Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

കര്‍ബലയും പ്രേംചന്ദും

ഹഫീസ് നദവി

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രഗത്ഭ ഉര്‍ദു - ഹിന്ദി എഴുത്തുകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ (1880 -1936) കര്‍ബല എന്ന നാടകം ഈയിടെ മാത്രമാണ് വായിക്കാന്‍ അവസരം ലഭിക്കുന്നത്.  വായിച്ചപ്പോള്‍ പ്രസ്തുത ലഘുകൃതി ഇന്ത്യയിലെ നാനാജാതി മതസ്ഥരും വായിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോയി. കര്‍ബലയിലെ ജനങ്ങളെ ഐക്യത്തിന്റെ കേന്ദ്രമെന്ന് വിളിക്കുന്നതിലൂടെയും ഇമാം ഹുസൈനെ ചെറുത്തുനില്‍പ്പിനെതിരായ അടിച്ചമര്‍ത്തലിന്റെ സാര്‍വത്രിക രൂപകമായി വിശേഷിപ്പിക്കുന്നതിലൂടെയും ഇന്ത്യയില്‍ വിനഷ്ടമായിക്കൊണ്ടിരിക്കുന്ന ബഹുസ്വരതയെ തിരിച്ചുപിടിക്കാന്‍ കര്‍ബലക്കാവും എന്ന ചിന്തയാവണം അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നത്.
പ്രഫസര്‍ മസ്ഹര്‍ നഖ്വി തൊണ്ണൂറുകളില്‍ തന്റെ തുറന്ന കത്തുകളിലൊന്നില്‍ മതേതര ശക്തിയുടെ പര്യായമെന്ന് സ്വയം വാദിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിയ ഒരു ഉപദേശമുണ്ട്; 'മുന്‍ഷി പ്രേംചന്ദ് എഴുതിയ കര്‍ബല നാടകം ഓരോ ഇന്ത്യക്കാരനും വായിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് മതേതര ശക്തികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇന്ത്യയുടെ സ്വരച്ചേര്‍ച്ചയുള്ള അന്തരീക്ഷത്തെ വീണ്ടും വെറുപ്പിന്റെ ചവറ്റു കൂടാരമാക്കുന്ന ദുഃശ്ശക്തികളെ പടിയടച്ച് പിണ്ഡം വെക്കാനുള്ള  സമയോചിതമായ പ്രതികരണമായിരിക്കും ഇത്.' 
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കര്‍ബല നാടകം എഴുതിയ ധന്‍പത് റായ് ശ്രീവാസ്തവ എന്ന മുന്‍ഷി പ്രേം ചന്ദ് കര്‍ബലയെ യഥാര്‍ഥ 'ജിഹാദ്' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. 1921-ല്‍ മഹാത്മാ ഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് പ്രേംചന്ദ് തന്റെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്  ചെറിയ അച്ചടിശാലയുടെ പ്രൊപ്രൈറ്ററായി ജോലിചെയ്യുന്ന വേളയിലാണ് കര്‍ബല ആദ്യമായി പ്രസിദ്ധീകൃതമാവുന്നത്. മലബാറില്‍ മാത്രമല്ല; ഇന്ത്യയൊട്ടാകെ ഇരു മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊള്ളുന്ന കാലമായിരുന്നു അത്. ഈ കൊമ്പുകോര്‍ക്കല്‍ അവസാനിപ്പിക്കുക എന്നതായിരുന്നു കര്‍ബല നല്‍കുന്ന സന്ദേശം. അഹിംസാത്മക പ്രതിരോധം എന്ന യഥാര്‍ഥ യുദ്ധമായി അദ്ദേഹം കര്‍ബലയെ വേദികളില്‍ അവതരിപ്പിച്ചു. രാജ്യസ്‌നേഹികളായ അമുസ്‌ലിം പ്രജകളോടൊപ്പം ചേര്‍ന്ന് ഇസ്ലാമിനായി ജീവന്‍ ബലിയര്‍പ്പിക്കുന്ന ഒരു ചെറുത്തുനില്‍പ്പ് ആയിരുന്നു വാസ്തവത്തില്‍ മുന്‍ഷി രചിച്ച കാല്‍പ്പനിക കര്‍ബല.
ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തമായ മതേതര മുന്നേറ്റത്തിന്റെ പ്രതീകമായി കര്‍ബലാ സംഭവം ഭാവനാത്മകമായി അവതരിപ്പിക്കുകയായിരുന്നു മുന്‍ഷി പ്രംചന്ദ്. ഹസ്രത്ത് ഹുസൈന്റെ സൈന്യത്തിലെ 'ഹുസൈനി ബ്രാഹ്മണര്‍' ആണ് കര്‍ബലയുടെ കഥാതന്തു. ഹുസൈന്റെ സംഘത്തിനൊപ്പം ഇറാഖില്‍ കര്‍ബലാ യുദ്ധത്തില്‍ ചില ബ്രാഹ്മണര്‍ പങ്കെടുത്തതായി ചില ചരിത്രകാരന്മാരും പറയുന്നുണ്ട് (21 സെപ്റ്റംബര്‍ 18 ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം). അവരുടെ ഉത്ഭവത്തെ കുറിച്ച് പലവിധ വാദഗതികള്‍ നിലവിലുണ്ട്. ഇന്ത്യന്‍ വംശജരായ ഹൈന്ദവ ബ്രാഹ്മണ പാരമ്പര്യമുള്ള ചിലര്‍ എന്നത് മാത്രമാണ് ആ അഭിപ്രായ വൈജാത്യങ്ങളിലെ സമാനത.
പ്രേംചന്ദിന്റെ നാടകം കര്‍ബലയിലെ രക്തസാക്ഷികള്‍ക്കുള്ള ആദരാഞ്ജലി മാത്രമല്ല, തകര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്ലിം ബന്ധങ്ങളെ അനുരഞ്ജിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കൂടിയാണ്. ഇമാം ഹുസൈനെ കേവല മതേതരത്വത്തിന്റെ പ്രതീകമായി ചിത്രീകരിക്കുകയല്ല ചെയ്തത്.  കര്‍ബലയെപ്പോലുള്ള ഏതൊരു അടിച്ചമര്‍ത്തലിനുമെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമാക്കി  അവതരിപ്പിക്കുകയാണ്. ഇമാം ഹുസൈന്റെ ക്യാമ്പിന് സമീപം ഒരു വലിയ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചതായും യസീദീ സേനയോട് പോരാടാന്‍ അവര്‍ ഇമാം ഹുസൈനോട് ആവര്‍ത്തിച്ച് അനുവാദം ചോദിച്ചതായും ഇമാം ഹുസൈന്‍ വ്യാപകമായ രക്തമൊഴുക്ക് ആഗ്രഹിക്കാതിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയില്ലെന്നുമൊക്കെ  സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്. ഹസ്രത്ത് ഹുസൈന്‍, സൈനബ്, ഹജ്ജാജ്, സിയാദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ് എന്നീ കഥാപാത്രങ്ങളോടൊപ്പം ബ്രാഹ്മണ കഥാപാത്രങ്ങളായ സാഹിസ്, ഹര്‍ജിസ്, പന്‍ എന്നീ റായ്മാരും  രാംസിംഗും സംഘ്ദത്തുമെല്ലാം അവരുടെ ഊഴമനുസരിച്ച് കടന്നുവരുന്നുണ്ട്. അവരുടെ സംഭാഷണ ശകലങ്ങളോരോന്നും പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നിദര്‍ശനങ്ങളാണ്. 
മുന്‍ഷി പ്രേംചന്ദ് തന്റെ നാടകത്തിന്റെ ആമുഖത്തില്‍  എഴുതുന്നു: ''ഞങ്ങള്‍ ഈ നാട്ടില്‍ നൂറ്റാണ്ടുകളായി മുസ്‌ലിംകളോടൊപ്പം താമസിക്കുന്നുണ്ടെങ്കിലും അവരുടെ ചരിത്രപരമായ ഭൂതകാലത്തെക്കുറിച്ച് ഞങ്ങള്‍ക്കോ ഞങ്ങളുടെ പുരാണങ്ങളെ കുറിച്ച് മുസല്‍മാന്‍ സുഹൃത്തുക്കള്‍ക്കോ അറിയില്ല. മുസ്ലിം സമുദായത്തില്‍പെട്ട ആളുകള്‍ക്കു പോലും അവരിലെ മഹാന്മാരുടെ മഹത്തായ ഗുണങ്ങളെക്കുറിച്ച് അറിയില്ല, ഹിന്ദു പുരാണങ്ങളില്‍ പലതും ഹിന്ദു സഹോദരങ്ങള്‍ക്ക് അറിയാത്തതു പോലെ.  എല്ലാ സമൂഹത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ട്. പ്രകൃതിനിയമം കണക്കെ അത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കും.''
ഹിന്ദു മഹാസഭയുടെ ആളുകള്‍   ഇസ്ലാമിനെക്കുറിച്ച് വിഷ വിദ്വേഷ സാഹിത്യങ്ങള്‍  പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍ഷി പ്രേംചന്ദ് ഏറെ അസ്വസ്ഥനായിരുന്നു. മറുവശത്ത് മുസ്ലിം തീവ്രവാദികള്‍ ഹിന്ദുമതത്തിനെതിരെ വിമര്‍ശന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇതാണ് കര്‍ബല നാടകത്തിന്റെ ചരിത്ര പശ്ചാത്തലം. അക്കാലത്ത് മഹാസഭയുടെ എഴുത്തുകാര്‍ മുഹര്‍റം അനുഷ്ഠാനങ്ങളില്‍ ഹിന്ദുക്കളുടെയും മറ്റ് അമുസ്ലിംകളുടെയും പങ്കാളിത്തത്തെ തന്നെയും എതിര്‍ക്കാന്‍ തുടങ്ങിയിരുന്നു.
സ്‌പെഷ്യല്‍ സീരീസായി കര്‍ബല പ്രസിദ്ധീകരിക്കണമെന്ന് പ്രേംചന്ദ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രസ്തുത ഗ്രന്ഥം മുസ്‌ലിം പൊതുബോധത്തെ മുറിവേല്‍പിക്കുന്നതാണെന്ന ആരോപണമുയര്‍ന്നപ്പോള്‍ പ്രസാധനം ചെയ്തതിന് അദ്ദേഹം മുസ്‌ലിം സമൂഹത്തോട് ക്ഷമ ചോദിക്കുകയും  പിന്നീട് നാടകം പിന്‍വലിക്കുകയും ചെയ്തു. കര്‍ബലയുടെ അത്തരമൊരു നാടകീയ രൂപവും ചിത്രീകരണവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശീഈ ഇമാമുകള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്ന സൂചന കിട്ടിയപ്പോഴായിരുന്നു പിന്‍വലിക്കല്‍.
പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ലാലാ ലജ്പത് റായ് (1865-1928) ലാഹോറിലെ തന്റെ കീഴിലുള്ള സ്‌കൂളിലെ പ്രസ്സില്‍നിന്ന് കര്‍ബല പുനഃപ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രീയ പടനീക്കത്തില്‍ പ്രധാനിയായിരുന്ന ലാലാജിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലത്ത് മുസ്‌ലിം-ഹിന്ദു ഐക്യത്തിനു വേണ്ടി ചെയ്ത പരിശ്രമങ്ങള്‍ നിഷേധിച്ചുകൂടാ. ആദ്യം ഹിന്ദിയില്‍ രചിക്കപ്പെട്ട കര്‍ബല ഉര്‍ദുവിലേക്കാക്കിയത് ഗ്രന്ഥകര്‍ത്താവ് നേരിട്ടായിരുന്നു. പ്രസ്തുത ഗ്രന്ഥം ഈയിടെയാണ് മലയാളത്തിലേക്ക് വരുന്നത്.  പി.എ കരീമാണ് കര്‍ബല മലയാളത്തിലാക്കിയത്. വില: നൂറു രൂപ, പ്രസാധനം: നാച്വുറല്‍ ഹൈജീന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌