Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

സയണിസ്റ്റുകള്‍ സംഘ് പരിവാറിന്റെ ഇഷ്ടതോഴന്മാരാകുന്നത്

കെ.ടി ഹാഷിം ചേന്ദമംഗല്ലൂര്‍

ഇന്ത്യ-ഇസ്രയേല്‍ ഉഭയകക്ഷി ബന്ധങ്ങളെ ഇരു രാജ്യങ്ങളുടെയും സൈനിക-സാമ്പത്തിക താല്‍പര്യങ്ങളുടെ ഭൂമികയില്‍നിന്നുകൊണ്ടേ വിലയിരുത്താന്‍ പറ്റൂ. എന്നാല്‍ ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തെ സംഘ് പരിവാര്‍ അധികാരത്തില്‍ വന്ന ചരിത്ര പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ വളരെ വൈകാരികമായ ഒരു പൊക്കിള്‍ക്കൊടി ബന്ധം കണ്ടെത്താന്‍ സാധിക്കും. ആ നിലക്കാണ് സംഘ് പരിവാര്‍ നിയന്ത്രിത ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കാണുന്നതും നെഞ്ചോടു ചേര്‍ക്കുന്നതും.
ഫലസ്ത്വീനില്‍ സയണിസ്റ്റ് ഭരണകൂടം അവിടത്തെ മുസ്‌ലിം, ക്രിസ്ത്യന്‍ പൗരന്മാരോട് ഏതു രൂപത്തിലാണോ പെരുമാറുന്നത് അതേ രീതിയും മാനദണ്ഡങ്ങളുമാണ് സംഘ് പരിവാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്നത്. ജൂതന്മാര്‍ ഫലസ്ത്വീന്‍ പ്രദേശത്തിന്റെ ആദിമനിവാസികളും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണെന്ന അതേ വാദമാണ് ഇന്ത്യയിലെ സവര്‍ണ ഫാഷിസ്റ്റുകളും മുന്നോട്ടു വെക്കുന്നത്.
ആര്യന്‍ അധിനിവേശത്തിന്റെയും ദ്രാവിഡ ഉന്മൂലന ശ്രമങ്ങളുടെയും ചരിത്രം ഇന്ത്യയിലെ നിഷ്പക്ഷരായ ഒരുപാട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഹോളോക്കാസ്റ്റിലൂടെയുണ്ടായ സഹതാപതരംഗത്തിന്റെ മറവില്‍ തുര്‍ക്കിയെ ദുര്‍ബലപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതന്മാരെ അന്യായമായി ഫലസ്ത്വീനില്‍ കുടിയേറാന്‍ ബ്രിട്ടനും മറ്റും കോപ്പു കൂട്ടിക്കൊടുത്തത്. ഇസ്‌ലാമിക ശക്തികേന്ദ്രങ്ങളെ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തില്‍ കവിഞ്ഞ് യാതൊരു മാനവിക വികാരവും ജൂതന്മാരെ ഫലസ്ത്വീനില്‍ കുടിയിരുത്തിയതില്‍ ഇല്ലായെന്നര്‍ഥം. ബൈബിളിലും തോറായിലും വിവരിക്കപ്പെട്ട ഇബ്രാഹീമീ ചരിത്രത്തില്‍ 'അടിമ'യായ ഹാഗറും മകന്‍ ഇസ്മാഈലും തിരസ്‌കൃതരാണല്ലോ. അതുകൊണ്ടുതന്നെ ഇസ്മാഈലീ പാരമ്പര്യമുള്ള അറബികളും ചരിത്രത്തിന്റെ പുറമ്പോക്കുകളിലായിപ്പോയി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്ത്വീനീ അറബികള്‍ ക്രിസ്തുവിന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഫലസ്ത്വീനില്‍ നിവസിച്ചിരുന്നവരാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ സെറ്റില്‍മെന്റാണ് ഫലസ്ത്വീനിലെ അറബികളുടേതെന്ന് നിഷ്പക്ഷമായി ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവും. എന്നാല്‍ അറബികളുടെ ഇസ്മാഈലീ വംശാവലിയെ അംഗീകരിക്കാത്തതുകൊണ്ട് ഇസ്ഹാഖ് വഴിയുള്ള തലമുറകളെ മാത്രമേ അവര്‍ അംഗീകരിക്കുന്നുള്ളൂ.
ജൂതന്മാരുടെ പ്രപിതാക്കന്മാരായ ഹീബ്രു വംശജര്‍ അവിടെയെത്തുന്നത് ക്രിസ്തുവിന് ആയിരത്തിനാനൂറു കൊല്ലങ്ങള്‍ക്കു മുമ്പ് മാത്രമാണ്. മലമ്പ്രദേശങ്ങളില്‍ താമസമാക്കിയ അവര്‍ തുടക്കത്തില്‍ അയല്‍പ്രദേശത്തുകാരുമായൊക്കെ സൗഹാര്‍ദത്തില്‍ കഴിഞ്ഞു പോന്നു. പിന്നീട് ക്രമേണ അവര്‍ ആയുധമെടുക്കുകയും അയല്‍പ്രദേശത്തുകാരുമായി നിരവധി യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ഫലസ്ത്വീനില്‍ സ്ഥാപിച്ച രാജ്യം ബി.സി 700-ല്‍ അസീറിയക്കാരാലും ബി.സി 550-ല്‍ ബാബിലോണിയക്കാരാലും തകര്‍ക്കപ്പെടുകയും ചെയ്തു.
2000 കൊല്ലങ്ങള്‍ക്കു മുമ്പ് ഫലസ്ത്വീനില്‍ ജൂതന്മാര്‍ സ്ഥാപിച്ച രാഷ്ട്രത്തിന് ചരിത്രത്തില്‍ കുറഞ്ഞ കാലത്തെ നിലനില്‍പ്പേ ഉണ്ടായിട്ടുള്ളൂ എന്ന് ചരിത്രകാരനായ ബേക്കര്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ ചരിത്രപരമായ യാതൊരവകാശവും ജൂതന്മാര്‍ക്ക് ഫലസ്ത്വീന്‍ ഭൂമിയില്‍ വകവെച്ചുകൊടുക്കാന്‍ പറ്റുകയില്ല. കുറേ ചെറിയ പ്രദേശങ്ങളെ വെട്ടിപ്പിടിച്ച് കുറച്ചുകാലം ഭരണം നടത്തിയത് ആ പ്രദേശത്തിന്മേലുള്ള അവകാശവാദത്തിന് ന്യായീകരണമാണെങ്കില്‍ 700 കൊല്ലം സ്‌പെയിനിലും സമീപ പ്രദേശങ്ങളിലും ഭരണം നടത്തിയ അറബികള്‍ക്ക് ആ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം നല്‍കേണ്ടതല്ലേ?
ഫലസ്ത്വീനില്‍ നിവസിച്ചിരുന്ന അടിസ്ഥാന സെമിറ്റിക്ക് വിഭാഗങ്ങളുടെ യഥാര്‍ഥ പിന്തുടച്ചാവകാശികളാണ് ഇന്നും അവിടെ ജീവിക്കുന്ന ഫലസ്ത്വീനീ അറബികള്‍. ഈജിപ്തിലും ലബനാനിലും ജോര്‍ദാനിലും സിറിയയിലുമൊക്കെ കഴിയുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായ ഫലസ്ത്വീനികള്‍ എത്രയും പെട്ടെന്ന് അവരുടെ മാതൃദേശത്തേക്ക് തിരിച്ചുവരേണ്ടവരാണ്. ഇസ്രായേല്‍ തങ്ങളുടെ മാതൃരാജ്യമല്ലെന്നും അറബികളുടെ ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിച്ച് ജൂതകോളനികള്‍ സൃഷ്ടിക്കുന്നത് ദൈവകോപം വിളിച്ചുവരുത്തുന്ന കാര്യമാണെന്നും വിശ്വസിക്കുന്ന വലിയ ഒരു വിഭാഗം ജൂതന്മാര്‍ ഇപ്പോഴും ഇസ്രായേലിലുണ്ട്. അറബികള്‍ക്കനുകൂലമായി അവര്‍ നടത്തുന്ന ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ പാശ്ചാത്യ മീഡിയ തമസ്‌കരിക്കുമെന്നു മാത്രം. ഹോളോക്കാസ്റ്റിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പോയ ജൂതവംശജരെ ഫലസ്ത്വീന്‍ ഭൂമിയുടെ മേലുള്ള അവകാശം പറഞ്ഞ് അവിടെ കുടിയിരുത്തിയതാണ് ബ്രിട്ടന്‍ ചെയ്ത വലിയ അപരാധം. അതു മുഖേന വലിയ ഒരു ജനവിഭാഗത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അലയാന്‍ വിട്ടത് അതിലും വലിയ അപരാധം.
ഇനി ജൂതന്മാര്‍ സംഘ് പരിവാറിന്റെ ഇഷ്ടതോഴന്മാരാകുന്നത് എന്തുകൊണ്ടെന്ന് നോക്കാം. യഥാര്‍ഥത്തില്‍ ജൂതന്മാരല്ല, മറിച്ച് ഇപ്പോഴത്തെ ഭരണവര്‍ഗമായ സയണിസ്റ്റുകളാണ് സംഘ് പരിവാറിന്റെ സ്‌നേഹഭാജനങ്ങളാവുന്നത്. ജൂതരാഷ്ട്രം പുനഃസ്ഥാപിക്കാന്‍ വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയതാണ് സയണിസ്റ്റ് പ്രസ്ഥാനം. വംശീയ മേല്‍ക്കോയ്മാ വാദവും കപട ദേശസ്‌നേഹവുമാണ് അതിന്റെ മുഖമുദ്ര. അറബ് രാജ്യങ്ങളുമായുള്ള നിരവധി കരാറുകള്‍ കാറ്റില്‍ പറത്തിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫലസ്ത്വീനില്‍ ജൂത രാഷ്ട്രത്തിനുള്ള വിത്ത് പാകിയത്. ഫലസ്തീനിലെ ജൂത അധിനിവേശത്തി െതത്തുല്യമായ ചരിത്രമാണ് ഇന്ത്യയിലെ ആര്യന്‍ അധിനിവേശത്തിന്റേതും. ഇന്ത്യയിലെ ആദിമ നിവാസികളായിരുന്ന ദ്രാവിഡര്‍ വളരെ സൗഹാര്‍ദപരമായിട്ടാണ് മധ്യേഷ്യയില്‍നിന്നും വന്ന ഹൂണന്മാരെ വരവേറ്റത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആര്യന്മാരായ മനുവാദികള്‍ വലിയ ഒരു വിഭാഗം ദ്രാവിഡരെ വംശഹത്യ നടത്തുകയും ബാക്കിയായവരെ ദക്ഷിണേന്ത്യയിലേക്കും വടക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്കും നാടുകടത്തുകയും ചെയ്തു.
ഇന്ന് സയണിസ്റ്റുകള്‍ സവര്‍ണ ബ്രാഹ്മണര്‍ക്ക് സ്വീകാര്യരും അതിവിശിഷ്ട സുഹൃത്തുക്കളുമൊക്കെയാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല, രണ്ടു കൂട്ടരുടെയും മേധാവിത്വ മനഃസ്ഥിതിയും മറ്റു മതസ്ഥരോടുള്ള സമീപനത്തിലെ സാമ്യതയുമാണത്. കുറഞ്ഞ കാലമാണ് ഇസ്‌റാഈല്യര്‍ ഫലസ്ത്വീന്‍ ദേശത്ത് താമസിച്ചിരുന്നതെങ്കിലും ദൈവനിയുക്തരായ പ്രവാചകന്മാരെ ധിക്കരിക്കുകയും കൊലക്ക് കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ ദൈവശിക്ഷയായിക്കൊണ്ടാണ് ഇസ്‌റാഈല്യരുടെ ചിതറല്‍ (ഉശമുെീൃമ) ഉണ്ടായതെന്ന് വേദപണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നു. പ്രസ്തുത ദൈവശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ജൂതരാഷ്ട്രത്തിലേക്ക് മടങ്ങിവരാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തോടെ ജീവിക്കുന്ന ധാരാളം ജൂതമത വിശ്വാസികളുണ്ട്. ചിതറപ്പെട്ടവരായി ജീവിക്കലാണ് തങ്ങളുടെ പരലോക മോക്ഷത്തിനുള്ള മാര്‍ഗമെന്ന് ചില ഓര്‍ത്തഡോക്‌സ് യഹൂദ സഭകള്‍ വിശ്വസിക്കുകയും ചെയ്യുന്നു. സയണിസ്റ്റുകളുടെ ഫലസ്ത്വീന്‍ അധിനിവേശത്തെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
ഹിന്ദുത്വയെന്നത് ഹിന്ദു സനാതന ധര്‍മമല്ല എന്നതു പോലെ നാം മനസ്സിലാക്കേണ്ടതാണ് സയണിസം എന്നത് ജൂതായിസമല്ല എന്നതും. അതുപോലെ യഥാര്‍ഥ ഇന്ത്യാ ചരിത്രം മനസ്സിലാക്കിയാല്‍ ബഹുഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ക്കും ആര്യന്‍ (സവര്‍ണ) അധിനിവേശത്തെ അംഗീകരിക്കാന്‍ കഴിയുകയില്ല. ഇന്ത്യയുടെ ഭരണം 'ഭൂരിപക്ഷം' വരുന്ന ഹിന്ദുക്കളുടെ കൈയിലാണെന്ന് സംഘ് പരിവാര്‍ വരുത്തിത്തീര്‍ക്കുന്നത് സാധാരണക്കാരായ ഹിന്ദുക്കളുടെ ഈ വിഷയങ്ങളിലുള്ള അജ്ഞത മുതലെടുത്തുകൊണ്ടാണ്. ബി.ജെ.പിയില്‍ അണിനിരന്ന ബഹുഭൂരിഭാഗം (മൊത്തം വോട്ടര്‍മാരുടെ മൂന്നിലൊന്നിനെയാണ് ഭൂരിപക്ഷം എന്ന് വിളിക്കുന്നതെന്ന വിരോധാഭാസം നിലനില്‍ക്കുന്നു) ജനങ്ങളും തങ്ങള്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരകളാണെന്ന് തിരിച്ചറിയുന്നില്ല. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കണമെന്നതാണ് സംഘ് പരിവാറിന്റെ അജണ്ട.
അതുകൊണ്ടാണ് ഫലസ്ത്വീനിലെ മര്‍ദിതരായ മുസ്‌ലിംകളോടും ക്രിസ്ത്യാനികളൊടും സംഘ് പരിവാറിന് തരിമ്പും സഹതാപമോ ദയയോ തോന്നാത്തത്. അതുകൊണ്ടുതന്നെയാണ് നെതന്യാഹു മോദിയുടെ ഇഷ്ടതോഴനാവുന്നതും വികാരതരളിതരായി പരസ്പരം പിരിയാനാകാത്ത വിധം അവര്‍ ആലിംഗനം ചെയ്യുന്നതും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി