Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

ആവിഷ്‌കാര സ്വാതന്ത്ര്യം വംശവെറി, ഷാര്‍ലി ഹെബ്‌ദോ

ടി.കെ.എം ഇഖ്ബാല്‍

വലിയ വിവാദങ്ങള്‍ക്ക് തീകൊളുത്തിയ ഫ്രാന്‍സിലെ ഷാര്‍ലി ഹെബ്‌ദോ (Charlie Hebdo) എന്ന ആക്ഷേപഹാസ്യ വാരിക ഈയിടെ വീണ്ടും വിവാദത്തിലേക്ക് കടന്നുവന്നത് മുഹമ്മദ് നബിയെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ്. ഡച്ച് ദിനപത്രമായ യിലാന്‍സ് പോസ്റ്റന്‍ (Jyllands  Poston)  2005-ല്‍ പ്രസിദ്ധീകരിച്ച 12 കാര്‍ട്ടൂണുകള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടാണ് തൊട്ടടുത്ത വര്‍ഷം ഷാര്‍ലി ഹെബ്‌ദോ വിവാദം സൃഷ്ടിച്ചത്. വിവാദം കെട്ടടങ്ങിയെങ്കിലും 2015 ജനുവരി 7-ന് അള്‍ജീരിയന്‍ വംശജരായ രണ്ട് ഫ്രഞ്ച് പൗരന്മാര്‍ ഷാര്‍ലിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി, പ്രശസ്തരായ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേരെ വെടിവെച്ചുകൊല്ലുകയും ഏതാണ്ട് അത്ര തന്നെയാളുകളെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തോടെ, വാരിക ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ടു. യമനിലെ അല്‍ഖാഇദ പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അക്രമികള്‍ രണ്ടു പേരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന് കൂട്ടുനിന്നു എന്നാരോപിക്കപ്പെട്ട 14 പേരുടെ വിചാരണ ഫ്രാന്‍സില്‍ തുടങ്ങുന്നതിന്റെ തൊട്ടു മുന്നെയാണ് ആ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി സെപ് റ്റംബര്‍ ഒന്നിന് വാരിക വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചത്.
കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള ഷാര്‍ലിയുടെ തീരുമാനത്തെ ആഘോഷിച്ചവരുടെ കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ ചില നാസ്തികരും മതേതരവാദികളും സംഘ് പരിവാറിന്റെ ഔദ്യോഗിക ജിഹ്വകളും ഉണ്ടായിരുന്നു. ഇസ്‌ലാമോഫോബിയയും മുസ്‌ലിംവിരുദ്ധ വംശീയതയും യൂറോപ്പിലും ഇന്ത്യയിലും ഒരേ തരംഗദൈര്‍ഘത്തില്‍ സഞ്ചരിക്കുന്നതാണ് അടുത്തകാലത്തായി നാം കാണുന്നത്.
ഷാര്‍ലി ഹെബ്‌ദോ വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വീഡനിലെ ദക്ഷിണ നഗരമായ മാല്‍മോയില്‍, ഒരു തീവ്ര വലതുപക്ഷ ഗ്രൂപ്പ് സംഘടിപ്പിച്ച റാലിയില്‍ ഖുര്‍ആന്റെ കോപ്പി കത്തിച്ചതിനെ തുടര്‍ന്ന്, മുന്നൂറോളം പേര്‍ പ്രകോപിതരായി തെരുവിലിറങ്ങിയതും അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതും. പ്രക്ഷോഭകാരികള്‍ ടയറുകള്‍ കത്തിക്കുകയും പോലീസിനു നേരെ പലതും വലിച്ചെറിയുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വിഷ്വല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുഹമ്മദ് നബിയെ അപഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ബംഗ്ലൂരുവിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധു ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടാം വാരത്തില്‍ അവിടെ നടന്ന കലാപവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധ ലോബി സ്വീഡന്‍ സംഭവത്തെ പ്രചാരണായുധമാക്കിയത്. ഇത്തരം പ്രചാരണങ്ങള്‍ക്കു വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകളെ സംഘ് പരിവാര്‍ സൈബര്‍ ടീം വ്യാപകമായി ഉപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള ഒരു ലേഖനം സെപ്റ്റംബര്‍ 2-ന് The Wire ഓണ്‍ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
മുസ്‌ലിംകള്‍ അസഹിഷ്ണുക്കളും അക്രമാസക്തരും എളുപ്പം പ്രകോപിതരാവുന്നവരുമാണ് എന്ന സ്റ്റീരിയോടൈപ്പ് ധാരണയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഷാര്‍ലി ഹെബ്‌ദോ, സ്വീഡന്‍ സംഭവങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. യൂറോപ്പില്‍ വളര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ ചിന്താഗതികളുടെയും അത് ഊട്ടിവളര്‍ത്തുന്ന കുടിയേറ്റ വിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും മുസ്‌ലിംവിരുദ്ധ വംശീയതയുടെയും പ്രതിഫലനങ്ങളാണ് ഈ രണ്ടു സംഭവങ്ങളും എന്ന വസ്തുത വിദ്വേഷകലുഷിതമായ പ്രചാരവേലകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
മാല്‍മോ നഗരത്തിന്റെ അയല്‍പ്രദേശമായ, കുടിയേറ്റക്കാര്‍ ധാരാളമായി താമസിക്കുന്ന  റോസന്‍ഗാഡില്‍ ആഗസ്റ്റ് 28-ന് വെള്ളിയാഴ്ച തീവ്ര ഡാനിഷ് (ഡച്ച്) വലതുപക്ഷ പാര്‍ട്ടിയായ Stram Kurs (Hard Line)സംഘടിപ്പിച്ച റാലിയില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നാണ് മുസ്‌ലിംകള്‍ പ്രകോപിതരായി തെരുവിലിറങ്ങിയത് എന്ന പോലീസ് റിപ്പോര്‍ട്ടിനെ മറച്ചുപിടിച്ചുകൊണ്ടാണ് കേരളത്തിലെ ചില സോഷ്യല്‍ മീഡിയാ പ്രോപഗണ്ടാ തൊഴിലാളികള്‍ 'മുസ്‌ലിം അസഹിഷ്ണുത'യുടെ തെളിവായി സംഭവത്തെ അവതരിപ്പിച്ചത്. 'നോര്‍ഡിക് (സ്‌കാന്‍ഡിനേവിയന്‍) രാജ്യങ്ങളിലെ ഇസ്‌ലാമികവല്‍ക്കരണം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച റാലിയില്‍ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടിയുടെ നേതാവായ റാസ്മുസ് പലുദാന്‍ (Rasmus Paludan)  പങ്കെടുക്കേണ്ടതായിരുന്നു. അപകടം മണത്തറിഞ്ഞ സ്വീഡിഷ് അധികൃതര്‍ പലുദാനെ അതിര്‍ത്തിയില്‍ തടയുകയും രണ്ട് വര്‍ഷത്തേക്ക് സ്വീഡനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
യൂറോപ്പില്‍ ശക്തിപ്രാപിച്ചുവരുന്ന തീവ്ര വലതുപക്ഷ ചിന്താഗതിയുടെ പ്രതീകമാണ് പലുദാന്‍. പ്രവാചകനെ അപഹസിക്കുന്ന കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഇസ്‌ലാമോഫോബിയക്ക് നേരത്തേ തന്നെ പേരു കേട്ട ഡെന്മാര്‍ക്കിലാണെന്ന് ഓര്‍ക്കണം. പലുദാന്റെ റാഷിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുള്ള നാട്. പന്നിമാംസത്തില്‍ പൊതിഞ്ഞ് ഖുര്‍ആന്‍ കത്തിക്കുന്ന വീഡിയോകള്‍ യൂട്യൂബിലിട്ടു കൊണ്ട് കുപ്രശസ്തി ആര്‍ജിച്ച ആളാണ് പലുദാന്‍. മുസ്‌ലിംകള്‍ക്കെതിരെ വംശീയ വിരോധം വളര്‍ത്തുന്ന വീഡിയോകള്‍ സ്വന്തം പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പലുദാന്‍ ഡെന്മാര്‍ക്കില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെടുകയും വക്കീല്‍ ജോലി പ്രാക്ടീസ് ചെയ്യുന്നതില്‍നിന്ന് വിലക്കപ്പെടുകയുമുണ്ടായി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായി വാഴ്ത്തപ്പെടുന്ന ഷാര്‍ലി ഹെബ്‌ദോ മുസ്‌ലിംവിരുദ്ധ വംശീയതയുടെ മറ്റൊരു ഭീകരമുഖമാണ് അനാവരണം ചെയ്യുന്നത്. 2012-ല്‍ ഷാര്‍ലിയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന Gerard Biard  സ്വന്തം വാരികയെ വിശേഷിപ്പിച്ചത് ഒരു 'നാസ്തിക, സെക്യുലര്‍' പ്രസിദ്ധീകരണം എന്നാണ്. 'ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ മതത്തെ ഐഡന്റിറ്റിയുടെ അടയാളമായി ഉപയോഗപ്പെടുത്താവതല്ല' എന്ന് അദ്ദേഹം പറഞ്ഞതായി കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരുകളെക്കുറിച്ച് ജൂതനായ ആന്‍ഡ്രെ ഒബോലര്‍ (Andre Oboler)  2015-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇസ്‌ലാമിനെ പരിഹാസപാത്രമാക്കുന്നതിലൂടെ ഷാര്‍ലി ഹെബ്‌ദോ ഒരു സ്ഥാപനം എന്ന നിലയില്‍ മതത്തെ കടന്നാക്രമിക്കുക മാത്രമല്ല, അന്തര്‍ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞ മതസ്വാത്രന്ത്യം എന്ന ആശയത്തെ നിരാകരിക്കുക കൂടിയാണെന്ന് ഒബോലര്‍ എഴുതുന്നു.
2016-ല്‍ എഴുതിയ ഒരു മുഖപ്രസംഗത്തില്‍ ഷാര്‍ലി ഹെബ്‌ദോ അതിന്റെ മുസ്‌ലിം വിരുദ്ധമുഖം കൃത്യമായി പുറത്തെടുത്തു. ഇസ്‌ലാമോഫോബിയയുടെയും വംശീയതയുടെയും മുദ്ര ചാര്‍ത്തപ്പെടും എന്ന് ഭയന്നിട്ടാണ് പടിഞ്ഞാറ് ഇസ്‌ലാമിനെ വിമര്‍ശിക്കാത്തതെന്നും ഈ നിലപാട് ഫ്രഞ്ച് സെക്യുലരിസത്തെ ദുര്‍ബലമാക്കിയിരിക്കുന്നുവെന്നും വാരിക പരിതപിച്ചു. എന്നു മാത്രമല്ല, നിരപരാധികളും സാധാരണക്കാരുമായ മുസ്‌ലിംകള്‍ അവരുടെ നിത്യജീവിതത്തില്‍ ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്നത് (പര്‍ദയണിയുന്ന മുസ്‌ലിം സ്ത്രീ, ഹലാല്‍ ഭക്ഷണം മാത്രം വില്‍ക്കുന്ന മുസ്‌ലിം കച്ചവടക്കാരന്‍....) laicite  എന്ന് വിളിക്കപ്പെടുന്ന ഫ്രഞ്ച് സെക്യുലരിസത്തെ അന്തിമമായി ഇല്ലാതാക്കുമെന്നും വാരിക എഴുതി.
2015 ആക്രമണത്തിനു മുമ്പ് ഷാര്‍ലി ഹെബ്‌ദോ 40,000-ത്തോളം കോപ്പികള്‍ വിറ്റ, അത്രയൊന്നും അറിയപ്പെടാത്ത ഒരു പ്രസിദ്ധീകരണമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കുലേഷന്‍ ലക്ഷങ്ങളിലേക്ക് കുതിച്ചുയര്‍ന്നു. 'ഞാന്‍ ഷാര്‍ലി' (Je Suis Charlie)  എന്ന മുദ്രാവാക്യം ധാരാളം പേര്‍ ഏറ്റെടുത്തു. എന്നാല്‍ ആക്രമണം സൃഷ്ടിച്ച സഹതാപതരംഗം കെട്ടടങ്ങിയതോടെ വാരികയുടെ ജനപ്രീതി ഗണ്യമായി താഴോട്ടു പോയി. യൂറോപ്യന്‍ തീവ്ര വലതുപക്ഷത്തിന്റെ നാവായി മുസ്‌ലിംവിരുദ്ധ വംശീയ അജണ്ടയുമായി അത് മുന്നോട്ടുപോയെങ്കിലും പഴയതുപോലെ ശ്രദ്ധ പിടിച്ചുപറ്റാനായില്ല. ഈ പശ്ചാത്തലത്തിലാണ് വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള തീരുമാനം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഷാര്‍ലി ഹെബ്‌ദോയെ പിന്തുണച്ചവര്‍ക്കു പോലും ദഹനക്കേടുണ്ടാക്കുന്ന തരത്തിലുള്ള അതിനീചവും അത്യന്തം പ്രകോപനപരവുമായ കാര്‍ട്ടൂണുകളുമായി വാരിക പലതവണ പ്രത്യക്ഷപ്പെട്ടു. പ്രവാചകനെ അപഹസിക്കുന്ന കാര്‍ട്ടൂണുകളിലൂടെ ഒരു വട്ടം കണ്ണോടിച്ചാലറിയാം, എത്ര മലിനമായ മനസ്സാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്. മുസ്‌ലിംവിരുദ്ധ വംശവെറിയുടെ പുറത്ത് കച്ചവടം കൊഴുപ്പിച്ച വാരിക പിന്നീട് അതൊരു പതിവാക്കി. സിറിയന്‍ അഭയാര്‍ഥിത്വത്തിന്റെ പ്രതീകമായി മാറിയ ഐലന്‍ കുര്‍ദി എന്ന കൊച്ചുബാലനെ പോലും വെറുതെ വിട്ടില്ല. കടല്‍ക്കരയില്‍ മരിച്ചു കിടക്കുന്ന ഐലന്‍ കുര്‍ദിയുടെ ശരീരാവശിഷ്ടങ്ങള്‍ക്കരികെ മക്‌ഡൊളാള്‍ഡ്‌സിന്റെ പ്ലക്കാട് സ്ഥാപിച്ചുകൊണ്ട് വാരിക പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ് ഇങ്ങനെ: 'രണ്ടു കുഞ്ഞുങ്ങളുടെ ഭക്ഷണം ഒന്നിന്റെ വിലയ്ക്ക്.' പടിഞ്ഞാറിന്റെ ഉപഭോക്തൃ സംസ്‌കാരത്തെ കളിയാക്കിയതാണ് വാരിക എന്ന് അതിന്റെ അനുകൂലികള്‍ കാര്‍ട്ടൂണിനെ വ്യാഖ്യാനിച്ചുവെങ്കിലും, അധികം വൈകാതെ ഷാര്‍ലി അതിന്റെ തനിനിറം വീണ്ടും പുറത്തെടുത്തു. ജര്‍മനിയിലെ കൊളോണില്‍ പുതുവര്‍ഷത്തലേന്ന് വടക്കനാഫ്രിക്കന്‍ വംശജരായ ചില പുരുഷന്മാര്‍ വെള്ളക്കാരായ സ്ത്രീകളെ ആക്രമിച്ച സംഭവം ചര്‍ച്ചാ വിഷയമായപ്പോള്‍ വാരിക പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ വളര്‍ച്ചയെത്തിയ ഐലന്‍ കുര്‍ദി കാമാതുരനായി യൂറോപ്യന്‍ സ്ത്രീകളുടെ പിറകെ ഓടുന്നതായിട്ടാണ് ചിത്രീകരിച്ചത്; 'അയ്‌ലന്‍ വളര്‍ന്നാല്‍ ഇങ്ങനെയായിരിക്കും' എന്ന അടിക്കുറിപ്പോടെ! ആവിഷ്‌കാര സ്വാത്രന്ത്യത്തിന്റെ പോക്ക് കണ്ട് പലരുടെയും കണ്ണ് തള്ളിപ്പോയിരിക്കണം. 2013-ല്‍ കയ്‌റോയിലെ റാബിഅ സ്‌ക്വയറില്‍ ഈജിപ്ഷ്യന്‍ പട്ടാളം നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ വാരിക മറ്റൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തി. വെടിയുണ്ട തുളച്ചുകയറിയ ഖുര്‍ആന്റെ കോപ്പി നെഞ്ചോട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകന്റെ രേഖാചിത്രത്തിന് വാരിക കൊടുത്ത അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'ഈ പുസ്തകം എന്തിനു കൊള്ളാം? വെടിയുണ്ടകളില്‍നിന്ന് അത് നിന്നെ രക്ഷിക്കുന്നില്ലല്ലോ.' ഇതേ കാര്‍ട്ടൂണിന്റെ ഒരു ഹാസ്യാനുകരണം 2015 ആക്രമണത്തില്‍ ഷാര്‍ലിയുടെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ചാര്‍ബ് വധിക്കപ്പെട്ടപ്പോള്‍, വാരിക കൈയില്‍ പിടിച്ചുനില്‍ക്കുന്ന ചാര്‍ബിന്റെ ചിത്രത്തിനു ചുവടെ സമാനമായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഖുര്‍ആനെയും ഈജിപ്തിലെ ഭരണകൂട കൂട്ടക്കൊലയുടെ ഇരകളെയും ഒരേസമയം പരിഹസിക്കുന്ന ഷാര്‍ലിയുടെ കാര്‍ട്ടൂണ്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കപ്പെട്ടപ്പോള്‍, അതിനെ പരിഹസിക്കുന്ന രണ്ടാമത്തെ കാര്‍ട്ടൂണ്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കൗമാരപ്രായക്കാരന്‍ തല്‍ക്ഷണം അറസ്റ്റ് ചെയ്യപ്പെട്ടു! മുസ്‌ലിംവിരുദ്ധ കാര്‍ട്ടൂണുകള്‍ നിരന്തരം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഷാര്‍ലി 'ആന്റിസെമിറ്റിക്' (ജൂതവിരുദ്ധം) എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സ്വന്തം കാര്‍ട്ടൂണിസ്റ്റിനെ പിരിച്ചുവിട്ട സംഭവവും ഈ വിവാദങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. മുന്‍ പ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ മകന്‍ പണം കിട്ടാന്‍ വേണ്ടി ജൂതമതം സ്വീകരിക്കുന്നു എന്നതായിരുന്നു പിരിച്ചുവിടലിന് കാരണമായ പരാമര്‍ശം.
വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള ഷാര്‍ലിയുടെ തീരുമാനത്തെ അപലപിക്കാന്‍ പോലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണ്‍ തയാറാകാതിരുന്നത് ഫ്രാന്‍സിന്റെ പ്രശസ്തമായ 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന മുദ്രാവാക്യത്തിന്ന് അത് എതിരായിത്തീരും എന്ന് പറഞ്ഞുകൊണ്ടാണ്. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് എല്ലാവര്‍ക്കുമറിയാം. മോഡേണ്‍ സ്റ്റേറ്റ് കൂടുതല്‍ കൂടുതല്‍ സര്‍വാധിപത്യപരമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് പ്രത്യേകിച്ചും. പണവും പദവിയുമുള്ളവരെ സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ട ഫ്രാന്‍സിലെ കര്‍ക്കശമായ പ്രൈവസി നിയമത്തിന്റെ കാപട്യത്തിലേക്ക് ഷാര്‍ലി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചില നിരീക്ഷകര്‍ വിരല്‍ ചൂണ്ടിയിരുന്നു. മീഡിയയെ ഒളിഞ്ഞും തെളിഞ്ഞും ഫണ്ട് ചെയ്യുന്ന പ്രഞ്ച് ഭരണസംവിധാനത്തെക്കുറിച്ചും നേരത്തേ സ്‌ക്രിപ്റ്റ് തയാറാക്കിയ ടെലിവിഷന്‍ 'അഭിമുഖ'ങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഫ്രാന്‍സിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമുള്ള കഥകളും വെളിച്ചത്തു വന്നു. മറ്റൊരു ഭര്‍ത്താവ് ഉണ്ടായിരിക്കെ, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വ ഹോളണ്ടെയുടെ 'പാര്‍ട്ട്ണറാ'യി ജീവിച്ച വെലറി ട്രിയര്‍വെയ്‌ല്യര്‍ (Valerie Trierweiler) എന്ന പത്രപ്രവര്‍ത്തക തന്റെ സ്വകാര്യ ജീവിതം വെളിപ്പെടുത്തിയതിന്റെ പേരില്‍ പത്രക്കാര്‍ക്കെതിരെ കേസ് കൊടുത്തു ജയിച്ചതും, പിന്നീട് തന്റെ പ്രണയജീവിത കഥകള്‍ പുസ്തകമാക്കി മില്യന്‍ കണക്കിന് ഡോളര്‍ സമ്പാദിച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച ഫ്രാന്‍സിന്റെ അവകാശവാദങ്ങളെ പരിഹാസ്യമാക്കുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനും 'മിഡില്‍ ഈസ്റ്റ് ഐ' എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ചീഫ് എഡിറ്ററുമായ ഡേവിഡ് ഹെഴ്സ്റ്റ് (David Hearst) 2015-ലെ ഷാര്‍ലി ഹെബ്‌ദോ ആക്രമണത്തെ തുടര്‍ന്ന് History did not start in Paris (ചരിത്രം പാരീസില്‍ നിന്നല്ല തുടങ്ങിയത്) എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതിയിരുന്നു. ആക്രമണത്തെ അപലപിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കാനും അന്ന് പാരീസില്‍ ഒത്തുകൂടിയ ലോകനേതാക്കളുടെ പട്ടികയിലേക്കാണ് ഹേഴ്സ്റ്റ് ആ ലേഖനത്തില്‍ വിരല്‍ ചൂണ്ടിയത്. അവരുടെ കൂട്ടത്തില്‍ ജോര്‍ദാനിലെ അബ്ദുല്ലാ രാജാവും ഈജിപ്തിലെ ആദ്യത്തെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന അബ്ദുല്‍ ഫത്താഹ് സീസിയുടെ വിദേശകാര്യ മന്ത്രിയുമുണ്ടായിരുന്നു. അവരോട് തോളുചേര്‍ന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നത്.
'നൂറ്റാണ്ടുകളുടെ (പടിഞ്ഞാറിന്റെ) കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ സൈനിക ഇപെടലുകള്‍ രണ്ടു തരം ഇരകളെ സൃഷ്ടിച്ചിരിക്കുന്നു. ഒരു കൂട്ടര്‍ പേരുകള്‍ ഉള്ളവര്‍. മരിച്ചുവീണ പട്ടാളക്കാര്‍, വധിക്കപ്പെട്ട തടവുകാര്‍, ഷാര്‍ലി ഹെബ്‌ദോയുടെ എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍. രണ്ടാമത്തെ വിഭാഗം വെറും അക്കങ്ങളാണ്. മില്യന്‍ കണക്കിന് അള്‍ജീരിയക്കാര്‍, മൊറോക്കോക്കാര്‍, ഇറാഖികള്‍, സിറിയക്കാര്‍, ഈജിപ്തുകാര്‍, യമനികള്‍, ലിബിയക്കാര്‍, ഫലസ്ത്വീനികള്‍. ഒരു കൂട്ടര്‍ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം എന്ന സോപ്പുകുമിളയുടെ ഭാഗമാണ്. മറ്റേ കൂട്ടര്‍ അരാജകവും അപരിഷ്‌കൃതവുമായ പുറംലോകത്തിന്റെ ഭാഗം'- ഹേഴ്സ്റ്റ് എഴുതി.
ഷാര്‍ലി ഹെബ്‌ദോ സംഭവത്തെയും സ്വീഡനിലെ കലാപത്തെയും സമാനമായ മറ്റു സംഭവങ്ങളെയും മുന്‍നിര്‍ത്തി ഇസ്‌ലാമിന്റെ സഹിഷ്ണുതയെ വിചാരണ ചെയ്യുന്നവരുടെ മുന്നില്‍ ഒരു ചിത്രമേയുള്ളൂ: പ്രകോപിതരാവുന്ന മുസ്‌ലിംകള്‍, അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍. അവരുടെ ചോദ്യങ്ങള്‍ അതീവ ലളിതമാണ്: ഒരു കാര്‍ട്ടൂണ്‍ വരച്ചതിന് ഇങ്ങനെ പ്രകോപിതരാവുകയോ? ഒരു പുസ്തകം കത്തിച്ചതിന് തെരുവിലിറങ്ങുകയോ? ഒരു വലിയ ജനസമൂഹത്തിന്റെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ വരക്കുന്നതും വേദപുസ്തകം കത്തിക്കുന്നതും എന്തിനു വേണ്ടി എന്നവര്‍ ഒരിക്കലും ചോദിക്കില്ല. ഹേഴ്സ്റ്റ് പറഞ്ഞ പേരില്ലാത്ത മില്യന്‍ കണക്കിന് ഇരകള്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നവര്‍ ചോദിക്കില്ല. ആ ഇരകളില്‍ ആരെങ്കിലും എവിടെയെങ്കിലും പൊട്ടിത്തെറിക്കുകയും പേരും മേല്‍വിലാസവുമുള്ള ആരെങ്കിലും കൊല്ലപ്പെടുകയും ചെയ്താല്‍ ആയിരം ചോദ്യങ്ങളുമായി അവര്‍ വരും; പൊട്ടിത്തെറിച്ചവരുടെ മതവും പേരും ചികഞ്ഞ് ഇസ്‌ലാമിനെ തൂക്കുമരത്തില്‍ കയറ്റാന്‍. കൊളോണിയല്‍ അധിനിവേശങ്ങള്‍ അനാഥമാക്കിയ പേരില്ലാത്ത പതിനായിരങ്ങളാണ് ചരിത്രത്തിന്റെ കാവ്യനീതി പോലെ ഇപ്പോള്‍ അഭയാര്‍ഥികളായും കുടിയേറ്റക്കാരായും പടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. അവരോട് കാണിക്കുന്ന ഇത്തിരി 'ഔദാര്യ'വുമാണ് പടിഞ്ഞാറിന്റെ മഹത്തായ മനുഷ്യാവകാശബോധമായി കൊട്ടിഘോഷിക്കപ്പെടുന്നത്.
ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാ വ്യക്തിത്വങ്ങളെ അപഹസിച്ചുകൊണ്ട് ആരെങ്കിലും എഴുതുകയോ പ്രസംഗിക്കുകയോ കാര്‍ട്ടൂണ്‍ വരക്കുകയോ ചെയ്താല്‍ യഥാര്‍ഥത്തില്‍ അപഹസിക്കപ്പെടുന്നത് ജനലക്ഷങ്ങളുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ വ്യക്തിത്വങ്ങളല്ല, അവരെ നിന്ദിക്കുന്നവരുടെ വിഷലിപ്തമായ മനസ്സുകളാണ്. അവര്‍ കുഴിക്കുന്ന ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള വിവേകവും തിരിച്ചറിവും വിശ്വാസികള്‍ ആര്‍ജിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ഭദ്രതയെയും സമാധാനത്തെയും ശിഥിലമാക്കുന്ന ആസൂത്രിതമായ പ്രകോപനങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ കഴിയുമോ എന്നതാണ് കാതലായ ചോദ്യം. അതിന്റെ പിറകില്‍ വംശവെറിയുടെയും മുസ്‌ലിം വിരുദ്ധതയുടെയും വൃത്തികെട്ട അജണ്ടകള്‍ ഒളിഞ്ഞിരിക്കുമ്പോള്‍ വിശേഷിച്ചും. വെറുപ്പിന്റെയും അസഹിഷ്ണതയുടെയും പര്യായമായി മാറിയ സൈബര്‍ നാസ്തികര്‍ക്കും ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കും ഷാര്‍ലി ഹെബ്‌ദോ പ്രിയങ്കരമായിത്തീരുന്നതിന്റെ രാഷ്ട്രീയവും ഇതുതന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി