Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

പള്ളികള്‍ക്ക് സകാത്ത് നല്‍കാമോ?

മുശീര്‍

ഞങ്ങളുടെ മഹല്ലില്‍ മിക്കയാളുകളും സമ്പന്നരല്ലെങ്കിലും സകാത്തിന് അര്‍ഹരല്ല, ഏതാണ്ടെല്ലാവരും സ്വയം പര്യാപ്തരാണ്. അതിനാല്‍ എന്റെ സകാത്ത് മഹല്ല് പള്ളി പരിപാലനത്തിന് കൊടുത്തുകൂടേ? സകാത്തിന്റെ അവകാശികളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ 'ഫീസബീലില്ലാഹ്' (അല്ലാഹുവിന്റെ മാര്‍ഗം) എന്ന ഇനത്തില്‍ ഇത് പെടുത്തിക്കൂടേ?

സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനായ അല്ലാഹു സമ്പത്ത് നല്‍കി അനുഗ്രഹിച്ചവരുടെ ബാധ്യതയാണ് അതില്‍നിന്ന് അവന്റെ അഭീഷ്ടമനുസരിച്ച് ചെലവഴിക്കുക എന്നത്. അത്  വിശ്വാസികളുടെ മൗലിക സ്വഭാവമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഈ ഗണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സകാത്ത്. സകാത്ത് ഒരു സാമ്പത്തിക ദാനമാണ്. സാമ്പത്തിക ദാനം ഐഛികവും നിര്‍ബന്ധവുമുണ്ട്. സകാത്ത് നിര്‍ബന്ധ ദാനമാണ്. അത് അതിന്റെ അവകാശികള്‍ക്കേ നല്‍കാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ നബി (സ) കാണിച്ച സൂക്ഷ്മത പ്രസ്താവ്യമാണ്. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ സ്വദഖയിലെ തന്റെ ഓഹരി കിട്ടുമോയെന്നറിയാന്‍ നബി(സ)യെ സമീപിച്ചപ്പോള്‍ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: ''അല്ലാഹു സകാത്ത് വിഷയകമായി ഏതെങ്കിലും നബിയുടെയോ മറ്റാരുടെയോ വിധി തൃപ്തിപ്പെടുന്നില്ല. അവന്‍ അതിനെ എട്ടു ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. നിങ്ങള്‍ ആ വിഭാഗങ്ങളില്‍ പെട്ടയാളാണെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് താങ്കളുടെ അവകാശം തന്നിരിക്കും'' (അബൂദാവൂദ് 1632). 
ഈ ഒരു സംഭവത്തില്‍നിന്നു തന്നെ നബി(സ)യുടെ കാലത്തെ സകാത്ത് വിതരണത്തിലെ സൂക്ഷ്മത എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇഷ്ടക്കാര്‍ക്ക് കൊടുക്കാത്ത, അനര്‍ഹരിലേക്ക് അല്‍പം പോലും എത്തിപ്പെടാത്ത അതിസൂക്ഷ്മത.
കൂട്ടത്തില്‍ സകാത്ത് നല്‍കേണ്ടത് എട്ടു വിഭാഗങ്ങള്‍ക്കാണെന്ന് പറഞ്ഞപ്പോള്‍ മറ്റാര്‍ക്കും പാടില്ലെന്ന് ദ്യോതിപ്പിക്കുന്ന ശൈലിയിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.  അതിനാല്‍ ആ വൃത്തത്തിനു പുറത്ത് സകാത്ത് നല്‍കിയാല്‍ അത് സകാത്തായി പരിഗണിക്കപ്പെടുകയില്ല.   ഫുഖഹാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരുപറ്റം പണ്ഡിതന്മാര്‍ ചേര്‍ന്ന് തയാറാക്കിയ 'ഫിഖ്ഹ് വിജ്ഞാനകോശ'ത്തില്‍ പറയുന്നത് കാണുക: ''ഉടമപ്പെടുത്തിക്കൊടുക്കാന്‍ സാധ്യമല്ലാത്ത കാരണം പള്ളി പണിയുന്നതിന് സകാത്ത് നല്‍കുന്നത് അനുവദനീയമല്ലെന്നാണ് ഫുഖഹാക്കളുടെ അഭിപ്രായം......സകാത്തിന്റെ വകുപ്പുകളായി നേരത്തേ വ്യക്തമാക്കിയ വകുപ്പുകളില്‍  അല്ലാതെ നന്മയുടെ മറ്റു മേഖലകളില്‍ സകാത്ത് വിനിയോഗിക്കാന്‍ പാടുള്ളതല്ല എന്നാണ് ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ സകാത്ത് കൊണ്ട് വഴിവെട്ടാനോ, പള്ളിയോ കനാലോ നിര്‍മിക്കാനോ, കുളം കുഴിക്കാനോ,  ജലസേചന പ്രവൃത്തികള്‍ നടത്താനോ പാടുള്ളതല്ല. നിര്‍ണിതമായ വകുപ്പുകള്‍ക്കപ്പുറം വിശാലമാക്കാന്‍ പാടുള്ളതല്ല...
''ഈ കാര്യത്തില്‍ പരിഗണനീയമായ ഒരഭിപ്രായ ഭിന്നതയും എടുത്തുപറയാവുന്ന ഒരാളില്‍നിന്നും ശരിയായ വിധത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇമാം റംലിയുടെ അഭിപ്രായത്തില്‍നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നത്, ഇത് ഇജ്മാഅ് ഉള്ള കാര്യമാണ് എന്നാണ്. ഇതിന് രണ്ട് ന്യായങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്: ഒന്ന്, അതില്‍ (പള്ളിക്ക് നല്‍കുന്നതില്‍) തംലീക് ഇല്ല. അതായത് ആര്‍ക്കും ഉടമപ്പെടുത്തിക്കൊടുക്കലില്ല.  കാരണം പള്ളിയും അതുപോലുള്ളതുമൊന്നും ഉടമപ്പെടുത്താവതല്ല. സകാത്തില്‍ തംലീക് നിര്‍ബന്ധമാണ് എന്ന ഉപാധി വെച്ചവര്‍ക്കാണിത്. രണ്ട്, ആയത്തില്‍ ഏതൊക്കെ ഇനം എന്ന് പരിമിതപ്പെടുത്തി പറഞ്ഞിരിക്കുന്നു. ആയതിനാല്‍ പള്ളിയും മറ്റും എട്ടു വകുപ്പുകളില്‍ പെടുന്നില്ല. അല്ലാഹു സകാത്തിനെ എട്ടു ഭാഗമാക്കി നിശ്ചയിച്ചിരിക്കുന്നു എന്ന ഹദീസ് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്'' (ഫിഖ്ഹ് വിജ്ഞാനകോശം).
ചുരുക്കത്തില്‍, 'അല്ലാഹുവിന്റെ മാര്‍ഗം' എന്ന വകുപ്പില്‍ മറ്റെല്ലാം ഉള്‍പ്പെടുത്തി വിശാലമാക്കിയാല്‍ എട്ടു വിഭാഗങ്ങള്‍ക്ക്  മാത്രമേ അത് വിതരണം ചെയ്യാവൂ എന്ന് അല്ലാഹു പറഞ്ഞത് നിരര്‍ഥകമാകും. വാക്യഘടന െവച്ച് നോക്കിയാല്‍ തന്നെ ഇത് മനസ്സിലാവും. ഇനി ആശയതലത്തില്‍ നോക്കിയാലും ഈ പറഞ്ഞതിന്റെ ന്യായം കൂടുതല്‍ വ്യക്തമാവും.  കാരണം ദൈവസാമീപ്യം നേടാന്‍ പറ്റുന്ന എല്ലാ മേഖലയും പൊതുവെ ഉദ്ദേശ്യമാണ് എന്നു വെച്ചാല്‍ സകാത്തിന്റെ യഥാര്‍ഥ അവകാശികളായ പലരും മാറ്റിനിര്‍ത്തപ്പെടും.  കാരണം സകാത്ത് കൊണ്ട് പള്ളി നിര്‍മിക്കാമെങ്കില്‍ പരലോകത്ത് വലിയ പ്രതിഫലം ലഭിക്കുന്ന അതിനായിരിക്കും എല്ലാവരും മുന്‍ഗണന നല്‍കുക. അത്രമാത്രം മഹത്തായ പ്രതിഫലമാണ് പള്ളി നിര്‍മിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. 
ഉദാഹരണത്തിന് പള്ളി നിര്‍മാണത്തിന്റെ പുണ്യം വ്യക്തമാക്കുന്ന ഒരു ഹദീസ് കാണുക: ''മഹ്മൂദു ബ്‌നു ലബീദില്‍നിന്ന്: ഉസ്മാനുബ്‌നു അഫ്ഫാന്‍ മസ്ജിദ് പുതുക്കിപ്പണിയാന്‍ ആഗ്രഹിച്ചു. എന്നാല്‍ ജനങ്ങള്‍ അത് ഇഷ്ടപ്പെട്ടില്ല. നിലവിലുള്ള അവസ്ഥയില്‍തന്നെ അതിനെ നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു.  അപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; 'ആരെങ്കിലും അല്ലാഹുവിനു വേണ്ടി ഒരു പള്ളി പണിതാല്‍ അതുപോലുള്ള ഒന്ന് സ്വര്‍ഗത്തില്‍ അവനു വേണ്ടി അല്ലാഹുവും പണിയുന്നതാണ്'' (മുസ്‌ലിം 7652).
അപ്പോള്‍ സകാത്തിന്റെ മറ്റു വകുപ്പുകളിലൊന്നും വിനിയോഗിച്ചാല്‍ കിട്ടാത്ത പ്രതിഫലവും പുണ്യവും പള്ളി നിര്‍മിക്കുന്നതിന് ലഭിക്കുമ്പോള്‍ അക്കാര്യം അവഗണിച്ച് മറ്റു വകുപ്പുകളില്‍ ആരെങ്കിലും നയാപൈസ നല്‍കുമോ?


മാതാപിതാക്കള്‍ക്കും മക്കള്‍ക്കും സകാത്ത്

എന്റെ മകന്‍ വിവാഹം കഴിഞ്ഞ് കുടുംബസമേതം വേറെ താമസിക്കുകയാണ്. ഇപ്പോഴവന്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. ഒരുപാട് സംഖ്യ കടവുമുണ്ട്.  ഈയൊരു സാഹചര്യത്തില്‍ എന്റെ സകാത്ത് ഈ സ്വന്തം മകന് കൊടുക്കാന്‍ പറ്റുമോ? പറ്റില്ലാ എന്ന് ചിലര്‍ പറഞ്ഞത് കേള്‍ക്കാനിടയായി. ഒരു വിശദീകരണം തരാമോ?

മാതാപിതാക്കളുടെയും  മക്കളുടെയും സംരക്ഷണവും ചെലവും ഒരാളുടെ നിര്‍ബന്ധ ബാധ്യതയാണ്. ഇങ്ങനെ ഒരാളുടെ സ്വന്തം ചെലവിലും സംരക്ഷണയിലും കഴിയുന്ന ബന്ധുക്കള്‍ക്ക് സകാത്ത് നല്‍കിയാല്‍ വീടുകയില്ല എന്നതാണ് മൗലിക തത്ത്വം.  കാരണം ഒരാള്‍ തന്റെ സകാത്ത് തനിക്കു തന്നെ നല്‍കുക എന്നതാണ് അതിനര്‍ഥം. സംരക്ഷണച്ചുമതല നിര്‍ബന്ധ ബാധ്യതയുള്ള ബന്ധുക്കളുടെ കാര്യമാണ് ഇപ്പറഞ്ഞത്. മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍ എന്നിവരാണ് ഒരാളുടെ മേല്‍ സംരക്ഷണച്ചുമതല നിര്‍ബന്ധ ബാധ്യതയുള്ള ബന്ധുക്കള്‍.
ഇമാം ഇബ്‌നുഖുദാമ പറയുന്നു: ''മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ സകാത്തില്‍നിന്ന് നല്‍കാവതല്ല. ഇബ്‌നുല്‍മുന്‍ദിര്‍ പറഞ്ഞു: മാതാപിതാക്കളുടെ ചെലവ് വഹിക്കല്‍ നിര്‍ബന്ധ ബാധ്യതയായ അവസ്ഥയില്‍ ഒരാളുടെ സകാത്ത് അവര്‍ക്ക് നല്‍കാന്‍ പാടില്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. കാരണം അവര്‍ക്ക് സകാത്ത് കൊടുക്കുക എന്നതിന്റെ അര്‍ഥം അവരുടെ ചെലവ് വഹിക്കുന്നതിന് പകരമാവുക എന്നാണ്, അവനില്‍ നിന്ന് ആ ബാധ്യത ഒഴിവാകുക എന്നുമാണ്. സ്വഭാവികമായും അതിന്റെ ഗുണം അവനായിരിക്കും. എന്നുവെച്ചാല്‍ തന്റെ സകാത്ത് അവന്‍ തനിക്കു തന്നെ നല്‍കിയതുപോലെയാകും എന്നര്‍ഥം.  അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് സകാത്ത് കൊടുക്കുന്നത് അനുവദനീയമല്ല'' (അല്‍മുഗ്‌നി: മസ്അല: 1767).
എന്നാല്‍ ഈ ബാധ്യത ഒരാളുടെ മേല്‍ നിര്‍ബന്ധമാവാത്ത സാഹചര്യങ്ങളുമുണ്ടാകാം. ഓരോരുത്തരും സ്വന്തമായി  വീടും പറമ്പുമൊക്കെയായി വെവ്വേറെ താമസിക്കുന്ന അവസ്ഥ ഉദാഹരണം. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് സകാത്ത് നല്‍കാവുന്നതാണ് എന്നതാണ് പണ്ഡിതമതം. അവര്‍ പക്ഷേ, ദരിദ്രര്‍, അഗതികള്‍, കടബാധിതര്‍ എന്ന് തുടങ്ങി സകാത്തിന് അര്‍ഹരായവരുടെ  പട്ടികയില്‍ പെട്ടവരായിരിക്കണമെന്നു മാത്രം. 
ഇവ്വിഷയകമായി ഇമാം നവവി പറയുന്നു: ''പിതാവോ പുത്രനോ ദരിദ്രനോ അഗതിയോ  ആണെങ്കില്‍ ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് ചെലവിന് കൊടുക്കേണ്ട നിര്‍ബന്ധ ബാധ്യത ഇല്ലാത്ത അവസ്ഥയും ഉണ്ടാവുമെന്ന് നേരത്തേ നാം പറഞ്ഞിരുന്നു. അവരെ ദരിദ്രരുടെയും അഗതികളുടെയും ഗണത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സകാത്ത് നല്‍കല്‍ സാധുവാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ അന്യരെ പോലെയാണ്'' (ശര്‍ഹുല്‍ മുഹദ്ദബ്: 'സകാത്ത് വിതരണം' എന്ന അധ്യായം).
ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി പറയുന്നു: ''സകാത്ത് കൊടുക്കുന്ന സമയത്ത് നിര്‍ബന്ധമായും ചെലവിന് കൊടുക്കേണ്ട ബാധ്യതയില്ലെങ്കില്‍ ദാരിദ്ര്യവും സാമ്പത്തിക പരാധീനതയും പരിഗണിച്ച് മാതാപിതാക്കള്‍ക്കും മക്കള്‍ക്കും സകാത്ത് നല്‍കല്‍ അനുവദനീയമാണ്. കാരണം നിര്‍ബന്ധമായും ചെലവിന് കൊടുക്കേണ്ട ബാധ്യതയുളളപ്പോഴാണ് അവര്‍ക്ക് സകാത്ത് കൊടുക്കുന്നതിന് അനുവാദമില്ലാത്തത്. അതുപോലെ ആ സമയത്ത് സകാത്ത് നല്‍കുക എന്നു പറഞ്ഞാല്‍ അല്ലാതെത്തന്നെ തന്റെ മേലുള്ള ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറലാണ്. അപ്പോള്‍ തന്റെ സകാത്ത് തനിക്കു തന്നെ നല്‍കുന്നതു പോലെയാവുമത്. എന്നാല്‍ ചെലവ് നടത്തല്‍ നിര്‍ബന്ധ ബാധ്യതയില്ലാത്ത അവസ്ഥയില്‍ തന്റെ സകാത്തില്‍നിന്ന് നല്‍കുന്നതിന് യാതൊരു വിരോധവുമില്ല. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് സകാത്ത്  നല്‍കാമെന്ന് മാത്രമല്ല, പ്രത്യുത മറ്റേതൊരാള്‍ക്ക് നല്‍കുന്നതിനേക്കാളും ഉത്തമവും കൂടിയായിരിക്കും'' (അല്‍ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്‌റാ: 'സകാത്ത് വിതരണം' എന്ന അധ്യായം).
ഇമാം ഇബ്‌നുതൈമിയ്യ പറയുന്നു: ''ദരിദ്രരായിരിക്കുക, ന്യായമായ തടസ്സങ്ങള്‍ കാരണം ചെലവിന് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുക എന്നീ ഉപാധികളോടെ പിതാക്കള്‍ക്ക് സകാത്ത് നല്‍കിയാല്‍ സാധുവാകും. അതുപോലെ മേല്‍പോട്ടുള്ള പിതാമഹന്മാര്‍ക്കും. അതുപോലെ തന്നെ മക്കള്‍ക്കും സകാത്ത് നല്‍കാം, അതുപോലെ എത്ര കീഴ്‌പോട്ടുള്ളവരായാലും പേരമക്കള്‍ക്കും നല്‍കാം. അവര്‍ കടബാധിതരോ വഴിയാത്രക്കാരോ ആണെങ്കിലും സകാത്ത് നല്‍കാം.... അതുപോലെത്തന്നെ ദരിദ്രയായ ഒരു മാതാവ്,  അവര്‍ക്ക് സമ്പത്തുള്ള ചെറിയ കുട്ടികളുണ്ട്,  അവരുടെ മുതലില്‍നിന്ന് മാതാവിന് ചെലവിന് കൊടുക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമായിത്തീരാത്ത അവസ്ഥയില്‍ ആ കുട്ടികളുടെ സകാത്തില്‍നിന്ന് മാതാവിന് സകാത്ത് നല്‍കാവുന്നതാണ്'' (അല്‍ഫതാവല്‍ കുബ്‌റാ 5 /373).
ചുരുക്കത്തില്‍, താങ്കള്‍ വ്യക്തമാക്കിയ പ്രകാരം, പ്രായപൂര്‍ത്തിയും പക്വതയും എത്തിയ, വിവാഹം കഴിച്ച് സ്വതന്ത്രമായി വേറിട്ട് കുടുംബജീവിതം നയിക്കുന്ന ഈ മകന് താങ്കളുടെ സകാത്ത് നല്‍കാവുന്നതാണ് എന്നാണ് മനസ്സിലാവുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌