയൊരു പുലരിയിലേക്ക് യൂറോപ്പിനെ നയിക്കുകയും ചെയ്തുവെന്ന്, ഹരാരിക്ക് സദൃശമായ ആശയം പറഞ്ഞുവെക്കുന്ന വദ്ദാഹ് ഖന്‍ഫറിന്റെ ലേഖനമടക്കം ('മാറുന്ന ലോകക്രമം: മഹാമാരി തുറന്നിട്ട സാധ്യതകള്‍') ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല ലേഖനങ്ങളും ലിബറല്‍ മൂല്യവ്യവസ്ഥ പകര്‍ച്ചവ്യാധി മഹാമാരിയായി വളര്‍ത്തുന്നതില്‍ വഹിച്ച പങ്കും അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട കാരണങ്ങളും അന്വേഷിക്കുന്നു. മരണമില്ലാത്ത ലോകത്തേക്കുള്ള മനുഷ്യന്റെ കുതിപ്പിനെ ശക്തിപ്പെടുത്തുന്നതിനു പകരം വീണ്ടും മരണമെന്ന സമസ്യയിലേക്ക് വീഴ്ത്താന്‍ കോവിഡ് ഇടവരുത്തിയേക്കുമെന്ന് യുവാന്‍ ഹരാരി ആശങ്കിക്കുന്നു. മരണം സാങ്കേതികം മാത്രമാണെന്നും മനുഷ്യന് അതിനെ അതിജീവിക്കാനാകുമെന്നുമുള്ള കണക്കുകൂട്ടലിനു മേലുള്ള കനത്ത ആഘാതമായി കോവിഡ് മഹാമാരിയെ ചിത്രീകരിക്കുന്നത് ഭൗതികവാദത്തിനുമേല്‍ വീണ്ടും മതത്തിന് സ്വാധീനമുറപ്പിക്കാന്‍ ഇടവരുത്തുമെന്നും ഭീതിയോടെ ഹരാരി പറഞ്ഞുവെക്കുന്നുണ്ട്.
എന്നാല്‍ ഹരാരിയില്‍നിന്ന് ഭിന്നമായി വദ്ദാഹിന്റെ ലേഖനവും പുസ്തകത്തിലെ മറ്റു ലേഖനങ്ങളും സമര്‍ഥിക്കുന്നത് മനുഷ്യജീവിതത്തിന്റെ അസ്ഥിര സ്വഭാവത്തെ ഇല്ലാതാക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന തീവ്ര ശാസ്ത്രവാദവിശ്വാസം കോവിഡ് ചോദ്യം ചെയ്തുകഴിഞ്ഞുവെന്നും അതിന്റെ സ്വാഭാവിക ഫലമായി ലിബറല്‍ വ്യവസ്ഥക്കു നേരെയുള്ള അവിശ്വാസത്തിന്റെ വ്യാപനം കോവിഡാനന്തര ലോകത്ത് സംഭവിക്കുമെന്നുമാണ്. പ്ലേഗ് യൂറോപ്യന്‍ ചിന്തക്ക് പ്രചോദനമായെങ്കില്‍ കോവിഡ് മഹാമാരി അതിന്റെ അന്ത്യത്തിന് തുടക്കമിടും. നവലിബറല്‍ മൂല്യബോധത്തെ ചോദ്യം ചെയ്യുന്നതിനും പുതിയ ലോകക്രമത്തെ സൃഷ്ടിക്കുന്നതിനും മഹാമാരി ഉല്‍പാദിപ്പിക്കുന്ന പുനരാലോചനകള്‍ സഹായകമാകുമെന്നും ഇതിലെ ലേഖനങ്ങള്‍ പ്രവചിക്കുന്നു. ഒരു മഹാമാരിയെ ഭൗതികതയുടെ ഏകാത്മകമായ കണ്ണോടുകൂടി മാത്രം ദര്‍ശിച്ചാല്‍ കണ്ടെത്തുന്ന വാക്‌സിന്‍ വിലപിടിച്ച മറ്റൊരു ചരക്കു മാത്രമായി പരിണമിക്കുകയായിരിക്കും ചെയ്യുക. ലാഭരഹിതമായി സാമൂഹികാവസ്ഥയെ മനസ്സിലാക്കാനുള്ള ജ്ഞാനപരമായ ഒരു ടൂളുമില്ലാത്ത ലിബറലിസത്തില്‍ ഏതു മഹാമാരിയും അധികാര കേന്ദ്രീകരണത്തിന്റെയും ലാഭോല്‍പാദനത്തിന്റെയും മറ്റൊരു സാധ്യത മാത്രമാണ്. അതുകൊണ്ടുതന്നെ കോവിഡിനെ പ്രത്യാശാപൂര്‍വമായി അതിജീവിക്കാനും കോവിഡാനന്തരം എല്ലാത്തരം ജനസമൂഹങ്ങള്‍ക്കും തുല്യത പ്രദാനം ചെയ്യാനും ലിബറല്‍ മൂല്യവ്യവസ്ഥക്ക് പുറത്തുകടക്കുക മാത്രമേ ദരിദ്രജനതക്ക് പോംവഴിയുള്ളൂ.
മരണത്തെ കുറിച്ചുള്ള ആലോചനകള്‍ മനുഷ്യനെ നിഷ്‌ക്രിയമാക്കുകയല്ല, വിവേകപൂര്‍വമായ ഉത്കര്‍ഷേഛയിലേക്ക് നയിക്കുകയാണ് ചെയ്യുക എന്ന് ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ഈ പുസ്തകം സംവദിക്കുന്നു. ഒരു വിശ്വാസ ദര്‍ശനം എന്ന അര്‍ഥത്തില്‍ യാതൊരു പരിവര്‍ത്തനത്തിനും വിധേയമാകാത്തവണ്ണം കടുത്തതല്ല ഇസ്‌ലാമും അതിലെ ആരാധനാ അനുഷ്ഠാനങ്ങളും. ദൈവശാസ്ത്രപരമായി ഇസ്‌ലാം എത്ര വിശാലവും കാലികവുമാണന്ന് കോവിഡ് കാലത്തെ മതവിധികളും മുന്‍കാലങ്ങളില്‍ ഉണ്ടായ പകര്‍ച്ചവ്യാധികളെ ഇസ്‌ലാമിക സമൂഹങ്ങളും പണ്ഡിതരും അഭിമുഖീകരിച്ച രീതികളും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ തെളിയിക്കുന്നു. ആത്മീയമായി ആര്‍ജിച്ച മൂല്യമാപിനികളിലൂടെ മാത്രമേ മഹാമാരിയുടെ ഭീഷണിയെ മറികടക്കാനും കെടുതിയനുഭവിക്കുന്ന മനുഷ്യരുടെ പക്ഷത്ത് ചേര്‍ന്നുനില്‍ക്കാനും കഴിയൂവെന്ന് പ്രാമാണികമായും ചരിത്രപരമായും സ്ഥാപിക്കുന്നതിലൂടെയാണ് ഈ പുസ്തകം കോവിഡ് കാലത്തെ ഇസ്‌ലാമിക വായനാ പുസ്തകമായി മാറുന്നത്. കോവിഡ് ആര്‍ക്കും പിടിച്ചുകെട്ടാനാകാതെ പരന്നൊഴുകിയപ്പോള്‍ ദൈവമെവിടെ എന്ന ചോദ്യത്തിന് 'ദാ.. ദൈവം ഇവിടെയുണ്ട്' എന്ന് കാലത്തെ സാക്ഷിനിര്‍ത്തി പുസ്തകം പറയുന്നു. എന്നാല്‍ അഹങ്കാരം കൊണ്ട് ആന്ധ്യം ബാധിച്ച ഭൗതികമാത്രവാദികള്‍ ഇപ്പോഴെവിടെ എന്ന ചോദ്യം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ദൈവം പഴങ്കഥയാവുകയല്ല, മഹാ കെടുതിക്കാലത്തെ പ്രത്യാശയാവുകയാണെന്ന് പുസ്തകം അടിവരയിടുകയാണ്.
ഈ പുസ്തകം ഗൗരവത്തിലെടുക്കുന്ന മറ്റൊരു പ്രമേയം ഭൗമരാഷ്ട്രീയത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളാണ്. ശീതയുദ്ധാനന്തരം അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ ഏകധ്രുവലോകത്തിന് കോവിഡാനന്തരം തകര്‍ച്ച നേരിടുമോ എന്ന അന്വേഷണത്തിലേക്കുള്ള കിളിവാതിലുകള്‍ ഇത് തുറന്നിടുന്നുണ്ട്. പശ്ചിമേഷ്യയിലെ സാമൂഹിക സാഹചര്യം സവിശേഷമായി ശ്രദ്ധിക്കുകയും ചെയ്യുന്നു. കോവിഡ് കാലം ജനങ്ങളെ നിയന്ത്രിക്കാനും സ്വകാര്യതകളിലേക്കുള്ള നിരീക്ഷണങ്ങള്‍ കടുപ്പിക്കാനുമുള്ള അവസരമാക്കുകയായിരുന്നു ഭൂരിഭാഗം രാജ്യങ്ങളും. ഇന്ത്യയിലാകട്ടെ, നിരീക്ഷണങ്ങള്‍ക്ക് ഇസ്രയേല്‍ മാതൃക അവലംബിക്കുക മാത്രമല്ല, ഭരണകൂടം തന്നെ കോവിഡ് ഭീതിയെ ഇസ്‌ലാംഭീതിയുടെ പ്രചാരണായുധമാക്കുകയും ചെയ്തു. കോവിഡ് കാലത്തെ നിശ്ചലതയെ സ്വകാര്യതകളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങള്‍, ഏകാധിപത്യത്തിലേക്കുള്ള എളുപ്പവഴികള്‍, യുദ്ധങ്ങള്‍, അട്ടിമറികള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, വ്യാപകമായ രാഷ്ട്രീയ അറസ്റ്റുകള്‍ തുടങ്ങി ഭരണകൂടവേട്ടക്കുള്ള ഏറ്റവും അനുയോജ്യ സന്ദര്‍ഭങ്ങളാക്കി മാറ്റിയ ഇന്ത്യയിലേതു പോലുള്ള ഭരണകൂടങ്ങള്‍ രാജ്യത്തെ മൂടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇരുള്‍ച്ചയിലേക്കുള്ള കൃത്യമായ സൂചനകളാണ്. കോവിഡ് കാലത്തെ വംശീയത, പൗരാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയ സമകാലിക സാഹചര്യങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങള്‍ സങ്കീര്‍ണവും സന്ദിഗ്ധവുമായ ദീര്‍ഘപ്രയാണത്തിലൂടെ മാത്രമേ ഇന്ത്യന്‍ ഫാഷിസത്തിന്റെ തുരങ്കജീവിതത്തെ മറികടക്കാനാകൂവെന്നും എല്ലാവര്‍ക്കും തുല്യതയെന്ന സ്വപ്‌നം കാണുന്ന സുന്ദര ലോകം പിറവിയെടുക്കൂവെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ലേഖനങ്ങളുടെ സമാഹാരമെന്ന നിലക്ക് പലതരം ആശയങ്ങളും അടരുകളുമുള്ളതാണ്'കോവിഡും കോവിഡാനന്തര ലോകവും-ഇസ്‌ലാമിക വായന.' ആഴമേറിയ വായനക്കുപരിയായി പലതരം ആലോചനകളെയത് ത്രസിപ്പിക്കുന്നു. ഗൗരവമുള്ള പഠനത്തിലേക്ക് വായനക്കാരെ പ്രചോദിപ്പിക്കുന്നു. സമകാലിക രാഷ്ട്രീയ പരിസരങ്ങളെ മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നു. മഹാമാരിയെക്കുറിച്ച ദൈവശാസ്ത്ര അന്വേഷണങ്ങളും ലിബറല്‍ ലോകക്രമത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളും ഭരണകൂട അധീശത്വത്തെക്കുറിച്ച മുന്നറിയിപ്പുകളുമുള്ള ഈ പുസ്തകം നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. കെട്ടും മട്ടും ലേഖനങ്ങളുടെ കോര്‍വും മികച്ചതാണ്. ഏറെ മനോഹരമാണ് സി.എം ശരീഫിന്റെ കവര്‍. കോവിഡ് പശ്ചാത്തലത്തില്‍ മലയാളത്തിലിറങ്ങിയ പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ് 'കോവിഡും കോവിഡാനന്തര ലോകവും -ഇസ്‌ലാമിക വായന' എന്ന് നിസ്സംശയം പറയാവുന്നതാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി