Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

മാര്‍ക്‌സ് ശരിയല്ലാതിരിക്കുന്നതിന്റെയും സോഷ്യലിസം ഭാവിയല്ലാതിരിക്കുന്നതിന്റെയും കാരണങ്ങള്‍

അടിയുറപ്പില്ലാത്ത സമത്വ വാദം
മുതലാളിത്തത്തിന്റെ നിഷേധമാണ് മാര്‍ക്സിസം. അത് വര്‍ഗപരമായ ചൂഷണത്തെയും ഭരണകൂടത്തെയും നിരാകരിക്കുന്നു; ധനസമ്പാദനത്തെയും വിശേഷവല്‍ക്കരണത്തെയും സ്വാര്‍ഥത്തിന്റെ സദാചാരത്തെയും തിരസ്കരിക്കുന്നു; സാമൂഹികവും ഉല്‍പാദനപരവുമായി മനുഷ്യന്റെ മൌലിക പ്രകൃതി നേരിടുന്ന വികലീകരണത്തെ, മാനവബന്ധനത്തെ, തിരസ്കരിക്കുന്നു. എത്ര മഹത്തരം! സാമൂഹിക ഘടനയുടെ അടിസ്ഥാനം "ഓരോരുത്തര്‍ക്കും അവനവന്റെ അധ്വാനമനുസരിച്ച്'' എന്ന സൂത്രവാക്യത്തില്‍നിന്ന് "ഓരോരുത്തര്‍ക്കും അവനവന്റെ ആവശ്യമനുസരിച്ച്'' എന്ന അവസ്ഥയിലേക്ക് ഉയരേണ്ടതുണ്ട്- ഇതാണ് മാര്‍ക്സിസത്തിന്റെ ലക്ഷ്യം.
മുഴുവന്‍ മനുഷ്യരുടെയും സമ്പൂര്‍ണസമത്വമാണിവിടെ വിവക്ഷിക്കപ്പെടുന്നത്. അതായത്, ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതിലും കൂടുതല്‍ നല്‍കാമെന്ന വാഗ്ദാനം! ഇത് മനോരാജ്യമോ സങ്കല്‍പമോ? ഒരിക്കലുമല്ല. കാരണം ഇവിടെ സ്വര്‍ഗത്തെപ്പറ്റി സംസാരിക്കുന്നത് മതമോ "ധര്‍മനഗര''ത്തിന്റെ രൂപകല്‍പന നടത്തിയ തത്വചിന്തയോ ആശയവാദികളോ, സാങ്കല്‍പിക സോഷ്യലിസ്റുകളോ അല്ല; സാക്ഷാല്‍ ശാസ്ത്രീയ തത്വചിന്ത തന്നെയാണ്.
ഈ മാതൃകാസമൂഹത്തിന്റെ സ്രഷ്ടാക്കള്‍ ആരായിരിക്കും? ചോദ്യം അപ്രസക്തം. കാരണം, ചരിത്രത്തിന്റെ ചാലകനിയമങ്ങള്‍ കണ്ടെത്തപ്പെട്ടതോടെ അത്തരമൊരു സമൂഹത്തിന്റെ സാക്ഷാത്കാരം അനിവാര്യമാണെന്ന 'സുവാര്‍ത്ത' വന്ന് കഴിഞ്ഞു! മുതലാളിത്തത്തിന്റെ കീഴില്‍ ദാരിദ്യ്രവും ചൂഷണവും അനുഭവിച്ച തൊഴിലാളികളും ബൂര്‍ഷ്വാസിയുടെ സ്വര്‍ഗത്തിനെതിരില്‍ കലാപമുയര്‍ത്തിയ ബുദ്ധിജീവികളും മാനവമോചനം സ്വപ്നം കണ്ട ചിന്തകരും ആഗ്രഹിച്ചതും മറ്റൊന്നായിരുന്നില്ല.
എന്നാല്‍, പിന്നെന്തുണ്ടായി? ഭരണകൂടം തിരോഭവിച്ചില്ല; പകരം തൊഴിലാളി വര്‍ഗസര്‍വാധിപത്യം ശക്തിപ്രാപിച്ചു. സ്വതന്ത്രസമൂഹവും തൊഴില്‍ സ്വാതന്ത്യ്രവും നിലവില്‍വന്നില്ല; പകരം ഓരോ വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന, സാംഗോപാംഗം ക്രമീകരിക്കപ്പെട്ട ഒരു സമൂഹം നിലവില്‍വന്നു. യാന്ത്രികത ഇല്ലാതായില്ല; പകരം മുതലാളിത്തത്തിന്റെ യാന്ത്രികദര്‍ശനത്തിലധിഷ്ഠിതമായ ഉല്‍പാദന വര്‍ധനയുടെ പ്രസക്തിയേറിവന്നു. മനുഷ്യന്‍ ബൂര്‍ഷ്വാ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍നിന്ന് മോചനം നേടിയില്ല; പകരം ബൃഹത്തും ഏകരൂപവുമായ ഭരണകൂടത്തിന്റെ അടിമയായി. മുതലാളിത്തപരമായ വികസനവാദത്തിന്റെ സൃഷ്ടിയായ വിശേഷവല്‍ക്കരണം നിഷ്ക്രമിച്ചില്ല; പകരം ഭരണകൂടത്തിന്റെ വികസനവാദത്തില്‍ വിശേഷവല്‍ക്കരണം വ്യാപകമായി. മനുഷ്യന്‍ മുതലാളിത്തത്തിന്റെ സാമ്പത്തിക-ഭരണ സംവിധാനങ്ങളില്‍നിന്ന് മോചിതനായില്ല; പകരം അതിവ്യവസ്ഥാപിതമായൊരു സാമൂഹിക ഘടനയുടെ അടിമയായി. മനുഷ്യന്റെ സ്വാതന്ത്യ്രം വര്‍ധിച്ചില്ല. സമൂഹവും സംസ്കാരവും സദാചാരവുമെല്ലാം ഒരേ മൂശയില്‍ വളര്‍ന്നുവന്നു. സഭയോടുള്ള അന്ധമായ വിധേയത്വവും അനുകരണഭ്രമവും നശിച്ചില്ല; പകരം പ്രത്യയശാസ്ത്രത്തോടും പാര്‍ട്ടിയോടുമുള്ള വിധേയത്വം പ്രബലപ്പെട്ടു. ചരിത്രത്തില്‍ വ്യക്തിത്വങ്ങള്‍ക്കുള്ള പദവി നിഷേധിക്കപ്പെട്ടില്ല; പകരം വ്യക്തിപൂജ ശക്തിപ്പെട്ടു.
പ്രത്യയശാസ്ത്രപരമായി, മാനവതാവാദം നികൃഷ്ടമായ സാമ്പത്തികവാദത്തിന് കീഴടങ്ങിയതോടെ മനുഷ്യവര്‍ഗത്തിന് സ്വന്തം അസ്തിത്വത്തെ കീഴടക്കാനുള്ള അത്യുല്‍കൃഷ്ടഗുണങ്ങളായ ആത്മബോധവും സൂക്ഷ്മവേദിയായ ഇഛാശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ചരിത്രത്തിന്റെ അന്ധമായ മത്സരത്തിലെ വെറുമൊരു കരുവായിത്തീര്‍ന്നിരിക്കുന്നു; ചരിത്രത്തെ നിര്‍ണയിക്കുന്ന ഭൌതികവൈരുധ്യങ്ങളുടെ നിശ്ചേതന സൃഷ്ടിയും.
മുതലാളിത്തത്തിലെ വിമോചിതമനുഷ്യനെയും മാര്‍ക്സിസത്തിന്റെ ബന്ധനസ്ഥനായ മനുഷ്യനെയും താരതമ്യം ചെയ്ത് നോക്കുക. മുതലാളിത്തത്തിന്റെ കപടമനുഷ്യനോ മാര്‍ക്സിസത്തിന്റെ കൃത്രിമമനുഷ്യനോ, ഏതാണ് വലിയ ദുരന്തം?
തീര്‍ത്തും അപ്രതീക്ഷിതമായൊരു രാജ്യത്താണ് മാര്‍ക്സിസം ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഈ പരീക്ഷണം മാര്‍ക്സ് ഒരിക്കലും അംഗീകരിക്കുമായിരുന്നില്ലെന്ന് റഷ്യയെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വിയോജിപ്പ് വ്യക്തമാക്കുന്നു. അതെന്തുമാകട്ടെ, ഇവിടെ നാം പുതിയൊരു വിഗ്രഹം കാണുന്നു: ഉല്‍പാദനോപകരണങ്ങള്‍.
സമൂഹത്തിന്റെ ഉല്‍പന്നമാണ് മനുഷ്യന്‍. അവന്റെ മനസ്സും മനഃസാക്ഷിയും സംസ്കാരവും ആദര്‍ശങ്ങളും വികാരങ്ങളും സമൂഹം തന്നെയും രൂപംകൊള്ളുന്നത് ഉല്‍പാദനോപകരണങ്ങളില്‍നിന്നാണ്. ഇന്നത്തെ അര്‍ഥത്തില്‍, യന്ത്രങ്ങളില്‍നിന്ന്.
കാമുകിയുടെ മോഹന നയനങ്ങളില്‍നിന്ന് ഓടിയകന്ന ഒരു കവിയുടെ കഥയാണിവിടെ ഓര്‍മവരുന്നത്. അവളെ വിസ്മരിക്കാന്‍ അയാള്‍ ഉദ്യാനപാലനത്തിലേക്ക് തിരിഞ്ഞു. തന്റെ പുതിയ തൊഴില്‍ അവളുടെ വിലാസലോലുപ നയനങ്ങളെ വിസ്മൃതിയിലാഴ്ത്തുമെന്ന് അയാള്‍ പ്രത്യാശിച്ചു. പക്ഷേ, എന്ത് ചെയ്യും? ഉദ്യാനത്തില്‍ വിരിഞ്ഞ പൂക്കളിലെല്ലാം പഴയ കാമുകിയുടെ നയനങ്ങള്‍ തന്നെ!
യാന്ത്രികതയെ പേടിച്ച് മാര്‍ക്സിസത്തില്‍ അഭയം തേടിയ മനുഷ്യന്റെ അവസ്ഥയും ഇതുതന്നെ. ഒരു കാലത്ത് മാര്‍ക്സിസം യാന്ത്രികതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മാര്‍ക്സിസ്റ്-പ്രത്യയശാസ്ത്രം രാഷ്ട്രീയമായി വിജയിക്കുകയും കമ്യൂണിസ്റ് ഭരണകൂടങ്ങള്‍ അധികാരത്തില്‍വരികയും ചെയ്തതോടെ യാന്ത്രികത പ്രബലപ്പെടുകയാണുണ്ടായത്. തങ്ങള്‍ പ്രതീക്ഷിക്കുന്ന ആദര്‍ശസമൂഹത്തിന്റെ സാക്ഷാത്കാരത്തിന് സമ്പല്‍സമൃദ്ധി അനുപേക്ഷ്യമാണെന്നും അതിന് വേണ്ടി സമൂഹത്തെ വന്‍തോതില്‍ വ്യവസായവല്‍കരിക്കേണ്ടതുണ്ടെന്നും മാര്‍ക്സിസ്റുകള്‍ വാദിച്ചു. സമൂഹത്തെ വ്യവസായവല്‍ക്കരിക്കേണ്ടത്, ലെനിന്റെ വാക്കുകളില്‍, "മുതലാളിത്തത്തില്‍നിന്നും പഠിക്കേണ്ട'' തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. വിശേഷവല്‍ക്കരണം, സാങ്കേതിക വിദ്യയുടെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥാപനവല്‍ക്കരണം, വ്യക്തിയുടെ സ്വാര്‍ഥത്തിലധിഷ്ഠിതമായ മത്സരം-ഇവയാണാ തത്വങ്ങള്‍. സര്‍വോപരി, സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഏകരൂപമായ ഒരു സംഘടനയുണ്ടാവണം. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പുതിയ ഭരണാധികാരിവര്‍ഗമായിരിക്കണം അതിന്റെ നേതൃത്വത്തില്‍. യഥാര്‍ഥത്തില്‍, പാശ്ചാത്യന്‍ മുതലാളിത്തത്തിന്റെ മറുപുറം തന്നെയല്ലേ മാര്‍ക്സിസം?
കമ്യൂണിസ്റ് വിപ്ളവം വരെ കാക്കാന്‍
കഴിയുമോ ദലിതുകള്‍ക്ക്?
ഫോര്‍ഡ് ഫൌണ്ടേഷന്റെ ഗ്രാന്റ് സ്വീകരിക്കുന്ന യുവ ദലിത് ഗവേഷകരെ നമുക്ക് അങ്ങനെയങ്ങ് കഠിനമായി ആക്ഷേപിച്ചുകൂടാ. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ചളിക്കുണ്ടില്‍നിന്ന് കരകയറാന്‍ വേറെയാരാണ് അവര്‍ക്ക് അവസരം നല്‍കിയത്? കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതിന് പഴി കേള്‍ക്കേണ്ടതും അതിന്റെ പാപഭാരം വലിയൊരളവില്‍ പേറേണ്ടതും നേതൃനിരയില്‍ ഇപ്പോഴും സവര്‍ണ മേല്‍ക്കോയ്മയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനമാണ്. മാര്‍ക്സിസ്റ് വര്‍ഗ വിശകലനത്തിലേക്ക് ജാതീയതയെ ബലം പ്രയോഗിച്ച് ഉന്തിക്കയറ്റാനാണ് വര്‍ഷങ്ങളായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ആ ശ്രമം ദയനീയമായി പരാജയപ്പെട്ടു, ആശയതലത്തിലും പ്രയോഗ തലത്തിലും. ദലിത് സമൂഹവും ഇടത് പക്ഷവും അകലാന്‍ തുടങ്ങിയത് ദലിത് ദാര്‍ശനികനും നേതാവുമായ ഡോ. ഭീംറാവു അംബേദ്കറും, ട്രേഡ് യൂനിയന്‍ നേതാവും ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളുമായ എസ്.എ ഡാങ്കെയും വഴിപിരിഞ്ഞതോടെയാണ്. ഡോ. അംബേദ്കറിന് കമ്യൂണിസ്റ് പാര്‍ട്ടിയിലുള്ള പ്രതീക്ഷ അസ്തമിച്ച് പോകാനുള്ള കാരണം 1928ല്‍ മുംബൈയില്‍ നടന്ന ടെക്സ്റൈല്‍ തൊഴിലാളികളുടെ സമരമാണ്. തൊഴിലാളി വര്‍ഗ ഐക്യമെന്ന വാചകമടി തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ, 'തീണ്ടിക്കൂടാത്തവരെ' നെയ്ത്ത്(ംലമ്ശിഴ) വിഭാഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യത്തെ എതിര്‍ക്കേണ്ടതുണ്ടെന്ന് പാര്‍ട്ടിക്ക് തോന്നിയില്ല (കുറഞ്ഞ വേതനം നല്‍കുന്ന നൂല്‍പ്പ്(ുശിിശിഴ) വിഭാഗത്തിലേ അവര്‍ക്ക് ജോലി ചെയ്യാന്‍ അര്‍ഹതയുള്ളൂ എന്നര്‍ഥം). നെയ്ത്ത് വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ നൂലിന്റെ അറ്റങ്ങളില്‍ തൊഴിലാളികളുടെ ഉമിനീര് പുരളും, അത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് 'അശുദ്ധ' മാണല്ലോ.
തൊട്ടുകൂടായ്മയെയും അസമത്വത്തെയും സ്ഥാപനവല്‍ക്കരിക്കുന്ന വേദങ്ങള്‍ ഉള്ള ഒരു രാജ്യത്ത്, 'തീണ്ടിക്കൂടാത്തവര്‍'ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങള്‍ക്ക് വേണ്ടി ഒരു കമ്യൂണിസ്റ് വിപ്ളവം വരെ കാത്തിരിക്കാനാവില്ലെന്ന് അംബേദ്കര്‍ക്ക് ബോധ്യപ്പെട്ടു. അംബേദ്കറിസ്റുകളും ഇടത് പക്ഷവും വഴിതിരിഞ്ഞ് പോയത് ഇരുകൂട്ടര്‍ക്കും വമ്പന്‍ നഷ്ടങ്ങള്‍ വരുത്തിവെച്ചു.
വിപ്ളവശാസ്ത്രത്തിലെ
ബലക്കേടുകള്‍
ക്ടോബര്‍ വിപ്ളവത്തിന്റെ തന്നെ അമൂര്‍ത്ത-സമൂര്‍ത്ത വൈരുധ്യത്തിലേക്കു നമുക്കു കടക്കുക. മാര്‍ക്സ് വിഭാവനം ചെയ്ത മാര്‍ഗത്തിലൂടെയല്ല അവിടെ ഭരണമാറ്റം സംഭവിച്ചത്. യുദ്ധം മടുത്ത പട്ടാളക്കാര്‍, തങ്ങളുടെ കൃഷിനിലങ്ങളുടെ സ്വകാര്യ ഉടമാവകാശം കൊതിച്ച ഭൂരഹിത കര്‍ഷകര്‍ എന്നിവര്‍ നൈസര്‍ഗികമായ ഒരു പ്രതികരണത്തിലൂടെയാണ് ഭരണത്തെ അട്ടിമറിച്ചത്. വിപ്ളവത്തിന്റെ വരവ് ഈ വഴിക്കായിരുന്നെന്നും വിപ്ളവത്തെ കൈകാര്യം ചെയ്യാന്‍ നേതൃത്വം കെല്‍പില്ലാത്താതാണെന്നും കണ്ട സോഷ്യലിസ്റ് ആചാര്യനായ പ്ളെഖനോവ് കരഞ്ഞുപോയെന്ന് ഒരു കഥയുണ്ട്. അങ്ങനെ, മറ്റെന്തൊക്കെയോ പ്രാഥമിക ശക്തികളുടെ ഉരസലിലൂടെ പിറന്ന ഭരണമാറ്റത്തെ മാര്‍ക്സിയന്‍ ഗണങ്ങളില്‍ ഒപ്പിക്കാന്‍ പുതിയ അധികാരികളും അവരുടെ പരമ്പരയും നിര്‍ബന്ധിതരായി.
പഴുക്കില വീഴുന്നതുപോലെ, അതിന്റെ പൂര്‍ത്തീകരണത്തിലൂടെ ബ്രിട്ടീഷ് മുതലാളിത്തം സോഷ്യലിസത്തിനു വഴിമാറുമെന്ന മാര്‍ക്സിന്റെ പ്രവചനം ഫലിച്ചില്ല. മുതലാളിത്തത്തിന്റെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാമ്രാജ്യസ്ഥാപനത്തിന്റെ മിച്ചമൂല്യം സഹായിച്ചു എന്ന വാദത്തില്‍ കഴമ്പില്ലാതെയല്ല. ബ്രിട്ടനില്‍ വിപ്ളവം നടന്നില്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നടക്കാതിരിക്കാന്‍ മേല്‍പറഞ്ഞ പ്രത്യേക സാഹചര്യങ്ങളുണ്ടായിരുന്നു. സമകാലിക വിപ്ളവപ്രവചനങ്ങളുടെ വിധി ഇപ്രകാരം തന്നെ നിര്‍ണയിക്കപ്പെടുന്നു. അപ്രതീക്ഷിതങ്ങളായ എണ്ണമറ്റ പ്രത്യേക സാഹചര്യങ്ങളിലൂടെ.
അങ്ങനെ റഷ്യയില്‍ ഒരു ക്ളാസിക്കല്‍ വിപ്ളവം നടന്നില്ല. ചൈനയില്‍ നടന്നുവോ? ഇല്ല. വിപ്ളവശാസ്ത്രത്തിന്റെ വിധികള്‍ക്ക് അപ്പുറം നടന്ന ഭരണമാറ്റത്തെ നിഷ്ഠുരമായ വിമതാധ്വംസത്തിലൂടെ ഒരു ക്ളാസിക്കല്‍ വിപ്ളവമാണെന്നു വരുത്തിത്തീര്‍ത്ത സ്റാലിന്‍ ചൈനയിലെ സമരത്തില്‍ ഉത്സുകനായിരുന്നില്ല. കര്‍ഷകന് വിപ്ളവം നയിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ചൈനയിലെ തൊഴിലാളിവര്‍ഗം സംഘടിതവും ശക്തവുമായിത്തീരുന്നതു വരെ കാത്തിരിക്കണമെന്നും, ഇടക്കാലത്ത് ചിയാങ്കൈഷേക്കിനോടു സഹകരിക്കണമെന്നുമായിരുന്നു സ്റാലിന്റെ പ്രതിനിധിയായ ബറോദിന്‍ മാവോസേതുങ്ങിനു നല്‍കിയ ശാസനം. മാവോസേതുങ്ങ് ശാസനത്തെ അവഗണിച്ചു. എന്നാല്‍, അതു കര്‍ഷകവര്‍ഗത്തിന്റെ വിപ്ളവവും ആയിരുന്നില്ല. വ്യാപകമായ ജാപ്പുവിരോധം, സാമ്രാജ്യവിരോധം, തങ്ങളുടെ സൈന്യങ്ങളെയും കൊണ്ട് ച്യൂട്ടേയെപ്പോലുള്ള യുദ്ധപ്രഭുത്വമുറ്റ നേതാക്കന്മാരുടെ കാലുമാറ്റം, ഗോത്രവര്‍ഗങ്ങളുടെ കാലുമാറ്റം ഇങ്ങനെ എന്തെല്ലാമോ ശക്തികളുടെ ആകെത്തുകയായി ചൈനീസ് വിപ്ളവം. നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്തൊരു വിപ്ളവം, പുലരിയിലെ പ്രളയത്തെപ്പോലെ ചൈനയിലൂടെ പടര്‍ന്നു.
വിയറ്റ്നാമിന്റെ കഥയും വിപ്ളവഗണിതശാസ്ത്രത്തെ ദുര്‍ബലപ്പെടുത്തുന്നു. അത് വിയറ്റ്നാമിലെ തൊഴിലാളിവര്‍ഗത്തിന്റെ സമരമായിരുന്നില്ല, കമ്യൂണിസത്തിനുവേണ്ടിയുള്ള സമരമായിരുന്നില്ല, പ്രാകൃതവും ശുദ്ധവുമായ ഈ സമരം ആദ്യം ഏഷ്യക്കാരായ അധിപന്മാര്‍ക്ക് എതിരായും അക്രമിയായ വെളുത്ത മനുഷ്യനെതിരായും ആണ് നടത്തപ്പെട്ടത്. സമരത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടം വിയറ്റ്നാമീസ് ജനത അമേരിക്കയ്ക്കക്കെതിരെ നടത്തിയ പോരാട്ടമായിരുന്നു. പ്രത്യയശാസ്ത്രത്തിനും പ്രവചനത്തിനുമപ്പുറം അതു മഞ്ഞ മനുഷ്യന്റെയും വെളുത്ത മനുഷ്യന്റെയും ശുദ്ധ സംഘട്ടനമായി, സംഘട്ടനത്തിന്റെ ശുദ്ധധാര്‍മികതയായി. സംഘട്ടനത്തിന് രാഷ്ട്രീയപ്രബുദ്ധതയുള്ള കമ്യൂണിസ്റുകാര്‍ നേതൃത്വം കൊടുത്തു. വിജയത്തിനുശേഷം, സംഘട്ടനപ്രക്രിയകളുടെ അമൂര്‍ത്തതയ്ക്കു മുകളില്‍ അവര്‍ ചരിത്ര കഥനത്തിന്റെ സമൂര്‍ത്തസിംബലുകളെ പ്രതിഷ്ഠിച്ചു. ക്യൂബയിലും ഏതാണ്ട് ഇപ്രകാരം തന്നെ നടന്നു. കിഴക്കന്‍ യൂറോപ്പിനെയാകട്ടെ, സോവിയറ്റ് സൈന്യം വിമോചിപ്പിച്ചു.
എവിടെയാണ് വിപ്ളവം നടന്നത്? സിംബലുകളുടെ ബാഹ്യതലത്തില്‍, മാര്‍ക്സിസത്തിന്റെ ബാഹ്യതലത്തില്‍, എവിടെയും വിപ്ളവം നടന്നില്ല. എന്നാല്‍, മനുഷ്യവികാരങ്ങളുടെ അമൂര്‍ത്തതയില്‍, ധാര്‍മികതയില്‍, മാര്‍ക്സിസത്തിന്റെ ഉള്‍ത്തലങ്ങളില്‍ വിപ്ളവം സദാ കൊടുമ്പിരിക്കൊള്ളുന്നു. അപാരമായ ഈ ഊര്‍ജത്തില്‍നിന്ന് വിപ്ളവകാരി മുഖം തിരിക്കുന്നതെന്തുകൊണ്ട്?
വിപ്ളവത്തിന്റെ ഈ അമൂര്‍ത്തയിലാണ് ഞാന്‍ കൊച്ചുകേരളത്തിലെ ആയിരത്തിത്തൊള്ളായിരിത്തി അമ്പത്തിയേഴിനെ കാണാന്‍ ശ്രമിക്കുന്നത്. ഉച്ഛൃംഖലമായ അന്വേഷണത്തിന്റെയും പരീക്ഷണത്തിന്റെയും തുടക്കം കുറിക്കുന്നതിനു പകരം തുച്ഛമായ സംഘട്ടനങ്ങളില്‍ അതു നിലംപരിശായി. വര്‍ഗീയ താല്‍പര്യങ്ങളുടെ തട്ടിപ്പുനേതാക്കന്മാരുടെ സഹായത്തോടെ അതിനെ പരാജയത്തില്‍നിന്ന് ഉദ്ധരിച്ചു, ഇപ്പോഴിതാ അതേ കുറുക്കുവഴികളെ പ്രയോഗശുദ്ധിയുടെ പേരില്‍ തഴഞ്ഞ് രക്തസാക്ഷിത്വം വരിക്കുന്നു. താത്ത്വികമായ രക്തസാക്ഷിത്വം (ശാരീരികമായ രക്തസാക്ഷിത്വമല്ല) സുഖകരമായ ഒരനുഭവമാണ്. യുക്തിയെ മാറ്റിവെക്കാനും, പരാജയത്തിന്റെ യാഥാര്‍ഥ്യത്തെ വിജയത്തിന്റെ ഫാന്റസിയാക്കി മാറ്റാനും അതു സഹായിക്കും. എന്നാല്‍, ഈ പാപവും പാപമോക്ഷവും ഒരേ അളവില്‍ അയഥാര്‍ഥങ്ങളാണ്. അയഥാര്‍ഥമായ പ്രത്യയശാസ്ത്രശുദ്ധിയിലൂടെ നേടാവുന്നത് താന്ത്രികമായ ഒരു സംതൃപ്തി മാത്രമായിരിക്കും.
പഴഞ്ചന്‍ അനുമാനങ്ങളുടെ അടിവര വായന
യാതൊരു സാമൂഹ്യശാസ്ത്രത്തിലും അച്ചട്ടായ നിയമങ്ങള്‍ നിലനില്‍ക്കുകയില്ല. ഭൌതിക ശാസ്ത്രത്തില്‍ സ്വബുദ്ധിയില്ലാത്ത വസ്തുക്കളുടെ രാസവിശേഷങ്ങള്‍ വിഷയമായിരിക്കുന്നു. അതല്ലെങ്കില്‍ പ്രപഞ്ചത്തിലെ ശക്തിവിശേഷങ്ങള്‍, ഇവയ്ക്കൊന്നിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവില്ല. മനുഷ്യനാകട്ടെ എത്രമാത്രം പരിതഃസ്ഥിതികളുടെ അടിമയായിരുന്നാലും കുറച്ചു സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. അതുകൊണ്ട് ഒരു കാലത്തുണ്ടാവുന്ന നിയമങ്ങള്‍ അപൂര്‍ണമെന്നു വന്നു കൂടാനിടയുണ്ട്. മാര്‍ക്സിന്റെ കാലത്തെ പല അഭ്യൂഹങ്ങളും ഇന്നു നിലവിലില്ല. ഉദാഹരണമായി 'സാമ്പത്തിക മനുഷ്യന്‍' എന്ന സങ്കല്‍പം. എങ്കിലും പഴയ അനുമാനങ്ങള്‍ വിശ്വസത്യങ്ങളെന്ന മട്ടില്‍ തുടരുകയാണ്. മാര്‍ക്സിന്റെ തത്വസംഹിതയനുസരിച്ചാണെങ്കില്‍ വ്യവസായം പുരോഗമിക്കുന്ന നാടുകളിലാണ് തൊഴിലാളി വിപ്ളവം നടക്കേണ്ടത്. പക്ഷേ, കാര്‍ഷിക പ്രധാനങ്ങളായ റഷ്യ, ചൈന, ഹങ്കറി, പോളണ്ട്, യൂഗോസ്ളാവ്യ മുതലായ രാജ്യങ്ങളിലാണ് അതു വിജയിച്ചത്. (ചെക്കോസ്ളോവാക്യയില്‍ വിപ്ളവമേ ഉണ്ടായില്ല). സാമ്രാജ്യത്വ കാലഘട്ടത്തെപ്പറ്റി മാര്‍ക്സിന് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ ലെനിന്റെ പ്രസിദ്ധമായ ഗ്രന്ഥം എഴുതേണ്ടി വരുമായിരുന്നില്ല. പുതുജനാധിപത്യവാദവും മാര്‍ക്സിന്റെ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. ഏക രാഷ്ട്രസോഷ്യലിസവും 'മൂഢന്മാര്‍' എന്നു മാര്‍ക്സ് നാമകരണം ചെയ്ത കൃഷിക്കാരുടെ അവകാശവാദങ്ങളും, മതത്തിനുകൊടുക്കുന്ന സ്വാതന്ത്യ്രവും ഒന്നും 'തൊഴിലാളി സര്‍വാധിപത്യ'ത്തോടു പൊരുത്തപ്പെടുന്നവയല്ല. എങ്കിലും അതുപോലെ പലതും മാര്‍ക്സിനോടൊപ്പം സ്വീകരിക്കുന്നു. സാമ്രാജ്യയുദ്ധവിരുദ്ധം, ജനകീയയുദ്ധം, പാക്കിസ്ഥാന്‍ സ്ഥാപനം, റേഷന്‍ കമ്യൂണിസം, ഫാഷിസ്റ് വിരുദ്ധനിസം, സോവിയറ്റു സുഹൃദ്പ്രസ്ഥാനം, തൊഴിലാളി മുതലാളി സഹകരണം, ഉല്‍പ്പാദനസമരം, സഹവര്‍ത്തിത്വം, ഇന്റര്‍ നാഷ്നല്‍ പിരിച്ചുവിടല്‍, കോമിന്‍ഫോം നട്ടുവളര്‍ത്തല്‍, ബ്രൌഡറിസം, ആസിഡ്ബള്‍ബ്, ശബരിമലക്കേസ്, നെഹ്റുവിന്റെ വിദേശനയം ഇവയെല്ലാം അവസരമനുസരിച്ച് ഒരുപോലെ 'ശാസ്ത്രീയ'മാണെന്നു വന്നാല്‍ 'ശാസ്ത്രീയ' പ്രയോഗത്തിന്റെ അര്‍ഥമെന്താണാവോ? ശാസ്ത്രം അവസരത്തിനനുസരിച്ച്, അതു ഏതു രാഷ്ട്രത്തിന്റെ വിദേശനയമനുസരിച്ചായാലും ഉരുളുന്ന ഒരു ചക്രമല്ല. അവര്‍ പറയുന്നതെല്ലാം ശാസ്ത്രമാണ്! ശാസ്ത്രമെന്നു പറഞ്ഞാല്‍ മാര്‍ക്സ് എന്നര്‍ഥം. മാര്‍ക്സിനു തെറ്റാന്‍ പാടില്ലാതാനും. തെറ്റായ ഒരു ധാരണവെച്ചു പുലര്‍ത്തുന്നു എന്നതല്ല ഇവിടെ കുഴപ്പം. ഒരു മനുഷ്യദൈവത്തെ സൃഷ്ടിച്ചു സാധാരണ ബുദ്ധിക്കുപോലും തെറ്റെന്നു ബോധ്യമായിട്ടുള്ള അനുമാനങ്ങള്‍ സനാതനസത്യമെന്നു വച്ചുപുലര്‍ത്തുക എന്നതാണ് തെറ്റ്. അതു സമുദായത്തോടു ചെയ്യുന്ന വഞ്ചനയാണ്. ഉത്തരവാദപ്പെട്ട യാതൊരു തത്വജ്ഞാനിയും മാര്‍ക്സിനെ ഫിലോസഫറായിട്ടെണ്ണുന്നില്ല. അദ്ദേഹമാണ് മനുഷ്യ ചിന്തയുടെ ആരംഭമെന്നു സ്ഥാപിച്ചേ അടങ്ങൂ എങ്കിലോ! ധനശാസ്ത്രവും രാജ്യതന്ത്രവും മനശ്ശാസ്ത്രവുമെല്ലാം കഴിഞ്ഞ നൂറുവര്‍ഷംകൊണ്ട് എത്രമാത്രം പുരോഗമിച്ചു എന്നറിയുന്നവര്‍ക്ക്, അതിനും മുമ്പ് കല്‍പാന്തകാലം വരേയ്ക്കുമുള്ള സാമൂഹ്യജാതകം എഴുതാന്‍ കഴിയുമെന്നു പറയുന്നതിനപ്പുറം മൌഢ്യമുണ്ടോ? ഡാര്‍വ്വിനു മുമ്പാണ് മാര്‍ക്സ് എന്ന് എത്രപേര്‍ക്കറിയാം. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സകല ശാസ്ത്രീയവളര്‍ച്ചയും(പരിണാമവാദം, പരമാണുശാസ്ത്രം, ഉപബോധമനസ്സ്, സഹകരണത്വം മുതലായതെല്ലാം) അതിനു മുമ്പുള്ള ഒരു മുദ്രാവാക്യത്തിലന്തര്‍ഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ ആ വാദവും 'ഓം' എന്നതിലെല്ലാം അടങ്ങുന്നു എന്ന വാദവും തമ്മില്‍ എന്താണു വ്യത്യാസം?
മാര്‍ക്സിന്റെ വാദങ്ങള്‍ ദിവ്യമായി അംഗീകരിച്ചിട്ടില്ലെന്നു ചില സമയങ്ങളില്‍ പറയും. (പക്ഷേ, മാര്‍ക്സില്‍ എന്തെങ്കിലും പിശകു വന്നിട്ടുണ്ടെന്നോ വരാമെന്നോ സമ്മതിക്കുകയില്ല). അതിനു പുതുജനാധിപത്യവും മറ്റും തെളിവായി ചൂണ്ടിക്കാണിക്കും. 'മാര്‍ക്സ് കാണിച്ച വഴിയില്‍ക്കൂടി മാര്‍ക്സിസത്തെ വളര്‍ത്തി' എന്നാണതിനു വിശ്വാസികളുടെ ഭാഷ. മാര്‍ക്സ് കാണിച്ച വഴിതന്നെ വിശ്വസത്യമാണെന്നാരു പറഞ്ഞു? ചിന്ത ആ മനുഷ്യനോടുകൂടി അവസാനിച്ചിട്ടില്ല. അതു വളരും. അതിനെന്തിനു കടിഞ്ഞാണിടുന്നു? പുതിയ തത്വങ്ങളും പരിപാടികളും അംഗീകരിക്കുന്നതു ശരിയാണെങ്കില്‍ കൂട്ടത്തിലാരും വായിക്കാറില്ലാത്ത ഈ ബൈബിള്‍ പിടിച്ചാണയിടുന്നതെന്തിന്? വിശ്വാസികളുടെ ഉത്തരം എന്തെങ്കിലുമാകട്ടെ. യഥാര്‍ഥമിതാണ്: സുവിശേഷത്തിനു ഭാഷയെഴുതാന്‍ ചുമതലപ്പെട്ടവരുണ്ട്. ആ തൊഴില്‍ ശൂദ്രന്റെ കൈയില്‍ ചെന്നുചാടിയാല്‍ വളര്‍ന്നുവരുന്ന കമ്യൂണിസ്റ് ബ്രാഹ്മണ്യത്തിന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഏതധികാരയന്ത്രത്തിനും വിശ്വാസപ്രമാണമുണ്ടായിരിക്കണം. സാക്ഷിയിന്‍പെട്ടകത്തിനു തെരഞ്ഞെടുത്ത വാഹകരും വേണം.
മാര്‍ക്സിസം ഒരു
സ്ഥാപിത താല്‍പര്യത്തിന്റെ പേരാകുന്നു
ന്ധമായ അനുസരണം ആവശ്യപ്പെടുന്ന ഒരു തത്വസഞ്ചയമാവാന്‍ പാടില്ലാത്ത മാര്‍ക്സിസം അതായി കലാശിച്ചത് ചരിത്രത്തിലെ ക്രൂരമായ നേരംപോക്കാണ്. മാര്‍ക്സിസവും ഒരു സ്ഥാപിതതാല്‍പര്യമായി. അധികാരത്തിന്റെ ആധാരികാനുശാസനങ്ങള്‍, ആശയാദര്‍ശങ്ങള്‍, അവയുടെ സ്വച്ഛന്ദവിഹാരമേഖലയ്ക്കപ്പുറം ചെല്ലുമ്പോള്‍, അധികാരത്തില്‍ അവരോഹിതമാവുമ്പോള്‍ നളനെപ്പോലെ കലിയുടെ ബാധയേല്‍ക്കേണ്ടിവരുന്നു. ക്രിസ്തുവചനങ്ങള്‍ക്കെന്തേ പറ്റിയത്? റോമിന്റെ പ്രഭാവത്തിലേക്ക് ക്രിസ്തുമതം ആകര്‍ഷിക്കപ്പെട്ടപ്പോള്‍ അതേറെക്കാലം സാമ്രാജ്യത്വ പ്രവണതകള്‍ക്ക് ദാസ്യം വഹിക്കേണ്ടിവന്നു. ഒരുകണക്കില്‍ ആശയങ്ങളുടെ ശാപമാണിതെന്നു പറയാം. സങ്കല്‍പമേഖലയില്‍ അവ അതീവ മനോഹരങ്ങളായിരിക്കും. പ്രയോഗത്തിലെത്തുമ്പോഴാവട്ടെ, ആദര്‍ശത്തിന്റെ പരിവേഷം താഴെ വീഴുകയും, അധികാരമോഹത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പരിരംഭണത്തില്‍പെട്ട്രൂപാന്തരവിധേയമാകുകയും ചെയ്യുന്നു.
മാര്‍ക്സിന്റെ റോം റഷ്യയായിരുന്നു. തുടര്‍ന്ന് ചൈനയും മറ്റും ഈ വിപുല സാമ്രാജ്യത്തിന്റെ വൈരുദ്ധ്യാത്മകതയില്‍ വന്നെത്തി. അങ്ങനെ അധികൃതവും അനധികൃതവുമായ ഒട്ടേറെ ശിഷ്യവ്യൂഹങ്ങളുടെ വ്യാഖ്യാനത്തിനും വിശദീകരണത്തിനും വിഷയമായി മാര്‍ക്സിസം. അത്രയുമല്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ അധികാരരാഷ്ട്രത്തിന്റെ ഔദ്യോഗിക ഫിലോസഫിയാകേണ്ട ദൂരദൃഷ്ടമുണ്ടായതിനാല്‍, അധികാരവടംവലിയിലും ഈ തത്വചിന്തയ്ക്ക് പക്ഷം പിടിക്കേണ്ടിവന്നു. അത് ഒരാശയത്തിനുപകരം ആയുധമായി. ആയുധങ്ങള്‍ പ്രത്യായുധങ്ങളെയും സജ്ജീകരിക്കുന്നു. ഇത്തരം വെട്ടും തടവും കുത്തും കോളും തുടര്‍ന്നതു നിമിത്തം മാര്‍ക്സിസത്തിനും സാമാന്യത്തിലധികം പരിക്കുപറ്റി. വൈചിത്യ്രമെന്നു പറയട്ടെ മാര്‍ക്സിസത്തോട് ഏറ്റവുമധികം അപമര്യാദ കാണിച്ചത് എതിരാളികളല്ല, അനുകൂലികളാണ്.
കാറല്‍മാര്‍ക്സ് ആവിഷ്കരിച്ച ശാസ്ത്രീയ സോഷ്യലിസത്തിന്റെ പലഅംശങ്ങളും മിക്കവാറും ഉട്ടോപ്യയുടെ അംശമായിരിക്കയാണ്. ആധുനിക ശാസ്ത്രത്തിന്റെ സമാഘാതംമൂലമാണ് ഇത് സംഭവിച്ചത്. മാര്‍ക്സിയന്‍ പ്രവചനങ്ങളില്‍ പലതും മറിച്ചിടാന്‍ പ്രയോക്താക്കള്‍ മുതിര്‍ന്നു. അതവരുടെ ദൃഷ്ടിയില്‍ "ചരിത്രപരമായ ആവശ്യകതയായിരിക്കാം.'' പക്ഷേ, ഒരു ദര്‍ശനത്തിന്റെ ശക്തി അളന്നു തിട്ടപ്പെടുത്തേണ്ടത് അതക്ഷരംപ്രതി അനുഷ്ഠിക്കാന്‍ പെട്ടെന്നു സാധ്യമാണോ എന്ന് നോക്കിയാവരുത്. അത് നല്‍കുന്ന ഉള്‍ക്കാഴ്ച അര്‍ഥവത്താണോ, പ്രസക്തമാണോ എന്നതാണ് ചോദ്യം. സങ്കീര്‍ണവും ത്വരിതഗതിയില്‍ പരിവര്‍ത്തനപരവുമായ സാമൂഹ്യ വികാസമേഖലയിലെ വിശദാംശങ്ങളെയെല്ലാം മുന്‍കൂട്ടി നിര്‍വചിക്കാന്‍ ഒരു ചിന്തകനും സാധ്യമല്ല. ആരു വിചാരിച്ചാലും ലോകത്തിന്റെ ജാതകമെഴുതി വയ്ക്കാനാവതല്ല. കാറല്‍മാര്‍ക്സിനും അതു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പക്ഷേ, മാര്‍ക്സിന്റെ പേര്‍ കൊത്തിയ കവിടിസ്സഞ്ചിയും പഞ്ചാംഗവും കക്ഷത്തു വെച്ച് കളംവരയ്ക്കലും ഗ്രഹനില നോക്കലും തൊഴിലായി സ്വീകരിച്ച ജ്യോത്സ്യപ്പരിഷ ഈ സത്യം സമ്മതിക്കുകയില്ല. അങ്ങനെ ചെയ്താല്‍ അവരുടെ ഗതി മുട്ടിപ്പോവും. അതിനാല്‍ അവര്‍ സംഭവങ്ങളെ അവയുടെ സ്വാഭാവികപരിണാമത്തിന് വിടാതെ, തങ്ങള്‍ക്ക് അഭികാമ്യമാംവിധം വളച്ചൊടിക്കാനും മുരടിപ്പിക്കാനും പാടുപെട്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം