Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

മോഹന്‍ ഭാഗവത് അവകാശപ്പെടുന്ന 'മുസ്‌ലിം സംതൃപ്തി'

എ.ആര്‍

''മുംബൈ: ലോകത്ത് ഏറ്റവും സംതൃപ്തരായ മുസ്‌ലിംകള്‍ ഇന്ത്യയിലാണെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹിന്ദി മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍നിന്ന് വ്യത്യസ്തമാണ് പാകിസ്താന്‍. അത് മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം ഉണ്ടാക്കിയ രാജ്യമാണ്. മറ്റു മതങ്ങളില്‍ പെട്ടവര്‍ക്ക് പാകിസ്താന്‍ അവകാശങ്ങളൊന്നും നല്‍കുന്നില്ല. 
ഹിന്ദുക്കള്‍ക്കു മാത്രമേ ഇവിടെ കഴിയാന്‍ സാധിക്കൂവെന്നോ ഇനി മുതല്‍ ഹിന്ദുവിനെ മാത്രമേ കേള്‍ക്കൂവെന്നോ നിങ്ങള്‍ക്ക് ഇവിടെ കഴിയണമെങ്കില്‍ ഹിന്ദുവിന്റെ അധീശത്വം അംഗീകരിക്കേണ്ടതുണ്ടെന്നോ ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല. നമ്മള്‍ എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ ഒരിടം ഒരുക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ പ്രകൃതമതാണ്. ആ അന്തര്‍ലീന പ്രകൃതത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു'' (മാതൃഭൂമി, 2020 ഒക്‌ടോബര്‍ 11).

2014 മുതല്‍ ഇന്ത്യാ മഹാ രാജ്യം ഭരിക്കുന്നത് ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അതിന്റെ പശ്ചാത്തല ശക്തി രാഷ്ട്രീയ സ്വയം സേവക് സംഘ് ആണെന്ന കാര്യത്തില്‍ ഒരാള്‍ക്കും ഭിന്നാഭിപ്രായമുണ്ടാവാനിടയില്ല. 2014-ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ഇലക്ഷന്‍ കാമ്പയിന്‍ ആസൂത്രണം ചെയ്തതും അത് വിജയിപ്പിച്ചതും ആര്‍.എസ്.എസ്സാണ്. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചുകയറിയപ്പോള്‍ മോദിതന്നെ പ്രധാനമന്ത്രി ആയിരിക്കണമെന്ന് ഉത്തരവു വന്നത് നാഗ്പൂരില്‍നിന്നാണ്. ബി.ജെ.പി സ്ഥാപകരില്‍ പ്രഥമസ്ഥാനീയനും എ.ബി വാജ്‌പേയിക്ക് താഴെ മുന്‍ എന്‍.ഡി.എ സര്‍ക്കാറില്‍ ദ്വിതീയ സ്ഥാനീയനുമായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ അതൃപ്തിയും അമര്‍ഷവും അവഗണിച്ചായിരുന്നു ഈ സെലക്ഷന്‍. ഇത് കേവലം വ്യക്തികള്‍ക്കിടയിലെ ഒരു തെരഞ്ഞെടുപ്പായിരുന്നില്ല; ഇനിമേല്‍ ഭരണകാര്യങ്ങളില്‍ യെസ് ഓര്‍ നോ പറയാനുള്ള അന്തിമ അതോറിറ്റി ബി.ജെ.പി നാഷ്‌നല്‍ എക്‌സിക്യൂട്ടീവായിരിക്കുകയില്ല, ആര്‍.എസ്.എസ് ആണെന്ന സന്ദേശം ഒന്നാമതായി ഭാരതീയ ജനതാ പാര്‍ട്ടിക്കും രണ്ടാമതായി രാജ്യത്തിനും നല്‍കുന്നതു കൂടിയായിരുന്നു അത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചപ്പോള്‍ സ്വാഭാവികമായും നിയമസഭാ പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നില്ല, ഇലക്ഷനില്‍ മത്സരിക്കുക പോലും ചെയ്യാതെ 'ഹിന്ദു യുവവാഹിനി' എന്ന തീവ്ര സംഘവുമായി നടക്കുകയായിരുന്ന യോഗി ആദിത്യനാഥ് എന്ന 'സന്യാസി'യെ തന്നെ മുഖ്യമന്ത്രിയായി കൊണ്ടുവരുന്നതും ആര്‍.എസ്.എസ്സാണ്. ബി.ജെ.പിയിലെ സ്ഥാനമോഹികള്‍ക്ക് 'കമ' എന്നൊരക്ഷരം മിണ്ടാന്‍ പോലും ആയില്ല. ഇനി നരേന്ദ്ര മോദിയുടെ പിന്‍ഗാമി യോഗിയായിരിക്കുമെന്ന് കരുതുന്നവരും ധാരാളം. സംസ്ഥാന രാജ്ഭവനുകളില്‍ കുടിയിരുത്തിയിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ആര്‍.എസ്.എസ്സിനോട് അചഞ്ചല കൂറുള്ളവരാണെന്നതും സത്യം. ഇന്നിവിടെ കേരളത്തില്‍ നേതൃസ്ഥാനത്തെച്ചൊല്ലി ബി.ജെ.പി ഗ്രൂപ്പുകള്‍ തമ്മിലടി തുടര്‍ന്നപ്പോള്‍ രാഷ്ട്രീയത്തിലേ ഇല്ലാതിരുന്ന കുമ്മനം രാജശേഖരനെ തീര്‍ത്തും അപ്രതീക്ഷിതമായി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്ത് കുടിയിരുത്തിയതും ആര്‍.എസ്.എസ്. ചിലപ്പോള്‍ നാഗ്പൂരില്‍നിന്നുള്ള തിട്ടൂരങ്ങള്‍ നടപ്പാക്കുന്നത് അമിത് ഷായിലൂടെയായിരിക്കുമെന്നു മാത്രം. ഇത്രയും പ്രാഥമിക വസ്തുതകള്‍ ചൂണ്ടിക്കാട്ടിയത് ആറു വര്‍ഷമായി ഇന്ത്യയുടെ ഭരണച്ചെങ്കോല്‍ തീവ്ര ഹിന്ദുത്വ ദേശീയതയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ബലിഷ്ഠമായ കരങ്ങളിലാണെന്ന് ഓര്‍മിക്കാന്‍ മാത്രമാണ്.
സര്‍സംഘ് ചാലകാണ് ആര്‍.എസ്.എസ്സിന്റെ പരമോന്നത മേധാവി. നിലവിലെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ഒരു ഹിന്ദി മാസികക്ക് ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പ്രസക്തമായ ഭാഗമാണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. മൂന്ന് കാര്യങ്ങളാണ് അതില്‍ അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്:
ഒന്ന്, ലോകത്ത് ഏറ്റവും സംതൃപ്തരായ മുസ്‌ലിംകള്‍ ഇന്ത്യയിലാണ്.
രണ്ട്, ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്തമാണ് പാകിസ്താന്‍. ആ രാജ്യം മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. ഇതര മതസ്ഥര്‍ക്കു പാകിസ്താന്‍ അവകാശങ്ങളൊന്നും നല്‍കുന്നില്ല.
മൂന്ന്, ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്നോ ഇവിടെ കഴിയണമെങ്കില്‍ ഹിന്ദുവിന്റെ അധീശത്വം അംഗീകരിക്കണമെന്നോ ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല. എല്ലാ മതസ്ഥര്‍ക്കും ഇവിടെ ഇടമുണ്ട്. ഇന്ത്യയുടെ പ്രകൃതമതാണ്. ആ അന്തര്‍ലീന പ്രകൃതത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്.
വസ്തുതാപരമായി മോഹന്‍ ഭാഗവതിന്റെ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം. ലോകത്തെ ഏറ്റവും സംതൃപ്തരായ മുസ്‌ലിംകള്‍ ഇന്ത്യയിലാണെന്ന വാദമാണ് ഒന്നാമത്തേത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണോ അദ്ദേഹത്തിന്റെ അഭിപ്രായം എന്ന് വ്യക്തമല്ല. അതാവാന്‍ സാധ്യതയില്ലെന്നു തന്നെയാണ് കരുതേണ്ടത്. കാരണം മറ്റെല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ പോലെ മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അസംതൃപ്തിയും പരാതികളുമുണ്ടാവാം. അതൊക്കെ പക്ഷേ തങ്ങള്‍ മുസ്‌ലിംകളായിപ്പോയി എന്നതുകൊണ്ടാവില്ല. മറ്റു മതസ്ഥര്‍ തങ്ങളുടെ മേല്‍ മേധാവിത്തം പുലര്‍ത്തുന്നു എന്നതുകൊണ്ടും ആവില്ല. അപ്പോള്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളെയാവും ആര്‍.എസ്.എസ് മേധാവി ഉദ്ദേശിച്ചിരിക്കുക. തീര്‍ച്ചയായും ചൈന, മ്യാന്മര്‍, ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കൂടുതലായ ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ എത്രയോ ഭേദമാണ്. അതേസമയം സ്വതന്ത്ര ഇന്ത്യയിലെ അമ്പതു കൊല്ലത്തെ അവസ്ഥ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശപ്രകാരം വസ്തുനിഷ്ഠമായി പഠിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍,  സാമാന്യമായി പട്ടികജാതി -പട്ടിക വര്‍ഗങ്ങളേക്കാള്‍ പരിതാപകരമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ എന്നാണ് കണ്ടെത്തിയത്. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ സര്‍വീസിലും തൊഴില്‍രംഗത്തുമെല്ലാം ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനേക്കാള്‍ എത്രയോ താഴെയാണ് അവരുടെ അനുപാതം. അതിന് മുഖ്യകാരണം അവരുടെ ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതും അരക്ഷിത ബോധവുമാണെന്ന് റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ആര്‍.എസ്.എസ്സും ബി.ജെ.പിയും അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നതു ശരിയാണ്. അങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതു തന്നെ അവരുടെ ദൃഷ്ടിയില്‍ തെറ്റാണ്. എങ്കില്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാനും ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ 'സംതൃപ്തി' വസ്തുനിഷ്ഠമായി ലോകത്തെ അറിയിക്കാനുമായി ഹിന്ദുത്വ സര്‍ക്കാറിന് ഒരു കമീഷനെ വെക്കാമായിരുന്നില്ലേ? എന്തുകൊണ്ട് അതേപ്പറ്റി ചിന്തിക്കുക പോലും ചെയ്യുന്നില്ല? ഇന്ത്യയുടെ ഉറ്റ സുഹൃത്തും കൂട്ടാളിയുമായ അമേരിക്കയുടെ വിദേശകാര്യാലയത്തിലെ മതന്യൂനപക്ഷ കാര്യങ്ങളെക്കുറിച്ച സമിതി പലവട്ടം ഇന്ത്യയില്‍ മുസ്‌ലിം -ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും പീഡനങ്ങളും ലോകത്തോട് വിളിച്ചു പറയുമ്പോള്‍ അതെല്ലാം ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലായി തള്ളിക്കളയുകയാണ് മോദി സര്‍ക്കാര്‍ ചെയ്തുവരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്ന 150 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നിശ്ശേഷം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്തുകൊണ്ടാണ്? ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന 'സംതൃപ്തി' അവര്‍ കാണുന്നില്ലെന്നാണോ? രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പൗരത്വം പോലും ചോദ്യം ചെയ്യുന്ന ഭേദഗതി നിയമങ്ങള്‍ക്കെതിരെ അവര്‍ തെരുവിലിറങ്ങേണ്ടിവന്ന സാഹചര്യം ആര്‍.എസ്.എസ് സൃഷ്ടിച്ചതല്ലെന്നാണോ? പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ കോവിഡ് കാലത്തെ ലോക്ക് ഡൗണിന്റെ മറവില്‍ രാജ്യദ്രോഹവും മതസ്പര്‍ധയും ആരോപിച്ച് ജാമ്യം പോലും നിഷേധിക്കുന്ന വകുപ്പുകള്‍ ഉപയോഗിച്ച് പിടികൂടി ജയിലിലടക്കുന്ന തിരക്കിലാണിപ്പോള്‍ സംഘ് പരിവാര്‍ സര്‍ക്കാറുകള്‍. ഇതിലൊക്കെ അവര്‍ സംതൃപ്തരാണ് എന്നാണോ കരുതേണ്ടത്?
മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നേടിയ പാകിസ്താന്‍ ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളൊന്നും നല്‍കുന്നില്ലെന്നാണ് മോഹന്‍ ഭാഗവതിന്റെ മറ്റൊരു പരാമര്‍ശം. ഇന്ത്യയുടേത് പോലെ മതന്യൂനപക്ഷങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന പാകിസ്താനുമുണ്ട്. അതിലെ തത്ത്വങ്ങള്‍ പക്ഷേ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍- പലതും പട്ടാള ഭരണകൂടങ്ങളായിരുന്നു- നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതാണ് സംഭവം. മതനിന്ദ ആരോപിച്ച് ന്യൂനപക്ഷ സമുദായാംഗങ്ങളെ പിടികൂടി കഠിനമായ ശിക്ഷ നല്‍കുന്നത് അക്കൂട്ടത്തിലൊന്നാണ്. അതിലേറെ ഗുരുതരമായ പ്രശ്‌നം തീവ്രവാദ സംഘടനകളുടെ ഭീകരാക്രമണങ്ങളാണ്. ഈ ഭീകരാക്രമണങ്ങളുടെ ഇരകള്‍ ന്യൂനപക്ഷങ്ങളേക്കാള്‍ എത്രയോ കൂടുതല്‍ പാകിസ്താനിലെ ഭൂരിപക്ഷ സമുദായക്കാരാണെന്ന് വാര്‍ത്തകള്‍ പരിശോധിച്ചാലറിയാം. എന്തായാലും പാകിസ്താനില്‍ നടക്കുന്ന അത്യാചാരങ്ങളെ വെള്ളപൂശുന്ന ഒരു മുസ്‌ലിം കൂട്ടായ്മയും ഇന്ത്യയിലില്ലെന്നിരിക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അത് ന്യായീകരണമാവുന്നില്ല. ഇരു രാജ്യങ്ങളിലെയും മതന്യൂനപക്ഷങ്ങള്‍ക്ക് മതിയായ സംരക്ഷണവും തുല്യ പൗരാവകാശങ്ങളും ഉറപ്പു നല്‍കുന്ന സമാധാന ഉടമ്പടിയില്‍ ഒപ്പിടാനാണ് ഇന്ത്യ-പാക് ഭരണാധികാരികള്‍ മുന്‍കൈയെടുക്കേണ്ടത്. അതിനവരെ പ്രേരിപ്പിക്കാന്‍ ആര്‍.എസ്.എസ് തയാറാവുമെങ്കില്‍ ലോകത്തിന്റെ മുന്നില്‍ അവര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാമെന്നുറപ്പ്. സ്വാതന്ത്ര്യത്തിന്റെ തുടക്കത്തില്‍ ഒപ്പുവെച്ച നെഹ്‌റു-ലിയാഖത്ത് കരാറില്‍ അത് വ്യവസ്ഥ ചെയ്തിരുന്നു എന്നുള്ളത് ആര്‍.എസ്.എസ്സിന്റെ വിമുഖതക്ക് കാരണാകേണ്ടതില്ല.
സംഭാഷണത്തിനൊടുവില്‍ ആര്‍.എസ്.എസ് മേധാവി പറഞ്ഞതാണ് സര്‍വോപരി  പ്രധാനമായ സംഗതി. 'ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ കഴിയാന്‍ സാധിക്കൂ എന്നോ ഇനി മുതല്‍ ഹിന്ദുവിനെ മാത്രമേ കേള്‍ക്കൂ എന്നോ നിങ്ങള്‍ക്കിവിടെ കഴിയണമെങ്കില്‍ ഹിന്ദുവിന്റെ അധീശത്വം അംഗീകരിക്കേണ്ടതുണ്ടെന്നോ ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല' എന്നദ്ദേഹം ചൂണ്ടിക്കാട്ടിയത് നൂറ് ശതമാനം സത്യമാണ്. ജാതിമതഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങളും തുല്യനീതിയും ഉറപ്പു നല്‍കുന്നതാണ് സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടന നിലനില്‍ക്കുവോളം കാലം ഹിന്ദുക്കളെ പോലെ മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും മറ്റു മതസ്ഥര്‍ക്കുമെല്ലാം തുല്യാവകാശങ്ങളോടെയും തുല്യാവസരങ്ങളോടെയും സംതൃപ്തരായി കഴിയാവുന്നതേയുള്ളൂ. ചോദ്യം പക്ഷേ ഭരണഘടനയുടെ അന്തസ്സത്ത രാജ്യത്തെ ഏറ്റവും സുശക്തവും ഭരണത്തിന്റെ പശ്ചാത്തല ശക്തിയുമായ ആര്‍.എസ്.എസ് ഉള്‍ക്കൊള്ളുന്നുണ്ടോ എന്നുള്ളതാണ്. മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും വൈദേശികാശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിനാല്‍ ഇന്ത്യയോട് കൂറു പുലര്‍ത്താനാവില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാതെ 'വിചാരധാര'യില്‍ പ്രഖ്യാപിച്ചത് സംഘ് പരിവാറിന്റെ താത്ത്വികാചാര്യനും മുന്‍ സര്‍സംഘ് ചാലകുമായ എം.എസ് ഗോള്‍വാള്‍ക്കറാണ്. മോഹന്‍ ഭാഗവത് ഉള്‍പ്പെടെ സംഘിന്റെ ഒരു മേധാവിയും ഇന്നേവരെ അത് തള്ളിപ്പറഞ്ഞിട്ടില്ല. എന്നല്ല അതിനെ ന്യായീകരിക്കുന്ന വിധത്തിലാണ്  ഇതഃപര്യന്തമുള്ള വാക്കും പ്രവൃത്തിയും. ഭരണഘടനയില്‍ രേഖപ്പെട്ട സെക്യുലരിസത്തെയും സോഷ്യലിസത്തെയും എക്കാലത്തും നിരാകരിക്കുകയാണ് ആര്‍.എസ്.എസ്-ബി.ജെ.പി-വി.എച്ച്.പി പരിവാര്‍ ഇന്നോളം ചെയ്തിട്ടുള്ളത്. ഒരു മതത്തിനും പ്രത്യേക പരിഗണനയില്ല, എല്ലാ മതങ്ങളോടും തുല്യ ആദരവ് എന്ന അര്‍ഥത്തിലെ മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത സെക്യുലരിസമെന്ന് അതിന്റെ ശില്‍പികള്‍ തുടക്കത്തിലേ വ്യക്തമാക്കിയിട്ടും ആര്‍.എസ്.എസ് നിലപാട് മാറ്റമില്ലാതെ തുടരുന്നു. സാമൂഹിക നീതി എന്ന അര്‍ഥത്തിലാണ് സോഷ്യലിസം എന്ന പദപ്രയോഗമെന്നും ആധികാരികമായി വിശദീകരിക്കപ്പെടാതിരുന്നിട്ടില്ല. ഇതിനെല്ലാം പകരമായി ഹിന്ദുത്വ, ഹിന്ദുരാഷ്ട്രം എന്ന് സംഘ് പരിവാര്‍ നേതൃത്വങ്ങള്‍ നിരന്തരം ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍, അത് നമ്മുടെ രാജ്യത്തിന്റെ പ്രകൃതത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വാദിക്കുന്നതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതാണ് സത്യമെങ്കില്‍ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന മുസ്‌ലിം വംശപരമ്പരകളില്‍ ഒരാള്‍ക്കു പോലും രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ അംഗത്വം നല്‍കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങളില്‍ ഒരു ശതമാനം പോലും മുസ്‌ലിം നാമധാരികളില്ലാതെ വന്നതെന്തുകൊണ്ട് എന്നതും മറുപടി ലഭിക്കേണ്ട ചോദ്യമാണ്. സ്വാമി വിവേകാനന്ദനും മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും പ്രതിനിധീകരിച്ച ഹൈന്ദവ ധര്‍മത്തെയാണ് സംഘ് പരിവാറും അംഗീകരിക്കുന്നതെങ്കില്‍ ഇമ്മാതിരി ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി