Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

ബോംബെയില്‍നിന്ന് വന്ന അജ്ഞാത കത്ത്

ഡോ. മുസ്തഫ കമാല്‍ പാഷ

(ജീവിതം - രണ്ട്)

കക്ഷത്ത് പ്രബോധനവുമായി ഡിഗ്രി ക്ലാസ് വരാന്തയിലൂടെ നടക്കുന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു.  പേര് പൂവഞ്ചേരി മുഹമ്മദ്. സജീവ ജമാഅത്ത് പ്രവര്‍ത്തകന്‍. എന്റെ ക്ലാസ്സിലല്ലെങ്കിലും ഞങ്ങള്‍ ഡിഗ്രി ഒരേ ബാച്ചിലായിരുന്നു. ജമാഅത്തെ ഇസ്ലാമിയിലേക്കുള്ള വാതില്‍ എന്റെ മുമ്പില്‍ തുറന്നുവെച്ചത് അദ്ദേഹമാണ്. പൂവഞ്ചേരി എപ്പോഴും പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ എന്നോട് പങ്കുവെക്കും. അങ്ങനെ ഞാന്‍ റേഡിയന്‍സിന്റെ വായനക്കാരനായി. കേന്ദ്ര ജമാഅത്ത് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് വാരികയാണത്. വൈകാതെ ഫാറൂഖ് കോളേജിലെ റേഡിയന്‍സിന്റെ ഏജന്റുമായി. അധ്യാപകരില്‍ പലരെയും വരിചേര്‍ത്തു. റേഡിയന്‍സ് വായിച്ചാല്‍ ഇസ്ലാമികമായ അറിവ് ലഭിക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുകയും ചെയ്യുമെന്ന്  വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. വിദ്യാര്‍ഥികളില്‍ കുറച്ചു പേരും വരിക്കായി.
ബി.എ ഇക്കണോമിക്‌സിന്റെ സിലബസ് പരിശോധിച്ചു.  ആറുമാസം പഠിക്കാനുള്ളതേ അതിലുള്ളൂ എന്ന്  മനസ്സിലായി. ക്ലാസിനു പുറമെ സിലബസ് പഠനത്തിനു വേണ്ടി ആറുമാസത്തില്‍ കൂടുതല്‍ ചെലവഴിക്കില്ല എന്ന് അപ്പോള്‍ തന്നെ ഉറപ്പിച്ചു. അങ്ങനെയെങ്കില്‍ മിച്ചംവരുന്ന രണ്ടര വര്‍ഷം എന്തു ചെയ്യും? ആ ആലോചനയില്‍ നിന്നാണ് ഖുര്‍ആന്‍ പഠനത്തിലേക്ക് ഞാന്‍ തിരിയുന്നത്. അന്നാണെങ്കില്‍  മലയാളത്തില്‍  ഖുര്‍ആന്‍ പരിഭാഷ ലഭ്യമായിരുന്നില്ല. അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ പഠിക്കാന്‍ തെരഞ്ഞെടുത്തത്. പിന്നീട് രാവും പകലും ഖുര്‍ആന്‍ പഠനം തന്നെയായിരുന്നു.  യൂസഫലിയുടെ ഖുര്‍ആന്‍ പരിഭാഷ വായിച്ചപ്പോള്‍ മറ്റൊരു ഗുണം കൂടിയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടാനായി എന്നതാണ് അത്. രണ്ടു കൊല്ലം കൊണ്ട്  ഖുര്‍ആന്‍ പഠനം പൂര്‍ത്തിയായി. എന്റെ ആസൂത്രണം അനുസരിച്ച് പിന്നെയും ആറു മാസം ബാക്കിയുണ്ട്. കോളേജിലെ ലൈബ്രറിയില്‍ അഭയം തേടാമെന്ന് വിചാരിച്ചു. പക്ഷേ അവിടെ ഇസ്ലാമിക പുസ്തകങ്ങള്‍ കുറവായിരുന്നു. ഉള്ള പുസ്തകങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി. അതും തീര്‍ന്നപ്പോള്‍ ഫറോക്ക് പേട്ടയില്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ ലൈബ്രറി  ഉണ്ടെന്നറിഞ്ഞു. പിന്നെ അതായി എന്റെ താവളം. അന്നുവരെ ഇറങ്ങിയ മുഴുവന്‍ ജമാഅത്ത് സാഹിത്യങ്ങളും ലൈബ്രറിയില്‍നിന്ന് വായിച്ചു. കോളേജിലെ മെയിന്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന എം.എ പരീദിന്റെ കൈവശം പഴയ പ്രബോധനത്തിന്റെ കെട്ടുകളുണ്ടായിരുന്നു. കൊച്ചിക്കാരന്‍ എ.എച്ച് അബൂബക്കറിന്റെ കൈയില്‍ പെരുമ്പാവൂര്‍ മജീദ് മരക്കാര്‍ പ്രസിദ്ധീകരിച്ച കുറേ പുസ്തകങ്ങളുമുണ്ട്. ഇതൊക്കെ  ഒഴിവുസമയങ്ങളിലെ എന്റെ വായനാ വിഭവങ്ങളായിരുന്നു. ഇങ്ങനെ ഡിഗ്രി പൂര്‍ത്തിയാകുമ്പോഴേക്കും ഇസ്ലാമിനെ കുറിച്ച് അത്യാവശ്യം അറിവ് സമ്പാദിക്കാന്‍ സാധിച്ചു.
പൂവഞ്ചേരി മുഹമ്മദ് മുഖേന ജമാഅത്തുമായി കൂടുതല്‍ അടുക്കാന്‍ അവസരം ലഭിച്ചു. ഐ.പി.എച്ചും ജമാഅത്തിന്റെ സംസ്ഥാന ഓഫീസും ഞാന്‍ സ്വയം അന്വേഷിച്ച് കണ്ടുപിടിച്ചു.  പിന്നീട് ഒഴിവു കിട്ടുമ്പോള്‍ ഇടക്കിടെ അവിടെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു.  അങ്ങോട്ട് പോകുമ്പോള്‍ കൂട്ടുകാരെയും കൂടെ കൂട്ടും. അവര്‍ക്കും പ്രസ്ഥാനവുമായി ഒരു ബന്ധം ഉണ്ടായിക്കോട്ടേയെന്ന് കരുതി.  കോഴിക്കോട്ട്  ഇസ്ലാമികമായ എന്തു പരിപാടി ആരു സംഘടിപ്പിച്ചാലും അതില്‍ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ കുറേ സംഘടനാ നേതാക്കളുമായി ബന്ധമുണ്ടാക്കാന്‍ സാധിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുമായി നല്ല സൗഹൃദത്തിലായിരുന്നു.  അദ്ദേഹത്തിന്റെ വാപ്പ പൂക്കോയ തങ്ങളുമായി എന്റെ ഉപ്പാക്കും ബന്ധമുണ്ടായിരുന്നു. മുഹമ്മദലി  ശിഹാബ് തങ്ങളുമായുള്ള സൗഹൃദം മരണംവരെ മങ്ങാതെ നിലനിന്നു. അദ്ദേഹം എന്റെ വീടും ഞാന്‍ അദ്ദേഹത്തിന്റെ വീടും സന്ദര്‍ശിക്കാറുണ്ടായിരുന്നു. 
ഒരിക്കല്‍, വൈലിത്തറ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ വഅള് പരിപാടി കരുവന്തിരുത്തിയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. കുറച്ച് കൂട്ടുകാരെയും കൂട്ടി ഞാന്‍ രാത്രി അഴിഞ്ഞിലം പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് തോണിയില്‍ കരുവന്തിരുത്തിയിലേക്ക്. യാത്രയിലുടനീളം ധാരാളം ദീനീ കാര്യങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ചു. പൊതുവെ യാത്രയില്‍ നടത്തുന്ന സംഭാഷണങ്ങള്‍  കൂടുതല്‍ ഹൃദയത്തില്‍ തട്ടുന്നതായിരിക്കും. പില്‍ക്കാലത്താണ് ഞാന്‍ അതിന്റെ ഫലം തിരിച്ചറിഞ്ഞത്. ഫാറൂഖ് കോളേജിലെ പഠനം കഴിഞ്ഞ് രണ്ടു മൂന്ന് വര്‍ഷത്തിനു ശേഷം ബോംബെയില്‍നിന്ന് എനിക്ക് ഒരു കത്ത് ലഭിക്കുകയുണ്ടായി.  എഴുതിയത് ആരാണെന്ന് മനസ്സിലായില്ല. എങ്കിലും ഞാന്‍ മറുപടിക്കത്ത് അയച്ചു. ആളാരാണെന്നറിയാതെ വര്‍ഷങ്ങളോളം ഈ കത്തിടപാടുകള്‍ തുടര്‍ന്നു. ഒരിക്കല്‍ നേരിട്ട് കണ്ടപ്പോള്‍ താനാണ് കത്തയച്ചതെന്ന് അയാള്‍ സ്വയം വെളിപ്പെടുത്തി. കോളേജില്‍ കൂടെ പഠിച്ച അബൂബക്കറായിരുന്നു അത്.
ക്രോസ്‌കണ്‍ട്രി അബൂബക്കര്‍ എന്ന പേരിലാണ് അദ്ദേഹം കോളേജില്‍ അറിയപ്പെട്ടിരുന്നത്. ആ പേരു വീഴാന്‍ ഒരു കാരണമുണ്ട്. ഫാറൂഖ് കോളേജില്‍നിന്ന് നോക്കിയാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വാച്ച്ടവര്‍ കാണാമായിരുന്നു. ഒരു ദിവസം അബൂബക്കര്‍ വാച്ച്ടവര്‍ ലക്ഷ്യമാക്കി  കോളേജില്‍നിന്ന് നേരെ നടക്കാന്‍ തുടങ്ങി. വഴിയിലുണ്ടായിരുന്ന പുഴ കടന്ന്, വേലികള്‍ ചാടി,  കുന്നും മലയും വയലുകളും താണ്ടി ടവറിലെത്തി. അങ്ങനെയാണ് ക്രോസ്‌കണ്‍ട്രി എന്ന പേര് ലഭിച്ചത്. അദ്ദേഹത്തിന് പ്രീ  മെഡിസിന്‍ അഡ്മിഷന്‍ കിട്ടിയിരുന്നു. പക്ഷേ അത് ഉപേക്ഷിച്ച് ബോംബെയിലെ ഒരു ഇന്റസ്ട്രിയല്‍ കമ്പനിയില്‍  ജോലിക്ക് ചേര്‍ന്നു. ആ തീരുമാനത്തിനു പിന്നില്‍ ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ വാപ്പ മരിച്ചിരുന്നു. ഒരു ലോറിയാണ് അവര്‍ക്ക് പൈതൃകമായി ലഭിച്ചത്. ഡ്രൈവറാണ് ലോറി കൊണ്ടുനടന്നിരുന്നത്. ലോറിയിലൂടെ  ലഭിക്കുന്ന വരുമാനം ഡ്രൈവര്‍ അബൂബക്കറിന്റെ കുടുംബത്തിന് മുഴുവനായും നല്‍കിയിരുന്നില്ല. ഇക്കാര്യം അവന് വൈകിയാണെങ്കിലും മനസ്സിലായി. ലോറി എത്ര ദൂരം ഓടിയെന്നോ, എത്ര ഭാരം കയറ്റിയെന്നോ അറിയാനുള്ള മാര്‍ഗമില്ലായിരുന്നു. അതിനൊരു മാര്‍ഗം കണ്ടുപിടിക്കണം എന്നായി പിന്നീട് അബൂബക്കറിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ്  ബോംബെയിലെ ഇന്റസ്ട്രിയില്‍ ചേര്‍ന്നത്. പകല്‍ ഇന്റസ്ട്രിയില്‍ ജോലി ചെയ്യും. രാത്രി ഗവേഷണവും നടത്തും. അങ്ങനെ ട്രക്ക് മൊമെന്റോഗ്രാഫര്‍ എന്നൊരു യന്ത്രം അവന്‍ കണ്ടുപിടിച്ചു. അതിന്റെ പേരില്‍ ഗവണ്‍മെന്റില്‍നിന്ന് ഒരു ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചു. ആ പണംകൊണ്ട് കാസര്‍കോട് ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ 'എല്ലിയാട്ട് ഇന്റസ്ട്രീസ്' എന്ന പേരില്‍ ഫാക്ടറി തുടങ്ങി. അതിന്റെ  ഉദ്ഘാടനം ഞാന്‍ നിര്‍വഹിക്കണമെന്ന് അവന് നിര്‍ബന്ധം. എന്നോട് ഇത്ര മാത്രം ദൃഢബന്ധമുണ്ടാകാന്‍ കാരണമെന്താണെന്ന് അബൂബക്കറിനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞതിങ്ങനെ: 'അന്ന് രാത്രി നടത്തിയ തോണി യാത്രയില്‍ നീ പങ്കുവെച്ച ദീനീകാര്യങ്ങള്‍ എന്റെ മനസ്സില്‍ മായാതെ കിടന്നു. കാലം ചെല്ലുന്തോറും പരസ്പരം അകലെയാണെങ്കിലും നിന്നോടുള്ള അടുപ്പം കൂടിവരികയായിരുന്നു.'
ഫാറൂഖ് കോളേജിലെ പഠനകാലം  അവസാനത്തോടടുത്തു. പുതിയ അറിവുകളും അനുഭവങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളും സമ്മാനിച്ച മൂന്നു വര്‍ഷക്കാലം. ഖുര്‍ആന്റെ തീരത്ത് ചിന്താമഗ്നനായിരുന്ന നിമിഷങ്ങള്‍. ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന സങ്കടത്തോടെ പ്രിയ കോളേജിന്റെ പടിയിറങ്ങി. എന്റെ സീനിയറായിരുന്ന  മുഹമ്മദ് ഹസന്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ പി.ജി ചെയ്യുന്നുണ്ടായിരുന്നു. മുഹമ്മദ് ഹസന്‍ എനിക്ക് എഴുതിയിരുന്ന കത്തുകളില്‍ അലീഗഢിന്റെ പോരിശ വര്‍ണിക്കുമായിരുന്നു. അലീഗഢില്‍ പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ അന്നുതന്നെ മുളപൊട്ടിയിരുന്നു. എന്നാല്‍ അക്കൊല്ലം  ഡിഗ്രി റിസല്‍ട്ട് വളരെ വൈകിയാണ് വന്നത്. അലീഗഢില്‍ പി.ജിക്ക് അപേക്ഷിക്കേണ്ട സമയം അവസാനിക്കാറായി. റിസല്‍ട്ട് എത്തിയതും ഞങ്ങള്‍ നാലഞ്ചു പേര്‍ അലീഗഢിലേക്ക് വണ്ടികയറി. ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്ത് പോകാനുള്ള സൗകര്യം ഉണ്ടെന്ന കാര്യം അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ദുരിതം പിടിച്ച യാത്രയായിരുന്നു അത്. ട്രെയിനുകള്‍ പലതും മാറിമാറി കയറി അഞ്ചു ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ അലീഗഢില്‍ എത്തിയത്. അപ്പോഴേക്കും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും കഴിഞ്ഞിരുന്നു.
അഞ്ചു ദിവസത്തെ യാത്ര കാരണം ശരീരം ക്ഷീണിച്ചിരുന്നു. അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ മനസ്സും ക്ഷീണിച്ചു. അലീഗഢിലെ പി.ആര്‍ ഓഫീസറായ ഇസ്ഹാഖ് സാര്‍ മലയാളിയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ചെന്നു കാണുകയും  റെക്കമന്റ് ചെയ്യണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അദ്ദേഹം അത് സമ്മതിച്ചു. കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ തല്‍ക്കാലം ഹോസ്റ്റലില്‍ തങ്ങാന്‍ നിര്‍ദേശിച്ചു.  ഹോസ്റ്റലില്‍ രാത്രി ഞങ്ങളെ വരവേറ്റത് റാഗിംഗായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പുതിയ കുട്ടികളെ പല രീതിയില്‍ റാഗിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞങ്ങള്‍ ചെന്നുപെട്ടത്. അവര്‍ ഞങ്ങളെയും റാഗിംഗ് ചെയ്യാന്‍  ഒരുങ്ങി. തലകുനിച്ച് ലഖ്‌നൗ മോഡല്‍ സലാം പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കൂ എന്ന് ഞാന്‍ പറഞ്ഞു. രണ്ടു മൂന്നു പേര്‍ എന്റെ തല പിടിച്ച് കുനിക്കാന്‍ ശ്രമിച്ചു. ഞാന്‍ കുതറിമാറിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് ഞാന്‍ പറഞ്ഞ കാര്യത്തിന്റെ ഗൗരവം മനസ്സിലായി. അവന്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്നു. 'ഇവന്‍ പറയുന്നത് ശരിയാണ്. അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കാന്‍ പാടുള്ളൂ. അവനെ വിട്ടേക്ക്' എന്നു പറഞ്ഞ് മറ്റുള്ളവരെ അവന്‍ പിന്തിരിപ്പിച്ചു. അങ്ങനെ റാഗിംഗില്‍നിന്ന് രക്ഷപ്പെട്ടു. ആ എം.ബി.ബി.എസുകാരന്‍ പിന്നീട് എന്റെ അടുത്ത സുഹൃത്തായി മാറി.
ഹോസ്റ്റലില്‍ താമസം ഒരാഴ്ച പിന്നിട്ടു. അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങള്‍. സമയത്തിന് സമര്‍പ്പിക്കാത്തതിനാല്‍  അപേക്ഷ തള്ളപ്പെട്ടതായി ഇസ്ഹാഖ് സാര്‍ ഞങ്ങളെ അറിയിച്ചു. കുറച്ചുകാലമായി മനസ്സില്‍ കൊണ്ടുനടന്ന അലീഗഢ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകില്ലെന്ന് അറിഞ്ഞപ്പോള്‍ മനസ്സ് വേദനിച്ചു.
ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. നേരെ വീട്ടിലേക്ക് പോകാന്‍ ഒരു മടി. ഏതെങ്കിലും കോഴ്‌സിന് ചേര്‍ന്നിട്ട്  വീട്ടില്‍ കയറാമെന്ന് കരുതി. അന്ന് ഗുരുവായൂരപ്പന്‍ കോളേജില്‍ മാത്രമാണ് എം.എ ഇക്കണോമിക്‌സ്  ഉണ്ടായിരുന്നത്. എം.എ ഹിസ്റ്ററിയാണെങ്കില്‍ പത്തനംതിട്ടയില്‍ മാത്രവും. ഗുരുവായൂരപ്പന്‍ കോളേജില്‍ അഡ്മിഷന്‍ അവസാനിച്ചിരിക്കുന്നു. 'ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍' (എച്ച്.ഡി.സി) എന്ന കോഴ്‌സിനെ കുറച്ച് ആ സന്ദര്‍ഭത്തിലാണ് ഞാന്‍ അറിയുന്നത്. ഇക്കൊല്ലം അതില്‍ ചേര്‍ന്ന് അടുത്ത വര്‍ഷം എം.എ ഇക്കണോമിക്‌സിന് പോകാം എന്ന് തീരുമാനിച്ചു. അത് ഈവനിംഗ് കോഴ്‌സായിരുന്നു. ക്ലാസ് സമയം വൈകുന്നേരം ആറു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ. ആദ്യദിവസത്തെ ക്ലാസ് കഴിഞ്ഞതും ഞാന്‍ വല്ലാതെ അസ്വസ്ഥനായി. മഗ്രിബ് നമസ്‌കാരം കിട്ടുന്നില്ല എന്നതു തന്നെ കാരണം. ആ കോഴ്‌സ് തുടരാന്‍ മനസ്സ് ഒരു നിലക്കും അനുവദിക്കുന്നില്ല. എന്തെങ്കിലും ജോലി കിട്ടുമോ എന്നന്വേഷിച്ച് ചന്ദ്രിക പ്രസ്സില്‍ പോയി. സീതി സാഹിബിനെ കണ്ടാല്‍ മാത്രമേ ഇവിടെ ജോലി കിട്ടാന്‍ സാധ്യതയുള്ളൂ എന്ന് പ്രസ്സിലുള്ളവര്‍ പറഞ്ഞു. അതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ശേഷം വീട്ടിലേക്ക് തിരിച്ചു. എന്റെ കത്ത് കിട്ടാതെയും വിവരങ്ങള്‍ അറിയാതെയും വീട്ടുകാര്‍ ബേജാറിലായിരുന്നു. ഇനിയെന്ത് എന്ന ചോദ്യം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ,  വിദ്യാര്‍ഥിയുടെ കുപ്പായം അഴിച്ചുവെച്ച് കച്ചവടക്കാരന്റെ വേഷം ധരിക്കാന്‍ തീരുമാനിച്ചു. ഉപ്പയുടെ കട കൂടാതെ സ്വന്തമായി ഒരു കട കൂടി തുടങ്ങാന്‍ ആലോചിച്ചു. ഞാന്‍ ഒരു കടമുറി ഒപ്പിച്ചു. അതിനിടയിലാണ് ഒരു ടെലഗ്രാം വരുന്നത്. അലീഗഢില്‍നിന്നായിരുന്നു അത്.  'നിങ്ങളുടേതല്ലാത്ത കാരണത്താല്‍ മടങ്ങേണ്ടിവന്നതിനാല്‍ നിങ്ങള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയിരിക്കുന്നു'- ഇതായിരുന്നു ടെലഗ്രാം സന്ദേശം. അലീഗഢിലെ സീനിയര്‍മാര്‍ ഒപ്പിച്ച പണിയായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വി.സിയുടെ ഒപ്പോടു കൂടിയ കത്തും വന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ കൂടെ കൂട്ടി 1966-ല്‍ ചരിത്രമുറങ്ങുന്ന അലീഗഢിലേക്ക് ഞാന്‍ യാത്രതിരിച്ചു. വിക്‌ടോറിയ കവാടം കടന്ന് വിദ്യാര്‍ഥികളില്‍ ഒരാളായി കാമ്പസ് മുറ്റത്ത് എത്തിയപ്പോള്‍ അനുഭവപ്പെട്ട അനുഭൂതി അവര്‍ണനീയം തന്നെ. ക്ലാസുകള്‍ ആരംഭിച്ചു. രണ്ട് പ്രതിസന്ധികള്‍ ഞാന്‍ നേരിട്ടു. ഭക്ഷണം ശരിയാകുന്നില്ല എന്നത് ഒന്നാമത്തെ പ്രശ്‌നം. തുടര്‍ച്ചയായ ഛര്‍ദിയും വയറിളക്കവും. ക്ലാസിലെടുക്കുന്ന കാര്യങ്ങള്‍  മനസ്സിലാകാത്തത് മറ്റൊരു പ്രശ്‌നം. ബി.എ ഹിസ്റ്ററി പഠിക്കാത്തതുകൊണ്ട് എം.എ ഹിസ്റ്ററിയിലെ സിലബസ് പെട്ടെന്ന് വഴങ്ങുന്നില്ല. എനിക്ക് ആകപ്പാടെ മടുത്തു. നാട്ടിലേക്ക് മടങ്ങിയാലോ എന്ന് വിചാരിച്ചു. ഇക്കാര്യം ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: 'ഇതൊന്നും ഒരു വലിയ പ്രശ്‌നമല്ല. ഷംഷാദ് മാര്‍ക്കറ്റില്‍ ബി.എ ഹിസ്റ്ററിയുടെ പഴയ പുസ്തകങ്ങള്‍ ഉണ്ടാകും. അത് വാങ്ങി ഒരു തവണ വായിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്. കുറച്ച് ദിവസം കഴിഞ്ഞാല്‍ ഇവിടത്തെ ഭക്ഷണവിഭവങ്ങളുമായി പൊരുത്തപ്പെടാനും സാധിക്കും.' പഴയ പുസ്തകങ്ങള്‍ വാങ്ങി ഞാന്‍ ഒരു ആവൃത്തി വായിച്ചു. അതോടെ ക്ലാസിലെടുക്കുന്നതെല്ലാം മനസ്സിലാകാന്‍ തുടങ്ങി. എന്നല്ല മറ്റുള്ളവരേക്കാള്‍ മുന്നിലെത്തുന്ന അവസ്ഥയുണ്ടായി.
അലീഗഢിലെ അന്തരീക്ഷമാണ് എന്നില്‍ ഗവേഷണശീലം രൂപപ്പെടുത്തിയത്. പ്രമുഖ ചരിത്രകാരന്മാരായ പ്രഫ. മുഹമ്മദ് ഹബീബ്, പ്രഫ. ഇര്‍ഫാന്‍ ഹബീബ്,  പ്രഫ. നൂറുല്‍ ഹസന്‍ (മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി) തുടങ്ങിയവരുടെ ശിഷ്യനാകാന്‍ ഭാഗ്യം ലഭിച്ചു. ക്ലാസ്സിനകത്തും പുറത്തും അവരുമായി ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും ഞാന്‍ നടത്തുമായിരുന്നു. അത് എന്നിലെ ചരിത്രാന്വേഷിക്കു മുന്നില്‍ ധാരാളം വാതിലുകള്‍ തുറന്നിട്ടു. അലീഗഢിലെ പ്രഫസര്‍മാര്‍ ഗവേഷണതല്‍പരരായിരുന്നു. രാത്രി പന്ത്രണ്ടു മണിക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോയാലും ഒന്നോ രണ്ടോ പ്രഫസര്‍മാര്‍ അവിടെ വായനയിലും എഴുത്തിലും മുഴുകിയിരിക്കുന്നുണ്ടാകും. നിരന്തരം പ്രബന്ധം അവതരിപ്പിക്കലും പുസ്തകം എഴുതലുമൊക്കെ അവരുടെ ജീവിത ശൈലിയായിരുന്നു. ലൈബ്രറിയായിരുന്നു അലീഗഢിലെ ഏറ്റവും വലിയ ലോകം. ആസാദ് ലൈബ്രറി വിജ്ഞാനത്തെ പ്രണയിക്കുന്നവരുടെ സംഗമസ്ഥലമായിരുന്നു. ലൈബ്രറിയില്‍ മാത്രം നൂറിലധികം സ്റ്റാഫുകള്‍. ലൈബ്രറി ഓറിയന്റഡ് വിദ്യാഭ്യാസമായിരുന്നു അലീഗഢില്‍ ഉണ്ടായിരുന്നത്. പാതിരാത്രി കാമ്പസിലെ എല്ലാ കെട്ടിടങ്ങളും ഉറങ്ങിക്കിടക്കുമ്പോള്‍ ലൈബ്രറി മാത്രം ഉണര്‍ന്നിരിക്കും. അലീഗഢിലെ പഠനകാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ലൈബ്രറിയിലായിരുന്നു.
അലീഗഢില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കുറേ പ്രവര്‍ത്തകരെ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ തബ്‌ലീഗ് ജമാഅത്തിനെയാണ് കാര്യമായി അവിടെ കണ്ടത്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ കണ്ടുപിടിക്കാനായി നഗരത്തിലൂടെ നടന്നു. ഒരു ബുക്സ്റ്റാളില്‍ റേഡിയന്‍സ് വാരിക തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. 'ഈ വാരിക സ്ഥിരമായി വായിക്കുന്ന ആരെയെങ്കിലും അറിയുമോ?' ഞാന്‍ പീടികക്കാരനോട് ചോദിച്ചു. 'യൂനിവേഴ്‌സിറ്റി പേര്‍ഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. മുംതാസ് അലി ഖാന്‍ എല്ലാ ലക്കങ്ങളും വാങ്ങിക്കാറുണ്ട്'. അയാള്‍ മറുപടി നല്‍കി. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അദ്ദേഹം മുഖേന ജമാഅത്ത് ഹല്‍ഖയുമായി ബന്ധപ്പെട്ടു. മലയാളി വിദ്യാര്‍ഥികളെയും മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് വന്ന കുറച്ച് മുസ്ലിം വിദ്യാര്‍ഥികളെയും പള്ളിയില്‍ വെച്ച് പരിചയപ്പെട്ടു. അവരെ ഒരുമിച്ചുകൂട്ടി ഇസ്ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ രൂപീകരിച്ചു. ജമാഅത്ത് ഓഫീസില്‍ അതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തന്നു. കുറേ കാലം ആ കൂട്ടായ്മ മുന്നോട്ടു പോയി. അന്ന് അലീഗഢില്‍   ജമാഅത്ത് പ്രവര്‍ത്തനം പൊതുവെ കുറവായിരുന്നു. അതുകൊണ്ടുതന്നെ തബ്‌ലീഗുമായി കൂടുതല്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരമുണ്ടായി. ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. തബ്‌ലീഗ് പ്രവര്‍ത്തകരോടൊപ്പം വിവിധ ഗ്രാമങ്ങളിലേക്ക് ജമാഅത്തിന് പോകുമായിരുന്നു.
കേരളത്തില്‍ നിരീശ്വരവാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ആ വിഷയം കൂടുതല്‍ ആഴത്തില്‍ പഠിച്ച് വൈജ്ഞാനികമായ പ്രതിരോധം തീര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. 'ശാസ്ത്രവും ദൈവാസ്തിത്വവും' എന്ന പുസ്തകം എഴുതുന്നതു സംബന്ധിച്ച ആലോചന തുടങ്ങുന്നത് അങ്ങനെയാണ്. ഈ പുസ്തകം എഴുതാനുള്ള  വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കുന്നത് അലീഗഢ് ലൈബ്രറിയില്‍നിന്നാണ്. അലീഗഢിലെ അവസാന വര്‍ഷ പരീക്ഷയും അവസാനിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എല്ലാവരും നാട്ടിലേക്കു മടങ്ങി. ഞാന്‍ മാത്രം കാമ്പസില്‍ തന്നെ തങ്ങി. പുസ്തകത്തിന് ആവശ്യമായ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ഞാന്‍ നാട്ടിലേക്ക് പോയത്. 'ശാസ്ത്രവും ദൈവാസ്തിത്വവും' എന്ന എന്റെ പഠനം ഖണ്ഡശ്ശയായി പ്രബോധനം മാസികയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് അത് പുസ്തകമാക്കി.
1968-ല്‍  അലീഗഢിലെ  പഠനം പൂര്‍ത്തിയായി. അതേ വര്‍ഷം തന്നെയാണ് മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച പി.എസ്.എം.ഒ (പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ്) കോളേജ് ആരംഭിക്കുന്നതും. കോളേജില്‍ അധ്യാപകനാകാന്‍ പി.ജിക്ക് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണെന്ന നിയമം അക്കൊല്ലമാണ് നിലവില്‍ വന്നത്. ഞാന്‍ എം.എ റിസല്‍ട്ടും കാത്തിരിക്കുകയാണ്. പി.എസ്.എം.ഒ കോളേജില്‍ ലക്ചറര്‍ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുന്നുണ്ടെന്ന കാര്യം അപ്പോഴാണ് അറിയുന്നത്. ഞാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. 50 ശതമാനം മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പു തരികയാണെങ്കില്‍ അപ്പോയിന്റ് ചെയ്യാം എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്‍ശാ അല്ലാഹ്, മിക്കവാറും കിട്ടുമെന്ന് മറുപടി നല്‍കി. അങ്ങനെ ഹിസ്റ്ററി, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഹെഡായി പി.എസ്.എം.ഒ കോളേജില്‍ അധ്യാപനം ആരംഭിച്ചു.  അന്നു മുതല്‍ 2001 വരെ, നീണ്ട 32 വര്‍ഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു. പി.എസ്.എം.ഒ കോളേജിന്റെ ശൈശവം, ബാല്യം, കൗമാരം, യൗവനം തുടങ്ങി കോളേജിന്റെ ഓരോ അടക്കവും അനക്കവും മിടിപ്പും വളര്‍ച്ചയും നേരിട്ട് അനുഭവിക്കുകയും അതിനോടൊപ്പം സഞ്ചരിക്കുകയും ചെയ്ത മൂന്ന് പതിറ്റാണ്ട്. കോളേജിലെ ആദ്യ ക്ലാസ് ഞാനും പ്രിന്‍സിപ്പല്‍ അഹ്മദ് കുട്ടി സാഹിബുമാണ് എടുത്തത്. തുടക്കത്തില്‍ കോളേജിന് സ്വന്തമായ കെട്ടിടമോ കോമ്പൗണ്ടോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അധ്യാപകരില്ലാത്ത പിരീഡുകളില്‍ വിദ്യാര്‍ഥികള്‍ അങ്ങാടിയിലേക്ക് ഇറങ്ങി നടക്കുമായിരുന്നു. 'ഈ കോളേജിലെന്താ പഠിപ്പിക്കലൊന്നുമില്ലേ' എന്ന് നാട്ടുകാര്‍ വിചാരിച്ചു തുടങ്ങി. ഈ സാഹചര്യം പരിഗണിച്ച് ഒഴിവുള്ള പിരീഡുകള്‍  കൈകാര്യം ചെയ്യാന്‍ പ്രിന്‍സിപ്പല്‍ എന്നെ ഏല്‍പിച്ചു. വെറുതെ എന്തെങ്കിലും പറഞ്ഞ് സമയം കളയുന്നതിനു പകരം അവരുടെ വിഷയങ്ങള്‍ തന്നെ പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ വിഷയമല്ലാതിരുന്നിട്ടും കെമിസ്ട്രിയും ഫിസിക്‌സുമെല്ലാം ഒഴിവുള്ള പിരീഡുകളില്‍  ക്ലാസെടുത്തിരുന്നു.  
പി.എസ്.എം.ഒയില്‍ അന്ന് കുറച്ച് അധ്യാപകരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കോളേജിലെ മിക്ക പരിപാടികളും എന്റെ ചുമലിലായി. പത്തു കൊല്ലത്തോളം മാഗസിന്‍ സ്റ്റാഫ് എഡിറ്ററായിരുന്നു. ഒരിക്കല്‍ പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു: 'വിദ്യാര്‍ഥികളുടെ അച്ചടക്കസംബന്ധിയായ കാര്യങ്ങള്‍ പാഷ നോക്കണം. ഞാന്‍ കൈകാര്യം ചെയ്താല്‍ ശരിയാകില്ല. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. അത് കുട്ടികളുമായുള്ള ബന്ധം വഷളാകാന്‍ കാരണമാകും.' സ്വാഭാവികമായും പിന്നീട് വിദ്യാര്‍ഥികളുടെയും സ്റ്റാഫുകളുടെയും ധാരാളം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടിവന്നു. അതിലൂടെ വ്യത്യസ്ത വ്യക്തികളുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിഞ്ഞു. അതാണ് സൈക്കോളജിയും കൗണ്‍സലിംഗുമൊക്കെ പഠിച്ചെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സൈക്കോളജി കോഴ്‌സ് ഡിസ്റ്റന്‍സായി ചെയ്തു (ഇപ്പോള്‍ ഞാന്‍ കൗണ്‍സലിംഗ് കോഴ്‌സ് നടത്തുന്നുണ്ട്).
നാട്ടില്‍ ആദ്യമായി വന്ന കോളേജ്. കോളേജിനോട് വലിയ കാര്യമായിരുന്നു നാട്ടുകാര്‍ക്ക്. നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും പ്രിന്‍സിപ്പലിനെ അതിഥിയായി ക്ഷണിക്കും. അദ്ദേഹത്തിനാകട്ടെ പ്രസംഗിക്കാന്‍ താല്‍പര്യം കുറവായിരുന്നു. അതുകൊണ്ടുതന്നെ പരിപാടികളുടെ സമയമായാല്‍ എന്നെ വിളിച്ച് പറയും; 'ഞാന്‍ അല്‍പം തിരക്കിലാണ്. പാഷ ഒന്ന് പോയിക്കൊടുക്ക്.' ഞാന്‍ പോവുകയും ചെയ്യും. അങ്ങനെ നിരവധി പൊതു പ്രസംഗങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം കിട്ടി. ഞാനാണ് പ്രിന്‍സിപ്പല്‍ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അവരെ കുറ്റം പറയാനും പറ്റില്ല. കാരണം, പ്രിന്‍സിപ്പല്‍ പങ്കെടുക്കും എന്നാണ് നോട്ടീസിലുണ്ടാവുക. ചെല്ലുന്നതാകട്ടെ ഞാനും. യൂനിവേഴ്‌സിറ്റി, മറ്റു ഗവണ്‍മെന്റ് മീറ്റിംഗുകള്‍ക്കെല്ലാം എന്നെ തന്നെയാണ് പറഞ്ഞയക്കുക.
യൂനിവേഴ്‌സിറ്റി തലത്തില്‍ പലതും ചെയ്യാന്‍ ഈ മൂന്ന് പതിറ്റാണ്ടിനിടയില്‍ സാധിച്ചു. അക്കാലത്ത് കോളേജ് ഇലക്ഷന്‍ വെള്ളിയാഴ്ചയാണ് നടത്തിയിരുന്നത്. ജുമുഅക്ക് പോകാന്‍ അത് തടസ്സമായിരുന്നു. വോട്ടിംഗ് കഴിഞ്ഞ് പെട്ടി കെട്ടിവെക്കുമ്പോഴേക്കും ഖുത്വ്ബ പകുതിയായിട്ടുണ്ടാകും. ഞാന്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു: 'ജുമുഅ മുടക്കുന്ന ഒരു ഏര്‍പ്പാടിനും എന്നെ കിട്ടില്ല.' ഇത് യൂനിവേഴ്‌സിറ്റി നിയമമല്ലേ എന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നു: 'അല്ലാഹു നല്‍കിയ നിയമമൊന്നും അല്ലല്ലോ. നമ്മളെ പോലുള്ളവര്‍ അവിടെയിരുന്ന് ഉണ്ടാക്കുന്നതല്ലേ. വേണമെങ്കില്‍  അത് മാറ്റാം.' യൂനിവേഴ്‌സിറ്റിയില്‍ പോയി ഇക്കാര്യം സംസാരിച്ചുനോക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ യൂനിവേഴ്‌സിറ്റിയില്‍ പോയി വി.സിയെ കണ്ടു. ഡോ. ജയചന്ദ്രനായിരുന്നു അന്ന് വി.സി. വന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു. വി.സി ചോദിച്ചു: 'വെള്ളിയാഴ്ച ഒരു പണിയും ചെയ്യാന്‍ പറ്റില്ലെന്നുണ്ടോ?' ജുമുഅക്ക് തടസ്സമാകുന്ന പണികള്‍ എടുക്കാന്‍ പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞു. സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ഡീന്‍ അച്യുതനെ കാണാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അച്യുതന്‍ സാര്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. 'മറ്റു ദിവസങ്ങളില്‍ നടത്താന്‍ കഴിയില്ല. വെള്ളിയാഴ്ചയാണെങ്കില്‍ ഒരു ഗുണമുണ്ട്. ശനിയും ഞായറും ലീവാണ്. തിങ്കളാഴ്ച ആകുമ്പോഴേക്കും ഇലക്ഷന്റെ ചൂടാറിയിട്ടുണ്ടാകും. അതുവഴി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും കുറക്കാന്‍ സാധിക്കും.' ഞാന്‍ എന്റെ ആവശ്യത്തില്‍നിന്ന് പിന്മാറിയില്ല. ഒടുവില്‍ ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് കോളേജുകളില്‍നിന്ന് വെള്ളിയാഴ്ച ഇലക്ഷന്‍ മാറ്റപ്പെട്ടത്. ഇത്തരത്തിലുള്ള വ്യത്യസ്ത ഇടപെടലുകള്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ നടത്താന്‍ കഴിഞ്ഞു. അലീഗഢില്‍നിന്ന് മടങ്ങുമ്പോള്‍ അവിടെ തന്നെ പി.എച്ച്.ഡി ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. പ്രഫ. ഇര്‍ഫാന്‍ ഹബീബിനോട് സംസാരിക്കുകയും ചെയ്തിരുന്നു. നാട്ടില്‍ ജോലിയൊക്കെ കിട്ടിയപ്പോള്‍ ആവേശം അല്‍പ്പം തണുത്തു. ഏതായാലും നാട്ടില്‍ തന്നെ പി.എച്ച്.ഡി ചെയ്യാന്‍ തീരുമാനിച്ചു. ‑"History of Education in Malabar Under the British Rule (1792 to 1947)'  എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ രവീന്ദ്രന്റെ കീഴിലായിരുന്നു ഗവേഷണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി