Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

സ്‌ഫോടനാത്മക രാഷ്ട്രീയം ഉള്‍വഹിക്കുന്ന യാത്രാ വിവരണം

കെ.ടി ഹുസൈന്‍

യാത്രകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ ചിലര്‍ യാത്ര ചെയ്യുക മാത്രമല്ല തങ്ങള്‍ ചെയ്ത യാത്രയെ രേഖപ്പെടുത്തിവെക്കുകയും ചെയ്യും. അങ്ങനെയാണ് യാത്രാ വിവരണം ഏതു ഭാഷയിലെയും ഒരു പ്രധാന സാഹിത്യ വിഭാഗമായി മാറിയത്. എന്നാല്‍ ചില യാത്രാ വിവരണങ്ങള്‍ കേവലം കൗതുക കാഴ്ചകളുടെ വിവരണം മാത്രമായിരിക്കും. രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും ചരിത്രവും സംസ്‌കാരവും ഒപ്പിയെടുക്കുന്ന യാത്രാ വിവരണങ്ങളുമുണ്ട്. ഇബ്നു ബത്തൂത്തയുടെയും മാര്‍ക്കോ പോളോയുടെയും യാത്രാ വിവരണങ്ങള്‍ എത്രയോ നാടുകളുടെ പൗരാണിക ചരിത്രമറിയാനുള്ള പ്രധാന ഉപാദാനമായി ഇന്നും വായിക്കപ്പെടുന്നു. എന്നാല്‍ അപൂര്‍വം ചില യാത്രാ വിവരണങ്ങള്‍ അതെഴുതുന്ന കാലത്ത് സ്ഫോടനാത്മകമാംവിധം ശക്തമായ രാഷ്ട്രീയം ഉള്ളില്‍ വഹിക്കുന്നവയായിരിക്കും. അത്തരമൊരു യാത്രാ വിവരണമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എ. റശീദുദ്ദീന്‍ എഴുതിയ അതിര്‍ത്തിയിലെ മുന്‍തഹാ മരങ്ങള്‍.
പൊതുവെ ഒരിന്ത്യക്കാരന്‍ പോകാന്‍ ഇഷ്ടപ്പെടാത്ത, പോയാല്‍ തന്നെയും  ആ നാടിനെയും നാട്ടാരെയും  കുറിച്ച് നല്ലതു പറയാന്‍ പാടില്ലാത്ത, ഒരു രാജ്യമുണ്ടെങ്കില്‍ അത് പാകിസ്താനാണ്. കാരണം നമ്മുടെ ദേശീയത അപരമാക്കിയ രാജ്യമാണ് പാകിസ്താന്‍. എന്നല്ല 73 വര്‍ഷം മുമ്പ് വരെ നമ്മുടെ രാജ്യത്തിന്റെ തന്നെ ഭാഗമായ ഒരു ഭൂപ്രദേശത്ത് പാകിസ്താന്‍ എന്ന പേരില്‍ ഒരു പുതിയ രാജ്യത്തെ സൃഷ്ടിച്ചതുതന്നെ അകത്തും പുറത്തും ശത്രുവായ, അപരനില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത ദേശീയതയാണ് എന്നു വേണം പറയാന്‍. അപ്പോള്‍ പിന്നെ ഇന്ത്യന്‍ ദേശീയതയുടെ അപര നിര്‍മിതിയായ പാകിസ്താനില്‍ യാത്ര ചെയ്യുക മാത്രമല്ല അവിടെ താന്‍ കണ്ട നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്ന ഒരു യാത്രാ വിവരണം ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യയിലും രാജ്യദ്രോഹ പ്രവര്‍ത്തനമായി എണ്ണാന്‍  സാധ്യത വളരെ കൂടുതലാണ്. ധീരനും സാഹസികനുമായ ഒരു മാധ്യമപ്രവര്‍ത്തകനു മാത്രമേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരത്തിലുള്ള ഒരു യാത്രാ വിവരണം എഴുതാനാവൂ. പക്ഷേ എഴുതിയത് റശീദുദ്ദീന്‍ ആയതുകൊണ്ട് അതില്‍ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം ഭീകരാക്രമണങ്ങളുടെ പേരില്‍ മുസ്ലിംകള്‍ വ്യാപകമായി വേട്ടയാടപ്പെടുകയും അതിന് പശ്ചാത്തലമൊരുക്കി ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭീകരതയെ കുറിച്ച് യക്ഷിക്കഥകള്‍ പടച്ചുവിട്ടു കൊണ്ടിരിക്കുകയും ചെയ്ത അസാധാരണമായ സഹചര്യത്തില്‍  അതിനെയെല്ലാം ചോദ്യം ചെയ്യുന്ന 'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും' എന്ന പുസ്തകമെഴുതിയ ആള്‍ തന്നെയാണല്ലോ ഈ പുസ്തകവും എഴുതിയത്.
ഇന്ത്യ എല്ലാ നന്മകളുടെയും പൂങ്കാവനവും പാകിസ്താന്‍ സകല തിന്മകളുടെയും നരകഭൂമിയും എന്ന നമ്മുടെ ദേശീയത നിര്‍മിച്ച ജന പ്രിയ ആഖ്യാനത്തെ പൊളിക്കുകയാണ് റശീദുദ്ദീന്റെ ഈ യാത്രാ വിവരണം ചെയ്യുന്നത്. അതു തന്നെയാണ് ഈ പുസ്തകം ഉള്ളില്‍ വഹിക്കുന്ന രാഷ്ട്രീയവും. മറ്റൊരു വിധം പറഞ്ഞാല്‍ നമ്മുടെ ദേശീയതയെ തന്നെ പ്രശ്നവല്‍ക്കരിക്കുകയാണ് അതിര്‍ത്തിയിലെ മുന്‍തഹാ മരങ്ങള്‍.
ഇന്ത്യക്ക് എന്തെല്ലാം നന്മകളുണ്ടോ അതെല്ലാം പാകിസ്താനുമുണ്ട്; തിന്മകളും അങ്ങനെ തന്നെ. അതാണ് ഈ യാത്രാ വിവരണത്തിലൂടെ റശീദുദ്ദീന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ തിന്മ മാത്രം ചൂണ്ടിക്കാട്ടി പാകിസ്താന്റെ നന്മകള്‍ മാത്രം എടുത്തു പറയുകയല്ല റശീദുദ്ദീന്‍ ചെയ്യുന്നത്. മറിച്ച് പാകിസ്താനില്‍ താന്‍ അനുഭവിച്ച മോശം കാര്യങ്ങളോടൊപ്പം നല്ല  കാര്യങ്ങള്‍ കൂടി എടുത്തുപറയുകയാണ് ചെയ്യുന്നത്. കൂട്ടത്തില്‍ ഇന്ത്യയുടെ  കോട്ടങ്ങളും നേട്ടങ്ങളും സൂചിപ്പിച്ചുപോവുകയും ചെയ്യുന്നു.
നന്മതിന്മകള്‍ ഇരുരാജ്യങ്ങളും പങ്കുവെക്കുന്നുവെന്നതില്‍ ഒട്ടും അത്ഭുതമില്ല. കാരണം ഒരേ ഭൂമിശാസ്ത്രവും സംസ്‌കാരവും ചരിത്ര പൈതൃകങ്ങളുമാണല്ലോ രണ്ട് രാജ്യങ്ങള്‍ക്കുമുള്ളത്. അത് അങ്ങനെയല്ല എന്ന് പറയുന്നത് രാഷ്ട്രീയ പ്രേരിതമാണ്, വസ്തുതാപരമല്ല. ഗ്രന്ഥകാരന്‍ പറയുന്നതു പോലെ, ദല്‍ഹി കണ്ട ഒരു സഞ്ചാരി ലാഹോറിലെത്തിയാല്‍ അത് മറ്റൊരു ദല്‍ഹി മാത്രമായേ അവന് തോന്നൂ. ദല്‍ഹിയുടെ എല്ലാ ആധുനികതയും പൗരാണികതയും ലാഹോറിനുമുണ്ട്. ശരിയാണ്, ഇടക്കിടെ പട്ടാളം ബാരക്കില്‍നിന്ന് പുറത്തിറങ്ങി നിയന്ത്രണം കൈയേല്‍ക്കുന്ന  ജനാധിപത്യമാണ് പാകിസ്താനിലുള്ളത്. എന്നാല്‍ ഇന്ത്യയിലുള്ളത്  അത്തരമൊരു ജനാധിപത്യമല്ല. പക്ഷേ ഇപ്പോള്‍ ഇന്ത്യയിലെ ജനാധിപത്യം സൈനിക ഏകാധിപത്യത്തില്‍നിന്ന് അത്രയൊന്നും വ്യത്യസ്തമല്ല എന്നതാണ് വസ്തുത. നിരപരാധികളുടെ രക്തം ചിന്തുന്ന തീവ്രവാദവും പാകിസ്താനിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദം ഒഴുക്കിയ നിരപരാധികളുടെ രക്തം പാകിസ്താനിലേതിനേക്കാള്‍ കൂടാനേ വഴിയുള്ളൂ. ദേശീയത നിര്‍മിച്ചെടുത്ത അപര വിദ്വേഷം എന്ന മുഖംമൂടി എടുത്തുമാറ്റിയാല്‍ ഇന്ത്യയുടെ ദിലീപ് കുമാറും ഷാരൂഖ് ഖാനും അമിതാഭ് ബച്ചനുമെല്ലാം പാകിസ്താന്റേതെന്ന പോലെ, പാകിസ്താനികളായ ഗുലാം അലിയും നുസ്രത്ത് ഫതഹ് അലി ഖാനും ആബിദാ പര്‍വീനും ഇന്ത്യയുടെയും കൂടിയാണ്. ഇസ്ലാമാബാദില്‍നിന്ന് പെഷവാറിലേക്കുള്ള ബസ്സ് യാത്രയില്‍ മുഖം മൂടിയ ഒരു സഹയാത്രിക പാകിസ്താന്‍ സിനിമ മാറ്റി പകരം ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബസ്സ് അധികൃതരോട് ആവശ്യപ്പെടുന്നത് റശീദുദ്ദീന്‍ അത്ഭുതത്തോടെ വിവരിക്കുന്നുണ്ട്.
ലാഹോര്‍, ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി, കറാച്ചി, പെഷവാര്‍, ബാലാക്കോട്ട്, പാക്കധീന കശ്മീരിലെ മുസഫറാബാദ് എന്നീ നഗരങ്ങളിലൂടെയും  ശ്രീനഗര്‍, ജമ്മു, അനന്തനാഗ്, ജയ്സാല്‍മീര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലൂടെയുമുള്ള ഒറ്റ യാത്രയല്ല, മറിച്ച് പല സന്ദര്‍ഭങ്ങളില്‍ നടത്തിയ യാത്രകളെ  ഒറ്റ ചരടില്‍ കോര്‍ത്തുവെക്കുകയാണ് ഈ യാത്രാ വിവരണ ഗ്രന്ഥത്തില്‍. കേവല കാഴ്ചകളുടെ വിവരണം മാത്രമല്ല ഇത്; മറിച്ച് ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും ഭൂതകാലത്തെയും വര്‍ത്തമാന കാലത്തെയും രാഷ്ട്രീയവുമെല്ലാം ഇതില്‍ ഇഴചേര്‍ന്നിരിക്കുന്നു.
ഇന്നത്തെ കലുഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാപകമായി വായിക്കപ്പെടേണ്ട, ചര്‍ച്ചയാവേണ്ട പുസ്തകമാണ് ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച അതിര്‍ത്തിയിലെ മുന്‍തഹാ മരങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ വര്‍ത്തമാന കാല ഇന്ത്യയെ ആവരണം ചെയ്തു നില്‍ക്കുന്ന ഭയം കൊണ്ട് തന്നെയായിരിക്കണം അര്‍ഹിക്കുന്ന പ്രചാരണം ഈ കൃതിക്ക് കിട്ടാതെ പോയത്.
വില: 340, പേജ്: 304.

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌