Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

മുസ്‌ലിംകളല്ലാത്തവര്‍ക്കും സകാത്ത് നല്‍കാം

ഡോ. യൂസുഫുല്‍ ഖറദാവി

മുസ്‌ലിംകളോട് പടക്കിറങ്ങുന്ന അവിശ്വാസിക്ക് സകാത്തില്‍നിന്ന് യാതൊന്നും കൊടുക്കേതില്ലെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. ഈ ഏകാഭിപ്രായ(ഇജ്മാഅ്)ത്തിനടിസ്ഥാനം വിശുദ്ധ ഖുര്‍ആനിലെ താഴെ സൂക്തമാണ്: ''മതത്തിന്റെ പേരില്‍ നിങ്ങളോട് സമരം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറം തള്ളുകയും നിങ്ങളെ പുറത്താക്കാന്‍ സഹായിക്കുകയും ചെയ്യുന്നവരെ മിത്രങ്ങളാക്കുന്നത് അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. ആര്‍ അവരെ മിത്രങ്ങളാക്കുന്നുവോ അവര്‍ അക്രമികള്‍ തന്നെയാണ്'' (അല്‍ മുംതഹിന: 9). കാരണം അവര്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യുന്നവരാണ്, സത്യത്തിന്റെയും അതിന്റെ വക്താക്കളുടെയും ശത്രുക്കളാണ്. അവര്‍ക്ക് നല്‍കുന്ന ഏതു സഹായവും ദീനിന്റെ നെഞ്ചില്‍ തറക്കുന്ന കഠാരിയും വിശ്വാസികളെ കൊല്ലാനുള്ള സഹായവുമാണ്. ഒരു വിഭാഗം അവരുടെ സമ്പത്തിന്റെ ഒരു വിഹിതം അവരെത്തന്നെ കൊല്ലാനോ അവരുടെ പുണ്യസ്ഥലങ്ങള്‍ കൈയേറാനോ വിനിയോഗിക്കുന്നത് ബുദ്ധിയോ ധര്‍മമോ ആകാവതല്ല.
ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്റെ അസ്തിത്വം, പ്രവാചകത്വം, പരലോക ജീവിതം തുടങ്ങിയ ദീനിന്റെ മൗലിക തത്ത്വങ്ങള്‍ നിഷേധിക്കുന്ന നിര്‍മതവാദികളും. അത്തരക്കാരും സ്വാഭാവികമായി മതത്തിന്റെ ശത്രുക്കളാണ്. അതിനാല്‍ മതവിശ്വാസികളുടെ ധനം അവര്‍ക്കും നല്‍കേണ്ടതില്ല. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മതപരിത്യാഗിയായി മാറുന്ന ശത്രുവും ഇതുപോലെത്തന്നെ. ഇസ്‌ലാമിനെ പരിത്യജിക്കുക മുഖേന കടുത്ത വഞ്ചനാകുറ്റമാണ് അയാള്‍ ചെയ്തിരിക്കുന്നത്.

അമുസ്‌ലിം പൗരന്മാര്‍ക്ക് സകാത്ത്: മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന വേദക്കാരും തത്തുല്യരായ മറ്റുള്ളവരുമാണ് ദിമ്മികള്‍ (സംരക്ഷിത പ്രജകള്‍) എന്നതിന്റെ വിവക്ഷ. അവര്‍ മുസ്‌ലിംകളുടെ സംരക്ഷണ ബാധ്യതയില്‍ പെട്ടവരും രാഷ്ട്രീയാധികാരത്തിന് വഴങ്ങിയവരും ഇസ്‌ലാമിക നിയമങ്ങള്‍ അംഗീകരിക്കുന്നവരുമാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴ്‌പ്പെട്ടവരും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ പൗരത്വമുള്ളവരുമാണവര്‍. ഇക്കൂട്ടര്‍ക്ക് സകാത്ത് നല്‍കുന്നതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ടതുണ്ട്.

ദാനധര്‍മങ്ങള്‍ നല്‍കല്‍:  മുസ്‌ലിംകളല്ലാത്ത സംരക്ഷിത പ്രജകള്‍ക്ക് ഒരാള്‍ സ്വമേധയാ ദാനധര്‍മങ്ങള്‍ നല്‍കുന്നുെങ്കില്‍ അത് മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതിന് വിരോധമില്ല. അവര്‍ മുസ്‌ലിംകളല്ല എന്നത് അവര്‍ക്ക് പുണ്യം ചെയ്യുന്നതിനും സുകൃതം ചെയ്യുന്നതിനും തടസ്സമല്ല, മുസ്‌ലിംകള്‍ക്കെതിരെ പടക്കിറങ്ങാത്ത കാലത്തോളം. ''ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്തവരോടും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരോടും സുകൃതം ചെയ്യുന്നതും നീതിയില്‍ വര്‍ത്തിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (60: 8).
ഈ സുക്തം അവതരിച്ചത്, ബഹുദൈവ വിശ്വാസികളായ സ്വന്തം കുടുംബക്കാര്‍ക്ക് ദാനധര്‍മം ചെയ്യുന്നതില്‍ വൈഷമ്യം തോന്നിയ ചില മുസ്‌ലിംകള്‍ക്ക് മറുപടിയായാണ്. ഇബ്‌നു അബ്ബാസ് പറയുന്നു: ''ബഹുദൈവ വിശ്വാസികളായ ഭാര്യാ സഹോദരങ്ങള്‍ക്കും ബന്ധുകള്‍ക്കും ദാനധര്‍മം ചെയ്യുന്നത് അവര്‍ക്കിഷ്ടമായിരുന്നില്ല. ഇതിനെപ്പറ്റി അവരന്വേഷിച്ചപ്പോള്‍ അതനുവദിച്ചുകൊണ്ട് അവതരിച്ചതാണ് ഈ സൂക്തം.'' 'അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ചു മാത്രമാണ് നിങ്ങള്‍ വ്യയം ചെയ്യുന്നത്' എന്നതിന്റെ ആശയം ഇബ്‌നുകസീര്‍ വിശദീകരിച്ചതിങ്ങനെ: ''ധര്‍മം ചെയ്യുന്നവന്‍ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ധര്‍മം ചെയ്താല്‍ അല്ലാഹുവിങ്കല്‍ അവന്റെ പ്രതിഫലം തീര്‍ച്ചപ്പെട്ടു. അത് കൈപ്പറ്റിയത് പുണ്യവാനോ അധര്‍മിയോ അര്‍ഹനോ അനര്‍ഹനോ എന്നൊന്നും നോക്കേണ്ടതില്ല. അവന്റെ ഉദ്ദേശ്യമനുസരിച്ച് പുണ്യം കിട്ടും. ഇതിന്റെ തെളിവ്; 'നിങ്ങള്‍ എന്ത് നല്ലത് ചെലവഴിച്ചാലും അതിന്റെ പൂര്‍ണ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളോ അക്രമം പ്രവര്‍ത്തിക്കുകയില്ല' എന്ന സൂക്തഭാഗമാണ്.'' അല്ലാഹു തന്റെ പുണ്യവാന്മാരായ അടിമകളെ പ്രശംസിച്ചു പറഞ്ഞത്, 'ഭക്ഷണത്തോട് അതിയായ ഇഷ്ടം ഉള്ളതോടൊപ്പം ദരിദ്രന്നും അനാഥക്കും യുദ്ധത്തടവുകാരനും ഭക്ഷണം നല്‍കുന്നവരാണവര്‍' എന്നാണ്. അക്കാലത്തെ യുദ്ധത്തടവുകാരെല്ലാം ബഹുദൈവ വിശ്വാസികളായിരുന്നല്ലോ.

ഫിത്വ്ര്‍ സകാത്ത് നല്‍കല്‍: ഐഛിക ദാനധര്‍മങ്ങള്‍ പോലെയാണ് ഫിത്വ്ര്‍ സകാത്തും പ്രായശ്ചിത്തങ്ങളും നേര്‍ച്ചകളും. ഇമാം അബൂഹനീഫ, മുഹമ്മദ് എന്നിവരും ചില കര്‍മശാസ്ത്ര പണ്ഡിതരും അത് ദിമ്മികള്‍ക്ക് നല്‍കുന്നത് അനുവദിച്ചിരിക്കുന്നു. പ്രമാണങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് കാരണം. അല്ലാഹു പറയുന്നു: ''നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി നല്‍കിയാല്‍ അത് നല്ലതുതന്നെ. എന്നാലത് ഗോപ്യമാക്കി പാവങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഉത്തമമാണ്. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ക്ക് അത് പരിഹാരമാകും'' (2:271). കഫാറത്തുകളെ കുറിച്ച് പറഞ്ഞു: ''അതിന്റെ (ശപഥ ലംഘനം) പ്രായശ്ചിത്തം പത്ത് ദരിദ്രര്‍ക്ക് ആഹാരം നല്‍കലാണ്. നിങ്ങളുടെ കുടുംബത്തെ ആഹരിപ്പിക്കുന്നതു പോലുള്ള മിതമായ ഭക്ഷണം'' (5: 89). ഇവിടെയൊന്നും ഏതുതരം ദരിദ്രരെന്ന് വിവേചിച്ചിട്ടില്ല.
അതോടൊപ്പം മുസ്‌ലിം ദരിദ്രര്‍ക്ക് ഇത് നല്‍കുന്നതാണ് കൂടുതല്‍ ഉത്തമമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അതു മുഖേന ഒരു മുസ്‌ലിമിനെ ദൈവാനുസരണത്തിന് സഹായിക്കലുമായി. മുസ്‌ലിംകള്‍ക്കെതിരെ തിരിയുന്ന ശത്രുവായിരിക്കരുത് അമുസ്‌ലിമെന്ന് ഇമാം അബൂഹനീഫ ഉപാധി വെച്ചിട്ടുണ്ട്. അത് മുസ്‌ലിംകള്‍ക്കെതിരില്‍ അവനെ സഹായിക്കലാകും, അത് അനുവദനീയമല്ല. അബൂ ഉബൈദ്, ഇബ്‌നു അബീ ശൈബ എന്നിവര്‍, ചില പുരോഹിതന്മാര്‍ക്ക് താബിഉകള്‍ ഫിത്വ്ര്‍ സകാത്ത് കൊടുക്കാറുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.

സമ്പത്തിന്റെ സകാത്ത്: സാധാരണ സമ്പത്തിന്റെ സകാത്ത് അമുസ്‌ലിംകള്‍ക്ക് കൊടുക്കാന്‍ പറ്റുകയില്ല എന്നതാണ് ബഹുഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. ഇബ്‌നുല്‍ മുന്‍ദിര്‍ പറഞ്ഞു: ''സമ്പത്തിന്റെ സകാത്ത് അമുസ്‌ലിം പ്രജകള്‍ക്ക് കൊടുക്കാവതല്ല. എന്നാല്‍ ഫിത്വ്ര്‍ സകാത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.'' മുആദിന്റെ ഹദീസാണ് ഇതിന് തെളിവ്. അതിങ്ങനെ: 'അവരുടെ സമ്പത്തില്‍ അല്ലാഹു സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അവരുടെ ധനികരില്‍നിന്നത് വാങ്ങി, അവരിലെ ദരിദ്രര്‍ക്ക് തിരിച്ചുകൊടുക്കും. അപ്പോള്‍ ആരുടെ സമ്പത്തില്‍നിന്നാണോ സകാത്ത് വാങ്ങുന്നത് അവരിലെ ദരിദ്രര്‍ക്കു തന്നെയാണ് തിരിച്ചുകൊടുക്കുന്നതും.' അവര്‍ മുസ്‌ലിംകളാണല്ലോ. അതിനാല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാവതല്ല.

ഇജ്മാഅ് വാദം ശരിയാണോ?

എന്നാല്‍ ഇബ്‌നുല്‍ മുന്‍ദിര്‍ ഉദ്ധരിക്കുന്നതു പോലെ ഇവ്വിഷയത്തില്‍ ഏകാഭിപ്രായമാണുള്ളതെന്ന വാദം സര്‍വാംഗീകൃതമല്ല. ഇബ്‌നു സീരീന്‍, സുഹ്‌രി എന്നിവര്‍ സകാത്ത് അമുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന് പറഞ്ഞതായി മറ്റു പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം സര്‍ഖസി 'അല്‍മബ്‌സൂത്വി'ല്‍ പറയുന്നു: 'അബൂ ഹനീഫയുടെ ശിഷ്യന്‍ സുഫര്‍ സകാത്ത് അമുസ്‌ലിം സംരക്ഷിത പ്രജകള്‍ക്ക് നല്‍കുന്നത് അനുവദിക്കുന്നുണ്ട്.' അതാണ് ന്യായവും. കാരണം ആവശ്യക്കാരനായ ദരിദ്രനെ സ്വാശ്രയനാക്കുക എന്ന പുണ്യം ചെയ്യലാണല്ലോ മുഖ്യലക്ഷ്യം. അത് ഇവിടെ ഉണ്ടാകുന്നു. അതേസമയം സുഫറിന്റെ അഭിപ്രായത്തെ മുആദിന്റെ ഹദീസ് പ്രകാരം അദ്ദേഹം തള്ളിക്കളയുന്നുണ്ട്. ഇബ്‌നു അബീശൈബ ജാബിറുബ്‌നു സൈദില്‍നിന്ന് നിവേദനം ചെയ്യുന്നു: 'ആര്‍ക്കാണ് സകാത്ത് നല്‍കേണ്ടത്' എന്ന് അദ്ദേഹത്തോട് ചോദിച്ചു. 'മുസ്‌ലിംകളിലും സംരക്ഷിത പ്രജകളിലും പെട്ട  നിങ്ങളുടെ ആളുകള്‍ക്ക്' എന്നു പറഞ്ഞ ശേഷം അദ്ദേഹം തുടര്‍ന്നു: 'നബി(സ) ദിമ്മികള്‍ക്ക് സകാത്തും യുദ്ധമുതലും വീതിച്ചിരുന്നു.'
ഇവിടെ നിര്‍ബന്ധമായ സകാത്തോ അല്ലെങ്കില്‍ അതുകൂടി ഉള്‍ക്കൊള്ളുന്ന ദാനധര്‍മങ്ങളോ ആയിരുന്നു ലക്ഷ്യമെന്ന് വ്യക്തം. നബി(സ)യുടെ അടുത്ത് ശേഖരിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തിരുന്നത് മിക്കതും സകാത്തായിരുന്നവല്ലോ. ഇബ്‌നു അബീശൈബ ഉമറി(റ)ല്‍നിന്ന് നിവേദനം ചെയ്ത പ്രസ്താവന 'സകാത്തുകള്‍ ദരിദ്രര്‍ക്കുള്ളതാണ്...' എന്ന സൂക്തത്തില്‍ പെട്ടവര്‍തന്നെയാണ് വേദക്കാരിലെ ദരിദ്രരും എന്നാണ്. ഇമാം അബൂയൂസുഫ് റിപ്പോര്‍ട്ട് ചെയ്ത സംഭവം പ്രസിദ്ധമാണ്. ജൂതനായ വൃദ്ധന് ഉമര്‍(റ) ബൈത്തുല്‍മാലില്‍നിന്ന് ആവശ്യനിര്‍വഹണത്തിനുള്ള ഫണ്ട് അനുവദിച്ചപ്പോള്‍ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തം  എന്നതായിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു; ഇയാള്‍ അഹ്‌ലുകിതാബില്‍പെട്ട ദരിദ്രനാണ്.
ഉമറില്‍നിന്ന് ഇബ്‌നു അബീശൈബ റിപ്പോര്‍ട്ട് ചെയ്ത വാക്കുകള്‍ ഉദ്ധരിച്ചശേഷം 'അര്‍റൗളുന്നളീര്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറയുന്നു: 'വേദക്കാരില്‍ സകാത്ത് വിതരണം ചെയ്യാമെന്നാണ് ഉമറിന്റെ അഭിപ്രായമെന്നതിന് ഇത് തെളിവാണ്.' സൈദികളുടെ നിലപാടും ഇതാണെന്ന് 'മനാറി'ന്റെ കര്‍ത്താവ് പറയുന്നു. -ല്‍ സുഹ്‌രിയില്‍നിന്നും ഇബ്‌നു സീരീനില്‍നിന്നും ഇത് ഉദ്ധരിച്ചിട്ടുമുണ്ട്. ഖുര്‍ആന്‍ സൂക്തത്തിലെ ദിരദ്രര്‍ എന്നത് വിശാലാര്‍ഥത്തിലാണെന്ന് അവര്‍ തെളിവായി പറയുന്നു. ഇമാം ത്വബരി ഇക്‌രിമയില്‍നിന്ന് ഉദ്ധരിക്കുന്നു: 'സകാത്ത് ഫഖീറുമാര്‍ക്കും മിസ്‌കീന്‍മാര്‍ക്കുമാണ്... എന്ന ഖുര്‍ആന്‍ സൂക്തം മുസ്‌ലിം ദരിദ്രര്‍ മാത്രമാണെന്ന് പറയരുത്. വേദക്കാരിലെ ദരിദ്രരും അവരില്‍ തീര്‍ച്ചയായും പെടും.' അര്‍ഹരായ മുസ്‌ലിംകള്‍ ഇല്ലെങ്കിലാണ് ദിമ്മികള്‍ക്ക് സകാത്ത് നല്‍കുക എന്ന് അബ്ദുല്ലാഹിബ്‌നുല്‍ ഹുസൈനില്‍നിന്ന് ജസ്സ്വാസ് ഉദ്ധരിച്ചിരിക്കുന്നു. ഇബാദികള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.


വിശകലനം
ഭൂരിപക്ഷ പണ്ഡിതന്മാര്‍ അവരുടെ അഭിപ്രായത്തിന് തെളിവായുദ്ധരിക്കുന്ന ഏറ്റവും പ്രബലമായ തെളിവ് മുആദിന്റെ ഹദീസാണ്. ഹദീസ് പ്രബലമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവര്‍ പറയുന്നത് തന്നെയാണ് അതിന്റെ വിവക്ഷയെന്നത് ഖണ്ഡിതമല്ല. സകാത്ത് ഓരോ പ്രദേശത്തെയും ധനികരില്‍നിന്ന് വാങ്ങി അവിടത്തെ ദരിദ്രരില്‍ വിതരണം ചെയ്യണമെന്നും അതിനര്‍ഥമാകാവുന്നതാണ്. പ്രദേശത്തിന്റെയും പൗരത്വത്തിന്റെയും അയല്‍വാസത്തിന്റെയും അടിസ്ഥാനത്തില്‍ പ്രസ്തുത ധനികരുമായി ബന്ധപ്പെട്ട ദരിദ്രരാണവര്‍. അതിനാലാണ് ഒരു നാട്ടിലെ സകാത്ത് മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകരുതെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത്.
ഫിത്വ്ര്‍ സകാത്തും മറ്റും വിതരണം ചെയ്യുന്നതിനെ കുറിച്ച് ഹനഫികള്‍ പറയുന്ന തെളിവുകളൊന്നും ദരിദ്രന്മാര്‍(ഫഖീറും മിസ്‌കീനും)ക്കിടയില്‍ മുസ്‌ലിം-അമുസ്‌ലിം എന്ന വ്യത്യാസം കല്‍പ്പിച്ചിട്ടില്ല. ഉമര്‍, സുഹ്‌രി, ഇബ്‌നു സീരീന്‍, ഇക്‌രിമ, ജാബിറുബ്‌നു സൈമ്, സുഫര്‍ എന്നിവരുടെ അഭിപ്രായം ഇതാണ്. അതുപോലെത്തന്നെ അല്‍മുംതഹിന അധ്യായത്തിലെ സൂക്തവും (നിങ്ങളോട് മതത്തിന്റെ പേരില്‍ സമരം ചെയ്യാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായ വിഭാഗത്തോട് നിങ്ങള്‍ നന്മയില്‍ വര്‍ത്തിക്കുന്നതും നീതി പ്രവര്‍ത്തിക്കുന്നതും അല്ലാഹു വിലക്കുകയില്ല) അവര്‍ക്ക് സകാത്ത് നല്‍കാമെന്നാണ് താല്‍പര്യപ്പെടുന്നത്. കാരണം സകാത്ത് ദാനം അവരോട് നന്മയില്‍ വര്‍ത്തിക്കലാണ്; മുആദിന്റെ ഹദീസ് തെളിവല്ല എന്ന് വന്നാലും (മുആദിന്റെ ഹദീസിന്റെ ആശയം മറ്റു പ്രമാണങ്ങളുടെ വ്യാപ്തിക്ക് ഒരിക്കലും എതിരാകുന്നില്ല എന്നാണ് നമുക്ക് വ്യക്തമാകുന്നത്. സകാത്തിന്റെ അവകാശികളെപ്പറ്റി പറഞ്ഞ ആയത്ത് മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഉള്‍ക്കൊള്ളുമെന്ന് ഉമര്‍(റ) മനസ്സിലാക്കിയതിനും അത് എതിരല്ല).
മേല്‍പറഞ്ഞ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷം നമുക്ക് വ്യക്തമാകുന്നത് ഇതാണ്: സകാത്ത് ഒന്നാമതായി മുസ്‌ലിംകളിലെ ദരിദ്രര്‍ക്ക് നല്‍കുകയെന്നതാണ് അടിസ്ഥാനം. കാരണം അത് അവരിലെ ധനികര്‍ക്കു മാത്രം നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ സംരക്ഷിത പ്രജകളിലെ ദരിദ്രരെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്നത്ര സകാത്ത് ധനമുണ്ടെങ്കില്‍ അതിനും വിരോധമില്ല. അതുമൂലം മുസ്‌ലിം ദരിദ്രര്‍ക്ക് ഞെരുക്കമുണ്ടാകരുതെന്നു മാത്രം. ഖുര്‍ആനിക സൂക്തം പൊതുവാണെന്നതും ഉമറിന്റെ പ്രവര്‍ത്തനവും നാമുദ്ധരിച്ച കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും തന്നെ അതിന് തെളിവായി മതി. ഇത് ഇസ്‌ലാമിലെ മതസഹിഷ്ണുതയുടെ പാരമ്യമാണ് കാണിക്കുന്നത്. മറ്റൊരു മതത്തിലും ഈ ഔന്നത്യം കാണപ്പെടുന്നില്ല.
ഇപ്പറഞ്ഞതെല്ലാം ദാരിദ്ര്യവും ആവശ്യവും പരിഗണിച്ചുകൊണ്ട് സകാത്ത് നല്‍കുമ്പോഴാണ്. എന്നാല്‍ സൗഹൃദം സ്ഥാപിക്കുന്നതിനും ഇസ്‌ലാമിലേക്ക് അടുപ്പിക്കുന്നതിനും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും രഞ്ജിപ്പുണ്ടാക്കുന്നതിനുമാണെങ്കില്‍, ഖുര്‍ആന്റെയും നബിചര്യയുടെയും ഖണ്ഡിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ അത് അനുവദനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ വിഹിതം എന്നെന്നും നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ സൗഹൃദമുണ്ടാക്കലും മുഅല്ലഫതുല്‍ ഖുലൂബിന് നല്‍കലും ഗവണ്‍മെന്റാണ് നിര്‍വഹിക്കേണ്ടത്, വ്യക്തികളല്ല എന്നതാണ് നമ്മുടെ നിലപാട്. ഇവ്വിഷയത്തില്‍ ഇസ്‌ലാമിക സംഘടനകള്‍ ഗവണ്‍മെന്റിന്റെ സ്ഥാനത്താണ് നിലകൊള്ളുത്.
ഇവിടെ ഒരു വസ്തുത ഓര്‍ക്കേണ്ടതുണ്ട്. ദിമ്മികള്‍ക്ക് സകാത്ത് നല്‍കാവതല്ല എന്ന് അഭിപ്രായപ്പെടുന്നവര്‍, ആ വിഭാഗം പട്ടിണിയും പരിവട്ടവുമായി കഴിയട്ടെ എന്ന അര്‍ഥത്തിലല്ല അങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. ബൈത്തുല്‍ മാലിന്റെ മറ്റു വരുമാന മാര്‍ഗങ്ങളില്‍നിന്ന് അവരെ സഹായിക്കണം എന്നവര്‍ കൂട്ടിച്ചേര്‍ത്തിട്ടു്; ഫൈഅ്*, സമരാര്‍ജിത സമ്പത്ത്, മആദിന്‍*, ഖറാജ്* എന്നിവ പോലുള്ളവയില്‍നിന്ന്. ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ് ബസ്വറയിലെ തന്റെ ഗവര്‍ണര്‍ക്കയച്ച കത്തില്‍ ഇപ്രകാരം പറയുന്നതായി അബൂ ഉബൈദ് 'കിതാബുല്‍ അംവാലി'ല്‍ ഉദ്ധരിക്കുന്നു: 'നിങ്ങളുടെ പ്രദേശത്തുള്ള അമുസ്‌ലിം പ്രജകളെ ശ്രദ്ധിക്കുക. അവരില്‍ പ്രായമായവര്‍, ശരീരശേഷി ക്ഷയിച്ചവര്‍, വരുമാനം നിലച്ചവര്‍... ഇവര്‍ക്കെല്ലാം ബൈത്തുല്‍ മാലില്‍നിന്ന് അവര്‍ക്കാവശ്യമുള്ളത് സ്ഥിരമായി നല്‍കുക...' ഗവര്‍ണറോട് ഖലീഫ ആവശ്യപ്പെടുന്നത് അവരുടെ ആവശ്യങ്ങളും അവസ്ഥകളും സ്വയം പഠിച്ച് പരിഹരിക്കാനാണ്, അവര്‍ ഇങ്ങോട്ട് അപേക്ഷിക്കുന്നതും കാത്തിരിക്കാനല്ല. ഇതാണ് ഇസ്‌ലാമിന്റെ നീതി.
(ഫിഖ്ഹുസ്സകാത്ത് രണ്ടാം വാള്യം 702 മുതല്‍ 708 വരെ പേജുകള്‍) 
വിവ: വി.കെ അലി
* ഫൈഅ്: സായുധ സമരമില്ലാതെ കൈവരുന്ന യുദ്ധമുതലുകള്‍
* മആദിന്‍: ഭൂമിക്കടിയിലെ നിക്ഷേപങ്ങള്‍ (സ്വര്‍ണം, വെള്ളി, പെട്രോള്‍)
* ഖറാജ്: ഭൂനികുതി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌