Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

ഇഹ്‌സാന്‍ ഒരു ജീവിത ശൈലിയാണ്

സഈദ് ഉമരി മുത്തനൂര്‍

പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഒരു യാത്രയിലായിരുന്നു. വഴിമധ്യേ ഒരു ബാലന്‍ ആടുകളെ മേയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടു. അവനെയൊന്ന് പരീക്ഷിക്കണമെന്ന് ഇബ്‌നു ഉമറിന് തോന്നി. 'ഈ കൂട്ടത്തില്‍ ഒരു ആടിനെ വില്‍ക്കാമോ?' ഇബ്‌നു ഉമര്‍ ചോദിച്ചു. 'ഈ ആടുകള്‍ എന്റേതല്ല, എന്റെ യജമാനന്റേതാണ്.' ബാലന്‍ മറുപടി പറഞ്ഞു. ഇബ്‌നു ഉമര്‍ വിട്ടില്ല. 'നിന്റെ യജമാനന്‍ ഇവിടെ ഇല്ലല്ലോ, ആടിനെ ചെന്നായ പിടിച്ചു എന്നു പറഞ്ഞാല്‍ പോരേ?!' ബാലന്‍ കുറച്ചുനേരം ചിന്തിച്ച ശേഷം ഇങ്ങനെ പറഞ്ഞു: 'ശരിയാണ്, ആടുകളുടെ യജമാനന്‍ ഇവിടെയില്ല. എന്നാല്‍ നമ്മുടെയെല്ലാം യജമാനനായ അല്ലാഹു ഇവിടെ ഉണ്ടല്ലോ, അവന്‍ കാണുകയില്ലേ?' ബാലന്റെ  ഈ മറുപടി ഇബ്‌നു ഉമറിന് നന്നേ ബോധിച്ചു. ഈ ചെറുപ്പക്കാരന്റെ ദൈവബോധം എത്ര ഉദാത്തം! 
ഇബ്‌നു ഉമര്‍ നേരെ ആട്ടിടയന്റെ ഉടമസ്ഥനെ തേടിപ്പോയി. അയാളുടെ അടിമയായിരുന്ന ആട്ടിടയനെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി വിട്ടു.
മനുഷ്യന്‍ അവന്റെ ഏകാന്തതയില്‍ കാണിക്കുന്ന ഈ ദൈവികബോധം ചെറിയ കാര്യമല്ല. എല്ലാ നന്മകളും ഏറ്റവും നല്ല രീതിയില്‍ അല്ലാഹുവിന്റെ സംതൃപ്തി മാത്രം ലാക്കാക്കി ചെയ്യുക. റസൂല്‍ തിരുമേനി (സ) പറയുകയുണ്ടായല്ലോ: 'എല്ലാറ്റിനോടും നന്മ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു നിയമമാക്കിയിരിക്കുന്നു. നീ വധിക്കുകയാണെങ്കില്‍ അത് മാന്യമായിരിക്കട്ടെ. നീ അറവു നടത്തുകയാണെങ്കില്‍ കത്തിയുടെ മൂര്‍ച്ച കൂട്ടുക. ഉരുവിനോട്  നന്മ ചെയ്യുക.' അതായത്  കത്തി ഉരുവിന്റെ മുമ്പില്‍ മൂര്‍ച്ച കൂട്ടുക, അവയവങ്ങള്‍ അറുത്തുമാറ്റുക തുടങ്ങിയ ക്രൂരതകള്‍ ചെയ്യരുത്.
അല്ലാഹു എല്ലായ്‌പ്പോഴും തന്റെ കൂടെ ഉണ്ടെന്ന വിശ്വാസമാണ് അല്ലാഹുവിനോടുള്ള ഇഹ്‌സാന്‍- നന്മ. പ്രത്യേകിച്ച് ആരാധനാ വേളകളില്‍. റസൂല്‍ തിരുമേനി പറഞ്ഞു: ''ഇഹ്‌സാന്‍ എന്നാല്‍ നീ അല്ലാഹുവിനെ കാണുന്ന പോലെ അവന് വഴിപ്പെടലാണ്. നീ അവനെ കണ്ടില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ'' (ബുഖാരി, മുസ്‌ലിം). 
മാതാപിതാക്കളോട് ഇഹ്‌സാന്‍ ചെയ്യുക എന്നാല്‍ അവരെ അനുസരിക്കലും അവരോട് താഴ്മ കാണിക്കലുമാണ്. അനുസരണക്കേടും ദുഷ്‌ചെയ്തികളും ഒരിക്കലും ഉണ്ടാകാവതല്ല. ഒരുതരത്തിലും അവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. അല്ലാഹു പറഞ്ഞു: ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. നിങ്ങള്‍ അവനെയല്ലാതെ ആരാധിക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക'' (17:23). വിശ്വാസി പ്രകൃത്യാ തന്നെ കാരുണ്യവാനായിരിക്കണം. അവന്‍ തന്റെ കൂട്ടുകാര്‍, കുടുംബങ്ങള്‍, ബന്ധുക്കള്‍ തുടങ്ങിയവരോടൊക്കെ സദ്‌സ്വഭാവത്തോടെയും സല്‍പെരുമാറ്റത്തോടെയും വര്‍ത്തിക്കണം. മാതാപിതാക്കളോടും അവരുടെ ബന്ധുക്കളോടും നല്ലരീതിയില്‍ പെരുമാറണം. അല്ലാഹു വ്യക്തമാക്കുന്നു: ''ഏതൊരു അല്ലാഹുവിനോടാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്, അവനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും'' (4:1).
റസൂല്‍ തിരുമേനി(സ) പറഞ്ഞു: ''തന്റെ വിഭവങ്ങള്‍ വിശാലമാകണമെന്നും തനിക്ക് ദീര്‍ഘായുസ്സ് ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം ചാര്‍ത്തട്ടെ'' (ബുഖാരി, മുസ്ലിം).
 പ്രവാചകന്‍ മറ്റൊരിക്കല്‍ പ്രസ്താവിച്ചത് ഏറെ ശ്രദ്ധേയമാണ്; പാവങ്ങള്‍ക്ക് ധര്‍മം കൊടുക്കുന്നത് ധര്‍മം തന്നെ, എന്നാല്‍ ബന്ധുക്കള്‍ക്ക് ദാനം ചെയ്യുന്നതില്‍ രണ്ടു ഗുണമുണ്ട്, 'സ്വദഖത്തുന്‍ വ സ്വിലത്തുന്‍.' ഒന്ന് ദാനധര്‍മം, രണ്ട്  കുടുംബ ബന്ധം ചേര്‍ക്കല്‍ (തിര്‍മിദി). അതിനാല്‍ ഒരു വിശ്വാസി ധര്‍മം കൊടുക്കുമ്പോള്‍ കുടുംബക്കാരെ പരിഗണിക്കുകയാണെങ്കില്‍ രണ്ട് ഗുണം ലഭിക്കുന്നു. 
അയല്‍വാസിയെയും മാറ്റിനിര്‍ത്താനാവില്ല. വിശ്വാസി ഒരിക്കലും അയല്‍വാസിയെ ഉപദ്രവിക്കരുത്. അകറ്റിനിര്‍ത്തുകയും ചെയ്യരുത്. പ്രവാചക മാതൃക വിശ്വാസികളുടെ മുമ്പിലുണ്ട്. 'ജിബ്‌രീല്‍ മാലാഖ അയല്‍വാസിയുടെ കാര്യം എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയല്‍വാസിക്ക് അനന്തരസ്വത്തില്‍ പങ്കുണ്ടാകുമോ എന്നു വരെ എനിക്ക് തോന്നിപ്പോയി!'  (ബുഖാരി, മുസ്‌ലിം).
അയല്‍വാസിയുമായി വല്ല പിണക്കവും ഉണ്ടായാല്‍ വൈകാതെത്തന്നെ അത് പരിഹരിക്കണം. പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ അയല്‍വാസിയെ കുറിച്ച് പരാതി പറഞ്ഞു. എന്റെ അയല്‍വാസി എന്നെ ചീത്ത പറയുന്നു, ജീവിതം ദുസ്സഹമാക്കുന്നു എന്നിങ്ങനെ. ഇതു കേട്ട ശേഷം ഇബ്‌നു മസ്ഊദ് പരാതിക്കാരനോട് പറഞ്ഞു: 'ആ മനുഷ്യന്‍ അയാളുടെ ചെയ്തികളിലൂടെ ദൈവത്തോട് നന്ദികേട് കാണിച്ചു. നീ പോയി അയാളോട് നല്ല നിലയില്‍ നിലകൊണ്ട് അല്ലാഹുവിനോട് നന്ദി കാണിക്കൂ.' നബി തിരുമേനി അയല്‍വാസിയുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞത്; നിന്നോട് അവന്‍ സഹായം തേടിയാല്‍ അത് നല്‍കണം, നിന്നോടവന്‍ കടം ചോദിച്ചാല്‍ കഴിയുന്നവിധം സഹായിക്കണം, വല്ല ആവശ്യവും അവന് നേരിട്ടാല്‍ അത് പൂര്‍ത്തീകരിച്ചുകൊടുക്കണം, അയല്‍വാസി രോഗിയായാല്‍ അവനെ സന്ദര്‍ശിച്ച് സമാശ്വസിപ്പിക്കണം, അവന്റെ വീട്ടില്‍ വല്ല സന്തോഷങ്ങളും ഉണ്ടായാല്‍ ആശംസിക്കുക, വല്ല വിപത്തും നേരിട്ടാല്‍ സാന്ത്വനപ്പെടുത്തുക, മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക, അവന്റെ വീടിനെ മറയ്ക്കുംവിധം നിന്റെ വീട് പണിയാതിരിക്കുക, അവന് കാറ്റും വെളിച്ചവും തടയാതെ നോക്കുക, അവന്റെ സമ്മതത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക, നിന്റെ വീട്ടില്‍ വല്ല വിശേഷ ഭക്ഷണവും പാകം ചെയ്താല്‍ അതിന്റെ ഗന്ധം അവന്റെ വീട് വരെ എത്താതെ സൂക്ഷിക്കുക. നല്ലതിതാണ്; ആ ഭക്ഷണത്തില്‍ അളവ് കൂട്ടി അല്‍പം അയല്‍വാസിക്ക് കൂടി കൊടുക്കുക, കായ്കനികള്‍ വിളയുന്ന വേളകളില്‍ അവര്‍ക്കും ഓഹരി നല്‍കുക, വീട്ടിലേക്ക് കൊണ്ടുവരുന്ന വസ്തുക്കള്‍ അവന് കൊടുക്കാനില്ലെങ്കില്‍ അവനെ മോഹിപ്പിക്കാതെ സൂക്ഷിക്കുക, നിന്റെ മക്കള്‍ അവരുടെ മക്കളുടെ മുഖത്തുനോക്കി ആഹാരം കഴിക്കാതിരിക്കട്ടെ; കാരണം ആ മക്കളും പലഹാരത്തിന് ശാഠ്യം പിടിക്കും, അത് അവരുടെ രക്ഷിതാക്കളെ വിഷമവൃത്തത്തിലാക്കും (ത്വബറാനി).
പാവങ്ങളോട് അനുകമ്പയും ആര്‍ദ്രതയും ഇഹ്‌സാന്റെ പ്രകാശനമാണ്. ധനികന്‍ ഒരിക്കലും തന്റെ ധനത്തില്‍നിന്ന് ദരിദ്രന് കൊടുക്കുന്നതില്‍ ലുബ്ധ് കാണിക്കരുത്. അന്ത്യദിനത്തില്‍ തന്റെ ധനം തനിക്കെതിരായി സാക്ഷിയായി വരുന്നത് പണക്കാര്‍ മുന്നില്‍ കാണണം. അല്ലാഹുവിന്റെ മുമ്പില്‍, 'നാഥാ ഞാനെന്റെ ആവശ്യവുമായി ഇയാളെ സമീപിച്ചിരുന്നു, എന്നാല്‍ ഇയാളെന്റെ നേരെ വാതില്‍ കൊട്ടിയടച്ചു' എന്ന് തന്റെ നേരെ ഒരാളും പരാതി പറയാന്‍ ധനികന്‍ ഇടവരുത്തരുത്. വിശ്വാസി ദാനധര്‍മങ്ങളും മറ്റു മാതൃകാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ആളുകള്‍ കാണാനും പുകഴ്ത്തി പറയാനുമാകരുത്. ദൈവത്തിന്റെ പ്രീതി മാത്രമായിരിക്കണം ഉന്നം. അല്ലാഹു പറഞ്ഞു: ''ദ്രോഹം പിന്തുടരുന്ന ദാനത്തേക്കാള്‍  ഉത്തമം നല്ല വാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ'' (2:263).
അനാഥകളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഖുര്‍ആനും തിരുചര്യയും പഠിപ്പിക്കുന്നു. അവരോട് മാന്യത കാട്ടുന്നത് സ്വര്‍ഗപ്രവേശത്തിന് കാരണമാകും. 'ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും. (ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്) തിരുനബി പറയുകയുണ്ടായി' (ബുഖാരി, മുസ്‌ലിം). വിധവയുടെയും അശരണരുടെയും കാര്യത്തില്‍ പരിശ്രമിക്കുന്നവന്‍ ദൈവിക മാര്‍ഗത്തില്‍ സമരം (ജിഹാദ്) നടത്തുന്നവരെ പോലെയാണ് (ബുഖാരി, മുസ്‌ലിം).
സ്വന്തത്തോടു തന്നെ ഇഹ്‌സാന്‍ വേണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. എല്ലാ കാപട്യങ്ങളില്‍നിന്നും സ്വന്തത്തെ രക്ഷിക്കുക. തെറ്റില്‍നിന്നും കുറ്റത്തില്‍നിന്നും അകലം പാലിക്കുക. പരലോകത്ത് പരാജയപ്പെടാതിരിക്കാന്‍ സ്വന്തത്തെ പുനര്‍നിര്‍മിക്കുക. ഇതാണ് ആത്മസംസ്‌കരണം. 'ഇന്‍ അഹ്‌സന്‍തും അഹ്‌സന്‍തും  ലി അന്‍ഫുസികും, (നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കു തന്നെയാണ്). ഖുര്‍ആന്റെ മറ്റൊരു അധ്യാപനം ഇങ്ങനെ: ''ഏറ്റവും ഉത്കൃഷ്ടമായ വചനത്തിലേക്കാണ് അവര്‍ നയിക്കപ്പെടുന്നത്'' (22:24). 
അഭിവാദ്യ-പ്രത്യഭിവാദ്യങ്ങളില്‍ പോലും ഇഹ്‌സാന്‍ ദീക്ഷിക്കപ്പെട്ടിരിക്കുന്നു. സലാം പറയുന്നവനേക്കാള്‍ കേള്‍ക്കുന്നവന്‍ പറഞ്ഞ സഹോദരനു വേണ്ടി കൂടുതല്‍ നന്മക്കായി പ്രാര്‍ഥിക്കണമെന്നാണല്ലോ. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക, കുറഞ്ഞ പക്ഷം അപ്രകാരമെങ്കിലും തിരിച്ചു നല്‍കുക'' (4:86.) ഒരു ജോലി ചെയ്യുമ്പോള്‍ അത് ഭംഗിയായി നിര്‍വഹിക്കാനും ശ്രദ്ധിക്കണം. നബി(സ) പറഞ്ഞു: ''നിങ്ങള്‍ ഏതു ജോലിയില്‍ ഏര്‍പ്പെട്ടാലും അത് കൃത്യമായും മനോഹരമായും നിര്‍വഹിക്കുന്നത് അല്ലാഹുവിന് ഏറെ പ്രിയങ്കരമാണ്' (ബൈഹഖി). ക്രമരഹിതമായും അശ്രദ്ധമായും നിസ്സംഗമായും ഒരു കര്‍മവും അനുഷ്ഠിക്കരുത്. ഹൃദയസാന്നിധ്യത്തോടെയും നല്ല നിലയിലും പരമാവധി നന്നാക്കിയുമാണ് അത് നിര്‍വഹിക്കേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌