Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

അബ്ദുല്‍ മജീദ്  വേളം

ടി. ജാഫര്‍

കോഴിക്കോട് ജില്ലയിലെ വേളം ശാന്തിനഗര്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനും ശ്രദ്ധേയനായ ഗാനരചയിതാവും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു അബ്ദുല്‍ മജീദ് വേളം. ആകാശവാണിയിലെ 'ലളിത സംഗീത പാഠം' പരിപാടിയില്‍ അദ്ദേഹത്തിന്റെ ഒട്ടേറെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യപ്പെടുകയുണ്ടായി. വി.ടി മുരളിയെ പോലുള്ള പ്രശസ്ത ഗായകര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.  ഒട്ടേറെ റേഡിയോ നാടകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. 'മരുഭൂമിയിലെ കറുത്ത മുത്ത്', 'ചെറ്റക്കുടിലിലെ മക്ക', 'ലൈല മജ്‌നൂന്‍', 'മഹ്‌റംഗീര്‍', 'അരുണോദയം' തുടങ്ങിയ നാടകങ്ങള്‍  ശ്രദ്ധേയമായിരുന്നു. മികച്ച ബാലസാഹിത്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം. മലര്‍വാടിയില്‍ ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഒട്ടേറെ രചനകള്‍ വെളിച്ചം കണ്ടിരുന്നു. 'കണ്ണീരില്‍ കുതിര്‍ന്ന പ്രതികാരം', 'ഒരാട്ടിന്‍പറ്റവും രണ്ട് അവകാശികളും' എന്നീ രണ്ട് ബാലസാഹിത്യ കൃതികള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതത്തിന്റെ സൗന്ദര്യവും വിമോചനാത്മകതയും അദ്ദേഹത്തിന്റെ ഇസ്‌ലാമിക ഗാനങ്ങളിലും മറ്റ് കലാ സൃഷ്ടികളിലും വായിച്ചെടുക്കാന്‍ പറ്റും.
ജാതിമത സംഘടനാ ഭേദമന്യേ നാട്ടിലെ മുഴുവന്‍ മനുഷ്യരുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വലിയ സവിശേഷത. നാടിന്റെ വികസനത്തെ കുറിച്ച വ്യക്തമായ കാഴ്ചപ്പാടും ആ മാര്‍ഗത്തില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. നാട്ടില്‍ വൈദ്യുതി എത്തിക്കുക, റോഡ് നി ര്‍മാണം തുടങ്ങി അദ്ദേഹത്തിന്റെ മുന്‍കൈയില്‍ പ്രദേശത്തുണ്ടായ വികസന മുന്നേറ്റങ്ങള്‍ നിരവധിയാണ്. ഒട്ടേറെ സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ രോഗം തളര്‍ത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കര്‍മാവേശം അവസാനിച്ചിരുന്നില്ല. വീട്ടില്‍ വെച്ച് സ്വന്തമായി സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മരണം അദ്ദേഹത്തെ പിടികൂടുന്നത്. ശാന്തിനഗര്‍ എം.ഡി എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹം മികച്ച അധ്യാപകനായിരുന്നു. നാട്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് മുന്നില്‍ നടന്ന കൂരങ്കോട്ട് മമ്മദ് മൗലവിയുടെ പുത്രനാണ് മജീദ് മാസ്റ്റര്‍. പ്രസ്ഥാന വഴിയില്‍ സൗമ്യന്യം വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശധീരനുമായിരുന്നു അദ്ദേഹം.

 

എന്‍.പി ഉസ്മാന്‍ 

കൂട്ടിലങ്ങാടി പ്രാദേശിക ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു എന്‍.പി ഉസ്മാന്‍ സാഹിബ്. കൃത്യനിഷ്ഠ, സൗമ്യത, മിതഭാഷണം, പള്ളിയുമായുള്ള ഉറ്റബന്ധം, ജമാഅത്ത് നമസ്‌കാരങ്ങളിലെ സജീവത തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഇമാമിന്റെ അഭാവത്തില്‍ പള്ളിയിലെ ഇമാം കൂടിയായിരുന്നു അദ്ദേഹം. പള്ളി പരിപാലന കമ്മിറ്റിയിലും മഹല്ല് കമ്മിറ്റിയിലും അംഗമായിരുന്നു. കൂട്ടിലങ്ങാടി ജമാഅത്ത് സെക്രട്ടറിയായി ഏറെ വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ചു.
പാവങ്ങള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം മുന്നിലായിരുന്നു. വിവിധ സേവന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കൂട്ടിലങ്ങാടി ടൗണില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഉസ്മാന്‍ സാഹിബിന്റെ സാന്നിധ്യം ഉാകുമായിരുന്നു.
കൂട്ടിലങ്ങാടിയില്‍ എത്തുന്ന പ്രസ്ഥാന നേതാക്കള്‍ക്ക് പലപ്പോഴും ഭക്ഷണവും താമസവും ഒരുക്കിയിരുന്നത് അദ്ദേഹമായിരുന്നു. ഭാര്യ: ഫാത്വിമ, മക്കള്‍: ആരിഫ, ജൗഹര്‍, നദീറ, സാബിഖ്, ശഫീഖ്, സഫീര്‍, മൊയ്തീന്‍ സാബിഖ്, മുഹമ്മദ് ശഫീഖ്, അലി മുഹമ്മദ് ശഫീര്‍.

വി.പി നൗഷാദ് കൂട്ടിലങ്ങാടി

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌