Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

സമര്‍പ്പണത്തിന്റെ ആള്‍രൂപം

ബി ഖദ്‌രില്‍ കസ്ബി തുക്തസബുല്‍ മആലി
വമന്‍ ത്വലബല്‍ ഉലാ സഹിറല്ലയാലി
വമന്‍ റാമല്‍ ഉലാ മിന്‍ ഗൈരി കദ്ദിന്‍
അളാഅല്‍ ഉംറ ഫീ ത്വലബില്‍ മുഹാലി
(കഠിനാധ്വാനത്തിന്റെ അളവനുസരിച്ചത്രെ ഉയരങ്ങള്‍ എത്തിപ്പിടിക്കുന്നത്. ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍ രാത്രി ഉറക്കം വെടിയും. കഠിനാധ്വാനമില്ലാതെ ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍ അസംഭവ്യതക്ക് പിന്നാലെ പാഞ്ഞ് ജീവിതം പാഴാക്കിക്കളഞ്ഞു)
ഇമാം ശാഫിഈയുടെ ഈ കാവ്യശകലത്തില്‍ പറയുന്ന കഠിന യത്‌നത്തെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു കഴിഞ്ഞ ജൂലൈ മുപ്പതിന് നമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭ ഹദീസ് പണ്ഡിതന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടേത്. തീര്‍ത്തും അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ ജീവിതമെന്ന് ആരും സമ്മതിക്കും. ഒരു ഹിന്ദു കുടുംബത്തില്‍ പിറന്ന ബങ്കേ ലാല്‍ എന്ന കൗമാരക്കാരന് പതിനേഴ് വയസ്സു വരെ ഇസ്‌ലാമുമായോ അറബി ഭാഷയുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നല്ല ഇസ്‌ലാമിനോട് വെറുപ്പും വിദ്വേഷവുമായിരുന്നു. മൗലാനാ മൗദൂദിയുടെ 'ദീനെ ഹഖ്' എന്ന കൊച്ചു പുസ്തകമാണ് ബങ്കേ ലാല്‍ ആയിരുന്ന സിയാഉര്‍റഹ്മാന്റെ ജീവിതത്തെ നാടകീയമായ വഴിത്തിരിവുകളിലൂടെ നയിച്ചുകൊണ്ടുപോയത്. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ ചേരുമ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും അനുഷ്ഠാനങ്ങളും മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. പക്ഷേ അവിടെ അഞ്ചു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോഴേക്ക്, ജനിച്ച നാള്‍ തൊട്ട് അറബി കേട്ട് വളരുന്ന പാരമ്പര്യ മുസ്‌ലിം വിദ്യാര്‍ഥികളെ ബഹുദൂരം പിറകിലാക്കി അറബി ഭാഷയില്‍ നല്ല വ്യുല്‍പ്പത്തി നേടിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഹിന്ദി മാതൃഭാഷയായ അദ്ദേഹം ഇതേ ആവേശത്തോടെ ഉര്‍ദുവും പഠിച്ചെടുത്തു. അഭിമുഖങ്ങളില്‍ പലപ്പോഴും അദ്ദേഹം സംസാരിക്കുക ഉര്‍ദുവിലായിരിക്കും. കഠിനാധ്വാനത്തിന്റെ പാരമ്യം എന്നേ ഇതേപറ്റി പറയാനാവൂ. ആദ്യം ലക്ഷ്യം നിര്‍ണയിക്കുന്നു, പിന്നെ അത് നേടിയെടുക്കാനുള്ള തീവ്ര യത്‌നത്തിന് മനസ്സിനെയും ശരീത്തെയും പാകപ്പെടുത്തുന്നു. അസാധ്യമായി ഒന്നുമില്ല എന്ന് തന്നെയല്ലേ ആ ജീവിതം നമ്മോട് പറയുന്നത്!
അദ്ദേഹം തേടിക്കൊണ്ടിരുന്നത്, അറബിയില്‍ തഹ്ഖീഖ് എന്നു പറയുന്ന ആധികാരിക അറിവുകളെയാണ്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് വേണ്ടി പ്രമുഖ സ്വഹാബി അബൂഹുറയ്‌റയെക്കുറിച്ച് അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു മാത്രമല്ല, ആ വിഷയത്തില്‍ ഇന്ന് നടക്കുന്ന ഗവേഷണങ്ങള്‍ക്ക് പോലും പ്രഥമ അവലംബമായി നിലനില്‍ക്കുകയും ചെയ്യുന്നു. നൂറ്റി എഴുപതോളം ഹദീസ് സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്ന സ്വഹീഹും ഹസനുമായ (ആശയത്തിലോ നിവേദനത്തിലോ തകരാറില്ലാത്ത) ഹദീസുകളെ ഒരൊറ്റ ഗ്രന്ഥ പരമ്പരയില്‍ സമാഹരിക്കുക എന്ന അതിസാഹസത്തിനും അദ്ദേഹം മുതിര്‍ന്നു. ഭരണകൂടങ്ങളുടെ നിര്‍ലോഭ സഹായമുണ്ടായിട്ടും പണ്ഡിത സമിതികള്‍ക്ക് പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ ദൗത്യം അദ്ദേഹം ഒറ്റക്ക് പൂര്‍ത്തീകരിച്ചു. അതിനു വേണ്ടി നീക്കിവെച്ചത് പതിനഞ്ച് വര്‍ഷം. ആ കാലയളവില്‍ യാത്രകളും മറ്റു പരിപാടികളുമെല്ലാം നിര്‍ത്തിവെച്ചു. ദിവസവും പതിനെട്ട് മണിക്കൂര്‍ വരെ ഇതിനു വേണ്ടി നീക്കിവെച്ചിരുന്നു. അങ്ങനെയാണ് അല്‍ ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസിസ്സ്വഹീഹിശ്ശാമില്‍ എന്ന ഹദീസ് സമാഹാരം, അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ജന്മം കൊള്ളുന്നത്. തന്റെ മാതൃഭാഷയായ ഹിന്ദിയില്‍ ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയ പോലുള്ള ബൃഹദ് രചനകള്‍ക്കും ഇതിനിടെ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നല്‍കുന്ന മറ്റൊരു വലിയ പാഠം, ആ വൈജ്ഞാനിക പ്രയാണം ഒരിടത്തും നിന്നുപോകുന്നില്ല എന്നതാണ്. റാബിത്വയെപ്പോലുള്ള ഒരു ആഗോള കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ മുഖ്യ ചുമതലക്കാരനായി ചുമതലയേല്‍ക്കുന്ന ഒരാള്‍ 'ഇനി ഇവിടെയങ്ങ് കൂടാം' എന്നായിരിക്കും സാധാരണഗതിയില്‍ തീരുമാനിക്കുക. പക്ഷേ, തന്റെ ജ്ഞാനാന്വേഷണങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ട് ആ ജോലി അദ്ദേഹം വേണ്ടെന്ന് വെക്കുകയായിരുന്നു.
വിടവാങ്ങിയ ആ പണ്ഡിത പ്രതിഭയുടെ സേവനങ്ങള്‍ അനുസ്മരിക്കുകയാണ് ഈ ലക്കത്തില്‍. അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളെയും മെത്തഡോളജിയെയും മറ്റും സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങള്‍ ഇനിയും വരേണ്ടതായിട്ടുണ്ട്. അറബിയിലോ ഇംഗ്ലീഷിലോ ഉര്‍ദുവിലോ അങ്ങനെയുള്ള പഠനങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടുള്ള സഹപ്രവര്‍ത്തകരും ശിഷ്യന്മാരും ആ ധര്‍മം നിറവേറ്റുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌