Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് സലഫി ചിന്താധാരയിലെ വേറിട്ട ശബ്ദം

പി.കെ ജമാല്‍

കുവൈത്തിലെ സലഫി പ്രസ്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒരാളാണ് സെപ്റ്റംബര്‍ 29-ന് അന്തരിച്ച ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്. ആധുനിക കാലഘട്ടത്തില്‍ ശ്രദ്ധേയരായ പ്രമുഖ സലഫി പണ്ഡിതന്മാരുടെ ഗണത്തില്‍ ഉള്‍പ്പെട്ട ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന് ലോകത്തുടനീളം അനുയായികളും ശിഷ്യന്മാരുമുണ്ട്.
ഈജിപ്തിലെ മനൂഫിയാ ഗവര്‍ണറേറ്റില്‍ 1939 നവംബര്‍ 5-ന് ജനിച്ച അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് ഉപരിപഠനം പൂര്‍ത്തിയാക്കിയത് മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലാണ്. 1965-ല്‍ കുവൈത്തില്‍ താമസമുറപ്പിച്ച അദ്ദേഹം 1990 വരെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. കുവൈത്തിലെ സലഫി സംഘടനയായ ജംഇയ്യത്തു ഇഹ്‌യാഇത്തുറാസില്‍ ഇസ്‌ലാമിയില്‍ ഗവേഷണ വിഭാഗ തലവനായി പ്രവര്‍ത്തിച്ച ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് സലഫി വീക്ഷണത്തില്‍ രചിക്കപ്പെട്ട അറുപതോളം കൃതികളുടെ കര്‍ത്താവാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തര സമരത്തില്‍ ഏര്‍പ്പെട്ട ആ മഹാ പണ്ഡിതന്റെ രചനകളില്‍ ബിദ്അത്തുകള്‍ക്കെതിരെയുള്ള കടുത്ത രോഷവും അന്ധവിശ്വാസമുക്തമായ സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശവും വായിച്ചെടുക്കാം. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് നവോത്ഥാന ശ്രമങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്താന്‍ ധിഷണാപരമായ സംഭാവനകളിലൂടെ യത്‌നിച്ചുവെന്നതാണ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ വേറിട്ടുനിര്‍ത്തുന്നത്. ഇസ്‌ലാമിക രാഷ്ട്രീയ പ്രവര്‍ത്തനത്തെയും (അല്‍ മുസ്‌ലിമൂന വല്‍ അമലുസ്സിയാസി) ഇസ്‌ലാമിക വ്യവസ്ഥയിലെ നീതിസങ്കല്‍പങ്ങളെയും കൂടിയാലോചനാ രീതികളെയും (അശ്ശൂറാ ഫീ ളില്ലി നിളാമില്‍ ഹുക്മില്‍ ഇസ്‌ലാമി)വിശകലനം ചെയ്യുന്ന ആ തൂലിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്നു (അത്ത്വരീഖു ഇലാ തര്‍ശീദി ഹറകത്തില്‍ ബഅസില്‍ ഇസ്‌ലാമി). ജീവിക്കുന്ന കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോട് സചേതനമായി പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ  രചനകളെന്ന് അവയുടെ ശീര്‍ഷകങ്ങളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാവും.
അള്‌വാഉന്‍ അലാ ഔളാഇനസ്സിയാസിയ്യ, ഫുസ്വൂലുന്‍ മിനസ്സിയാസത്തിശ്ശറഇയ്യ: ഫിദ്ദഅ്‌വത്തി ഇലല്ലാഹി, ഫളാഇഹുസ്സ്വൂഫിയ, അസ്സലഫിയ്യൂന വല്‍ അഇമ്മത്തുല്‍ അര്‍ബഅഃ, മന്‍ഹജുന്‍ ജദീദ് ലി ദിറാസത്തിത്തൗഹീദ്, അല്‍ വസ്വായല്‍ അശ്ര്‍ ലില്‍ ആമിലീന ബിദ്ദഅ്‌വത്തി ഇലല്ലാഹി, മശ്‌റൂഇയ്യത്തുല്‍ ജിഹാദില്‍ ജമാഈ, അല്‍ മഖാസ്വിദുല്‍ ആമ്മ ലിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കൃതികളുടെ കര്‍ത്താവിന് പല ദിക്കുകളില്‍നിന്നും കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ഭുവനപ്രശസ്തരായ പണ്ഡിതവര്യന്മാരുടെ ശിഷ്യത്വം കൊണ്ട് അനുഗൃഹീതനാണ് ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്. ശൈഖ് ഇബ്‌നുബാസ്, നാസ്വിറുദ്ദീന്‍ അല്‍ബാനി, ശൈഖ് മുഖ്ബിലുല്‍ വാദിഇ തുടങ്ങിയ പണ്ഡിതപ്രമുഖരുമായുള്ള സഹവാസം സൂക്ഷ്മവും അഗാധവുമായ ജ്ഞാനമണ്ഡലത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. പരമ്പരാഗത സലഫിധാരയില്‍നിന്ന് വേറിട്ടു ചിന്തിക്കുകയും ആനുകാലിക ചലനങ്ങളെ രചനാത്മകമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന ശൈഖിന്റെ വിചാരധാരകള്‍ കാലങ്ങളായി അനുവര്‍ത്തിച്ചുപോന്ന സാമ്പ്രദായിക രീതിയില്‍നിന്നുള്ള മാറിനടത്തമായിരുന്നു.

വിമോചന സമരങ്ങള്‍ക്കൊപ്പം

ഈജിപ്തില്‍, അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങളുടെ ഭാഗമായി രൂപപ്പെട്ട സത്യഗ്രഹ സമരങ്ങളെയും റാബിഅ അദവിയ്യ സ്‌ക്വയറില്‍ നടന്ന ബഹുജന റാലികളെയും തള്ളിപ്പറയാതിരുന്ന ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് സ്വാഭാവികമായും അബ്ദുല്‍ ഫത്താഹ് സീസിയുടെയും പാശ്ചാത്യ ലോബികളുടെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാടിനെതിരില്‍ പണ്ഡിതന്മാരെ അണിനിരത്താനും കാമ്പയിന്‍ നടക്കുകയുണ്ടായി. 
സലഫി പ്രസ്ഥാനത്തില്‍ കടന്നുകൂടിയ 'ഇത്തിക്കണ്ണി'യായും 'ചാരനാ'യും അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. സലഫി പ്രസ്ഥാനത്തെ ഇഖ്‌വാന്‍വത്കരിക്കാനുള്ള യത്‌നമാണ് അദ്ദേഹത്തിന്റേതെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരകന്‍: 'രാഷ്ട്രീയ പ്രവര്‍ത്തനത്തെ അംഗീകരിച്ചിരിക്കെ, ഇഖ്‌വാനികളും സലഫികളും തമ്മില്‍ വ്യത്യാസമെന്താണ്?'
ശൈഖ്: 'ഒരു സംഘടന ഇങ്ങനെ, ഒരു സംഘടന അങ്ങനെ എന്നൊന്നും പറയാന്‍ മാത്രമുള്ള വ്യത്യാസമൊന്നും ഇസ്‌ലാമിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇരു പ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ ഞാന്‍ കാണുന്നില്ല. മുന്‍ഗണനയെ ചൊല്ലിയാണ് ഭിന്നത എന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
ചോദ്യം: 'സലഫി പ്രസ്ഥാനത്തെ ഇഖ്‌വാന്‍വത്കരിക്കാനാണ് താങ്കളുടെ ശ്രമമെന്ന് പറയുന്നു?'
ശൈഖ്: 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിനും സലഫി പ്രസ്ഥാനത്തിനുമിടയില്‍ സംഘട്ടനമൊന്നും ഇല്ല. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ആരോപിച്ചുള്ള നിഴല്‍യുദ്ധമാണ് നടക്കുന്നത്.' 
ചോ: 'ഇഖ്‌വാനും സലഫികളും ഒന്നിച്ച്, ഒറ്റ പാര്‍ട്ടിയാകാന്‍ സാധ്യതയുണ്ടോ?'
ശൈഖ്: 'പാര്‍ട്ടിയെന്നാല്‍ രാഷ്ട്രീയ മുന്നണിയാണ്. അതില്‍ സലഫികളും ഇഖ്‌വാനും പൊതുജനങ്ങളുമൊക്കെ ഉണ്ടാവും. അള്‍ജീരിയയിലെ ഹിസ്ബുല്‍ ജബ്ഹ അല്‍ ഇസ്‌ലാമിയ്യ ഉദാഹരണം. അതില്‍ ഇവരൊക്കെയുണ്ടായിരുന്നു. ഈജിപ്തിലും ഇത്തരത്തില്‍ ഒരു മുന്നണി സംവിധാനം ഉണ്ടാകുന്നതിന് തടസ്സമില്ല.'
കുവൈത്തിലെ സലഫി പണ്ഡിതനായ സാലിമുബ്‌നു സഅ്ദുത്ത്വവീലാണ് ശൈഖ് അബ്ദുര്‍റഹ്മാനെതിരില്‍ നിശിത വിമര്‍ശനം അഴിച്ചുവിട്ടത്. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെയോ അതില്‍ കൂടുതലോ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദ്രോഹമാണ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈജിപ്ഷ്യന്‍ പട്ടാളത്തോട് ഏറ്റുമുട്ടാന്‍ യുവാക്കളെ പടക്കളത്തിലിറക്കിയതിനും രക്തം ചിന്തിയതിനും ഇരുവരെയും സാലിമുബ്‌നു സഅ്ദ് കുറ്റക്കാരാക്കുന്നു. ആരോപണങ്ങള്‍ ഇതൊക്കെയാണ്:
ഒന്ന്, അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് ഇഖ് വാന്‍ ചിന്തകള്‍ പേറുന്നു. രണ്ട്, ഓരോ സന്ദര്‍ഭത്തിനുമൊത്ത് നിറംമാറുന്ന അവസരവാദിയാണ്. മൂന്ന്, മുസ്‌ലിം സമൂഹത്തിനും രാജ്യങ്ങള്‍ക്കും വിനാശങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സത്യഗ്രഹങ്ങളും റാലികളും ഹറാമാണെന്ന് ഫത്‌വ നല്‍കിയ അഹ്‌ലുസ്സുന്ന പണ്ഡിതന്മാരോട് അദ്ദേഹം യോജിക്കുന്നില്ല. പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ഈ കാലഘട്ടത്തിലെ ജിഹാദാണെന്നും അവയില്‍ കൊല്ലപ്പെടുന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ശഹീദായി ഗണിക്കപ്പെടുമെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. നാല്, അല്ലാഹുവിനെക്കുറിച്ച് ഒട്ടും ഭയമില്ലാതെയും ലജ്ജയില്ലാതെയും പൊതു ഇടങ്ങളിലും മൈതാനങ്ങളിലും പുരുഷന്മാരോടൊപ്പം ഇടകലര്‍ന്ന് അണിചേര്‍ന്ന്, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ തിരിച്ചുകൊണ്ടുവരുന്നതിന് പ്രകടനത്തില്‍ പങ്കുചേരാന്‍ സ്ത്രീകളെ ആഹ്വാനം ചെയ്യുന്നു, 'ജിഹാദുകും മശ്‌റൂഅ്, വ സഅ്‌യുകും മശ്കൂര്‍' (നിങ്ങളുടെ ജിഹാദ് നിയമവിധേയം, നിങ്ങളുടെ പരിശ്രമം അഭിനന്ദനാര്‍ഹം) എന്നു പറഞ്ഞ് അവരെ അഭിവാദ്യം ചെയ്തു. അഞ്ച്, അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് ഈജിപ്തില്‍ ആഹ്വാനം ചെയ്ത ജിഹാദ് തൗഹീദ് സ്ഥാപിക്കാനോ ബിദ്അത്തുകളെ നിഷ്‌കാസനം ചെയ്യാനോ അല്ല. രാജ്യത്ത് അഴിഞ്ഞാടുന്ന അധാര്‍മികതക്ക് എതിരായിട്ടുമല്ല. 'നിയമാനുസൃതമായി (ശറഇയ്യായി) തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ തിരിച്ചുകൊണ്ടുവരാനാണ്' എന്ന വാദഗതിയിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് അദ്ദേഹം. 'ശറഇയ്യ' എന്നാല്‍ 'അല്ലാഹുവില്‍നിന്ന് അവതീര്‍ണമായ നിയമമനുസരിച്ച് / ശരീഅത്തനുസരിച്ച്' എന്നാണ്; അദ്ദേഹം വാദിക്കുന്നതുപോലെ ബാലറ്റ് പെട്ടിയിലൂടെ നടത്തിയ വോട്ടെടുപ്പില്‍ അവര്‍ നടത്തിയ തെരഞ്ഞെടുപ്പല്ല. ആറ്, ഈജിപ്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാതിരുന്നവരെ ശൈഖ് അബ്ദുര്‍റഹ്മാന്‍ അപലപിച്ചു. പങ്കെടുക്കാതിരുന്നവരാണ് യഥാര്‍ഥത്തില്‍ നബിയുടെ സുന്നത്ത് സ്വീകരിച്ചത്. ഏഴ്, ശൈഖ് അബ്ദുര്‍റഹ്മാന്‍ എന്താണ് സമരരംഗത്ത് ഇറങ്ങാത്തത്? ശേഷിച്ച ജീവിതം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടാല്‍ അദ്ദേഹത്തിന് ശഹാദത്ത് പദവി ലഭിക്കില്ലേ? എണ്‍പത് വയസ്സായല്ലോ. ഇനി ആരോഗ്യം അനുവദിക്കുന്നില്ലെന്നാണെങ്കില്‍ അയാളുടെ ശിഷ്യഗണങ്ങള്‍ക്ക് പോയിക്കൂടേ? അവര്‍ പോവില്ല. അവര്‍ അധരസേവകരാണ്, അധരസമരക്കാരാണ്. അവര്‍ക്ക് തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് സംഭാവനകള്‍ എത്തിക്കൊണ്ടിരുന്നാല്‍ മതി... ഇങ്ങനെ പോയി ആരോപണങ്ങള്‍. പ്രകോപിതനായി ഇത്രയൊക്കെ പറയാന്‍ സാലിമുബ്‌നു സഅ്ദിനെ പ്രേരിപ്പിച്ചത് കുവൈത്തിലെ 'അല്‍ വത്വന്‍' ദിനപത്രം പ്രസിദ്ധീകരിച്ച ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖുമായി നടത്തിയ അഭിമുഖമാണ്. അഭിമുഖത്തില്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ തന്റെ നിലപാട് നേരെ ചൊവ്വെ വ്യക്തമാക്കുന്നതിങ്ങനെ: ''കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന രചനകളും, രാഷ്ട്രീയ പ്രവര്‍ത്തനം അനുവദനീയമാണെന്നും അത് ഈമാനില്‍ അധിഷ്ഠിതമായ കര്‍മമാണെന്നും സൂചിപ്പിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകളും നവ സലഫി ചിന്താഗതികളില്‍ സ്വാധീനം ചെലുത്തിയതായി കാണുന്നതില്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെയും ബഹുകക്ഷി രാഷ്ട്രീയത്തെയും അംഗീകരിക്കണമെന്നും രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാകണമെന്നും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ആദ്യകാല സലഫി വൃത്തങ്ങളില്‍ അതൊരു വിചിത്ര കാര്യമായി ഗണിക്കപ്പെടുമായിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ സത്യദീനില്‍നിന്ന് പുറത്തുപോയവരാണെന്നും മുദ്രകുത്തുമായിരുന്നു. ഒരുപാട് ശകാരങ്ങളും പുലഭ്യങ്ങളും കെട്ട വിശേഷങ്ങളും എനിക്ക് സഹിക്കേണ്ടിവന്നു. എന്നാല്‍ അല്ലാഹുവിന് സ്തുതി; കുവൈത്തിലെയും അള്‍ജീരിയയിലെയും സലഫി പ്രസ്ഥാനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ സഞ്ചരിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉള്‍ച്ചേരാനും 'ജബ്ഹത്തുല്‍ ഇന്‍ഖാദി'ന്റെ ഭാഗമാകാനും അള്‍ജീരിയന്‍ സലഫി പ്രസ്ഥാനത്തിന് സാധിച്ചു. അബ്ബാസ് മദനി, അലി ബല്‍ഹാജ് പോലുള്ള പ്രഗത്ഭരാണല്ലോ അതിനെ നയിച്ചത്. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയം തൂത്തുവാരിയപ്പോള്‍ സംഭവിച്ചതൊക്കെ സംഭവിച്ചു. അവരെ പ്രതിവിപ്ലവത്തിലൂടെ അട്ടിമറിക്കുകയാണുണ്ടായത്'' (അല്‍വത്വന്‍, കുവൈത്ത് 12-01-2012).

അതിരുകള്‍ ഭേദിച്ച വിശാല മനസ്സ്

സംഘടനാ ശാഠ്യങ്ങളില്‍നിന്ന് മുക്തനായി വിശാല വീക്ഷണം കൈക്കൊണ്ട ഈ മഹാ പണ്ഡിതന് റബിഉബ്‌നു ഹാദി അല്‍ മദ്ഖലിയെപ്പോലുള്ള സമശീര്‍ഷകരില്‍നിന്നും കടുത്ത അധിക്ഷേപമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഇബ്‌നുതൈമിയ്യയുടെ ചിന്താരീതി വിശദീകരിച്ചുകൊണ്ടുള്ള ഗ്രന്ഥരചനയായിരുന്നു അദ്ദേഹം അതിന് നല്‍കിയ മറുപടി. ഹസനുല്‍ ബന്നായെയും സയ്യിദ് ഖുത്വ്ബിനെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന തീവ്ര സലഫികളില്‍നിന്ന് ഭിന്നമായി അവരുടെ ചിന്തകള്‍ക്കെതിരില്‍ നടക്കുന്ന പ്രചാരവേലകളെ അദ്ദേഹം പണ്ഡിതോചിത ശൈലിയില്‍ ചെറുത്തു. തുടര്‍ന്നുണ്ടായത് 'ഇഖ്‌വാനി' ചാപ്പകുത്തലാണ്. ഇസ്‌ലാമിനെ അരാഷ്ട്രീയവത്കരിക്കാന്‍ മദ്ഖലി നടത്തിയ ശ്രമങ്ങളിലെ അപകടവും അര്‍ഥശൂന്യതയും ശൈഖ് തുറന്നുകാട്ടി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മഹത്തായ സേവനങ്ങളെ ആദരവോടെ നോക്കിക്കാണുകയും തന്റെ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എടുത്തു ചേര്‍ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം 'മൗദൂദി'യും 'ഇഖ്‌വാനി'യും 'സുറൂറി'യും ആയി. ഇങ്ങനെ പല പകര്‍ന്നാട്ടങ്ങളും ഉദാരമായി അദ്ദേഹത്തിന് പതിച്ചുനല്‍കിയപ്പോഴും അദ്ദേഹം അവയെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ അഭിമുഖീകരിക്കുകയും തന്റെ ധിഷണാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു.
കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂവെങ്കിലും അദ്ദേഹവുമൊത്ത് ചെലവിട്ട മണിക്കൂറുകള്‍ സംവത്സരങ്ങള്‍ കൊണ്ട് സാധിക്കുന്ന ബന്ധവും സ്‌നേഹവും നേടിത്തന്നിരുന്നു. ചിലപ്പോഴൊക്കെ കുവൈത്തിലെ ഖുര്‍ത്വുബയില്‍ 'ഇഹ്‌യാഇത്തുറാസില്‍ ഇസ്‌ലാമി' ഹെഡ്ക്വാര്‍ട്ടേഴ്‌സിനോടനുബന്ധിച്ചുള്ള മസ്ജിദില്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ മഅ്മൂമായി നമസ്‌കരിക്കാനും ഭാഗ്യമുണ്ടായി. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ഖിറാഅത്ത്. വശ്യസുന്ദരമായ ശബ്ദത്തില്‍ ഒരേ ഈണത്തില്‍ ആ വായില്‍നിന്നുതിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങും. ശൈഖ് അബ്ദുര്‍റഹ്മാന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കുവൈത്ത് ഭരണകൂടം 2011-ല്‍ അദ്ദേഹത്തിന് കുവൈത്ത് പൗരത്വം നല്‍കി ആദരിച്ചു. പ്രതിഭാധനനായ ആ പണ്ഡിതവര്യന്‍ ധൈഷണിക മേഖലകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന മഹത്തായ സംഭാവനകള്‍ നല്‍കി 81-ാം വയസ്സിലാണ് സ്രഷ്ടാവിലേക്ക് യാത്രയായത്. തന്റെ അന്ത്യം കുവൈത്തില്‍ വെച്ചാവണമെന്ന് പിതാവ് അഭിലഷിച്ചിരുന്നതായി പുത്രന്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ ഫേസ് ബുക്കില്‍ കുറിച്ചു: ''ഒരുവന്‍ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്യുന്നവനായി സ്വവസതിയില്‍നിന്ന് പുറപ്പെടുകയും വഴിക്കു വെച്ച് മരണം സംഭവിക്കുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ ഉറച്ചതുതന്നെ. അല്ലാഹു വളരെ പൊറുത്തുകൊടുക്കുന്നവനും കരുണയുള്ളവനുമാകുന്നു' (അന്നിസാഅ് 100). ഈ സൂക്തത്തില്‍ സൂചിപ്പിച്ച അനുഗൃഹീതരില്‍ ഉള്‍പ്പെടാന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്റെ പിതാവ്. അതിനാല്‍തന്നെ കുവൈത്തിനു പുറത്തുള്ള യാത്രകള്‍ അദ്ദേഹം പെട്ടെന്ന് അവസാനിപ്പിച്ച് മടങ്ങുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ പ്രതിഫലം മോഹിച്ച് തന്റെ അന്ത്യം കുവൈത്തില്‍ തന്നെയാവാന്‍ പിതാവ് കൊച്ചിരുന്നു.''
സയണിസ്റ്റ് രാഷ്ട്രവുമായി നയതന്ത്ര -വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചില രാജ്യങ്ങള്‍ തയാറായതിനെ അപലപിച്ചുകൊണ്ടുള്ളതായിരുന്നു ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ അവസാനത്തെ എഴുത്ത്. ഫേസ് ബുക്ക് പോസ്റ്റ് 26-09-2020: 'ഇസ്‌ലാമിനെ വേരോടെ പിഴുതെറിയാനുള്ള പദ്ധതിയാണ് ജൂതരുമായുള്ള സമാധാന ശ്രമങ്ങള്‍.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി