Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

സ്വാമി അഗ്നിവേശ് (1939-2020): പരിത്യാഗിയുടെ കാഷായം,  പോരാളിയുടെ രാഷ്ട്രീയം

എ. റശീദുദ്ദീന്‍

കേരളാ ഹൗസിനോടു ചേര്‍ന്ന് ജന്തര്‍മന്തര്‍ റോഡിലെ നിരനിരയായ സമരപ്പന്തലുകളുടെ പുറകിലായിരുന്നു ആര്യസമാജം നേതാവായ സ്വാമി അഗ്നിവേശ് എന്ന വേപശ്യാം റാവുവിന്റെ ഓഫീസ്. അതിന്റെ തൊട്ടു മുമ്പിലായി അവിഭക്ത ജനതാദളിന്റെ ഓഫീസുമുണ്ട് (അഗ്നിവേശിന്റെ ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി ഒരു കാലത്ത് ജനതാദളില്‍ ലയിക്കുകയായിരുന്നല്ലോ). ഇന്ത്യ എന്ന അതിമഹത്തായ സങ്കല്‍പ്പത്തിന്റെ തിരുശേഷിപ്പുകളെയാണ് ഈ റോഡും അതിലുടനീളമുള്ള ഈ പന്തലുകളും എല്ലാ അര്‍ഥത്തിലും പ്രതിനിധാനം ചെയ്യുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച എന്തൊക്കെ തത്ത്വങ്ങളെയാണ് രാജ്യം ഇടിച്ചു ചതച്ചതെന്ന് തിരിച്ചറിയണമെങ്കില്‍ കണ്ണും ചെവിയും തുറന്നുപിടിച്ച് ജന്തര്‍മന്തറിലൂടെ ഒരുചാല്‍ നടന്നാല്‍ മതി. കിടപ്പാടവും കൃഷിയിടങ്ങളും അവകാശങ്ങളും അവസരസമത്വവുമൊക്കെ നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ പൗരന്മാര്‍ പാര്‍ലമെന്റ് സമ്മേളന കാലങ്ങളില്‍ ഒരു ചടങ്ങു നിവര്‍ത്തിക്കാനെന്നവണ്ണം പ്രതിഷേധ മാര്‍ച്ചുകളുമായി ജന്തര്‍മന്തറിലെത്താറുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഒരിക്കല്‍ പോലും ചായം തേച്ചിട്ടില്ലെന്ന് തോന്നിച്ചിരുന്ന സ്വാമിയുടെ ഓഫീസിലിരുന്നാല്‍ നമ്മുടെ ജനാധിപത്യം ചവിട്ടിമെതിച്ച ഈ ജീവിതങ്ങള്‍ തെരുവില്‍ ബഹളം വെക്കുന്നതല്ലാതെ മറ്റൊന്നും കേള്‍ക്കാനുണ്ടാവില്ല. കള്ളപ്പണക്കാരും മതഭ്രാന്തന്മാരും ഗുണ്ടകളുമൊക്കെ ചേര്‍ന്ന് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രം ഹൈജാക്ക് ചെയ്ത കാലത്തും ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കാനെത്തുന്ന ശുദ്ധഗതിക്കാരുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലേക്ക് തുറന്നുവെച്ച ഈ ഓഫീസ് ഒരു പ്രതീകമായിരുന്നു. കാലം മാറിയത് തിരിച്ചറിയാത്ത സമരക്കാരായിരുന്നു ജന്തര്‍മന്തറിലെത്തുന്നവരില്‍ കൂടുതലും. എന്നാല്‍ കാലം മാറിയെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും കാലാതീതമായ സത്യങ്ങള്‍ക്കു വേണ്ടി മനുഷ്യാവകാശ പോരാട്ടങ്ങളെ ദല്‍ഹിക്കു പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു അഗ്നിവേശ് ചെയ്തുകൊണ്ടിരുന്നത്. ജന്തര്‍മന്തറിലെ സമരങ്ങളെയെല്ലാം പല കാലങ്ങളിലായി അദ്ദേഹം നെഞ്ചിലേറ്റി. അവയില്‍ മിക്കവയും അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്ന് താന്‍ കണ്ടുമുട്ടിയ സത്യങ്ങളെ ചേര്‍ത്തണക്കാനായി ഇന്ത്യയിലുടനീളം യാത്ര ചെയ്തു.
സ്വാമി അഗ്നിവേശിനെ ഇന്ത്യാ ചരിത്രം എങ്ങനെയാണ് അടയാളപ്പെടുത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. അദ്ദേഹം സന്യാസി ആയിരുന്നോ എന്ന ചോദ്യത്തിന് അതു മാത്രമായിരുന്നില്ല എന്നാണ് സത്യസന്ധമായ ഉത്തരം. ഹിംസയുടെ പ്രഘോഷകരുടെ അടയാള വസ്ത്രവും കാഷായം തന്നെയായി മാറിയ ഇക്കാലത്ത് ഒരാളെ വേഷത്തെ ചൊല്ലി മാത്രം സന്യാസിയെന്ന് വിളിക്കുന്നത് ഉചിതമായിരുന്നില്ല. അഗ്നിവേശിന്റെ കാവിക്ക് സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയിലെ ചില സങ്കല്‍പ്പങ്ങളോടായിരുന്നു ബന്ധം. ആദിത്യനാഥും പ്രഗ്യാസിംഗും സാക്ഷി മഹാരാജുമൊക്കെ ധരിക്കുന്ന അതേ കാഷായം അണിഞ്ഞുകൊണ്ടുതന്നെയാണ് സ്വാമി അഗ്നിവേശ് കാവി രാഷ്ട്രീയത്തെയും അത് സൃഷ്ടിച്ചുകൊണ്ടിരുന്ന സാമൂഹിക ദുരന്തങ്ങളെയും ചോദ്യം ചെയ്തത്. ഗുജറാത്തില്‍ നടന്ന  കൂട്ടക്കൊലയും വംശഹത്യയും രാജനീതിയാണെന്ന പ്രാകൃത സനാതന ബോധമായിരുന്നില്ല അത്. മോദി മുഖ്യമന്ത്രിയായിരിക്കവെ നടന്ന ഗുജറാത്ത് വംശഹത്യക്കു ശേഷം ഗാന്ധിജിയുടെ ശിഷ്യ ആയിരുന്ന നിര്‍മലാ ദേശ്പാണ്ഡെയോടൊപ്പം മുസ്ലിംകളെ ആശ്വസിപ്പിക്കാനായി അഹ്മദാബാദിലെത്തിയ ഏറ്റവുമാദ്യത്തെ പ്രമുഖരില്‍ അദ്ദേഹമുണ്ടായിരുന്നു. അതിനു മുമ്പുള്ള കാലത്തെ വര്‍ഗീയ കലാപങ്ങളിലും ആര്‍.എസ്.എസിന്റെ പങ്ക് അഗ്നിവേശ് തുറന്നുകാട്ടിയിരുന്നു. ഹാശിംപുരയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 48 മുസ്ലിംകളുടെ നീതിക്കായി കാവിയുടുത്തു തന്നെയാണ് അദ്ദേഹം ദല്‍ഹിയില്‍നിന്നും മീറത്തിലേക്ക് പദയാത്ര നടത്തിയത്. ഭാഗഹറപൂരിലെയും മീറത്തിലെയും മലിയാനയിലെയുമൊക്കെ കലാപകാലത്ത് കാവിയിട്ട 'മൗലവി'യെന്നാണ് സംഘ് പരിവാര്‍ അദ്ദേഹത്തെ പരിഹസിച്ചത്. ദീക്ഷയുടെ പതിവു തെറ്റിച്ച് പൗരത്വ പ്രക്ഷോഭകാലത്ത് അദ്ദേഹം പൊതുവേദിയില്‍ മുസ്ലിംകളുടെ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടുക പോലുമുണ്ടായി. പൗരത്വ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് പരസ്യമായി നിലപാടെടുത്ത 700-ല്‍പരം പൗരപ്രമുഖരില്‍ അദ്ദേഹവുമുണ്ടായിരുന്നു. മുസ്ലിം സംഘടനകള്‍ ഒറ്റക്കും കൂട്ടായും നടത്തിയ ഏതാണ്ടെല്ലാ പാര്‍ലമെന്റ് മാര്‍ച്ചുകളിലും അഗ്നിവേശിന്റെ സാന്നിധ്യം അവിഭാജ്യ ഘടകമായിരുന്നു.
ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ ചിഹ്നങ്ങളെ പൊതുസമൂഹത്തില്‍ നിന്ന് ബഹിഷ്‌കരിക്കുകയാണ് പുതിയ കാലത്തെ ഇന്ത്യയുടെ ആശയമെന്ന് പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്ഥാപിച്ചെടുക്കുമ്പോഴാണ് ഈ നീക്കങ്ങളെന്നോര്‍ക്കുക. ഒഡീഷയില്‍ ക്രിസ്തീയ പുരോഹിതന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന ഹിന്ദുത്വബോധം നെഞ്ചിലേറ്റിയ ഒരാളെ രാജ്യത്തിന്റെ മന്ത്രിയാക്കുന്ന ഹിംസാത്മകതയെയാണ് അഗ്നിവേശ് ചോദ്യം ചെയ്തത്. അതുകൊണ്ടാണ് അദ്ദേഹം ക്രിസ്ത്യാനികളുടെ ഏജന്റ് ആയി മുദ്രകുത്തപ്പെട്ടതും. മറുഭാഗത്ത് മതംമാറ്റത്തെ തത്ത്വത്തില്‍ തന്നെ എതിര്‍ക്കുകയാണ് അഗ്നിവേശ് ജീവിതത്തിലുടനീളം ചെയ്തത്. സല്‍വാ ജുഡൂമിനെതിരെ സുപ്രീം കോടതിയില്‍ കേസു കൊടുക്കുകയും അശോക് ഭൂഷന്റെ വാദം കേള്‍ക്കാനായി കാഷായമിട്ട് പതിവായി കോടതിയിലെത്തുകയും ചെയ്തിരുന്ന അഗ്നിവേശ് മാവോയിസ്റ്റ് സന്യാസിയായി ചി്രതീകരിക്കപ്പെട്ടു. ഈ കേസില്‍ ഛത്തീസ്ഗഢിലെ രമണ്‍ സിംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോഴാണ് മാവോയിസ്റ്റുകള്‍ വധിച്ചവരുടെ പത്നിമാരെ മുന്നില്‍ നിര്‍ത്തി അഗ്നിവേശിനെ ഒരിക്കല്‍ സംഘ് പരിവാര്‍ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചത്. മറ്റു ചിലപ്പോള്‍ അദ്ദേഹത്തെ തൊഴിലാളി നേതാവായി ലോകം നോക്കിക്കണ്ടു.  ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് അഗ്നിവേശ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് 2004-ല്‍ റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് ലഭിച്ചത്. 1970-'80 കാലഘട്ടങ്ങളില്‍ ഇന്ദിരാ ഗാന്ധിയെ വട്ടംകറക്കിയ മനുഷ്യാവകാശ ്രപവര്‍ത്തകനായിരുന്നു അഗ്നിവേശ്. അടിമവേലക്കു തുല്യമായ രീതിയിലാണ് അവിഭക്ത ബിഹാറിലും ഹരിയാനയിലുമൊക്കെ അക്കാലത്ത് ഇഷ്ടികക്കളങ്ങളില്‍ ബോണ്ടഡ് ലേബര്‍ സമ്പ്രദായം നിലനിന്നത്. കുട്ടികളായിരുന്നു പ്രധാനമായും ഇതിന്റെ ഇരകളാക്കപ്പെട്ടവര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ചോദ്യം ചെയ്യാന്‍ മടിച്ച ഈ ബാലവേലക്കെതിരെ അഗ്നിവേശ് നടത്തിയ പോരാട്ടം അന്താരാഷ്ട്ര സമൂഹത്തിന്റേതടക്കം അംഗീകാരം പിടിച്ചുപറ്റി. ഹരിയാനയില്‍ ഒരു കാലത്ത് അദ്ദേഹം രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. എന്നാല്‍ വെറും അഞ്ച് മാസം മന്ത്രിക്കസേരയിലിരുന്ന അഗ്നിവേശ് ഫരീദാബാദില്‍ അക്കാലത്ത് കര്‍ഷകര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിനെ ചൊല്ലി രാജിവെച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
മതാന്ധത ബാധിച്ച പുതിയ കാലത്തെ രാഷ്ട്രീയബോധത്തിന് സ്വാഭാവികമായും ഈ സന്യാസി അനഭിമതനായി മാറി. ബിംബങ്ങളെ ആരാധിക്കുന്നതുള്‍പ്പെടെ ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിലകൊണ്ട നവീകരണ പ്രസ്ഥാനമാണ് ആര്യസമാജം. എന്നാല്‍ മൂത്രസേവ പോലുള്ള ഹിന്ദുമത വിശ്വാസങ്ങളില്‍ അഴകൊഴമ്പന്‍ നിലപാടായിരുന്നു അഗ്നിവേശിന്റേത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ സംഘടനയുമായി ബന്ധം സ്ഥാപിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും സ്വാമി അഗ്നിവേശ് ആയിരുന്നു ഇക്കാര്യത്തിലെ പ്രധാന കടമ്പ. ഹിന്ദുമത നവോത്ഥാനവും ആര്‍.എസ്.എസിന്റെ ഹിന്ദുത്വവും തീര്‍ത്തും വ്യത്യസ്തമായ രണ്ട് ആശയധാരകളാണെന്ന നിലപാടായിരുന്നു സ്വാമിയുടേത്. ഹിന്ദുമതത്തില്‍ പെട്ടവരുടെ വിധവാ വിവാഹത്തെ ആര്‍.എസ്.എസ് ഇതുവരെ പരസ്യമായി പ്രോത്സാഹിപ്പിച്ചിട്ടില്ല. മാത്രവുമല്ല സതി എന്ന ദുരാചാരത്തെ അവര്‍ ഉള്ളാലെ അംഗീകരിക്കുന്നുമുണ്ടായിരുന്നു. ആര്യസമാജത്തെ ഒപ്പം നിര്‍ത്താനായി ഗോള്‍വള്‍ക്കറുടെ കാലം മുതല്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. വിഭജനകാലത്ത് മുസ്ലിംകളെ കൊല്ലാനായി ആയുധം എത്തിച്ചുനല്‍കാമെന്നു പോലും ഗോള്‍വള്‍ക്കര്‍ ഹരിയാനയിലെ ജജ്ജറില്‍ വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ പ്രസംഗിച്ചതായി പില്‍ക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇത്തരം ഹിംസാത്മകഅജണ്ടകള്‍ക്കൊപ്പം പണ്ടുതൊട്ടേ ആര്യസമാജം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനാടുവില്‍ ഈയടുത്ത കാലത്താണ് സമാജത്തിനകത്ത്  പിളര്‍പ്പുണ്ടാക്കുന്നതില്‍ ആര്‍.എസ്.എസ് വിജയിച്ചത്. അയോധ്യാ ക്ഷേത്രത്തിനു വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആര്യസമാജത്തെ പങ്കെടുപ്പിക്കാന്‍ ആര്‍.എസ്.എസിനായി. ശ്രീരാമന്റെ പടുകൂറ്റന്‍ കട്ടൗട്ട് വെച്ച് അതിനു താഴെ ആര്യസമാജത്തിലെ വലിയൊരു വിഭാഗം നേതാക്കളെ വേദിയിലിരുത്തി ഹരിയാനയിലാണ് ഈ യോഗം നടന്നത്. ഇതിനെയൊക്കെ നിശിതമായി വിമര്‍ശിച്ച നേതാവായിരുന്നു സ്വാമി അഗ്നിവേശ്. മരണമടഞ്ഞ അഗ്നിവേശിനെ ആട്ടിന്‍ തോലിട്ട സിംഹമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ പാദസേവകനായ മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു നടത്തിയ ട്വീറ്റില്‍ സംഘ് പരിവാറിനകത്തെ മുഴുവന്‍ വിദ്വേഷവും നിറഞ്ഞുതുളുമ്പുന്നുണ്ട്. ലക്ഷക്കണക്കിന് സംഘികളാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. അഗ്നിവേശ് ഹിന്ദുവിരുദ്ധനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഷായം ഹിന്ദുമതത്തിന് അപമാനമെന്നും ഒരു ആന്ധ്ര ബ്രാഹ്മണനെന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും, ട്വിറ്ററില്‍ നിന്നും പിന്നീട് നീക്കം ചെയ്ത ഈ വരികളിലുണ്ട്. കാലന്റെ കഷ്ടകാലമാണെങ്കിലും കുറേകൂടി മുമ്പേ അഗ്നിവേശിനെ കൊണ്ടുപോകാമായിരുന്നുവെന്ന് നാഗേശ്വര റാവു കുറിച്ചിട്ടത് ഹിന്ദുത്വ രാഷ്ട്രീയത്തിന് അദ്ദേഹം ഉണ്ടാക്കിയ അലോസരം എത്രത്തോളമുണ്ട് എന്നതിന്റെ തെളിവാണ്.
2018 ജൂലൈയില്‍ ഝാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ഒരു റാലിയില്‍ പങ്കെടുക്കാനെത്തിയ അഗ്നിവേശിനെ ബി.ജെ.പിയുടെ യുവജന വിഭാഗം തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാരിയെല്ലിനും കരളിനും ഏറ്റ പരിക്കുകളാണ്, കഴിഞ്ഞ രണ്ടു മാസക്കാലത്തെ ആശുപത്രിവാസത്തിനും തുടര്‍ന്ന് മരണത്തിനും വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകൂറില്‍ പഹരിയ ആദിവാസികള്‍ നടത്തിയ പത്തല്‍ഗഡി അവകാശ സമരത്തിന് പിന്തുണ നല്‍കാനായിരുന്നു അഗ്നിവേശ് എത്തിയത്. വനങ്ങളുമായി ബന്ധപ്പെട്ട് ആദിവാസി ഗ്രാമസഭകളുടെ സ്വയംഭരണാവകാശം ഉയര്‍ത്തിക്കാട്ടിയ ഈ പ്രക്ഷോഭം രാഷ്ട്രവിരുദ്ധമാണെന്നും അന്താരാഷ്ട്ര ലോബികളുടെ പണം പറ്റി അഗ്നിവേശ് ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമായിരുന്നു ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കളുടെ ആരോപണം. ഭീമാ കൊറേഗാവ് സമരം പോലെ ബി.ജെ.പി ഭയപ്പെട്ട ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഇതും. ഇതേ ബി.ജെ.പിയുടെ ദല്‍ഹി ഓഫീസിനു മുമ്പില്‍ അതേ വര്‍ഷം അദ്ദേഹം വീണ്ടുമൊരിക്കല്‍ കൂടി ആക്രമിക്കപ്പെട്ടു. തന്റെ പഴയ സുഹൃത്ത് കൂടിയായ അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാ ദിവസത്തില്‍ പൂക്കള്‍ അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു അത്. അഗ്നിവേശിനെ അക്രമിച്ചവര്‍ക്കെതിരെ ഒരു നടപടിയും ഇന്നോളം ഉണ്ടായിട്ടില്ല. തനിക്കു ശരിയെന്നു ബോധ്യപ്പെട്ട തത്ത്വങ്ങള്‍ മുറുകെ പിടിച്ച്, അക്രമിയുടെ മുഖം നോക്കാതെ അഗ്നിവേശ് ഇരകളോടൊപ്പം നിലകൊണ്ടു. 2012-ല്‍ സുഖ്മയില്‍ കലക്ടറായിരുന്ന അലക്സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ സന്ധി സംഭാഷണം നടത്തിയെങ്കിലും ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ സല്‍വാ ജുഡൂം ഗുണ്ടകളുമായി ഒത്തുകളിച്ച് പിന്നീട് സ്വാമിയെ കൈകാര്യം ചെയ്തതിനും രാജ്യം സാക്ഷിയായി. ഛത്തീസ്ഗഢിലെ  മുന്‍ ബി.ജെ.പി മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ ഇരട്ടത്താപ്പായിരുന്നു അതിലൂടെ പുറത്തുവന്നത്. കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍ അര്‍ബന്‍ മാവോയിസ്റ്റ് എന്ന പേരില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമായിരുന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെയാണ് ഇന്ത്യ ഇല്ലാതാക്കേണ്ടതെന്നും മാവോയിസ്റ്റുകളെ അല്ലെന്നും അഗ്നിവേശ് പലപ്പോഴും പറയാറുണ്ടായിരുന്നു. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ വിശുദ്ധനും അവര്‍ക്ക് ഭക്ഷണം ലഭിക്കാതെപോയ സാഹചര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റുമാകുന്ന അധികാരി വര്‍ഗ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് ജീവിതത്തിലുടനീളം അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്.
ജയപ്രകാശ് നാരായണിന്റെ സമ്പൂര്‍ണ വിപ്ലവാഹ്വാനം നെഞ്ചിലേറ്റി ജനതാ പാര്‍ട്ടിയിലൂടെയാണ് അഗ്നിവേശ് രാഷ്ട്രീയത്തിലിറങ്ങിയത്. കൊല്‍ക്കത്തയില്‍ കോളേജ് അധ്യാപകനും അഭിഭാഷകനുമൊക്കെയായിരുന്നു അതുവരെ. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുമായി ഉടക്കിപ്പിരിയുന്നതുവരെ ജനതാദള്‍ രാഷ്ട്രീയത്തിന്റെ സജീവ വക്താവായി തുടര്‍ന്നു. വി.എം താര്‍ക്കുണ്ഡെ, മധുലിമായെ, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരുമായൊക്കെ മികച്ച ബന്ധമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ പലപ്പോഴും സ്വന്തം വഴികളായിരുന്നു അഗ്നിവേശിന്.  ഇടക്കാലത്ത് അണ്ണാ ഹസാരെ നേതൃത്വം നല്‍കിയ അഴിമതിവിരുദ്ധ സമരത്തില്‍ കഥയറിയാതെ പങ്കെടുത്തവരുടെ കൂട്ടത്തില്‍ സ്വാമി അഗ്നിവേശുമുണ്ടായിരുന്നു. ഹസാരെയെ പിന്നില്‍ നിന്നും തുണച്ചത് ആര്‍.എസ്.എസ് ആയിരുന്നുവെന്ന് മറ്റു പലരെയും പോലെ അഗ്നിവേശിനും അക്കാലത്ത് തിരിച്ചറിയാനായില്ല. 2016-ല്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ വിട്ട്  സോഷ്യലിസ്റ്റ് ചേരിയില്‍ മടങ്ങിയെത്തിയപ്പോള്‍ ജെ.ഡി.യു അംഗത്വം സ്വീകരിച്ചതും അവസാന കാലത്ത് അഗ്നിവേശ് കാണിച്ച രാഷ്ട്രീയ അബദ്ധങ്ങളില്‍ ഒന്നായിരുന്നു. ബിഹാറില്‍ മദ്യനിരോധനം നടപ്പാക്കാന്‍ നിതീഷ് കുമാര്‍ തയാറായതാണ് പഴയ സുഹൃത്തിന്റെ പാര്‍ട്ടിയില്‍ മടങ്ങിയെത്താനുള്ള കാരണമായി അഗ്നിവേശ് ചൂണ്ടിക്കാട്ടിയത്. പിന്നീട് നിതീഷ് ബി.ജെ.പിയുടെ പാളയത്തിലേക്ക് തിരികെ പോയതോടെ അഗ്നിവേശ് വെട്ടിലാവുകയാണുണ്ടായത്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തെ തുറന്നുകാട്ടുന്ന ഒരു പ്രസിദ്ധീകരണം ആരംഭിക്കാനുള്ള ആലോചനകളിലായിരുന്നു ആശുപത്രിക്കിടക്കയില്‍ പോലും അദ്ദേഹം.
ധാര്‍മിക വിശുദ്ധിയുള്ള ജീവിതം നയിക്കുന്നവരേക്കാള്‍ സഹജീവികളെ ഭയപ്പെടുത്തുന്നവരുടെ അടയാള വസ്ത്രമായി കാഷായം ചുരുങ്ങുന്ന കാലത്ത് അഗ്നിവേശിന്റെ മതരാഷ്ട്രീയത്തിന് വലിയ പ്രസക്തി ഉണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി