Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

'സര്‍വാതിശായിയായ വേദഗ്രന്ഥം'

യു.പി സിദ്ദീഖ് കണ്ണൂര്‍ 

ഖുര്‍ആനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ മലയാളക്കരയില്‍ പ്രകാശിതമായിട്ടുണ്ട്. 'ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം' എന്ന വാണിദാസ് എളയാവൂരിന്റെ പുസ്തകത്തോളം പ്രചാരം സിദ്ധിച്ച മറ്റൊന്ന് ഉണ്ടോ എന്ന് സംശയമാണ്. ആ ബ്യഹദ് ഗ്രന്ഥവുമായി ചേര്‍ത്തു വെക്കാവുന്ന ലഘുകൃതിയാണ് വാണിദാസ് തന്നെ എഴുതിയ 'ഖുര്‍ആന്‍ സര്‍വാതിശായിയായ വേദഗ്രന്ഥം.' ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന ലളിത രചനയാണിത്.
വാണിദാസിന്റെ ഗ്രന്ഥങ്ങളുടെ സവിശേഷത, ആശയ ഗാംഭീര്യത്തോടൊപ്പം, ഉപയോഗിക്കുന്ന ഭാഷയും നല്‍കുന്ന പേരും ഏറെ ആകര്‍ഷികമായിരിക്കും എന്നതാണ്. ജന്മംകൊണ്ട് മുസ്‌ലിമല്ലാത്ത, എന്നാല്‍ ഇസ്‌ലാം സംസ്‌കൃതി ആപാദചൂഢം ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ ഖുര്‍ആന്‍ പഠിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന വാണിദാസ് മാഷിന്റെ 'ഖുര്‍ആനിന്റെ മുന്നില്‍ വിനയാന്വിതം' എന്ന പുസ്തകത്തിന്റെ പേര്, ഖുര്‍ആനെ ഗ്രന്ഥകാരന്‍ എങ്ങനെ കാണുന്നുവെന്നും എത്രത്തോളം അതിനെ ആദരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു്. ഈ പുതിയ പുസ്തകത്തിന്റെ നാമവും അതുപോലെത്തന്നെ.
അമ്പത്താറ് പേജുകളില്‍, ആറ് ചെറു അധ്യായങ്ങളാണ് പുതിയ പുസ്തകത്തിലുള്ളത്; 'വാതില്‍ പാളിയിലൂടെ അകം കണ്ടപ്പോള്‍' എന്ന ആദ്യപാഠം മുതല്‍ 'സര്‍വാതിശായിയായ വേദഗ്രന്ഥം' എന്ന ഒടുവിലത്തെ ശീര്‍ഷകം വരെ. 'വാതില്‍ പാളിയിലൂടെ അകം കണ്ടപ്പോള്‍' എന്ന തലക്കെട്ടു തന്നെ  ഒരു പഠിതാവില്‍ ഉണ്ടാക്കിയ വിസ്മയവും, അത്രയേ കാണാന്‍ കഴിഞ്ഞുള്ളൂ എന്ന വിനയവും ഒരുപോലെ സൂചിപ്പിക്കുന്നതാണ്. ഖുര്‍ആന്റെ അപ്രമാദിത്തം ഒരു ചെറു ഖണ്ഡികയില്‍ വരച്ചു വെക്കുന്നതിങ്ങനെ:
''എന്തുകൊണ്ടിത് കാറ്റിലുലഞ്ഞില്ല? എന്ത് കൊണ്ടിത് ലോകസ്പര്‍ശം കൊണ്ട് മാഞ്ഞില്ല? എന്തുകൊണ്ടിത് രുചിഭേദം കീര്‍ത്തിച്ച് പരിഷ്‌കരിക്കപ്പെട്ടില്ല? കാരണം ഇത് ദൈവകൃതമാണ്. ഇത് സാര്‍വജനീനമാണ്. ഇത് സാര്‍വകാലികമാണ്. ഇത് പൂര്‍ണവും പരിശുദ്ധവുമാണ്. ഇതിന്റെ സംരക്ഷണ ബാധ്യത ദൈവത്തിനാണ്.''
ഈ മൂന്ന് ചോദ്യങ്ങളും ചോദിക്കാന്‍ വേി ചോദിച്ചതല്ല. ദൈവിക ഗ്രന്ഥത്തിന്റെ സര്‍വാതിശായിത്വം ഉള്‍കൊണ്ട്, ആലോചനയുടെയും ചിന്തയുടെയും അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍. ഉത്തരങ്ങളും അങ്ങനെത്തന്നെ.
മൂന്നാമത്തെ അധ്യായത്തിലെ (ഖുര്‍ആന്‍ ഒരു സമന്വയ ദര്‍ശനം) ആദ്യ ഖണ്ഡിക ഇസ്‌ലാം എന്താണ് എന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാം സമഗ്രജീവിത ദര്‍ശനമാണ് എന്ന് ആ ഖണ്ഡിക ഉദ്ഘോഷിക്കുന്നു. അതില്‍ തന്നെ ഖുര്‍ആനിക വചസ്സുകളുടെ സാരസന്ദേശം എന്ന രീതിയില്‍ ഒരു പേജ് വരുന്ന വിവരണം, ഖുര്‍ആന്റെ ആത്മാവിനെ തൊട്ടറിയാന്‍ ഉതകും. ദൈവം, മനുഷ്യന്‍, ഭൂമി, ജീവിതം, നന്മ, തിന്മ, മരണം, മരണാനന്തരം, രക്ഷാശിക്ഷകള്‍... എല്ലാം കവിത പോലെ വിവരിക്കുന്നുണ്ട്.
'സത്യവേദത്തിന്റെ സവിശേഷ സമീപനം' എന്ന നാലാമത്തെ പാഠത്തില്‍ ഇഹലോകത്തെയും പരലോകത്തെയും സമന്വയിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്ന് പറയുന്നതോടൊപ്പം, ഐഹിക ജീവിതത്തെ അവഗണിച്ച് ബ്രഹ്മപദം കൊതിക്കുന്നവരെ കണക്കിന് കളിയാക്കുന്ന ഭാഷാ പഞ്ചദശിയിലെ രണ്ട് വരി ഉദ്ധരിക്കുന്നുണ്ട്:
''ഉരുളച്ചോറുകൈവിട്ടി-
ട്ടുള്ളംകൈ നക്കുവോനിവന്‍'' എന്നതാണത്. രാഷ്ട്രീയത്തെയും മതത്തെയും സമന്വയിക്കുമ്പോള്‍ മാത്രമേ പൂര്‍ണ സത്യത്തെ സാക്ഷാത്കരിക്കാന്‍ കഴിയൂ എന്നും സമര്‍ഥിക്കുന്നു.
ഖുര്‍ആനിലേക്കു താന്‍ ആകര്‍ഷിക്കപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട് അവസാന പാഠത്തില്‍. 'ഭൗതിക പരിഭവങ്ങളില്‍ നിന്നുള്ള മോചനവും (തഹ്‌രീര്‍) ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെയുള്ള ആത്മീയ വികാസവും (തസ്‌കിയ) സമ്മാനിച്ച് കൊണ്ടുള്ള ഒരു പൂര്‍ണ ദര്‍ശനമാണ് ഖുര്‍ആന്‍' എന്ന് വിവരിച്ചതിന് ശേഷം ആ തത്ത്വചിന്തയാണ് തന്നെ ഖുര്‍ആനിലേക്ക് ആകര്‍ഷിച്ചതെന്ന് എഴുതുന്നു: ''ഞാന്‍ അറിയാന്‍ തുടങ്ങി, ഞാന്‍ അത്ഭുതപ്പെടാന്‍ തുടങ്ങി, ഞാന്‍ അനുകര്‍ത്താവായി മാറാന്‍ തുടങ്ങി. ഈ നിഷ്‌കളങ്ക വചസ്സുകള്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.''
സൗജന്യമായി വിതരണം ചെയ്യുന്നതിനു വേണ്ടി ഈ ഗ്രന്ഥത്തിന്റെ പ്രസാധനം നിര്‍വഹിച്ച ബാലിയില്‍ ശൈഖ് മെമ്മോറിയല്‍ ട്രസ്റ്റിന്റെയും ചെയര്‍മാന്‍ ബി. മുഹമ്മദ് ഹാജിയുടെയും സന്നദ്ധത പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഈ പുസ്തകം സഹൃദയരില്‍ എത്തിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ നാമാരുമറിയാതെ എത്രയോ ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. 

സര്‍വാതിശായിയായ വേദഗ്രന്ഥം
വാണിദാസ് എളയാവൂര്
പേജ്; 58
പ്രസാധനം: ബി.എസ്.എം ട്രസ്റ്റ്
ഏലാങ്കോട്, പാനൂര്‍ പി.ഒ, 
തലശ്ശേരി, കണ്ണൂര്‍ 670692

കോപ്പികള്‍ക്ക് പൂര്‍ണവിലാസം 
വാട്‌സാപ്പ് ചെയ്യുക
+91 9744615434
+91 9072091543.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌