Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

രിയാദ് അന്താരാഷ്ട്ര പുസ്തകമേള 'വായന തന്നെ ജീവിതം'

റിപ്പോര്‍ട്ട് വി.എ കബീര്‍

റബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേള കയ്‌റോവില്‍ നടക്കുന്നതാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുല്യമായാണ് അറബ്‌ലോകത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കയ്‌റോ പുസ്തകോത്സവം അറിയപ്പെടുന്നത്. പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളാണ് അതിന്റെ ഒരു പ്രത്യേകത. ഇതോടനുബന്ധിച്ച് ശ്രദ്ധേയമായ നിരവധി സംവാദങ്ങള്‍ കയ്‌റോയില്‍ നടന്നിട്ടുണ്ട്.
കയ്‌റോ പുസ്തകമേളയുടെ ചുവടുപിടിച്ചാണ് ഇതര അറബ് രാജ്യങ്ങള്‍ പുസ്തകമേളകള്‍ക്ക് തുടക്കം കുറിച്ചത്. ഒരുകാലത്ത് സാക്ഷരതയില്‍ പിന്നാക്കം നിന്നിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരം മേളകളുടെ പ്രാധാന്യവും സാംസ്‌കാരിക മൂല്യവും തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് രിയാദിലും ദോഹയിലും ഷാര്‍ജയിലും പ്രൗഢമായി നടന്നുവരുന്ന പുസ്തകോത്സവങ്ങള്‍. സ്വാഭാവികമായും അറബ് രാജ്യങ്ങള്‍ക്കാണ് മേളയില്‍ മുഖ്യ പ്രാതിനിധ്യമെങ്കിലും മറ്റു രാജ്യങ്ങളിലെ പ്രസാധനാലയങ്ങളും നയതന്ത്ര കേന്ദ്രങ്ങളും സാംസ്‌കാരിക കൈമാറ്റത്തിന്റെ സംഗമവേദി കൂടിയായ മേളയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. രിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരു പ്രത്യേകത ഓരോ വര്‍ഷവും ഏതെങ്കിലും ഒരു വിദേശ രാജ്യത്തെ മേളയില്‍ അതിഥിരാജ്യമായി ആദരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുവെന്നതാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായിരുന്നു ഈ സ്ഥാനം. ഇത്തവണ സ്വീഡനായിരുന്നു അതിഥിരാജ്യം. മേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സെമിനാറുകളിലും ചര്‍ച്ചകളിലും ശ്രദ്ധേയമായ പല വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു. ഫഹ്മീ ഹുവൈദി ഉള്‍പ്പെടെയുള്ള ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തവണ മേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 'അല്‍ഖിറാഅഃ ഹയാത്ത്' (വായന തന്നെ ജീവിതം) എന്നായിരുന്നു രിയാദ് മേളയുടെ മുദ്രാവാക്യം.
ഐ.പി.എച്ച് പവലിയന്‍
ഗള്‍ഫ് പുസ്തകമേളകളില്‍ ഐ.പി.എച്ചിന്റെ സാന്നിധ്യമുണ്ടാവാറുണ്ട്. ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകമേളയിലും ദോഹ മേളയിലും ഐ.പി.എച്ച് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നു. നാലു വര്‍ഷമായി തുടര്‍ച്ചയായി പങ്കെടുക്കുന്ന രിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏക പ്രസാധനാലയമാണ് ഐ.പി.എച്ച്. ഷാര്‍ജ, ദോഹ മേളകളില്‍ നിന്ന് വ്യത്യസ്തമായി രിയാദ് അന്താരാഷ്ട്ര മേളയില്‍ ഐ.പി.എച്ച് പ്രതിനിധികള്‍ സുഊദി സാംസ്‌കാരിക വകുപ്പിന്റെ നേരിട്ടുള്ള ക്ഷണപ്രകാരം മന്ത്രാലയത്തിന്റെ അതിഥികളായാണ് എത്തുന്നത്. ദോഹയിലെ പുസ്തക മേളകള്‍ ഒരു വായനക്കാരനെന്ന നിലക്ക് പല തവണ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായെങ്കിലും ഒരു പ്രസാധനാലയത്തെ പ്രതിനിധീകരിച്ചുകൊണ്ട് ആദ്യമായാണ് ഒരു അന്താരാഷ്ട്ര പുസ്തകമേളയില്‍ സംബന്ധിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും രിയാദ് പുസ്തകമേളയില്‍ സംബന്ധിച്ച അബ്ദുല്ല മന്‍ഹാമിനൊപ്പമാണ് ഇത്തവണ രിയാദ് മേളയില്‍ സംബന്ധിക്കാനെത്തിയത്.
സാംസ്‌കാരിക മുന്നേറ്റത്തിന്റെ കുറിമാനം
ഹൃദ്യവും സംതൃപ്തി ദായകവുമാണ് പത്തു നാള്‍ നീണ്ടുനിന്ന രിയാദ് പുസ്തകമേളയിലെ അനുഭവങ്ങള്‍. സുഊദി അറേബ്യയുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ കുറിമാനമായി മേളയെ വിലയിരുത്താന്‍ തോന്നുന്നു. കുറ്റമറ്റ സംഘാടനത്തിലും പഴുതടച്ച സുരക്ഷാ ക്രമീകരണത്തിലും മികവ് പുലര്‍ത്തിയ മേളയിലേക്കുള്ള സന്ദര്‍ശക പ്രവാഹം അതാണ് വിളിച്ചറിയിക്കുന്നത്. രിയാദ് നിവാസികള്‍ മേളയെ ആസ്വദിച്ചതും ആഘോഷിച്ചതും ഉത്സവപ്രതീതിയോടെയാണ്. മിക്ക ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കോളേജ് വിദ്യാര്‍ഥികളുടെയും കൂട്ടായ സന്ദര്‍ശനവും ഉണ്ടായിരുന്നു. കുട്ടികളില്‍ വായനാതാല്‍പര്യം വളര്‍ത്താനുള്ള ഒരു മാധ്യമമായി മേളയെ ഉപയോഗപ്പെടുത്തുന്നതില്‍ വിദ്യാലയങ്ങള്‍ സവിശേഷ താല്‍പര്യം പുലര്‍ത്തി. വന്‍തോതിലുള്ള വനിതാ പങ്കാളിത്തമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത. കുടുംബങ്ങള്‍ക്ക് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചുകൊണ്ടുള്ള പതിവ് ചട്ടങ്ങള്‍ ലംഘിച്ച് മേളയുടെ കവാടങ്ങള്‍ ലിംഗഭേദമില്ലാതെ എല്ലാ ദിവസവും തുറന്നിട്ടത് സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിച്ചു. കേവല സന്ദര്‍ശനത്തിനപ്പുറം മണിക്കൂറുകള്‍ മേളയില്‍ ചെലവിട്ട് പ്രസാധനാലയങ്ങള്‍ കയറിയിറങ്ങി വന്‍തോതില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കിയാണ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും മടങ്ങിയത്. ട്രോളികളില്‍ പുസ്തകങ്ങള്‍ വാഹനത്തിലെത്തിക്കുന്നത് കാണാമായിരുന്നു. അറബ് ലോകത്ത് മികച്ച വായന നടക്കുന്നുണ്ടെന്നതിനുള്ള തെളിവ് കൂടിയായ ഇത് അപൂര്‍വ അനുഭവവുമായി.
സന്ദര്‍ശനങ്ങള്‍ അന്വേഷണങ്ങള്‍
മാര്‍ച്ച് ആറിന് വൈകുന്നേരം വാര്‍ത്താ വിതരണ സാംസ്‌കാരിക മന്ത്രി അബ്ദുല്‍ അസീസ് ഖോജ ഉദ്ഘാടനം ചെയ്ത പുസ്‌കതമേള പിന്നീടുള്ള പത്തുദിവസങ്ങള്‍ രാപ്പകല്‍ ഭേദമന്യേ സന്ദര്‍ശക ബാഹുല്യംകൊണ്ട് സജീവമായിരുന്നു. പകല്‍ സമയങ്ങളില്‍ സ്വദേശികളും വിദേശികളുമായ കുടുംബിനികളും വിദ്യാര്‍ഥികളുമാണ് മേള കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. സാധാരണക്കാര്‍ക്കൊപ്പം അറബ് ലോകത്തെ പ്രശസ്തരായ നിരവധി എഴുത്തുകാരും ചിന്തകന്മാരും മേളയില്‍ സംബന്ധിക്കാനെത്തിയിരുന്നു.
വാര്‍ത്താ വിതരണ മന്ത്രി അബ്ദുല്‍ അസീസ് അല്‍ ഖോജയുടെ നേതൃത്വത്തിലുള്ള ഉന്നത മന്ത്രാലയ സംഘമാണ് ആദ്യമായി പ്രസാധനാലയങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. മേളയിലെ അതിഥി രാജ്യമായ സ്വീഡനെ പ്രതിനിധീകരിച്ച് എത്തിയ സ്വീഡിഷ് സര്‍ക്കാര്‍ പ്രതിനിധി അനിക രംബ, രിയാദിലെ സ്വീഡിഷ് അംബാസഡര്‍ ഡാഗ് ജുലിന്‍ ബെന്‍ഫെല്‍ഡ്, പ്രസിദ്ധ നോവലിസ്റ്റും 2010ലെ 'അറബ് ബുക്കര്‍'പ്രൈസ് ജേതാവുമായ അബ്ദുഖാല്‍, സാംസ്‌കാരിക മന്ത്രാലയം മുന്‍ അണ്ടര്‍സെക്രട്ടറിയും നവാഫിദ് ദൈ്വമാസിക പത്രാധിപരുമായ അബ്ദുല്‍ അസീസ് സുബയ്യല്‍, ഫൈസല്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് സെന്റര്‍ അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഇബ്‌റാഹീം ഹദ്‌ലഖ്, ഐ.എസ്.എം പ്രസിഡന്റ് മുഹമ്മദ് ശാക്കിര്‍ തുടങ്ങിയവര്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡി.30 സ്റ്റാളിലെത്തി ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച പ്രമുഖരില്‍ ചിലരാണ്. സുഊദിയിലെ മലയാളി പൊതുസമൂഹവും സാംസ്‌കാരിക നായകന്മാരും അനേകം കുടുംബങ്ങളും ഐ.പി.എച്ച് സ്റ്റാളിലെത്തിയിരുന്നു. ഏഷ്യാനെറ്റ്, ജയ്ഹിന്ദ്, എം.ബി.സി, സുഊദി ചാനല്‍ 2, അസ്സഖാഫിയ്യ തുടങ്ങിയ വിവിധ ചാനലുകളും ഗള്‍ഫ് മാധ്യമം, മലയാളം ന്യൂസ് തുടങ്ങിയ മലയാള പത്രങ്ങളും ഐ.പി.എച്ച് പ്രതിനിധികളുടെ അഭിമുഖങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ച് ഇന്ത്യയില്‍നിന്നുള്ള ഐ.പി.എച്ചിന് മികച്ച പിന്തുണയാണ് നല്‍കിയത്.
റെക്കോര്‍ഡ് വില്‍പന
സുഊദിക്ക് പുറത്തുനിന്ന് വന്ന മിക്ക പ്രസാധനാലയങ്ങളുടെ സ്റ്റാളുകളിലും റെക്കോര്‍ഡ് വില്‍പന നടന്നതായാണ് അറിയുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ള പ്രസാധനാലയങ്ങളുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമായാണ് സന്ദര്‍ശകര്‍ മേളയെ ഉപയോഗപ്പെടുത്തിയത്. ഐ.പി.എച്ച് സ്റ്റാളിലെ വില്‍പ്പനയും ഭിന്നമായിരുന്നില്ല. വായന മരിച്ചിട്ടില്ലാത്ത മലയാളി സമൂഹം കുടുംബസമേതം മേളയിലേക്ക് ഒഴുകിയെത്തിയതോടെ പല പുസ്തകങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ സ്‌റ്റോക്ക് തീര്‍ന്നു. മലയാളികള്‍ക്കൊപ്പം സുഹൃത്തുക്കള്‍ക്ക് നല്‍കാനും സൂക്ഷിച്ചു വെക്കാനും അറബികളും മലയാള പുസ്തകങ്ങള്‍ സ്വന്തമാക്കിയിരുന്നു. വീട്ടുജോലിക്കാരില്‍ ചിലര്‍ സ്‌പോണ്‍സര്‍മാരുടെ കൈയില്‍ മലയാള പുസ്തകങ്ങളുടെ ലിസ്റ്റ് കൊടുത്തയച്ചത് എടുത്തുപറയേണ്ടý അനുഭവമാണ്. കമലാ സുറയ്യയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സമ്പൂര്‍ണ കൃതികളും മികച്ച വില്‍പനയാണ് നടന്നത്. കമലാ സുറയ്യയുടെ അറബിയിലുള്ള യാ അല്ലാഹ് നിരവധി അറബ് വായനക്കാരെ ആകര്‍ഷിച്ചു.
ഗാന്ധിജി, ഇഖ്ബാല്‍, ടാഗോര്‍ എന്നിവരെ കുറിച്ച അറബി പുസ്തകങ്ങള്‍ തേടിയാണ് മറ്റു ചിലര്‍ ഇന്ത്യന്‍ പവലിയനിലെത്തിയത്. ഇന്ത്യന്‍ പണ്ഡിതന്മാരുടെ അറബിയിലുള്ള ഇസ്‌ലാമിക ഗ്രനഥങ്ങളായിരുന്നു മറ്റ് ചിലരുടെ ആവശ്യം. മൗലാനാ ഫറാഹിയുടെ കൃതികള്‍ തേടിയാണ് മദീന യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഒരു അമേരിക്കന്‍ വിദ്യാര്‍ഥി ഐ.പി.എച്ച് സ്റ്റാളിലെത്തിയത്. മുല്‍ക്‌രാജ് ആനന്ദിന്റെ നോവലുകളും, അയിത്താചരണത്തെ കുറിച്ച കൃതികളും തേടിയെത്തിയ അറബ് വനിത, വീട്ടുജോലിക്കാരിക്ക് ഇസ്‌ലാമിനെ പഠിക്കാന്‍ പുസ്തകം അന്വേഷിച്ചെത്തിയ സ്വദേശി വീട്ടമ്മമാര്‍ തുടങ്ങി അറിവിന്റെ അന്വേഷണ ലോകത്ത് വ്യത്യസ്തങ്ങളായ തലക്കെട്ടുകള്‍ തേടി അനേകം സന്ദര്‍ശകരാണ് പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ സ്റ്റാളില്‍ എത്തിയത്. ഐ.പി.എച്ചിന് ഇത്തവണ മുന്‍വര്‍ഷങ്ങളേക്കാള്‍ വിറ്റുവരവുമുണ്ടായിരുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം