Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 25

3169

1442 സഫര്‍ 07

ട്രംപ് പോയി ബൈഡന്‍ വന്നിട്ട് എന്തു പ്രയോജനം?

'അടിസ്ഥാനപരമായി ഒന്നും മാറുകയില്ല തന്നെ'- തന്റെ പ്രചാരണ പരിപാടികളിലൊന്നില്‍ പങ്കെടുത്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞതാണിത്. യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ പോകുന്നതും അതാണ്. ബൈഡന്‍ പറഞ്ഞതിന് രണ്ട് അര്‍ഥങ്ങളുണ്ടാവാം: ഒന്ന്, നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ചെയ്തുകൂട്ടുന്ന കാര്യങ്ങളില്‍നിന്ന് അടിസ്ഥാനപരമായി ഭിന്നമായ യാതൊന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞങ്ങളില്‍നിന്നും പ്രതീക്ഷിക്കേണ്ട. രണ്ട്, ട്രംപ് ചെയ്യുന്നതൊന്നും അടിസ്ഥാനപരമായി അമേരിക്കന്‍ നയത്തില്‍നിന്നുള്ള വ്യതിചലനമല്ല. പിന്നെ ഞങ്ങളെന്തിന് അവ തിരുത്താന്‍ പോകണം! റിപ്പബ്ലിക്കന്മാരായ രണ്ട് ബുഷുമാരുടെ പ്രസിഡന്‍സി കാലയളവുകളില്‍ ഇസ്‌ലാമോഫോബിയ കത്തിച്ചുനിര്‍ത്തുകയായിരുന്നല്ലോ. ദീപകുമാര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്: ''അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചക്രങ്ങള്‍ക്ക് എണ്ണയിട്ടു കൊടുക്കാന്‍ വേണ്ടിയായിരുന്നു ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് ഭയം സൃഷ്ടിച്ചുവിട്ടുകൊണ്ടിരുന്നത്.'' 2008-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ ഡമോക്രാറ്റുകളുടെ പ്രതിനിധിയായ ബറാക് ഒബാമക്ക് വന്‍ വിജയം നല്‍കുമ്പോള്‍ മുസ്‌ലിംകളെ ക്രിമിനല്‍വത്കരിക്കുന്ന നയങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറുമെന്ന് അദ്ദേഹത്തിന് വോട്ട് ചെയ്ത പലരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഒബാമയുടെ രണ്ട് പ്രസിഡന്‍സി കാലയളവുകള്‍ ഇസ്‌ലാമോഫോബിയക്ക് മുമ്പത്തേതിലും ഭീകരമായ തുടര്‍ച്ചകള്‍ നല്‍കുക മാത്രമാണ് ചെയ്തത്. അമേരിക്കയിലെ മുസ്‌ലിം സമൂഹത്തെ പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യുംവിധം പാട്രിയറ്റ് ആക്ടിനെ പുതുക്കിയതും വികസിപ്പിച്ചതും ഒബാമയാണ്. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ അമേരിക്കന്‍ ബോംബേറില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് നിരപരാധികളെ (അവര്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍) അദ്ദേഹം വിശേഷിപ്പിച്ചത് 'ശത്രു പോരാളികള്‍' എന്നായിരുന്നു. ബുഷുമാരുടെ ഇസ്‌ലാമോഫോബിക് യുഗത്തെ അനന്തരമെടുക്കുകയും പോഷിപ്പിക്കുകയുമായിരുന്നു ഒബാമ. കറുത്ത വര്‍ഗക്കാരനായ ഈ പ്രസിഡന്റ്, തന്റെ വര്‍ഗക്കാര്‍ വംശവെറി ബാധിച്ച അമേരിക്കന്‍ പോലീസിന്റെ കൈകളാല്‍ അന്യായമായി വധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ നിസ്സഹായനായി നിന്നതും നാം കണ്ടു.
ഒരര്‍ഥത്തില്‍ 2008-ലെ അതേ രാഷ്ട്രീയ സാഹചര്യമാണ് വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രൂപപ്പെട്ടിരിക്കുന്നത്. കളിക്കാര്‍ മാത്രമേ മാറുന്നുള്ളൂ. ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ പാരമ്യത്തിലാണ്. അത് ധാരാളം വോട്ട് നേടിത്തരുമെന്ന് ട്രംപിന് അറിയാം. പക്ഷേ കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഉണ്ടായ വന്‍വീഴ്ചകള്‍ ട്രംപിനെ തുറിച്ചുനോക്കുന്നുണ്ട്. ട്രംപ് ജയിക്കേണ്ടത് ട്രംപിന്റെ മാത്രമല്ല, പല സ്വേഛാധിപതികളുടെയും കൂടി ആവശ്യമാണ്. ഇന്ത്യയില്‍നിന്ന് നരേന്ദ്ര മോദിയും ഇസ്രയേലില്‍നിന്ന് ബിന്‍യാമിന്‍ നെതന്യാഹുവും തങ്ങളുടെ ഉറ്റ തോഴനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. നമ്മള്‍ കാണുന്ന പരിഹാസ്യമായ രാഷ്ട്രീയ നാടകങ്ങളൊക്കെ അതിന്റെ ഭാഗമാണ്. ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന ആവശ്യമുയര്‍ത്തുന്ന നിലയിലേക്കു വരെ അത്തരം പരിഹാസ്യ നാടകങ്ങള്‍ തരംതാഴ്ന്നിരിക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ പച്ചയായ വംശവെറിക്കും കടുത്ത ഇസ്‌ലാമോഫോബിയക്കും അന്ത്യം കുറിക്കാന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ മുന്നില്‍ ഒറ്റ വഴിയേ തുറന്നിരിപ്പുള്ളൂ. അത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമലാ ഹാരിസിനും വോട്ട് ചെയ്യുക എന്നതാണ്. എന്നാല്‍, അങ്ങനെയൊരു ഭരണമാറ്റം സംഭവിച്ചാല്‍ ഈ പ്രതീക്ഷകളൊക്കെ സഫലമാവുമോ? ഇല്ല എന്നു പറയാന്‍ ഒരു വട്ടം പോലും ആലോചിക്കേണ്ടതില്ല. ട്രംപിനെ പോലെ ഇസ്രയേല്‍ പക്ഷപാതിയും ഇസ്‌ലാമോഫോബുമാണ് ജോ ബൈഡനുമെന്നറിയാന്‍ അദ്ദേഹത്തിന്റെ മുന്‍ നിലപാടുകള്‍ പരിശോധിച്ചാല്‍ മതിയാവും. ഇന്ത്യന്‍, ബ്ലാക്ക് വംശപാരമ്പര്യങ്ങള്‍ ഒരുപോലെ അവകാശപ്പെടുന്ന കമലാ ഹാരിസിന്റെ നിലപാടുകളും ഒട്ടും ഭിന്നമല്ല. അമേരിക്കന്‍ നയങ്ങളില്‍ ഇരുവിഭാഗവും കാതലായ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നര്‍ഥം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജോണ്‍ ബൈഡന്‍, ഒബാമയേക്കാളേറെ നമ്മെ നിരാശപ്പെടുത്തുമെന്ന കാര്യത്തിലും സംശയം വേണ്ട.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (44-45)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബിമാരെ ആദരിക്കല്‍ ഈമാനിന്റെ ഭാഗം
അബ്ദുര്‍റഹ്മാന്‍ ചെറുവാടി