Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

കുട്ടിക്കടത്തിന്റെ പേരില്‍ പ്രചരിപ്പിച്ചതെല്ലാം നുണകളായിരുന്നു

ഉമര്‍ ആലത്തൂര്‍

2014 മെയ് 25-ന് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റില്ലെന്ന പേരില്‍ ചില വിദ്യാര്‍ഥികളെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടികൂടിയതു മുതലാണ് 'കുട്ടിക്കടത്തി'ന്റെ നിറംപിടിപ്പിച്ച കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പിടികൂടിയ കുട്ടികളോടൊപ്പം വേറെയും കുട്ടികള്‍ ട്രെയ്‌നില്‍ ഉണ്ടെന്ന് കണ്ടെത്തുന്നു. ഝാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് അന്നും അടുത്ത ദിവസവുമായി റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെക്കപ്പെട്ടത്. പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളിലേക്ക് അവധിക്കാലം കഴിഞ്ഞ് തിരിച്ചുവരുന്നവരായിരുന്നു ഇവരിലധികവും. അവര്‍ക്കൊപ്പം കുറച്ച് വിദ്യാര്‍ഥികള്‍ പുതുതായി യത്തീംഖാനകളില്‍ ചേരാന്‍ വന്നവരുമുണ്ടായിരുന്നു. 606 വിദ്യാര്‍ഥികളെയാണ് മൊത്തത്തില്‍ അധികാരികള്‍ തടഞ്ഞുവെച്ചത്. അതില്‍ കുറച്ചാളുകളെ സ്ഥാപനങ്ങളിലേക്ക് പോകാന്‍ അനുവദിച്ചെങ്കിലും ബാക്കിയുള്ളവരെ തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് നിര്‍ബന്ധിച്ച് അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. തടവില്‍ പാര്‍പ്പിച്ചപ്പോഴും മറ്റും വിദ്യാര്‍ഥികളോട് അധികാരികളുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. അനാഥകളായ കുട്ടികളുടെ അനുഭവങ്ങള്‍ അന്നുതന്നെ മീഡിയാ വണിനെ പോലുള്ള ചാനലുകളും പത്രങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു.
സംഭവത്തിന്റെ മുസ്ലിംവിരുദ്ധ പ്രചാരണ സാധ്യത മനസ്സിലാക്കിയ സംഘ്-ഇസ്ലാമോഫോബിക് മീഡിയ ഉടന്‍ സജീവമായി. ഓണ്‍ലൈന്‍ മീഡിയയില്‍ 'കുട്ടിക്കടത്തി'ന്റെ നിറംപിടിപ്പിച്ച കഥകള്‍ പാറിനടന്നു. റെയില്‍വേ പോലീസിന് പുറമെ കേരളാ പോലീസും സംഭവത്തില്‍ ഇടപെട്ടു. കുട്ടികളെ തീവ്രവാദ കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും മറ്റും ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളിറക്കി. സര്‍ക്കാറിനും പ്രതിപക്ഷത്തിനുമെതിരെ ശക്തമായ പ്രചാരണങ്ങളും അവര്‍ അഴിച്ചുവിട്ടു. അടുത്ത ദിവസങ്ങളില്‍തന്നെ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. പ്രതിരോധത്തിലായ സര്‍ക്കാറും രംഗത്തിറങ്ങി. അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേരളത്തിലെ  മുസ്ലിം അനാഥാലയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ഉത്തരേന്ത്യയിലെ കുട്ടികളെ സംരക്ഷിക്കണമെന്നുള്ളവര്‍ അവിടെ പോയി പ്രവര്‍ത്തിക്കണമെന്നും ഇവിടേക്ക് കുട്ടികളെ കടത്തുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അദ്ദേഹം അന്ന് ഡി.ഐ.ജി ആയിരുന്ന ശ്രീജിത്തിനെ അന്വേഷണ ചുമതല ഏല്‍പിച്ചു (പാലത്തായി കേസില്‍ ഇരയുടെ മൊഴിയടക്കം പരസ്യപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതടക്കം വിവിധ മുസ്ലിംവിരുദ്ധ കേസുകളില്‍ പങ്കുള്ള ആളാണ് ഇപ്പോള്‍ ഐ.ജിയായ ശ്രീജിത്ത്).
ഭരണകക്ഷിയായിരുന്ന മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ സമ്മര്‍ദങ്ങളുണ്ടായി. ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എം.കെ മുനീര്‍ വീഴ്ചകള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാറും 'കുട്ടിക്കടത്തി'ന് കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു തുടര്‍ന്ന് നടന്ന പ്രചാരണം. അതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ ഹൈക്കോടതി സര്‍ക്കാറിനെതിരെ കേസുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങളുന്നയിക്കുന്നേടത്തോളം ശക്തമായിരുന്നു പ്രചാരണങ്ങള്‍. ജൂണ്‍ 4-ാം തീയതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് 'കുട്ടിക്കടത്തി'ല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാറിനെയും ഹൈക്കോടതിയെയും വരെ ഇടപെടീക്കാനാകുന്ന തരത്തില്‍ വിവിധ സൈഡ് സ്റ്റോറികള്‍ പടക്കപ്പെടുകയും അവയെല്ലാം മീഡിയ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. 'കുട്ടിക്കടത്തി'ന്റെ മുഖ്യകണ്ണിയായി ഝാര്‍ഖണ്ഡില്‍നിന്നുള്ള ശക്കീര്‍ അഹ്മദ് എന്ന അനാഥാലയ ജീവനക്കാരനെ അവതരിപ്പിച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ചിലരെയും കേസില്‍ കുടുക്കി.
തുടര്‍ന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നു. കുട്ടികളുടേത് വ്യാജരേഖകളാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉറപ്പിച്ചെന്നായിരുന്നു വാര്‍ത്ത. അതിന്റെ ഭാഗമായി അവിടെയുള്ള ഉദ്യോഗസ്ഥരെയും മറ്റും ഉദ്ധരിച്ച് പുതിയ കഥകള്‍ പിറന്നു.
മുമ്പും സമാന രീതിയിലുള്ള കുട്ടിക്കടത്തുകള്‍ നടന്നെന്നും ഇത് വ്യാപകമാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. മുമ്പ് കുട്ടിക്കടത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അത് സര്‍ക്കാറിന് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ടെന്നുമുള്ള മുന്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി എന്‍.പി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സംഘ് മീഡിയ പുറത്തുവിട്ടു. 2010-ല്‍ സമാന രീതിയിലുള്ള കുട്ടിക്കടത്തിനെ കുറിച്ച് വിവരം ലഭിക്കുകയും അത് സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നെന്ന 'വെളിപ്പെടുത്തല്‍' ഉടനെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അതിനു ശേഷം വയനാട് ഓര്‍ഫനേജ് അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് വ്യാപകമായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന് കഥകളുണ്ടായി. അഹ്മദാബാദ്, സൂറത്ത്, കാന്‍പൂര്‍, ഖോരക്പൂര്‍, ബിഹാറിലെ വിവിധ പ്രദേശങ്ങള്‍, ബംഗ്ളാപൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നാണ് ഇത്തരം കടത്തുകള്‍ നടന്നതെന്നും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നെന്നു വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇവരെല്ലാം മുസ്ലിംവിരുദ്ധ കലാപങ്ങളിലെയും മറ്റും ഇരകളോ നാട്ടില്‍ പഠനത്തിനും ജീവിതത്തിനും മാര്‍ഗമില്ലാത്തവരോ ആയ അനാഥകളാണെന്നതും അവരെ ഇത്തരം സ്ഥാപനങ്ങള്‍ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുകയാണെന്നതും മറച്ചുവെക്കപ്പെട്ടു. ഇത്തരം അനാഥാലയങ്ങള്‍ വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി രക്ഷപ്പെടുത്തിയ കുട്ടികളുടെ കണക്കുകള്‍ ആരും പുറത്തുവിട്ടില്ല. 'കുട്ടിക്കടത്തി'ല്‍ കൂടുതല്‍ ക്രൂശിക്കപ്പെട്ട മുക്കം ഓര്‍ഫനേജില്‍നിന്ന് ഐ.എ.എസില്‍ വരെ എത്തിച്ചേര്‍ന്നവരുണ്ടായിരുന്നു.
കേരളത്തിലെ മുഖ്യധാരാ മീഡിയയുടെ മുസ്ലിംവിരുദ്ധതയാണ് കുട്ടിക്കടത്ത് പ്രചാരണത്തിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്നത്. കേരളത്തിലെ ചില മന്ത്രിമാരൊഴികെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമായ പിന്തുണ നല്‍കിയില്ലെങ്കിലും മീഡിയ ആസൂത്രിതമായി പ്രചാരണം കൊഴുപ്പിച്ചു. സംഘ് മീഡിയ നുണകളും അര്‍ധസത്യങ്ങളും ചേര്‍ത്ത് കഥകളുണ്ടാക്കുന്നു,  ഉടനെ അത് മുഖ്യധാരാ ദൃശ്യ-പ്രിന്റ് മീഡിയ ഏറ്റെടുക്കുന്നു. ഇതായിരുന്നു സ്ഥിതി. മാധ്യമങ്ങളുടെ സമ്മര്‍ദത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും അധികാരികള്‍ക്കും നടപടികളിലേക്ക് നീങ്ങേണ്ടിവരുന്നു. അവസാനം തെളിവുകളൊന്നുമില്ലാതിരിക്കുകയും മുസ്ലിംവേട്ടകള്‍ മാത്രം ബാക്കിയാവുകയും ചെയ്യുന്നു. ഇതാണ് 'കുട്ടിക്കടത്തി'ലും നടന്നത്.

നിയമനടപടികള്‍

ടിക്കറ്റ് എടുക്കാത്തതിന് ഫൈന്‍ വാങ്ങി അവസാനിപ്പിക്കേണ്ടിയിരുന്ന കേസ് മുസ്ലിംവിരുദ്ധ പ്രചാരണങ്ങളും അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ മുസ്ലിംവിരുദ്ധ മുന്‍വിധികളും ചേര്‍ന്നതോടെ 'മനുഷ്യക്കടത്തെ'ന്ന ക്രിമിനല്‍ കുറ്റമായി മാറി. ഐ.പി.സി 370 (5) വകുപ്പുപ്രകാരം കേസെടുത്ത് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിക്കപ്പെട്ടു.  ഐ.പി.സി 370-ാം വകുപ്പിലെ 5-ാം ഉപവകുപ്പ്, ഏറ്റവും ഗുരുതര കുറ്റകൃത്യമായ ഒന്നിലധികം കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഈ വകുപ്പ് മനുഷ്യക്കടത്തിനെ വിശദീകരിക്കുന്നതിങ്ങനെയാണ്: 'ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ തട്ടിക്കൊണ്ടുപോകലിലൂടെയോ ചതിയില്‍പെടുത്തിയോ അന്യായമായി സ്വാധീനിച്ചോ പണം നല്‍കിയോ മറ്റെന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയോ ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ ലൈംഗികമോ ആയ ചൂഷണത്തിനു വേണ്ടിയോ അടിമവേലക്കു വേണ്ടിയോ അവയവ അപഹരണത്തിനു വേണ്ടിയോ ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ റിക്രൂട്ട് ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമാണ് മനുഷ്യക്കടത്ത്.' ഏഴു മുതല്‍ പത്തു വര്‍ഷംവരെ കഠിന തടവാണ് ഇതിന് ശിക്ഷ. ഇനി മനുഷ്യക്കടത്ത് എന്ന കുറ്റത്തിന് ഇരകളാക്കപ്പെടുന്നത് ഒന്നിലധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ ഐ.പി.സി 370-ലെ 5-ാം ഉപവകുപ്പ് പ്രകാരം 14 വര്‍ഷമോ ജീവപര്യന്തമോ കഠിനതടവാണ് ശിക്ഷ. ഈ വകുപ്പ് ചാര്‍ത്തപ്പെട്ടതോടെ കാടിളക്കിയുള്ള പ്രചാരണങ്ങളും മാധ്യമവിചാരണകളുമാണ് അരങ്ങേറിയത്.
തുടക്കത്തില്‍തന്നെ അനാഥകളെ കൊണ്ടുവരുന്ന വിഷയത്തില്‍ നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ബി.ജെ.പി അടക്കമുള്ളവര്‍ ആരോപിച്ചു. അതിനിടെ 'തമ്പ്' എന്നൊരു സന്നദ്ധ സംഘടന സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2015-ല്‍ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വിധിയെ ചോദ്യംചെയ്ത് യത്തീംഖാനകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഈ ഹരജിയില്‍ സുപ്രീംകോടതി സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കിലും അഭിപ്രായമാരാഞ്ഞ് കേന്ദ്രത്തിനും ഝാര്‍ഖണ്ഡ്, ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. നാലു വര്‍ഷത്തിലധികം അന്വേഷണം നടത്തിയിട്ടും കാര്യമായൊന്നും കണ്ടെത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ സി.ബി.ഐക്ക് സാധിച്ചില്ല. കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരോപിക്കുന്നതുപോലുള്ള നിയമവിരുദ്ധമോ ശിക്ഷാര്‍ഹമോ ആയ ഒന്നും സി.ബി.ഐക്ക് കണ്ടെത്താനായില്ല. മാത്രമല്ല സുപ്രീംകോടതി കേന്ദ്രത്തില്‍നിന്നും മൂന്ന് സംസ്ഥാനങ്ങളില്‍നിന്നും വിശദീകരണം തേടിയെങ്കിലും ബിഹാര്‍ സര്‍ക്കാര്‍ മാത്രമാണ് 2019 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കുട്ടികള്‍ രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി വിദ്യാഭ്യാസം നേടാനാണ് കേരളത്തിലേക്ക് പോയതെന്നുമാണ് ബിഹാര്‍ സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നത്.
പിന്നീട് പശ്ചിമ ബംഗാളില്‍നിന്ന് വന്ന കുട്ടികള്‍ക്ക് യാതൊരു ചൂഷണവും പീഡനവും നേരിടേണ്ടിവന്നിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തി. രേഖകളില്ലാതെയെത്തിയ 123 പേരുടെ വിഷയത്തിലും തങ്ങളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടികളെ കേരളത്തിലേക്കയച്ചതെന്ന രക്ഷിതാക്കളുടെ മൊഴിയും നിര്‍ണായകമായി. അതിനാല്‍ കേസ് അവസാനിപ്പിക്കാമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ 2019 അവസാനം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ 2020 ജൂലൈ അവസാനം ഹൈക്കോടതി 'കുട്ടിക്കടത്ത് കേസ്' അവസാനിപ്പിച്ചു. അതോടെയാണ് ടിക്കറ്റെടുക്കാത്തതിന് ഫൈന്‍ അടച്ച് തീരേണ്ടിയിരുന്ന കേസ് അവസാനിച്ചത്.

ഇടപെടലുകള്‍

സമസ്തക്കു കീഴിലുള്ള യത്തീംഖാനാ കോഡിനേഷന്‍ കമ്മിറ്റി തുടക്കം മുതല്‍ തന്നെ നിയമനടപടികളില്‍ സജീവമായിരുന്നു. വിവിധ യത്തീംഖാനാ മാനേജ്മെന്റുകളും പലതരത്തില്‍ നിയമനടപടികളില്‍ പങ്കാളികളായി.
സംഭവം നടന്ന ഉടനെ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെയും മുന്‍വിധികളെയും ജനകീയമായി നേരിടാനുള്ള ശ്രമങ്ങള്‍ നടത്തിയത് സോളിഡാരിറ്റി പോലുള്ള സംഘടനകളായിരുന്നു. പലരും ഒറ്റപ്പെട്ട പ്രസ്താവനകള്‍ നടത്തിയെങ്കിലും ജനകീയ പരിപാടികള്‍ നടന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് സമുദായത്തില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ സംഭവം നടന്ന ആഴ്ചതന്നെ സോളിഡാരിറ്റി കോഴിക്കോട്ട് സമുദായ നേതാക്കളുടെ യോഗം വിളിച്ചു. അതിനു ശേഷം നേതാക്കള്‍ യത്തീംഖാനകള്‍ സന്ദര്‍ശിക്കുകയും പൊതുപ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്തും പാലക്കാട്ടും തൃശൂരും 'അനാഥവേട്ട: കുറ്റവാളികള്‍ ആര്?' എന്ന തലക്കെട്ടില്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടന്നു. 'ഉത്തരേന്ത്യയിലെ അനാഥബാല്യങ്ങളെ തീവ്രവാദ ചാപ്പ കുത്തരുത്' എന്ന തലക്കെട്ടില്‍ പ്രചാരണ പരിപാടികള്‍ നടത്തി.
തിരിച്ചയക്കപ്പെട്ട കുട്ടികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും സോളിഡാരിറ്റി  നടത്തിയിരുന്നു. ജനസേവന വിഭാഗം കോഡിനേറ്റര്‍ ഹമീദ് സാലിമിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഝാര്‍ഖണ്ഡില്‍ പോയി മൂന്ന് ആഴ്ചയോളം അവിടെ താമസിച്ച് വിവരശേഖരണം നടത്തി. എല്ലാ തരത്തിലും പിന്നാക്കമായ അവിടത്തെ മുസ്ലിംകളിലെ കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റും മുതലുള്ള രേഖകളും മറ്റുമില്ലെന്ന് മനസ്സിലാക്കി അതിനായുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, അധികാരികളുടെ സഹകരണമില്ലാത്തതിനാല്‍ അത് വിജയിപ്പിക്കാനായില്ല.

യത്തീംഖാനകളും നിയന്ത്രണങ്ങളും

സംഘ് പരിവാര്‍ ഈ വിഷയത്തില്‍ ഇടപെട്ടത് കൃത്യമായ  ലക്ഷ്യങ്ങളോടെ തന്നെയായിരുന്നു.  'കുട്ടിക്കടത്ത്' വിവാദത്തില്‍ അവര്‍ ലക്ഷ്യംവെച്ച പ്രധാന കാര്യം, ഉത്തരേന്ത്യയിലെയും മറ്റും കലാപങ്ങളുടെയും പിന്നാക്കാവസ്ഥയുടെയും ഇരകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യത്തീംഖാനകളെ നിയന്ത്രിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി 'കുട്ടിക്കടത്ത്' വിവാദങ്ങളുടെ തുടക്കം മുതലേ അവര്‍ ചരടു വലിച്ചുതുടങ്ങിയിരുന്നു. അനാഥാലയങ്ങളില്‍ ലൈംഗിക ചൂഷണങ്ങള്‍ മുതലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു, തീവ്രവാദത്തിലേക്ക് പോകുന്നു തുടങ്ങിയ ആരോപണങ്ങളും അതിന് തെളിവെന്ന മട്ടില്‍ കുറേ കള്ളക്കഥകളും തുടക്കം മുതല്‍ തന്നെ മീഡിയ വഴി അവര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇതിനൊപ്പിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയും പ്രതികരിക്കുന്നതാണ് പിന്നീട് കണ്ടത്. ലീഗടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ വിഷയത്തിലെ നിലപാടെന്തെന്ന് ചോദിക്കുകയും യത്തീംഖാനകള്‍ക്കു മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുകയും ചെയ്തു.
'കുട്ടിക്കടത്തു'മായി ബന്ധപ്പെട്ട് നടത്തിയ മാധ്യമവേട്ടക്കൊടുവിലാണ് എല്ലാ യത്തീംഖാനകളെയും ബാലനീതി നിയമത്തിനു (ജെ.ജെ ആക്ട്) കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആ നിയമത്തിനു കീഴില്‍ സ്ഥാപിതമായ ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കൊണ്ടുവരണമെന്നുമുള്ള ആവശ്യം തല്‍പരകക്ഷികള്‍ ഉയര്‍ത്തിയത്. യത്തീംഖാനകള്‍ 1960-ലെ 'അനാഥാലയങ്ങളും മറ്റ് ധര്‍മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) നിയമ'പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്. ഈ നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളും ബാലനീതി നിയമത്തിനു കീഴില്‍ വരുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളും ഘടനാപരമായും ഉദ്ദേശ്യപരമായും വ്യത്യസ്തമാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചായിരുന്നു അണിയറയിലെ ഈ നീക്കങ്ങള്‍.
ഈ നീക്കങ്ങള്‍ക്കൊടുവില്‍ 2017 നവംബറില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് യത്തീംഖാനകളുടെ ഉദ്ദേശ്യത്തെയും ലക്ഷ്യത്തെയും തകര്‍ക്കുന്നതും സമുദായങ്ങളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമായിരുന്നു. ഈ ഉത്തരവ് വന്നതോടെ പല യത്തീംഖാനകളും പൂട്ടേണ്ടിവന്നു. സമസ്തയുടെ യത്തീംഖാനാ കോഡിനേഷന്‍ കമ്മിറ്റി ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് നേടിയ ഇടക്കാല ഉത്തരവിന്റെ തണലിലാണ് ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്. ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെയും സര്‍ക്കാര്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികളെയും സംരക്ഷിക്കാനാണെന്ന് അതിലെ 2 (14) വകുപ്പ് വ്യക്തമായി പറയുന്നുണ്ട്. മാതാപിതാക്കളുടെ ആരുടെയെങ്കിലും അഭാവത്താലോ സാമ്പത്തിക പരാധീനതകളാലോ ആണ് യത്തീംഖാനയില്‍ കുട്ടികള്‍ എത്തുന്നത്. മാത്രമല്ല വിദ്യാഭ്യാസമാണ് അവരുടെ പ്രധാന ലക്ഷ്യം. ഇത്തരം കുട്ടികളെ മുകളില്‍ പറഞ്ഞ രണ്ടു വിഭാഗം കുട്ടികളെ കൈകാര്യം ചെയ്യുന്ന നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നത് അനീതിയാണ്.
'കുട്ടിക്കടത്ത്' വിവാദവും അതുമായി ബന്ധപ്പെട്ട കേസുകളും അവസാനിച്ച ഈ സന്ദര്‍ഭത്തില്‍ നിരാലംബരും അനാഥരുമായ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അഭയകേന്ദ്രമായ യത്തീംഖാനകളെ സംരക്ഷിക്കാനുള്ള നിയമ-സമര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകേണ്ട ബാധ്യത സമൂഹത്തിനുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌