Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

ആ രണ്ടു പ്രവാചകന്മാരുടെയും ശൈലികള്‍ എന്തുകൊണ്ട് വ്യത്യസ്തമായി?

ടി. മുഹമ്മദ് വേളം

[മുഹര്‍റം ചിന്തകള്‍ ]

ഇബ്‌റാഹീം നബിയുടെ ഓര്‍മകള്‍കൊണ്ട് തുടിക്കുന്ന മാസമാണ് ദുല്‍ഹജ്ജ്. ഹജ്ജും ശ്രേഷ്ഠമായ ആദ്യ പത്തു ദിനങ്ങളും പകലുകളില്‍ ഏറ്റവും  ശ്രേഷ്ഠമായ പകലായ അറഫാ പകലും പെരുന്നാളും ബലിയും തക്ബീറും കൊണ്ട് അലങ്കരിക്കപ്പെട്ട ദിനരാത്രങ്ങള്‍. ദുല്‍ഹജ്ജിലെ സവിശേഷമായ ഇസ്‌ലാമികതയുടെ കേന്ദ്രപുരുഷന്‍ ഇബ്‌റാഹീം നബിയാണ്. ദുല്‍ഹജ്ജിന്റ പിറകെ മുഹര്‍റമാണ്. രണ്ടും പവിത്ര മാസങ്ങള്‍. മുഹര്‍റമിന്റെ കേന്ദ്ര വ്യക്തിത്വം മൂസാ നബിയാണ്;  ഇബ്‌റാഹീമീ പരമ്പരയുടെതന്നെ തുടര്‍ച്ച. ദൃഢതയുടെ പഞ്ചപ്രവാചകരില്‍ പെട്ട ഈ രണ്ട് പ്രവാചക വ്യക്തിത്വങ്ങളെയും അവരുടെ കാലത്തെയും പ്രവര്‍ത്തന സമീപനങ്ങളെയും താരതമ്യം ചെയ്യാനുള്ള എളിയ ശ്രമമാണ് ഈ എഴുത്ത്.
ഇബ്‌റാഹീം നബി(അ)യുടെ പ്രബോധനത്തിന്റെ എതിര്‍കേന്ദ്രം വിഗ്രഹങ്ങളായിരുന്നു; മൂസാ നബി(അ)യുടേത് ഫറോവയായിരുന്നു. മൂസാ നബിയുടെ കാലത്തെ ബഹുദൈവത്വ സമൂഹത്തിലും വിഗ്രഹങ്ങളുണ്ടായിരുന്നു. ഇബ്‌റാഹീം നബിയുടെ കാലത്ത് ആസറുമുണ്ടായിരുന്നു. എന്നിട്ടും എതിര്‍ശക്തിയെക്കുറിച്ച ഊന്നലില്‍ വ്യത്യാസമുണ്ടായി. ഒരിടത്ത് വിഗ്രഹം, മറ്റൊരിടത്ത് രാജാവ്. എന്തായിരിക്കും ഇതിന്റെ കാരണം? മിക്ക നാഗരികതക്കും അതിനെ നിര്‍ണയിക്കുന്ന ഒരു കേന്ദ്രമുണ്ടായിരിക്കും. വ്യത്യസ്തമായ രണ്ടു നാഗരികതകളില്‍ ഈ കേന്ദ്രശക്തിയിലുള്ള വ്യത്യാസമാണ് പ്രബോധനത്തിന്റെ എതിര്‍ശക്തിയക്കുറിച്ച ഊന്നലിലെ ഈ വ്യത്യാസത്തിന്റെ കാരണം.
ഇബ്‌റാഹീം നബിയുടെ കാലത്തെ സമൂഹത്തിന്റെ കേന്ദ്രം വിഗ്രഹമായിരുന്നു. അല്‍ അന്‍കബൂത്ത് അധ്യായത്തിലെ ഇരുപത്തഞ്ചാം വാക്യത്തില്‍ അല്ലാഹു ഇക്കാര്യം പറയുന്നുണ്ട്: ''നിങ്ങള്‍ ഐഹിക ജീവിതത്തില്‍ അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങളെ പരസ്പര സ്‌നേഹത്തിന്റെ മാധ്യമമാക്കിയിരിക്കുന്നുവല്ലോ.'' മൂസാ(അ)യുടെ കാലത്ത് ഫറോവയുടെ അധികാരമായിരുന്നു ആ സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിരുന്നത്. ഇക്കാര്യം ഫറോവയുടെ വാക്കുകളിലൂടെ തന്നെ അല്ലാഹു വ്യക്തമാക്കുന്നു: ''ഓ പ്രമാണിമാരേ, നിങ്ങള്‍ക്കു ഞാനല്ലാതെ മെറ്റാരു ദൈവമുള്ളത് ഞാന്‍ അറിഞ്ഞില്ലല്ലോ. ഹേ ഹാമാന്‍, കുറച്ച് കളിമണ്ണു ചുട്ട് ഒരു ഉയര്‍ന്ന ഗോപുരം നിര്‍മിച്ചുതരിക. ഞാന്‍ അതില്‍ കയറി മൂസായുടെ ദൈവത്തെ ഒന്നു നോക്കട്ടെ. അവന്‍ നുണ പറയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്'' (അല്‍ ഖസ്വസ്വ് 38). ഈ ദൈവാവകാശവാദം സ്രഷ്ടാവ്, ആരാധ്യന്‍ എന്ന നിലക്കുള്ളതല്ലെന്നും, പ്രത്യുത ചോദ്യം ചെയ്യാതെ അനുസരിക്കപ്പെടേണ്ടവനും പരമാധികാരിയും എന്ന അര്‍ഥത്തിലാണന്നും ഈ വചനത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം എഴുതുന്നു:  'ഈ മിസ്രയീം രാജ്യത്തിന്റെ യജമാനനും ഉടമസ്ഥനും ഞാനാണ്. എന്റെ അധികാരമാണിവിടെ നടക്കുക. എന്റെ നിയമങ്ങളാണിവിടെ നിയമങ്ങളായി അംഗീകരിക്കപ്പെടുക. ഞാന്‍ മാത്രമാണ് ഇവിടെ വിധിയുടെയും വിലക്കിന്റെയും സ്രഷ്ടാവ്. മറ്റാരുടെയും ശാസന ഇവിടെ നടപ്പായിക്കൂടാ. ലോകനാഥന്റെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുകയും താനാണ് യഥാര്‍ഥ രാജാവ് എന്ന മട്ടില്‍ എന്നോട് ഇങ്ങനെയൊക്കെ അനുശാസിക്കുകയും ചെയ്യുന്ന ഈ മൂസാ ആരാണ്?' ഈ അടിസ്ഥാനത്തിലാണ് ഫറവോന്‍ തന്റെ ദര്‍ബാറിലെ അംഗങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചത്; ''മിസ്വ്‌റിന്റെ ആധിപത്യം എനിക്കല്ലയോ, ഈ നദികള്‍ ഒഴുകുന്നത് എന്റെ അധികാരത്തിനു കീഴിലല്ലയോ?'' (സുഖ്‌റുഫ് 5), ഫറോവ മൂസായോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇപ്രകാരം ചോദിച്ചതും ഇതേ അടിസ്ഥാനത്തിലാണ്: ''ഏതൊരു മാര്‍ഗത്തില്‍ ഞങ്ങളുടെ പ്രപിതാക്കളെ കണ്ടിട്ടുണ്ടോ ആ മാര്‍ഗത്തില്‍നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കുന്നതിനും ഭൂമിയില്‍ നിങ്ങളിരുവരുടെയും ആധിപത്യം സാധിക്കുന്നതിനുമാണോ നിങ്ങള്‍ വന്നിരിക്കുന്നത്?'' (യൂനുസ് 87).
ഫറോവയും സമൂഹവും ആരാധിക്കുന്ന ദൈവങ്ങള്‍ അവിടെ വേറെയുണ്ടായിരുന്നു. ഇക്കാര്യം അല്ലാഹു ഇങ്ങനെ പറയുന്നുണ്ട്: ''ഫറോവയുടെ ജനതയിലെ പ്രമാണിമാര്‍ ചോദിച്ചു; നാട്ടില്‍ കലാപമുണ്ടാക്കുന്നതിനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും വെടിയുന്നതിനും വേണ്ടി മൂസായെയും അവന്റെ ജനതയെയും കയറൂരിവിടുകയാണോ?''  (അല്‍ അഅ്‌റാഫ് 127). ഫറോവ  അനുസരിക്കപ്പെടുക മാത്രമല്ല, ആരാധിക്കപ്പെടുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ ഫറോവയുടെ 'ഞാനല്ലാതെ മറ്റൊരു ദൈവമില്ലെ'ന്ന പ്രസ്താവന 'ഞാനാണ് ഈ നാഗരികതയുടെ നിയാമകശക്തി' എന്ന അര്‍ഥത്തിലാണ്. മൂസാ നബിയുടെ പ്രബോധനത്തിന്റെ എതിര്‍ഉന്നം വിഗ്രഹങ്ങള്‍ക്കു പകരം ഫറോവ ആയതിന്റെ കാരണവുമതാണ്.
ഇബ്‌റാഹീം നബിയുടെ സമൂഹത്തില്‍ നംറൂദുണ്ടായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടെന്ന് സ്വയം വിശ്വസിച്ചിരുന്ന നംറൂദിന് ജനം ആ വിശ്വാസം വകവെച്ചുകൊടുത്തിരുന്നു.  നംറൂദിന്റെ കാലത്തെ സാമൂഹിക-രാഷ്ട്രീയ ഘടനയെക്കുറിച്ച്് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''നാട്ടിലെ ഏറ്റവും വലിയ കോടതി ക്ഷേത്രമായിരുന്നു. പുരോഹിതനായിരുന്നു ജഡ്ജി. അയാളുടെ വിധി ദൈവവിധിയായി കണക്കാക്കപ്പെട്ടിരുന്നു. രാജകുടുംബത്തിന്റെ ആധിപത്യം തന്നെയും നന്നാറില്‍നിന്ന് ലഭിച്ചതായിരുന്നു. സാക്ഷാല്‍ രാജാവ് നന്നാറായിരുന്നു. അദ്ദേഹത്തിന്റെ നിയമനം കൊണ്ടാണ് ഭരണകര്‍ത്താക്കള്‍ക്ക് അധികാരം ലഭിക്കുന്നത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം ഒന്ന്, പേജ് 496).
ഒരു അനിസ്‌ലാമിക നാഗരികതയുടെ അധികാര മര്‍മെത്ത തിരിച്ചറിയുകയും ഏകദൈവത്വത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ആ മര്‍മത്തില്‍ പ്രഹരിക്കുകയും മനുഷ്യവിരുദ്ധമായ നാഗരികതയുടെ മസ്തകം തകര്‍ക്കുകയും ചെയ്യുക എന്നത് പ്രവാചകദൗത്യങ്ങളിലും ഏതു പ്രബോധനത്തിലും പ്രധാനമാണ്. ഇസ്‌ലാമിക പ്രബോധനം സത്യത്തിന്റെ വിനിമയം മാത്രമല്ല; അത് രചന മാത്രമല്ല, സംഹാരം കൂടിയാണ്. ഏതു നിര്‍മാണവും സര്‍ഗാത്മകമായ സംഹാരമാണ്. കവിതയുടെ പിറകില്‍ ഉപേക്ഷിച്ച വാക്കുകളുണ്ട്, ശില ശില്‍പ്പമാവാന്‍ ഉപേക്ഷിക്കപ്പെടുന്ന കല്ലുകളുണ്ട്, കറിരുചിക്കു പിന്നില്‍ കറിക്കത്തിയുടെ മൂര്‍ച്ചയുണ്ട്. 'ഒരു ദൈവവുമില്ല, അല്ലാഹുവല്ലാതെ' എന്നതാണ് സത്യവാക്യത്തിന്റെ രൂപഘടന; അല്ലാഹുവാണ് ദൈവം എന്നല്ല. പ്രബോധനത്തിന് നാഗരികതയുടെ മര്‍മത്തെ പ്രഹരിക്കാനാകണം. അപ്പോഴാണ് പ്രബോധനം സാമൂഹികാധികാര പരിവര്‍ത്തനത്തിന്റെ പടഹധ്വനിയായിത്തീരുക. അങ്ങനെയാണ് പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ അക്കാലത്തെ സാമൂഹികാധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ തൊട്ടതും തകര്‍ത്തതും.

വിഗ്രഹമുടച്ച ഇബ്‌റാഹീമും ഉടക്കാത്ത മൂസായും

ഇബ്‌റാഹീം വിഗ്രഹഭഞ്ജകനായിരുന്നു; അക്ഷരാര്‍ഥത്തിലെ വിഗ്രഹഭഞ്ജകന്‍. ഏറ്റവും സമൂര്‍ത്തമായി വിഗ്രഹഭഞ്ജനം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്. ജനതയുടെ ബോധത്തെ വിഗ്രഹപ്രഹരം കൊണ്ട് ചലിപ്പിച്ച പ്രബോധകന്‍. ഇബ്‌റാഹീമീ പരമ്പരയിലെത്തന്നെ മറ്റൊരു ഉജ്ജ്വലപ്രവാചകനായ മൂസാ നബി വിഗ്രഹധ്വംസനത്തിന്റെ ഈ മാതൃക പിന്‍പറ്റുന്നില്ല. എന്തായിരിക്കും അതിനു കാരണം? ആ സമൂഹത്തില്‍ വിഗ്രഹങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കിയാല്‍ അത് തെറ്റായിരിക്കുമെന്ന് ഖുര്‍ആനില്‍നിന്നു തന്നെ വ്യക്തമാണ്. സൂറഃ അല്‍ അഅ്‌റാഫിലെ 127-ാമത്തെ വചനത്തില്‍ ഫറോവയോട് കൊട്ടാരസദസ്സ് ചോദിക്കുന്നുണ്ടല്ലോ; 'നീ മൂസായെയും അവന്റെ ജനതയെയും വെറുതെവിടുകയാണോ, നിന്നെയും നിന്റെ ദൈവങ്ങളെയും ഉപേക്ഷിക്കാന്‍' എന്ന്. അഥവാ മൂര്‍ത്തികള്‍ അവിടെയും ഉണ്ടായിരുന്നു എന്നര്‍ഥം. വിഗ്രഹങ്ങള്‍ക്കെതിരെ കോടാലി എടുക്കാത്തതിന് നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കാം. അതിനെക്കുറിച്ച് രണ്ടു നിരീക്ഷണങ്ങള്‍ പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. യാഥാര്‍ഥ്യം ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.
നേരത്തേ ചൂണ്ടിക്കാണിച്ചപോലെ, ഇബ്‌റാഹീമീ സമൂഹത്തിലെ വിഗ്രഹമല്ല, മൂസാ നബിയുടെ കാലത്തെ ഫറോവന്‍ നാഗരികതയിലെ വിഗ്രഹം. ഒരിടത്ത് അത് സമൂഹത്തിന്റെ അടിക്കല്ലാണ്, മറ്റൊരിടത്ത് അത് ആരാധിക്കപ്പെടുന്ന വിഗ്രഹം മാത്രമാണ്. അതിന്റെ നാഗരിക പങ്കാളിത്തം തുലോം തുഛമാണ്. 
ഇതുമാത്രമായിരിക്കില്ല കാരണം. മൂസാ നബിയുടെ കാലത്തെ ബഹുദൈവത്വ നാഗരികതയുടെ അടിത്തറ ഇബ്‌റാഹീം നബിയുടെ സമൂഹത്തെപ്പോലെ വിഗ്രഹം തന്നെയായിരുന്നുവെങ്കിലും, മൂസാ നബി അവക്കെതിരെ മഴുവെടുക്കില്ലായിരുന്നു. ഇബ്‌റാഹീം നബിയുടെ ഈ നടപടിക്ക് സവിശേഷ കാരണമുണ്ട്. ഇബ്‌റാഹീം നബി ഉടച്ചത് ഇബ്‌റാഹീം നബിയുടെതന്നെ ഉടമസ്ഥതയിലുള്ള വിഗ്രഹങ്ങളാണ്. അഥവാ പിതാവ് ആസറിന്റെ ഉടമസ്ഥതയിലെ വിഗ്രഹങ്ങള്‍, അതല്ലെങ്കില്‍ ആസര്‍ കൊത്തിയുണ്ടാക്കി നല്‍കിയ വിഗ്രഹങ്ങള്‍, പിതാവില്‍നിന്ന് പുത്രനിലേക്ക് വന്നുചേരുന്ന ഉടമസ്ഥതയുടെ സ്വന്തബന്ധം ഇബ്‌റാഹീമിന് ആ ഭൗതിക വസ്തുക്കളോടുണ്ടായിരുന്നു. വംശപരമായും സമുദായപരമായും ഇബ്‌റാഹീം വിഗ്രഹാരാധക സമൂഹത്തിന്റെ ഭാഗമായിരുന്നു. മൂസാ നബി അങ്ങനെയല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇബ്‌റാഹീം നബിയുടെ അത്തരമൊരു നടപടി സാമുദായികധ്രുവീകരണത്തിന് വഴിവെക്കില്ല. മൂസാ നബിയുടെ അത്തരമൊരു നടപടി വളരെവേഗം സമുദായ സംഘര്‍ഷത്തിന് വഴിവെക്കും. അത് ആശയപ്രബോധനത്തെ ഉദ്ദീപിപ്പിക്കുകയല്ല, തടസ്സപ്പെടുത്തുകയാണ് ചെയ്യുക. ഇബ്‌റാഹീം നബിക്ക് ഈ നടപടി ന്യായ പൂര്‍ത്തീകരണമായിരുന്നു. മൂസാ നബിക്ക് അതൊരു പ്രബോധന വഴിയേ ആയിരുന്നില്ല. സമുദായ സംഘര്‍ഷ സാധ്യതകള്‍ പരമാവധി ഒഴിവാക്കിയാണ് പ്രബോധനവഴികള്‍ മുന്നോട്ടുപോകേണ്ടത്.
വേറെയും കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. വേറെ ഉപമകളില്ലാത്ത നടപടിയായിരുന്നു ഇബ്‌റാഹീം നബിയുടെ വിഗ്രഹസംഹാരം. മുമ്പോ പിമ്പോ അതിന് സമാനതകള്‍ കാണാനാവില്ല, 'നിങ്ങള്‍ക്ക് ഇബ്‌റാഹീമില്‍ ഉത്തമമായ മാതൃകയുണ്ട്' (അല്‍മുംതഹിന 4 ) എന്ന ദിവ്യപ്രസ്താവനയുടെ പ്രഥമ സംബോധിതന്‍ പ്രവാചകന്‍ മുഹമ്മദ് നബിയാണല്ലോ. നബിയുടെ കാലത്ത് കഅ്ബയില്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ഉള്‍പ്പെടെ മുന്നൂറിലധികം വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തന കാലയളവില്‍ ഒരിക്കലും അവക്കു മേല്‍ കൈവെച്ചില്ല. വിപ്ലവ വിജയത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ശേഷം മാത്രമാണ് കഅ്ബയെ ബഹുദൈവത്വ മൂര്‍ത്തികളില്‍നിന്ന് ശുദ്ധീകരിക്കുന്നത്. ഇബ്‌റാഹീം നബി മാതൃകയായിരിക്കുമ്പോഴും വിഗ്രഹധ്വംസനം അദ്ദേഹത്തിന്റെ അനന്യമായ ഒരു നടപടിയായിരുന്നു. പ്രമാണത്തെ കേവലം അക്ഷരത്തിലല്ല പ്രവാചകന്‍ (സ) മനസ്സിലാക്കിയിരുന്നത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്, ഇബ്‌റാഹീം നബിയില്‍ മാതൃകയുണ്ടെന്നു പറഞ്ഞപ്പോഴും പ്രവാചകന്‍ (സ) ഇബ്‌റാഹീം നബി(അ)യുടെ വിഗ്രഹധ്വംസനം പുനരാവിഷ്‌കരിച്ചില്ല എന്ന കാര്യം.

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌