Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുമ്പോള്‍ ചരിത്രം ഓര്‍മിക്കണം

അബൂറശാദ്  പുറക്കാട്

അയോധ്യയിലെ വിവാദ ക്ഷേത്രത്തിനു തറക്കല്ലിട്ടതുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുകയാണ്. വിവാദങ്ങള്‍ മലയാളികള്‍ക്ക് എന്നും ഹരമാണ്. ചായക്കടയിലും അങ്ങാടിക്കവലകളിലും തുടങ്ങി പുതിയ കാലത്ത് സോഷ്യല്‍ മീഡിയയിലും ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍വരെ അത് നിറഞ്ഞു പരന്നൊഴുകും. എവിടെയായാലും കുറച്ചു കാലം അതിങ്ങനെ കത്തിനില്‍ക്കും. പിന്നെ അതുപോലെ അങ്ങ് കെട്ടടങ്ങുകയും ചെയ്യും. അത് പോലെ ഒന്നാണ് ഇപ്പോള്‍ ഇപ്പറഞ്ഞ ഇടങ്ങളിലെല്ലാം ഉരുള്‍പൊട്ടുന്ന ശിലാന്യാസ വിവാദങ്ങളും. ഏതാനും നാള്‍ കഴിയുമ്പോള്‍ ഇതും അങ്ങ് പൊട്ടിത്തീരും. ഖുര്‍ആന്‍ പറഞ്ഞതു പോലെ ഈ '.......നുരകളും വറ്റിപ്പോകും.'
ഒന്നാമത്തെ വിവാദം അമ്പലത്തിന് ശിലാഫലകം സ്ഥാപിക്കുന്നതിന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയാണ്. വിവാദങ്ങളില്‍ പരിലസിക്കാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ ഒരല്‍പം ഒന്ന് തിരിഞ്ഞുനോക്കണം. ആരാണ് ബാബരി പ്രശ്‌നം ഇപ്പോള്‍ നടന്ന രണ്ടാം ശിലാന്യാസ ഘട്ടംവരെ എത്തിച്ചത്? മസ്ജിദിനകത്ത് അതിക്രമിച്ചുകടന്ന് രാമന്റെ പ്രതിമ സ്ഥാപിക്കാന്‍ മലയാളി കൂടിയായ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ ഒത്താശ ചെയ്യുമ്പോള്‍ ആരായിരുന്നു ഇന്ത്യ ഭരിച്ചത്? ഇന്ത്യന്‍ മതേതരത്വത്തിന്റെ കണ്‍കണ്ട 'ദൈവം' ആയ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു, ഒന്നാം ശിലാന്യാസത്തിന് വേദിയൊരുക്കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധി. പള്ളി പൊളിക്കുമ്പോള്‍ പൊളി പൂര്‍ത്തിയാവുന്നത് വരെ പൂജാമുറിയില്‍ ഭജനമിരുന്നത്  മറ്റൊരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു.... ഇപ്പോള്‍ നിര്‍ഭാഗ്യത്തിനു രണ്ടാം ശിലാന്യാസം നടത്താന്‍ 'സൗഭാഗ്യ'മുണ്ടായത് നരേന്ദ്ര മോദിക്കായിപ്പോയെന്നു മാത്രം. ഒന്നാലോചിച്ചുനോക്കൂ, കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നു ഈ കോടതിവിധിയുണ്ടായിരുന്നതെങ്കില്‍ എന്തായിരിക്കുമായിരുന്നു അവസ്ഥ? മതേതരത്വം പറഞ്ഞ് കോണ്‍ഗ്രസ് പൂര്‍ണമായും മാറിനില്‍ക്കുമായിരുന്നോ? മേല്‍പറഞ്ഞ പ്രധാനമന്ത്രിമാരില്‍  ആരുടെയെങ്കിലും പേരില്‍ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒരു ഷോക്കോസ് നോട്ടീസെങ്കിലും അയച്ചതായി നമ്മളാരെങ്കിലും എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? കോണ്‍ഗ്രസില്‍ അതിന്റെ ഒന്നാം തീയതി മുതല്‍ രണ്ടു ധാരകളുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യ വിഭജിക്കേണ്ടിവന്നതു പോലും. കോണ്‍ഗ്രസിന്റെ പരസ്യമായ ഈ 'ഒളിയജണ്ട' മൗലാനാ മൗദൂദി കൃത്യമായി മനസ്സിലാക്കുകയും അബുല്‍ കലാം ആസാദിനു മനസ്സിലാകാതെ പോവുകയും ചെയ്തു. അല്ലെങ്കില്‍ അദ്ദേഹം അക്കാര്യം മനസ്സിലാക്കിക്കൊണ്ടു തന്നെ കോണ്‍ഗ്രസ്സില്‍ തുടരാന്‍ തീരുമാനിച്ചു.
കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഒരുപക്ഷെ കുറ്റപ്പെടുത്താനുമാവില്ല. കോണ്‍ഗ്രസ്സുണ്ടായ കാലത്ത് (1885-ല്‍) ഹിന്ദുത്വപാര്‍ട്ടികളില്ല. പക്ഷേ ആ മനസ്സുള്ള ധാരാളം നേതാക്കളും അണികളും അന്നും ഇന്നും പാര്‍ട്ടിയിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആര്‍.എസ്.എസ്-ബി.ജെ.പികളുടെ ആദിമരൂപമായ ഹിന്ദു മഹാസഭ 1915-ല്‍ രൂപംകൊണ്ടപ്പോള്‍, നാലുതവണ  കോണ്‍ഗ്രസ് അധ്യക്ഷനായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ തന്നെ അതിന്റെയും പ്രഥമ പ്രസിഡന്റായത്. അദ്ദേഹം മഹാസഭാ പ്രസിഡന്റ് ആയ ശേഷവും കോണ്‍ഗ്രസ് പ്രസിഡന്റായി. ചുരുക്കത്തില്‍, ഹിന്ദു ഐക്യത്തിനും ഏകീകരണത്തിനും വേണ്ടി ഉണ്ടാക്കുകയും പിന്നീട് ഹിന്ദു രാഷ്ട്രീയ ഐക്യത്തിന്റെയും മതനവീകരണത്തിന്റെയും പേരില്‍ മുസ്ലിംകളെ ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍വരെ ശ്രമിക്കുകയും ചെയ്ത ഹിന്ദു മഹാസഭ, കോണ്‍ഗ്രസ്സിന്റെ ഒരു പോഷക ഘടകം പോലെ, 'ഭായി-ഭായി' ആയിട്ടായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചുപോന്നത്. ഒട്ടേറെ നേതാക്കള്‍ രണ്ടിലും ഒരു പ്രയാസവുമില്ലാതെ പ്രവര്‍ത്തിച്ചുപോന്നു. പിന്നീട് കോണ്‍ഗ്രസ്സിലെ മതേതര ചേരിയെ കഠിനമായി വിമര്‍ശിച്ച വി.ഡി സവര്‍ക്കറിന്റെ സ്വാധീനത്തില്‍ സഭ വന്നപ്പോഴാണ് കോണ്‍ഗ്രസ്സുമായി ഔദ്യോഗികമായി തെറ്റിപ്പിരിഞ്ഞത്. ഇതൊക്കെയാണ് പഴയ കഥ. കടുത്ത ഹിന്ദുത്വ മനസ്സുള്ളവരൊക്കെ ഹിന്ദു മഹാസഭയിലേക്ക് ചേക്കേറിയെങ്കിലും 'മൃദുഹിന്ദുത്വമനസ്സു'ള്ളവര്‍ ഇപ്പോഴും കോണ്‍ഗ്രസ്സിലുണ്ട്. 
ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് കോണ്‍ഗ്രസ്സുകാര്‍ ഊറ്റം കൊള്ളാറുണ്ട്. ഈ ജനാധിപത്യം തെരഞ്ഞെടുപ്പിലോ നേതാക്കളെ തെരഞ്ഞെടുക്കുന്നതിലോ ഒന്നും കാണാറില്ലെങ്കിലും തങ്ങളുടേതാണ് ഏറ്റവും വലിയ 'ജനാധിപത്യ പാര്‍ട്ടി' എന്നും അവര്‍ മേനിനടിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രിയങ്കാ ഗാന്ധി ഒന്ന് പറയും; രാഹുല്‍ ഗാന്ധി മറ്റൊന്ന് പറയും. ആന്റണി പറയുന്നതിന് നേരെ വിപരീതമായിരിക്കും ഗുലാം നബി ആസാദിന്റെ പ്രസ്താവന. ചെന്നിത്തലയെ മുരളീധരന്‍ ഖണ്ഡിക്കും. ശശി തരൂരിനെ മുല്ലപ്പള്ളി തള്ളിപ്പറയും. ഇതൊക്കെ കോണ്‍ഗ്രസ്സില്‍ സര്‍വസാധാരണമാണ്, ഇതൊന്നും കോണ്‍ഗ്രസ്സില്‍ ഒരു അസ്വാരസ്യവും സൃഷ്ടിക്കാറില്ല എന്നതൊക്കെ എല്ലാവര്‍ക്കും അറിവുള്ള വസ്തുതകളാണ്. പിന്നെ നമ്മളെന്തിന് ബഹളം വെക്കണം?
അക്കൂട്ടത്തിലൊന്ന് മാത്രമായേ രണ്ടാം ശിലാന്യാസത്തിനുള്ള പ്രിയങ്കയുടെ ആശംസാ  വിവാദത്തെയും കാണേണ്ടതുള്ളൂ. പ്രിയങ്ക മാത്രമല്ല മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം ഒട്ടേറെ കോണ്‍ഗ്രസ് പ്രമുഖര്‍ ഈ കുളത്തില്‍ നഗ്നരാണ്! ആരൊക്കെയോ ബഹളമുമുണ്ടാക്കുന്നു എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ്സില്‍ ഒരു ഇലയനക്കവുമില്ല. എല്ലാം ശാന്തം, ഭദ്രം.. കാരണം, ഒന്നാമതായി ഇത് കോണ്‍ഗ്രസിന്റെ ജനിതക പ്രകൃതമാണ്. രണ്ടാമതായി, പാര്‍ട്ടിക്ക് ന്യൂനപക്ഷത്തെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരല്ലോ. ന്യൂനപക്ഷത്തേക്കാള്‍ എത്രയോ വലിയ ഭൂരിപക്ഷം മറുഭാഗത്തുണ്ട്. അവരെ കൈയൊഴിയാന്‍ കഴിയില്ല. സര്‍വോപരി, പഴയ ഹിന്ദു മഹാസഭയുടെ അവശിഷ്ടങ്ങള്‍ ഇനിയുമുണ്ട് പാര്‍ട്ടിയില്‍. അവരെ പിണക്കിയാല്‍ അവരും പൊടിയും തട്ടി അങ്ങ് ഇറങ്ങിപ്പോവും.
സംഘ് പരിവാര്‍ രണ്ടാം ശിലാന്യാസത്തിനു തെരഞ്ഞെടുത്ത 'സുദിനം' ഏതാണ്? കശ്മീരിന്റെ പ്രത്യേക പദവി (370-ാം വകുപ്പ്) റദ്ദു ചെയ്ത് അവിടെയുള്ള മനുഷ്യരുടെ സകല അവകാശങ്ങളും റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം. അന്ന് കോണ്‍ഗ്രസ്സിന്റെ പാര്‍ലിമെന്റിലെ നിലപാട് എന്തായിരുന്നു? ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിനു തറക്കല്ലിടാന്‍ പോയിട്ട്, ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചതിന് അവരെന്തേ അദ്ദേഹത്തിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്യാത്തത്? എന്തുകൊണ്ട് ആ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നില്ല? ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് ഈ ക്ഷേത്രനിര്‍മാണത്തിലൂടെ സാധ്യമാകുന്നത് എന്ന പച്ചനുണയെക്കുറിച്ച് എന്താണ് നമുക്കൊന്നും പറയാനില്ലേ? ഈ ക്ഷേത്രനിര്‍മാണത്തിനു വേണ്ടി കര്‍സേവകര്‍ നടത്തിയ 'മഹത്തായ പോരാട്ടം' രണ്ടാംസ്വാതന്ത്ര്യസമരത്തിനു തുല്യമാണെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ  പ്രസ്താവന, അദ്ദേഹത്തിന്റെ അനേകം കോമഡികളില്‍ ഒന്നായി തള്ളിയാല്‍ മതിയോ? അദ്ദേഹം കൂട്ടത്തില്‍ രാജ്യത്തെ ജനങ്ങളോട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സമീപസ്ഥരായ രണ്ട് പുരോഹിതര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല! രണ്ട് പേരെ നിയന്ത്രിക്കാന്‍ കഴിയാത്ത ഇദ്ദേഹമാണോ രാജ്യത്തെ 130 കോടി ജനങ്ങളെ പ്രോട്ടോക്കോള്‍ പഠിപ്പിക്കുന്നത് എന്ന് നാം ചോദിക്കേണ്ടിയിരുന്നില്ലേ?
 

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌