Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

എന്‍.ഐ.എയുടെ വിശ്വാസ്യതയും സ്തുതിപാഠകരും

വി.എം റമീസുദ്ദീന്‍

2020 സെപ്റ്റംബര്‍ 19-ന് എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍നിന്നും പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദില്‍നിന്നും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികളെ അല്‍ഖാഇദ ബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയുണ്ടായി. ഒറ്റനോട്ടത്തില്‍ തന്നെ വളരെ ബാലിശവും വിചിത്രവുമായ കുറ്റങ്ങള്‍ ആരോപിച്ചാണ് തൊഴിലാളികളെ അറസ്റ്റു ചെയ്തത്. രാജ്യതലസ്ഥാനത്തടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ സോഷ്യല്‍ മീഡിയ വഴി പാകിസ്താന്‍ അല്‍ഖാഇദയിലേക്ക്  ആകൃഷ്ടരായ സംഘം തയാറെടുക്കുകയായിരുന്നുവെന്നും, ഇവരുടെ പക്കല്‍നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദീ സാഹിത്യങ്ങള്‍, നാടന്‍ ബോംബുകള്‍, ലോഹനിര്‍മിത രക്ഷാകവചം എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘങ്ങള്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടയാളുകളെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍, ദിവസക്കൂലിക്ക് വര്‍ഷങ്ങളായി ജോലി ചെയ്തുപോന്നിരുന്ന വളരെ സാധാരണക്കാരായ മുസ്ലിം യുവാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. യഅ്ഖൂബ് ബിശ്വാസ്, മുര്‍ശിദ് ഹസന്‍, മുസറഫ് എന്നിങ്ങനെ പൊറോട്ടയടിക്കുന്ന ഹോട്ടല്‍ ജോലിക്കാരനായും കെട്ടിടനിര്‍മാണ തൊഴിലാളിയായും തുണിക്കടയില്‍ സെയില്‍സ്മാനായും യാതൊരു രാഷ്ട്രീയ സംഘടനയിലോ ഗ്രൂപ്പുകളിലോ ഭാഗഭാക്കാവാതെ വര്‍ഷങ്ങളായി കേരളത്തില്‍ ജീവിച്ചുപോന്നിരുന്നവര്‍. സംശയകരമായ രീതിയില്‍ ഒരു പെരുമാറ്റവും യഅ്ഖൂബിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് തൊഴിലുടമ ഹാരിസ് പറയുന്നത്. മുര്‍ശിദിനെക്കുറിച്ചും മുസറഫിനെക്കുറിച്ചും തൊഴിലുടമക്കും നാട്ടുകാര്‍ക്കും വാര്‍ഡ് മെമ്പര്‍ക്കുമൊന്നും മറിച്ചൊരഭിപ്രായമില്ല. ഇത്രയും സാധാരണമായി ജീവിക്കുന്ന ഇവരെ എന്‍.ഐ.എ പിടികൂടാന്‍ വരുന്നത് രാത്രി രണ്ടു മണിക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ്. 
പശ്ചിമ ബംഗാളില്‍ പിടിയിലായ അബൂസുഫ്‌യാന്റെ വീട്ടില്‍ രഹസ്യ അറയുണ്ടെന്ന എന്‍.ഐ.എയുടെ 'കണ്ടെത്തല്‍', അത് സെപ്റ്റിക് ടാങ്കാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ നിഷേധിക്കുകയുണ്ടായി. മുര്‍ശിദ് ഹസന്‍ ലാപ്ടോപ് ഉപയോഗിച്ചിരുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. ആ ലാപ്ടോപ് മൂന്നു മാസമായി കേടായിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദയുടെ ശാഖ കേരളത്തില്‍ തുടങ്ങാന്‍ ഇവര്‍ പദ്ധതിയിട്ടുവെന്നാണ് മറ്റൊരു ആരോപണം.
ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുള്ള ഇന്ത്യയിലെ തീവ്രവാദക്കേസുകളില്‍ നീക്കുപോക്കുകള്‍ നടത്തുന്നതിലും, തെളിവുകള്‍ കെട്ടിച്ചമച്ച് മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളില്‍ കുടുക്കുന്നതിലും കുപ്രസിദ്ധിയാര്‍ജിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് എന്‍.ഐ.എ. ഇന്ത്യയിലെ തീവ്രവാദ- ഭീകരവാദ കേസുകളും രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റു കേസുകളും അന്വേഷിക്കുന്നതിനായി 2009-ലാണത് രൂപീകരിക്കപ്പെട്ടത്. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതേ വര്‍ഷം ഡിസംബര്‍ 31-ന് തന്നെ നാഷ്‌നല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്ട് പാര്‍ലമെന്റില്‍ പാസ്സാക്കി. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍.ഐ.എയുടെ നിലവിലെ ഡയറക്ടര്‍ ജനറല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ആയുധം-മയക്കുമരുന്ന്-സ്വര്‍ണം എന്നിവയുടെ കള്ളക്കടത്ത്, കള്ളനോട്ട് വിതരണം, നുഴഞ്ഞുകയറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്നതാണ്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മാതൃകയിലായിരിക്കും എന്‍.ഐ.എയുടെ പ്രവര്‍ത്തനമെന്നായിരുന്നു അവകാശവാദം. കുറ്റമറ്റതും ശാസ്ത്രീയവുമായ, വേഗത്തിലുള്ള അന്വേഷണവും വിചാരണയും എന്‍.ഐ.എ തങ്ങളുടെ ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കുന്നു. 
2019 ജൂലൈ 15-ന് എന്‍.ഐ.എക്ക് കൂടുതല്‍ സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി. ഈ ഭേദഗതി പ്രകാരം, സംഘടനകളെ നിരോധിക്കാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനുമുള്ള അധികാരത്തിനു പുറമെ വ്യക്തികളുടെ കാര്യത്തിലും സമാന അധികാരം ലഭിച്ചു. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ തന്നെ എന്‍.ഐ.എക്ക് കേസുകളില്‍ ഇടപെടാനും സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും പുതിയ ഭേദഗതിയില്‍ വകുപ്പുണ്ട്. ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ അസദുദ്ദീന്‍ ഉവൈസി ശക്തമായി ചോദ്യം ചെയ്യുകയും എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസ്, ഡി.എം.കെ, മുസ്ലിം ലീഗ് എംപിമാര്‍ ബില്ലിനെതിരെ പ്രസ്താവനകളിറക്കുകയും ചെയ്തെങ്കിലും ബില്‍ ഇരുസഭകളിലും പാസ്സായി. കോണ്‍ഗ്രസ് എം.പിമാരെല്ലാവരും തന്നെ ബില്ലിനനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. കേരളത്തില്‍നിന്ന് ഇടതു എം.പി ആരിഫ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്ത ഒരേയൊരാള്‍. മുസ്ലിം ലീഗിന്റെ കുഞ്ഞാലിക്കുട്ടിയും ഇ. ടി മുഹമ്മദ് ബശീറും വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. എതിര്‍ത്തു വോട്ട് ചെയ്യുന്നതും ഇറങ്ങിപ്പോകുന്നതും തമ്മിലെ വ്യത്യാസം ലീഗ് എം.പിമാര്‍ക്ക് പിടികിട്ടാത്ത പോലെയായിരുന്നു ആ നടപടി. ഒപ്പം തന്നെ യു.എ.പി.എ ഭേദഗതി നിയമവും പാസ്സാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതെന്തും പിടിച്ചെടുക്കാനുള്ള പൂര്‍ണ അധികാരം ഇതുവഴി എന്‍.ഐ.എക്ക് നല്‍കപ്പെട്ടു. 
2020 മാര്‍ച്ച് 3 വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിട്ടുള്ളത്. അതില്‍ 237 കേസുകളില്‍ മാത്രമാണ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തിട്ടുള്ളത് (അതില്‍ പലതും പ്രാഥമികമായ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച്, കൂടുതല്‍ അന്വേഷണത്തിന് നീട്ടിയ കേസുകളാണ്). 62 കേസുകളിലാണ് ഇതേവരെ വിധി പറഞ്ഞിരിക്കുന്നത്. ഇത്രയേറെ കേസുകള്‍ വിചാരണ നടക്കാതെ വൈകിക്കിടക്കുമ്പോള്‍, കുറ്റാരോപിതരായ വിചാരണത്തടവുകാര്‍ അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. അതില്‍ കൂടുതലും മുസ്ലിംകളും മറ്റു കീഴാള ജനങ്ങളുമാണെന്ന വസ്തുത കൂടി മനസ്സിലാക്കുമ്പോഴാണ് എന്‍.ഐ.എക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന ചോദ്യമുയരുന്നത്. 
എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളില്‍ 95 ശതമാനത്തിലും ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ അവകാശ വാദം. എന്നാല്‍, ഹിന്ദുത്വ ഭീകരര്‍ പ്രതിസ്ഥാനത്തുള്ള, കുറ്റം തെളിഞ്ഞ മാലേഗാവ്, സംഝോതാ എക്സ്പ്രസ്, മക്ക മസ്ജിദ് സ്ഫോടന കേസുകളിലെ പ്രതികളെയെല്ലാം രക്ഷിക്കുന്നതിന് എന്‍.ഐ.എ ശ്രമം നടത്തിയതായി തെളിഞ്ഞിട്ടുമുണ്ട്. മാലേഗാവ് കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാന്‍ ശ്രമം നടന്നപ്പോള്‍ സുപ്രീം കോടതി വിഷയത്തില്‍ നേരിട്ടിടപെടുകയാണുണ്ടായത്. 
2015-ല്‍ രോഹിണി സാലിയാന്‍ എന്ന മുന്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തലാണ് ഇത്തരം ഗൂഢനീക്കങ്ങളെ പുറത്തുകൊണ്ടുവന്നത്. സംഝോതാ എക്സ്പ്രസ് കേസിലും സ്വാമി അസിമാനന്ദ അടക്കമുള്ള സംഘ് പരിവാര്‍ ഭീകരരെ വെറുതെവിട്ട നടപടിയിലും എന്‍.ഐ.എക്കെതിരെ ചൂണ്ടുവിരലുയര്‍ന്നു. മക്ക മസ്ജിദ് സ്ഫോടന കേസിലെ പ്രതികളെയും എന്‍.ഐ.എ കോടതി തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചു.
കേരളത്തില്‍ എന്‍.ഐ.എ പ്രവര്‍ത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏല്‍പ്പിക്കപ്പെട്ട കേസാണ് പാനായിക്കുളം സ്വാതന്ത്ര്യദിന സെമിനാര്‍ കേസ്. അഞ്ചു പേര്‍ക്ക് 14 വര്‍ഷത്തെ കഠിന തടവ് ശിക്ഷ നല്‍കിയ എന്‍.ഐ.എ കോടതിവിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോള്‍, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷിച്ച് എല്ലാ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കുകയാണുണ്ടായത്. എന്‍.ഐ.എക്ക് ഈ കേസ് ഏല്‍പ്പിച്ചത് അന്നത്തെ ഇടതു സര്‍ക്കാറും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനുമാണെന്നു കൂടി ചേര്‍ത്തു വായിക്കുക. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പരിശീലന ക്യാമ്പ് കേസില്‍ 21 പ്രതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചുകൊണ്ട് എന്‍.ഐ.എ കോടതി വിധി പറഞ്ഞു. കുറേക്കാലം ആ മുസ്ലിം യുവാക്കള്‍ ജയില്‍ശിക്ഷ അനുഭവിച്ച ശേഷം, തെളിവില്ലെന്നു കണ്ട് എന്‍.ഐ.എ തന്നെ കേസ് അവസാനിപ്പിച്ച് നിരപരാധികളെ വെറുതെ വിടുകയായിരുന്നു.
ഇന്ത്യയിലുടനീളം ഐ.എസ് ബന്ധവും ജിഹാദീ പ്രവര്‍ത്തനവുമാരോപിച്ച് എന്‍.ഐ.എ ഇതുവരെ 64-ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി മുസ്ലിം യുവാക്കളെ ഈ കേസുകളില്‍ വിചാരണത്തടവുകാരായി ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചു കേസുകളില്‍ മാത്രമാണ് വിധി പറഞ്ഞിട്ടുള്ളത്. നാലു കേസുകളുടെ അന്വേഷണവും വിചാരണയും അവസാനിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ള എല്ലാ കേസുകളിലും അന്വേഷണം പുരോഗമിക്കുകയോ വിചാരണ തുടങ്ങുകയോ ചെയ്തിട്ടുള്ളതായാണ് എന്‍.ഐ.എ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ കേരളത്തിലെ ടെറര്‍ ഫണ്ടിംഗ്, നക്സല്‍ പ്രവര്‍ത്തനം, ഇടതു തീവ്രവാദം എന്നിങ്ങനെ വിഭാഗങ്ങളിലായി മറ്റനേകം കേസുകളും വിചാരണ പൂര്‍ത്തിയാകാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. കേരളത്തില്‍ ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന പരാതിയെത്തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന നിരീക്ഷണത്തോടെ 2018 ഒക്‌ടോബര്‍ 18-ന് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. 
എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവില്‍ കാണാവുന്ന നിഗൂഢത, മാപ്പുസാക്ഷികള്‍ കടന്നുവരുന്നു എന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ശാസ്ത്രീയമായും കുറ്റമറ്റ രീതിയിലും കേസന്വേഷണം നടത്തുന്ന ഏജന്‍സിക്ക് എന്തുകൊണ്ടാണ് കേസുകളില്‍ മാപ്പുസാക്ഷികളെ ഹാജരാക്കേണ്ടിവരുന്നത് എന്ന ചോദ്യം നിലനില്‍ക്കുന്നു. പാനായിക്കുളം കേസില്‍ റശീദ് മൗലവിയെന്ന മാപ്പുസാക്ഷിയെ സൃഷ്ടിച്ചുകൊണ്ടാണ് എന്‍.ഐ.എ റാസിഖ് റഹീം, ഷിബിലി, ശാദുലി, അബൂബക്കര്‍ എന്നിവരടങ്ങുന്ന നിരപരാധികളെ കുടുക്കിയത്. റശീദ് മൗലവി മാധ്യമം പത്രത്തില്‍ പറഞ്ഞ പ്രസ്താവനയും എന്‍.ഐ.എയോട് പറഞ്ഞ സാക്ഷിമൊഴിയും തമ്മിലെ വൈരുധ്യം ചൂണ്ടിക്കാട്ടി റാസിഖ് റഹീം ഗൂഢാലോചനയുടെ ചുരുളഴിച്ചിരുന്നു. അലന്‍, താഹ എന്നീ ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പന്തീരാങ്കാവ് യു.എ.പി.എ കേസില്‍, മാപ്പുസാക്ഷിയാകാന്‍ തന്നെ എന്‍.ഐ.എ നിര്‍ബന്ധിക്കുന്നുവെന്ന് അലന്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞിരുന്നു. ഇവിടെയും, യു.എ.പി.എ വിരുദ്ധരെന്ന് പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് എന്‍.ഐ.എയെ കേസില്‍ വലിച്ചിഴച്ചത്. ഇത്തരത്തില്‍, കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത കേസുകളിലെല്ലാം ഒരു മാപ്പുസാക്ഷിയെ അവര്‍ ഹാജരാക്കിയിട്ടുള്ളതായി കാണാം.
മറ്റൊരു പ്രത്യേകത, രഹസ്യ വിചാരണയാണ്. എന്‍.ഐ.എ കോടതികളില്‍ വിചാരണ നടക്കുന്നത് കേസിലെ പ്രതികളുടെയും വക്കീലുമാരുടെയും മാത്രം സാന്നിധ്യത്തിലാണ്. അതിനുള്ളില്‍ നടക്കുന്ന നീക്കങ്ങള്‍ പുറംലോകത്തറിയിക്കാന്‍ ആരുമുണ്ടാവുകയില്ല. അത് അപകടകരമായ പ്രവണതയാണ്. പാനായിക്കുളം കേസില്‍ നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ട റാസിഖ് റഹീം പറയുന്നു: ''പാനായിക്കുളം കേസിന്റെ വിചാരണ തുടങ്ങി അഞ്ചാമത്തെ ദിവസം എന്‍.ഐ.എയുടെ ഒരു ഓഫീസര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു; റാസിഖ്, നിങ്ങള്‍ മുതിര്‍ന്ന വക്കീലിനെയൊന്നും ഈ കേസിലേക്ക് കൊണ്ടുവന്ന് പൈസ കളയണ്ട, ഈ കേസില്‍ അഞ്ച് പേരെ ഞങ്ങള്‍ ശിക്ഷിക്കും. ഒരു വര്‍ഷത്തിനു മേല്‍ നടന്ന വിചാരണയുടെ അഞ്ചാം ദിവസം കോടതിയല്ല, ഒരു പോലീസ് ഓഫീസര്‍ പറയുകയാണ്; നിങ്ങള്‍ അഞ്ച് പേരെ ഞങ്ങള്‍ ശിക്ഷിക്കുമെന്ന്. മുന്‍കൂട്ടി തയാറാക്കി നടക്കുന്ന ഒരു നാടകമാണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ നിങ്ങളോട് പറയുകയാണ്.'' എന്‍.ഐ.എ കേസിലോ യു.എ.പി.എ കേസിലോ ജയിലിലടക്കപ്പെടുന്ന പ്രതികളുടെ ജയിലനഭുവങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പരോള്‍ നിഷേധമാണ് അതില്‍ പ്രധാനം. കൊലപാതകിയും സ്ത്രീപീഡകനുമെല്ലാം കണ്‍മുന്നിലൂടെ പരോളിലിറങ്ങി പോകുന്നത് കാണുന്ന, പോസ്റ്ററൊട്ടിച്ചതിന്റെയും ലഘുലേഖ കൊടുത്തതിന്റെയും പേരില്‍ ഭീകരനിയമം ചുമത്തപ്പെട്ടവരുടെ മാനസികാവസ്ഥ ഭയങ്കരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജയിലില്‍ നല്ലനടപ്പിന്റെ പേരില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇത്തരക്കാര്‍ക്ക് ലഭിക്കാറില്ല.
പ്രമാദമായ എല്‍ഗര്‍ പരിഷത്- ഭീമ കൊറേഗാവ് കേസ് 2020 ജനുവരി 24-ന് പൂനെ പോലീസില്‍നിന്ന് എന്‍.ഐ.എയിലേക്ക് കൈമാറുകയുണ്ടായി. കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് എന്‍.ഐ.എ അധ്യാപകരെയും ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയിലെടുക്കുകയും വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. മലയാളിയായ റോണ വില്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നും തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍നിന്ന് ലഭിച്ചെന്നുമായിരുന്നു ആരോപണം. ഹാക്കിംഗിലൂടെ അത്തരം ഫയലുകള്‍ എന്‍.ഐ.എ തന്നെ ലാപ്ടോപിലേക്ക് കയറ്റുകയായിരുന്നുവെന്ന് പിന്നീട് കാരവന്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി.
2020 ജൂലൈ 28-ന് ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ ഹാനി ബാബുവിനെയും എല്‍ഗര്‍ പരിഷത് കേസില്‍ എന്‍.ഐ.എ അന്യായമായി അറസ്റ്റു ചെയ്തു. ഏറ്റവുമൊടുവില്‍, 82-കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെയും ഇതേ കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ രംഗത്തെ ബ്രാഹ്മണിക അധീശത്വത്തിനും വിവേചനങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊണ്ട അക്കാദമിസ്റ്റാണ് പ്രഫ. ഹാനി ബാബു. ദല്‍ഹി യൂനിവേഴ്സിറ്റിയിലെ തന്നെ അധ്യാപകനായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച സമിതിയിലെ അംഗവുമാണ് അദ്ദേഹം. മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ്, കവി വരവര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതുവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലിട്ടിരിക്കുന്നത്. ഇവരുടെയെല്ലാം ലാപ്ടോപ്പിലെയോ പെന്‍ഡ്രൈവിലെയോ 'മാവോയിസ്റ്റ് ഫയലു'കളുടെ പേരിലാണ് കുറ്റം ചുമത്തല്‍.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍.ഐ.എ ഏറ്റെടുത്ത്  പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം എന്‍.ഐ.എയുടെ മുന്‍കാല ചരിത്രം മറന്ന്, ഏജന്‍സിക്ക് വീരപരിവേഷം നല്‍കാന്‍ യത്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്‍.ഐ.എ സംഘത്തിന്റെ കാറിന്റെ ടയര്‍ പഞ്ചറായ വാര്‍ത്ത എക്സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാള മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹമൊന്നും, ഈ ഏജന്‍സിക്കെതിരെ അലന്‍ ഉന്നയിച്ച ഗുരുതരമായ ഒരു ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ കണ്ടില്ല. നിയമവിരുദ്ധമായി, മനുഷ്യത്വവിരുദ്ധമായി കാവി രാഷ്ട്രീയത്തിനൊപ്പം  ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ അന്വേഷണ ഏജന്‍സിയുടെ സ്തുതിപാഠകരായി മാറുകയായിരുന്നു മാധ്യമങ്ങള്‍.
മുസ്ലിം-ദലിത്-ആദിവാസികളെയും മനുഷ്യാവാകാശ പ്രവര്‍ത്തകരെയും പ്രക്ഷോഭകരെയും ഒതുക്കാനുള്ള ചട്ടുകമായി പ്രവര്‍ത്തിക്കുന്ന, സംഘ് പരിവാര്‍ നിയന്ത്രിത ഏജന്‍സിയാണ് എന്‍.ഐ.എ എന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമില്ല. ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ പ്രതിസ്ഥാനത്തു വരുന്ന ഏതു കേസിനും, എന്‍.ഐ.എ അന്വേഷണം വേണം എന്നു പറഞ്ഞ് രംഗത്തു വരുന്നതാണ് കാണുന്നത്. മുമ്പ് അത്, സി.ബി.ഐ വരട്ടെ, ക്രൈംബ്രാഞ്ച് വരട്ടെ എന്നായിരുന്നെങ്കില്‍, നിലവില്‍ സ്വതന്ത്രമായ അധികാരവും യു.എ.പി.എ പോലെ മനുഷ്യത്വവിരുദ്ധമായ നിയമങ്ങളും കൈയിലുള്ള എന്‍.ഐ.എക്കാണ് സംഘ് പരിവാറിന്റെ ചട്ടുകമാവാനുള്ള യോഗ്യത. സംഘ് പരിവാറിന്റെ രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും ഏതാനും മുസ്ലിം യുവാക്കളെ അല്‍ഖാഇദ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത നീക്കത്തിനു പിന്നിലും ഒട്ടേറെ കളികള്‍ അനാവൃതമാകാന്‍ ഇരിക്കുന്നതേയുള്ളൂ. ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണ ഏജന്‍സിയെന്ന് അവകാശപ്പെടുന്ന ഇത്തരം സംഘങ്ങളുടെ യഥാര്‍ഥ മുഖം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി