Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

ഇത് നിയമവാഴ്ചയുടെ തകര്‍ച്ച; രാജ്യത്തിന്റെയും

ടി. മുഹമ്മദ് വേളം

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതിവിധി മുസ്‌ലിംകളിലും മറ്റു നീതിമനസ്‌കരിലും രോഷവും നിരാശയും സൃഷ്ടിച്ചിരിക്കാന്‍ ഇടയുണ്ട്.  ഇസ്‌ലാമികമായി ആലോചിച്ചാല്‍ നിരാശക്കോ മറ്റു നിഷേധാത്മക വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയുമില്ല. വിശ്വാസി വിഷയങ്ങളില്‍ മനശ്ശാന്തിയും സംതൃപ്തിയും അനുഭവിക്കുന്നതിന്റെ അടിസ്ഥാനം, താന്‍ നിലപാടുപരമായി ചവിട്ടിനില്‍ക്കുന്ന തറ ശരിയാണ് എന്നതാണ്. ജയിക്കുമ്പോള്‍ സംതൃപ്തരാവുകയും പരാജയപ്പെടുമ്പോള്‍ അസംതൃപ്തരാവുകയും ചെയ്യുക എന്നതാണ് സാമാന്യ മനുഷ്യരുടെ സ്വഭാവം. സത്യവിശ്വാസം മനുഷ്യരെ അതില്‍നിന്ന് വ്യത്യസ്തരാക്കുന്നു. അവരെ സന്തോഷിപ്പിക്കുന്നത് തങ്ങള്‍ ശരിയിലാണെന്ന കാര്യമാണ്. ശരി വിജയിക്കാന്‍ അവര്‍ ആഗ്രഹിക്കും, അതിനായി പരിശ്രമിക്കും. സത്യം വിജയിക്കാതിരിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും, അവ കണ്ടെത്തി പരിഹരിക്കാന്‍ പരിശ്രമിക്കും. അപ്പോഴെല്ലാം അവര്‍ ശാന്തിയിലായിരിക്കും; അവര്‍ സത്യത്തിലാെണന്ന കാരണത്താല്‍. 
ബാബരി മസ്ജിദ് വിഷയത്തില്‍ സത്യം മുസ്‌ലിംകളുടെ ഭാഗത്താണെന്നത് ഒടുവിലത്തെ സുപ്രീംകോടതി വിധി പോലും അംഗീകരിച്ച കാര്യമാണ്. ദുര്‍ബലന്റെ ന്യായയുക്തവും എന്നാല്‍ ദുര്‍ബലനാണെന്ന കാരണത്താല്‍ നിഷേധിക്കപ്പെടുന്നതുമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചരിത്രത്തില്‍ നിയമവും നീതിന്യായവും ഉണ്ടായതുതന്നെ. ശക്തന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ യഥാര്‍ഥത്തില്‍ നിയമത്തിന്റെ ആവശ്യമില്ല. അത് നിയമമിെല്ലങ്കിലും സുരക്ഷിതമാക്കപ്പെടുന്ന അവകാശങ്ങളാണ്. ദുര്‍ബലനു വേണ്ടിയാണ് ചരിത്രത്തില്‍ നിയമം പിറക്കുന്നതുതന്നെ.
ഇന്ത്യയിലെ സമീപകാല കോടതിവിധികള്‍ സുതരാം വ്യക്തമാക്കുന്നത് അതിന് ശക്തന്റെ കൂടെ നില്‍ക്കാന്‍ മാത്രമേ കഴിയൂ എന്നാണ്. ഇവിടെ ഇപ്പോള്‍ ഇത്രയൊക്കെയേ സാധിക്കുകയുള്ളൂ, അവര്‍ വളരെ ശക്തരാണ്, അവര്‍ നല്‍കുന്ന പ്രലോഭനങ്ങള്‍ വളരെ ശക്തമാണ് എന്നാണ് ഈ വിധികള്‍ സ്വയം വിളിച്ചുപറയുന്നത്. ഈ വിധികളിലൂടെ ഇന്ത്യയിലെ നീതിന്യായം അതിന്റെ നിസ്സഹായത വെളിപ്പെടുത്തുകയാണ്; അല്ലെങ്കില്‍ അതിന്റെ അധാര്‍മികത, നീതിരാഹിത്യം തുറന്നുവെക്കുകയാണ്. ഇത് നിയമവാഴ്ചയുടെ വ്യക്തമായ തകര്‍ച്ചയെയാണ് വിളംബരം ചെയ്യുന്നത്. ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കേസില്‍ ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് ഇരയുടെ ബന്ധുക്കളെ ഗുണ്ടാ ശൈലിയില്‍ ഭീഷണിപ്പെടുത്തിയത്. ബാബരി അവകാശത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധി ശക്തിയോട് ഒത്തുതീര്‍പ്പ് മാത്രമേ സാധ്യമാവൂ എന്ന അര്‍ഥത്തിലുള്ള വിധിപ്രസ്താവമായിരുന്നു. 
ഭരണഘടനാധിഷ്ഠിതമാണ് ആധുനിക ജനാധിപത്യം. ഭരണഘടന തത്ത്വങ്ങളിലും നിയമങ്ങളിലും അധിഷ്ഠിതമാണ്. നിയമം നീതിയധിഷ്ഠിതമാണ്. നീതി ബലികഴിക്കപ്പെടുമ്പോള്‍ ഭരണഘടന റദ്ദാക്കപ്പെടുകയാണ്, പകരം ശക്തി ആരാധിക്കപ്പെടുകയാണ്. പ്രയോഗത്തില്‍ ഭരണഘടന ഇല്ലാതാവുന്ന രാജ്യം കുറേക്കഴിയുമ്പോള്‍ രാജ്യമില്ലാത്ത ഭരണഘടനയായിമാറും. അനീതിയുടെ അച്ചുതണ്ടില്‍ ഒരു സമൂഹത്തിനും ഒരുപാടു കാലം ഭ്രമണം ചെയ്യാനാവില്ല. ഇതാണ് സൂറ അല്‍ മുഅ്മിനൂനിലെ 71-ാം വചനത്തില്‍ അല്ലാഹു പറഞ്ഞത്; ''സത്യം അവരുടെ ഇഛകളെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ഈ പ്രപഞ്ചവും അതിലുള്ളവരും തകര്‍ന്നുപോകുമായിരുന്നു.'' പ്രപഞ്ചത്തിന്റെ അച്ചുതണ്ട് സത്യമാണ്. ആ അച്ചുതണ്ട് നീതിക്കു പകരം ആരുടെയെങ്കിലും ഇഛകളെ പിന്തുടര്‍ന്നാല്‍ പ്രപഞ്ചവും അതിലുള്ളവരും തകര്‍ന്നുപോവും. ഇത് പ്രപഞ്ചത്തിനു മാത്രമല്ല, നാഗരികതകള്‍ക്കും ബാധകമായ തത്ത്വമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ എഴുതുന്നു: ''നിശ്ചയമായും അല്ലാഹു നീതിയുള്ള രാഷ്ട്രത്തെ നിലനിര്‍ത്തും, അത് നിഷേധികളുടേതാണെങ്കിലും. അക്രമികളുടേതിനെ നിലനിര്‍ത്തില്ല, അത് മുസ്‌ലിംകളുടേതാണെങ്കിലും.''  അലി (റ) ഈജിപ്ത് ഗവര്‍ണറായിരുന്ന മാലിക് അശ്തറിന് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു: ''അനാവശ്യമായും നിയമവിരുദ്ധമായും പ്രജകളെ വാളിനിരയാക്കി താങ്കളുടെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കരുത് - അത് രാജ്യത്തെ ദുര്‍ബലമാക്കാനിടയുണ്ട്'' (നാലാം ഖലീഫ അലി, പ്രഫ. മസ്ഊദുല്‍ ഹസന്‍). 
രാജ്യത്തെ നിയമവാഴ്ചയുടെ തകര്‍ച്ചയും ശക്തിയുടെ അധികാരപ്രഖ്യാപനവും അതിനെ ആദര്‍ശവല്‍ക്കരിക്കുന്ന കോടതിവിധികളും മുസ്‌ലിംകളെ മാത്രമല്ല പ്രതികൂലമായി ബാധിക്കുക. തീര്‍ച്ചയായും ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പ്രശ്‌നത്തില്‍ ന്യൂനപക്ഷമെന്ന നിലക്ക് മുസ്‌ലിംകളെ അത് ദോഷകരമായി ബാധിക്കും. സവര്‍ണരും അവര്‍ണരും തമ്മിലുള്ള പ്രശ്‌നത്തില്‍ ദുര്‍ബല ജാതി വിഭാഗം എന്ന നിലയില്‍ അവര്‍ണരെ അത് ബാധിക്കും. സവര്‍ണരിലെതന്നെ ശക്തനും ദുര്‍ബലനും തമ്മിലുള്ള പ്രശ്‌നത്തില്‍ ദുര്‍ബല സവര്‍ണനെ ഇത് എതിരായി  ബാധിക്കും. ഇതാണ് ഇപ്പോള്‍ രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് സ്ഥതിചെയ്തിരുന്ന, ബാബരിവിധികളുടെ ഒന്നാമത്തെ ബാധിതപ്രദേശമായ യു.പിയില്‍ പ്രത്യേകിച്ചും ബാബരിവിധികള്‍ മുസ്‌ലിംകള്‍ക്കെതിരായ വിധികള്‍ മാത്രമല്ല; ഒരു തരം ദുര്‍ബലരും നീതി അര്‍ഹിക്കുന്നില്ല എന്ന വിധികള്‍ കൂടിയാണത്. രാജ്യമത് കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 
ഇത് രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കുക. മുസ്‌ലിം സമൂഹം മനസ്സിലാക്കേണ്ടത് ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്നല്ല, രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നാണ്. രാജ്യത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് സമുദായം രംഗത്തിറങ്ങേണ്ടത്. ചരിത്രത്തിന്റെ നൈതികമായ ഈ ചലനനിയമം രാജ്യനിവാസികളെ ബോധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്. രാജ്യനിവാസികളോട് പല രീതിയില്‍ ധാരാളമായി സംസാരിക്കേണ്ടതുണ്ട്. സമുദായത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കളായ ഫാഷിസ്റ്റുകള്‍ രാജ്യനിവാസികളോട് നിരന്തരമായും വ്യാപകമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തോട് ഒാരോ കാര്യത്തിലെയും സത്യത്തെയും നീതിയെയും കുറിച്ച് ശക്തമായി, സാന്ദ്രമായി സംസാരിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രതിരോധം. 
പ്രതിസന്ധിയുടെ ഘട്ടത്തില്‍ തങ്ങളിലേക്ക് ഉള്‍വലിയുകയും മറ്റുള്ളവരെല്ലാം ശത്രുക്കളാണെന്ന് കരുതുകയും ചെയ്യുന്നത് അപകടകരമായിരിക്കും. നിഷേധികളായ സാമൂഹികവിരുദ്ധ ശക്തികള്‍ ഒറ്റക്കെട്ടാണ്. മുസ്‌ലിംകളും ഒറ്റക്കെട്ടായില്ലെങ്കില്‍ സമുദായം നശിച്ചുപോകുമെന്നല്ല അല്ലാഹു പറഞ്ഞത്, നാട്ടില്‍ വലിയ നാശങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നാണ് (അല്‍ അന്‍ഫാല്‍ 73).
ഏതു സമൂഹത്തിലും നീതി തേടുന്ന പലതരം പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. രാജ്യനിവാസികളുടെ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലൂടെ ഇടപെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ ഉരുത്തിരിഞ്ഞുവരും. ഈജിപ്തില്‍ തനിക്കെതിരായ വധഗൂഢാലോചനയില്‍നിന്ന് രക്ഷപ്പെട്ട മൂസാ നബി (അ) മരുഭൂമിയില്‍ വെള്ളമുള്ള സ്ഥലം അന്വേഷിക്കുകയാണ്. അങ്ങനെയാണ് മദ്‌യനിലെ ജലസ്രോതസ്സിനരികില്‍ എത്തുന്നത്. മരുഭൂമിയില്‍ ജലമുള്ളിടത്താണ് ജനമുണ്ടാവുക, ജനമുള്ളിടം  എന്തെങ്കിലും സാധ്യതകള്‍ തുറന്നുവെക്കുന്നുണ്ടാവും. അവിടെ ഏതെങ്കിലുമൊരു ദുര്‍ബലന്‍ നീതിക്കു വേണ്ടി ദാഹിക്കുന്നുണ്ടാവും. അവരെ കണ്ടെത്തി അവര്‍ക്ക് വെള്ളം കോരിക്കൊടുക്കുമ്പോള്‍ പരിഹാരത്തിന്റെ  വഴികള്‍ തുറക്കപ്പെടും, പരിഹാരത്തിന്റെ പുതിയ ഉറവകള്‍ പൊട്ടിയൊഴുകും. പ്രതിസന്ധിയെന്നാല്‍ കൃത്യമായ പരിഹാരം മുന്നിലില്ലാത്ത പ്രശ്‌നം എന്നാണര്‍ഥം. സാധ്യതകളിലൂടെ സഞ്ചരിച്ച് മറുകരയെത്തേണ്ട പ്രശ്‌നസമുദ്രമായിരിക്കുമത്. ഉത്തരങ്ങള്‍ പരിശ്രമങ്ങള്‍ക്കിടയില്‍നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടവയായിരിക്കും. ''നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവര്‍ക്ക് നാം നമ്മുടെ വഴികള്‍ കാണിച്ചുകൊടുക്കും'' (അല്‍ അന്‍കബൂത്ത് 69).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി