Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

'നിങ്ങളാണ് ഞങ്ങള്‍ക്ക് സാന്ത്വനമായത്'

എം.എ അബ്ദുല്‍ കരീം

കഴിഞ്ഞ ആഗസ്റ്റ് 6-ന് മൂന്നാറിലെ കഠിന ശൈത്യം പ്രതിരോധിക്കാന്‍ ഒറ്റപുതപ്പില്‍ രണ്ടു വയസ്സുകാരി ധനുമോളെ കെട്ടിപ്പിടിച്ച് ഉറങ്ങിയപ്പോള്‍ ആ അമ്മ കരുതിയിരിക്കില്ല ഇത് ഉണരാത്ത ഉറക്കമാകുമെന്ന്. അതായിരുന്നു രാജമല പെട്ടിമുടിയില്‍ ആ വ്യാഴാഴ്ച രാത്രി 11.37-ന് സംഭവിച്ച ഭീകര ദുരന്തം. ഭൂനിരപ്പില്‍ നിന്ന് നാനൂറ് മീറ്റര്‍ ഉയരത്തില്‍ നിന്നിരുന്ന ഭീമന്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ കൂറ്റന്‍ പാറകളും ചെളിയും വെള്ളവും അറുപതില്‍പരം തോട്ടം തൊഴിലാളികളുടെ ജീവനാണ് അപഹരിച്ചത്. നാല് ലയങ്ങളിലായി ഇവിടെ താമസിച്ചിരുന്ന 82 പേരില്‍ കുറച്ച് പേര്‍  ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ ഉടനെ ഐ.ആര്‍.ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) ഇടുക്കി ജില്ലാ ലീഡര്‍ ഷാജി സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൈലറ്റ് ടീം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. മലയിടിച്ചിലും മറ്റ് പ്രതികൂല കാലാവസ്ഥയും മൂലം ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ നീക്കാനുള്ള സാമഗ്രികള്‍ വണ്ടിയില്‍ കരുതാന്‍ അവരോട് നിര്‍ദേശിച്ചിരുന്നു.
വനം വകുപ്പിന്റെയും തേയില കോര്‍പ്പറേറ്റ് കമ്പനിയുടെയും അധീനതയിലുള്ള പ്രദേശത്തേക്കുള്ള പ്രവേശന വിലക്ക് തരണം ചെയ്യാന്‍  സാധ്യമായതൊക്കെ ചെയ്യണമെന്നും നിര്‍ദേശിച്ചു.
അപ്പോഴേക്കും സംഭവസ്ഥലത്ത് ഐ.ആര്‍.ഡബ്ല്യുവിന്റെ സേവനം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രതിനിധിയുടെ ഫോണ്‍ ജനറല്‍ കണ്‍വീനര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ദുരന്തഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ വി.ഐ ഷമീര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍വീനര്‍ എം.എ അബ്ദുല്‍ കരീം, അസി. കണ്‍വീനര്‍ ഒ.എം നിയാസ്, എറണാകുളം ജില്ലാ പി.ആര്‍ സെക്രട്ടറി അമീര്‍ അബ്ദുസ്സലാം എന്നിവരും രാജമലയിലേക്ക് കുതിച്ചു. അപ്പോഴേക്കും നിരോധിത മേഖയിലേക്ക് ഐ.ആര്‍.ഡബ്ല്യുവിന്റെ വാഹനങ്ങള്‍ കടത്തിവിടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സബ് കലക്ടര്‍ ചെയ്തിരുന്നു. അതിനാല്‍ രണ്ട് സംഘങ്ങളും തടസ്സങ്ങളില്ലാതെ ദുരന്തഭൂമിയിലെത്തി.
സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, എസ്.പി കറുപ്പുസ്വാമി ഐ.പി.എസ്, ഡി.വൈ.എസ്.പി രമേഷ് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്ഥലത്തുണ്ടായിരുന്ന ഐ.ആര്‍.ഡബ്ല്യു സംസ്ഥാന സമിതി അംഗങ്ങള്‍ 15 വളന്റിയര്‍മാരെ കൂടി അടിയന്തരമായി വിളിച്ചുവരുത്താന്‍ തീരുമാനിച്ചു.
അധികം താമസിയാതെ പുതച്ചുമൂടി ഉറങ്ങുന്ന നിലയില്‍ ആദ്യ മൃതദേഹം ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ കണ്ടെടുത്തു. തങ്ങളുടെ ആളുകള്‍ താമസിച്ചിരുന്ന ലയങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഓരോരുത്തരും അടയാളപ്പെടുത്തുന്നതനുസരിച്ചായി തിരച്ചില്‍. തിരച്ചില്‍ പുരോഗമിക്കവെ എസ്.പി, ഐ.ആര്‍.ഡബ്ല്യു ക്യാപ്റ്റനെ വിളിച്ചുവരുത്തി, ഇപ്പോള്‍ നടത്തുന്ന രീതിയില്‍ തിരച്ചില്‍ ശരിയാകില്ലെന്നും സംഘത്തിന്റെ മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ചിട്ടപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. അത് പ്രകാരം കൃത്യമായ രൂപരേഖ ഉണ്ടാക്കി തിരച്ചില്‍ നടത്തുമ്പോഴാണ് ഹൃദയം പിളര്‍ക്കുന്ന ആ കാഴ്ച.
മൂന്നാറിന്റെ കഠിന ശൈത്യത്തില്‍ ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ ഒരു മാതാവിന്റെയും അവരുടെ ചൂടുപറ്റി ഉറങ്ങിയിരുന്ന ഉദ്ദേശം 5-ഉം 7-ഉം വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെട്ടിമുടി, ഗ്രാവല്‍ ബാങ്ക് എന്നിവിടങ്ങളില്‍നിന്നായി മൃതദേഹങ്ങള്‍  കണ്ടെത്തിക്കൊണ്ടിരുന്നു. ദുരന്തത്തില്‍പെട്ടവര്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ള ഗ്രാവല്‍ ബാങ്കിലേക്കായിരുന്നു ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സബ് കലക്ടറുടെ നിര്‍ദേശപ്രകാരം ഐ.ആര്‍.ഡബ്ല്യുവിന്റെ 16 അംഗ സംഘമാണ് ഗ്രാവല്‍ ബാങ്കില്‍ തിരച്ചിലിനായി പോയത്. നമുക്ക് വേണ്ടി വിട്ടുതന്ന പോലീസ് ജീപ്പിലായിരുന്നു ദുര്‍ഘട വഴിയിലൂടെയുള്ള യാത്ര. 11-ഉം 5-ഉം വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് തിരച്ചില്‍ നടത്തിയത്. മണിക്കൂറുകള്‍ക്കകം വിദഗ്ധനായ ഹിറ്റാച്ചി ഓപ്പറേറ്റര്‍ തത്സമയം ലഭ്യമായ മരത്തടികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തിലൂടെ കുത്തൊഴുക്കുള്ള പുഴ മുറിച്ചുകടന്നായിരുന്നു ഒരു സംഘം ഘോര വനത്തിലേക്ക് കടന്നത്. വന്യജീവി ശല്യം ഇല്ലെന്ന് അധികൃതര്‍ ഉറപ്പു തന്നിരുന്നു. എന്നാലും വളന്റിയര്‍മാര്‍ സുരക്ഷാ ഉപകരണങ്ങള്‍ കൂടെ കരുതിയിരുന്നു. പുഴ മുറിച്ചുകടക്കാനുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നു.
അതീവ ദുഷ്‌കരവും സാഹസികവുമായിരുന്നു തിരച്ചിലെങ്കിലും,  ഐ.ആര്‍.ഡബ്ല്യുവിന് ഇത് നേടിത്തന്നത് പുതിയ അനുഭവസമ്പത്താണ്. പരസ്പരബന്ധമില്ലാതെ നടത്തിയ തിരച്ചിലില്‍ യാത്രാമധ്യേ രണ്ട് ഗ്രൂപ്പുകള്‍ക്കും അതിസാഹസികമായി മൂന്ന് പുഴകള്‍ വീതം മുറിച്ചുകടക്കേണ്ടിവന്നു. ഈ തിരച്ചിലില്‍ ലഭിച്ച മൃതദേഹം ബോഡി ബാഗിലാക്കി  കൂറ്റന്‍ പാറകള്‍ക്കും കല്ലുകള്‍ക്കുമിടയിലൂടെ ഒഴുകുന്ന പുഴ കടന്ന് ഇക്കരെ എത്തിക്കുകയും, പിന്നെ വാഹനത്തില്‍ കയറ്റി നാല് കിലോമീറ്റര്‍ അപ്പുറത്ത് പെട്ടിമുടിയിലെ മോര്‍ച്ചറിയിലെത്തിക്കുകയുമായിരുന്നു വളന്റിയര്‍മാര്‍.

* * * * *
മൂന്നാറിലെ സാധാരണ ഇടങ്ങളില്‍ പോലും അട്ടയെ പേടിച്ചാണ് മനുഷ്യര്‍ ജീവിക്കുന്നത്. എന്നാല്‍ ദുരന്തത്തിന്റെ കുത്തൊഴുക്കില്‍ പെട്ടവരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ അട്ടയുണ്ടോ എന്നൊക്കെ ആരു നോക്കുന്നു! മുഴുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ തിരിച്ചെത്തി ഓരോരുത്തരും ധരിച്ചിരുന്ന സുരക്ഷാ കവചങ്ങള്‍ മാറ്റി നോക്കുമ്പോള്‍, രക്തം കുടിച്ച് വീര്‍ത്തതും അല്ലാത്തതുമായ നിരവധി അട്ടകളായിരുന്നു എല്ലാവരുടെയും ശരീരത്തില്‍ കടിച്ചു തൂങ്ങിയിരുന്നത്.  കൊറോണാ വൈറസിനെ കൊല്ലാനുള്ള സാനിറ്റൈസറിനു മുന്നില്‍ പരാജിതരായി അട്ടകള്‍ അടര്‍ന്ന് വീണുകൊണ്ടിരുന്നു. പക്ഷേ അതുണ്ടാക്കിയ മുറിവുകളില്‍നിന്നൊഴുകിയ ചോര, ദുരന്തത്തില്‍പെട്ട നിരാലംബരായ,  ദുരിതജീവിതം നയിക്കുന്ന ലയവാസികളായ തൊഴിലാളി സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലായിരുന്നു വളന്റിയര്‍മാര്‍.

* * * * * 
സംഭവ ദിവസം രാത്രി 11.30-ഓടെ അസാധാരണ ശബ്ദം  കേട്ട വൃദ്ധയായ കറുപ്പായി അമ്മ പുറത്തിറങ്ങി നോക്കിയപ്പോള്‍ നടുങ്ങിപ്പോയി.  തന്റെ കൂടപ്പിറപ്പുകള്‍ അന്തിയുറങ്ങിയിരുന്ന മൂന്ന് ലയങ്ങളും കൂറ്റന്‍ പാറക്കല്ലുകളും ചളിയും വെള്ളവും തീര്‍ത്ത പുതിയ വെള്ളച്ചാല്‍ അപഹരിച്ചിരിക്കുന്നു. തന്റെ ലയത്തിന്റെ വലതു വശത്തു കൂടെ ഇരമ്പിപ്പായുന്ന വെള്ളച്ചാല്‍ കണ്ടതോടെ എഴുപതു കഴിഞ്ഞ കറുപ്പായി അമ്മ ഇടതു വശത്തുള്ള  ചതുപ്പിലൂടെ ആ കൂരിരുട്ടില്‍ എങ്ങനെയോ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തന്റെ മകന്‍ ഷണ്‍മുഖയ്യയും മരുമകള്‍ സരസ്വതിയും മറ്റു നിരവധി ലയവാസികളും ഉരുള്‍പൊട്ടലിന്റെ രൗദ്ര താണ്ഡവത്തില്‍ രക്ഷപ്പെടാന്‍ സാധ്യമല്ലാത്ത വിധം പാറക്കല്ലുകള്‍ക്കിടയിലും ചളിയിലും പെട്ടുപോയിരുന്നു.
ഷണ്‍മുഖയ്യയുടെയും സരസ്വതിയുടെയും മൃതശരീരങ്ങള്‍ നാലാം ലയത്തിനരികില്‍നിന്ന് ലഭിച്ചപ്പോള്‍ ഹൃദയം തകര്‍ന്ന് അലമുറയിടുകയായിരുന്നു കറുപ്പായി അമ്മ. ഇവര്‍ ഇപ്പോള്‍ ബന്ധുക്കളോടൊപ്പം കടലാറ് ഡിവിഷനിലുള്ള ലയത്തിലാണ്.

* * * * *
തന്റെ കുഞ്ഞു കൂട്ടുകാരി രണ്ടു വയസ്സുകാരി ധനുഷ്‌കയെ എട്ടാം ദിവസം തേടിപ്പിടിച്ച കുവി എന്ന വളര്‍ത്തുനായ, 5 വയസ്സുള്ള കളിക്കൂട്ടുകാരി പ്രിയദര്‍ശിനിക്കും അമ്മ കസ്തൂരിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു.
തിരച്ചില്‍ ആരംഭിച്ച ആദ്യദിവസം മുതല്‍ കുവി പ്രദേശമാകെ മണത്ത് മണത്ത് നടന്നു. എന്നാല്‍ തന്റെ വേണ്ടപ്പെട്ടവര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു കുവി എന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. പോലീസ് നായ വന്നപ്പോഴും കുവി മുന്നിലുണ്ടായിരുന്നു. അന്നു മുതല്‍ പോലീസ് കുവിയെയും കൂടെ കൂട്ടുകയായിരുന്നു. അങ്ങനെയാണ് കിലോമീറ്ററുകള്‍ക്കപ്പുറത്ത് കോണ്‍ക്രീറ്റ് പാലത്തിനടിയില്‍ ചപ്പുചവറുകളില്‍ മറഞ്ഞുകിടന്നിരുന്ന ധനുഷ്‌കയെ കുവി തന്നെ തേടിപ്പിടിച്ചത്.
ധനുഷ്‌കയുടെ ചേതനയറ്റ ശരീരം കണ്ടമാത്രയില്‍ കുവി എന്ന നായ തളര്‍ന്ന് കിടന്നുപോയത് കൂടിനിന്നവരെ കണ്ണീരിലാഴ്ത്തി.

* * * * * 
പെട്ടിമുടിയില്‍നിന്ന് തിരച്ചിലിനായി ഗ്രാവല്‍ ബാങ്കിലേക്കുള്ള യാത്രയിലാണ് സര്‍ക്കാര്‍ വാഹനത്തിന്റെ ഡ്രൈവര്‍ നാട്ടുകാരുടെ മനസ്സ് ഞങ്ങളുമായി പങ്കു വെച്ചത്. ഈ സഹോദരനെ ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. നിങ്ങള്‍ മറ്റു പാര്‍ട്ടിക്കാരെ പോലെ ഫോട്ടോ എടുത്ത് പോകാന്‍ വന്നവരല്ല, നിങ്ങളാണ് ഞങ്ങള്‍ക്ക് സാന്ത്വനമായത്. തിരച്ചിലിന്റെ ആദ്യദിവസം മുതല്‍ ഞങ്ങള്‍ ഡ്രൈവര്‍മാര്‍ നിങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു... അങ്ങനെ പോകുന്നു അവരുടെ നല്ല വാക്കുകള്‍. ദുരന്തഭൂമിയില്‍ പ്രതിഫലേഛയില്ലാതെ വിനിമയസംവിധാനം ഒരുക്കിയിരുന്ന ആം റേഡിയോ സ്റ്റേഷന്‍ മേധാവി മനോജിനും പറയാനുണ്ടായത് ഇതുതന്നെയായിരുന്നു. ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങള്‍ക്കും അവരുടെ ഓഫീസര്‍മാര്‍ക്കും ഐ.ആര്‍.ഡബ്ല്യു ആശ്വാസവും ഒപ്പം അത്ഭുതവുമായിരുന്നു.

* * * * * 
ഇത്തരം ദുരന്തങ്ങള്‍ ഇനിയും വരരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു ഓരോ തിരച്ചിലിലും ഞങ്ങള്‍. അരക്കൊപ്പം ചെളിയില്‍ തണുത്തു വിറക്കുമ്പോള്‍ ആകാശത്തുനിന്ന് വന്നെത്തുന്ന കോട മഞ്ഞും അതിലേറെ ദുഷ്‌കരമായ മഴയും തീര്‍ത്ത അസഹനീയമായ തണുപ്പിനെയും തൃണവല്‍ഗണിച്ചായിരുന്നു ഒരോ വളന്റിയറും ദുരന്തഭൂമിയില്‍ നിലയുറപ്പിച്ചത്.
ഓരോ മൃതദേഹവും ചെളിയില്‍നിന്ന് പൊക്കിയെടുക്കുമ്പോള്‍, തന്റെ മാതാപിതാക്കളെയും മക്കളെയും സഹോദരങ്ങളെയും മനോമുകുരത്തില്‍ കാണുകയായിരുന്നു അവര്‍. ആ തന്മയീഭാവത്തില്‍നിന്നുയരുന്ന  നെടുവീര്‍പ്പുകള്‍ നല്‍കുന്ന ചൂട് ഏതു തണുപ്പിനെയും നീരാവിയാക്കാന്‍ പോന്നതായിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ കഴുത്തിനൊപ്പം വെള്ളത്തില്‍ നീന്തിക്കയറിയ സാഹസികമായ അനുഭവവും കട്ടിപ്പാറ ദുരന്തത്തില്‍ ചെയ്ത സേവനത്തില്‍നിന്ന് ആവാഹിച്ച ചടുലതയും കവളപ്പാറയിലെ 19 ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചങ്കുറ്റവും കൈമുതലാക്കിയായിരുന്നു ഐ.ആര്‍.ഡബ്ല്യു രാജമലയിലെ അതിദുഷ്‌കരവും ദുര്‍ഘടവുമായ പാതകളിലൂടെ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയത്. 
യാത്ര പറയാന്‍ നാട്ടുകാരായി ആരുമില്ലായിരുന്നു. പാവങ്ങളായ ആ തൊഴിലാളികള്‍ ലയങ്ങളോടൊപ്പം മണ്ണിലമര്‍ന്നിരുന്നുവല്ലോ. ബാക്കിയായ വിരലിലെണ്ണാവുന്നവര്‍ ഏതോ പ്രദേശങ്ങളില്‍ ബന്ധുക്കളുടെ ലയങ്ങളിലുമാണ്. പിന്നെ യാത്ര പറയാനുണ്ടായിരുന്നത് ഐ.ആര്‍.ഡബ്ല്യുവിന് പ്രവര്‍ത്തന സൗകര്യങ്ങള്‍ ഒരുക്കിത്തന്ന സ്ഥലം എം.പി ഡീന്‍ കുര്യാക്കോസ്, സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ ഐ.എ.എസ്, എസ്.പി കറുപ്പുസ്വാമി ഐ.പി.എസ്, ഡി.വൈ.എസ്.പി രമേഷ് കുമാര്‍, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്കുമാര്‍, ഭക്ഷണ-പാചക വിതരണക്കാര്‍ ഇവരോടെല്ലാമായിരുന്നു. അവരെല്ലാവരും ഐ.ആര്‍.ഡബ്ല്യുവിന്റെ  അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങളെ ഏറെ ശ്ലാഘിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌