Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

ഗൂഢതന്ത്രങ്ങളൊക്കെ അതീവ ദുര്‍ബലം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

(ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഇസ്‌ലാമിക വായന-2)

ലോകത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഏതെങ്കിലും വ്യക്തിയോ സമൂഹമോ കൈയടക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. മുഴുവന്‍ മനുഷ്യരെയും നിസ്സഹായരാക്കിക്കളയുന്ന അത്തരം അതിശക്തമായ ഗൂഢപ്രവൃത്തികളെക്കുറിച്ചൊന്നും ഖുര്‍ആനില്‍ പരാമര്‍ശം കാണാനാവുകയില്ല. ശത്രുക്കളുടെ കുതന്ത്രങ്ങളെയും ഗൂഢപ്രവൃത്തികളെയും പറ്റി പറയുമ്പോഴെല്ലാം അതീവ ദുര്‍ബലം എന്നാണ് അവയെ ഖുര്‍ആന്‍ വിശേഷിപ്പിക്കാറുള്ളത്. അല്ലെങ്കില്‍ ശത്രു തന്ത്രം മെനയുമ്പോഴെല്ലാം അല്ലാഹു മറുതന്ത്രം മെനയും എന്നു പറയും: ''അവര്‍ തന്ത്രം മെനയുന്നു; അല്ലാഹുവും തന്ത്രം മെനയുന്നു. തന്ത്രം മെനയുന്നതില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ'' (9:30). 'ലാഇലാഹ' എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തൊട്ടുടനെ 'ഇല്ലല്ലാഹ്' എന്ന് അനിവാര്യമായും പറഞ്ഞിട്ടുണ്ടാകുമല്ലോ. അതുപോലെ 'യംകുറൂന'(അവര്‍ തന്ത്രം പ്രയോഗിക്കുന്നു)ക്കു ശേഷം 'യംകുറുല്ലാഹ്' (അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു) എന്നും പറഞ്ഞിരിക്കും. ഈ യാഥാര്‍ഥ്യം മനസ്സിന്റെ ദൃഢബോധ്യമാവേണ്ടതുണ്ട്. എന്നല്ല, ശത്രു വിരിക്കുന്ന വലയില്‍ അവന്‍ തന്നെ വീഴുമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്: ''അപ്രകാരം എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ തെമ്മാടികളുടെ തലവന്മാരെ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല'' (6:123). ആ കുതന്ത്രങ്ങള്‍ക്ക് അല്‍പായുസ്സായിരിക്കുമെന്നും അവ അലസിപ്പോകുമെന്നും ഉറപ്പു നല്‍കുന്നു: ''മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. (പ്രവാചകരേ) താങ്കള്‍ക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അങ്ങനെയതാ, അവര്‍ക്കും ഒട്ടും ഇഷ്ടമില്ലാതെ തന്നെ സത്യം വന്നെത്തുകയും അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തുവല്ലോ'' (9:48).
മഹാശക്തരെന്ന് കരുതപ്പെടുന്ന ഏതു വിഭാഗവും അല്ലാഹുവിന്റെ മുന്നില്‍ തീര്‍ത്തും നിസ്സഹായരാണ്. മൊത്തം ജനങ്ങളെയും നിസ്സഹായരാക്കി നിര്‍ത്താനുള്ള ശേഷിയൊന്നും ഒരു വിഭാഗത്തിനുമില്ല. അങ്ങനെ ഉണ്ടെന്ന് ധരിക്കുന്നത്, നഊദു ബില്ലാഹ്, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ശക്തിവിശേഷങ്ങളില്‍ പങ്കുകാരെ ചേര്‍ക്കലായിരിക്കും.

* ഊഹങ്ങള്‍, ഒളിഞ്ഞുനോട്ടങ്ങള്‍, അടിസ്ഥാനരഹിതമായ ഗൂഢ സിദ്ധാന്തങ്ങള്‍, കേട്ടുകേള്‍വികള്‍ വിശ്വസിക്കലും അവ പ്രചരിപ്പിക്കലും ഇതൊക്കെയും കടുത്ത ഭാഷയില്‍ അപലപിക്കപ്പെട്ടിരിക്കുന്നു ഖുര്‍ആനില്‍. ചില ഗൂഢാലോചനകളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ആ ഭാഗങ്ങള്‍ പഠിച്ചുനോക്കിയാല്‍ ഗൂഢാലോചനകളുടെ മുഴുവന്‍ ഡൈനമിക്‌സിനെക്കുറിച്ചുള്ള ഖുര്‍ആനിക വീക്ഷണം തെളിഞ്ഞുവരും. നൂര്‍ അധ്യായത്തില്‍ പറയുന്ന അപവാദപ്രചാരണം (ഇഫ്ക്) ഒരു മഹാ ഗൂഢാലോചനയായിരുന്നല്ലോ. ഖുര്‍ആന്‍ അതേപ്പറ്റി പറയുന്നത് കാണുക: ''നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവു കൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായ കൊണ്ട് പറഞ്ഞു പരത്തുന്നു. നിങ്ങളതൊക്കെ നിസ്സാരമാണെന്ന് കരുതുന്നു. എങ്കിലത് അല്ലാഹുവിങ്കല്‍ അത്യന്തം ഗൗരവമേറിയതാണ്'' (24:15). രോഗാതുരമായ മനസ്സില്‍നിന്നുണ്ടാവുന്ന ഒളിഞ്ഞുനോട്ടങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കേവല ഊഹപ്രചാരണങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം, വിശ്വാസിയുടെ മുഴുവന്‍ ജീവിത വ്യവഹാരങ്ങള്‍ക്കും അസ്തിവാരമാവേണ്ടത് വസ്തുതകളും തെൡുകളുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. ഇനി ഗൂഢാലോചനകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവരപ്പെട്ടതാണെങ്കില്‍ വിശ്വാസദാര്‍ഢ്യത്തോടെയും ധീരതയോടെയും അവയെ അഭിമുഖീകരിക്കണമെന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. നബിയുടെ മദീനാ ജീവിതകാലത്ത് കപടന്മാര്‍ ഒരു പള്ളി (മസ്ജിദ് ളിറാര്‍) നിര്‍മിച്ചപ്പോള്‍ 'ഒരു കാരണവശാലും അവിടെപ്പോയി നമസ്‌കരിക്കരുത്' എന്ന് ഖുര്‍ആന്‍ (9:108) ശക്തമായി വിലക്കുന്നുണ്ടല്ലോ.
* മഹാമാരികളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം പ്രപഞ്ചനാഥന്റെ ശക്തിവിശേഷങ്ങളുടെ അടയാളമായും അവങ്കല്‍നിന്നുള്ള ഉണര്‍ത്തലായും കാണാന്‍ കഴിയണം. ''നിനക്കു മുമ്പ് ധാരാളം സമൂഹങ്ങളിലേക്ക് നാം ദൂതന്മാരെ അയക്കുകയുണ്ടായി. ദുരന്തങ്ങളാലും പ്രയാസങ്ങളാലും നാമവരെ പരീക്ഷിച്ചു. താഴ്മയുള്ളവരായി അവര്‍ തിരിച്ചുവന്നെങ്കിലോ?'' (6:42). ചരിത്രത്തിലുടനീളം ഭൂകമ്പം, വെള്ളപ്പൊക്കം, മഹാമാരി തുടങ്ങിയവയാല്‍ അല്ലാഹു താക്കീതുകള്‍ നല്‍കിക്കൊണ്ടേയിരുന്നിട്ടുണ്ട്; ദൈവത്തിന്റെ ശക്തിയും തന്റെ നിസ്സഹായതയും മനുഷ്യന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍. ഇസ്രാഈല്യരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''ഒടുവില്‍ നാമവര്‍ക്കു മീതെ വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്, രക്തം എന്നിവ അയച്ചു; എല്ലാം വെവ്വേറെ ദൃഷ്ടാന്തങ്ങളായി. അപ്പോഴും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നല്ലോ അവര്‍'' (7:133). അല്ലാഹുവിന്റെ ഈ നടപടിക്രമം നമ്മുടെ കാലത്ത് മാത്രം റദ്ദാക്കപ്പെടുകയും അതൊക്കെ ഗൂഢാലോചകരെ ഏല്‍പിക്കുകയും ചെയ്യുക എന്നത് സംഭവ്യമല്ലല്ലോ.
* ശത്രുക്കളുടെ ഗൂഢാലോചനകള്‍ വിജയിക്കുന്നുണ്ടെങ്കില്‍ അത് വിശ്വാസിസമൂഹത്തിന്റെ ദൗര്‍ബല്യം കൊണ്ടാണെന്നതും ശ്രദ്ധേയമായ ഒരു ഖുര്‍ആനിക പാഠമാണ്. വിശ്വാസികള്‍ ദുര്‍ബലരായിത്തീരുമ്പോഴാണ് അവര്‍ പൈശാചിക ഗൂഢപ്രവൃത്തികളുടെ ഇരകളായിത്തീരുക. കാരണം, 'എന്റെ യഥാര്‍ഥ ദാസന്മാര്‍ക്കു മേല്‍ നിനക്കൊരു സ്വാധീനമുണ്ടാവുകയില്ല; വഴിപിഴച്ചവരേ നിന്നെ പിന്തുടരുകയുള്ളൂ' എന്ന് പിശാചിനെ അഭിസംബോധന ചെയ്ത് അല്ലാഹു വ്യക്തമാക്കുന്നുണ്ടല്ലോ (15:42). 'നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മജീവിതം നയിക്കുകയുമാണെങ്കില്‍ അവരുടെ തന്ത്രങ്ങളൊന്നും നിങ്ങള്‍ക്കൊരു പോറലുമേല്‍പ്പിക്കില്ല' എന്നും ഖുര്‍ആന്‍ (3:120) പഠിപ്പിക്കുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും പരീക്ഷണത്തിന്റെ കൂടി ഭാഗമാണ്. പലപ്പോഴും അവയുടെ കാരണങ്ങള്‍ ആന്തരികമായിരിക്കും; ബാഹ്യമായി കാണുന്നവയൊന്നും ആയിരിക്കില്ല. അതുകൊണ്ടാണ് ഖുര്‍ആന്‍ കാരണങ്ങള്‍ നിങ്ങളില്‍തന്നെ അന്വേഷിക്കൂ എന്നു പറയുന്നത്. 'നിങ്ങളെ ബാധിക്കുന്ന ആപത്തുകള്‍ നിങ്ങളുടെ കരങ്ങള്‍ സമ്പാദിച്ചുകൂട്ടിയതു തന്നെയാണ്' (42:30). മുസ്‌ലിം സമൂഹത്തിന്റെ കലാ-ശാസ്ത്രങ്ങള്‍, വിജ്ഞാനം, സാമൂഹികാംഗീകാരം, അന്തസ്സ്, ശക്തി, പ്രതാപം, പ്രശോഭിതമായ ഭൂതകാലം ഇതൊക്കെയും നഷ്ടമായത് ഏതെങ്കിലും ശക്തികള്‍ ഗൂഢാലോചന നടത്തിയതുകൊണ്ടല്ല. ആ സമൂഹത്തിന്റെ ആന്തരിക ദൗര്‍ബല്യവും ശൈഥില്യവുമാണ് അതിന് വഴിവെച്ചത്. ഖുര്‍ആന്‍ അത് മുന്‍കൂട്ടി പറഞ്ഞിട്ടുള്ളതുമാണ്: ''അല്ലാഹുവിന്റെ നടപടിക്രമമെന്തെന്നാല്‍, അവന്‍ താന്‍ നല്‍കിയ അനുഗ്രഹങ്ങളൊന്നും ഒരു സമൂഹത്തില്‍നിന്നും നീക്കിക്കളയുകയില്ല, ആ സമൂഹം അവരെത്തന്നെ മാറ്റുമ്പോഴല്ലാതെ'' (8:53).
മുസ്‌ലിം സമൂഹം അഭിമുഖീകരിച്ച വലിയ പ്രതിസന്ധികളെ ഖുര്‍ആന്‍ വിശദാംശങ്ങളോടെ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെവിടെയും പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ശത്രുവിന്റെ ഗൂഢാലോചനയെ എണ്ണിപ്പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് ഉഹുദ് യുദ്ധത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ നോക്കുക. ഉഹുദ് യുദ്ധത്തില്‍ തിരിച്ചടി നേരിട്ടത് ഖുറൈശികളുടെ മികച്ച പ്ലാനിംഗ് കൊണ്ടാണെന്നോ അവരുടെ ഗൂഢതന്ത്രങ്ങള്‍ വിജയിച്ചുതുകൊണ്ടാണെന്നോ ഖാലിദുബ്‌നു വലീദിനെപ്പോലെയുള്ള  മികച്ച ഒരു യുദ്ധതന്ത്രജ്ഞന്‍ അവരുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണെന്നോ എവിടെയും പറയുന്നില്ല. ഇതൊക്കെയും ചരിത്രത്തില്‍നിന്ന് നമുക്ക് കിട്ടുന്ന വിവരങ്ങളാണ്. ഈ ശത്രുതന്ത്രങ്ങളെയൊന്നും ഖുര്‍ആന്‍ പരാജയത്തിന്റെ അടിസ്ഥാന കാരണമായി കാണുന്നേയില്ല. ഖുര്‍ആന്‍ പറയുന്ന കാരണം ഇതാണ്: ''എന്താ നിങ്ങളുടെ കാര്യം! ആപത്ത് വന്നണഞ്ഞപ്പോള്‍ 'ഇതെങ്ങനെ സംഭവിച്ചു' എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഇതിന്റെ ഇരട്ടി ആപത്ത് നിങ്ങള്‍ (ബദ്‌റില്‍) ശത്രുക്കള്‍ക്ക് ഏല്‍പിച്ചതല്ലേ? പ്രവാചകരേ, താങ്കള്‍ പറഞ്ഞുകൊടുക്കൂ; ഇത് നിങ്ങള്‍ തന്നെ വരുത്തിവെച്ച ആപത്താണ്. എല്ലാറ്റിനും കഴിവുള്ളവനാണല്ലോ അല്ലാഹു'' (3:165). വിശ്വാസികള്‍ക്ക് സംഭവിച്ച വീഴ്ചകളും ദൗര്‍ബല്യങ്ങളും എന്തൊക്കെയെന്ന് പിന്നെ വിശദീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള നിരീക്ഷണങ്ങള്‍ ഖുര്‍ആനില്‍ പലയിടങ്ങളിലും കാണാം. സമൂഹങ്ങളുടെ വിജയപരാജയങ്ങള്‍, സംസ്‌കാരങ്ങളുടെ ഉത്ഥാനപതനങ്ങള്‍, സുഭിക്ഷ-സംഘര്‍ഷ സന്ദര്‍ഭങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആന്‍ നിരീക്ഷണങ്ങള്‍ നടത്തുമ്പോഴെല്ലാം, ആഴത്തില്‍ കാര്യങ്ങള്‍ അറിഞ്ഞും യാഥാര്‍ഥ്യബോധത്തോടെയും തെളിവുകളുടെ പിന്‍ബലത്തോടെയും അനുഭവങ്ങളുടെ വെളിച്ചത്തിലും മാത്രമേ വിശ്വാസികള്‍ മുന്നോട്ടു ചരിക്കാവൂ എന്നും, സംശയങ്ങളുടെയും ദുരൂഹതകളുടെയും കര്‍മരാഹിത്യത്തിന്റെയും ഇരുണ്ട താഴ്‌വരകളില്‍ അലഞ്ഞു തിരിയാന്‍ ഇടവരരുതെന്നും ഓര്‍മിപ്പിക്കുന്നതും കാണാം.

ദജ്ജാലിന്റെ ആഗമനവും മറ്റും

ഹദീസ് കൃതികളില്‍ 'ഫിത്‌നകളുടെ അധ്യായം' എന്ന് പേരിട്ടിരിക്കുന്ന ഭാഗത്ത് വരുന്ന ഹദീസുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ദജ്ജാലിന്റെ ആഗമനശേഷമുണ്ടാവുന്ന കുഴപ്പങ്ങളെ ഗൂഢാലോചനാ തിയറികളുമായി ബന്ധിപ്പിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. എന്തൊക്കെ കുഴപ്പങ്ങളുണ്ടോ അതൊക്കെ ദജ്ജാലും അയാളുടെ കൂട്ടാളികളും ചെയ്തുകൂട്ടുന്നതാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചിന്തിക്കുന്നവരുടെ കൈയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരനിര്‍ദേശങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. ദജ്ജാലുണ്ടാക്കുന്ന ഫിത്‌നകളെ നേരിടേണ്ടത് മഹാനായ ഈസാ നബിയും മഹാനായ മഹ്ദിയുമാണ്, അതിനാല്‍ ആ രണ്ടു പേരെയും കാത്തിരിക്കുകയല്ലാതെ നമുക്ക് വേറെയൊന്നും ചെയ്യാനില്ല- ഇതായിരിക്കും അവരുടെ മനോഭാവം.
ദജ്ജാലുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ചും അന്ത്യനാളിന്റെ അടയാളങ്ങളെക്കുറിച്ചും ഹദീസ് ഗ്രന്ഥങ്ങളിലെ പ്രസ്തുത അധ്യായത്തില്‍ (കിതാബുല്‍ ഫിതന്‍) എന്താണോ പറഞ്ഞിരിക്കുന്നത്, അതൊക്കെയും വളരെ വ്യക്തമാണ്. അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ അടയാളങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട് വായിക്കുമ്പോഴേ നാം എത്തിച്ചേരുന്ന നിഗമനങ്ങള്‍ ശരിയാവുകയുള്ളൂ. അവിടെ നിന്നും ഇവിടെ നിന്നും ഹദീസിന്റെ കഷ്ണങ്ങളെടുത്ത്, ഇതാ ദജ്ജാല്‍ ആഗതനായിരിക്കുന്നു, ലോകാവസനം ഇങ്ങെത്തിക്കഴിഞ്ഞു എന്നൊക്കെ വിളിച്ചു കൂവുന്നത് തികഞ്ഞ വിവരക്കേടാണ്. മുസ്‌ലിം സമൂഹം വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിച്ച ഘട്ടങ്ങളിലൊക്കെ ഖിയാമത്ത് നാള്‍ അടുത്തെത്തിയെന്ന മട്ടിലുള്ള സംസാരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
യഥാര്‍ഥത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണ്. ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും അത് നടന്നിരുന്നു. 'മുസ്ത്വഫായുടെ വഴിവിളക്കും അബൂലഹബിന്റെ തീപ്പൊരിയും' നേര്‍ക്കു നേരെ വരുന്ന ഈ പോര്‍നിലങ്ങളില്‍ നാം നമ്മുടെ പങ്ക് നിര്‍വഹിക്കാന്‍ മുന്നോട്ടുവരികയാണ് വേണ്ടത്; കൈക്കു മേല്‍ കൈ വെച്ച് ഈസാ നബിയെയും മഹ്ദിയെയും കാത്തിരിക്കുകയല്ല വേണ്ടത്. ഈസാ നബിയും മഹ്ദിയും വരുമ്പോള്‍ അവര്‍ അവരുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചുകൊള്ളും. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നമ്മുടെ ദൗത്യമെന്തോ അത് നിറവേറ്റുകയാണ്. അബൂലഹബിന്റെ തീജ്ജ്വാലകളെ ദജ്ജാലാണെന്ന് കരുതി നാം വെറുതെയിരുന്നാല്‍ നമുക്ക് നമ്മുടെ റോള്‍ നിര്‍വഹിക്കാനാവില്ല. പ്രവാചകന്റെ വഴിവിളക്ക് അണയാതെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഈയൊരു സദ്‌വികാരം ഉള്‍ക്കൊണ്ട് നാം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹുവിന്റെ സഹായം നമ്മെ തേടിയെത്താതിരിക്കില്ല. ജയപരാജയങ്ങള്‍ക്ക് ഒരു പ്രാപഞ്ചിക നടപടിക്രമമുണ്ടല്ലോ, അതുതന്നെയായിരിക്കും നമ്മുടെ ഭാഗധേയവും നിര്‍ണയിക്കുക. ശത്രുക്കള്‍ എന്തൊക്കെ  എത്തിപ്പിടിച്ചിട്ടുണ്ടോ അതൊക്കെ എത്തിപ്പിടിക്കാന്‍ നമുക്കും സാധ്യമാണ്. വീര്യം ചോര്‍ന്ന് ഹതാശരാവേണ്ട യാതൊരു കാര്യവുമില്ല. ജയപരാജയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയതാണല്ലോ (3:140). പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും ആയുസ്സ് കുറവായിരിക്കും. തിന്മകളുടെ കുത്തൊഴുക്ക് കണ്ട് പകച്ചിരുന്നാല്‍ അതൊരു തെറ്റായ നിലപാടായിരിക്കും. മാനസികമായി അത് നമ്മെ തളര്‍ത്തിക്കളയുകയും ചെയ്യും.

നാം ചെയ്യേണ്ടത്

ലോകത്തിന്റെ സ്ഥിതിയും തിന്മയുടെ ശക്തികള്‍ നടത്തുന്ന ഗൂഢാലോചനകളും നാം അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ നാം നമ്മുടെ ബുദ്ധിയെ മേയാന്‍ വിട്ടാല്‍ ചെറുതും വലുതുമായ മുഴുവന്‍ സംഭവങ്ങളെയും നാം ആ കണ്ണോടെ കാണാന്‍ തുടങ്ങുകയും അവക്കു പിന്നിലെല്ലാം ഗൂഢാലോചന മണക്കുകയും ചെയ്യും. ഇതൊരു തരം മാനസിക രോഗത്തിന്റെ ലക്ഷണമാണ്. ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ യുക്തിസഹമായതും അല്ലാത്തതും നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്. യുക്തിസഹമായവയെ നാം ഗൗരവത്തോടെ കാണുകയും അത്തരം ഗൂഢപദ്ധതികള്‍ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുകയും വേണം. യുക്തിസഹമല്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ കൈയൊഴിക്കുകയും സമൂഹത്തെ അവയില്‍നിന്ന് രക്ഷപ്പെടുത്തുകയും വേണം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രം കൈയേല്‍ക്കുക എന്നതല്ല, ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ചുമലിലേല്‍ക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. എന്ന് മുസ്‌ലിം സമൂഹം ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നുവോ, വിജയത്തിന്റെ രാജപാതയിലേക്കുള്ള അവരുടെ ഒന്നാമത്തെ കാല്‍വെപ്പായിരിക്കും അത്. തങ്ങളുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നത് യഥാര്‍ഥത്തില്‍ ഒളിച്ചോട്ടമാണ്. ഈയൊരു രീതി പതിവാക്കിയ ഏതൊരു വ്യക്തിയും സമൂഹവും വിജയപാതയില്‍ എത്തുകയില്ല. പരാജയത്തിന്റെ കാരണങ്ങള്‍ പലപ്പോഴും പുറത്തായിരിക്കില്ല, നമ്മുടെ അകത്തു തന്നെയായിരിക്കും. ബാഹ്യ സാഹചര്യങ്ങള്‍ ഒരാളുടെ നിയന്ത്രണത്തിലല്ലല്ലോ. അതിനാല്‍ അതൊക്കെ വിശ്വാസി അല്ലാഹുവില്‍ ഏല്‍പിക്കും. പക്ഷേ ആന്തരിക സാഹചര്യങ്ങള്‍ അവന്റെ നിയന്ത്രണത്തിലാണ്. അവ നന്നാക്കാന്‍ അവനു കഴിയും. ആ ആന്തരിക ശുദ്ധീകരണത്തിനുള്ള മഹാ യജ്ഞത്തിലായിരിക്കും അവന്‍. ആ ശ്രമം എത്രത്തോളമുണ്ടോ അതിനനുസരിച്ചായിരിക്കും അവന്റെ വിജയം.
ഒരാളുടെ ഈമാന്‍ പൂര്‍ണമാവണമെങ്കില്‍ തവക്കുല്‍ നിര്‍ബന്ധമാണല്ലോ. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ് തവക്കുല്‍. അവസാന ശ്വാസം വരെ ആത്മവിശ്വാസം ചോര്‍ന്നുപോകാതെ, ഒട്ടും നിരാശയില്ലാതെ നമ്മെ കര്‍മോത്സുകരാക്കുന്നത് തവക്കുലിന്റെ തത്ത്വശാസ്ത്രമാണ്. നമ്മെയത് പ്രവര്‍ത്തനസജ്ജരും പ്രായോഗികമതികളുമാക്കുന്നു. സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അത് ആഹ്വാനം ചെയ്യുന്നത്. അതായത് നമുക്ക് വ്യക്തമാവാത്ത, അല്ലെങ്കില്‍ നമ്മുടെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങള്‍ നാം അല്ലാഹുവില്‍ ഏല്‍പിക്കുന്നു. നമ്മുടെ സാധ്യതാ വൃത്തത്തില്‍ വരുന്ന കാര്യങ്ങള്‍ എന്താണോ, നമ്മുടെ ചിന്തയും കര്‍മവും നാമവിടെ കേന്ദ്രീകരിക്കും. ദുര്‍ബലരും പരാജിതരുമായ വ്യക്തികളുടെയും സമൂഹങ്ങളുടെയും ഒരു ലക്ഷണം, അവരുടെ ശ്രദ്ധ കൂടുതലായും ബാഹ്യ കാര്യങ്ങളിലും പ്രശ്‌നങ്ങളിലും മറ്റുള്ളവരുടെ തന്ത്ര കുതന്ത്രങ്ങളിലും കേന്ദ്രീകരിച്ചിരിക്കും എന്നതാണ്. അതേസമയം വിജയികളാകുന്നവര്‍ തങ്ങളുടെ ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. തങ്ങളുടെ പ്രവര്‍ത്തന പരിപാടികളും തന്ത്രങ്ങളും ആവിഷ്‌കരിക്കാന്‍ ശത്രുക്കളുടെ ചലനങ്ങളും കുതന്ത്രങ്ങളും മനസ്സിലാക്കല്‍ എത്രത്തോളം ആവശ്യമാണോ, ആ അളവില്‍ മാത്രമേ അക്കാര്യങ്ങളില്‍ അവരുടെ ജാഗ്രതയും ശ്രദ്ധയും ഉണ്ടാവുകയുള്ളൂ. വിജയി എപ്പോഴും ആലോചിക്കുക തനിക്ക് എന്തു ചെയ്യാനാവും എന്നായിരിക്കും. തന്റെ പരിധിയില്‍ പെടാത്ത കാര്യങ്ങളില്‍ അവന്‍ ഏറെ ആലോചിച്ച് തലപുണ്ണാക്കുകയില്ല. ഈയൊരു ചൈതന്യമാണ് തവക്കുല്‍ ഉണ്ടാക്കുന്നത്. സാധ്യതയുടെ അങ്ങേയറ്റം വരെ ശ്രമം നടത്തുക, തന്റെ കഴിവിനും പരിധിക്കും പുറത്തുള്ളതിനെ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഇതാണ് തവക്കുല്‍. ഇത് തീര്‍ത്തും വ്യത്യസ്തമായ ഒരു ചിന്താ മാതൃക (paradigm) ആണ്. ശത്രുക്കളുടെ ചലനങ്ങളില്‍ വല്ലാതെ വേവലാതിപ്പെടേണ്ടതില്ലെന്നും താങ്കള്‍ താങ്കളുടെ ദൗത്യനിര്‍വഹണത്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അല്ലാഹു തന്റെ ദൂതനെ ഉണര്‍ത്തുന്നുണ്ടല്ലോ; ''നാം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ ശത്രുക്കളാക്കി വെച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചിക്കുന്ന മോഹന വാഗ്ദാനങ്ങള്‍ വാരിവിതറുന്നു. നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. അതിനാല്‍ നീ അവരെയും അവരുടെ വ്യാജമൊഴികളെയും അവഗണിക്കുക'' (6:112). 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌