Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

ഉറച്ച നിലപാടുകളുടെ പെണ്ണൊരുത്തി

യാസീന്‍ വാണിയക്കാട് 

കളി വെറുമൊരു കളിയല്ല, ഇന്ന്. ലോകത്തിനു മുമ്പില്‍ നിലപാടുകള്‍ കണിശമായി രേഖപ്പെടുത്താവുന്ന വേദിയായി കളിമുറ്റങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ചിരിക്കുന്നു. 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' സമരങ്ങള്‍ ആളിപ്പടരുന്നതില്‍ കളിക്കളങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ഇന്നിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും വിയോജിപ്പുകളുടെയും നൈതിക ഭാവങ്ങളെ കളിക്കളങ്ങള്‍ എങ്ങനെ പ്രസരണം ചെയ്തുവെന്ന്  രേഖപ്പെടുത്താതിരിക്കാന്‍ കഴിയില്ല. തെരുവിലുയരുന്ന പ്രതിഷേധ ജ്വാലയേക്കാള്‍ മാറ്റ് ഒട്ടും കുറയുന്നതല്ല കളിക്കളങ്ങളിലെ പ്രതിഷേധ രൂപങ്ങള്‍.
നവോമി ഒസാക്കയുടെ യു.എസ് ഗ്രാന്റ് സ്ലാം കിരീട നേട്ടത്തേക്കാള്‍, റാക്കറ്റില്‍നിന്നും പന്ത് തൊടുക്കുന്ന അതേ ചടുലതയോടെയോ അതിനേക്കാള്‍ സൂക്ഷ്മതയോടെയോ, വംശീയതക്കും അനീതിക്കുമെതിരെ അവരുയര്‍ത്തിയ പ്രതിഷേധത്തിന്റെ വേറിട്ട പാതയെക്കുറിച്ചായിരുന്നു കഴിഞ്ഞ വാരത്തില്‍ ലോകമാധ്യമങ്ങളുടെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍. ഇത്തിരിപ്പോന്ന ടെന്നീസ് കോര്‍ട്ടുകളില്‍നിന്നും അതിനേക്കാള്‍ ഇത്തിരിപ്പോന്ന ഒരു ഇരുപത്തിരണ്ടുകാരി തൊടുത്ത ഒത്തിരിപ്പോന്ന കനലുകള്‍!   
ബഹിഷ്‌കരണം പോലുള്ള പ്രതിഷേധങ്ങളേക്കാള്‍, അമേരിക്കയില്‍ കൂടുതല്‍ വ്യൂവേഴ്‌സ് ഉള്ള ഗ്രാന്‍ഡ് സ്ലാമിനെ,  പ്രതിഷേധപ്രകടനത്തിന്റെ വേദിയാക്കിയതിലൂടെ  വെറുപ്പിന്റെ, വംശീയതയുടെ രാഷ്ട്രീയത്തിനെതിരില്‍ കനത്ത പ്രഹരമാണ് ജപ്പാന്‍കാരിയായ ഒസാക്ക നല്‍കിയിരിക്കുന്നത്. ഹിരോഷിമയും നാഗസാക്കിയും ബോംബ് വര്‍ഷിച്ചു ഉടച്ചുകളഞ്ഞതുപോലെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഇത്തരം സര്‍ഗാത്മക പ്രതിരോധങ്ങള്‍.
അമേരിക്കയില്‍, മക്കളുടെ മുന്നിലിട്ട് പോലീസ് വെടിവെച്ചുവീഴ്ത്തിയ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്കിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്, യു.എസ് ഓപ്പണിനു മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍നിന്നും പിന്മാറിക്കൊണ്ട് ഒസാക്ക ആദ്യമേ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ത്തിയിരുന്നു. ബ്ലെയ്ക്കിന്റെ നിലവിളിയും അത് കണ്ടുനില്‍ക്കേണ്ടിവന്ന കുട്ടികളുടെ നിസ്സഹായാവസ്ഥയും അത്രമേല്‍ ആ പെണ്‍കൊടിയെ ഉലച്ചിട്ടുണ്ടാകണം. തുടര്‍ന്ന് താരത്തിന് പിന്തുണയറിയിച്ച് സംഘാടകര്‍ക്ക് ഒരു ദിവസത്തെ മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇതിനു ശേഷമാണ് ടൂര്‍ണമെന്റില്‍ വീണ്ടും റാക്കറ്റേന്താന്‍ ഒസാക്ക സമ്മതം മൂളിയത്.
യു.എസ് ഓപ്പണിന്റെ പ്രാഥമിക റൗണ്ട് മുതല്‍ ഫൈനല്‍ വരെ ഏഴ് മത്സരങ്ങളിലാണ് നവോമി ഒസാക്ക റാക്കറ്റേന്തിയത്. ഏഴിലേക്കും കടന്നുവന്നതും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചതും ഏഴ് പേരുകള്‍ ആലേഖനം ചെയ്യപ്പെട്ട മാസ്‌ക് ധരിച്ചുകൊണ്ട്! കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കാണികളില്ലാത്ത ഗാലറിയില്‍ പക്ഷേ ക്യാമറക്കണ്ണുകള്‍ ആ പേരുകള്‍ ഒപ്പിയെടുത്തു ലോകത്തിനു മുന്നില്‍ തുറന്നുപിടിച്ചു. വംശീയതക്കിരയായി അമേരിക്കന്‍ മണ്ണില്‍ ജീവന്‍ വെടിയേണ്ടിവന്ന ഏഴ് പച്ചമനുഷ്യര്‍!
കെന്റക്കിയില്‍ പോലീസ് വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ ഇരുപത്തിയാറ് വയസ്സുകാരന്‍ ബ്രിയോണ ടെയ്ലര്‍, കൊളറാഡോയില്‍ പോലീസ് പീഡനത്തിനിരയായി മരണംവരിച്ച എലിയ മക്‌ളെയ്ന്‍, ജോര്‍ജിയയില്‍ വെള്ളക്കാരന്റെ തോക്കിനിരയായ അഹ്മദ് അര്‍ബെറി, ഫ്‌ളോറിഡയില്‍ വംശവെറിക്കിരയായി മരണം വരിച്ച ട്രെവോണ്‍ മാര്‍ട്ടിന്‍, മിനിയപോളിസില്‍ പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയിഡ്, ട്രാഫിക് പോസ്റ്റില്‍ പോലീസ് വെടിവെച്ചു വീഴ്ത്തിയ ഫിലാന്‍ഡോ കാസ്റ്റിലേ, ഒഹായോയില്‍ പോലീസിന്റെ നിഷ്ഠുരതക്ക് ഇരയായി മരണം വരിച്ച പന്ത്രണ്ട് വയസ്സുകാരന്‍ ടാമിര്‍ റിസ് എന്നിങ്ങനെ ഏഴ് ഇരകളുടെ പേരുകളായിരുന്നു, വെളുത്ത മഷിയാലെഴുതിയ കറുത്ത മാസ്‌കിലൂടെ, ലോകത്തിന്റെ മറവിക്ക് നേരെ ഉയര്‍ത്തിപ്പിടിച്ചതും വംശീയതയെ ആഴത്തില്‍ പ്രഹരിച്ചതും.
നിങ്ങള്‍ ഇതുകൊണ്ട് എന്ത് സന്ദേശമാണ് ലോകത്തിന് പകര്‍ന്നുനല്‍കുന്നതെന്ന തരത്തിലുള്ള ചോദ്യശരങ്ങള്‍ നേരിടേണ്ടിവന്നു പിന്നീട് ഒസാക്കക്ക്. ഇതില്‍നിന്നും എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് ലഭിച്ചത് എന്ന മറുചോദ്യം കൊണ്ടാണ് അവര്‍ അതിനെതിരെ റിട്ടേണ്‍ ഷോട്ട് പായിച്ചത്.
ഈ ഏഴു പേരുകള്‍ മറവിക്ക് വിഴുങ്ങാന്‍ കൊടുക്കാനുള്ളതല്ല, ഓര്‍മയുടെ അറകളില്‍ മിടിപ്പ് നിലയ്ക്കാതെ കാത്തുസൂക്ഷിക്കാനുള്ളതാണ്, സാമൂഹികനീതി പുലര്‍ന്നുകാണാനുള്ള ത്വര മണ്ണിട്ടുമൂടാനുള്ളതുമല്ല എന്നല്ലേ നവോമി ഒസാക്ക ചുണ്ടനക്കാതെ പറഞ്ഞത്? 
കേവലം ഏഴില്‍ ഒതുങ്ങുന്നതല്ല വംശീയതയുടെ ഇരകള്‍. ഇത്തരം പ്രാകൃത ചിന്താഗതികള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാന്‍ അക്ഷീണം പ്രയത്‌നിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിനില്‍ക്കുന്നതായിരുന്നു നവോമിയുടെ പ്രതിഷേധം. കളി വെറുമൊരു കളിയല്ലെന്നും, മാസ്‌ക് മഹാമാരിയെ പിടിച്ചുനിര്‍ത്താനുള്ള വെറുമൊരു പാഴ്ത്തുണിയല്ലെന്നും ഒരു റിട്ടേണ്‍ ഷോട്ട് ഉതിര്‍ക്കുകയാണ് ഉറച്ച നിലപാടുകളുടെ പെണ്ണൊരുത്തി നവോമി ഒസാക്ക!.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍