Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

മലയാള മുസ്‌ലിമിന്റെ ഭാഷയും സംസ്‌കാരവും വായിക്കുമ്പോള്‍

ബഷീര്‍ തൃപ്പനച്ചി

ഡോ. ജമീല്‍ അഹ്മദിന്റെ മലയാള ഭാഷാ സംസ്‌കാര പഠനമാണ് പ്രതീക്ഷാ ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള മുസ്‌ലിം ഭാഷ, സംസ്‌കാരം, ചരിത്രം എന്ന പുസ്തകം. മാപ്പിള വാമൊഴിയെ ആധാരമാക്കിയുള്ള ഭാഷാ-സാമൂഹിക വിജ്ഞാനത്തില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി നേടിയ ഗ്രന്ഥകര്‍ത്താവിന്റെ ഗവേഷണ വിഷയം കൂടി ഈ പുസ്തകത്തിലെ പഠനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മുസ്‌ലിം മലയാളത്തെ വൈകല്യമായി ചിത്രീകരിക്കുന്നതിനെ മുന്‍നിര്‍ത്തി മലയാള ഭാഷയുടെ വൈവിധ്യത്തെയാണ് പുസ്തകം ആദ്യം പരിശോധിക്കുന്നത്. വൈവിധ്യത്തെ വൈകല്യമായി ചിത്രീകരിക്കുന്നവര്‍ ശുദ്ധഭാഷയുടെ മാനദണ്ഡമായി നിശ്ചയിക്കുന്നത് ആരുടെ വാമൊഴിവഴക്കത്തെയും ഭാഷയെയുമാണെന്ന് തുടര്‍ന്ന് വിശദമാക്കുന്നു. ഒരൊറ്റ മലയാളം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും പല നാട്ടുഭാഷകളും വാമൊഴികളും ചേര്‍ന്നതാണ് മലയാളമെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. മതഭാഷയായ അറബിയെ കേരള മുസ്‌ലിംകള്‍ മലയാള ഭാഷയോട് ചേര്‍ത്തിണക്കി അറബി-മലയാള ലിപി ഉണ്ടാക്കിയതിന്റെ ചരിത്രവും പിന്നീട് മലയാള ഭാഷയിലേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരവുമെല്ലാം വിശദമായി പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
കേരളത്തിന്റെ ചരിത്രമെഴുത്തിലെ ഭാഷയും ഭാവവും പഠനവിധേയമാവുകയാണ് പുസ്തകത്തിലെ രണ്ടാം അധ്യായത്തില്‍. കേരളീയ അക്കാദമിക ചരിത്രകാരന്മാര്‍ മുസ്‌ലിം ചരിത്രത്തെ സമീപിക്കുമ്പോള്‍ പുലര്‍ത്തിയ വിവേചനങ്ങളും ഇരട്ടബോധങ്ങളുമാണ് ഉദാഹരണസഹിതം ഗ്രന്ഥകാരന്‍ തുറന്നുകാണിക്കുന്നത്. 'പരശുരാമ കഥയുടെ പാതിയും അംഗീകരിക്കുന്ന ചരിത്രമെഴുത്തുകാരന്‍ തന്നെ കേരളത്തിലെ ആയിരക്കണക്കിന് ദലിത് ചരിത്രാഖ്യാനങ്ങളെ ശ്രദ്ധിക്കുക കൂടിയില്ല. തോറ്റംപാട്ട് ചരിത്ര സൂചനയായി സ്വീകരിക്കുന്ന ചരിത്രകാരന്‍ മഞ്ഞക്കുളം മാലയെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. തോമാശ്ലീഹയെക്കുറിച്ച ആഖ്യാനങ്ങളില്‍ ചരിത്രമുണ്ടെന്ന് വാദിക്കുന്നയാള്‍ പക്ഷേ, ചേരമാന്‍ പെരുമാള്‍ ആഖ്യാനങ്ങളെ ചരിത്രത്തോട് അടുപ്പിക്കുകയില്ല' എന്ന ഡോ. ജമീല്‍ അഹ്മദിന്റെ വരികളില്‍ തന്നെ ഈ അധ്യായത്തിന്റെ രത്‌നച്ചുരുക്കമുണ്ട്. എ. ശ്രീധരമേനോന്‍, ഡോ. കെ.എന്‍ ഗണേഷ്, ഇ.എം.എസ്, ഇടമറുക്, ശൂരനാട് കുഞ്ഞന്‍പിള്ള, കെ. ശിവശങ്കരന്‍ നായര്‍ എന്നിവരുടെയെല്ലാം കേരള ചരിത്രവായനകളിലെ മുന്‍വിധികളും ഇരട്ടത്താപ്പും അവരുപയോഗിച്ച പദാവലികളുടെ സൂക്ഷ്മാവലോകനവും ഈ അധ്യായത്തിന്റെ ഉള്ളടക്കമാണ്.
മാപ്പിള സമുദായം സ്വന്തം ചരിത്രം അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്നതാണ് മൂന്നാമധ്യായം. ടി. മുഹമ്മദിന്റെ മാപ്പിള സമുദായം: ചരിത്രം സംസ്‌കാരം എന്ന പുസ്തക വായനയെ മുന്‍നിര്‍ത്തിയാണ് ഈ അധ്യായം വികസിക്കുന്നത്. സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള പുതുകാല മുസ്‌ലിം പഠനങ്ങള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിവെച്ച ചരിത്ര രചനയുടെ തുടര്‍ച്ചയായാണ് ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നത്. മറ്റുള്ളവരുടെ മുന്‍വിധിയിലൂന്നിയ ആധിപത്യ വായനകളില്‍നിന്ന് സ്വന്തം ചരിത്രത്തെ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതിന്റെ അനിവാര്യത കൂടി ഈ പഠനം വിളിച്ചുപറുന്നുണ്ട്.
'മലപ്പുറത്തിന്റെ പച്ച നിറങ്ങള്‍', 'മലപ്പുറത്തുകാരുടെ മലയാളവും മലയാളിയുടെ മലപ്പുറവും', 'മാപ്പിള വാമൊഴിയും സമുദായ ഘടനയും', 'മാപ്പിളപ്പേരുകളുടെ ഭാഷയും സംസ്‌കാരവും' എന്നിങ്ങനെയാണ് തുടര്‍ അധ്യായങ്ങളുടെ പഠനവിഷയങ്ങള്‍. മലപ്പുറം ജില്ലയുടെ പിറവി മുതല്‍ ആ ജില്ലക്കു നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും അതുന്നയിക്കാന്‍ എതിരാളികള്‍ ഉപയോഗിച്ച പദാവലികളുടെ രാഷ്ട്രീയവും മതവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന പഠനമാണിത്. മലപ്പുറത്തിന്റെ സ്വത്വവും അതു രൂപപ്പെട്ട ചരിത്ര സന്ദര്‍ഭങ്ങളും മലപ്പുറത്തെ ജനപ്രിയ സംസ്‌കാരങ്ങളും കലകളും മാറിമാറിവരുന്ന ഭക്ഷണരീതികളും വസ്ത്രധാരണ മോഡലുകളുമെല്ലാം നിരീക്ഷണവിധേയമാകുന്ന സംസ്‌കാര പഠനം കൂടിയാണീ അധ്യായങ്ങള്‍.
മാപ്പിള വാമൊഴിയും മലപ്പുറത്തുകാരുടെ ഭാഷയും മലയാള സാഹിത്യത്തിലും മലയാള സിനിമയിലുമൊക്കെ ചിത്രീകരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങളും ചില പുതുകാല സിനിമകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമെല്ലാം പുസ്തകം പഠനവിധേയമാക്കുന്നുണ്ട്. മാപ്പിളമാര്‍ക്കിടയിലെ സംബോധന രീതികള്‍, മാപ്പിളപ്പേരുകളിലെ ഭാഷയും സംസ്‌കാരവും എന്ന പുസ്തകത്തിലെ രണ്ടധ്യായങ്ങള്‍ തീര്‍ത്തും അക്കാദമിക പഠനങ്ങളാണ്. മുസ്‌ലിം പെണ്ണിന്റെ വേഷവും അതിലെ വൈവിധ്യവും അത് രൂപപ്പെട്ട ചരിത്രവുമൊക്കെ രേഖപ്പെടുത്തുന്ന അധ്യായങ്ങളാണ് 'മുസ്‌ലിം പെണ്ണിന്റെ ഉടുപ്പും നടപ്പും', 'തട്ടം പിടിച്ചു വലിക്കല്ലേ' എന്നിവ. മുസ്‌ലിം പെണ്ണിന്റെ വേഷമാറ്റങ്ങളെ കേരളീയ മതേതര സമൂഹവും അവരുടെ സാഹിത്യവും സിനിമയുമെല്ലാം എങ്ങനെ നോക്കിക്കണ്ടുവെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്.
കേരളീയ സാഹിത്യത്തില്‍ ഇപ്പോഴും അപരനും വില്ലനുമായി മുസ്‌ലിംകള്‍ തുടരുന്നതിന്റെ വര്‍ത്തമാനങ്ങളാണ്, '1915-2015 സവര്‍ണ-വംശീയ മലയാളത്തിന്റെ നൂറ്റാണ്ട്' എന്ന അവസാന അധ്യായത്തിലുള്ളത്. 1915-ലെ വള്ളത്തോള്‍ നാരായണ മേനോന്റെ 'ഒരു നായര്‍ യുവതിയും മുഹമ്മദീയനും' എന്ന കവിതയിലെ മുസ്‌ലിം പ്രതിനിധാനം മുതല്‍ 2015-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ 'മരണവേട്ട' എന്ന കഥവരെ എത്തിനില്‍ക്കുന്ന ഒരു നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ മുസ്‌ലിം അപരവത്കരണത്തെയാണ് ഈ പഠനം പരിശോധനക്കു വിധേയമാക്കുന്നത്.
ഡോ. ജമീല്‍ അഹ്മദിന്റെ പത്ത് പഠനങ്ങളടങ്ങിയ ഈ പുസ്തകം 120 പേജാണുള്ളത്. വില 120 രൂപ. പ്രസാധനം പ്രതീക്ഷ ബുക്‌സ്, വിതരണം ഐ.പി.എച്ച്.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌