Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

പൗരത്വ പ്രക്ഷോഭ നേതാക്കളുടെ തടവിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് എസ്.ഐ.ഒ കാമ്പയിന്‍

അനീസ് ആദം

കോഴിക്കോട്: പൗരത്വ പ്രക്ഷോഭത്തിനു മുന്നില്‍നിന്ന വിദ്യാര്‍ഥി നേതാക്കളെയും പൗരാവകാശപ്രവര്‍ത്തകരെയും ഭീകര നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് അനിശ്ചിതകാലം തടവറയില്‍ തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത്  എസ്.ഐ.ഒ കാമ്പയിന്‍. ദല്‍ഹി ജാമിഅ മില്ലിയ്യയിലെ ബിരുദ  വിദ്യാര്‍ഥിയും എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ തടവറയില്‍ നൂറ് ദിവസം പിന്നിട്ട സന്ദര്‍ഭത്തില്‍  അറസ്റ്റിലായ മുഴുവന്‍ പൗരത്വ പ്രക്ഷോഭകരെയും മോചിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ കാമ്പയിന്‍ സംഘടിപ്പിച്ചത്.
കോവിഡ് 19-നെ മറയാക്കി ഭരണകൂടം പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടാന്‍ ആരംഭിക്കുകയായിരുന്നു.  ജാമിഅ സമരത്തിന്റെയും ദല്‍ഹി വംശഹത്യയുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി വിദ്യാര്‍ഥി നേതാക്കളെ ഓരോരുത്തരെയായി ദല്‍ഹി പോലീസ്  ജയിലില്‍ അടച്ചുകൊണ്ടിരിക്കുകയാണ്. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ശിഫാഉര്‍റഹ്മാന്‍, ശര്‍ജീല്‍ ഉസ്മാനി, ശര്‍ജീല്‍ ഇമാം തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളെ ഭീകരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് വേട്ടയാടുന്നത്. ഈ വേട്ടയാടലിന്റെ  ഇരകളിലൊരാളാണ് ആസിഫ്.
ദല്‍ഹിയിലും ജാമിഅ മില്ലിയ കാമ്പസിലും നടന്ന സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ച ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ സജീവ സാന്നിധ്യമായ ആസിഫിനെ  ഗുരുതരമായ  കള്ളക്കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്യുകയും പിന്നീട് യു.എ.പി.എ ചുമത്തുകയുമായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ അദ്ദേഹത്തെ, ചോദ്യം ചെയ്യാനെന്ന പേരില്‍ ആഗസ്റ്റ് 25  ശനിയാഴ്ച രാത്രിയാണ്  പോലിസ് കസ്റ്റഡിയിലെടുത്തത്. 
കാമ്പയിന്റെ ഭാഗമായി കേരളത്തിലെ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ നിശ്ശബ്ദമാക്കുകയും സമര നേതാക്കളെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഗമം പൗരത്വ സമരം സാധ്യമാക്കിയ സമുദായ ഐക്യവും ശാഹീന്‍ ബാഗ് പോലുള്ള സമര രീതികളും തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കേരളയുടെ ഫേസ് ബുക്ക് പേജ് വഴി നടത്തിയ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാ ണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അശ്റഫ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ മൗലവി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ആസിഫിന്റെ മാതാപിതാക്കളെയും സഹപാഠികളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട്  ഓണ്‍ലൈന്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എസ്.എ.ഒ അഖിലേന്ത്യാ സെക്രട്ടറി ശബീര്‍ കൊടുവള്ളി സംബന്ധിച്ചു. പൗരത്വ സമര നേതാവ് ലദീദ ഫര്‍സാന, ജാമിഅ വിദ്യാര്‍ഥി  നേതാവ് ശഹീന്‍ അബ്ദുല്ല, എസ്.ഐ.ഒ ദല്‍ഹി പ്രസിഡന്റ് അബുല്‍ അഅ്‌ലാ സുബ്ഹാനി, ആസിഫിന്റെ സഹപാഠി  കെ.പി തശ് രീഫ്  എന്നിവര്‍ സംസാരിച്ചു. 
കാമ്പയിന്‍ സംസ്ഥാനതല പ്രഖ്യാപനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ഫേസ്ബുക്ക് ലൈവില്‍ നിര്‍വഹിച്ചു. ഇന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥയുടെ മറവില്‍ ഫാഷിസ്റ്റ് ഭരണകൂടം രാഷ്ട്രീയ അടിയന്തരാവസ്ഥ രൂപപ്പെടുത്തുകയാണെന്നും പൗരത്വ പ്രക്ഷോഭവും അതിന്റെ ഭാഗമായി നടന്ന ശാഹീന്‍ ബാഗ് സമരവും സാധ്യമാക്കിയ മുസ്‌ലിം  കീഴാള കര്‍തൃത്വത്തിലുള്ള പുതിയ ജനാധിപത്യ ഭാവനകളെ തല്ലിക്കെടുത്താനും മുസ്‌ലിം രാഷ്ട്രീയത്തിന് പുതിയ തുറവികള്‍ സാധ്യമാക്കാന്‍ കഴിവുള്ള, പൗരത്വ സമരത്തിലൂടെ രൂപപ്പെട്ടു വന്ന ആക്ടിവിസ്റ്റ് ബ്ലോക്കിനെയും ബുദ്ധിജീവികളെയും  തെരഞ്ഞുപിടിച്ച് വേട്ടയാടാനും ഭരണകൂടം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിന്റെ ഭാഗമായി  സംസ്ഥാനത്തുടനീളം  വിവിധ  ഏരിയാ കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും ഓണ്‍ലൈന്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു. പ്രവര്‍ത്തകരുടെ വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌