Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 28

3165

1442 മുഹര്‍റം 09

ഇടത്തരക്കാര്‍ക്കൊരു വീട്; എന്താണ് പരിഹാരം?

എം. അബ്ദുല്‍ മജീദ്

'സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ മതസംഘടനകള്‍ ചെയ്യേണ്ടത്' എന്ന തലക്കെട്ടില്‍ സി.എച്ച് അബ്ദുര്‍റഹീം എഴുതിയ ലേഖനം (ലക്കം 3161) വായിച്ചു. വീടുണ്ടാക്കുന്നത് ഒരു വലിയ സ്വപ്‌നമായി ആരോ പറഞ്ഞു  പഠിപ്പിച്ചിരിക്കുന്നു എന്നും യഥാര്‍ഥത്തില്‍  വരുമാനത്തില്‍ മിച്ചം വെച്ച് സ്വയം സാമ്പത്തികശേഷി ആര്‍ജിച്ചു വേണം  വീടുണ്ടാക്കാന്‍ എന്നുമുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം വളരെ നല്ലതാണ്.  ആളുകള്‍ പലിശയില്‍ കുടുങ്ങുന്നതിന്റെ വലിയൊരു കാരണം ഭവന വായ്പയാണ്.  പക്ഷേ, ഇവിടെ മറ്റൊരു പ്രശ്‌നമുണ്ട്. ഇന്നത്തെ കാലത്ത് ഒരു സാധാരണക്കാരന് വരുമാനത്തില്‍ നിന്നും മിച്ചം വെച്ച് വീടുണ്ടാക്കാന്‍ എത്ര കാലം കൊണ്ട് കഴിയും?  ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള  വീട് നിര്‍മിക്കാന്‍ ഇന്ന് ശരാശരി പതിനഞ്ച് ലക്ഷം രൂപ ചെലവ് വരും. ഇരുപത് വര്‍ഷം മുമ്പ് മൂന്നു ലക്ഷം രൂപ മതിയായിരുന്നു. പത്തു വര്‍ഷം മുമ്പ് വേണ്ടിവന്നിരുന്നത് ആറര ലക്ഷം രൂപയായിരുന്നു. അതായത് പത്തു വര്‍ഷം മുമ്പ് ആറര ലക്ഷം രൂപ ചെലവില്‍ പണിയാമായിരുന്ന വീട്, ഇപ്പോള്‍ പണിയാന്‍ പതിനഞ്ച് ലക്ഷം രൂപ വേണം. പത്തു വര്‍ഷം മുമ്പ് ആറര ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പ എടുത്ത് (മുഴുവന്‍ ബാങ്ക് വായ്പ കിട്ടില്ല എന്നത് മറക്കുന്നില്ല) വീട് പണിതിരുന്നെങ്കില്‍ പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം തിരിച്ചടക്കണമായിരുന്നത് പത്തു ലക്ഷം രൂപ മാത്രമായിരുന്നു. പ്രതിമാസം 8000 രൂപ. അതായത് ഇന്നത് പണിയാന്‍ വേണ്ടി വരുന്ന തുകയേക്കാളും 33 ശതമാനം കുറവ്. ഇ.എം.ഐ അടയ്‌ക്കേണ്ട തുക സേവ് ചെയ്തു കൊണ്ടിരുന്നുവെങ്കില്‍ പോലും പത്ത് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് വീടുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. വാടകക്കാണ് താമസിക്കുന്നതെങ്കില്‍ തുക വേറെയും കാണേണ്ടിവരും. ഒരു കണക്കുകൂട്ടലില്‍, ബാങ്ക് വായ്പയെടുത്ത് വീടുപണിയുന്നത് പണം മിച്ചം വെച്ച് വീടു പണിയുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ്. ഇന്‍കം ടാക്‌സ് ഇളവ് കൂടി കൂട്ടുകയാണെങ്കില്‍ ലാഭം പിന്നെയും കുടും.  ഇവിടെ വലക്കുന്ന പ്രശ്‌നം പലിശയുടേതാണ്. പലിശക്ക് കടം വാങ്ങുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. അതിനെ എങ്ങനെ മറികടക്കും എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നേയില്ല. പലിശ അരുത് എന്ന് പറയുമ്പോള്‍ പകരം എന്തെന്നത്  വളരെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇടത്തരക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്തു ചെയ്യാനാവും എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അവര്‍ക്ക് വീടു വെക്കാന്‍ പണം നല്‍കാനും അത് തിരിച്ചുപിടിക്കാനും സംവിധാനം ഉണ്ടാവേണ്ടതുണ്ട്. അതിന് വാടക വാങ്ങാം. ഒരു നിശ്ചിത കാലം നിശ്ചിത തുക വാടക നല്‍കി കഴിഞ്ഞാല്‍ വീട് താമസക്കാരന് സ്വന്തമാകണം. ബാങ്ക് വായ്പക്ക് പകരമുള്ള ഒരു സംവിധാനം ഭവനനിര്‍മാണ രംഗത്ത്  ഇല്ലെങ്കില്‍ സാധാരണക്കാരുടെ വീട് എന്ന സ്വപ്‌നം എന്നും നടക്കാത്ത ഒന്നായിരിക്കും. 


മനുഷ്യജീവിതം ദുരൂഹമാകാനുള്ള കാരണമെന്ത്?

സി.കെ കക്കാട്  എഴുതിയ ചെറു കവിത 'വക്രസൂത്രം' (ലക്കം 3162 ) നമ്മെ ഗൗരവപ്പെട്ട തിരിഞ്ഞുനോട്ടത്തിനു പ്രേരിപ്പിക്കുന്നു. വര്‍ത്തമാനകാലത്തെ  മനുഷ്യപ്രകൃതിയുടെ നേര്‍ഭാഷ്യം! മനുഷ്യന് എത്ര സമ്പത്ത് ഉണ്ടെങ്കിലും ഒരിക്കലും തികയാത്ത ആര്‍ത്തി! എങ്ങനെയും ഉണ്ടാക്കാനുള്ള ശ്രമത്തില്‍, കുടുംബ ബന്ധങ്ങള്‍ മറന്നു. ഭാര്യ ഭര്‍ത്താവിനെയും മക്കള്‍ മാതാപിതാക്കളെയും മാതാപിതാക്കള്‍ കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന, കൊല്ലുന്ന  കഥകളാണ് കേള്‍ക്കുന്നത്. ഭരണകേന്ദ്രങ്ങളില്‍ കയറിപ്പറ്റി അതിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക അട്ടിമറികള്‍, യുവാക്കളുടെ ഇടയിലെ ലഹരി വ്യാപനവും  മതപുരോഹിതരടക്കമുള്ളവര്‍  പ്രതിയായ  സ്ത്രീ പീഡനങ്ങളും നിത്യവാര്‍ത്തകളായിരിക്കുന്നു. വലിയ പ്രകൃതിക്ഷോഭങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും എല്ലാം മനുഷ്യന് ഭീഷണിയായി തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതോടൊപ്പം ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരി. ഇതിന്റെയൊക്കെ കാരണമെന്ത്?  മനുഷ്യജീവിതം ഇത്രമേല്‍ ദുരൂഹമാകാനുള്ള കാരണമെന്ത് എന്ന അന്വേഷണത്തിലാണ് മനുഷ്യസ്‌നേഹികള്‍. കവി സി. കെ  കക്കാടിനു അഭിവാദ്യങ്ങള്‍. 

നാസര്‍ ഏറ്റുമാനൂര്‍

 

ചെകുത്താന്റെ കൂട്ടുകാര്‍

സി.കെ കക്കാടിന്റെ കവിത 'വക്രസൂത്രം' (പ്രബോധനം 3162) വായിച്ചു. മനുഷ്യ മനസ്സില്‍ ദുര്‍ബോധനം നടത്തി, പത്രാസില്‍ ജീവിക്കാന്‍ വേണ്ടി മഹാപാതകങ്ങള്‍ ചെയ്യിക്കുന്ന കുടിലത മുപ്പത്തിയാറ് വരികളിലായി വിവരിക്കുന്ന കവി ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ ആഹ്വാനം ചെയ്യുന്നു.
മൂര്‍ഖ വിഷത്താല്‍ ഉത്ര വധവും സയനൈഡ് വിഷത്താല്‍ കൂടത്തായിയും, ഐസ്‌ക്രീമിലും ഭക്ഷണത്തിലും വിഷം കലര്‍ത്തി കൂടപ്പിറപ്പുകളെ കൊല്ലലും .... അങ്ങനെ എന്തെല്ലാം. പുത്രജന്മത്തിനാശിച്ചൊരുവന്‍ പുത്രിയെ എറിഞ്ഞ് കൊന്നു പത്രാസു കളിക്കുന്നത്, കോവിഡിനും സഹിക്കാന്‍ കഴിയുന്നില്ലല്ലോ!
ഇവിടെ നാം സ്രഷ്ടാവിന്റെ മുന്നറിയിപ്പ് വായിക്കുക; 'ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്' (ഖുര്‍ആന്‍ 36: 60). 

റശീദ് അബൂബക്കര്‍

 

പുതിയ പ്രഭാതം പുലരുക തന്നെ ചെയ്യും

'തിരിഞ്ഞൊഴുകുമോ ഗംഗ' (ലക്കം 3154) എന്ന ശീര്‍ഷകത്തില്‍ എ. ആര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. ആറു വര്‍ഷം കൊണ്ട് ചരിത്രത്തിലില്ലാത്ത വിധം ഇന്ത്യയെ തകര്‍ത്തെറിഞ്ഞ, വന്‍ ശക്തികള്‍ പോലും വിറകൊണ്ട സാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ തലയുയര്‍ത്തി നിന്ന രാജ്യത്തെ തന്റെ കഴിവുകേട് കൊണ്ട് കുട്ടിച്ചോറാക്കിയ ഒരു ഭരണാധികാരിയുടെ പുകമറ മാത്രമാണ് വിവാദ പൗരത്വ ബില്ല്. 
ഇന്ത്യ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും വ്യാപാര മാന്ദ്യവും ഉല്‍പാദന തകര്‍ച്ചയുമൊക്കെ വിഷയമാക്കി ജനം തെരുവിലിറങ്ങിയാല്‍ അത് പൊളിച്ചു കളയുന്നത് ആപ്കോ വേള്‍ഡ് പോലുള്ള പരസ്യക്കമ്പനികള്‍ അന്തര്‍ദേശീയ തലത്തില്‍ പൊലിപ്പിച്ചു വെച്ച മോഡി എന്ന ഐക്കണ്‍ ആയിരിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് പൗരത്വം എന്ന ആശങ്ക ജനങ്ങളില്‍ നിറച്ചു ശ്രദ്ധ മറ്റൊരു വഴിക്കു കൊണ്ടു പോകുന്നത്. 
വര്‍ഗീയത മാര്‍ക്കറ്റ് ചെയ്യുന്നതിനപ്പുറം ഭരണ രംഗത്ത് ഭാരതീയ ജനതാ പാര്‍ട്ടി വന്‍ പരാജയമാണ് എന്നതിനു ചേരികള്‍ മതില്‍ കെട്ടി മറച്ച ഗുജറാത്ത് തന്നെയാണ് ഏറ്റവും വലിയ തെളിവ്. സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി കേന്ദ്ര ഭരണകൂടം എന്തു ചെയ്തു എന്ന ചോദ്യം  ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതായിട്ടുണ്ട്. 

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍ 


കോവിഡിനെ തുരത്തുമ്പോള്‍

കോവിഡ് എന്ന അദൃശ്യനായ രോഗാണു രോഗവ്യാപനത്തില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ഇതുപോലെ ഭയാനകമായ മറ്റൊരു വൈറസിനെയും ചൈന കണ്ടെത്തിയെന്നു പറയുന്നു. എന്തിനാണിവരെല്ലാം ഇറങ്ങി പുറപ്പെടുന്നത്? മനുഷ്യനെ കൊന്നൊടുക്കാനാണെങ്കില്‍ അതിന്റെ ആവശ്യം ഇപ്പോഴില്ല. യുദ്ധങ്ങളിലൂടെ എത്ര ലക്ഷങ്ങളാണ് അഫ്ഗാനിസ്താനിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. ഇസ്രയേല്‍ നിത്യേന ഫലസ്ത്വീനികളെ കൊന്നും കൊള്ളയടിച്ചും കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗീയ ലഹളകളും ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇതൊന്നുമല്ലാതുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടങ്ങളും ഇടക്കിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കലാപകാരികളും കലാപത്തിന് ആഹ്വാനം ചെയ്യുന്നവരും ശിക്ഷിക്കപ്പെടുന്നില്ല. കുറ്റവാളികളെ, കലാപകാരികളെ ശിക്ഷിക്കേണ്ടത് ദൈവമാണ്; പകരം കലാപത്തിന് ഇരയായവരെ ശിക്ഷിക്കാനേ സര്‍ക്കാരിന് സാധിക്കൂ. ഇതാണ് നിലപാട്. ഇരകളെ ശിക്ഷിക്കുന്നതാണ് എളുപ്പവും സുരക്ഷിതവുമായ വഴി. കുറ്റകൃത്യങ്ങളെ മറിച്ചിട്ട്, ചില രാസമാറ്റങ്ങള്‍ വരുത്തിയശേഷം ഇരകളെത്തന്നെ അണിയിച്ചാല്‍ കൊടും കുറ്റവാളികളായി മാറും. ഇരകളുടെ ആര്‍ത്തനാദങ്ങള്‍ പുലരിയിലെ 'കാക്കയും കിളികളും കരച്ചില്‍' പോലെ, സുപരിചിതവും സഹ്യവുമായിരിക്കുന്നു. രാഷ്ട്രത്തലവന്മാരില്‍ വര്‍ഗീയ-വംശീയ വാദികളും ഏകാധിപതികളും കഴിവുകെട്ടവരും വഷളന്മാര്‍ പോലുമുണ്ട്. അതുകൊണ്ടാണ് കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് എളുപ്പത്തില്‍ ശക്തി പ്രാപിക്കാന്‍ കഴിഞ്ഞത്. 
കോവിഡ് ഇപ്പോള്‍ സഞ്ചാരത്തിലാണ്. വന്‍കരകളും മഹാസമുദ്രങ്ങളും കടന്ന് വ്യാപിക്കുന്നു. ചിത്രം കണ്ടാല്‍ മനോഹരമായ ഒരു കലാരൂപം. ജീവിയാണെന്ന് തോന്നില്ല. കുറേ കൈപ്പിടികളോടു കൂടിയ ഒരു ഉണ്ട! ഇവനിത്ര ശക്തിയോ? ലോകമാകെ സ്വാധീനത്തില്‍ നിര്‍ത്തിയ അമേരിക്കയേക്കാള്‍ ശക്തനോ? ആ രാജ്യം ആകാശത്ത് നിന്ന് ലോകത്തെ മൊത്തം  നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ആ രാജ്യത്തുനിന്നാണ് കോവിഡ് ഏറ്റവും കൂടുതല്‍ ആളുകളെ കാലന്റെ വണ്ടിയില്‍ കയറ്റിവിടുന്നത്. കാലനും കോവിഡും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങള്‍ താന്തോന്നികളാണ്. ആരുടെ കൈയിലും കോവിഡിനെ കൊല്ലാനുള്ള മരുന്നില്ല. എല്ലാ രാജ്യങ്ങളും മനുഷ്യരെ കൊല്ലാനുള്ള ആയുധങ്ങളാണ് നിര്‍മിക്കുന്നത്. ഇത് കോവിഡിനും രക്ഷയായി. കോവിഡിന്റെ ആകസ്മികമായ വരവും അതി വ്യാപനവും ഭരണാധികാരികളുടെ നിസ്സഹായതയും കഴിവുകേടും കണ്ടിട്ട് ജനങ്ങളും പരിഭ്രാന്തിയിലാണ്. 'ലോകം ഇതേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും പുതിയ ആയുധം ഇറാനെ കാത്തിരിക്കുകയാണ്' എന്ന് ആക്രോശിക്കുന്ന അതേ ട്രംപിന് തന്നെ കോവിഡിന്റെ അദൃശ്യമായ ആക്രമണം കണ്ട് പേടിച്ച്  ഇന്ത്യയില്‍ നിന്ന് മരുന്ന് ആവശ്യപ്പെടേണ്ടിവന്നു. 

മുഹമ്മദലി കൂട്ടായി

 

തിരുത്ത്

എന്റെ ഗതകാല സ്മരണകളിലെ 'സര്‍ഗധനരായ അധ്യാപകര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ (ആഗസ്റ്റ് 14), ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ രണ്ടാമത്തെ ബാച്ചില്‍ പുറത്തിറങ്ങിയവരില്‍ കെ. അബ്ദുല്‍ ജബ്ബാറിന്റെ പേര് വിട്ടു
പോയിരിക്കുന്നു. 1964-ല്‍ പുറത്തിറങ്ങിയവരില്‍ ഇ.വി അബ്ദു മാത്രമാണ് ഇഹലോകവാസം വെടിഞ്ഞത് എന്ന് എഴുതിയതും ശരിയല്ല. മാസങ്ങള്‍ക്ക് മുമ്പ് പി.എ സാലിഹും നിര്യാതനായി. 

ഹൈദറലി ശാന്തപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (32-33)
ടി.കെ ഉബൈദ്‌