Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

തലമുറകള്‍ കൈകോര്‍ത്ത സുവര്‍ണകാലം

പി.കെ ജമാല്‍

ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് നിര്‍ണിത പ്രവര്‍ത്തനങ്ങളുമായി ചിട്ടയോടെയും വ്യവസ്ഥയോടെയും മുന്നേറുന്ന പ്രസ്ഥാനങ്ങള്‍ വര്‍ത്തമാനകാലത്ത് ജീവിക്കുന്നതോടൊപ്പം ഭാവിസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഉത്സുകവുമായിരിക്കും. വിമോചന-വിപ്ലവ-നവോത്ഥാന-പരിഷ്‌കരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും തങ്ങളുടെ പദ്ധതികളും കര്‍മപരിപാടികളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ഈ രീതിയിലാണ്. ചരിത്രത്തില്‍നിന്നും അനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തെ അഭിസംബോധന ചെയ്യുകയും ഭാവിയിലേക്ക് വളരുകയും വികസിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. ചലനമാണ് ജീവിതം, നിശ്ചലത മരണമാണ്.
മുന്‍ഗാമികള്‍ വെട്ടിയ വഴിയിലൂടെയാണ് പിന്‍ഗാമികളുടെ പ്രയാണം. മുമ്പേ നടന്നവര്‍ കാടും പടലും വെട്ടിത്തെളിച്ച വഴിയിലൂടെ ദുര്‍ഗമ പാതകള്‍ സഞ്ചാരയോഗ്യമാക്കിയ മുന്‍ഗാമികളെക്കുറിച്ച് കടപ്പാട് നിറഞ്ഞ ഓര്‍മകള്‍ പ്രാര്‍ഥനയായി മാറുന്ന ഒരു ഇസ്‌ലാമിക സങ്കല്‍പമുണ്ട്. ഭൂതകാലത്തിന്റെ ഈര്‍പ്പമുള്ള മണ്ണില്‍നിന്ന് വെള്ളവും വളവും സ്വീകരിക്കുന്ന വര്‍ത്തമാന കാലത്തിന്റെ മക്കള്‍ നടത്തുന്ന ഹൃദയം നിറഞ്ഞ പ്രാര്‍ഥന; ''മുമ്പേ നടന്നവര്‍ക്കു ശേഷം വന്നു ചേര്‍ന്നവര്‍. അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ! ഞങ്ങളുടെ നാഥാ, നീ കനിവുള്ളവനും അളവറ്റ ദയാലുവുമാണല്ലോ'' (അല്‍ ഹശ്ര്‍ 10).
പഴയ തലമുറയെയും പുതിയ തലമുറയെയും ബന്ധിക്കുന്ന സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും വികാരം പ്രാര്‍ഥനാ വചനങ്ങളായിത്തീരുന്നതാണ് ഇവിടെ കണ്ടത്. സ്‌നേഹത്തിന്റെ കണ്ണിയറ്റാല്‍ ബന്ധമറ്റു. ബന്ധമറ്റാല്‍ പ്രവര്‍ത്തനം നിലച്ചു. അതോടെ പ്രസ്ഥാനം നിശ്ചലമായി. ചലനമറ്റ പ്രസ്ഥാനം ഒഴുക്കില്ലാത്ത ജലാശയമാണ്. ഒഴുക്കില്ലാത്ത വെള്ളം മലിനമാവാനും രോഗാണുക്കള്‍ പെറ്റുപെരുകാനും ഇടയാക്കും. നിശ്ചലമായ പ്രസ്ഥാനം ജീര്‍ണിക്കുകയും ശക്തി ക്ഷയിക്കുകയും ഭദ്രത തകരുകയും  ചെയ്യാന്‍ അധികകാലം വേണ്ട. പ്രസ്ഥാനം തലമുറകളിലൂടെ കടന്നുപോകുമ്പോള്‍ വിനഷ്ടമാവാന്‍ പാടില്ലാത്ത 'മൂപ്പിളമാബന്ധ'ത്തെക്കുറിച്ച് നബി(സ) ബോധവാനായിരുന്നു. ഇളം തലമുറയെയും മുതിര്‍ന്ന തലമുറയെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതില്‍ നബി(സ) അതീവ ശ്രദ്ധചെലുത്തി. തലമുറവിടവിന്റെ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുകയും മൂപ്പിളമ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ നബി (സ) ജാഗ്രതയോടെ ഇടപെട്ട് ബന്ധങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കിയതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാവും. അനുചരന്മാരെ തന്റെ ചിറകിനു കീഴില്‍ സംരക്ഷിക്കുന്ന പ്രവാചകന്റെ സ്‌നേഹവും വാത്സല്യവും കരുതലും അനുപമമാണ്. മുതിര്‍ന്ന സ്വഹാബിമാരെ പുതുതായി കടന്നുവന്ന തലമുറ വിമര്‍ശിക്കുന്ന രീതി കാണുമ്പോള്‍ നബി(സ)യുടെ മുഖം രോഷത്താല്‍ ചുവക്കുമായിരുന്നു. അത്തരം ചില സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.
'നമ്മിലെ മുതിര്‍ന്നവരെ ആദരിക്കാത്തവനും നമ്മുടെ ഇളയവരോട് കനിവോടെ പെരുമാറാത്തവനും നമ്മില്‍ പെട്ടവനല്ല' എന്ന് നബി(സ) ഖണ്ഡിതമായി തീര്‍ത്തു പറയുമ്പോള്‍ തലമുറകള്‍ തമ്മില്‍ ഉണ്ടാകേണ്ട ബന്ധത്തിന്റെ അടിസ്ഥാനമാണ് നിര്‍ണയിക്കുന്നത്. പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും ആദരവിന്റെയും കരുണയുടെയും വികാരമായിരിക്കണം അവരെ ഭരിക്കേണ്ടത്.

തലമുറകള്‍ സംഗമിച്ച സമൂഹം
നബി(സ) രൂപം നല്‍കിയ ഇസ്‌ലാമിക സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടായിരുന്നു. യുവാക്കളും മധ്യവയസ്‌കരുമടങ്ങിയ ഒരു നീണ്ട നിരതന്നെ നബി(സ)യുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തു നിന്നു. വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ സര്‍വരും പ്രവാചക സന്നിധിയില്‍ സമാവകാശങ്ങള്‍ അനുഭവിച്ചു സന്തോഷത്തോടെ ജീവിച്ചു. ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചുനല്‍കുന്നതില്‍ പരിഗണിക്കപ്പെട്ടത് ദൈവഭയവും പ്രാപ്തിയും നൈപുണിയുമായിരുന്നു. നബി(സ)യുടെ കണ്ണും കാതുമായി വര്‍ത്തിച്ച അബൂബക്ര്‍ സിദ്ദീഖും ഉമറുബ്‌നുല്‍ ഖത്ത്വാബും ഇരിക്കുന്ന സദസ്സിലാണ് നാല് ഖുര്‍ആന്‍ വിദഗ്ധരുടെ പേരുകള്‍ നബി(സ) പ്രഖ്യാപിച്ചത്: ''നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് പഠിക്കേണ്ടത് നാലു പേരില്‍നിന്നാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലിം മൗലാ അബൂഹുദൈഫ, ഉബയ്യുബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍'' (ബുഖാരി). നബി(സ)യുടെ പള്ളിയില്‍ ബാങ്ക് വിളിക്കാനുള്ള ചുമതല തന്നെയേല്‍പ്പിക്കുമെന്നായിരുന്നു അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) വിചാരിച്ചത്. പക്ഷേ, ഘനഗാംഭീര്യമുള്ള ശബ്ദസൗകുമാര്യത്തിന്റെ ഉടമ ബിലാലുബ്‌നു റബാഹി(റ)നെയാണ് നബി(സ) ആ ചുമതലയേല്‍പ്പിച്ചത്. സുബൈറിന്ന് മനസ്താപമുണ്ടായില്ല.
മറ്റൊരിക്കല്‍ അബൂബക്‌റിനും ഉമറിനും തന്റെ മനസ്സിലുള്ള സ്ഥാനമെന്തെന്ന് നബി (സ) വ്യക്തമാക്കി: ''ഞാനും അബൂബക്‌റും ഉമറും ഒരിടത്ത് പോയി. ഞാനും അബൂബക്‌റും ഉമറും അവിടെ കടന്നുചെന്നു. ഞങ്ങള്‍ മൂവരും പിന്നെ പുറത്തിറങ്ങി'' (ബുഖാരി). നബി(സ)യുടെ ഉപദേഷ്ടാക്കളായിരുന്നു ഇരുവരും. നബിഹൃദയത്തില്‍ തങ്ങള്‍ക്കുള്ള മഹത്തായ സ്ഥാനത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഇരുവര്‍ക്കും പക്ഷേ, നബി (സ) മറ്റ് ചിലരെക്കൂടി ആ ഗണത്തിലേക്ക് ചേര്‍ത്ത് പറഞ്ഞപ്പോള്‍ ഒട്ടും വിമ്മിട്ടമുണ്ടായില്ല; ഒരു അസ്‌ക്യതയും അവര്‍ പ്രകടിപ്പിക്കുകയുണ്ടായില്ല. ''എനിക്കു മുമ്പ് വന്ന പ്രവാചകന്മാര്‍ക്കെല്ലാവര്‍ക്കും സഹചാരികളും സഖാക്കളും ബുദ്ധിമാന്മാരും മന്ത്രിമാരുമായി ഏഴ് പേരെ അല്ലാഹു നല്‍കിപ്പോന്നിട്ടുണ്ട്. എന്നാല്‍ എനിക്കാവട്ടെ അത്തരം വിശേഷ ഗുണങ്ങളുള്ള പന്ത്രണ്ട് പേരെയാണ് അല്ലാഹു ഉപദേഷ്ടാക്കളായി തന്നിട്ടുള്ളത്; ഹംസ, ജഅ്ഫര്‍, അലി, ഹസന്‍, ഹുസൈന്‍, അബൂബക്ര്‍, ഉമര്‍, മിഖ്ദാദ്, ഹുദൈഫ, സല്‍മാന്‍, അമ്മാര്‍, ബിലാല്‍'' (അഹ്മദ്). നബി(സ)യുടെ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ അവരോധിതനായത് പക്ഷേ, ഈ ഉപദേഷ്ടാക്കളില്‍ ആരുമായിരുന്നില്ല. അബൂഉബൈദ ആമിറുബ്‌നുല്‍ ജര്‍റാഹിനാണ് ആ പദവി നബി(സ) നല്‍കിയത്. നബി(സ)യുടെ ഉത്തരവ് ഇങ്ങനെ: ''ഓരോ ഉമ്മത്തിനുമുണ്ട് ഒരു അമീന്‍. എന്നാല്‍ നമ്മുടെ അമീന്‍, സമുദായമേ അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ് ആകുന്നു'' (ബുഖാരി, കിതാബുല്‍ മനാഖിബ്).
സുരക്ഷാ ചുമതലയുള്ള പോലീസ് മേധാവിയായി നിയമിക്കപ്പെട്ടത് ഖൈസുബ്‌നു സഅ്ദുബ്‌നു ഉബാദതുല്‍ അന്‍സാരിയാണ്. ഈ നിയമനത്തെക്കുറിച്ച് അനസുബ്‌നു മാലിക്(റ): ''ഖൈസുബ്‌നു സഅ്ദ് നബി(സ)യുടെ സന്നിധിയില്‍ സദാ ഉണ്ടാവും. അമീറിന്റെ സുരക്ഷാ മേധാവിയുടെ പദവിയായിരുന്നു അദ്ദേഹത്തിന്'' (ബുഖാരി, കിതാബുല്‍ അഹ്കാം). നബി(സ)യുടെ എഴുത്തുകുത്തുകളും തപാലും കൈകാര്യം ചെയ്തത് മുഐഖീബു ബ്‌നു അബീഫാത്വിമതുദ്ദൂസിയായിരുന്നു. ഇയാസുബ്‌നു ഹാരിസ് അനുസ്മരിക്കുന്നു: ''നബി(സ)യുടെ 'റസൂലുല്ലാഹ്' എന്ന വെള്ളിയില്‍ പണിതീര്‍ത്ത ലോഹമുദ്ര സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തത് മുഐഖീബ് ആയിരുന്നു'' (നസാഈ, കിതാബുസ്സീന). അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കുമുള്ള നബി(സ)യുടെ എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്തതും മുദ്ര ചാര്‍ത്തിയതും ഈ സ്വഹാബിയാണ്.
നബി(സ)യെ പ്രതിനിധാനം ചെയ്ത് പല വേദികളിലും സംസാരിച്ചിരുന്നത് സാബിതുബ്‌നു ഖൈസുബ്‌നു ശമാസ് (റ) ആയിരുന്നു. ഔദ്യോഗിക വക്താവിന്റെ സ്ഥാനമായിരുന്നു നബി (സ) അദ്ദേഹത്തിന് നല്‍കിയത്. വ്യാജ പ്രവാചകത്വ വാദിയായ മുസൈലിമത്തുല്‍ കദ്ദാബ് മദീനയില്‍ വന്ന സംഭവം സ്വഹാബിമാര്‍ ഓര്‍ക്കുന്നു: ''അയാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്ന സന്ദര്‍ഭത്തില്‍ സാബിതുബ്‌നു ഖൈസുബ്‌നു ശമാസുമുണ്ട് നബിയോടൊപ്പം. റസൂലിന്റെ വക്താവായാണ് അദ്ദേഹം അറിയപ്പെട്ടത്. നബി(സ)യുടെ കൈയില്‍ ഒരു വടിയുണ്ട്. അതിന്മേല്‍ ചാരി നിന്നാണ് നബി(സ) സംസാരിച്ചത്. അപ്പോള്‍ മുസൈലിമ: 'താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയം നമുക്ക് ഒരു ഒത്തുതീര്‍പ്പില്‍ എത്തിക്കാം. താങ്കളുടെ കാലശേഷം എനിക്കിരിക്കട്ടെ പ്രവാചകത്വം.' നബി (സ) പ്രതിവചിച്ചു: എന്റെ കൈയിലുള്ള ഈ വടിയുണ്ടല്ലോ, അതു പോലും ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നില്ല. എനിക്ക് നിങ്ങളെ സംബന്ധിച്ച് നേരത്തേയുള്ള അഭിപ്രായത്തില്‍ ഒരു മാറ്റവുമില്ല. ഇതാ സാബിതുബ്‌നു ഖൈസ്, അദ്ദേഹം എനിക്കു വേണ്ടി നിങ്ങളോട് സംസാരിക്കും'' (ബുഖാരി, കിതാബുല്‍ മഗാസി).
കര്‍മശാസ്ത്ര വിഷയങ്ങളില്‍ മറുപടി നല്‍കാനുള്ള അനുവാദം നബി(സ) നല്‍കിയത് മുആദുബ്‌നു ജബലി(റ)നായിരുന്നു. നബി(സ) മുആദിന് നല്‍കിയ സാക്ഷ്യപത്രം: ''എന്റെ സമുദായത്തില്‍ ഹലാല്‍-ഹറാം അഭിജ്ഞന്‍ മുആദുബ്‌നു ജബലാണ്'' (ത്വബഖാത്ത്, ഇബ്‌നു സഅ്ദ്, തിര്‍മിദി, ഇബ്‌നുമാജ).
കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയോഗിതനായത് അലി(റ)യാണ്. ഉമര്‍ (റ) ഓര്‍ക്കുന്നു: ''അലി (റ) ആയിരുന്നു ഞങ്ങളുടെ കേസുകള്‍ തീര്‍ത്തത്'' പള്ളികളുടെ മേല്‍നോട്ടവും ബാങ്കിന്റെ ഉത്തരവാദിത്തവും നാലു പേര്‍ക്കായിരുന്നു. ബിലാലുബ്‌നു റബാഹും അംറുബ്‌നു ഉമ്മു മക്തൂമും മദീനയില്‍ മസ്ജിദുന്നബവിയില്‍. സഅ്ദുല്‍ ഖുറജ് ഖുബാ മസ്ജിദില്‍, ഔസുബ്‌നു മുഗീറ(റ) മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ (സാദുല്‍ മആദ്). വിദേശ പ്രതിനിധികളായി തെരഞ്ഞെടുക്കുന്നതിലും നബി(സ)ക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ടായിരുന്നു. പ്രഭാഷണ ചാതുരി, ആകാര സൗഷ്ഠവം, ആകര്‍ഷക വ്യക്തിത്വം, ഭാഷാ പരിജ്ഞാനം, അവതരണ പാടവം, രാഷ്ട്രീയ ബോധം, പ്രത്യുല്‍പന്നമതിത്വം തുടങ്ങി സവിശേഷ ഗുണങ്ങള്‍ തിളങ്ങിയ വ്യക്തിത്വങ്ങളെയാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളായി അയച്ചത്. ദഹ്‌യതുല്‍ കല്‍ബി(റ)യെ ഹിര്‍ഖലിന്റെയും അബ്ദുല്ലാഹിബ്‌നു ദാഫത്തു സഹ്മിയെ കിസ്‌റയുടെയും ഹാതിബുബ്‌നു അബീബല്‍തഅ(റ)യെ അലക്‌സാ്രണ്ടിയാ ചക്രവര്‍ത്തി മുഖൈഖിസിന്റെയും അടുക്കലേക്ക് അയച്ചത് ആ അടിസ്ഥാനത്തിലാണ്. എത്യോപ്യന്‍ ചക്രവര്‍ത്തി നജ്ജാശിയെ കാണാന്‍ അയച്ചത് അംറുബ്‌നു ഉമയ്യത്തുള്ളംറിയെയാണ്. മുആദി(റ)നെ യമനിലേക്ക് അയച്ചു. അലാഉബ്‌നുല്‍ ഹള്‌റമി(റ)യെ ബഹ്‌റൈന്‍ രാജാവ് മുന്‍ദിറുബ്‌നു സാവിയുമായും സുലൈതുബ്‌നു അംറി(റ)നെ യമാമ രാജാവ് ഹൗദതുബ്‌നു അലിയുമായും സംസാരിക്കാന്‍ നബി(സ) നിയോഗിച്ചയച്ചു.
നബി(സ) പ്രത്യേക ദൗത്യത്തിന് ആളുകളെ തെരഞ്ഞെടുത്തത് മൂന്ന് വിധത്തിലായിരുന്നു: ഒന്ന്, ഏല്‍പിക്കുന്ന ദൗത്യം വിജയകരമായി നിറവേറ്റുമെന്ന് അനുഭവം തെളിയിച്ച വ്യക്തികളെ നബി(സ) കണ്ടെത്തുകയും പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കുകയും ചെയ്യും. രണ്ട്, തന്റെ ആവശ്യം സദസ്സില്‍ ഉന്നയിക്കും. സന്നദ്ധത ആരായും. സന്നദ്ധരാകുന്നവരെ ദൗത്യം ഏല്‍പിക്കും. മൂന്ന്, ആവശ്യം നബി(സ) സദസ്സില്‍ സമര്‍പ്പിച്ചിട്ടും ആരും തയാറായി മുന്നോട്ടു വരാതിരുന്നാല്‍ നബി(സ) തന്നെ പേര്‍ നിര്‍ദേശിക്കും. ചുമതല അയാളെ ഏല്‍പിക്കും. ഈ രീതികള്‍ക്കെല്ലാം ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.

ഉസാമ(റ) പുതുതലമുറയുടെ തേരാളി
നബി (സ) ചുമതലകളെല്ലാം ഏല്‍പിച്ചിരുന്നത് യുവാക്കളെയോ മധ്യവയസ്സ് പിന്നിടാത്തവരെയോ ആയിരുന്നു. നബി(സ)യുടെ തീരുമാനങ്ങളോ തെരഞ്ഞെടുപ്പോ മുതിര്‍ന്ന സ്വഹാബി പ്രമുഖരെ ആരെയും അലോസരപ്പെടുത്തുകയോ മുറുമുറുപ്പിന് ഇടയാക്കുകയോ ചെയ്തതായി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. സേനാനായകനായി ഇളമുറക്കാരനായ ഉസാമത്തുബ്‌നു സൈദിനെ നിശ്ചയിച്ച സന്ദര്‍ഭം മാത്രമാണ് അപവാദം. അതില്‍ നബി(സ) ഉടനെ ഇടപെട്ട് ധാരണകള്‍ തിരുത്തുകയും നയം വിശദീകരിക്കുകയും ചെയ്തത് സുവിദിതമാണ്. നബി(സ)യുടെ വിയോഗാനന്തരം സ്വഹാബിമാര്‍ ആ നിര്‍ദേശം നടപ്പാക്കിയ രീതിയും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്.
നബി(സ)ക്ക് ഏറെ പ്രിയപ്പെട്ട ഉസാമതുബ്‌നു സൈദ് 'ഹിബ്ബു റസൂലില്ലാഹ്' (റസൂലിന്റെ മാനസപുത്രന്‍) എന്ന പേരിലാണ് അറിയപ്പെട്ടത്. പിതാവ് സൈദുബ്‌നു ഹാരിസ; മാതാവ് നബിയുടെ ഉമ്മ ഹലീമയുടെ പരിചാരകയും സന്തത സഹചാരിയുമായിരുന്ന ഉമ്മു അയ്മന്‍. ശാമിലേക്കുള്ള മുസ് ലിം സേനാവ്യൂഹത്തിന്റെ നായകനായി ഉസാമതുബ്‌നു സൈദിനെ നബി(സ) നിയോഗിച്ചു. അന്ന് ഉസാമക്ക് പ്രായം പതിനെട്ട്. റോമാ സാമ്രാജ്യത്തോടാണ് യുദ്ധം. ഉസാമക്ക് നിയമനോത്തരവ് നല്‍കി റസൂല്‍ പറഞ്ഞു: ''ഉസാമ! അല്ലാഹുവിന്റെ പേരിലും അവന്റെ ആശീര്‍വാദത്തിലും മുന്നോട്ടു ഗമിക്കുക. മാര്‍ച്ച് ചെയ്ത് മുന്നോട്ടു പോയാല്‍ താങ്കളുടെ പിതാവ് വീരമൃത്യു വരിച്ച സ്ഥലത്തെത്തും. അവിടെ നിങ്ങള്‍ തമ്പടിക്കുക. ഈ സൈന്യത്തിന്റെ ചുമതല ഞാന്‍ താങ്കളെ ഏല്‍പിക്കുകയാണ്. ഉബ്ഹാ ഗോത്രത്തിനു മേല്‍ പ്രഭാതാക്രമണമാണ് നടത്തേണ്ടത്. ഒട്ടും വൈകാതെ അവിടെ നിന്നും മുന്നോട്ടു ഗമിക്കണം. വാര്‍ത്ത പിന്നാലെ വരട്ടെ. അല്ലാഹു വിജയം തന്നാല്‍ പിന്നെ അവിടെ അധികനേരം തങ്ങരുത്. വഴികാട്ടികളെ കൂടെ കൂട്ടുക. ചാരന്മാരെയും വിവരശേഖരണ വിദഗ്ധരെയും നേരത്തേ അയക്കണം.'' 'ഇനി അല്ലാഹുവിന്റെ നാമത്തില്‍ മാര്‍ച്ച് ചെയ്തുകൊള്ളുക'- പതാക ഉസാമക്ക് കൈമാറി നബി(സ) നിര്‍ദേശം നല്‍കി. ആദ്യതലമുറയിലെ മുതിര്‍ന്ന മുഹാജിറുകളുടെ തലക്ക് മുകളില്‍ പുതുതലമുറയിലെ പതിനെട്ടുകാരന്‍ യുവാവിനെ സേനാനായകനായി നിശ്ചയിച്ചതില്‍ സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രതിഷേധവും ഭിന്നാഭിപ്രായവുമുണ്ടെന്ന് ശ്രദ്ധയില്‍പെട്ട നബി (സ) അസന്തുഷ്ടനായി. കേട്ടപാടെ, തലയില്‍ ഒരു കെട്ടുകെട്ടി പുതപ്പുകൊണ്ട് മൂടി പള്ളിയിലേക്ക് പുറപ്പെട്ടു. മിമ്പറില്‍ കയറി റസൂല്‍ സദസ്സിനെ അഭിസംബോധന ചെയ്തു! ''ജനങ്ങളേ, ഉസാമതുബ്‌നു സൈദിനെ നേതാവാക്കി നിശ്ചയിച്ചതിനെക്കുറിച്ച് നിങ്ങളില്‍ ചിലര്‍ വിമര്‍ശനമുന്നയിച്ചതായി എനിക്ക് വിവരം കിട്ടി. ഉസാമയെ ഞാന്‍ നേതാവായി നിയമിച്ചതില്‍ നിങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍, ഉസാമയുടെ പിതാവ് സൈദിനെ ഇതിനു മുമ്പ് നേതാവായി നിശ്ചയിച്ചതിലും നിങ്ങള്‍ക്ക് ആക്ഷേപമുണ്ടായിരിക്കും. അല്ലാഹുവാണ് സത്യം, സൈദ് അമീറാവാന്‍ യോഗ്യനാണെങ്കില്‍ അയാളുടെ കാലശേഷം പുത്രനും ഇമാറത്തിന് യോഗ്യന്‍ തന്നെ. സൈദ് എനിക്ക് ജനങ്ങളില്‍ ഏറ്റവും പ്രിയങ്കരനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഉസാമ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. ഇരുവരും നന്മനിറഞ്ഞവരാണ്. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഉസാമ നിങ്ങളിലെ ശ്രേഷ്ഠരുടെ ഗണത്തില്‍ പെട്ടവനാണ്.''
നബി(സ)യുടെ വിയോഗാനന്തരം ഖലീഫയായി അബൂബക്ര്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്ക് ധാരാളം ആളുകള്‍ ഇസ്‌ലാം വെടിഞ്ഞ് മതപരിത്യാഗികളായി മാറിക്കഴിഞ്ഞിരുന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ അബൂബക്ര്‍ സിദ്ദീഖി(റ) നെ കണ്ട് ഉണര്‍ത്തി: ''റസൂലിന്റെ ഖലീഫ അബൂബക്ര്‍, അറബികള്‍ നാനാഭാഗത്ത്‌നിന്നും നിങ്ങള്‍ക്ക് നേരെ ഇരമ്പിവരികയാണ്. ഇപ്പോള്‍ വിന്യസിച്ച ഈ സൈന്യത്തെ ഉപയോഗിച്ച് നിങ്ങളൊന്നും ചെയ്യുന്നതായി കാണുന്നില്ല. മതപരിത്യാഗികളെ അവരുടെ മാളങ്ങളില്‍ ചെന്ന് ആക്രമിച്ച് തുരത്തിയോടിക്കാന്‍ ഈ സൈന്യത്തെ സജ്ജമാക്കൂ. ഇല്ലെങ്കില്‍ മദീനാ നിവാസികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. ഒരു സുരക്ഷിതത്വവും തോന്നുന്നില്ല. സ്ത്രീകള്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും അരുതാത്തത് വന്നു പെട്ടേക്കുമോ എന്ന് ഞങ്ങള്‍ക്ക് 
ആശങ്കയുണ്ട്. അതു കഴിഞ്ഞാവാം ഉസാമയുടെ നായകത്വത്തില്‍ റോമിനെ ആക്രമിച്ച് ഇസ്‌ലാമിന്റെ വിജയം ഉറപ്പുവരുത്തുന്നത്.'' എന്നാല്‍ അബൂബക്‌റാകട്ടെ, ഉസാമയുടെ നായകത്വത്തിനു കീഴില്‍ സൈന്യത്തെ ഒരുക്കി അയക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. അബൂബക്ര്‍ പ്രഖ്യാപിച്ചു: ''അല്ലാഹുവാണ് സത്യം, മദീനയില്‍ ഹിംസ്ര ജന്തുക്കള്‍ എന്നെ കൊന്നു തിന്നുമെന്ന് വന്നാലും ഈ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കും. ഉസാമയെ നബി(സ) യാണ് നേതാവായി നിശ്ചയിച്ചത്.''
ഉസാമയുടെ സൈന്യം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി വിജയശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തി. സൈന്യത്തെ നയിക്കുന്നതില്‍ ഉസാമക്കുള്ള പ്രാഗത്ഭ്യം വെളിപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇളംപ്രായക്കാരനായ താന്‍ നേതൃത്വത്തിന് അര്‍ഹനാണെന്ന് ഉസാമ തെളിയിച്ചു. നബി(സ)യുടെ കണ്ടെത്തലായിരുന്നു ഉസാമ(റ).

അല്ലാഹു തെരഞ്ഞെടുത്ത സമൂഹം
പ്രവാചകനായി നബി(സ)യെ നിയോഗിച്ച അല്ലാഹു, തന്റെ ദൂതനോടൊപ്പം നിലകൊള്ളാന്‍ അര്‍ഹരും യോഗ്യരുമായ ഒരു അനുയായിവൃന്ദത്തെയും നിശ്ചയിച്ചുനല്‍കി. അവര്‍ തികച്ചും അര്‍ഹരും യോഗ്യരുമാണെന്ന് കാലം തെളിയിച്ചു. ഓരോ വ്യക്തിയിലും അന്തര്‍ലീനമായ കഴിവുകള്‍ കണ്ടറിഞ്ഞ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അവ വികസിപ്പിക്കാന്‍ ആവശ്യമായ പശ്ചാത്തലമൊരുക്കാനും നബി(സ) പ്രത്യേകം ശ്രദ്ധിച്ചു. കരുതിവെപ്പില്ലാത്ത തുറന്ന മനസ്സോടെയുള്ള ഇടപെടലായിരുന്നു നബി(സ)യുടേത്. ഓരോ വ്യക്തിയും തന്റെ അധീനതയില്‍ അല്ലാഹു ഏല്‍പ്പിച്ച അമാനത്ത് ആണെന്ന് നബി(സ) കരുതി. ഒരാളെയും നബി(സ) തള്ളിക്കളഞ്ഞില്ല; ഒരാളെയും നബി(സ) അനാദരിച്ചില്ല, അവഗണിച്ചില്ല. പ്രവാചകന്‍ പ്രബോധകനും പ്രസ്ഥാന നായകനും മധ്യസ്ഥനും അനുരഞ്ജകനും സേനാനായകനും രാഷ്ട്രമേധാവിയും ആയി പകര്‍ന്നാട്ടം നടത്തുന്നതിലെ രസതന്ത്രം അറിയാന്‍ ആ ചരിത്രത്തിലൂടെ തുറന്ന കണ്ണുകളോടെയും ഹൃദയത്തോടെയും സഞ്ചരിച്ചാല്‍ മതി. പ്രവാചകന്റെ പാഠശാലയില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ ആരും പരാജയപ്പെട്ടില്ല. നബി(സ)യുടെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ ഓരോ സ്വഹാബിയുടെയും പ്രായമെത്രയായിരുന്നുവെന്നും എന്തെല്ലാം ദൗത്യങ്ങളാണ് അവര്‍ ഏല്‍പിക്കപ്പെട്ടതെന്നും അവ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രവാചകനും മുതിര്‍ന്ന സ്വഹാബിമാരും അവര്‍ക്ക് നല്‍കിയ പ്രോത്സാഹനം ഏതു വിധമായിരുന്നുവെന്നും നാം അറിയണം. ഈ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന് മാതൃകയാവേണ്ടത് ആ ചരിത്രമാണ്.
* ഫഖീഹും ഹലാല്‍-ഹറാമുകളെ സംബന്ധിച്ച് അഭിജ്ഞനുമായ മുആദുബ്‌നു ജബല്‍(റ) ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ 18 വയസ്സ്. ബദ്‌റിലും മറ്റനേകം യുദ്ധങ്ങളിലും പങ്കെടുത്തു. റസൂല്‍ ഉസാമയെ ഒട്ടകപ്പുറത്ത് തന്റെ പിറകില്‍ കയറ്റി യാത്രചെയ്യും. വാഹനപ്പുറത്തേറിയ മുആദിനെ നബി(സ) കാല്‍നടയായി അനുഗമിച്ചു യാത്രയയക്കും. തബൂക്ക് യുദ്ധാനന്തരം യമനിലേക്ക് തന്റെ പ്രതിപുരുഷനായി മുആദിനെ അയക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 28. നബി(സ) മരിക്കുമ്പോള്‍ മുആദ് യമനിലാണ്. 10 വര്‍ഷം മാത്രം നബി(സ)യോടൊപ്പം കഴിയാന്‍ ഭാഗ്യമുണ്ടായ മുആദ് നബി(സ) സാക്ഷ്യപത്രം നല്‍കിയ പണ്ഡിതപ്രമുഖനായി. കിഴക്കന്‍ ജോര്‍ദാനില്‍ പടര്‍ന്നു പിടിച്ച 'അംവാസ്' പ്ലേഗ് മഹാമാരിയില്‍ പെട്ട് മരണപ്പെടുമ്പോള്‍ വയസ്സ് 38.
* ഔസ് ഗോത്രനേതാവായ സഅ്ദുബ്‌നു മുആദ് (റ), ഖന്‍ദഖ് യുദ്ധത്തില്‍ അമ്പു കൊണ്ടേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നാണ് ശഹീദായത്. ബഖീഇല്‍ മറമാടപ്പെടുമ്പോള്‍ വയസ്സ് 37.
* അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ). 'ഖുര്‍ആന്‍ ഭാഷ്യകാരന്‍' (തര്‍ജുമാനുല്‍ ഖുര്‍ആന്‍) എന്ന് നബി(സ) വിശേഷിപ്പിച്ച ഇബ്‌നു അബ്ബാസ് ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പാണ് ജനിച്ചത്. 1660 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നബി(സ) വഫാത്താകുമ്പോള്‍ ഇബ്‌നു അബ്ബാസിന് 13 വയസ്സാണ് പ്രായം.
* അബൂഹുറയ്‌റ (റ) എന്ന പേരില്‍ വിശ്രുതനായ അബ്ദുര്‍റഹ്മാനുബ്‌നു സ്വഖ്‌റുദ്ദൂസി ഇസ്‌ലാം ആശ്ലേഷിച്ചത് ഹിജ്‌റ ഏഴാം വര്‍ഷം. 5374 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തില്‍നിന്ന് എണ്ണൂറില്‍പരം സ്വഹാബിമാരും താബിഉകളും നബിവചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. വിജ്ഞാനസമ്പാദനം ജീവിതവ്രതമാക്കിയ അദ്ദേഹം നബി(സ)യില്‍നിന്ന് അറിവ് നുകരാനുള്ള അവസരം നഷ്ടപ്പെട്ടേക്കുമോ എന്നു ഭയന്ന് കച്ചവടത്തിലോ കൃഷിയിലോ ഏര്‍പ്പെട്ടില്ല. വിശപ്പടക്കാന്‍ അന്നന്ന് കിട്ടുന്ന ആഹാരത്തില്‍ തൃപ്തനായി ജീവിച്ചു. 52-ാം വയസ്സില്‍ മരണം.
* ഈജിപ്ത് ജേതാവായ അംറുബ്‌നുല്‍ ആസ്വ്(റ). പ്രഗത്ഭമതിയായ അംറിനെയാണ് നബി(സ) 'ദാത്തുസ്സലാസില്‍' യുദ്ധനേതൃത്വം ഏല്‍പിച്ചത്. അപ്പോള്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. അബൂബക്‌റും ഉമറും അബൂഉബൈദയും ഉണ്ടായിരുന്ന ആ സൈന്യത്തില്‍ നബിയുടെ നിര്‍ദേശപ്രകാരം അംറുബ്‌നുല്‍ ആസ്വിനെ സഹായിക്കുകയായിരുന്നു അവര്‍. പിന്നെ ഉമാനിലേക്ക് നിയമിച്ചു. ഖുന്‍സുരിന്‍ ജയിച്ചടക്കി. സിറിയയിലെ അലപ്പോ, മന്‍ബജ്, അന്താഖിയാ ഭരണാധികാരികളുമായി സന്ധിയില്‍ ഏര്‍പ്പെട്ടതും അംറുബ്‌നുല്‍ ആസ്വ് തന്നെ.
* ഇസ്‌ലാമിക ചരിത്രത്തിലെ വിസ്മയമായ ഖാലിദുബ്‌നുല്‍ വലീദിന്റെ യുദ്ധപാടവം മുന്‍നിര്‍ത്തി 'സയ്ഫുല്ലാഹില്‍ മസ്‌ലൂല്‍' (അല്ലാഹുവിന്റെ ഊരിയ വാള്‍) എന്ന പുരസ്‌കാരം നല്‍കി അദ്ദേഹത്തെ റസൂല്‍(സ) ആദരിച്ചു. ഏര്‍പ്പെട്ട നൂറില്‍പരം യുദ്ധങ്ങളില്‍ പരാജയരുചിയറിയാത്ത ഖാലിദുബ്‌നു വലീദിന് 24 മാസമേ നബി(സ)യോടൊത്ത് ജീവിക്കാനുള്ള ഭാഗ്യമുണ്ടായുള്ളൂ.
* ജരീറുബ്‌നു അബ്ദില്ലാഹില്‍ ബജ്‌ലി. 'ഈ സമുദായത്തിലെ യൂസുഫ്' എന്നായിരുന്നു ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചത്. അപാര സൗന്ദര്യത്തിനുടമയായ അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണം നബി(സ) മരണമടഞ്ഞ വര്‍ഷമാണ്. നബിയോടൊപ്പം 80 ദിവസം കഴിയാനുള്ള ഭാഗ്യമേ അദ്ദേഹത്തിന് ഉണ്ടായുള്ളൂ., ഇറാഖിന്റെ കിഴക്കന്‍ പ്രദേശങ്ങളായ ഹുല്‍വാന്‍, ഹമദാന്‍ എന്നിവ ജയിച്ചടക്കിയത് ജരീര്‍ ആയിരുന്നു.
* മാലികുബ്‌നു ഹുവൈരിസുല്ലൈസി. നബി സന്നിധിയില്‍ 20 ദിവസങ്ങള്‍ മാത്രം കഴിഞ്ഞ അദ്ദേഹമാണ് നബി(സ)യുടെ നമസ്‌കാരരൂപം വിവരിച്ച ഏറ്റവും പൂര്‍ണവും തികവുറ്റതുമായ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്. ഹി. 74-ല്‍ ആണ് മരണം.
* അബുത്തുഫൈല്‍ ആമിറുബ്‌നു വാസില: ബുദ്ധിമാന്‍, കവി, ഉദാരമതി, പ്രത്യുല്‍പന്നമതി, സാഹിത്യകാരന്‍. നബി മരിക്കുമ്പോള്‍ അബുത്തുഫൈലിന് 8 വയസ്സ്. ഹി. 100-ല്‍ മരണം. നബിയെ കണ്ടവരുടെ ഗണത്തില്‍ ഒടുവില്‍ മരണപ്പെട്ട വ്യക്തിയാണ്.

പ്രായം പ്രശ്‌നമായില്ല
'അവര്‍ ചെറുപ്പമല്ലേ? അവരെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുന്നതെങ്ങനെ? അവര്‍ പുതുതലമുറയിലെ കുട്ടികളല്ലേ? പ്രായവും പക്വതയും ആവട്ടെ. അപ്പോള്‍ നോക്കാം' എന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തി യുവാക്കള്‍ക്ക് അവസരം നിഷേധിക്കുന്ന പ്രവണത ഏതൊരു പ്രസ്ഥാനത്തിന്റെയും മരണമണിയായിരിക്കും. തലമുതിര്‍ന്ന സ്വഹാബിപ്രമുഖരെ മാറ്റിനിര്‍ത്തി പതിനെട്ടുകാരന്‍ യുവാവിന് സേനാനായകത്വം കല്‍പിച്ചു നല്‍കിയ നബി(സ)യുടെ മാതൃക നമ്മുടെ മുന്നിലുണ്ട്. ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച യുവാക്കളെ പരിചയപ്പെടുന്നത് നമ്മുടെ ധാരണകള്‍ തിരുത്താന്‍ ഉപകരിക്കും.
* ത്വല്‍ഹത്തുബ്‌നു ഉബൈദില്ല. നബി(സ) ഒരിക്കല്‍ പറഞ്ഞു: 'ഭൂമിയില്‍ തന്റെ രണ്ട് കാലുകള്‍ കൊണ്ട് നടക്കുന്ന ശഹീദിനെ കാണണം എന്നുള്ളവര്‍ ത്വല്‍ഹത്തുബ്‌നു ഉബൈദില്ലയെ നോക്കട്ടെ.' ഈ സ്വഹാബിവര്യന്‍ ഉഹുദില്‍ നബിയുമായി 'മരണ ബൈഅത്തി'ല്‍ ഏര്‍പ്പെട്ടു. ശത്രുക്കളില്‍നിന്ന് നബിക്ക് ക്ഷതമേല്‍ക്കാതെ മനുഷ്യകവചമായി നിന്നു അദ്ദേഹം. കൈ അറ്റ് തൂങ്ങുന്നതുവരെ നബിയുടെ നേരെ ചീറിവന്ന അമ്പുകള്‍ സ്വകരങ്ങള്‍ കൊണ്ട് തടുത്തു ത്വല്‍ഹ. ശഹീദാകുമ്പോള്‍ വയസ്സ് 16.
* അബ്ദുര്‍റഹ്മാനുദ്ദാഖില്‍. ഹിജ്‌റ 132-ല്‍ ദമസ്‌കസില്‍ അമവിയ്യ ഭരണത്തിന്റെ പതനത്തോടെ ആഫ്രിക്കയിലുള്ള അമ്മാവന്മാരുടെ അടുത്തേക്ക് താമസം മാറി. ഹി. 138-ല്‍ സ്‌പെയിനില്‍ അമവിയ്യാ ഭരണത്തിന് അടിത്തറ പാകി. ആറു വര്‍ഷം നീണ്ട നിരന്തര പരിശ്രമത്തിനൊടുവില്‍ അസാധാരണ നേട്ടങ്ങളും വിജയങ്ങളും ഒന്നൊന്നായി കൈവന്നപ്പോള്‍ പ്രായം 24. മരണം 59-ാം വയസ്സില്‍.
* അബ്ദുര്‍റഹ്മാന്‍ അന്നാസ്വിര്‍: സ്‌പെയിനിന്റെ സുവര്‍ണ കാലഘട്ടം ഇദ്ദേഹത്തിന്റെ ഭരണകാലമാണ്. യൂറോപ്പ് ഉറ്റുനോക്കാന്‍ ഇടവന്നവിധം സ്‌പെയിനിനെ അജയ്യ ശക്തിയായി വളര്‍ത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം 21.
* അര്‍ഖമുബ്‌നു അബില്‍ അര്‍ഖം. സ്വഫാ പര്‍വതത്തിന് സമീപമുള്ള വസതിയില്‍ നബി(സ) തന്റെ അനുയായികളെ ഒരുമിച്ചുകൂട്ടുമായിരുന്നു. ഒടുവില്‍ അവരോടൊപ്പം ചേര്‍ന്നത് ഉമര്‍(റ). അനുയായികള്‍ നാല്‍പത് തികഞ്ഞപ്പോഴാണ് പുറത്തിറങ്ങി പരസ്യ പ്രബോധനം തുടങ്ങിയത്. തന്റെ ജനാസ നമസ്‌കാരത്തിന് സഅ്ദുബ്‌നു അബീവഖാസ്(റ) ഇമാമായി നില്‍ക്കണമെന്ന് അര്‍ഖം വസ്വിയ്യത്ത് ചെയ്തിരുന്നു. അപ്പോള്‍ സഅ്ദിന് വയസ്സ് 16.
* മുഹമ്മദുല്‍ ഫാതിഹ്. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ജയിച്ചടക്കുമ്പോള്‍ മുഹമ്മദുല്‍ ഫാതിഹിന് വയസ്സ് 22. ബൈസന്റൈന്‍ സാമ്രാജ്യ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ജയിച്ചടക്കാന്‍ നേതാക്കള്‍ മത്സരിക്കുന്ന കാലം. അവര്‍ക്ക് പ്രചോദനമേകിയത് റസൂലിന്റെ പ്രവചനം: 'കോണ്‍സ്റ്റാന്റിനോപ്പ്ള്‍ നിങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും. ആ സേനാനായകന്‍ എത്ര അനുഗൃഹീതന്‍! ആ സൈന്യം എത്ര അനുഗൃഹീതം!' ആ ധന്യത ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് ഇരുപത്തിരണ്ടുകാരനായ മുഹമ്മദുല്‍ ഫാതിഹിന്.
* സുബൈറുബ്‌നുല്‍ അവ്വാം. ത്വല്‍ഹത്തും സുബൈറും ഒന്നിച്ചാണ് എപ്പോഴും. ധീരത, സമ്പന്നത, ഔദാര്യം, ആദര്‍ശ പ്രതിബദ്ധത എന്നിവയിലെല്ലാം ഇരുവരും തുല്യര്‍. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്തു പേരില്‍ രണ്ട് പേരുമുണ്ട്. 'സുബൈറും ത്വല്‍ഹത്തും സ്വര്‍ഗത്തില്‍ എന്റെ അയല്‍ക്കാരാണ്' എന്ന് നബി(സ) സന്തോഷവാര്‍ത്ത അറിയിച്ചു. തനിക്കു ശേഷം ഭരണഭാരം ആരെ ഏല്‍പിക്കണമെന്ന് ആലോചിക്കാന്‍ ഉമര്‍(റ) രൂപവല്‍ക്കരിച്ച ആറംഗ സമിതിയില്‍ ഇരുവരും ഉണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി ആദ്യം ഖഡ്ഗമുയര്‍ത്തിയ ഈ ബാലന്‍ നബി(സ)ക്ക് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. അന്ന് സുബൈറിന് 15 വയസ്സ്.
* മുഅവ്വദുബ്‌നു അഫ്‌റാഅ്, മുആദുബ്‌നുല്‍ ജമൂഹ്. അബൂജഹ്ല്‍ എന്ന ഈ സമുദായത്തിലെ ഫിര്‍ഔനെ ബദ്‌റില്‍ വധിക്കുമ്പോള്‍ ഇരുവര്‍ക്കും വയസ്സ് 14.
* സഅ്ദുബ്‌നു അബീവഖാസ്. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഉമര്‍ നിര്‍ദേശിച്ച ശൂറയില്‍ അംഗം. പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുന്ന വരദാനം ലഭിച്ച വ്യക്തിത്വം. സഅ്ദിന്റെ നേരെ വിരല്‍ചൂണ്ടി ഒരിക്കല്‍ നബി (സ): 'എന്റെ അമ്മാവന്‍ അതാ. നിങ്ങളൊക്കെ നിങ്ങളുടെ അമ്മാവന്മാരെ കാണിച്ചുതന്നാട്ടെ.' അപ്പോള്‍ സഅ്ദിന് വയസ്സ് 17.
* സൈദുബ്‌നു സാബിത് ഓര്‍ക്കുന്നു: 'എന്റെ കുടുംബം എന്നെ റസൂലിന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. റസൂലിന് എന്നെ നന്നായി ബോധിച്ചു. 'റസൂലേ, ബനുന്നജ്ജാര്‍ ഗോത്രത്തിലെ ഈ ബാലന് അങ്ങേയ്ക്ക് അവതരിച്ചുകിട്ടിയ പത്തോളം സൂറത്തുകള്‍ മനഃപാഠമാണ്.' എന്റെ കഴിവ് മനസ്സിലാക്കിയ റസൂല്‍ (സ): 'സൈദ്, നീ ജൂതന്മാരുടെ ഭാഷയും ഗ്രന്ഥവും പഠിച്ചു വശമാക്കണം. അവര്‍ എന്താണ് എനിക്ക് എഴുതി അയക്കുന്നതെന്ന് മനസ്സിലാവുന്നില്ല.' അങ്ങനെ ഞാന്‍ അവരുടെ ഭാഷ 15 ദിവസം കൊണ്ട് പഠിച്ചെടുത്തു. നബി(സ)ക്കു വേണ്ടി ഞാന്‍ കത്തുകള്‍ എഴുതികൊടുക്കും. അവര്‍ അയക്കുന്ന കത്തുകള്‍ ഞാന്‍ നബിക്ക് വായിച്ചു കേള്‍പ്പിക്കും'' (അഹ്മദ്). മറ്റൊരിക്കല്‍ റസൂല്‍: ''സൈദേ, നിനക്ക് സുറിയാനി ഭാഷ അറിയാമോ? എനിക്ക് ആ ഭാഷയില്‍ കത്തുകള്‍ വരുന്നുണ്ട്. 17 ദിവസം കൊണ്ട് ഞാന്‍ സുറിയാനി ഭാഷ പഠിച്ചു'' (അഹ്മദ്). റസൂല്‍ ഈ ദൗത്യം ഏല്‍പിക്കുമ്പോള്‍ സൈദുബ്‌നു സാബിതിന് വയസ്സ് 11.
പില്‍ക്കാലത്ത് നബി(സ)യുടെ പ്രമുഖ സ്വഹാബിമാരായി അറിയപ്പെട്ടവര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ വയസ്സ് എത്രയായിരുന്നു? തലമുറ വിടവിന്റെ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കാത്ത ആ അനുഗൃഹീത സമൂഹത്തിന്റെ വൈശിഷ്ട്യം വിലയിരുത്താന്‍ ഓരോരുത്തരും ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഉള്ള പ്രായം അറിയണം. അബൂബക്ര്‍ (37), ഉമര്‍ (26), ഉസ്മാന്‍ (20), അലി (8), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (30), അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ് (27), ഇബ്‌നു മസ്ഊദ് (14), സഈദുബ്‌നു സൈദ് (19), ജഅ്ഫറുബ്‌നു അബീത്വാലിബ് (18), സുഹൈബ്(20), ഖബ്ബാബുബ്‌നുല്‍ അറത്ത് (20), ആമിറുബ്‌നു ഫുഹൈറ (23), മിസ്വ് അബ് (24), ബിലാല്‍ (30), അമ്മാര്‍ (30), ഹംസ (42). നബി(സ)യുടെ സദസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ അലി(റ)ക്കു പോലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊടുക്കുന്നതില്‍ മുതിര്‍ന്ന സ്വഹാബിമാര്‍ക്ക് എതിര്‍പ്പോ വൈമുഖ്യമോ താല്‍പര്യക്കുറവോ ഉണ്ടായില്ലെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കണം.
പ്രായപരിഗണനക്കതീതമായി വ്യക്തികളുടെ കഴിവുകളും സിദ്ധികളും കണ്ടറിയുകയും അത് സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് പക്വതയും കാര്യക്ഷമതയും വിവേകവുമുള്ള നേതൃത്വത്തിന്റെ കഴിവും മികവും. വ്യക്തികള്‍ തമ്മില്‍, പുതിയ തലമുറയും പഴയ തലമുറയും തമ്മില്‍, യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ നിലനിന്ന സുദൃഢബന്ധത്തിന്റെ സദ്ഫലങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സര്‍വ വിജയങ്ങളും. പഴമയുടെയും പുതുമയുടെയും സമഞ്ജസ സമ്മേളനമാണ് സംഘടനകളിലും പ്രസ്ഥാനങ്ങളിലും വേണ്ടത്. മുതിര്‍ന്നവരെ തള്ളിപ്പറയുകയും വെട്ടിനിരത്തുകയും ചെയ്യുന്ന പുതുമുറക്കാരും, പുതുതലമുറയെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുന്ന മുതിര്‍ന്ന തലമുറയും ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. സമൂഹത്തിലും സംഘടനയിലും പ്രസ്ഥാനത്തിലും അംഗീകാരവും ആദരവും അര്‍ഹിക്കുന്ന വ്യക്തിത്വങ്ങള്‍ ധാരാളം കാണും. ഒരു തലമുറയുടെ ഹൃദയത്തില്‍ പ്രസ്ഥാന ബോധത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ അത്തരം വ്യക്തിത്വങ്ങളെ സമൂഹമധ്യത്തില്‍നിന്ന് പിഴുതെറിയാന്‍ ആവരുത് ശ്രമം. സംവത്സരങ്ങള്‍ നീണ്ട കര്‍മകാണ്ഡങ്ങളിലൂടെ ആര്‍ജിതമായ അവരുടെ കഴിവുകളും അനുഭവ സമ്പത്തും വിപുലമായ ബന്ധങ്ങളും പരിചയങ്ങളും പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയും ആലോചനയും ആയിരിക്കും വിവേകവും വീണ്ടുവിചാരവും ഉള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതി.

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌